ശക്തമായ മഴ: നാളെ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ശക്തമായ മഴ: നാളെ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

പത്തനംതിട്ട: ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ നാളെ(ഓഗസ്റ്റ് 3, തിങ്കള്‍) പത്തനംതിട്ട, കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കനത്ത മഴയും വിവിധ മേഖലകളിലെ പ്രളയവും കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയിലെ അങ്കണവാടി മുതൽ പ്രൊഫഷണൽ കോളജുകൾ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ട്യൂഷൻ സെന്ററുകൾക്കും ജില്ലാ കലക്ടർ എ നിസാമുദ്ദീൻ നാളെ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ല.

പത്തനംതിട്ട ജില്ലയില്‍ കാലാവസ്ഥ വകുപ്പ് നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

കണ്ണൂര്‍

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (03-08-26) അവധി പ്രഖ്യാപിച്ചു. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് കണ്ണൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (03-08-26) ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ പി. വിഷ്ണുരാജ് അവധി പ്രഖ്യാപിച്ചു. ട്യൂഷൻ സെന്ററുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. ജില്ലയില്‍ കാലാവസ്ഥ വകുപ്പ് നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

മഴ കനക്കുന്നു; നഗരസഭയിൽ കൺട്രോൾ റൂം തുറന്നു

മഴ കനക്കുന്നു; നഗരസഭയിൽ കൺട്രോൾ റൂം തുറന്നു

പാലക്കാട്: ജില്ലയിൽ കാലവർഷം കനത്തതോടെ അടിയന്തര പ്രതിരോധ പ്രവർത്തനങ്ങൾക്കും മുൻകരുതലുകൾക്കുമായി പാലക്കാട്‌ നഗരസഭയിൽ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. മഴക്കെടുതി മൂലം ഉണ്ടാകുന്ന ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമാണെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും മരം വീണ് വഴിത്തടസ്സങ്ങൾ ഉണ്ടായാൽ ഉടനടി നീക്കുന്നതിനുമായി ജെ.സി.ബി, ഹിറ്റാച്ചി തുടങ്ങിയ യന്ത്രസാമഗ്രികൾ സജ്ജമാക്കിയിട്ടുണ്ട്. രാത്രികാലങ്ങളിൽ ഉൾപ്പെടെ പൊതുജനങ്ങൾക്ക് അടിയന്തര സഹായം ലഭ്യമാക്കാൻ ആരോഗ്യ പ്രവർത്തകരുടെ സേവനവും ഉറപ്പാക്കി. നഗരസഭാ പരിധിയിൽ വെള്ളക്കെട്ട്, മരം വീഴൽ തുടങ്ങിയ എന്തെങ്കിലും പ്രയാസങ്ങൾ അനുഭവപ്പെടുന്നവർക്ക് അടിയന്തര സഹായത്തിനായി 09188402790 എന്ന കൺട്രോൾ റൂം നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

മലയോര മേഖലകളിൽ നിയന്ത്രണം; വിനോദസഞ്ചാരികൾക്ക് വിലക്ക്
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ മലയോര മേഖലകളിൽ വിനോദസഞ്ചാരികൾക്കും ഭാരവാഹനങ്ങൾക്കും ജില്ലാഭരണകൂടം പൂർണ്ണ നിരോധനം ഏർപ്പെടുത്തി. നെല്ലിയാമ്പതി, പറമ്പിക്കുളം, അട്ടപ്പാടി തുടങ്ങിയ പ്രധാന മലയോര മേഖലകളിലാണ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ജില്ലാ കളക്‌ടർ നിയന്ത്രണം ഏർപ്പെടുത്തിയത്.

ഈ പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ പോലും അടിയന്തര ആവശ്യങ്ങൾക്കല്ലാതെ യാത്രകൾ ചെയ്യരുതെന്ന് കളക്‌ടർ നിർദ്ദേശിച്ചു. മലയോര പാതകളിൽ മരങ്ങളും ചില്ലകളും ഒടിഞ്ഞുവീഴാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ അതീവ ജാഗ്രത പാലിക്കണം.അടുത്ത ഉത്തരവ് ഉണ്ടാകുന്നത് വരെ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും വെള്ളച്ചാട്ടങ്ങളിലും സന്ദർശനം പൂർണ്ണമായി നിരോധിച്ചതായും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.

കനത്ത മഴ, വെള്ളപ്പൊക്കം; ആറന്മുള വള്ളസദ്യ മാറ്റിവച്ചു

കനത്ത മഴ, വെള്ളപ്പൊക്കം; ആറന്മുള വള്ളസദ്യ മാറ്റിവച്ചു

പത്തനംതിട്ട: ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ മാറ്റിവച്ചു. മഴയും വെള്ളപ്പൊക്കവും കാരണം ക്ഷേത്രത്തിൽ ചടങ്ങ് മാത്രമാണു നടത്തിയത്. നദിയിൽ ഒഴുക്ക് കൂടുന്നത് അപകടസാധ്യതയായതോടെ പള്ളിയോടങ്ങൾ നദിയിൽ ഇറക്കരുതെന്നു പള്ളിയോട സേവാസംഘം നിർദേശം നൽകിയിരുന്നു.

ഇന്നലെ 11 വള്ളസദ്യ വഴിപാടുകളാണ് ഉണ്ടായിരുന്നതെങ്കിലും ചടങ്ങ് മാത്രം നടത്തി അവസാനിപ്പിച്ചു. ഇന്ന് 10 വള്ളസദ്യ വഴിപാടുകളാണ് ഉള്ളത്. പ്രതികൂല കാലാവസ്ഥ കാരണം ഇവയെല്ലാം മാറ്റിവച്ചിട്ടുണ്ട്.

ക്ഷേത്രത്തിലേക്ക് എത്താനുള്ള ചെങ്ങന്നൂർ, കോഴഞ്ചേരി, പന്തളം എന്നിവിടങ്ങളിൽ നിന്നുള്ള വഴികളെല്ലാം വെള്ളം കയറി ഗതാഗതം തടസപ്പെട്ട നിലയിലാണ്. ഇന്നലെ വള്ളസദ്യ വഴിപാടിനെത്തിയവർ റോഡിലെ വെള്ളത്തിൽ കൂടി നടന്നാണു ക്ഷേത്രത്തിലെത്തിയത്. വള്ളസദ്യ വഴിപാട് സ്വീകരിക്കാനെത്തിയ പള്ളിയോടങ്ങളെല്ലാം സുരക്ഷിതമാണ്.

വീണ്ടും ന്യൂനമര്‍ദം; തീവ്രമഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രത

വീണ്ടും ന്യൂനമര്‍ദം; തീവ്രമഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൂടി തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാസ്ഥ വകുപ്പ്. തീവ്ര മഴ കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം ഒഴികെയുളള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഞായറാഴ്ച തീവ്രമഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ മുതല്‍ കേരള തീരം വരെ തീരദേശ ന്യൂന മര്‍ദ്ദ പാത്തി തുടരുന്നു. ശക്തി കൂടിയ ന്യൂനമര്‍ദ്ദം തെക്ക് കിഴക്കന്‍ രാജസ്ഥാനു മുകളിലായി സ്ഥിതി ചെയ്യുന്നു. ഇത് അടുത്ത 24 മണിക്കൂറിനിടെ തെക്കന്‍ രാജസ്ഥാന്‍ പ്രദേശങ്ങളിലൂടെ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങി, ക്രമേണ ശക്തി കുറഞ്ഞു ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യത. കേരളത്തില്‍ അഞ്ച് വരെയുള്ള ദിവസങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത. ഞായറാഴ്ചയും, ബുധനാഴ്ചയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.

കണ്ണൂര്‍ – കാസര്‍കോട് (വളപ്പട്ടണം മുതല്‍ ന്യൂ മാഹി വരെയും കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെയും) ജില്ലകളിലെ തീരങ്ങളില്‍ ഇന്ന് വൈകുന്നേരം 05.30 വരെ 3.0 മുതല്‍ 3.5 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ദുരിതപ്പെയ്ത്തില്‍ മരണം ഉയരുന്നു. മഴക്കെടുതിയില്‍ കേരളത്തില്‍ ഇതുവരെ ആറു പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. കോട്ടയത്തും ഇടുക്കിയിലുമായി മണ്ണിടിച്ചിലിലും ഉരുള്‍ പൊട്ടലിലും നാലു പേരാണ് മരിച്ചത്. മലപ്പുറം കൊണ്ടോട്ടി നീറാട് തോട്ടില്‍ വീണ് നാലു വയസ്സുകാരന്‍ ആദം അയ്മന്‍ മരിച്ചു. വയനാട് പടിഞ്ഞാറേത്തറയില്‍ കുളത്തില്‍ നിന്നും വെള്ളം പമ്പു ചെയ്യാന്‍ ശ്രമിക്കവെ, മഞ്ഞൂറ സ്വദേശി ബെന്നി ഷോക്കേറ്റ് മരിച്ചു.

കൊല്ലം നീണ്ടകരയില്‍ ഇന്നലെ വള്ളം മറിഞ്ഞ് കാണാതായി പുത്തന്‍തുറ സ്വദേശി രാധാകൃഷ്ണന്റെ മൃതദേഹം ലഭിച്ചു. കാണാതായ മറ്റൊരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സംസ്ഥാനത്തെ മലയോര മേഖലകളില്‍ മണ്ണിടിച്ചിലുണ്ടായി. റാന്നിക്ക് പുറമേ, പാലാ ടൗണും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. കെ കെ റോഡിലും വെള്ളം കയറി. ഈരാറ്റുപേട്ട ടൗണും വെള്ളത്തിലായി. മൂന്നിലവില്‍ ഉരുള്‍പൊട്ടലുണ്ടായി. ഇടുക്കി ഏലപ്പാറ ചെമ്മണ്ണ് ഭാഗത്ത് വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണു. വാഗമണ്ണില്‍ റോഡിലേക്ക് മണ്ണിടിഞ്ഞ് ഗതാഗത തടസവും ഉണ്ടായിട്ടുണ്ട്.

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഒമ്പതു ജില്ലകളില്‍ അതിതീവ്രമഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടുമാണ്. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

മുഖ്യമന്ത്രി വിഡി സതീശന്‍ മന്ത്രിമാരുമായും ജില്ലാ കലക്ടര്‍മാരുമായും ബന്ധപ്പെട്ട് സംസ്ഥാനത്തെ മഴക്കെടുതി സാഹചര്യം വിലയിരുത്തി. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരോട് അതത് ജില്ലകളില്‍ ക്യാമ്പുചെയ്ത് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഏകോപനം റവന്യൂ മന്ത്രി നിര്‍വഹിക്കും. മഴക്കെടുതി രൂക്ഷമായ മേഖലകളിലെ എംഎല്‍എമാരുമായും മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു. ഇടുക്കി, പത്തനംതിട്ട, കോട്ടയം കലക്ടര്‍മാര്‍ക്ക് ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജമായിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മൂവാറ്റുപുഴ ആറിലും തൊടുപുഴയാറിലും ജലനിരപ്പ് അപകടനില പിന്നിട്ടു. കാളിയാറിലെ ജലനിരപ്പ് മുന്നറിയിപ്പ് നില പിന്നിട്ടു. അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് താഴെ പറയുന്ന നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക. മൂവാറ്റുപുഴ, കല്ലട, മീനച്ചിൽ, പമ്പ, അച്ചൻകോവിൽ എന്നീ നദികളുടെ കരകളിൽ താമസിക്കുന്നവർക്ക് അതീവ ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

കോഴിക്കോട്: താമരശ്ശേരി ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം. ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം. വൈത്തിരി, ലക്കിടി മേഖലകളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ അതിതീവ്ര മഴ രേഖപ്പെടുത്തിയ സാഹചര്യത്തില്‍, വയനാട് ജില്ലയില്‍ നിന്നു കോഴിക്കോട്ടേക്കും കോഴിക്കോട് ജില്ലയില്‍ നിന്നു വയനാട്ടിലേക്കുമുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

താമരശ്ശേരി ചുരത്തിലൂടെ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരിക്കും അനുമതി. ഭാരവാഹനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയതായും ജില്ലാ കലക്ടര്‍ അറിയിച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പുതുപ്പാടി, ഈങ്ങാപ്പുഴ പ്രദേശങ്ങളില്‍ വ്യാപക വെള്ളക്കെട്ടും ഗതാഗത തടസ്സവുമാണ് നേരിടുന്നത്. ഈങ്ങാപ്പുഴ ടൗണിലും പയോണയിലും വെള്ളം കയറി ജനജീവിതം ദുസ്സഹമായിട്ടുണ്ട്. വയനാട് ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ കൈതപ്പൊയില്‍-നോളജ് സിറ്റി-കോടഞ്ചേരി വഴിയാണ് നിലവില്‍ തിരിച്ചുവിടുന്നത്. അതേസമയം, കോഴിക്കോട് ഭാഗത്ത് നിന്ന് വയനാട്ടിലേക്ക് പോകുന്ന വാഹനങ്ങള്‍ താമരശ്ശേരി-കൂടത്തായി-മൈക്കാവ്-കോടഞ്ചേരി വഴിയുള്ള ബദല്‍ പാത ഉപയോഗിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

കോഴിക്കോട്, വയനാട് ജില്ലകളില്‍ തീവ്രമഴ തുടരുകയാണ്. കോടഞ്ചേരി പഞ്ചായത്തിലെ പ്രധാന പുഴകളായ ചാലിപ്പുഴയിലും ഇരുവഴഞ്ഞിപ്പുഴയിലും ജലനിരപ്പ് ആശങ്കയുയര്‍ത്തി ഉയരുകയാണ്. ചാലിപ്പുഴ കവിഞ്ഞൊഴുകിയതോടെ ചെമ്പുകടവിലെ പഴയ പാലത്തിനു മുകളില്‍ വെള്ളം കയറി. മേഖലയില്‍ മഴ ശക്തമായി തുടരുന്നതിനാല്‍ പുഴയോരങ്ങളില്‍ താമസിക്കുന്നവരും യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. കൂരാച്ചുണ്ട്, ചക്കിട്ടപാറ, കട്ടിപ്പാറ മേഖലകളിലും മഴ ശക്തമാണ്. കക്കയം ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലും ആശങ്ക ഉയര്‍ത്തി മഴ തുടരുകയാണ്. നഗരമേഖലകളിലെ റോഡുകളില്‍ വലിയ വെളളക്കെട്ടാണുള്ളത്.