by Midhun HP News | Jun 16, 2025 | Latest News, കേരളം
കൊച്ചി: അറബിക്കടലില്‍ കേരള തീരത്തിന് സമീപം തീപിടിച്ച വാന്‍ ഹായ് 503 കപ്പലില്‍ നിന്ന് പതിച്ച കണ്ടെയ്‌നറുകള്‍ ഇന്നുമുതല്‍ തീരത്തടിഞ്ഞു തുടങ്ങും. ഇന്ന് മുതല്‍ മുതല്‍ ബുധനാഴ്ച വരെയുള്ള ദിവസങ്ങളില്‍ കണ്ടെയ്നറുകള്‍ തീരത്തടിയാന്‍ സാധ്യതയുണ്ടെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.
എറണാകുളം ജില്ലയുടെ തെക്ക് ഭാഗത്തും ആലപ്പുഴ,കൊല്ലം തീരങ്ങളിലുമാണ് കണ്ടെയ്‌നറുകള്‍ അടിയാനാണ് സാധ്യത. കണ്ടെയ്‌നറുകള്‍ കണ്ടെത്തിയാല്‍ 200 മീറ്റര്‍ ദൂരം അകലം പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോസ്റ്റ് ഗാര്‍ഡ്, ഐടിഒപിഎഫ് എന്നിവയുടെ വിലയിരുത്തല്‍ പ്രകാരമാണ് കണ്ടെയ്നറുകള്‍ എത്താനിടയുള്ള തീരങ്ങള്‍ വിലയിരുത്തിയത്.
കണ്ടെയ്നറുകള്‍ തീരത്ത് എത്തുമെന്ന മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കപ്പലില്‍ നിന്ന് വീണത് എന്ന് സംശയിക്കുന്നതായ ഒരു വസ്തുവും കടല്‍ തീരത്ത് കണ്ടാല്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കരുത് എന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇത്തരം വസ്തുക്കളില്‍ നിന്നും 200 മീറ്റര്‍ എങ്കിലും അകലം പാലിച്ച് മാത്രം നില്‍ക്കുക. ഇത്തരം വസ്തുക്കള്‍ കാണുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ 112 ല്‍ വിളിച്ച് അറിയിക്കണം എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
കപ്പല്‍ നിലവില്‍ കരയില്‍നിന്ന് 45 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് ഉള്‍ക്കടലിലാണുള്ളത്. കപ്പല്‍ സുരക്ഷിതമായ സ്ഥിതിയിലാണെങ്കിലും കാണാതായ നാലു പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ജൂണ്‍ ഒമ്പതിനായിരുന്നു കണ്ണൂര്‍ അഴിക്കല്‍ തീരത്തു നിന്ന് 44 നോട്ടിക്കല്‍ മൈല്‍ അകലെയായി കപ്പലിന് തീ പിടിച്ചത്. പിന്നീട് കേരള തീരത്തേക്ക് ഒഴുകി നീങ്ങിയ കപ്പലിനെ പുറം കടലിലേക്ക് വലിച്ച് നീക്കിയിരുന്നു.
by Midhun HP News | Jun 16, 2025 | Latest News, കേരളം
സംസ്ഥാനത്ത് സ്കൂളുകളിലെ സമയ മാറ്റം ഇന്നു മുതല്‍ പ്രാബല്യത്തിൽ വരും. എട്ട് മുതല്‍ പത്താം ക്ലാസുകളിലാണ് പഠന സമയം ഇതോടെ അര മണിക്കൂര്‍ വർദ്ധിക്കുന്നത്. രാവിലെ 15 മിനിറ്റും ഉച്ചയ്ക്ക് ശേഷം 15 മിനിറ്റുമാണ് വര്‍ധിക്കുന്നത്. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ഈ സമയമാറ്റം ഉണ്ടാകും.
ഈ തീരുമാനത്തെ ഇസ്ലാമിക സംഘടനയായ സമസ്ത എതിർത്തിരുന്നു. പുതിയ തീരുമാനം മത പഠനത്തെ ബാധിക്കും എന്നാണ് സമസ്ത ഉന്നയിക്കുന്നത്.12 ലക്ഷം വിദ്യാർത്ഥികളുടെ ബുദ്ധിമുട്ട് മനസ്സിലാക്കണമെന്ന് സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ ഈ തീരുമാനം മാറ്റുന്നത് പ്രായോഗികമല്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നിലപാട്. ഇനി സമയ മാറ്റം പുനപരിശോധിക്കണമെങ്കിൽ കോടതിയുടെ അനുമതി വേണമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. 220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതി നിര്‍ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ സമയ മാറ്റം വരുന്നത്.
വിദ്യാഭ്യാസ അവകാശ നിയമം പ്രകാരം ഹൈസ്കൂളിൽ 1100 മണിക്കൂർ പഠന സമയം വേണം. ഇതിൻ്റെ അടിസ്ഥാനത്തിൽ സർക്കാർ നിയോഗിച്ച അഞ്ചംഗ സമിതിയാണ് സമയമാറ്റം നിർദേശിച്ചത്.
by Midhun HP News | Jun 16, 2025 | Latest News, കേരളം
കൊല്ലം: കൊല്ലം മേയർ ഹണിബെഞ്ചമിനെതിരെ വധഭീഷണി മുഴക്കിയ ആൾ പിടിയിൽ. തിരുവനന്തപുരം സ്വദേശി അനിൽ കുമാറാണ് പൊലീസിന്റെ പിടിയിലായത്. ഇയാൾ നേരത്തെ മേയറുടെ വീടിന് സമീപത്ത് താമസിച്ചിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പിടിയിലായ അനിൽ കുമാറിന്റെ പേരിൽ പല സ്റ്റേഷനുകളിലായി നിരവധി കേസുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം അനിൽ കുമാർ മേയറുടെ വീടിന് സമീപത്ത് കത്തിയുമായി നടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇത് കൂടാതെ മേയറുടെ വീടിന്റെ പരിസരത്തും ഓഫീസിലുമായി തൊപ്പി ധരിച്ച യുവാവ് എത്തുകയും മേയറെ കുറിച്ച് തിരക്കാറുണ്ടായിരുന്നുവെന്നും ഇതിൽ സംശയം തോന്നിയ നാട്ടുകാർ തന്നെയാണ് ഈ വിവരം മേയറുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
സംഭവത്തിൽ മേയർ കമ്മീഷണർക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയിരിക്കുന്നത്. അതേസമയം തനിക്ക് ശത്രുക്കളില്ലെന്നും എന്തുകൊണ്ടാണ് വധ ഭീഷണി എന്നത് തനിക്കറിയില്ലെന്നും മേയർ റിപ്പോർട്ടറിനോട് പറഞ്ഞു. സംഭവത്തിൽ പൊലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
by Midhun HP News | Jun 16, 2025 | Latest News, കേരളം
തൃശൂര്‍: തൃശൂര്‍ ചാലക്കുടിയില്‍ വന്‍ തീ പിടിത്തം. ചാലക്കുടി നോര്‍ത്ത് ജങ്ഷനിലെ ഊക്കന്‍സ് പെയിന്റ് കടയിലാണ് തീപിടിത്തം ഉണ്ടായത്. പെയിന്റ് കടയും ഗോഡൗണും ചേര്‍ന്ന ഭാഗത്താണ് തീ പിടിത്തമുണ്ടായത്.
സ്ഥാപനത്തില്‍ സൂക്ഷിച്ചിരുന്ന സ്‌റ്റോക്കിന് തീപിടിച്ച് വലിയ നിലയില്‍ തീ പടരുകയായിരുന്നു. അഗ്നിശമന അംഗങ്ങള്‍ എത്തി തീ അണച്ചു. എന്താണ് തീ പിടിത്തത്തിന് കാരണമെന്ന് വ്യക്തമല്ല. തീ പിടിത്തത്തെ തുടര്‍ന്ന് ചാലക്കുടി നോര്‍ത്ത് ജങ്ഷനില്‍ ഗതാഗതം നിയന്ത്രിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് കടയുടെ തൊട്ടടുത്തുള്ള ഗ്യാസ് ഗോഡൗണില്‍ നിന്ന് നിന്നും ഗ്യാസ് നീക്കിയിരുന്നു. ജില്ലകളിലെ കൂടുതല്‍ അഗ്‌നിശമനസേനകളില്‍ നിന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തൃശൂര്‍, പുതുക്കാട്, മാള, ചാലക്കുടി, ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തി.
by Midhun HP News | Jun 16, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന് 120 രൂപയാണ് കുറഞ്ഞത്. 74,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപയാണ് കുറഞ്ഞത്. 9305 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
വെള്ളിയാഴ്ചയാണ് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചത്. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. ശനിയാഴ്ചയും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് കണ്ടത്. 75,000 കടന്നും സ്വര്‍ണവില കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ഇന്ന് വില താഴ്ന്നത്. കഴിഞ്ഞ നാലുദിവസങ്ങളിലായി പവന് 3000 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വില കുറഞ്ഞത്.
ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം അടക്കമുള്ള വിഷയങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില ഉയരാന്‍ കാരണം.സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകി എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.
by Midhun HP News | Jun 15, 2025 | Latest News, കേരളം
കൊച്ചി: മുവാറ്റുപുഴ കദളിക്കാട് വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ കാര്‍ ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമം. കല്ലൂര്‍ക്കാട് പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ഇഎം മുഹമ്മദിന് നേരെയാണ് ആക്രമണമുണ്ടായത്. ഗുരുതര പരിക്കേറ്റ ഉദ്യോഗസ്ഥനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും.
റോഡിന്റെ വശത്തായി നിര്‍ത്തിയിട്ടിരുന്ന കറുത്ത കാറിലുണ്ടായിരുന്ന രണ്ടുപേര്‍ പൊതി കൈമാറുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മുഹമ്മദ് കാര്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ വാഹനം പരിശോധിക്കുന്നത് കാറിലുണ്ടായിരുന്നവര്‍ എതിര്‍ക്കുകയും മുഹമ്മദിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നിലത്തു വീണ മുഹമ്മദിന്റെ ശരീരത്തിലൂടെ കാര്‍ കയറ്റി ഇറക്കി. ഗുരുതരമായി പരുക്കേറ്റ മുഹമ്മദിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഹമ്മദിന്റെ കൈയ്ക്കും കാലിനും ഒടിവുണ്ട്. പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഇവര്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
Recent Comments