by Midhun HP News | Jun 16, 2025 | Latest News, കേരളം
തിരുവനന്തപുരം: നാളെ മുതല്‍ സംസ്ഥാനത്ത് മഴ കുറയുമെന്ന് കേന്ദ്രകാലവസ്ഥ വകുപ്പ്. മറ്റന്നാള്‍ വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. എവിടെയും റെഡ് അലര്‍ട്ടില്ല. അതേസമയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ചൊവ്വാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇന്ന് മലപ്പുറം, കോഴിക്കോട്, വനയാട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ അതിതീവ്രമഴ തുടരുമെന്നാണ് മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.
ചെവ്വാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകൡ യെല്ലോ അലര്‍ട്ടും, ബുധനാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല.
മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം
കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മുതല്‍ വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളില്‍ കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
by Midhun HP News | Jun 16, 2025 | Latest News, കേരളം
ആലപ്പുഴ: ചാരുംമൂട് താമരക്കുളത്ത് പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു. താമരക്കുളം കിഴക്കെമുറി പുത്തന്‍ചന്ത പ്രസന്ന ഭവനത്തില്‍ ശിവന്‍കുട്ടി കെ പിള്ള(65) ആണ് മരിച്ചത്.
രാവിലെ 7.30 ഓടെ കൊടുവരവയലിലായിരുന്നു അപകടം. സ്വന്തം കൃഷിസ്ഥലത്തേക്ക് പോകുന്നതിനിടെ മറ്റൊരാളുടെ കൃഷിസ്ഥലത്ത് സ്ഥാപിച്ച പന്നിക്കെണിയില്‍നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. നൂറനാട് പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. പ്രതി പിടിയിലായതായാണ് സൂചന.
by Midhun HP News | Jun 16, 2025 | Latest News, കേരളം
പത്തനംതിട്ട: ആറന്മുളയില്‍ വിമാനത്താവളത്തിന് പരിഗണിച്ച സ്ഥലത്ത് ഇലക്ട്രോണിക്‌സ് ക്ലസ്റ്റര്‍ പദ്ധതിക്ക് നീക്കം. നിര്‍ദിഷ്ട സ്ഥലത്ത് ഇലക്ട്രോണിക്‌സ് പാര്‍ക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കെ ജി എസ് ഗ്രൂപ്പ് ഐടി വകുപ്പിന് അപേക്ഷ നല്‍കി. 344 ഏക്കറില്‍ വരുന്ന പദ്ധതിയെ എതിര്‍ത്ത് കൃഷിവകുപ്പ് രംഗത്തെത്തിയതായാണ് റിപ്പോര്‍ട്ട്.
നിലംനികത്തുന്നതുമായി ബന്ധപ്പെട്ട് കടുത്ത എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആറന്മുള വിമാനത്താവള പദ്ധതി ഉപേക്ഷിച്ചത്. ഇലക്ട്രോണിക്‌സ് ക്ലസ്റ്റര്‍ പദ്ധതിക്ക് ആവശ്യമായ 344 ഏക്കറില്‍ 90 ശതമാനവും നിലമാണ്. അതുകൊണ്ട് തണ്ണീര്‍ത്തടത്തിന്റെ പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. പദ്ധതിയുമായി മുന്നോട്ടുപോകണമെങ്കില്‍ ദൂപരിഷ്‌കരണ ചട്ടത്തില്‍ ഇളവും വേണ്ടിവരും.
ടിഒഎഫ്എല്‍ എന്ന പേരില്‍ പുതിയ കമ്പനി രൂപീകരിച്ച് പ്രവര്‍ത്തനവുമായി മുന്നോട്ടുപോകാനാണ് കെജിഎസ് ഗ്രൂപ്പ് ഒരുങ്ങുന്നത്. ഉടമസ്ഥാവകാശം ടിഒഎഫ്എല്‍ കമ്പനിക്ക് നല്‍കി ഇലക്ട്രോണിക്‌സ് സിറ്റി രൂപീകരിക്കാനാണ് കെജിഎസ് ലക്ഷ്യമിടുന്നത്. ആറന്മുള ഇലക്ട്രോണിക്‌സ് ക്ലസ്റ്റര്‍ പദ്ധതി എന്നാണ് അപേക്ഷയില്‍ പറയുന്നത്. തണ്ണീര്‍ത്തടമായത് കൊണ്ട് റവന്യൂവകുപ്പിന്റെ അനുമതി അടക്കം നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്.
by Midhun HP News | Jun 16, 2025 | Latest News, കേരളം
കൊച്ചി: ആലപ്പുഴയിലും എറണാകുളത്തും തീരത്ത് വാതക കണ്ടെയ്‌നര്‍ അടിഞ്ഞു. പുറംകടലില്‍ തീപിടിത്തമുണ്ടായ വാന്‍ഹായ് ചരക്കു കപ്പലില്‍ നിന്നുള്ളതാണ് കണ്ടെയ്‌നറുകളെന്നാണ് വിലയിരുത്തല്‍. അമ്പലപ്പുഴ നോര്‍ത്ത് പഞ്ചായത്തിലെ വളഞ്ഞവഴി- കാക്കാഴം തീരത്തും, എറണാകുളം ചെല്ലാനം തീരത്തുമാണ് കണ്ടെയ്‌നറുകള്‍ അടിഞ്ഞത്. ചെല്ലാനം കടല്‍ഭിത്തിയിലാണ് കണ്ടെയ്‌നര്‍ അടിഞ്ഞിട്ടുള്ളത്.
അമ്പലപ്പുഴയിൽ അടിഞ്ഞ വാതക കണ്ടെയ്നറിൽ 22കെഎക്സ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ടെയ്നർ തീരത്തടിഞ്ഞതോടെ വളഞ്ഞവഴി -കാക്കാഴം കടപ്പുറത്ത് നാട്ടുകാർ തടിച്ചുകൂടി. വിവരമറിഞ്ഞ് പൊലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
നേരത്തെ ചരക്കുകപ്പലിലെ ലൈഫ് ബോട്ടും ആലപ്പുഴ കടപ്പുറത്ത് അടിഞ്ഞിരുന്നു. ലൈഫ് ബോട്ട് തീരത്തിനു സമീപത്തെ മരത്തില്‍ കെട്ടിയിട്ടിരിക്കുകയാണ്. ആലപ്പുഴയിലേക്ക് കൂടുതല്‍ കണ്ടെയ്‌നര്‍ വരാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പു ലഭിച്ചിട്ടുള്ളതെന്ന് ആലപ്പുഴ ജില്ലാ കലക്ടര്‍ അലക്‌സ് വര്‍ഗീസ് പറഞ്ഞു. വാന്‍ഹായ് കപ്പലിനെ ബന്ധപ്പെട്ടിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു.
കൊച്ചി, ആലപ്പുഴ, കൊല്ലം തീരങ്ങളില്‍ തീപിടിത്തമുണ്ടായ കപ്പലിലെ കണ്ടെയ്‌നറുകളും അവശിഷ്ടങ്ങളും അടിയുകയെന്ന് ദുരന്ത നിവാരണ അതോറിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു. കപ്പല്‍ നിലവില്‍ 57 നോട്ടിക്കല്‍ മൈല്‍ അകലെയാണുള്ളത്. കപ്പലിലെ തീ നിയന്ത്രണവിധേയമാണെങ്കിലും, ഇപ്പോഴും പുക ഉയരുന്നുണ്ട്. കപ്പലില്‍ 157 അപകടകാരികളായ വസ്തുക്കള്‍ ഉണ്ടെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.
ആസിഡ്, ലിഥിയം ബാറ്ററി, വെടിമരുന്നുകള്‍ തുടങ്ങിയവയാണ് കപ്പിലുണ്ടായിരുന്നത്. കപ്പല്‍ചാലില്‍ ഒരു കണ്ടെയ്‌നര്‍ ഒഴുകിനടക്കുന്നതായി മറ്റൊരു കപ്പലില്‍ നിന്നും കൊച്ചിന്‍ പോര്‍ട്ടിന് വിവരം ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. കപ്പലില്‍ കാണാതായ നാലുപേര്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. തീപിടിത്തത്തില്‍ പരിക്കേറ്റവര്‍ ചികിത്സയില്‍ തുടരുകയാണ്.
by Midhun HP News | Jun 16, 2025 | Latest News, കേരളം
തിരുവനന്തപുരം: കനത്തമഴയില്‍ അപടകരമായ രീതിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ നദികളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്. വിവിധ ജില്ലകളിലെ നദികളില്‍ സംസ്ഥാന ജലസേചന വകുപ്പും (IDRB), കേന്ദ്ര ജല കമ്മീഷനും (CWC) ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി
ഓറഞ്ച് അലര്‍ട്ട്
കാസര്‍കോട് : ഉപ്പള (ഉപ്പള സ്റ്റേഷന്‍), നീലേശ്വരം (ചായ്യോം റിവര്‍ സ്റ്റേഷന്‍), മൊഗ്രാല്‍ (മധുര്‍ സ്റ്റേഷന്‍)
പത്തനംതിട്ട : മണിമല (തോണ്ടറ സ്റ്റേഷന്‍)
മഞ്ഞ അലര്‍ട്ട്
തിരുവനന്തപുരം : വാമനപുരം (മൈലംമൂട് സ്റ്റേഷന്‍), കരമന (വെള്ളൈക്കടവ് സ്റ്റേഷന്‍- CWC)
കൊല്ലം : പള്ളിക്കല്‍ (ആനയടി സ്റ്റേഷന്‍)
പത്തനംതിട്ട : പമ്പ (ആറന്മുള സ്റ്റേഷന്‍), അച്ചന്‍കോവില്‍ (കല്ലേലി & കോന്നി ഏഉ സ്റ്റേഷന്‍), പമ്പ (മടമണ്‍ സ്റ്റേഷന്‍ -CWC), മണിമല (കല്ലൂപ്പാറ സ്റ്റേഷന്‍-CWC)
ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷന്‍- CWC)
എറണാകുളം: മൂവാറ്റുപുഴ (കക്കടാശ്ശേരി & തൊടുപുഴ സ്റ്റേഷന്‍),
തൃശൂര്‍ : കരുവന്നൂര്‍ (കുറുമാലി & കരുവന്നൂര്‍ സ്റ്റേഷന്‍)
കോഴിക്കോട് : കോരപ്പുഴ (കുന്നമംഗലം & കൊള്ളിക്കല്‍ സ്റ്റേഷന്‍ )
കണ്ണൂര്‍ : പെരുമ്പ (കൈതപ്രം റിവര്‍ സ്റ്റേഷന്‍), കവ്വായി (വെല്ലൂര്‍ റിവര്‍ സ്റ്റേഷന്‍)
കാസര്‍കോട്: കാര്യങ്കോട് (ഭീമനടി സ്റ്റേഷന്‍)
യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്നും തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
കാലവര്‍ഷം ശക്തം
സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാണ്. കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂണ്‍ 17 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് (heavy rain ) സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ പരമാവധി 40 – 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്കന്‍ മഹാരാഷ്ട്രയ്ക്ക് മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. മറ്റൊരു ചക്രവാതചുഴി വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ സ്ഥിതിചെയ്യുന്നു. കേരളത്തിന് മുകളില്‍ ശക്തമായ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നു. ഇതിന്റെയെല്ലാം സ്വാധീനഫലമായിട്ടാണ് കേരളത്തില്‍ മഴ വീണ്ടും ശക്തമായത്.
സംസ്ഥാനത്തെ അഞ്ചു വടക്കന്‍ ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പാണുള്ളത്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. നാളെ ഏഴു വടക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
by Midhun HP News | Jun 16, 2025 | Latest News, കേരളം
കണ്ണൂര്‍: പാല്‍ചുരത്തിലുണ്ടായ ഗതാഗതക്കുരുക്കില്‍ ആംബുലന്‍സ് കുടുങ്ങിയതോടെ, സമയത്ത് ആശുപത്രിയില്‍ എത്തിക്കാനാകാതെ ആദിവാസി കുഞ്ഞ് മരിച്ചു. അമ്പായത്തോട് താഴെ പാല്‍ച്ചുരം കോളനിയിലെ പ്രജോഷ്-ബിന്ദു ദമ്പതിമാരുടെ മൂന്നരവയസ്സുള്ള മകന് പ്രജുല്‍ ആണ് മരിച്ചത്. ജന്മനാ തലച്ചോര്‍ സംബന്ധമായ രോഗബാധിതനാണ് പ്രജുല്‍.
ഇന്നലെ അര്‍ധരാത്രി 12 ഓടെയായിരുന്നു സംഭവം. കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി വിളിച്ച ആംബുലന്‍സ് മലയോര ഹൈവേയിലെ ഗതാഗതക്കുരുക്കില്‍ പെട്ട് മുക്കാല്‍ മണിക്കൂറോളം വൈകിയാണ് താഴെ പാല്‍ച്ചുരത്ത് എത്താനായത്. പാല്‍ചുരത്തിലും ഒരു മണിക്കൂറോളം ആംബുലന്‍സ് കുടുങ്ങി.ഏഴുകിലോമീറ്റര്‍ ദൂരം പരമാവധി ഒന്‍പതുമിനിറ്റ് കൊണ്ട് എത്തേണ്ട ആംബുലന്‍സ് കുരുക്കില്‍പ്പെട്ട് വൈകുകയായിരുന്നു.
കൊട്ടിയൂര്‍ ഉത്സവത്തിന്റെ ഭാഗമായുണ്ടായ ഗതാഗതക്കുരുക്കില്‍ ആംബുലന്‍സും പെടുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുമായി മാനന്തവാടി ആശുപത്രിയിലേക്ക് പോയ ആംബുലന്‍സ് ചുരത്തിലെ ഗതാഗതക്കുരുക്കിലും പെട്ടു. വീണ്ടും ഒരുമണിക്കൂര്‍ വൈകിയതോടെയാണ് കുട്ടി മരിച്ചത്.
Recent Comments