by Midhun HP News | Jun 17, 2025 | Latest News, കേരളം
മലപ്പുറം എംഎസ്പി ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർഥി പ്രതിഷേധം. സ്കൂൾ ഗ്രൗണ്ടിൽ അധ്യാപികയുടെ കാർ വിദ്യാർത്ഥിയെ ഇടിച്ച് പരുക്കേൽപ്പിച്ചു എന്നാണ് പരാതി. ആശുപത്രിയിൽ അപകട വിവരം മറച്ചുവെച്ചു എന്നും വിദ്യാർത്ഥികൾ പറഞ്ഞു. പരുക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ എത്തിക്കാൻ കാലതാമസം ഉണ്ടായെന്ന് കുട്ടികൾ ആരോപിച്ചു.
കേസില്ലെന്ന് ഒപ്പിട്ട് കൊടുക്കണമെന്ന് അധ്യാപിക ആവശ്യപ്പെട്ടതായി വിദ്യാർഥികൾ പറയുന്നു. പരുക്കേറ്റ വിദ്യാർഥിയുടെ ഒരു ശസ്ത്രക്രിയ നടത്തിയെന്നും ഇനിയും ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് വിദ്യാർഥികൾ പറയുന്നത്. കഴിഞ്ഞ 13-ാം തീയതിയാണ് അപകടം നടക്കുന്നത്. സ്കൂളിലെ വോളിബോൾ ഗ്രൗണ്ടിന് സമീപമായിരുന്നു അപകടം നടന്നത്. 15കാരിയായ മിർസ ഫാത്തിമയ്ക്കാണ് ഗുരുതര പരുക്കേറ്റത്. വിദ്യാർഥിയുടെ രണ്ട് കാലുകൾക്കും ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്. തലയ്ക്ക് ക്ഷതവും ഏറ്റിട്ടുണ്ട്. കോയമ്പത്തൂരിലുള്ള ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി. സംഭവത്തിൽ ഇന്ന് രാവിലെ മുതലാണ് ക്ലാസിൽ കയറാതെ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. ശക്തമായ നടപടിയാണ് വിഷയത്തിൽ വേണ്ടതെന്ന് വിദ്യാർഥികൾ ആവശ്യപ്പെടുന്നത്.
by Midhun HP News | Jun 17, 2025 | Latest News, കേരളം
ആറന്മുള വിമാനത്താവള ഭൂമിയിലെ ഇന്‍ഫോ പാര്‍ക്ക് പദ്ധതിയില്‍ വ്യവസായ വകുപ്പിനും എതിര്‍ നിലപാട്. നിയമപരമല്ലാത്ത ഭൂമി തരംമാറ്റലിന് പിന്തുണ നല്‍കേണ്ടതില്ലെന്നാണ് വ്യവസായ വകുപ്പിന്റെ തീരുമാനം. പദ്ധതിയുടെ ഭൂമി തരംമാറ്റാന്‍ അനുമതി നല്‍കേണ്ടെന്ന് ശിപാര്‍ശ ചെയ്യാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി തീരുമാനിച്ചതിന് പിന്നാലെയാണ് വ്യവസായ വകുപ്പും എതിര്‍ നിലപാടിലേക്ക് എത്തുന്നത്.
ആറന്മുളയില്‍ ഇന്‍ഫോപാര്‍ക്ക് ഇന്റെഗ്രേറ്റഡ് ബിസിനസ് ടൗണ്‍ഷിപ്പ് സ്ഥാപിക്കുന്നതിനുള്ള പദ്ധതി ആറ് മാസമായി വ്യവസായ വകുപ്പിന്റെ പരിഗണനയിലുണ്ട്. ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടന്ന ആഗോള നിക്ഷേപക സംഗമത്തിലും 7000 കോടി മുതല്‍ മുടക്കും 10000 തൊഴിലവസരം സൃഷ്ടിക്കുന്നതുമായ പദ്ധതി അവതരിപ്പിക്കപ്പെട്ടിരുന്നു. നിക്ഷേപക സംഗമത്തില്‍ വന്ന സംരംഭങ്ങളെ വ്യവസായ വകുപ്പ് രണ്ടായി തരംതിരിച്ചിട്ടുണ്ട്. ഭൂമിയില്ലാത്ത പദ്ധതികളെന്നും തരംമാറ്റല്‍ ആവശ്യമായ പദ്ധതികള്‍ എന്നുമാണ് വേര്‍തിരിച്ചിരിക്കുന്നത്. വന്‍ നിക്ഷേപ പദ്ധതികള്‍ക്ക് വേണ്ടി വയല്‍ ഭൂമി നിയമപരമായി തരം മാറ്റുന്ന നടപടികള്‍ വേഗത്തിലാക്കാന്‍ സഹായിക്കുന്നതാണ് വ്യവസായ വകുപ്പിന്റെ സമീപനം.
എന്നാല്‍ നേരത്തെ തന്നെ തരംമാറ്റലിന് അനുമതി നിഷേധിച്ച ആറന്മുള ഭൂമിയില്‍ നിയമപരമായ തരം മാറ്റല്‍ സാധ്യമാകുമോയെന്ന് വകുപ്പിന് സംശയമുണ്ട്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ഇന്നലെത്തെ തീരുമാനം സംശയം ശരി വെക്കുന്നുമുണ്ട്. അതുകൊണ്ടു തന്നെ ഇന്‍ഫോപാര്‍ക്ക് പദ്ധതിക്ക് വേണ്ടി വയല്‍ഭൂമി തരംമാറ്റുന്ന നടപടിക്ക് പിന്തുണ നല്‍കാനില്ല എന്നതാണ് വ്യവസായ വകുപ്പിന്റെ നിലപാട്. കമ്പനി ചൂണ്ടിക്കാണിക്കുന്ന 139 ഹെക്ടര്‍ ഭൂമിയില്‍ 16 ഹെക്ട്ര്‍ മാത്രമാണ് കരഭൂമി. വന്‍തോതില്‍ വയല്‍ ഭൂമി നികത്തേണ്ടി വരുമെന്നതും വ്യവസായ വകുപ്പിനെ പിന്നോട്ട് വലിക്കുന്നുണ്ട്. സംരംഭകരുടെ വിശ്വാസ്യത സംബന്ധിച്ചും വകുപ്പിന് സംശയങ്ങളുണ്ട്.
ഭൂമി തരംമാറ്റലിന് അനുമതി നല്‍കേണ്ടെന്ന് ശുപാര്‍ശ ചെയ്യാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ തീരുമാനം തന്നെ ആറന്മുള ഇന്‍ഫോ പാര്‍ക്ക് പദ്ധതിക്ക് എതിരാണ്. അതിന് പിന്നാലെയാണ് വ്യവസായ വകുപ്പും എതിര്‍ നിലപാടിലേക്ക് വരുന്നത്.
by Midhun HP News | Jun 17, 2025 | Latest News, കേരളം
മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ സ്വതന്ത്രസ്ഥാനാര്‍ഥി പിവി അന്‍വര്‍. ജിഫ്രി തങ്ങളുടെ വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. യുഡിഎഫ് – ജമാ അത്തെ ഇസ്ലാമി സഖ്യവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് അന്‍വര്‍ ജിഫ്രി തങ്ങളെ കണ്ടത്. നേരത്തെ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുമായും അന്‍വര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
സമസ്ത ഇകെ വിഭാഗത്തിന് മണ്ഡലത്തിലുള്ള ശക്തമായ സ്വാധീനവും സമസ്തയ്ക്കുള്ളില്‍ വളര്‍ന്നുവരുന്ന ലീഗ് വിരുദ്ധ ചേരിയുടെ വോട്ടുമാണ് അന്‍വര്‍ ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത് എന്നാണ് വിലയിരുത്തല്‍. ഇന്ന് വൈകുന്നേരത്തെ കൊട്ടിക്കലാശം ഒഴിവാക്കി ഭവന സന്ദര്‍ശനം മാത്രമാക്കി ചുരുക്കാന്‍ തീരുമാനിച്ചതിന് ശേഷമുള്ള അന്‍വറിന്റെ ആദ്യ കൂടിക്കാഴ്ചയാണിത്. യുഡിഎഫ്- ജമാ അത്തെ സഖ്യത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സമസ്ത രംഗത്തുവന്നിരുന്നു. ജമാ അത്തെ ഇസ്ലാമി മതവിരുദ്ധമാണെന്ന സമസ്തയുടെ നിലപാടില്‍ മാറ്റമില്ലെന്നും നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.
കലാശക്കൊട്ടിനില്ലെന്ന് അന്‍വര്‍ കഴിഞ്ഞ ദിവസം തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ‘നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പ്രമേയം നമ്മള്‍ ഉയര്‍ത്തിയ വിഷയങ്ങളാണ്.ഈ വിഷയങ്ങള്‍ മുഴുവന്‍ വോട്ടര്‍മാരിലേക്കും എത്തിക്കേണ്ട ചുമതല നമ്മള്‍ ഓരോരുത്തരും ഏറ്റെടുക്കേണ്ടതുണ്ട്. സമയം അമൂല്യമായതിനാല്‍ നാളെ കലാശക്കൊട്ടിന്റെ സമയംകൂടി വീടുകള്‍ കയറി പ്രചരണം നടത്താന്‍ എല്ലാവരും ശ്രദ്ധിക്കണം. ഈ തzരഞ്ഞെടുപ്പിന്റെ ആവശ്യകതയും പ്രാധാന്യവും ഉള്‍കൊണ്ടു കൊണ്ടും പൊതു ജനങ്ങളുടെ യാത്രാ സൗകര്യം പരിഗണിച്ചും കലാശക്കൊട്ടിന്റെ സമയം നമ്മള്‍ വ്യക്തികളെ കാണാനും വീടുകള്‍ കയറാനും നമ്മുടെ വോട്ടുകള്‍ ഉറപ്പിക്കാനും വിനിയോഗിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’ – അന്‍വര്‍ പറഞ്ഞു.
കൊട്ടിക്കലാശം ഇന്ന് അവസാനിക്കുന്നതോടെ നാളെ നിശബ്ദ പ്രചാരണമാണ്. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. 23നാണ് വോട്ടെണ്ണല്‍. യുഡിഎഫ്-ജമാഅത്തെ ഇസ്ലാമി ബന്ധം ഉയര്‍ത്തിയാണ് എല്‍ഡിഎഫ് പ്രചാരണം കടുപ്പിക്കുന്നതെങ്കില്‍ സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യുഡിഎഫിന്റെ പ്രചാരണം.
by Midhun HP News | Jun 17, 2025 | Latest News, കേരളം
കോഴിക്കോട്: മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസില്‍ ഒളിവിലായിരുന്ന രണ്ട് പൊലീസുകാര്‍ പിടിയില്‍. പൊലീസ് ഡ്രൈവര്‍മാരായ ഷൈജിത്ത്, സനിത് എന്നിവരാണ് പിടിയിലായത്. താമരശ്ശേരി കോരങ്ങാട് നിന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
താമരശ്ശേരിയില്‍ ആള്‍പ്പാര്‍പ്പില്ലാത്ത ഒരു വീടിന്റെ മുകള്‍നിലയിലാണ് ഇവര്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. പെണ്‍വാണിഭ കേന്ദ്രം നടത്തിപ്പുകാരിയും കേസിലെ ഒന്നാം പ്രതിയുമായ ബിന്ദുവിന്റെ ഭര്‍ത്താവ് രാജുവിന്റെ ഉടമസ്ഥതയിലുള്ള കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലാകുന്നത്.
പുതിയ ഒളിയിടം തേടി പോകുന്നതിനിടെയാണ് പ്രതികള്‍ വലയിലായതെന്ന് പൊലീസ് സൂചിപ്പിച്ചു. നടക്കാവ് പൊലീസും സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സെക്‌സ് റാക്കറ്റ് കേന്ദ്രത്തിന്റെ നടത്തിപ്പില്‍ ഇവര്‍ക്ക് മുഖ്യപങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. നടത്തിപ്പുകാരിയുടെ കയ്യില്‍ നിന്ന് പൊലീസുകാരുടെ അക്കൗണ്ടിലേക്ക് വന്‍തോതില്‍ പണം വന്നതായി അന്വേഷണത്തില്‍ കണ്ടെത്തി.
കേസില്‍ ആകെ 12 പ്രതികളാണുള്ളത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ്, അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന സെക്‌സ് റാക്കറ്റ് പിടിയിലാകുന്നത്. വയനാട് സ്വദേശി ബിന്ദു, ഇടുക്കി സ്വദേശി അഭിരാമി, കരുവന്തിരുത്തി സ്വദേശി ഉപേഷ് ഉള്‍പ്പെടെ 9 പേരെയായിരുന്നു അന്ന് അറസ്റ്റ് ചെയ്തത്.
by Midhun HP News | Jun 17, 2025 | Latest News, കേരളം
മരണക്കെണികൾ മൂലം മരിച്ചത് 24 പേർ. അനധികൃത വൈദ്യുത വേലികളിൽ തട്ടി കേരളത്തിൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മരിച്ചവരുടെ എണ്ണമാണിത്. മുൻവർഷത്തെക്കാൾ അനധികൃ വൈദ്യുതി വേലി കാരണമുള്ള മരണനിരക്ക് ഈ വർഷം വർദ്ധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. മുൻവർഷം 16 പേരാണ് നിയമവിരുദ്ധമായി നിർമ്മിച്ച വേലികാരണം മരണമടഞ്ഞത്,
കഴിഞ്ഞ വർഷം (2024) ഏപ്രിൽ മുതൽ ഈ വർഷം (2025) മാർച്ച് വരെ ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത് പാലക്കാടാണ്. 10 പേരാണ് ഇവിടെ അനധികൃത വൈദ്യുതിവേലി കാരണം മരണമടഞ്ഞത്, തൃശൂർ അഞ്ച് , മലപ്പുറം മൂന്ന്. പത്തനംതിട്ടയിൽ രണ്ട് പേരും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോരുത്തരും ഇങ്ങനെയുണ്ടായ അപകടത്തിൽ മരിച്ചതായി സംസ്ഥാന ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം, വൈദ്യുതി അപകടങ്ങൾ മൂലം ആകെ 241പേർ ഈ കാലയളവിൽ മരിച്ചു, മുൻ വർഷത്തേക്കാൾ മരണനിരക്ക് ഗണ്യമായി വർദ്ധിച്ചു. കഴിഞ്ഞവർഷം 205 പേരാണ് ഇങ്ങനെ മരണമടഞ്ഞത്. മാരകമല്ലാത്ത പരിക്കുകൾ സംഭവിച്ചവരുടെ എണ്ണം 109 ൽ നിന്ന് 140 ആയി ഉയർന്നു.
വന്യജീവി ആക്രമണങ്ങളിൽ നിന്ന് കൃഷിയിടത്തെ രക്ഷിക്കാനായി കർഷകർ സ്ഥാപിച്ച അനധികൃത വേലികളായിരുന്നു ഇവയിൽ ഏറിയ പങ്കും. ശാസ്ത്രീയവും സുരക്ഷിതവും നിയമപരവുമായ വൈദ്യുതി വേലികൾ സ്ഥാപിച്ചിരുന്നെങ്കിൽ ആളപായങ്ങൾ ഒഴിവാക്കാമായിരുന്നെന്ന് സംസ്ഥാനത്തെ ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ വിനോദ് ജി പറഞ്ഞു. പതിനായിരം രൂപ മുടക്കി ഐ.എസ്.ഐ അംഗീകാരമുള്ള ‘ഫെൻസ് എനർജൈസർ’ എന്നൊരു ഉപകരണം ഘടിപ്പിച്ചാൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകും. ആളപായവുമുണ്ടാകില്ല, മൃഗശല്യവും തടയാൻ കഴിയും. .
നിയമപ്രകാരം വൈദ്യുതവേലികൾക്ക് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ മുൻകൂർ അനുമതി നിർബന്ധമാണ്. ഫെൻസ് എനർജൈസർ വൈദ്യുതിയെ അതിന്റെ തുടർച്ച മുറിച്ച് ഉയർന്ന വോൾട്ടേജിലുള്ള പൾസുകളായാണ് വേലിയിൽ കൂടി കടത്തിവിടുക. തുടർച്ചയായി വൈദ്യുതി പ്രവഹിക്കുന്ന വേലിയുമായി സ്പർശനം ഉണ്ടായാൽ അത് മരണകാരണമാകും. എന്നാൽ പൾസുകളായി ഇടവിട്ട് വൈദ്യുതി പ്രവഹിക്കുമ്പോൾ വേലിയിൽ പിടിച്ചാൽ ശക്തിയായൊരു തട്ട് കിട്ടിയത് പോലെ തെറിച്ച് മാറുകയാവും സംഭവിക്കുക.അതിനാൽ മൃഗശല്യം തടയാനും കഴിയും.
അനധികൃത വേലികളുടെ പ്രശ്നം അടുത്തിടെ ഉന്നതതല സമിതി ചർച്ച ചെയ്തിരുന്നുവെന്ന് വിനോദ് പറഞ്ഞു. “അതിന്റെ അടിസ്ഥാനത്തിൽ, അനധികൃത വേലികൾ കണ്ടെത്തുന്നതിനും തടയുന്നതിനുമായി സൂക്ഷ്മതല-സമിതികൾ രൂപീകരിക്കാൻ ഇലക്ട്രിക്കൽ ഇൻസ്പകടറേറ്റ് സർക്കാരിനോട് ശുപാർശ ചെയ്യും. വനപ്രദേശങ്ങളിൽ വൈദ്യുതി വിതരണത്തിനായി ഇൻസുലേറ്റഡ് കേബിളുകൾ ഉപയോഗിക്കുന്നതിനും പ്രേരിപ്പിക്കും. കെഎസ്‌ഇബി ലൈനുകളിൽ നിന്ന് ആളുകൾ നേരിട്ട് വേലികളിൽ വൈദ്യുതി ഉപയോഗിക്കുന്നത് തടയുന്നതിനാണിത്,” അദ്ദേഹം പറഞ്ഞു.
കാട്ടുപന്നികളെ കുടുക്കാൻ സാമൂഹിക വിരുദ്ധർ വൈദ്യുതി വേലികൾ ഉപയോഗിക്കുന്നത് ആശങ്കയ്ക്ക് മറ്റൊരു കാരണമാണെന്ന് അദ്ദേഹം പറഞ്ഞു. “ഇത്തരം സംഘങ്ങൾ മാംസക്കച്ചവടത്തിനായി മൃഗങ്ങളെ കുടുക്കുന്നു. കെഎസ്ഇബി ലൈനുമായി നേരിട്ട് വേലി ബന്ധിപ്പിക്കും. ഇതറിയാത്ത ഭൂവുടമകളോ വഴിയാത്രക്കാരോ ആയിരിക്കും ഇവിടെ അപകടത്തിന് ഇരായവുക,” വിനോദ് പറഞ്ഞു.
അനധികൃത വേലികൾ കൂടുതലും വിദൂര വന അതിർത്തികളിലാണ് സ്ഥാപിച്ചിരിക്കുന്നത്, ഇത് നിരീക്ഷണം ബുദ്ധിമുട്ടാക്കുന്നുവെന്ന് പാലക്കാട് ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ സുജേഷ് പി. ഗോപി പറഞ്ഞു.
“അവർ സ്ഥാപിച്ച വേലിയിൽ തട്ടി ആളുകൾ മരിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വൈകുന്നേരങ്ങളിൽ ആളുകൾ വേലിയിൽ ചാർജ്ജ് ചെയ്യുന്നു, ചിലപ്പോൾ രാവിലെ കണക്ഷൻ വിച്ഛേദിക്കാൻ അവർ മറക്കും,” അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത്, 2024-25 ൽ വൈദ്യുതിയുമായി ബന്ധപ്പെട്ട് ആകെ 455 അപകടങ്ങൾ ഉണ്ടായി, കഴിഞ്ഞ വർഷം 362 അപകടങ്ങളാണ് സംഭവിച്ചത്. ഇതുമായി ബന്ധപ്പെട്ട് സംഭവിച്ച മരണങ്ങളിൽ ഇരുപത് ശതമാനത്തോളം തടയാവുന്നതായിരുന്നു. കാരണം ഇവ സംഭവിച്ചത് രണ്ട് കാരണങ്ങളാലായിരുന്നു. – നിയമവിരുദ്ധമായ വൈദ്യുതി വേലികളും വൈദ്യുതി ലൈനുകൾക്ക് സമീപം ഇരുമ്പ് കമ്പി/ഗോവണി ഉപയോഗവും. ഇരുമ്പ് കമ്പി/ഗോവണി ഉപയോഗത്തിലൂടെ മരിച്ചവരുടെ എണ്ണം കഴിഞ്ഞ വർഷത്തേതിനേക്കാൾ ഇരട്ടിയായി. മുൻ വർഷം ഇങ്ങനെ മരിച്ചത് 11 പേരായിരുന്നുവെങ്കിൽ കഴിഞ്ഞ വർഷം മരണസംഖ്യ 22 ആയി ഉയർന്നു.
തുടർച്ചയായ അഞ്ചാം വർഷവും പാലക്കാട് ആണ് ഏറ്റവും കൂടുതൽ വൈദ്യുത അപകടങ്ങളും മരണവും റിപ്പോർട്ട് ചെയ്തത്, 59 അപകടങ്ങളും 32 മരണവും . 53 കേസുകൾ റിപ്പോർട്ട് ചെയ്ത തൃശൂരാണ് പാലക്കാട് കഴിഞ്ഞാൽ കൂടുതൽ വൈദ്യുതി അപകടങ്ങൾ സംഭവിച്ച ജില്ല. 31 സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത കൊല്ലമാണ്. പാലക്കാട് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മരണം നടന്ന ജില്ല.
by Midhun HP News | Jun 17, 2025 | Latest News, കേരളം
ആലപ്പുഴ: അര്‍ത്തുങ്കല്‍ ഫിഷറീസ് ഹാര്‍ബറിനു സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. അറബിക്കടലില്‍ തീപിടിച്ച വാന്‍ ഹായ് 503( Wan Hai 503)കപ്പലില്‍ നിന്ന് കാണാതായ നാവികന്റേതാകാം മൃതദേഹം എന്നാണു സംശയിക്കുന്നത്. കാണാതായ യമന്‍ പൗരന്റേതാണോ മൃതദേഹം എന്നും സംശയമുണ്ട്. രാവിലെ ആറരയോടെയാണ് മൃതദേഹം തീരത്തടിഞ്ഞത്.
മൃതദേഹം മലയാളിയുടേതല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അര്‍ത്തുങ്കല്‍ പൊലീസ് കോസ്റ്റല്‍ പൊലീസിനെ വിവരം അറിയിച്ചു. അടിവസ്ത്രം മാത്രമാണ് ധരിച്ചിരിക്കുന്നത്. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജിലേക്കു മാറ്റാനുള്ള നടപടി തുടങ്ങി. അതേസമയം, വാന്‍ ഹായ് കപ്പലില്‍ നിന്ന് ആലപ്പുഴ തീരത്ത് അടിഞ്ഞ കണ്ടെയ്നര്‍ കൊല്ലം പോര്‍ട്ടിലേക്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം അറപ്പപ്പൊഴിയില്‍ കണ്ടെത്തിയ ലൈഫ് ബോട്ടും കൊല്ലം പോര്‍ട്ടിലേക്ക് മാറ്റും. വാന്‍ ഹായ് കപ്പലിലെ കണ്ടെയ്നര്‍ നീക്കുന്ന ചുമതലയുള്ള സാല്‍വേജ് കമ്പനി റോഡ് മാര്‍ഗമാകും കണ്ടെയ്നര്‍ കൊല്ലത്ത് എത്തിക്കുക. കണ്ടെയ്നര്‍ കണ്ടെത്തിയ സ്ഥലത്തെ കടല്‍വെള്ളം മലിനീകരണ നിയന്ത്രണ വകുപ്പ് പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
Recent Comments