by Midhun HP News | Jun 24, 2025 | Latest News, കേരളം
കണ്ണൂര്‍: കോണ്‍ഗ്രസിന്റെ വര്‍ഗീയ കൂട്ടുകെട്ടില്‍ പ്രതിഷേധിച്ച് കണ്ണൂരിലെ മുതിര്‍ന്ന നേതാവ് കെ വി രവീന്ദ്രന് പാര്‍ട്ടി വിട്ടു. കുടുംബത്തോടൊപ്പമാണ് രവീന്ദ്രന് സിപിഎമ്മില്‍ ചേര്‍ന്നത്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്- ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടത്. കണ്ണൂര്‍ ബ്ലോക്ക് മുന്‍ പ്രസിഡന്റും എടക്കാട് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു രവീന്ദ്രന്. കോണ്‍ഗ്രസ് മതേതര നിലപാട് കൈവിട്ടുവെന്ന് കെ വി രവീന്ദ്രന് പറഞ്ഞു.
അധികാരത്തിന് വേണ്ടി എന്തും ചെയ്യുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും അദ്ദേഹം പ്രതികരിച്ചു. കണ്ണൂര്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന സ്വീകരണ യോഗത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം വി ജയരാജന്., ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് തുടങ്ങിയ നേതാക്കള്‍ പി രവീന്ദ്രനെയും കൂടെയുള്ളവരെയും ചുവന്ന ഷാള്‍ അണിയിച്ചു പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.
by Midhun HP News | Jun 24, 2025 | Latest News, കേരളം
പാലോട്: പാപ്പനംകോട് ഒഴുകുപാറയിലെ അരിസംഭരണ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ രേഖകളില്ലാതെ സൂക്ഷിച്ച നാനൂറിലധികം ചാക്ക് റേഷനരി പിടികൂടി. ആമിന ട്രേഡേഴ്സിൽ നിന്നാണ് അരി പിടികൂടിയത്. സവാള സംഭരണകേന്ദ്രം എന്ന പേരിൽ പഞ്ചായത്തിൽനിന്ന് നേടിയ ലൈസൻസിന്റെ കാലാവധി രണ്ട് മാസം മുമ്പ് കഴിഞ്ഞെങ്കിലും പുതുക്കിയില്ല. നെടുമങ്ങാട് സ്വദേശി ഷാരൂഖിന്റെ പേരിലായിരുന്നു ലൈസൻസ്. ഇതേ സ്ഥാപനത്തിലെ കയറ്റിറക്കുമായി ബന്ധപ്പെട്ട് വിവിധ യൂണിയനുകളും നടത്തിപ്പുകാരുമായി കേസുണ്ടായിരുന്നു.
ഇതിൽ തൊഴിലാളികൾക്ക് അനുകൂലമായി വിധിയുണ്ടായെങ്കിലും ജോലി ചെയ്യാൻ അനുവദിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞദിവസം രാത്രിയോടെ ഗോഡൗണിലേക്ക് അരി എത്തിയപ്പോൾ തൊഴിലാളികൾ തടയുകയും അറിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം ഗോഡൗൺ പൂട്ടിയിടുകയുമായിരുന്നു. കഴിഞ്ഞദിവസം രാവിലെ താലൂക്ക് സെപ്ലെ ഓഫിസർ ശ്രീലതയുടെ നേതൃത്വത്തിൽ ഗോഡൗൺ പരിശോധിച്ചെങ്കിലും റേഷനരിയാണോ എന്ന സംശയത്തിൽ സപ്ലൈകൊ ക്വാളിറ്റി കൺട്രോളർ എത്തി അരി പരിശോധനക്ക് അയച്ചു. പാലോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അരിച്ചാക്കുകൾ നെടുമങ്ങാട് വെയർഹൗസിലേക്ക് മാറ്റി.
by Midhun HP News | Jun 24, 2025 | Latest News, കേരളം
തിരുവനന്തപുരം: ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ശനിയാഴ്ച വരെ വ്യാപക മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
നേരത്തെ ഇന്ന് അഞ്ചു ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരുന്നത്. എന്നാല്‍ പുതുക്കിയ മുന്നറിയിപ്പ് അനുസരിച്ച് വടക്കന്‍ കേരളത്തിന് പുറമേ കോട്ടയം, എറണാകുളം, ഇടുക്കി, ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി വടക്കന്‍ ജില്ലകളില്‍ അടക്കം എട്ടിടത്താണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ബുധനാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിലും വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്കി.
ശനിയാഴ്ച വടക്കന്‍ കേരളത്തില്‍ മാത്രമാണ് മഴ മുന്നറിയിപ്പ് ഉള്ളത്. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ജാഗ്രതയുടെ ഭാഗമായി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തീരദേശ വടക്കന്‍ ആന്ധ്രാ പ്രദേശിന്റെയും അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ഒഡിഷ തീരത്തിനും സമീപം മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ഉയര്‍ന്ന ലെവലില്‍ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. തെക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നു. ഇതിന്റെ സ്വാധീനഫലമായാണ് മഴ ലഭിക്കുന്നതും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
by Midhun HP News | Jun 24, 2025 | Latest News, കേരളം
കൊച്ചി: എറണാകുളത്ത് ഭക്ഷ്യവിഷബാധ. കൊച്ചി രവിപുരത്ത് ഷവര്‍മ്മയും ഷവായയും കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷ ബാധയുണ്ടായത്. ഇരിങ്ങാലക്കുട സ്വദേശികളായ ആന്‍ മരിയ (23), ജിപ്സണ്‍ ഷാജന് (22), ആല്ബിന് (25) എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് രവിപുരത്തെ റിയല്‍ അറേബ്യ ഹോട്ടല്‍ കൊച്ചി കോര്പ്പറേഷന് ആരോഗ്യവിഭാഗം അടപ്പിച്ചു. ഈ മാസം 16 നാണ് ഇവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്. അങ്കമാലിയില്‍ ജോലി ചെയ്യുന്ന ഇവര്‍ കമ്പനി ആവശ്യത്തിനായാണ് കൊച്ചിയിലെത്തിയത്. ചിക്കന്‍ ഷവര്‍മയും ഷവായിയും കഴിച്ച ഇവര്‍ക്ക് വൈകീട്ടോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഛര്‍ദ്ദിയും പനിയും വയറിളക്കവും പിടിപെട്ട ഇവര്‍ കൊച്ചിയിലെ ഒരു ആശുപത്രിയില്‍ ചികിത്സ തേടി. പിറ്റേന്ന് വീണ്ടും വയ്യാതായതോടെ യുവതിയെ അവര്‍ ജോലി ചെയ്യുന്ന അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍ നില വഷളായതോടെ മറ്റൊരു സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. യുവതി ഐസിയുവില്‍ ചികിത്സയിലാണെന്നും, ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും കുടുംബം അറിയിച്ചു. ഈ ഹോട്ടലില്‍ നിന്നും അന്നേദിവസം ഭക്ഷണം കഴിച്ച നിരവധി പേര്‍ക്ക് ഭക്ഷ്യവിഷ ബാധ ഉണ്ടായതായും, ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് പരാതി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.
by Midhun HP News | Jun 24, 2025 | Latest News, കേരളം
കഴക്കൂട്ടം: ഉയർന്ന വനിത പൊലീസ് ഉദ്യോഗസ്ഥരെയും വനിത ബറ്റാലിയൻ ഉദ്യോഗസ്ഥരെയും ഫോണിൽവിളിച്ച് അശ്ലീലം പറഞ്ഞ യുവാവ് അറസ്റ്റിൽ. കഴക്കൂട്ടം മേനംകുളം സ്വദേശി ജോസ് (35) നെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്. വനിത ബറ്റാലിയനിൽ വിളിച്ച് അശ്ലീലം പറഞ്ഞതിനാണ് ജോസിനെ കഴക്കൂട്ടം പോലീസ് പിടികൂടിയത്.
പൊലീസ് യൂനിഫോമിട്ട വനിതകളുടെ നമ്പർ കിട്ടിയാൽ ജോസിന് പിന്നെ അടങ്ങിയിരിക്കാൻ കഴിയില്ല. ഇൻറർനെറ്റിൽ നോക്കി വനിത പൊലീസ്ലീസിന്റെയും ഉദ്യോഗസ്ഥരുടെയും നമ്പർ ശേഖരിച്ച് അശ്ലീലവും ലൈംഗിക ചുവയുള്ള വർത്തമാനവും പറയലാണ് ഇയാളുടെ പ്രധാന രീതി.
ഇൻറർനെറ്റിൽ പരതി ഐ.ജി യെന്നോ ഡിവൈ.എസ്.പി എന്നോ വ്യത്യാസമില്ലാതെ വനിത ഉദ്യോഗസ്ഥരുടെ നമ്പർ കണ്ടെത്തി ഫോൺ വിളിച്ച് പ്രതി അശ്ലീലം പറയും. പല ഉയർന്ന ഉദ്യോഗസ്ഥരും ശല്യം സഹിക്കാനാവാതെ പ്രതിയുടെ നമ്പർ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയാണ് ജോസ്. കഴക്കൂട്ടം സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപെട്ട ജോസ് സമാനമായ 20 കേസുകളിൽ പ്രതിയാണ്. എറണാകുളത്തും തിരുവനന്തപുരത്തും മോഷണകേസുകളും ഇയാൾക്കെതിരെയുണ്ട്. രണ്ടുതവണ പോലീസ് പിടികൂടിയപ്പോഴും ഇയാൾ കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ടതിനും കേസുണ്ട്. പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് കഴക്കൂട്ടം പോലീസ് പറഞ്ഞു.
by Midhun HP News | Jun 24, 2025 | Latest News, കേരളം
കൊച്ചി: ചികിത്സാ നിരക്കും പാക്കേജ് നിരക്കും മലയാളത്തിലും ഇംഗ്ലീഷിലും എല്ലാവര്ക്കും കാണാനാവും വിധം ആശുപത്രികളില്‍ ഉള്‍പ്പെടെ പ്രദര്‍ശിപ്പിക്കണം എന്നതടക്കമുള്ള കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് നിയമവും ചട്ടങ്ങളും ഹൈക്കോടതി ശരിവെച്ചു. നിയമത്തിലേയും ചട്ടങ്ങളിലേയും ചില വ്യവസ്ഥകള്‍ ചോദ്യം ചെയ്ത് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന് ഐഎംഎ സംസ്ഥാന ഘടകം, മെഡിക്കല്‍ ലബോറട്ടറി ഓണേഴ്സ് അസോസിയേഷന് തുടങ്ങിയ ഹര്‍ജി തള്ളിയാണ് ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോന്റെ ഉത്തരവ്.
എന്നാല്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ സര്‍ക്കാരിനെ അറിയിക്കാനുള്ള സ്വാതന്ത്ര്യം ഹര്‍ജിക്കാര്‍ക്ക് ഉണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. പൊതുജനാരോഗ്യം സംരക്ഷിക്കാന്‍ നിശ്ചിത നിലവാരം ഓരോ സേവനത്തിനും ഉറപ്പാക്കുന്നതാണ് നിയമം. രജിസ്ട്രേഷന് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് നിയമത്തിലുള്ളത്.
എന്നാല്‍ ഫീ നിരക്ക്, പാക്കേജ് നിരക്ക് എന്നിവ നിര്‍വചിച്ചിട്ടില്ലെന്നും അധികൃതര്‍ക്ക് അനിയന്ത്രിതമായ അധികാരമാണ് നല്‍കുന്നതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. എന്നാല്‍ പൊതുജനാരോഗ്യവും രോഗികളുടെ സുരക്ഷയും ഉറപ്പാക്കാനാണ് നിയമം പാസാക്കിയതെന്നും ധാര്‍മിക നിലവാരം ഉള്‍പ്പെടെ പ്രോത്സാഹിപ്പിച്ച് സുതാര്യതയ്ക്കുള്ള നടപടിയാണിതെന്നും സര്‍ക്കാര്‍ വാദിച്ചു.
അനിയന്ത്രിതവും ഏകപക്ഷീയവുമായ അധികാരമാണ് അധികൃതര്‍ക്ക് നല്‍കുന്നതെന്ന ആരോപണത്തില്‍ ന്യായമല്ലാത്ത നടപടികളൊന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും കോടതി പറഞ്ഞു. സേവനത്തിന്റെ ഫീസ് നിരക്ക് മലയാളത്തിലും ഇംഗ്ലീഷിലും പ്രസിദ്ധീകരിക്കണമെന്ന് നിയമത്തില്‍ നിഷ്കര്ഷിക്കുന്നതില് തെറ്റില്ല. ആശുപത്രിയുടെ രജിസ്ട്രേഷനടക്കം റദ്ദാക്കുന്നതില്‍ കൃത്യമായ നടപടിക്രമങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്, ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന് എന്നിവയില്‍ നിന്നുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തുമ്പോള്‍ സേവനം സ്വീകരിക്കുന്നവരില്‍ നിന്നുള്ള പ്രതിനിധികളേയും ഉള്‍പ്പെടുത്താമെന്നും കോടതി വിലയിരുത്തി.
Recent Comments