പവന് ഒറ്റയടിക്ക് 2000 രൂപ കുറഞ്ഞു; 18 ദിവസത്തിനിടെ 13,000 രൂപയിലധികം ഇടിവ്

പവന് ഒറ്റയടിക്ക് 2000 രൂപ കുറഞ്ഞു; 18 ദിവസത്തിനിടെ 13,000 രൂപയിലധികം ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് ഒറ്റയടിക്ക് 2040 രൂപയാണ് കുറഞ്ഞത്. 1,13,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 255 രൂപയാണ് കുറഞ്ഞത്. 14,175 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്. 18 ദിവസത്തിനിടെ പവന് 13,000 രൂപയിലധികമാണ് കുറഞ്ഞത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

ഡോക്ടർ വന്ദന ദാസ് കൊലപാതകം: പ്രതി സന്ദീപിന്റെ ശിക്ഷാവിധി ഇന്ന്

ഡോക്ടർ വന്ദന ദാസ് കൊലപാതകം: പ്രതി സന്ദീപിന്റെ ശിക്ഷാവിധി ഇന്ന്

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന്റെ ശിക്ഷ ഇന്ന് പ്രസ്താവിക്കും. കൊല്ലം സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുക. കൊലപാതകക്കേസിൽ പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിക്കിടെയാണ് ഡോ.വന്ദന ദാസിന് കുത്തേൽക്കുന്നത്.

2023 മേയ് 10ന് പുലർച്ചെയാണ് വന്ദന മരിച്ചത്. ചികിത്സയ്ക്കായി പൂയപ്പള്ളി പൊലീസ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച സ്കൂൾ അധ്യാപകനായിരുന്ന വെളിയം ചെറുകരക്കോണം സ്വദേശി സന്ദീപ് (44) അക്രമാസക്തനായി ആശുപത്രിയിലെ സർജിക്കൽ കത്തി ഉപയോഗിച്ചു കുത്തിക്കൊലപ്പെടുത്തി എന്നാണ് കേസ്. സന്ദീപിന്റെ ആക്രമണത്തിൽ മൂന്നു പൊലീസുകാർ ഉൾപ്പെടെ അഞ്ചു പേർക്കു പരിക്കേറ്റിരുന്നു. കേസിൽ 70ൽ ഏറെ സാക്ഷികളെ വിസ്തരിച്ചു. 207 രേഖകൾ പ്രോസിക്യൂഷൻ ഹാജരാക്കി. പ്രതിക്കെതിരെ പ്രോസിക്യൂഷൻ ആരോപിച്ച കുറ്റങ്ങളെല്ലാം നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. പ്രതിക്ക് മാനസിക വൈകല്യം ഉണ്ടെന്ന വാദവും കോടതി തള്ളിയിരുന്നു.

ചിറയിൻകീഴ് ശ്രീ ശാർക്കര ദേവീക്ഷേത്രത്തിലെ ഏഴാം ഉത്സവ ദിന (മാർച്ച് 19) പരിപാടികൾ

ചിറയിൻകീഴ് ശ്രീ ശാർക്കര ദേവീക്ഷേത്രത്തിലെ ഏഴാം ഉത്സവ ദിന (മാർച്ച് 19) പരിപാടികൾ

ചിറയിൻകീഴ് ശ്രീ ശാർക്കര ദേവീക്ഷേത്രത്തിലെ ഏഴാം ഉത്സവ ദിനമായ മാർച്ച് 19ന് പതിവു പൂജകളെ തുടർന്ന് ഉച്ചയ്ക്ക് 11.30നു ഉച്ചപൂജ,ഉച്ചയ്ക്ക് 12നു അന്നദാനം, വൈകുന്നേരം 5നു തിരുവാതിര / കൈകൊട്ടിക്കളി, തുടർന്ന് ദേവഗാനാമൃതം, 6.45നു നടന വിസ്മയം, 9.30നു സിത്താനി ഭജൻസ്.

ട്രാഫിക് പിഴ ചുമത്തിയ ചെലാനുകൾ പകുതി തുകയ്ക്ക് തീർപ്പാക്കാം

ട്രാഫിക് പിഴ ചുമത്തിയ ചെലാനുകൾ പകുതി തുകയ്ക്ക് തീർപ്പാക്കാം

സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങളുടെ പിഴ കുടിശ്ശികയുള്ളവർക്ക് സർക്കാർ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. 30.12.2024-ന് മുൻപുള്ള ചെല്ലാനുകൾക്ക് 30.04.2026-നുള്ളിൽ പകുതി തുക അടച്ച് കേസ് തീർപ്പാക്കാം. മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക പോർട്ടൽ വഴി ഇതിനായി രജിസ്റ്റർ ചെയ്യണം.

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ പിഴ കുടിശ്ശികയുള്ള വാഹന ഉടമകൾക്ക് സുവർണ്ണാവസരം. കുടിശ്ശികയുള്ള ചെല്ലാനുകളിലെ പിഴത്തുകയുടെ പകുതി മാത്രം അടച്ച് കേസ് തീർപ്പാക്കാനുള്ള അനുമതി സർക്കാർ നൽകി. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് (മാർച്ച് 15) പുറത്തിറങ്ങി.

ഇനി ആധാര്‍ മാത്രം പോരാ; ഏപ്രില്‍ ഒന്ന് മുതല്‍ പാന്‍ കാര്‍ഡ് നിയമങ്ങളില്‍ മാറ്റം

ഇനി ആധാര്‍ മാത്രം പോരാ; ഏപ്രില്‍ ഒന്ന് മുതല്‍ പാന്‍ കാര്‍ഡ് നിയമങ്ങളില്‍ മാറ്റം

ഡല്‍ഹി: 2026 ഏപ്രില്‍ ഒന്ന് മുതല്‍ പാന്‍കാര്‍ഡുമായി ബന്ധപ്പെട്ടുള്ള നിയമങ്ങളില്‍ മാറ്റം. ഈ മാറ്റങ്ങള്‍ രേഖകള്‍, ഫോമുകള്‍ മൊത്തത്തിലുളള അപേക്ഷാ പ്രക്രീയ എന്നിവയെ ബാധിക്കും. 2026 മാര്‍ച്ച് 31 വരെ ആധാര്‍ കാര്‍ഡ് മാത്രം ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ പാന്‍ കാര്‍ഡിന് അപേക്ഷിക്കാം. എന്നാല്‍ ഏപ്രില്‍ 1 മുതല്‍ ആധാര്‍ കൂടാതെ മറ്റ് അധിക രേഖകള്‍ കൂടി സമര്‍പ്പിക്കേണ്ടി വരും.

പുതിയ നിയമപ്രകാരം ജനനത്തീയതി സ്ഥിരീകരിക്കുന്നതിന് ആധാറിന് പുറമെ പ്രത്യേക രേഖകള്‍ ആവശ്യമാണ്. ജനന സര്‍ട്ടിഫിക്കറ്റ്, വോട്ടര്‍ ഐ.ഡി, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, എസ്.എസ്.എല്‍.സി ബുക്ക് എന്നിവയില്‍ ഏതെങ്കിലും ഒന്ന് അധികമായി നല്‍കണം.കൂടാതെ പാന്‍ കാര്‍ഡിലെ പേരും ആധാര്‍ കാര്‍ഡിലെ പേരും അക്ഷരത്തെറ്റുകളില്ലാതെ കൃത്യമായി ഒത്തുപോയാല്‍ മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ. നിലവിലെ പാന്‍ അപേക്ഷാ ഫോമുകള്‍ മാര്‍ച്ച് 31ഓടെ നിര്‍ത്തലാക്കും. ഏപ്രില്‍ 1 മുതല്‍ പുതിയ ഫോമുകള്‍ ആയിരിക്കും ലഭ്യമാവുക.

കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള കോമണ്‍ സര്‍വീസ് സെന്ററുകളാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. കൂടുതല്‍ വിവരങ്ങള്‍ക്കും സംശയങ്ങള്‍ക്കും abhirendra.pal@csc.gov.in എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്. അധിക നടപടിക്രമങ്ങള്‍ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ 2026 മാര്‍ച്ച് 31ന് മുമ്പായി അപേക്ഷകള്‍ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശമുണ്ട്.

പുതിയ അപേക്ഷാ രീതിയില്‍ ഇ-കെ.വൈ.സി കൂടുതല്‍ കര്‍ശനമാക്കും. ആധാറുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒ.ടി.പി വഴി മാത്രമേ അപേക്ഷ പൂര്‍ത്തിയാക്കാന്‍ സാധിക്കൂ. നിലവില്‍ പാന്‍ കാര്‍ഡ് ഉള്ളവര്‍ക്ക് ഈ നിയമം ബാധകമല്ല. എന്നാല്‍ വിവരങ്ങളില്‍ തിരുത്തല്‍ വരുത്താന്‍ ശ്രമിക്കുമ്പോള്‍ പുതിയ നിയമങ്ങള്‍ ബാധകമായേക്കാം. ഇന്ത്യയില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന പ്രവാസികള്‍ക്കും ഈ പുതിയ രേഖാ സമര്‍പ്പണ നിയമങ്ങള്‍ ബാധകമായിരിക്കും. അവര്‍ പാസ്പോര്‍ട്ട് പ്രധാന രേഖയായി കരുതേണ്ടി വരും.

ആറ്റിങ്ങലിൽ വീടിനുള്ളിൽ മധ്യവയസ്കന്റെ പഴക്കമുള്ള മൃതദേഹം കണ്ടെത്തി

ആറ്റിങ്ങലിൽ വീടിനുള്ളിൽ മധ്യവയസ്കന്റെ പഴക്കമുള്ള മൃതദേഹം കണ്ടെത്തി

ആറ്റിങ്ങൽ: നഗരത്തിൽ അടച്ചിട്ടിരുന്ന വീട്ടിൽ നിന്ന് മധ്യവയസ്കന്റെ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി. രൂക്ഷമായ ദുർഗന്ധം പരന്നതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് സംഭവം പുറംലോകം അറിഞ്ഞത്. ആറ്റിങ്ങൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ സി.എസ്.ഐ. സ്കൂളിന് പിറകുവശത്തുള്ള റോഡിലെ ‘റീജ മന്ദിരം’ എന്ന വീട്ടിലെ മുറിയിലാണ് മൃതദേഹം തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ വീടിന്റെ ഉടമസ്ഥനായ 52കാരനായ ഷാജിയുടേതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു.

കഴിഞ്ഞ പത്ത് വർഷത്തിലധികമായി കുടുംബവുമായി വേർപെട്ട് ഡൽഹിയിൽ താമസിച്ചുവരികയായിരുന്നു ഷാജി. ഇടയ്ക്കിടെ നാട്ടിലെത്തുമ്പോൾ സ്വന്തം വീട്ടിലോ സഹോദരിയുടെ വീട്ടിലോ താമസിക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. അടുത്തിടെ വീട് വിൽപ്പനയ്ക്ക് വെച്ചിരുന്നതായും വിവരമുണ്ട്. ഷാജി അവസാനമായി ഡൽഹിയിൽ നിന്ന് നാട്ടിലെത്തിയ സമയം സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. മരണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ആറ്റിങ്ങൽ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.