by Midhun HP News | Jun 29, 2025 | Latest News, കേരളം
കുമളി: മുല്ലപ്പെരിയാർ ഡാം ഉച്ചയ്ക്ക് 12 മണിയോടെ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. ഡാമിന്റെ 13 സ്പിൽ വേ ഷട്ടറുകൾ 10 സെന്റി മീറ്റർ വീതമാകും തുറക്കുക. സെക്കന്റിൽ 250 ഘനയടി വെള്ളം പെരിയാറിലേക്ക് ഒഴുക്കും. അണക്കെട്ടിലെ നിലവിലെ ജല നിരപ്പ് 136. 25 അടി ആയതോടെയാണ് ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്.
തമിഴ്നാട് ടണൽ മാർഗം കൊണ്ടുപോകുന്നത് സെക്കന്റിൽ 2117 ഘനയടി വെള്ളമാണ്. കനത്തമഴയെത്തുടർന്ന് അണക്കെട്ടിലേയ്ക് ഒഴുകിയെത്തുന്നത് 3867 ഘനയടി വെള്ളമാണ്. അണക്കെട്ടിന്‍റെ നിലവിലെ റൂൾ കർവ് പ്രകാരം 136 അടി വെള്ളമാണ് തമിഴ്നാടിന് സംഭരിക്കാൻ കഴിയുക. ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് ജലനിരപ്പ് 136 അടിയിലെത്തിയത്.
ഇതേത്തുടർന്ന് ഇടുക്കി ജില്ലാ ഭരണകൂടത്തിന് തമിഴ്നാട് ആദ്യ മുന്നറിയിപ്പ് നൽകി. എന്നാൽ രാത്രിയിൽ സ്പിൽവേ ഷട്ടറുകൾ തുറന്ന് വെള്ളം പെരിയാർ നദിയിലേക്ക് ഒഴുക്കരുതെന്ന് ഇടുക്കി ജില്ലാ ഭരണകൂടം തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നു. നിലവില്‍ പെരിയാറില്‍ വളരെ താഴ്ന്ന നിലയിലാണ് ജലനിരപ്പുള്ളത്. അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എങ്കിലും പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു.
by Midhun HP News | Jun 29, 2025 | Latest News, കേരളം
കൊച്ചി: എംഎസ്‌സി എല്‍സ 3 കപ്പല്‍ അപകടത്തിന് പിന്നാലെ തീരങ്ങളില്‍ തുടര്‍ച്ചയായി പ്ലാസ്റ്റിക് അസംസ്‌കൃത വസ്തുക്കള്‍ അടിയുന്നത് ആശങ്കയെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്. വെളി, പെരുമതുറ തീരങ്ങളിലാണ് കൂടുതല്‍ അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടിയിരിക്കുന്നത്.
നാലു ദിവസത്തനുള്ളില്‍ 4 ദിവസംകൊണ്ട് 790 പ്ലാസ്റ്റിക് പെല്ലെറ്റുകളാണ് നീക്കം ചെയ്തത്. ഇത് 14 മെട്രിക്ക് ടണ്‍ വരും. വളണ്ടിയര്‍മാര്‍ ചേര്‍ന്ന് ഇതുവരെ നീക്കം ചെയ്തത് 59.6 മെട്രിക് ടണ്‍ അവശിഷ്ടങ്ങളാണെന്നും ഡിജി ഷിപ്പിങ് അറിയിച്ചു.
അതേസമയം കപ്പലിലെ എണ്ണ നീക്കം ചെയ്യുന്നതില്‍ പ്രതിസന്ധി നേരിടുകയാണ്. എണ്ണ നീക്കം ചെയ്യാന്‍ ഇതുവരെ തുടങ്ങിയിട്ടില്ല. കഴിഞ്ഞ മെയ് 25 നു മുങ്ങിയ കപ്പലിന്റെ ബങ്കറില്‍ ഉള്ള 367 ടണ്‍ സള്‍ഫര്‍ കുറഞ്ഞ എണ്ണയും 84 ടണ്‍ മറൈന്‍ ഡീസലും ജൂലൈ 3 നു മുന്‍പ് നീക്കം ചെയ്യണം എന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്, കപ്പല്‍ ഉടമസ്ഥരായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിക്കു അന്ത്യ ശാസനം നല്‍കിയിരുന്നത്. ഇതിനായി ആദ്യം നിയോഗിച്ചിരുന്ന കമ്പനിയുമായുള്ള കരാര്‍ അവസാനിപ്പിച്ചിരുന്നു. ഓഗസ്റ്റ് വരെ സമയം വേണമെന്ന് എംഎസ്‌സി അപേക്ഷിച്ചിട്ടുണ്ട്. നന്ദ് സാരഥി കപ്പലിനു പകരം മറ്റൊരു കപ്പല്‍ നിരീക്ഷണത്തിനായി ചുമതലയേറ്റിട്ടുണ്ട്.
by Midhun HP News | Jun 28, 2025 | Latest News, കേരളം
കൊച്ചി: ഷോറൂമിലേക്ക് ഇറക്കുന്നതിനിടെ റേഞ്ച് റോവർ കാർ അപകടത്തിൽപ്പെട്ടത് മാനുഷിക പിഴവ് മൂലമെന്ന് മോട്ടോർ വാഹന വകുപ്പിന്‍റെ പ്രാഥമികാന്വേഷണ റിപ്പോർട്ട്. വാഹനത്തിന് സാങ്കേതിക തകരാർ ഇല്ലായിരുന്നെന്നും ട്രെയിലറിൽ നിന്ന് വാഹനമിറക്കിയ തൊഴിലാളിയുടെ പരിചയക്കുറവാണ് മരണത്തിന് ഇടയാക്കിയതെന്നും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വ്യക്തമാക്കി. സംഭവത്തിൽ തങ്ങൾക്ക് പിഴവൊന്നും പറ്റിയിട്ടില്ലെന്നാണ് വാഹനമിറക്കിയ സിഐടിയു യൂണിയൻ അംഗങ്ങളായ ചുമട്ടുതൊഴിലാളികൾ നിലപാടെടുത്തിരുന്നത്. ഇത് തള്ളുന്നതാണ് മോട്ടോർ വാഹന വകുപ്പിൻ്റെ കണ്ടെത്തൽ.
ഷോറൂമിലേക്ക് എത്തിച്ചപ്പോൾ വാഹനത്തിന് സാങ്കേതിക തകരാർ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. കാർ പുറകോട്ട് ഇറക്കിയപ്പോൾ വാഹനത്തിന്‍റെ റൈഡിങ് മോഡ് മാറ്റേണ്ടതായിരുന്നു. അങ്ങനെ ചെയ്യാതെ ആക്സിലേറ്ററിൽ കാലമർത്തിയപ്പോൾ വാഹനം നിയന്ത്രണത്തിൽ നിന്നില്ല. ഇതോടെയാണ് പിന്നോട്ട് പാഞ്ഞു കയറി അപകടമുണ്ടാക്കിയതെന്നാണ് കണ്ടെത്തൽ.
റേഞ്ച് റോവർ പോലൊരു വാഹനം ഇറക്കുന്നതിന് സാങ്കേതിക പരിജ്ഞാനം ഇല്ലാതെ പോയതാണ് അപകടകാരണമെന്നാണ് കണ്ടെത്തൽ. വാഹനമിറക്കിയ ഡ്രൈവർ അൻഷാദിന്‍റെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിട്ടുണ്ട്. സിഐടിയുവിൽ അഫിലിയേറ്റ് ചെയ്ത എറണാകുളം ഡിസ്ട്രിക്ട് കാർ ഡ്രൈവേഴ്സ് യൂണിയനിൽപ്പെട്ടവരാണ് വാഹനമിറക്കിയത്.
by Midhun HP News | Jun 28, 2025 | Latest News, കേരളം
മലപ്പുറം: മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരന്‍ ചികിത്സ കിട്ടാതെ മരിച്ചതായി ആക്ഷേപം. മലപ്പുറം കോട്ടക്കലിനടുത്ത് പാങ്ങിലാണ് സംഭവം. അക്യുപങ്ചറിസ്റ്റായ ഹിറ ഹറീറ – നവാസ് ദമ്പതികളുടെ മകന്‍ എസന്‍ എര്‍ഹാനാണ് മരിച്ചത്. മാതാപിതാക്കള്‍ ചികിത്സ നല്‍കാതിരുന്നതാണ് കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചതെന്ന ആരോപണത്തില്‍ കോട്ടക്കല്‍ പൊലീസ് അന്വേഷണം തുടങ്ങി. ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 14ന് വീട്ടിലാണ് കുഞ്ഞിന് ജന്മം നല്‍കിയത്. ഇതുവരെ ഒരു പ്രതിരോധ കുത്തിവെപ്പുകളും എടുത്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. സമൂഹമാധ്യമങ്ങളില്‍ അശാസ്ത്രീയമായ ചികിത്സ ഇവര്‍ പ്രോത്സാഹിപ്പിച്ചിരുന്നു. ശാസ്ത്രീയമായ ചികിത്സ രീതിയെ തുറന്നെതിര്‍ക്കുന്ന നിലപാടുകള്‍ സമൂഹമാധ്യമങ്ങളില്‍ ഇവര്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.
മഞ്ഞപ്പിത്തം ബാധിച്ച കുഞ്ഞ് ഇന്നലെ വൈകുന്നേരമാണ് മരിച്ചത്. ഇന്ന് രാവിലെ മൃതദേഹം കബറടക്കുകയും ചെയ്തു. മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോകാനോ ചികിത്സ നല്‍കാനോ തയ്യാറായിരുന്നില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. കുട്ടി പാലുകുടിക്കുന്നതിനിടെ പാല് തലയില്‍ കയറി മരിച്ചതെന്നാണ് ഇവര്‍ അയല്‍വാസികളോട് പറഞ്ഞത്. എന്നാല്‍ ഇങ്ങനെ മരണം സംഭവിക്കില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. ആരോഗ്യവകുപ്പ് അധികൃതര്‍ വീട്ടിലെത്തി പരിശോധന നടത്തി.
by Midhun HP News | Jun 28, 2025 | Latest News, കേരളം
കണ്ണൂര്‍: പേവിഷബാധയേറ്റ് ചികില്‍സയിലായിരുന്ന അഞ്ചുവയസുകാരന്‍ മരിച്ചു. തമിഴ്നാട് സേലം സ്വദേശി ഹരി ത്താണ് മരിച്ചത്. രണ്ടാഴ്ചയായി പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. നായയുടെ കടിയേറ്റ ദിവസം തന്നെ പേവിഷബാധയ്ക്കെതിരായ കുത്തിവയ്പ്പെടുത്തിരുന്നു.
ഈ മാസം 17 നാണ് കുട്ടിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും പരിയാരത്തെ കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കുട്ടിലെ മാറ്റിയത്. കഴിഞ്ഞ മാസം 31ന് പയ്യാമ്പലം വാടക ക്വാര്‍ട്ടേഴ്‌സിന് സമീപത്തുവച്ചാണ് കുട്ടിയെ തെരുവ് നായ കടിച്ചത്. വലതു കണ്ണിനും ഇടതു കാലിനുമാണ് കടിയേറ്റത്. തുടര്‍ന്ന് കുട്ടിയെ ജില്ലാ ആശുപത്രിയിലെത്തിച്ച് വാക്‌സിന്‍ എടുത്തിരുന്നു. മുഖത്ത് കടിയേറ്റുണ്ടായ മുറിവുകളാണ് തലച്ചോറിലേക്ക് പേവിഷം ബാധിക്കാന്‍ ഇടയാക്കിയതെന്നാണ് ആശുപത്രിയുടെ വിശദീകരണം.
by Midhun HP News | Jun 28, 2025 | Latest News, കേരളം
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് വില 440 രൂപ കുറഞ്ഞ് 71,440 രൂപയായി ഇടിഞ്ഞു. ഗ്രാമിന് 55 രൂപയുടെ കുറവാണ് ഉണ്ടായത്. ഗ്രാമിന് 8930 രൂപയായാണ് വില കുറഞ്ഞത്.
ആഗോളവിപണിയിലും സ്വര്‍ണവില ഇടിയുന്നതാണ് ദൃശ്യമാകുന്നത്. യു.എസ്-ചൈന വ്യാപര യുദ്ധം അയയുന്നതാണ് സ്വര്‍ണവില കുറയാനുള്ള പ്രധാനകാരണം. വ്യാഴാഴ്ച സ്വര്‍ണവിലയില്‍ രണ്ട് ശതമാനം ഇടിവാണ് അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടായത്. ഒരു മാസത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
സ്‌പോട്ട് ഗോള്‍ഡിന്റെ വില 3,277.17 ഡോളറായാണ് കുറഞ്ഞത്. മെയ് 29ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. തുടര്‍ച്ചയായി രണ്ടാമത്തെ ആഴ്ചയാണ് സ്വര്‍ണവിലയില്‍ ഇടിവുണ്ടാവുന്നത്. 2.8 ശതമാനം ഇടിവാണ് വിലയില്‍ ഉണ്ടായത്. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍നിരക്കും ഇടിഞ്ഞു. യു.എസും ചൈനയും തമ്മില്‍ അടുത്തയാഴ്ചയോടെ പുതിയ വ്യാപാര കരാര്‍ നിലവില്‍ വരുമെന്നാണ് സൂചന. ഇതിനൊപ്പം ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളുമായും യു.എസ് വ്യാപാര കരാറിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതും സ്വര്‍ണവിലയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്.
Recent Comments