13 സര്‍വകലാശാലകളില്‍ പന്ത്രണ്ടിടത്തും വിസിമാരില്ല, ദുരവസ്ഥയെന്ന് ഹൈക്കോടതി

13 സര്‍വകലാശാലകളില്‍ പന്ത്രണ്ടിടത്തും വിസിമാരില്ല, ദുരവസ്ഥയെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ 13 സര്‍വകലാശാലകളില്‍ 12 എണ്ണത്തിനും സ്ഥിരം വൈസ് ചാന്‍സലര്‍മാര്‍ ഇല്ലാത്ത ദുരവസ്ഥ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കു ഗുണകരമല്ലെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിസി നിയമനത്തിന്റെ ഓരോ ഘട്ടത്തിലും ഹര്‍ജികള്‍ നല്‍കുന്നതു കൂടാതെ, താല്‍ക്കാലിക വിസിമാരെ വച്ചുള്ള ഇടക്കാല ക്രമീകരണം പോലും എതിര്‍ക്കുന്ന നിലപാട് ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരത്തകര്‍ച്ചയ്ക്ക് ഇടയാക്കുമെന്ന വിമര്‍ശനം സര്‍ക്കാരിനും തിരിച്ചടിയായി.

കേരള സര്‍വകലാശാലയില്‍ താല്‍ക്കാലിക വിസിയായി ഡോ. മോഹനന്‍ കുന്നുമ്മലിനെ നിയമിച്ചതിനെതിരെ സെനറ്റംഗങ്ങളായ ഡോ. ശിവപ്രസാദ്, പ്രിയ പ്രിയദര്‍ശനന്‍ എന്നിവര്‍ നല്‍കിയ ക്വോവാറന്റോ ഹര്‍ജി തള്ളിയ വിധിയിലാണു ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ വിമര്‍ശനം.

സര്‍വകലാശാലകളുടെ ഭരണത്തില്‍ ഉള്‍പ്പെട്ടവര്‍ സ്ഥാപനത്തിന്റെ ഉത്തമ താല്‍പര്യത്തിന് ആദ്യ പരിഗണന നല്‍കണം. സ്ഥിരം വിസിമാര്‍ ഇല്ലാത്ത ദുരവസ്ഥയ്ക്കു പരിഹാരം കണ്ടെത്താന്‍ അധികൃതര്‍ ശ്രമിക്കണമെന്നും കോടതി നിരീക്ഷിച്ചു. ഡോ. മോഹനന്‍ കുന്നുമ്മലിനു യുജിസി ചട്ടപ്രകാരമുള്ള യോഗ്യതയില്ലെന്നായിരുന്നു ആക്ഷേപം.

ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ തുടര്‍ച്ചയ്ക്കു വേണ്ടിയാണു താല്‍ക്കാലിക ക്രമീകരണമെന്നു ചാന്‍സലര്‍ വാദിച്ചു. ഹര്‍ജി ദുരുദ്ദേശ്യപരമാണെന്നും സെനറ്റ് തന്നെയാണു സ്ഥിരം വിസി നിയമനം തടസ്സപ്പെടുത്തുന്നതെന്നും സര്‍വകലാശാലാ ഭരണം അവതാളത്തിലാക്കാനാണു ശ്രമമെന്നും വാദിച്ചു. സെനറ്റും ചാന്‍സലറും തമ്മിലുള്ള അഭിപ്രായ ഭിന്നത മൂലമാണു ഹ്രസ്വകാല ക്രമീകരണം ഇത്രയും നീണ്ടതെന്നു കോടതി പറഞ്ഞു.

കേരളത്തില്‍ ഗര്‍ഭഛിദ്രം കുത്തനെ കൂടി, ഒന്‍പതു വര്‍ഷത്തിനിടെ 76% വര്‍ധന

കേരളത്തില്‍ ഗര്‍ഭഛിദ്രം കുത്തനെ കൂടി, ഒന്‍പതു വര്‍ഷത്തിനിടെ 76% വര്‍ധന

കൊല്ലം: കഴിഞ്ഞ ഒമ്പത് വര്‍ഷത്തിത്തിനിടെ കേരളത്തില്‍ ഗര്‍ഭഛിദ്രത്തിന് വിധേയരാകുന്നവരുടെ എണ്ണത്തില്‍ 76%ത്തിലധികം വര്‍ധന. 2023- 24 ല്‍ സംസ്ഥാനത്ത് 30,037 ഗര്‍ഭഛിദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഹെല്‍ത്ത് മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിലെ (എച്ച്എംഐഎസ്) കണക്കുകള്‍ വ്യക്തമാക്കുന്നു. 2014-15 ല്‍ ഇത് 17,025 ആയിരുന്നു.

ഒന്‍പതു വര്‍ഷത്തിനിടെ ഗര്‍ഭഛിദ്രത്തിന്‍റെ എണ്ണത്തില്‍ 76.43 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. സ്വകാര്യ ആശുപത്രികളില്‍ 21, 282 ഗര്‍ഭഛിദ്രങ്ങള്‍ നടന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ 8,755 ഗര്‍ഭഛിദ്രങ്ങളാണ് നടന്നിട്ടുള്ളത്.

സ്വാഭാവിക ഗര്‍ഭഛിദ്രവും ബോധപൂര്‍വമായ ഗര്‍ഭഛിദ്രവും ഡാറ്റയിലുള്‍പ്പെടുത്തിയിട്ടുണ്ട്. 2023-24 ല്‍ സംസ്ഥാനത്ത് 20,179 ബോധപൂര്‍വമായ ഗര്‍ഭഛിദ്രം നടത്തിയിട്ടുണ്ട്. 9,858 സ്വാഭാവിക ഗര്‍ഭഛിദ്രമാണ് ഈ കാലയളവില്‍ നടത്തിയിട്ടുള്ളത്. 2014-15 വര്‍ഷം പൊതു, സ്വകാര്യ ആശുപത്രികളില്‍ നടത്തിയിട്ടുള്ള ഗര്‍ഭഛിദ്രങ്ങളുടെ കണക്ക് ഏകദേശം തുല്യമാണെന്നാണ് ഡാറ്റ സൂചിപ്പിക്കുന്നത്. യഥാക്രമം 8,324 ഉം 8701 ഉം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍ 2015-2016 മുതല്‍ സ്വകാര്യ ആശുപത്രികളില്‍ ഉയര്‍ന്ന തോതിലുള്ള കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 2015-16 മുതല്‍ 2024-25 വരെ കേരളത്തില്‍ ആകെ 1,97,782 ഗര്‍ഭഛിദ്ര കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അതില്‍ 67,004 കേസുകള്‍ മാത്രമാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ നടന്നത്. ഈ കാലയളവില്‍ സ്വകാര്യ ആശുപത്രികളില്‍ 1,30,778 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ബോധപൂര്‍വമായ ഗര്‍ഭഛിദ്രങ്ങളില്‍ ക്രമാനുഗതമായ വര്‍ധന ഉണ്ടായതായാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. ഗര്‍ഭഛിദ്രത്തിനായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നതിലുണ്ടായ വര്‍ധനവില്‍ ആരോഗ്യ വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. പൊതുജനാരോഗ്യ മേഖല ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത അവര്‍ എടുത്തു പറഞ്ഞു. മെച്ചപ്പെട്ട സൗകര്യങ്ങളും സ്വകാര്യതയും കാരണം ഇപ്പോള്‍ കൂടുതല്‍ രോഗികള്‍ സ്വകാര്യ സ്ഥാപനങ്ങളെയാണ് ഇഷ്ടപ്പെടുന്നതെന്ന് തിരുവനന്തപുരത്തെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ സീനിയര്‍ ഗൈനക്കോളജിസ്റ്റ് ഡോ. സീമ പറഞ്ഞു.

ബോധപൂര്‍വമായ ഗര്‍ഭഛിദ്രങ്ങളുടെ വര്‍ധന സ്ത്രീകള്‍ അവരുടെ ശരീരത്തിന് മേല്‍ കൂടുതല്‍ നിയന്ത്രണം നേടുന്നതിന്റെ സൂചനയാണെന്ന് കോട്ടയം സിഎംഎസ് കോളജിലെ സോഷ്യോളജി വിഭാഗത്തിലെ സീനിയര്‍ ഫാക്കല്‍റ്റി അംഗം അമൃത റിനു എബ്രഹാം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കം; അമിത് ഷാ ജൂലൈ 13ന് സംസ്ഥാനത്ത് എത്തും

തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കം; അമിത് ഷാ ജൂലൈ 13ന് സംസ്ഥാനത്ത് എത്തും

തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നൊരുക്കങ്ങള്‍ക്ക് രൂപം നല്‍കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജൂലൈ 13 ന് സംസ്ഥാനത്ത് എത്തും. സംസ്ഥാനത്തെ ഏഴ് റവന്യു ജില്ലകളിലെ വാര്‍ഡ് കമ്മിറ്റി ഭാരവാഹികളുടെ യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. ബിജെപി സംസ്ഥാന ഓഫീസിന്റെ ഉദ്ഘാടനവും അമിത് ഷാ നിര്‍വഹിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞു.

വികസിത കേരളം എന്ന ആശയം താഴെതട്ടില്‍ എത്തിക്കാന്‍ പാര്‍ട്ടി രൂപം നല്‍കിയതായി രമേശ് പറഞ്ഞു. തൃശൂരില്‍ നടന്ന സംസ്ഥാന നേതൃയോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. ഒരോ വാര്‍ഡിലും വികസനത്തെ സംബന്ധിച്ച രൂപരേഖ തയ്യാറാക്കും.

ഓഗസ്റ്റ് ഒന്ന് മുതല്‍ 10 വരെ വാര്‍ഡ് സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. ഓഗസ്റ്റ് 15 ന് എല്ലാ വാര്‍ഡുകളിലും സ്വഭിമാന ത്രിവര്‍ണ റാലികള്‍ നടത്തും. ബിജെപി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്, തൃശൂര്‍ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

തൃശൂരില്‍ ലഹരി പാര്‍ട്ടിക്കിടെ ഗുണ്ടാ സംഘം പൊലീസിനെ ആക്രമിച്ചു, ആറ് പേര്‍ അറസ്റ്റില്‍

തൃശൂരില്‍ ലഹരി പാര്‍ട്ടിക്കിടെ ഗുണ്ടാ സംഘം പൊലീസിനെ ആക്രമിച്ചു, ആറ് പേര്‍ അറസ്റ്റില്‍

തൃശ്ശൂര്‍: തൃശൂര്‍ നെല്ലങ്കരയില്‍ പൊലീസിനെ ആക്രമിച്ച് ഗുണ്ടാസംഘം. ലഹരി പാര്‍ട്ടിയ്ക്കിടെയാണ് ഗുണ്ടകള്‍ പൊലീസിനെ ആക്രമിച്ചത്. ആക്രമണത്തില്‍ നാലു പൊലീസുകാര്‍ക്ക് പരിക്കേറ്റു. മൂന്ന് പൊലീസ് ജീപ്പുകളും അടിച്ചു തകര്‍ത്തു. കൊലക്കേസ് പ്രതി കൂടിയായ ബ്രഹ്മദത്തന്‍ എന്ന ഗുണ്ടാത്തവന്റെ നേതൃത്വത്തിലുള്ള നാലുപേരാണ് പൊലീസിനെ ആക്രമിച്ചത്.

ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. നെല്ലങ്കരയിലെ വിജനമായ സ്ഥലത്ത് ബര്‍ത്ത് ഡേ പാര്‍ട്ടി നടക്കുന്നതായും പാര്‍ട്ടിയില്‍ ലഹരി ഉപയോഗിക്കുന്നുവെന്നുവെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പൊലീസ് സംഘം എത്തിയത്.

കമ്പിപ്പാരയും പട്ടിക വടികളുമായിയായിരുന്നു ആക്രമണം. ആക്രമണത്തില്‍ പരിക്കേറ്റ നാലു പൊലീസുകാരെ പരിക്കുകളുടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഗ്രേഡ് എസ്.ഐ: ജയന്‍, സീനിയര്‍ സി.പി.ഒ : അജു, സി.പി.ഒമാരായ ഷനോജ്, ശ്യാം എന്നിവര്‍ക്കാണ് പരുക്കേറ്റത്.

ആദ്യ വാഹനത്തിലെത്തിയ പൊലീസ് സംഘത്തെ ഗുണ്ടകള്‍ ആക്രമിച്ചു പിന്നിടെത്തിയ രണ്ടു പൊലീസ് വണ്ടിക്ക് നേരെ ആക്രമണം ഉണ്ടായി കൂടുതല്‍ പൊലീസ് സംഘമെത്തിയാണ് ബ്രഹ്മദത്ത് ഉള്‍പ്പെടെയുള്ള ആറ് പ്രതികളെ അറസ്റ്റ് ചെയ്തത്.

എതിര്‍പ്പ് ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് വളംവെക്കും; സൂബ നൃത്തവുമായി മുന്നോട്ടെന്ന് വി ശിവന്‍കുട്ടി

എതിര്‍പ്പ് ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് വളംവെക്കും; സൂബ നൃത്തവുമായി മുന്നോട്ടെന്ന് വി ശിവന്‍കുട്ടി

കോഴിക്കോട്: സ്‌കൂളുകളില്‍ സൂംബ നൃത്തവുമായി മുന്നോട്ടുപോകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളില്‍ നടത്തുന്നത് ലഘു വ്യായാമമാണ്. അതില്‍ കുട്ടികള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും രക്ഷിതാക്കള്‍ക്ക് ചോയ്‌സ് ഇല്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. കോണ്‍ടാക്റ്റ് റൂള്‍സ് പ്രകാരം വകുപ്പ് നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ അധ്യാപകന് ബാധ്യതയുണ്ട്. ആരും അല്‍പ വസ്ത്രം ധരിക്കാന്‍ പറഞ്ഞിട്ടില്ലെന്നും കുട്ടികള്‍ യൂണിഫോമിലാണ് സൂംബ ഡാന്‍സ് ചെയ്യുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു.

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഹിജാബ് അടക്കമുള്ള വസ്ത്രധാരണ രീതിക്കെതിരെ പ്രതിഷേധങ്ങള്‍ ഉണ്ടായപ്പോള്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ ഉന്നതമായ ജനാധിപത്യ സാംസ്‌കാരിക നിലപാടാണ് സ്വീകരിച്ചതെന്ന് ശിവന്‍കുട്ടി പറഞ്ഞു. ഇവിടെ ചില പ്രസ്ഥാനങ്ങള്‍ ഭൂരിപക്ഷ തീവ്രവാദത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. ഇത് ആടിനെ പട്ടിയാക്കുന്നതിന് തുല്യമാണ്. കേരളം പോലെ ഒരുമയോടെ ജീവിക്കുന്ന സമൂഹത്തില്‍ ഇത്തരത്തില്‍ നിലപാടുകള്‍ ഭൂരിപക്ഷ വര്‍ഗീയതയ്‌ക്കേ ഉത്തേജനം നല്‍കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.

കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നത് കുട്ടികളില്‍ മാനസികവും ശാരീരികവുമായ ഉന്മേഷവും ആരോഗ്യവും പോസിറ്റിവ് ചിന്തയും പകര്‍ത്താന്‍ സഹായിക്കും. ഇത് അവരുടെ പഠനത്തെയും വ്യക്തിത്വവികാസത്തെയും ബാധിക്കും. സംസ്ഥാനത്തെ 90ശതമാനം സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ സൂംബ അടക്കമുള്ള കായിക ഇനങ്ങളുടെ റിഹേഴ്‌സല്‍ നടക്കുകയാണ്. ഇത്തരം കായിക ഇനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണ്. കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയില്‍ ആരോഗ്യകായിക നിര്‍ബന്ധപാഠ്യവിഷയമായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു.

മുതലപ്പൊഴിയിൽ വീണ്ടും അപകടം : മത്സ്യബന്ധന യാനം തലകീഴായി മറിഞ്ഞു

മുതലപ്പൊഴിയിൽ വീണ്ടും അപകടം : മത്സ്യബന്ധന യാനം തലകീഴായി മറിഞ്ഞു

അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ വീണ്ടും അപകടം. മത്സ്യബന്ധന വള്ളം തലകീഴായി മറിഞ്ഞു. 8:30 ഓടേയായിരുന്നു സംഭവം.

മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരുമ്പോൾ അഴിമുഖ ചാലിലായിരുന്നു അപകടം നടന്നത്. മൂന്ന് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. വെട്ടുതുറ സ്വദേശി നിതിന്റെ ഉടമസ്ഥതയിലുള്ള നിത്യസഹായ മാതാ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്.

വെട്ടുതുറ സ്വദേശികളായ അഭിജിത്ത് ( 25 ), ശ്യാം (23) ചിറയിൻകീഴ് സ്വദേശി അഭി (25) തുടങ്ങിയവരാണ് വള്ളത്തിലുണ്ടായിരുന്നത്. ഇവരിൽ രണ്ട് പേർ നീന്തിക്കയറുകയും ഒരാളെ മറ്റ് മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തുകയുമായിരുന്നു.