യാത്രയ്ക്കു മുൻപ് അന്വേഷിക്കണം; കണ്ണൂരിൽ നിന്നുള്ള ദുബായ്, ഷാർജ വിമാനങ്ങൾ റദ്ദാക്കി

യാത്രയ്ക്കു മുൻപ് അന്വേഷിക്കണം; കണ്ണൂരിൽ നിന്നുള്ള ദുബായ്, ഷാർജ വിമാനങ്ങൾ റദ്ദാക്കി

കണ്ണൂർ: വ്യോമപാതകൾ അടച്ചതുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ കാരണം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ചില വിമാനങ്ങൾ റദ്ദാക്കിയതായി എയർപോർട്ട് അധികൃതർ അറിയിച്ചു. കണ്ണൂരിൽ നിന്ന് ദുബായ്, ഷാർജ എന്നിവിടങ്ങളിലേക്കുള്ള രണ്ട് സർവീസുകളാണ് ഇന്ന് റദ്ദാക്കിയത്. യാത്ര ചെയ്യുന്നവർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അതത് വിമാന കമ്പനികളുമായി ബന്ധപ്പെട്ട് സർവീസുകളുടെ സ്ഥിതി അന്വേഷിക്കണമെന്ന് വിമാനത്താവള അധികൃതർ സോഷ്യൽ മീഡിയയിലൂടെ നൽകിയ അറിയിപ്പിൽ പറയുന്നു.

ഇസ്രയേൽ- ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങൾ വ്യോമപാത താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാൻ വ്യോമപാതയിൽ നേരത്തെ തന്നെ വിലക്കുണ്ട്. ഈ സാഹചര്യത്തിൽ പല വിമാനങ്ങളും ഒമാൻ വ്യോമപാതയാണ് ഉപയോഗിക്കുന്നത്. ഈ വ്യോമപാതയിൽ തിരക്കേറിയതോടെയാണ് സർവീസുകൾ വെട്ടിക്കുറയ്ക്കാൻ കമ്പനികൾ നിർബന്ധിതമായത്. ഗൾഫിലെ വേനൽ അവധി കൂടിയായതിനാൽ നാട്ടിലേക്ക് വരാൻ കാത്തിരുന്ന പ്രവാസികളെയും ഈ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്.

14 കൊല്ലത്തിന് ശേഷം അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ വില കൂട്ടുന്നു

14 കൊല്ലത്തിന് ശേഷം അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ വില കൂട്ടുന്നു

ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് വഴിപാട് പ്രസാദമായി നല്‍കുന്ന പാല്‍പ്പായസത്തിന്റെ വില വര്‍ധിപ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് (ടിഡിബി) തീരുമാനിച്ചു. ഓഗസ്റ്റ് മാസത്തോടെ വില ലിറ്ററിന് 160 രൂപയില്‍ നിന്ന് 260 രൂപയായി ഉയര്‍ത്തും. ദിവസവും തയ്യാറാക്കുന്ന പാല്‍പ്പായസത്തിന്റെ അളവു വര്‍ധിപ്പിക്കാനും തീരുമാനമുണ്ട്. നിലവില്‍, എല്ലാ ദിവസവും 225 ലിറ്റര്‍ തയ്യാറാക്കുന്നുണ്ട്. ഇത് വ്യാഴം, ഞായര്‍, മറ്റ് വിശേഷ ദിവസങ്ങളില്‍ 350 ലിറ്ററായും മറ്റ് ദിവസങ്ങളില്‍ 300 ലിറ്ററായും വര്‍ധിപ്പിക്കും. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാല്‍പ്പായസത്തിന്റെ വില വര്‍ധിപ്പിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

വില വര്‍ധിപ്പിക്കുന്നാനുള്ള തീരുമാനം ദേവസ്വം ബോര്‍ഡിന്റേതാണ്. പായസത്തിനു ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്. പവിത്രത നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ഹൈക്കോടതി നിര്‍ദ്ദേശമനുസരിച്ചാണ് ഉത്പാദനം നിയന്ത്രിക്കുന്നതെന്ന് ക്ഷേത്രത്തിലെ കോയ്മസ്ഥാനി വിജെ ശ്രീകുമാര്‍ പറയുന്നു.

ടിഡിബിയും ഹൈക്കോടതിയും തയ്യാറാക്കിയ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പാല്‍പ്പായസം ഭക്തര്‍ക്ക് വിതരണം ചെയ്യുന്നത്. ദിവസവും തയ്യാറാക്കുന്ന 225 ലിറ്ററില്‍ 70 ലിറ്റര്‍ ഒരു ലിറ്റര്‍ പാത്രങ്ങളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന ഭക്തര്‍ക്ക് വിതരണം ചെയ്യുന്നു. മറ്റൊരു 70 ലിറ്റര്‍ പ്രസാദം ഇതേ അളവില്‍ സ്‌പോട്ട്-ബുക്കിങ് അടിസ്ഥാനത്തില്‍ ദിവസവും നല്‍കുന്നു. ഒരാള്‍ക്ക് ഒരു ലിറ്റര്‍ പായസമാണ് പരമാവധി വാങ്ങാന്‍ സാധിക്കുക. പൂജകള്‍ക്ക് ശേഷം എല്ലാ ദിവസവും രാവിലെ 11 മണി മുതലാണ് പായസം വിതരണം ചെയ്യുന്നത്.

പ്രസാദ വിതരണത്തിനായി ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം ഒരുക്കാന്‍ ടിഡിബി പദ്ധതിയിടുന്നുണ്ട്. ഇതിനായി ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിക്കാന്‍ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആപ്പ് അവതരിപ്പിച്ചതിനു ശേഷം ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവര്‍ക്കായി 90 ലിറ്റര്‍ ലഭ്യമാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പായസത്തിന്റെ അളവു കൂട്ടുമ്പോള്‍ അതു തയ്യാറാക്കാനായി വലിയ വാര്‍പ്പ് പാത്രം നിര്‍മിക്കാനുള്ള നടപടികളും ബോര്‍ഡ് ആരംഭിച്ചിട്ടുണ്ട്. 350 ലിറ്റര്‍ പായസം തയ്യാറാക്കാന്‍ ഏകദേശം 1,200 ലിറ്റര്‍ പാത്രം ആവശ്യമാണ്. പാത്രം നിര്‍മിക്കാനുള്ള ടെന്‍ഡര്‍ ഉടന്‍ വിളിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

അമ്പലപ്പുഴ പാല്‍പ്പായസമെന്ന പേരില്‍ വ്യാജ പ്രസാദങ്ങള്‍ വ്യാപകമാണ്. ആളുകള്‍ കബളിപ്പിക്കപ്പെടാതിരിക്കാന്‍ ബോര്‍ഡ് സുരക്ഷാ നടപടികള്‍ സ്വീകരിക്കും. കണ്ടെയ്‌നറുകളില്‍ ഒരു ഹോളോഗ്രാം ഒട്ടിക്കുന്നത് ഉള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങളാണ് കൊണ്ടു വരുന്നത്.

അതി മധുരം വന്ന വഴി

അമ്പലപ്പുഴ പാലപ്പായസത്തിന്റെ ഐതിഹ്യം ചെമ്പകശ്ശേരി ഭരണാധികാരിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ചമ്പക്കുളം, നെടുമുടി, തകഴി, തലവടി, അമ്പലപ്പുഴ, ആലപ്പുഴ എന്നിവയുള്‍പ്പെടെ എട്ട് കരകളുടെ അധിപനായിരുന്നു അദ്ദേഹം. രാജാവ് തന്റെ സാമ്രാജ്യത്തിലുടനീളം കളരികള്‍ സ്ഥാപിച്ചു. കളരികള്‍ അദ്ദേഹം ഇടയ്ക്കിടെ സന്ദര്‍ശിക്കാറുണ്ട്. തലവടിയിലെ കളരിയില്‍ അത്തരമൊരു സന്ദര്‍ശന വേളയില്‍ രാജാവ് ഒരു പ്രാദേശിക ബ്രാഹ്മണ ഭൂവുടമയുമായി ചതുരം?ഗം കളിച്ചു.

ആ സമയത്ത് വെട്ടുകിളിയുടെ ആക്രമണം കാരണം രാജാവിന് നെല്‍വിത്തിന് ക്ഷാമം നേരിടേണ്ടി വന്നു. വിളവെടുപ്പിനു ശേഷം അത് തിരികെ നല്‍കാമെന്ന് സമ്മതിച്ചുകൊണ്ട് 5,000 പറ വിത്തുകള്‍ അദ്ദേഹം ഭൂവുടമയോട് ആവശ്യപ്പെട്ടു. വിത്തുകള്‍ പലിശ സഹിതം തിരികെ നല്‍കുമെന്ന വ്യവസ്ഥയില്‍ ബ്രാഹ്മണന്‍ അഭ്യര്‍ഥന പാലിക്കാന്‍ സമ്മതിച്ചു. രാജാവ് തന്റെ മന്ത്രിയോട് വിത്തുകള്‍ തിരികെ നല്‍കുന്നുവെന്ന് ഉറപ്പാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

എന്നാല്‍, മന്ത്രി ആ ഉത്തരവ് മനഃപൂര്‍വം അവഗണിച്ചു. വളരെക്കാലത്തിനു ശേഷം ബ്രാഹ്മണന്‍ രാജാവിനെ കാണാനും വിത്തുകള്‍ തിരികെ നല്‍കണമെന്ന് ആവശ്യപ്പെടാനും അമ്പലപ്പുഴയില്‍ എത്തി. അപ്പോഴാണ് രാജാവിന് തന്റെ മന്ത്രി തന്നെ വഞ്ചിച്ചതായി മനസിലായത്. പലിശ സഹിതം തിരികെ നല്‍കേണ്ട വിത്തുകളുടെ അളവ് അപ്പോഴേക്കും 36,000 പറയായി മാറിയിരുന്നു.

കോപാകുലനായ രാജാവ് തന്റെ മന്ത്രിയെ വിളിച്ചുവരുത്തി വിത്തുകള്‍ തിരികെ നല്‍കുന്നതിനുള്ള ക്രമീകരണം നടത്താന്‍ ഉത്തരവിട്ടു. ഉടന്‍ തന്നെ, മന്ത്രി പ്രാദേശിക പ്രഭുക്കന്മാരോട് രാജ്യത്തെ എല്ലാ കരകളില്‍ നിന്നും വിത്തുകള്‍ ശേഖരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ദൂതന്‍മാരെ അയച്ചു. ശേഖരിച്ച വിത്തുകള്‍ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ കൂട്ടിയിട്ടു.

അപമാനിതനായ മന്ത്രി ബ്രാഹ്മണനോട് ഉച്ച പൂജയ്ക്ക് മുന്‍പ് പങ്ക് എടുക്കാന്‍ ഉത്തരവിട്ടു. പക്ഷേ ചരക്ക് നീക്കാന്‍ ഒരു സഹായവും നല്‍കരുതെന്ന് തൊഴിലാളികളോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. നിസഹായനായ ബ്രാഹ്മണന്‍ മുഴുവന്‍ വിത്തുകളും ക്ഷേത്രത്തിലേക്ക് സമര്‍പ്പിച്ചു. അദ്ദേഹം മൂന്ന് കൈപ്പിടി എടുത്ത് ശ്രീകോവിലില്‍ സമര്‍പ്പിച്ചു. തന്റെ കൈവശമുള്ള 36,000 പറ നെല്ല് ഉപയോഗിച്ച് ദേവന് പാല്‍പ്പായസം നിവേദ്യമായി സമര്‍പ്പിക്കാമെന്നു ക്ഷേത്ര അധികാരികള്‍ പ്രതിജ്ഞ ചെയ്യണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടു വച്ചു. തുടര്‍ന്ന് രാജാവ്, ദേവനും ഭക്തര്‍ക്കും പ്രായശ്ചിത്തമായി പാല്‍പ്പായസം അര്‍പ്പിക്കാന്‍ ഉത്തരവിട്ടു- അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ കോയ്മസ്ഥാനി വിജെ ശ്രീകുമാര്‍ വിവരിച്ചു.

തയ്യാറാക്കുന്ന വിധം

പ്രധാന ചേരുവകള്‍: വെള്ളം, പാല്‍, പഞ്ചസാര

150 ലിറ്റര്‍ പായസം തയ്യാറാക്കാന്‍ ആവശ്യമായ ചേരുവകളുടെ അളവ്

വെള്ളം: 600 ലിറ്റര്‍

അരി: 12.65 ലിറ്റര്‍ (ഒരു ലിറ്റര്‍ 750 ഗ്രാം)

പഞ്ചസാര: 33.2 കിലോഗ്രാം

150 ലിറ്റര്‍ പായസം തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന 600 ലിറ്റര്‍ വെള്ളത്തില്‍ പകുതി ക്ഷേത്രത്തിലെ ‘മണിക്കിണറില്‍’ നിന്നും ബാക്കി പകുതി പായസപ്പുരയ്ക്കടുത്തുള്ള കിണറ്റില്‍ നിന്നുമാണ് എടുക്കുന്നത്. ശ്രീകോവില്‍ തുറക്കുമ്പോള്‍ പുലര്‍ച്ചെ 4 മണിക്ക് വെള്ളം തിളപ്പിക്കാന്‍ തുടങ്ങും. രാവിലെ 7 മണിയോടെ 300 ലിറ്ററായി വെള്ളം തിളപ്പിച്ച് കുറയ്ക്കുന്നു. തുടര്‍ന്ന് 150 ലിറ്റര്‍ പാലും പഞ്ചസാരയും വെള്ളത്തിലേക്ക് ഒഴിക്കുന്നു. ഇവ വീണ്ടും ചൂടാക്കി യഥാര്‍ത്ഥ അളവിന്റെ മൂന്നിലൊന്നായി കുറയ്ക്കുന്നു. രാവിലെ 11 മണിയോടെ അരി (ഒണക്കലരി) പാലില്‍ ഒഴിക്കുന്നു. 11.30 ഓടെ പയസം തയ്യാറാകും.

പോളിങ് ബൂത്തില്‍ മൊബൈല്‍ ഫോണിന് വിലക്ക്

പോളിങ് ബൂത്തില്‍ മൊബൈല്‍ ഫോണിന് വിലക്ക്

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ പരസ്യ പ്രചാരണം അവസാനിച്ച ഉടന്‍ പ്രചാരണത്തിനായി പുറത്ത് നിന്നെത്തിയ മുഴുവന്‍ രാഷ്ട്രീയ പ്രവര്‍ത്തകരും നേതാക്കളും മണ്ഡലം വിട്ടു പോകണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 126(1) പ്രകാരം വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പരസ്യ പ്രചാരണം അവസാനിപ്പിക്കണം.

പ്രചാരണ സമയം അവസാനിക്കുന്നതോടെ നിയമവിരുദ്ധമായ സംഘംചേരല്‍, പൊതുയോഗങ്ങള്‍ സംഘടിപ്പിക്കല്‍, മൈക്ക് അനൗണ്‍സ്‌മെന്റ്, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് സംബന്ധിയായ കാര്യങ്ങളുടെ പ്രദര്‍ശനം, സംഗീത പരിപാടികളോ മറ്റു വിനോദ പരിപാടികളോ സംഘടിപ്പിച്ച് പ്രചാരണം നടത്തല്‍ എന്നിവയ്ക്ക് വിലക്കുണ്ട്. പോളിങ് ബൂത്തുകളില്‍ മൊബൈല്‍ഫോണിനും വിലക്കുണ്ട്.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തുന്നവര്‍ പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണുമായി പ്രവേശിക്കുന്നത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കിയിട്ടുണ്ട്. അതിനാല്‍ വോട്ടര്‍മാര്‍ ബൂത്തുകളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.

വോട്ടെടുപ്പ്, വോട്ടെണ്ണല്‍ എന്നിവയുടെ സുഗമമായ നടത്തിപ്പിന്റെ ഭാഗമായി മണ്ഡലത്തിലും പരിസരപ്രദേശങ്ങളിലും പിഡബ്ല്യുഡി, ജല അതോറിറ്റി, കെഎസ്ഇബി എന്നീ വകുപ്പുകള്‍ നിര്‍മാണ പ്രവൃത്തികളുടെ ഭാഗമായി റോഡില്‍ കുഴികള്‍ എടുക്കുന്നത് ജൂണ്‍ 23 ന് വോട്ടെണ്ണല്‍ കഴിയുന്നത് വരെ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ, എന്നിവര്‍ക്ക് പുറമെ പി വി അന്‍വര്‍ കൂടി മത്സരരംഗത്തുണ്ട്.

മഴ തുടരും, തീവ്രത കുറയും; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, കാറ്റിന് സാധ്യത

മഴ തുടരും, തീവ്രത കുറയും; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, കാറ്റിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ കുറയുമെന്ന് കേന്ദ്രകാലവസ്ഥ വകുപ്പ്. മറ്റന്നാള്‍ വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. എവിടെയും റെഡ് അലര്‍ട്ടില്ല.

അതേസമയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ചൊവ്വാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അല‍ർട്ട്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം

കേരള തീരത്ത് ഇന്ന് രാത്രി 08.30 വരെ 3.2 മുതല്‍ 4.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. താഴെ പറയുന്ന പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രത ആവശ്യമാണ്.

റെഡ് അലര്‍ട്ട്

തിരുവനന്തപുരം: കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ

കൊല്ലം: ആലപ്പാട് മുതല്‍ ഇടവ വരെ

ആലപ്പുഴ: ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ

എറണാകുളം: മുനമ്പം FH മുതല്‍ മറുവക്കാട് വരെ

തൃശൂര്‍: ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ

മലപ്പുറം: കടലുണ്ടിനഗരം മുതല്‍ പാലപ്പെട്ടി വരെ

കോഴിക്കോട്: ചോമ്പാല FH മുതല്‍ രാമനാട്ടുകര വരെ

കണ്ണൂര്‍: വളപട്ടണം മുതല്‍ ന്യൂമാഹി വരെ

കാസറഗോഡ്: കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെ

കന്യാകുമാരി ജില്ലയിലെ നീരോടി മുതല്‍ ആരോക്യപുരം വരെയുള്ള തീരങ്ങളില്‍ (ഓറഞ്ച് അലര്‍ട്ട്) 17/06/2025 വൈകുന്നേരം 05.30 വരെ 3.2 മുതല്‍ 3.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

കർഷക സംഘം ആറ്റിങ്ങൽ ഈസ്റ്റ് വില്ലേജ് സമ്മേളനം

കർഷക സംഘം ആറ്റിങ്ങൽ ഈസ്റ്റ് വില്ലേജ് സമ്മേളനം

ആറ്റിങ്ങൽ: അവനവഞ്ചേരി പോസ്റ്റ് ഓഫീസിനായി ഏറ്റെടുത്തിരിക്കുന്ന സ്ഥലം വർഷങ്ങളായി കാട് കയറിയ നിലയിലാണ്. കാട്ടുപന്നികളുടെ ആവാസകേന്ദ്രമാറിയ ഈ ഭൂമി ഉടൻ വൃത്തിയാക്കണമെന്ന് കർഷകസംഘം ആറ്റിങ്ങൽ ഈസ്റ്റ് വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ.എസ് ലെനിൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡൻ്റ് ടി.ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. സി.പി.എം ആറ്റിങ്ങൽ ഏരിയ സെക്രട്ടറി എം.പ്രദീപ്, സ്വാഗതസംഘം ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി, സി.ദേവരാജൻ, എസ്.സിന്ധു, സി.ചന്ദ്രബോസ്, കെ.രാധാകൃഷ്ണ കുറുപ്പ് തുടങ്ങിയവർ സംസാരിച്ചു. സമ്മേളന പ്രതിനിധികൾക്ക് ഏത്തവാഴ തൈകൾ വിതരണം ചെയ്തു. ഭാരവാഹികളായി ടി ദിലീപ് കുമാർ (പ്രസിഡൻറ്) രാധാകൃഷ്ണൻ നായർ, കോമളകുമാരി, ഭാസി (വൈസ് പ്രസിഡൻ്റ്) കെ രാധാകൃഷ്ണൻ കുറുപ്പ്(സെക്രട്ടറി) എസ്. കൃഷ്ണദാസ്, ശ്യാമള അമ്മ ( ജോ: സെക്രട്ടറി) എം. താഹിർ(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

ക്ഷേമപെന്‍ഷന്‍ വിതരണം വെള്ളിയാഴ്ച മുതല്‍

ക്ഷേമപെന്‍ഷന്‍ വിതരണം വെള്ളിയാഴ്ച മുതല്‍

തിരുവനന്തപുരം: ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ (welfare pension) ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 1600 രൂപയാണ് പെന്‍ഷനായി ലഭിക്കുക. ഈ സര്‍ക്കാരിന്റെ നാല് വര്‍ഷ കാലയളവില്‍ 38,500 കോടി രൂപയാണ് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നല്‍കാനായി ആകെ ചെലവഴിച്ചതെന്നും മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

2016-21 ലെ ഒന്നാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് യുഡിഎഫ് ഭരണകാലത്തെ 18 മാസത്തെ കുടിശ്ശികയുള്‍പ്പെടെ 35,154 കോടി രൂപയാണ് ക്ഷേമപെന്‍ഷനായി വിതരണം ചെയ്തത്. അതായത്, ഒന്‍പത് വര്‍ഷം കൊണ്ട് ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ ക്ഷേമപെന്‍ഷനായി നല്‍കിയത് 73,654 കോടി രൂപയാണ്.

2011-16 ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ക്ഷേമ പെന്‍ഷനായി ആകെ നല്‍കിയ തുക 9,011 കോടി രൂപയാണെന്നും കെ എന്‍ ബാലഗോപാല്‍ ഓര്‍മ്മിപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ കേരളത്തിനുമേല്‍ ഏര്‍പ്പെടുത്തിയ കടുത്ത സാമ്പത്തിക ഉപരോധത്തിലും സാധാരണക്കാരുടെ ക്ഷേമ കാര്യങ്ങളില്‍ അതീവ ശ്രദ്ധയോടെയുള്ള സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.