by Midhun HP News | Jul 2, 2025 | Latest News, കേരളം
ന്യൂഡല്‍ഹി: യാത്രക്കാരുടെ ട്രെയിന്‍യാത്ര സുഗമമാക്കുന്നതിന് എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭിക്കുന്ന പുതിയ ആപ്പ് പുറത്തിറക്കി ഇന്ത്യന്‍ റെയില്‍വേ. ടിക്കറ്റ് ബുക്കിങ് മാത്രമല്ല പിഎന്‍ആര്‍, ഭക്ഷണം, പ്ലാറ്റ് ഫോം ടിക്കറ്റ്, ട്രെയിന്‍ ട്രാക്കിങ്, അണ്‍ റിസര്‍വ്ഡ് ടിക്കറ്റ്, പിഎന്‍ആര്‍ സ്റ്റാറ്റസ് തുടങ്ങിയ എല്ലാ സേവനങ്ങളും ഒരു ആപ്പില്‍ ലഭിക്കുന്ന തരത്തില്‍ റെയില്‍വണ്‍ ആപ്പ് ആണ് ഇന്ത്യന്‍ റെയില്‍വേ ലോഞ്ച് ചെയ്തത്.
വിവിധ പ്ലാറ്റ്‌ഫോമുകളിലായി ലഭിച്ചിരുന്ന സേവനങ്ങളെല്ലാം യാത്രക്കാര്‍ക്ക് ഒറ്റ ക്ലിക്കില്‍ ലഭ്യമാകും. റെയില്‍ യാത്രയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇവിടെ ലഭ്യമാണ് എന്നതാണ് പ്രത്യേകത. ട്രെയിന്‍ യാത്രയിലെ പരാതികളും ഇതില്‍ രേഖപ്പെടുത്താനുള്ള സൗകര്യമുണ്ട്.റെയില്‍വണ്‍ ആപ്പ് ആന്‍ഡ്രോയിഡ് ഐഒഎസ് പ്ലാറ്റ് ഫോമുകളില്‍ ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് അവരുടെ നിലവിലെ ലോഗിനില്‍ (റെയില്‍ കണക്ട്/ UTS) ഈ ആപ്പില്‍ ലോഗിന്‍ ചെയ്യാം. റെയില്‍വേ ഇ-വാലറ്റ് സംവിധാനവും ലഭ്യമാണ്.
നിലവില്‍ ഇന്ത്യന്‍ റെയില്‍വേ യാത്രക്കാര്‍ക്ക് വിവിധ സേവനങ്ങള്‍ക്കായി ഒന്നിലധികം ആപ്പുകളും വെബ്സൈറ്റുകളും ലഭ്യമാണ്. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി IRCTC റെയില്‍ കണക്റ്റ്, ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനായി IRCTC ഇ-കാറ്ററിങ് ഫുഡ് ഓണ്‍ ട്രാക്ക്, റിസര്‍വ് ചെയ്യാത്ത ടിക്കറ്റുകള്‍ക്കായി UTS, ട്രെയിന്‍ ട്രാക്ക് ചെയ്യുന്നതിനായി നാഷണല്‍ ട്രെയിന്‍ എന്‍ക്വയറി സിസ്റ്റം എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.
റെയില്‍വണ്‍ ആപ്പ് പ്രത്യേകതകള്‍
ഉപയോക്താക്കള്‍ക്ക് ഇന്ത്യന്‍ റെയില്‍വേയുടെ വിവിധ സേവനങ്ങള്‍ ഉള്‍പ്പെടുത്തി എല്ലാ റെയില്‍വേ സേവനങ്ങളെയും ഒരു സ്ഥലത്ത് ഏകീകരിക്കുന്നു.
ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോര്‍, ഐഒഎസ് ആപ്പ് സ്റ്റോര്‍ പ്ലാറ്റ്ഫോമുകളില്‍ നിന്ന് പുതിയ റെയില്‍വണ്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
ഒന്നിലധികം പാസ്വേഡുകള്‍ ഓര്‍മിക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുന്ന ഒറ്റ-സൈന്‍-ഓണ്‍ ശേഷിയാണ് സവിശേഷത.
ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഉപയോക്താക്കള്‍ക്ക് അവരുടെ നിലവിലുള്ള RailConnect അല്ലെങ്കില്‍ UTSonMobile ക്രെഡന്‍ഷ്യലുകള്‍ ഉപയോഗിച്ച് റജിസ്റ്റര്‍ ചെയ്യാം.കൂടാതെ, ഉപയോക്താക്കള്‍ക്ക് ഇനി വ്യത്യസ്ത ഇന്ത്യന്‍ റെയില്‍വേ സേവനങ്ങള്‍ക്കായി പ്രത്യേക ആപ്ലിക്കേഷനുകള്‍ ആവശ്യമില്ല
ആപ്ലിക്കേഷനില്‍ ആര്‍-വാലറ്റ് (റെയില്‍വേ ഇ-വാലറ്റ്) പ്രവര്‍ത്തനം ഉള്‍പ്പെടുന്നു.
ഉപയോക്താക്കള്‍ക്ക് ലളിതമായ സംഖ്യാ എംപിന്‍, ബയോമെട്രിക് ലോഗിന്‍ ഓപ്ഷനുകള്‍ വഴി അവരുടെ അക്കൗണ്ടുകളിലേക്ക് പ്രവേശിക്കാം.
പുതിയ ഉപയോക്താക്കള്‍ക്ക് കുറഞ്ഞ വിവരങ്ങള്‍ മാത്രം നല്‍കി റജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കാം, അന്വേഷണങ്ങള്‍ക്ക്, മൊബൈല്‍ നമ്പര്‍/ഒടിപി കൊടുത്ത് അന്വേഷിക്കാം.
by Midhun HP News | Jul 2, 2025 | Latest News, കേരളം
ചടയമംഗലം: പോരേടം വെള്ളൂപ്പാറ സ്കൂളിന് സമീപം കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയതായി ഗുരുതരമായ പരാതി. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. വെള്ളൂപ്പാറ ചിറക്ക് സമീപം, തമിഴ്നാട് രജിസ്ട്രേഷനിലുള്ള ഒരു കാർ സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിക്കൊണ്ടിരുന്ന കുട്ടികളുടെ സമീപത്ത് നിർത്തിയ ശേഷം ബാഗിൽ പിടിച്ചു വലിക്കുകയും, കുട്ടികളെ വാഹനത്തിലേക്ക് കയറ്റാൻ ശ്രമിക്കുകയും ചെയ്തു.
കുട്ടികൾ ഉടൻ കുതിച്ചോടി നിലവിളി മുഴക്കിയതിനെ തുടർന്ന്, വാഹനം പള്ളിക്കൽ ഭാഗത്തേക്ക് ഓടിച്ചു പോയതായി നാട്ടുകാർ പറയുന്നു.
വിവരം ലഭിച്ചതോടെ ചടയമംഗലം പോലീസ് സംഘം അടിയന്തരമായി അന്വേഷണം ആരംഭിച്ചു. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, കാറിലെത്തിയവർ കുട്ടികളുടെ ബാഗിൽ പിടിക്കുന്നത് വ്യക്തമായതായി പോലീസ് അറിയിച്ചു.
തുടർന്ന് നടന്ന അന്വേഷണത്തിൽ വാഹനം തമിഴ്നാട് സ്വദേശിയുടേതാണെന്നും, റെന്റ് എ കാർ സർവീസിലൂടെയാണ് ഉപയോഗിച്ചതെന്നും കണ്ടെത്തി. വാഹനത്തിന്റെ ഉടമയെ ഉടൻ ബന്ധപ്പെട്ടു വാടകയ്ക്ക് എടുത്തവരെയും പോലീസ് വർക്കല ഭാഗത്തുനിന്നും കണ്ടെത്തി. ഇവരെ തന്ത്രപൂർവ്വം ചടയമംഗലം പോലീസ് സ്റ്റേഷനിൽ എത്തിച്ച് വിശദമായ ചോദ്യം ചെയ്യൽ ആരംഭിച്ചു.
പ്രാഥമിക അന്വേഷണത്തിൽ, ജടായുപ്പാറ സന്ദർശിക്കാൻ എത്തിയ സംഘമാണെന്നും, കാർ യാത്രക്കാർ മദ്യപിച്ചിരുന്നുവെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തിന്റെ എല്ലാ കോണുകളും പരിശോധിച്ചുകൊണ്ടിരിക്കുകയാണ് പോലീസ്.
പ്രദേശത്തെ രക്ഷിതാക്കളിലും കുട്ടികളിലും ഏറെ ആശങ്കയാണ് സംഭവത്തിന് പിന്നാലെ വ്യാപിച്ചത്. പോലീസ് സുരക്ഷ ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.
by Midhun HP News | Jul 2, 2025 | Latest News, കേരളം
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ചികിത്സ തുടരുകയാണ്. വിദഗ്ധ ഡോക്ടർമാരുടെ സംഘം നിർദ്ദേശിച്ചത് അനുസരിച്ച് ഡയാലിസിസ് നൽകുന്നുണ്ട്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. 11 മണിയോടെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ആരോഗ്യസ്ഥിതി വിലയിരുത്തും.
കടുത്ത ഹൃദയാഘാതത്തെ തുടർന്ന് പത്ത് ദിവസം മുൻപാണ് വിഎസിനെ തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിഎസിനെ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി ഇന്നലെ സന്ദർശിച്ചിരുന്നു. വിഎസ് അച്യുതാനന്ദൻ ഗുരുതരാവസ്ഥയിൽ തുടരുന്നുവെന്നും മരുന്നുകളോട് പ്രതികരിക്കുന്നത് പ്രതീക്ഷ നൽകുന്നുവെന്നും എം എ ബേബി പറഞ്ഞു. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യം കൊണ്ട് ഈ ആരോഗ്യ അവസ്ഥയെ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എംഎ ബേബി മാധ്യമങ്ങളോട് പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള സിപിഎം നേതാക്കൾ ആശുപത്രിയിലെത്തി വിഎസ് അച്യുതാനന്ദനെ സന്ദർശിച്ചിരുന്നു.
by Midhun HP News | Jul 2, 2025 | Latest News, കേരളം
തിരുവനന്തപുരം: ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നുമുതൽ ( ബുധനാഴ്ച) മഴ വീണ്ടും ശക്തമാകാൻ സാധ്യത. വരുംദിവസങ്ങളിൽ വടക്കൻ കേരളത്തിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിർദേശം നൽകി.
ഝാർഖണ്ഡിന് മുകളിലായാണ് ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നത്. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നത്. ശനിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വ്യാഴാഴ്ച വരെ മണിക്കൂറിൽ പരമാവധി 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴ പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലും വെള്ളിയാഴ്ച എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ശനിയാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
by Midhun HP News | Jul 1, 2025 | Latest News, കേരളം
കൊച്ചി: നടന്‍ ബാലചന്ദ്രമേനോനെ സാമൂഹിക മാധ്യമങ്ങളില്‍ അപകീര്‍പ്പെടുത്തിയെന്ന കേസില്‍ നടി മിനു മുനീര്‍ അറസ്റ്റില്‍. ഇന്‍ഫോപാര്‍ക്ക് സൈബര്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നടിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
സാമൂഹിക മാധ്യമങ്ങള്‍ വഴി ബാലചന്ദ്രമേനോനെതിരെ ലൈംഗിക ആരോപണമാണ് നടി ഉന്നയിച്ചത്. താന്‍ പല ദുരനുഭവങ്ങള്‍ നേരിട്ടുണ്ട്. താന്‍ ബാലചന്ദ്രമേനോന്‍ ചെയ്ത പല പ്രവൃത്തികള്‍ക്കും സാക്ഷിയാണ് എന്നതടക്കമുള്ള വെളിപ്പെടുത്തലുകളാണ് നടി സോഷ്യല്‍മീഡിയ വഴി നടത്തിയത്. ഇത് തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് ബാലചന്ദ്രമേനോന്‍ ഇന്‍ഫോപാര്‍ക്ക് സൈബര്‍ പൊലീസിന് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ മിനു മുനീറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.
തനിക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് നടി ഉന്നയിച്ചതെന്നാണ് ബാലചന്ദ്രമേനോന്‍ പറയുന്നത്. എന്നാല്‍ തനിക്ക് ചില അനുഭവങ്ങള്‍ ഉണ്ടായി, അതാണ് താന്‍ പറഞ്ഞതെന്നാണ് മിനു മുനീറിന്റെ പ്രതികരണം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവമാണെന്നും തെളിവില്ലെന്നുമാണ് പൊലീസ് പറയുന്നത്. നടി ചില ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും അതൊന്നും തെളിയിക്കുന്നതിനുള്ള തെളിവ് നടിയുടെ കൈവശം ഇല്ലെന്നുമാണ് പൊലീസിന്റെ ഭാഷ്യം.
by Midhun HP News | Jul 1, 2025 | Latest News, കേരളം
വായന മാസാചരണത്തിന്റെ ഭാഗമായി അവനവഞ്ചേരി ഗവ. ഹൈസ്‌കൂൾ വായന മധുരം എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. പുസ്തക വായന സമൂഹത്തിലേക്ക് വ്യാപിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചത്. സ്കൂളിൽ പ്രവർത്തിച്ചു വരുന്ന പുസ്തകക്കളരിയിലെ കുട്ടികൾ തെരഞ്ഞെടുത്ത മാധവിക്കുട്ടിയുടെ നെയ്പ്പായസം എന്ന കഥയാണ് ഈ പ്രവർത്തനത്തിനായി തെരഞ്ഞെടുത്തത്.
കുട്ടികൾ ക്ലാസ് തല വായനയും ചർച്ചയും വായനക്കുറിപ്പും പൂർത്തിയാക്കിയശേഷം കഥയുടെ ആയിരം പകർപ്പുകൾ പൊതുസമൂഹത്തിനായി നൽകിക്കൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സ്കൂളിൽ നടന്ന ചടങ്ങിൽ ആറ്റിങ്ങൽ നഗരസഭ ചെയർപെഴ്സൺ അഡ്വ. എസ്. കുമാരി കഥയുടെ പകർപ്പ് ഏറ്റുവാങ്ങിക്കൊണ്ട് വായനമധുരം പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
കഥയുടെ അവസാനം നൽകിയിട്ടുള്ള കഥയിലെ നായകന് തന്റെ ഭാര്യയുടെ മരണ വാർത്ത അറിഞ്ഞപ്പോൾ സങ്കടത്തേക്കാൾ അധികം ദേഷ്യം തോന്നാൻ കാരണം എന്ത്? എന്ന ചോദ്യത്തിന് പകർപ്പിൽ കൊടുത്തിട്ടുള്ള ക്യു ആർ കോഡ് വഴിയോ വാട്ട്സാപ്പ് സന്ദേശം വഴിയോ ഉത്തരം നൽകണമെന്നാണ് നിർദ്ദേശിച്ചിട്ടുണ്ട്.
ശരി ഉത്തരങ്ങൾ അയക്കുന്നവരിൽ നിന്ന് കണ്ടെത്തുന്ന വിജയിക്ക് ആയിരം രൂപയുടെ പുസ്തകങ്ങൾ സമ്മാനമായി നൽകാനാണ് തീരുമാനം. നഗരസഭ കൗൺസിലർ കെ.പി.രാജാഗോപാലൻ പോറ്റി, സ്കൂൾ പി.ടി.എ. പ്രസിഡന്റ് ജി.ആർ. ജിബി, സ്കൂൾ ഹെഡ്മാസ്റ്റർ എസ്. ഷാജികുമാർ, അധ്യാപകരായ എൻ. സാബു, എ.സി. ലതി എന്നിവർ സംബന്ധിച്ചു. കുട്ടികൾ വീടുകളും കടകളും സന്ദർശിച്ചും വഴിയാത്രക്കാരായ ആളുകളെയും ഓട്ടോ തൊഴിലാളികളെയുമൊക്കെ നേരിട്ട് കണ്ടും കഥയുടെ ആയിരം കോപ്പികൾ കൈമാറിക്കഴിഞ്ഞു.
Recent Comments