by Midhun HP News | Jun 24, 2025 | Latest News, കേരളം
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പാണക്കാട് വീട്ടിലെത്തി അനുഗ്രഹം തേടി നിയുക്ത എംഎല്‍എ ആര്യാടന്‍ ഷൗക്കത്ത്. ഭയപ്പാടിനെതിരെയുള്ള കേരളത്തിന്റെ വികാരമാണ് നിലമ്പൂരില്‍ കണ്ടെതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് പതിനാറ് മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കുമെന്നും തങ്ങള്‍ പറഞ്ഞു. വിജയത്തിന് പിന്നാലെ ആര്യാടന്റെ ആദ്യസന്ദര്‍ശനം പാണക്കാട് കുടപ്പനക്കുന്ന് വിട്ടിലായിരുന്നു.
ഷൗക്കത്ത് മുന്‍പും ഇവിടെ വരാറുണ്ടെന്നും ഇപ്പോള്‍ എത്തിയത് വിജയത്തിന്റെ ആഹ്ലാദം പങ്കുവയ്ക്കാനാണെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ‘കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമാണ് നിലമ്പൂരില്‍ ഉണ്ടായത്. ഓരോരുത്തരും അവരുടെ ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിച്ചു. അതിന്റെ ഫലം കാണാന്‍ കഴിഞ്ഞു. ജനങ്ങളെല്ലാം അവരുടെ അഭിപ്രായങ്ങള്‍ ഒരു ഭയപ്പാടുമില്ലാതെ രേഖപ്പെടുത്തി. ഭയപ്പാടിനെതിരെയുള്ള കേരളത്തിന്റെ വികാരമാണ് നിലമ്പൂരില്‍ കണ്ടത്.
കേരളം ഒരു ഭയത്തിന്റെ നിഴലിലായിരുന്നു. അതില്‍ നിന്നുള്ള മോചനമാണ് ജനം ആഗ്രഹിക്കുന്നതെന്നുളളതിന്റെ ഫലപ്രഖ്യാപനമാണ് നിലമ്പൂര്‍ ഉപതെരഞ്ഞടുപ്പ് ഫലം. തുടര്‍ന്നുള്ള പോരാട്ടത്തിന് ഈ തെരഞ്ഞെടുപ്പ് ഫലം ആത്മവിശ്വസം പകരും. കേരളത്തെ വീണ്ടെടുക്കുന്ന യജ്ഞത്തിന് നിയോഗമാകാന്‍ ആര്യാടന്‍ ഷൗക്കത്തിന് കഴിഞ്ഞു. അയാളുടെ പിതാവും യുഡിഎഫിനെ ശക്തിപ്പെടുത്തിയാളാണ്. ഷൗക്കത്തിന് എല്ലാവിധ വിജയങ്ങളും ആശംസിക്കുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ മലപ്പുറത്തെ പതിനാറ് മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കും’- പാണക്കാട് തങ്ങള്‍ പറഞ്ഞു.
പാണക്കാട് തങ്ങളുടെ അനുഗ്രഹം വാങ്ങിയ ശേഷമാണ് ഉപതെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. നിലമ്പൂരില്‍ ആദ്യം തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത് മുസ്ലീം ലീഗ് ആണ്. മുന്നൊരുക്കം, ഉള്ളൊരുക്കം എന്ന നിലയില്‍ വളരെ സജ്ജമായിരുന്നു അവരുടെ പരിപാടികള്‍. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുസ്ലീം ലീഗ് മുന്നിലും കോണ്‍ഗ്രസ് പിന്നിലുമായിരുന്നു. പീന്നീട് യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ കുടപ്പന കുന്ന് തറവാട്ടിലെത്തിയാണ് തന്റെ പ്രചാരണം ആരംഭിച്ചത്. അന്ന് തങ്ങള്‍ ഹജ്ജിന് പോയതായിരുന്നു, ഫോണിലൂടെ അനുഗ്രഹം ചൊരിഞ്ഞാണ് അദ്ദേഹം ഹജ്ജിന് പോയത്. ഹജ്ജ് കഴിഞ്ഞ് തങ്ങള്‍ നേരെ വന്നത് നിലമ്പൂരിലേക്കാണ്. പികെ കുഞ്ഞാലിക്കുട്ടിയുടെ നേതൃപരമായ ഇടപെടലും വിജയത്തില്‍ നിര്‍ണായകമായി’- ഷൗക്കത്ത് പറഞ്ഞു.
11,077 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂരില്‍ വിജയിച്ചത്. ഷൗക്കത്ത് 77,737 വോട്ട് നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് 66,660, സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വര്‍ 19,760, ബിജെപി സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ് 8,648 വോട്ട് നേടി.
by Midhun HP News | Jun 24, 2025 | Latest News, കേരളം
ഷാർജ: സർക്കാർ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ പ്രഥമ പരിഗണന ഇനി മുതൽ സ്വദേശികൾക്ക് ആയിരിക്കുമെന്ന് പ്രഖ്യാപിച്ച് ഷാർജ ഭരണാധികാരി. വിവിധ വകുപ്പുകളിലെ നിയമനത്തിനുള്ള അധികാരം വകുപ്പ് മേധാവികൾക്കും ഡയറക്ടർ ജനറലിനുമാണ്. പ്രധാന തസ്തികകളിൽ സ്വദേശികൾക്ക് തന്നെ നിയമനം നൽകണമെന്നും ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി വ്യക്തമാക്കി. നിയമനവ്യവസ്ഥകൾ ലംഘിച്ചാൽ കർശന നടപടി ഉണ്ടാകുമെന്നും ഉത്തരവിൽ പറയുന്നു.
സർക്കാർ ജീവനക്കാർക്ക് ഒട്ടേറെ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. സേവനം മെച്ചപ്പെടുത്താൻ ജീവനക്കാർക്ക് വാർഷിക തൊഴിൽ പരിശീലനം നൽകും. സേവനകാലത്ത് തുടർ വിദ്യാഭ്യാസത്തിനായി അവസരം നൽകും.
വിവാഹം കഴിക്കാൻ 8 ദിവസത്തെ അവധി നൽകും. വാർഷിക അവധിക്ക് പുറമെ രാജ്യത്തിനകത്തോ പുറത്തോ ചികിത്സിക്കാനുള്ള അവധി, പ്രസവം, ശിശുപരിചരണം, ഹജ്, മരണാനന്തര ചടങ്ങുകൾ തുടങ്ങിയവക്കെല്ലാം അവധി നൽകുമെന്നാണ് പ്രഖ്യാപനം. ഇതോടെ സ്വദേശികളായ നിരവധിപ്പേർ സർക്കാർ ജോലിക്കായി മുന്നോട്ട് കടന്നു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതെ സമയം ഈ രംഗത്ത് പണിയെടുക്കുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികൾക്ക് പുതിയ തീരുമാനം വലിയ തിരിച്ചടി ആകും. നിലവിൽ പ്രധാന തസ്തികയിൽ ജോലി ചെയ്തു വരുന്ന വിദേശികളുടെ കാര്യത്തിൽ ഉടൻ തീരുമാനം എടുത്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇനി കരാർ തൊഴിലാളികളായി ആകും വിദേശികൾ ജോലി ചെയ്യേണ്ടി വരുക. വിദേശികൾക്ക് സേവനകാല ആനുകൂല്യമാണ് വിരമിക്കുമ്പോൾ ലഭിക്കുക. ഈ കാലയളവിൽ തൊഴിലിൽ നിന്ന് വിട്ടുനിൽകുക ആണെങ്കിൽ സേവനകാല ആനുകൂല്യങ്ങളിൽ നിന്ന് 25 ശതമാനം നഷ്ടമാകുമെന്നും ഉത്തരവിൽ പറയുന്നു.
by Midhun HP News | Jun 24, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപയാണ്. 73,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 75 രൂപയാണ് കുറഞ്ഞത്. 9155 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒന്നിടവിട്ട ദിവസങ്ങളില്‍ കൂടിയും കുറഞ്ഞും നില്‍ക്കുന്ന സ്വര്‍ണവില ഇന്നലെ മുതലാണ് വീണ്ടും കുറയാന്‍ തുടങ്ങിയത്. ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തില്‍ അയവ് വരുമെന്ന പ്രതീക്ഷ അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
ജൂണ്‍ 13നാണ് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചത്. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. തൊട്ടടുത്ത ദിവസവും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് കണ്ടത്. 75,000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെ പിന്നിടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില ഏറിയും കുറഞ്ഞും നില്‍ക്കുന്ന കാഴ്ചയാണ് ദൃശ്യമായത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകി എത്തിയതാണ് സ്വര്‍ണവില ഉയര്‍ന്നു നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.
by Midhun HP News | Jun 24, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍ ജില്ലകളില്‍ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തിലെ അഞ്ചു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.
തീരദേശ വടക്കന്‍ ആന്ധ്രാ പ്രദേശിന്റെയും അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ഒഡിഷ തീരത്തിനും സമീപം മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ഉയര്‍ന്ന ലെവലില്‍ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. തെക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ മറ്റൊരു ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ജൂണ്‍ 27 വരെ കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 – 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ കേരളത്തില്‍ വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം
മധ്യ കിഴക്കന്‍ അറബിക്കടല്‍ അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍, വടക്ക് – കിഴക്കന്‍ അറബിക്കടല്‍, തെക്കന്‍ അറബിക്കടല്‍, തെക്കന്‍ ഗുജറാത്ത് തീരം, കൊങ്കണ്‍ തീരം, വടക്കന്‍ ആന്ധ്ര പ്രദേശ് തീരം, ഒഡിഷ തീരം, പശ്ചിമ ബംഗാള്‍ തീരം, വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന വടക്ക് – കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
ജൂണ്‍ 27 വരെ മധ്യ കിഴക്കന്‍ അറബിക്കടലിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങള്‍, അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ അതിനോട് ചേര്‍ന്ന മധ്യ കിഴക്കന്‍ അറബിക്കടല്‍ അതിനോട് ചേര്‍ന്ന വടക്കന്‍ അറബിക്കടല്‍ അതിനോട് ചേര്‍ന്ന തെക്ക് – പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.
by Midhun HP News | Jun 24, 2025 | Latest News, കേരളം
കൊച്ചി: ഒരു മാസം മുന്നേ തോട്ടപ്പള്ളി ഹാര്‍ബറില്‍ നിന്ന് 14.6 നോട്ടിക്കല്‍ മൈല്‍ ദൂരത്തു പുറംകടലില്‍ മുങ്ങിയ എല്‍സ 3 എന്ന ചരക്ക് കപ്പല്‍ കേരള തീരത്തിന് ഭീഷണിയാവുന്നു. കഴിഞ്ഞ മെയ് 25 നു മുങ്ങിയ കപ്പലിന്റെ ബങ്കറില്‍ ഉള്ള 367 ടണ്‍ സള്‍ഫര്‍ കുറഞ്ഞ എണ്ണയും 84 ടണ്‍ മറൈന്‍ ഡീസലും ജൂലൈ 3 നു മുന്‍പ് നീക്കം ചെയ്യണം എന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്, കപ്പല്‍ ഉടമസ്ഥരായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിക്കു അന്ത്യ ശാസനം നല്‍കിയിരുന്നത്. എന്നാല്‍ എണ്ണ നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണെന്ന് ആണയിട്ടു പറഞ്ഞിരുന്ന കപ്പല്‍ കമ്പനി, ഇതിനായി നിയോഗിച്ചിരുന്ന കമ്പനിയുമായുള്ള കരാര്‍ അവസാനിപ്പിച്ചിരിക്കുകയാണ്.
എണ്ണ നീക്കം ചെയ്യാനും കപ്പലിന്റെ അവശിഷ്ടങ്ങളും മാരക രാസ പദാര്‍ഥങ്ങള്‍ അടങ്ങിയ കണ്ടെയ്‌നറുകള്‍ നീക്കം ചെയ്യാനുമായി കൊണ്ട് വന്ന ടി ആന്‍ഡ് ടി സാല്‍വേജ് എണ്ണ കമ്പനി പണി നിര്‍ത്തി വച്ച് സ്ഥലം വിട്ടെന്ന് മെര്‍ക്കന്‍ടൈല്‍ മറൈന്‍ ഡിപ്പാര്‍ട്‌മെന്റ് അധികൃതര്‍ പറയുന്നു. നിലവില്‍ മുങ്ങിയ കപ്പലില്‍ നിന്ന് ആര്, എപ്പോള്‍ എണ്ണയും പാരിസ്ഥിതിക ഭീഷണി ഉയര്‍ത്തുന്ന രാസ പദാര്‍ഥങ്ങളും നീക്കം ചെയ്യും എന്ന കാര്യം അനിശ്ചിതത്വത്തിലാണ്.
ലോകത്തിലെ പ്രമുഖ സാല്‍വേജ് ടീമായ ടി ആന്‍ഡ് ടി സാല്‍വേജ്, കടലിന്റെ അടിത്തട്ടില്‍ ഏകദേശം 54 മീറ്റര്‍ ആഴത്തില്‍ കിടക്കുന്ന എല്‍സ 3 യില്‍ നിന്ന് എണ്ണ നീക്കം ചെയ്യാനും ചരക്കുകളും കപ്പലിന്റെ അവശിഷ്ടങ്ങളും നീക്കം ചെയ്യാനുമുള്ള സാങ്കേതിക പരിജ്ഞാനം ഇല്ല എന്ന് പറഞ്ഞാണ് പിന്മാറിയതെന്നു കപ്പല്‍ ഉടമകള്‍ ഡി ജി ഷിപ്പിംഗ് അധികൃതരെ അറിയിച്ചു. എന്നാല്‍ ഇത് തൊടുന്യായം ആണെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. ലോകത്തിലെമ്പാടും മുങ്ങിയ കപ്പലില്‍ നിന്ന് എണ്ണയും ചരക്കും നീക്കം ചെയ്തിട്ടുള്ള ടി ആന്‍ഡ് ടി സാല്‍വേജിനു സാങ്കേതിക പരിജ്ഞാനം ഇല്ല എന്ന വാദം ശരിയല്ല. ഇവര്‍ ദക്ഷിണ ആഫ്രിക്കയില്‍ നിന്നും സിംഗപ്പൂരില്‍ നിന്നും മുങ്ങല്‍ വിദഗ്ധരെ കൊണ്ട് വന്നു കപ്പലില്‍ നിന്ന് എണ്ണ നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിനായി രണ്ടു ടഗ്ഗുകളും ഏര്‍പ്പെടുത്തി.
കഴിഞ്ഞ ജൂണ്‍ 12 നു ഇവരുടെ മുങ്ങല്‍ വിദഗ്ധര്‍ കടലിന്റെ അടിത്തട്ടില്‍ എത്തി ചോര്‍ച്ചയുണ്ടായിരുന്ന എണ്ണ ടാങ്കിലെ പൈപ്പുകള്‍ സീല്‍ ചെയ്യുകയും ഇതിന്റെ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഹോട് ടാപ്പിംഗ് സാങ്കേതിക വിദ്യയിലൂടെ ബങ്കറില്‍ ഇന്ന് എണ്ണ നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മൂന്നു ദിവസത്തിനകം ആരംഭിക്കുമെന്നാണ് ആ ഘട്ടത്തില്‍ എം എസ് സി അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ബങ്കറില്‍ നിന്ന് എണ്ണ നീക്കം ചെയ്യുന്നതിനായി വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത സാച്ചുറേഷന്‍ ഡൈവിംഗ് സിസ്റ്റം ഘടിപ്പിക്കാന്‍ എന്ന പേരിലാണ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു ഡൈവിംഗ് സംഘം പത്തു ദിവസം മുന്‍പ് സീമാക് എന്ന ഡൈവിംഗ് സഹായ കപ്പലുമായി കൊച്ചി തീരത്തേക്ക് മടങ്ങിയത്. ഡൈവിംഗ് പ്രെഷര്‍ നിയന്ത്രിക്കുന്ന ഉപകരണങ്ങള്‍ എമിഗ്രേഷന്‍ ക്ലീറന്‍സ് കഴിഞ്ഞു മൂന്നു ദിവസത്തിനുള്ളില്‍ എത്തും എന്നാണ് അന്ന് പറഞ്ഞത്.
കപ്പലില്‍ നിന്ന് എണ്ണ നീക്കം ചെയ്യാന്‍ ടി ആന്‍ഡ് ടി സാല്‍വേജ് രണ്ടു മാസ്റ്റര്‍മാര്‍, രണ്ടു പ്രൊജക്റ്റ് മാനേജര്‍മാര്‍, രണ്ടു കെമിസ്റ്റുകള്‍, ആറംഗ ഡൈവിംഗ് ടീം, സൈറ്റ് സ്‌കാനര്‍ ഘടിപ്പിച്ച ആധുനിക സംവിധാനങ്ങള്‍ ഉള്ള കപ്പല്‍ എന്നിവ എത്തിച്ചിരുന്നു. എന്നാല്‍ പെട്ടെന്നുള്ള സാല്‍വേജ് ടീമിന്റെ പിന്മാറ്റം സംശയം ഉയര്‍ത്തുന്നു. കാലവര്‍ഷം തുടങ്ങിയതിനാല്‍ കടല്‍ പ്രക്ഷുബ്ധമാണെന്നും ദീര്‍ഘ നേരം കടലിനടിയില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നും കപ്പല്‍ ഉടമകള്‍ പറയുന്നു. കടല്‍ ശാന്തമാവുന്ന മുറയ്ക്ക് പുതിയ സാല്‍വേജ് ടീമിനെ എത്തിക്കാം എന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. ജൂണ്‍ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള തെക്കു കിഴക്കന്‍ കാലവര്‍ഷ സമയത്തു കേരളത്തിന്റെ തീരക്കടല്‍ പൊതുവെ പ്രക്ഷുബ്ധമായിരിക്കും. അതിനാല്‍ അടുത്തെങ്ങും കപ്പലില്‍ നിന്ന് എണ്ണ നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ ആരംഭിക്കാന്‍ ഇടയില്ല. സാങ്കേതിക പരിജ്ഞാനമുള്ള ടീമിനെ കിട്ടിയില്ല എന്ന് പറഞ്ഞു പ്രവര്‍ത്തനങ്ങള്‍ നീട്ടികൊണ്ടു പോകാനും സാധ്യത ഏറെയാണ്.
കപ്പലിലെ എണ്ണ സംഭരണ ടാങ്കുകള്‍ സീല്‍ ചെയ്തതിനാല്‍ നിലവില്‍ എണ്ണ ചോര്‍ച്ചയുടെ ഭീഷണിയില്ല എന്ന് വാദിക്കാം, പക്ഷെ മുങ്ങിയ കപ്പലിലെ 12 കണ്ടെയ്‌നറുകളില്‍ കാല്‍സ്യം കാര്‍ബൈഡ് എന്ന രാസ വസ്തുവാണുള്ളത്. മറ്റൊരു കണ്ടെയ്‌നറില്‍ ആന്റി ഓക്‌സിഡന്റ് റബ്ബര്‍ കെമിക്കലുമുണ്ട്. ഇവ തീരക്കടലില്‍ വെള്ളവുമായി രാസപ്രവര്‍ത്തനം നടന്നാല്‍ അത് കടലിലെ പരിസ്ഥിതിയെ പ്രതികൂലമായി ബാധിച്ചേക്കാം.
മെയ് 28 നു കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ച ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ് ശ്യാം ജഗന്നാഥന്‍ കപ്പല്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നില്ലെന്നു ഉറപ്പാക്കുമെന്ന് പറഞ്ഞിരുന്നു.
അദ്ദേഹത്തിന്റെ വാക്കുകള്‍: ‘കപ്പല്‍ മുങ്ങിയാല്‍ ഉടമകള്‍ സ്വീകരിക്കേണ്ട ചില നടപടിക്രമങ്ങള്‍ ഉണ്ട്. ഇത് അന്താരാഷ്ട്ര നിയമത്തിന്റെ ഭാഗമാണ്. ആദ്യം കപ്പലിലെ എണ്ണ സുരക്ഷിതമായി നീക്കം ചെയ്യണം. പിന്നെ മുങ്ങിയ കണ്ടെയ്‌നറുകള്‍ ഉയര്‍ത്തണം. അത് കഴിഞ്ഞാല്‍ മുങ്ങിയ കപ്പലിന്റെ അവശിഷ്ടങ്ങളും നീക്കണം. കപ്പല്‍ ഉപേക്ഷിച്ചു മുങ്ങാന്‍ ഉടമസ്ഥര്‍ക്ക് കഴിയില്ല, അതിനനുവദിക്കുകയും ഇല്ല.’
മുങ്ങിയ കപ്പലിലെ രാസപദാര്‍ഥങ്ങള്‍ കടല്‍ ജീവികളെ ബാധിക്കുന്നതു കൂടാതെ മത്സ്യ തൊഴിലാളികളുടെ ഉപജീവനത്തെയും ബാധിക്കും എന്ന് വിദഗ്ധര്‍ ആശങ്കപ്പെടുന്നു. കപ്പല്‍ ഇപ്പോള്‍ കിടക്കുന്നത് മത്സ്യ ബന്ധന യാനങ്ങളുടെ സഞ്ചാര മേഖലയിലാണ്. അതിനാല്‍ കപ്പലില്‍ ഉടക്കി മത്സ്യ തൊഴിലാളികളുടെ വലകള്‍ നശിക്കും. ഇത് കൂടാതെ മേഖലയില്‍ കൂടി കടന്നു പോകുന്ന കപ്പലുകള്‍ക്കും ഇത് ഭീഷണിയാണ്.
അതേസമയം ജൂണ്‍ 9 നു തീപിടിച്ച വാന്‍ ഹായ് 503 എന്ന കപ്പല്‍ കോസ്റ്റ് ഗാര്‍ഡും സാല്‍വേജ് സംഘവും ചേര്‍ന്ന് തീരത്തു നിന്ന് 70 നോട്ടിക്കല്‍ മൈല്‍ ദൂരത്തേക്ക് മാറ്റിയിട്ടുണ്ട്. അവരോടു കൂടുതല്‍ തെക്കോട്ടു നീങ്ങാന്‍ നിര്‍ദേശം നല്‍കിയതായി അധികൃതര്‍ അറിയിച്ചു.
by Midhun HP News | Jun 23, 2025 | Latest News, കേരളം
കൊച്ചി: പാതിവില തട്ടിപ്പ് കേസിലെ പ്രധാന പ്രതി കെ എന്‍ ആനന്ദകുമാറിന് രണ്ട് കേസുകളില്‍ ജാമ്യം. കരീലക്കുളങ്ങര പൊലീസ് രജിസ്റ്റര്‍ ചെയ്ത ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസുകളിലാണ് ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. പ്രായമായെന്നും രോഗിയാണെന്നുമുള്ള പരിഗണനയിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ നടപടി.
സര്‍ദാര്‍ പട്ടേല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് വഴി പകുതി വിലയ്ക്ക് സ്‌കൂട്ടറും ഗൃഹോപകരണങ്ങളും നല്‍കാമെന്ന് വിശ്വസിപ്പിച്ച് അറുപതിനായിരം രൂപ തട്ടിയെടുത്തുവെന്ന കേസിലാണ് ജാമ്യം.
പാതിവില തട്ടിപ്പില്‍ ആയിരത്തിലധികം കേസുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ പ്രധാന പ്രതിയായ കെഎന്‍ ആനന്ദ കുമാര്‍ നിലവില്‍ റിമാന്‍ഡിലാണ്. രണ്ട് കേസുകളില്‍ ജാമ്യം ലഭിച്ചുവെങ്കിലും മറ്റ് കേസുകളില്‍ കൂടി ജാമ്യം നേടാതെ കെഎന്‍ ആനന്ദ് കുമാറിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാനാവില്ല. പാതിവില തട്ടിപ്പിന് നേതൃത്വം നല്‍കിയ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ദേശീയ ചെയര്‍മാനാണ് കെഎന്‍ ആനന്ദ കുമാര്‍.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 15നാണ് പാതിവില ഓഫര്‍ തട്ടിപ്പിനായി അഞ്ചംഗ ട്രസ്റ്റ് രൂപീകരിച്ചത്. സായി ഗ്രാമം ട്രസ്റ്റ് ചെയര്‍മാനായ കെഎന്‍ ആനന്ദകുമാര്‍ ആജീവനാന്ത ചെയര്‍മാനായ ട്രസ്റ്റില്‍ 5 അംഗങ്ങള്‍ ആണുണ്ടായിരുന്നത്. പ്രതി അനന്തു കൃഷ്ണന്‍, ബീന സെബാസ്റ്റ്യന്‍, ഷീബ സുരേഷ്, ജയകുമാരന്‍ നായര്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. തട്ടിപ്പില്‍ പങ്കില്ലെന്നും പണമിടപാട് അടക്കം എല്ലാ കാര്യങ്ങളും ആസൂത്രണം ചെയ്തത് അനന്തു കൃഷ്ണനാണെന്നുമായിരുന്നു കെഎന്‍ ആനന്ദകുമാറിന്റെ വാദം.
Recent Comments