by Midhun HP News | Jun 22, 2025 | Latest News, കേരളം
കോഴിക്കോട്: കോഴിക്കോട്ടെയും മലപ്പുറത്തെയും രണ്ട് പ്രവാസികളുടെ സ്ഥാപനങ്ങളിലും വീടുകളിലും നടത്തിയ പരിശോധനയില്‍ 260 കോടിയുടെ അനധികൃത സമ്പാദ്യം കണ്ടെത്തിയതായി ആദായനികുതി വകുപ്പ്. സീ ഷെല്‍ സേവറി, സീബ്രീസ് എന്നീ രണ്ട് വ്യവസായ സ്ഥാപനങ്ങളിലാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.
നാദാപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സീ ഷെല്‍ സേവറി. രണ്ട് പ്രവാസി വ്യവസായികളുടെ ഉടമസ്ഥതയില്‍ ഇവര്‍ക്ക് ചെന്നൈയിലും ദുബായിലും ഹോട്ടലുകള്‍ ഉണ്ട്. നരിക്കോടന്‍ ഹമീദ്, കുഞ്ഞുമൂസ എന്നിവരുടെ വീടുകളിലും സ്ഥാപനത്തിലും നടത്തിയ റെയ്ഡില്‍ 2കോടി 17 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. ഇത്രയും തുക കൈയില്‍ വച്ചത് ചട്ടലംഘനമാണെന്നും ഐടി ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാജ്യത്തും വിദേശത്തുമായി ഇവര്‍ നിക്ഷേപിച്ചിരിക്കുന്ന 120 കോടിയുടെ ആസ്തി ചട്ടലംഘനമാണെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കരിപ്പൂര്‍ എയര്‍പോര്‍ട്ടിന് സമീപത്തുള്ള സിബ്രീസ് സ്ഥാപനത്തില്‍ നടത്തിയ റെയ്ഡില്‍ 20ലക്ഷം രൂപ കണ്ടെടുത്തു. ഇതിന്റെ ഉടമ വിദേശത്തും രാജ്യത്തും നിക്ഷേപിച്ച 140 കോടി കണക്കില്‍പ്പെടാത്തതെന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്. എല്ലാ സ്വത്തുക്കളും ഇന്‍കം ടാക്‌സിന്റെ പരിധിയില്‍പ്പെടുത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
by Midhun HP News | Jun 22, 2025 | Latest News, കേരളം
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വീണ്ടും മോഷണം. 25 ലിറ്റര്‍ പാല്‍ മോഷ്ടിച്ച ജീവനക്കാരന്‍ പിടിയിലായി. അസിസ്റ്റന്റ് സ്റ്റോര്‍ കീപ്പര്‍ സുനില്‍കുമാറാണ് പിടിയിലായത്. ക്ഷേത്ര വിജിലന്‍സ് ആണ് ഇയാളെ പിടികൂടിയത്.
മോഷണം മറച്ചുവെയ്ക്കാന്‍ ശ്രമം നടന്നതായും ആരോപണമുയരുന്നുണ്ട്. കഴിഞ്ഞമാസം ക്ഷേത്രത്തില്‍ 13 പവന്റെ സ്വര്‍ണ ദണ്ഡ് കാണാതായിരുന്നു. പിന്നാലെ രണ്ടു ദിവസത്തിനുശേഷം മണലില്‍ പൊതിഞ്ഞനിലയില്‍ സ്വര്‍ണ ദണ്ഡ് കണ്ടെത്തുകയും ചെയ്തു. സംഭവത്തില്‍ എട്ട് പേരെ നുണ പരിശോധനയ്ക്ക് വിധേയരാക്കണമെന്നാവശ്യപ്പെട്ട് ഫോര്‍ട്ട് പൊലീസ് കോടതിയെ സമീപിച്ചിരുന്നു. അഞ്ച് ക്ഷേത്ര ജീവനക്കാരും ശ്രീകോവിലിന്റെ വാതില്‍ സ്വര്‍ണം പൊതിയുന്ന ജോലി ചെയ്ത മൂന്ന് പേരും ഉള്‍പ്പെടെ എട്ടുപേര്‍ക്കായിരുന്നു നുണപരിശോധന. ഇവരെ ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ മൊഴികളാണ് ലഭിച്ചത്.
ക്ഷേത്രത്തിലെ നവീകരണത്തിന്റെ ഭാഗമായി സ്വര്‍ണം പൂശുന്ന പണിക്കിടെ മാര്‍ച്ച് പത്തിനാണ് സ്വര്‍ണ ദണ്ഡ് കാണാതായത്. വടക്കേ ശീവേലിപ്പുരയ്ക്ക് സമീപത്തെ മണലില്‍നിന്ന് ദണ്ഡ് കണ്ടെത്തിയതാണ് സംശയത്തിനിടയാക്കിയത്. വാതില്‍ സ്വര്‍ണംപൂശുന്ന ജോലിക്കാര്‍, ഒരു വിഭാഗം ജീവനക്കാര്‍, കാവല്‍നിന്ന പൊലീസുകാര്‍ എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഈ ഭാഗത്തെ സിസിടിവി പ്രവര്‍ത്തനരഹിതമായതും ദുരൂഹത ഉയര്‍ത്തിയിരുന്നു.
by Midhun HP News | Jun 22, 2025 | Latest News, കേരളം
കോട്ടയം: അധ്യാപക പുനര്‍നിയമനത്തിന് കൈക്കൂലി വാങ്ങിയ സെക്രട്ടേറിയറ്റ് ജീവനക്കാരന്‍ വിജിലന്‍സ് പിടിയില്‍. സെക്രട്ടേറിയറ്റിലെ പൊതുവിദ്യാഭ്യാസ വകുപ്പ് അസിസ്റ്റന്റ് സെക്ഷന്‍ ഓഫിസര്‍ തിരുവനന്തപുരം പള്ളിക്കല്‍ മൂതല സ്വദേശി സുരേഷ് ബാബുവാണ് അറസ്റ്റിലായത്.
കോട്ടയത്തെമൂന്ന് അധ്യാപകരുടെ പുനര്‍നിയമനത്തിന് ഒന്നരലക്ഷം രൂപയാണ് കൈക്കൂലി വാങ്ങിയത്. കോട്ടയം വിജിലന്‍സ് യൂണിറ്റാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കേസില്‍ വടകര സ്വദേശിയും മുന്‍ പ്രധാന അധ്യാപകനും ഏജന്റുമായ വിജയനെ വിജിലന്‍സ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
തീക്കോയി സ്‌കൂളിലെ മൂന്ന് അധ്യാപകരുടെ നിയമനത്തിലാണ് അഴിമതി നടത്തിയത്. ഫയലുകള്‍ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് പരാതിക്കാരില്‍ നിന്നും ഒന്നര ലക്ഷം രൂപയാണ് പ്രതികള്‍ കൈക്കൂലിയായി വാങ്ങിയത്.
by Midhun HP News | Jun 21, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഒന്നിടവിട്ട ദിവസങ്ങളില്‍ കൂടിയും കുറഞ്ഞും നില്‍ക്കുന്ന സ്വര്‍ണവില ഇന്ന് കൂടി. പവന് 200 രൂപയാണ് വര്‍ധിച്ചത്. 73,880 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് വര്‍ധിച്ചത്. 9235 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ജൂണ്‍ 13നാണ് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചത്. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. തൊട്ടടുത്ത ദിവസവും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് കണ്ടത്. 75,000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെ പിന്നിടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില ഏറിയും കുറഞ്ഞും നില്‍ക്കുന്ന കാഴ്ചയാണ് ദൃശ്യമായത്.
ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം അടക്കമുള്ള വിഷയങ്ങളാണ് ഈ ദിവസങ്ങളില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകി എത്തിയതാണ് സ്വര്‍ണവില ഉയര്‍ന്നു നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.
by Midhun HP News | Jun 21, 2025 | Latest News, കേരളം
കണ്ണൂര്‍: തനിക്കെതിരെ ആള്‍ക്കൂട്ട മര്‍ദ്ദനം ഉണ്ടായെന്ന് കണ്ണൂര്‍ കായലോട് സദാചാര വിചാരണയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത യുവതിയുടെ സുഹൃത്തിന്റെ മൊഴി. മര്‍ദ്ദിച്ചതിനും ഫോണ്‍ തട്ടിയെടുത്തതിനും യുവതിയുടെ സുഹൃത്ത് റഹീസിന്റെ പരാതിയില്‍ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മുബബിര്‍, ഫൈസല്‍, റഫ്‌നാസ്, സുനീര്‍, സഖറിയ എന്നിവരാണ് പ്രതികള്‍. തലശേരി എഎസ്പിയുടെ നേതൃത്വത്തില്‍ പിണറായി പൊലീസ് സ്റ്റേഷനിലാണ് യുവാവിന്റെ മൊഴി രേഖപ്പെടുത്തിയത്.
ഫോണ്‍ തട്ടിയെടുക്കല്‍, മര്‍ദ്ദനം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. യുവതിയുമായി കാറില്‍ സംസാരിച്ചിരിക്കെ പിടിച്ചിറക്കി മര്‍ദ്ദിച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു. ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തിയതായും മൂന്ന് മൊബൈല്‍ ഫോണുകള്‍ ബലം പ്രയോഗിച്ച് കൈക്കലാക്കിയതായും റഹീസിന്റെ മൊഴിയില്‍ പറയുന്നു. സ്‌കൂട്ടറില്‍ കയറ്റി തട്ടിക്കൊണ്ടുപോയി ഒഴിഞ്ഞ പറമ്പില്‍ വെച്ച് മര്‍ദ്ദിച്ചെന്നതാണ് കേസ്. തന്നെ മര്‍ദ്ദിച്ചത് യുവതിയോട് സംസാരിച്ചതിന്റെ വിരോധം മൂലമാണെന്നും യുവാവ് മൊഴി നല്‍കിയതായും പൊലീസ് പറയുന്നു.
യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുടുംബത്തിന്റെ ആരോപണം റഹീസ് നിഷേധിച്ചു. മൂന്നര വര്‍ഷം മുന്‍പ് യുവതിയെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടതെന്നും സാമ്പത്തിക ഇടപാടുകള്‍ ഒന്നും നടന്നിട്ടില്ലെന്നും യുവാവ് പൊലീസിന് മൊഴി നല്‍കി. യുവതിയുടെ പണവും സ്വര്‍ണവും തട്ടിയെടുത്തെന്നും അതിന്റെ പേരില്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ കുടുംബം ആരോപിച്ചത്.
യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് തലശ്ശേരി എസിപിക്ക് കുടുംബം കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. യുവതിയുടെ സുഹൃത്തിനെക്കുറിച്ചും യുവതിക്ക് ഇയാളുമായുള്ള ബന്ധത്തെക്കുറിച്ചും അന്വേഷിക്കണമന്നായിരുന്നു പരാതിയില്‍ കുടുംബം ഉന്നയിച്ചിരുന്ന ആവശ്യം.
നേരത്തെ യുവതിയുടെ സുഹൃത്തിനെ എസ്ഡിപിഐ ഓഫീസില്‍വെച്ച് വിചാരണ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഒരുകൂട്ടം ആളുകള്‍ കൂടിയിരുന്ന് യുവാവിനെ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. യുവതിക്ക് മനോവിഷമമുണ്ടെന്ന് യുവാവ് മറുപടി പറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തില്‍ യുവാവിന് മര്‍ദ്ദനമേറ്റിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ രണ്ട് പേരുടെയും കുടുംബങ്ങളെ വിളിച്ച് ചര്‍ച്ച നടത്തുകയായിരുന്നുവെന്നാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ നല്‍കുന്ന വിശദീകരണം. പ്രതികള്‍ എസ്ഡിപിഐ ഓഫീസില്‍ യുവതിയുടെ സുഹൃത്തിനെയെത്തിച്ച് അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്‌തെന്ന് പൊലീസ് പറഞ്ഞിരുന്നു.
യുവതി ആത്മഹത്യ ചെയ്തത് ആള്‍ക്കൂട്ട വിചാരണയെ തുടര്‍ന്നാണെന്നാണ് കഴിഞ്ഞദിവസം കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ പി നിധിന്‍ രാജ് പറഞ്ഞത്. ആത്മഹത്യാക്കുറിപ്പില്‍ ഇക്കാര്യം വിശദമായി പറയുന്നുണ്ടന്നും പ്രതികളുടെ പേരുകള്‍ പരാമര്‍ശിച്ചതിനെ തുടര്‍ന്നാണ് യുവാക്കളെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് കമ്മീഷണര്‍ പറഞ്ഞു.
യുവതിയുടെ സുഹൃത്തിന്റെ മൊബൈല്‍ ഫോണ്‍ പിടികൂടിയത് പ്രതികളുടെ കൈയ്യില്‍ നിന്നാണെന്നും കമ്മീഷണര്‍ പറഞ്ഞു. എസ്ഡിപിഐ പ്രവര്‍ത്തകരായ പ്രതികള്‍ പറമ്പായിയിലെ എസ്ഡിപിഐ ഓഫിസിലെത്തിച്ചു അഞ്ച് മണിക്കൂര്‍ യുവാവിനെ ചോദ്യം ചെയ്തതായും കമ്മീഷണര്‍ പറഞ്ഞു. യുവതിയുടെ മരണത്തിന് ഇടയാക്കിയ ആള്‍ക്കൂട്ട വിചാരണയില്‍ കൂടുതല്‍പ്പേര്‍ ഉണ്ടായിരുന്നോയെന്ന് അന്വേഷിച്ചു വരികയാണെന്നും സിറ്റി പൊലിസ് കമ്മിഷണര്‍ അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകരും പറമ്പായി സ്വദേശികളായ എംസി മന്‍സിലില്‍ വിസി മുബഷീര്‍, കണിയാന്റെ വളപ്പില്‍ കെഎ ഫൈസല്‍, കൂടത്താന്‍കണ്ടി ഹൗസില്‍ വി കെ റഫ്‌നാസ് എന്നിവരെയാണ് പിണറായി പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണാ കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
by Midhun HP News | Jun 21, 2025 | Latest News, കേരളം
തമിഴ്നാട് വാൽപ്പാറയിൽ പുലി പിടിച്ച ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ലയത്തിന് സമീപത്തുള്ള തേയില തോട്ടത്തിൽ നിന്നാണ് ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം വാൽപ്പാറ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ഇന്നലെ വൈകിട്ടോടെയാണ് വീടിനുള്ളിൽ കളിച്ചുകൊണ്ടിരിക്കവേ കുട്ടിയെ പുലി പിടികൂടുന്നത്. അമ്മയുടെ മുൻപിൽ വെച്ചായിരുന്നു സംഭവം. പിന്നീട് അമ്മയാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുന്നത്.
മേഖലയിൽ വ്യാപകമായ തിരച്ചിൽ വനം വകുപ്പ് നടത്തിയിരുന്നു. മഴ പെയ്തതിനാൽ തിരച്ചിൽ ദുഷ്ക്കരമായിരുന്നു. കുട്ടിയുടെ പാതി ശരീരം പുലി കടിച്ചു പറിച്ച നിലയിലാണ് കണ്ടെത്തിയത്. ഒരു കാലും മുഖവും മാത്രമാണ് മൃതദേഹത്തിൽ ഉണ്ടായിരുന്നത്. തമിഴ്നാട് മേഖലയിലെ വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
വരയൻ പുലിയാണ് കുട്ടിയെ കടിച്ചുകൊന്നതെന്നാണ് നാട്ടുകാർ പറയുന്നത്. സ്ഥലത്ത് ഇതിന് മുൻപും സമാനമായ സാഹചര്യം ഉണ്ടായിട്ടുണ്ടെന്നാണ്പരിസരവാസികൾ പറയുന്നത്. കഴിഞ്ഞ മാസമായിരുന്നു മൂന്ന് വയസുകാരിയെ പുലി കടിച്ചു കൊന്നത്. തോട്ടം തൊഴിലാളികൾ ഉൾപ്പടെയുള്ള ആളുകൾ താമസിക്കുന്ന ജനവാസ മേഖലയിലേക്ക് നിരന്തരമായി വന്യ മൃഗങ്ങളുടെ ശല്യം പതിവാണ്. ഇവരുടെ വീടുകൾക്ക് ചുറ്റുമായി യാതൊരു തരത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടില്ല. വീടുകൾക്ക് ചുറ്റുമായി ഫെൻസിങ് ഇല്ലെന്നും ആരോപണമുണ്ട് .
Recent Comments