by Midhun HP News | Jun 13, 2025 | Latest News, കേരളം
ഗാന്ധിനഗര്‍: ”ഞാനെങ്ങനെ ജീവനോടെ ബാക്കിയായി എന്ന് ഇപ്പോഴും അറിയില്ല”. അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ നിന്നും ജീവനോടെ രക്ഷപ്പെട്ട വിശ്വാസ് കുമാര്‍ രമേശിന് അപകടത്തെ കുറിച്ച് പറയാനുള്ളത് ഇങ്ങനെയാണ്. അപകടത്തെകുറിച്ച് നടത്തിയ ആദ്യ പ്രതികരണത്തിലാണ് വിശ്വാസ് കുമാര്‍ ദുരന്ത നിമിഷങ്ങളെ ഓര്‍ത്തെടുക്കുന്നത്.
‘വിമാനം ടേക്ക് ഓഫ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം വായുവില്‍ കുടുങ്ങിയ പോലെ അനുഭവപ്പെട്ടു. ഇതിനൊപ്പം വിമാനത്തിനുള്ളില്‍ പച്ചയും വെള്ളയും ലൈറ്റുകള്‍ മിന്നിമറഞ്ഞു. എല്ലാം സെക്കന്‍ഡുകള്‍ക്കുള്ളില്‍ സംഭവിച്ചു. വിമാനം എന്തിലോ ചെന്ന് ഇടിച്ചുകയറുകയായിരുന്നു.’ മരിച്ചെന്നാണ് കരുതിയത്. കണ്ണു തുറന്നപ്പോഴാണ് ജീവനോടെയുണ്ടെന്ന് തിരിച്ചറിഞ്ഞത്. എങ്ങനെയത് സംഭവിച്ചു എന്ന് ഇപ്പോഴും അറിയില്ല. വിശ്വാസ് കുമാര്‍ പറയുന്നു.
എയര്‍ ഇന്ത്യ വിമാനം കെട്ടിടത്തില്‍ ഇടിച്ചിറങ്ങിയപ്പോള്‍ തകരാതെ വീണ ഭാഗത്തായിരുന്നു വിശ്വാസ് കുമാറിന്റെ ഇരിപ്പിടം എന്നതാണ് രക്ഷപ്പെടാന്‍ ഇടയാക്കിയത് എന്നാണ് വിലയിരുത്തല്‍. ബോധം വന്നപ്പോള്‍ പുറത്തേക്കുള്ള വഴി കണ്ടു. അതുവഴി പുറത്തുവരികയായിരുന്നു. വിമാനത്തിന്റെ മറുവശത്തുണ്ടായിരുന്നവര്‍ക്ക് അതിന് കഴിഞ്ഞില്ലായിക്കാം എന്നും വിശ്വാസ് കുമാര്‍ പറയുന്നു. എന്റെ കണ്‍മുന്നില്‍ ആളുകള്‍ മരിച്ചുവീഴുന്നത് ഞാന്‍ കണ്ടു. അതില്‍ എയര്‍ഹോസ്റ്റസുമാരും യാത്രക്കാരും ഉണ്ടായിരുന്നു. വിശ്വാസ് കുമാര്‍ പറയുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.39 അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന എയര്‍ ഇന്ത്യ 171 ലണ്ടന്‍ വിമാനമായിരുന്നു അപകടത്തില്‍പ്പെട്ടത്. ജീവനക്കാരുള്‍പ്പെ 242 യാത്രക്കാരുണ്ടായിരുന്ന വിമാനത്തില്‍ നിന്നും വിശ്വാസ് കുമാര്‍ മാത്രമായിരുന്നു രക്ഷപ്പെട്ടത്.
by Midhun HP News | Jun 13, 2025 | Latest News, കേരളം
കാസർകോട്: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസില്‍ദാർ എ പവിത്രനെ പൊലീസ് കസ്റ്റഡിയിലെടുത്തു. താലൂക്ക് ഓഫീസിലെത്തിയാണ് വെള്ളരിക്കുണ്ട് പൊലീസ് പവിത്രനെ കസ്റ്റഡിയിലെടുത്തത്. രജിതയ്ക്കെതിരെ നടത്തിയ അധിക്ഷേപത്തിൽ വിവിധ സംഘടനകൾ കാസർകോട് എസ്പിക്കും വിവിധ പൊലീസ് സ്റ്റേഷനുകളിലും പവിത്രനെതിരെ പരാതി നൽകിയതായാണ് വിവരം.
ഫെയ്‌സ്ബുക്ക് വഴിയാണ് കാസര്‍കോട് വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ പവിത്രന്‍, വിമാനാപകടത്തിൽ കൊല്ലപ്പെട്ട രഞ്ജിതയെ അപമാനിച്ചത്. രഞ്ജിതയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിന് പവിത്രനെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. അധിക്ഷേപം ശ്രദ്ധയിൽപ്പെട്ട റവന്യൂമന്ത്രി കെ രാജന്റെ നിർദേശപ്രകാരമാണ്, ജില്ലാ കലക്ടര്‍ ഇമ്പശേഖരന്‍ പവിത്രനെ സസ്പെൻഡ് ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചത്.
വിമാനാപകടത്തിലെ അനുശോചന പോസ്റ്റിന് താഴെയായിരുന്നു പവിത്രന്‍ മോശമായ കമന്റിട്ടത്. അധിക്ഷേപ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട പവിത്രൻ മുമ്പും പലരെയും അധിക്ഷേപിച്ചിരുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. മുന്‍മന്ത്രിയും എംഎല്‍എയുമായ ഇ ചന്ദ്രശേഖരനെ അധിക്ഷേപിച്ചതിന് കഴിഞ്ഞ സെപ്റ്റംബറില്‍ പവിത്രനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
by Midhun HP News | Jun 13, 2025 | Latest News, കേരളം
കൊച്ചി: വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലുള്ള യുവാവ് സഹായം തേടുന്നു. കാക്കനാട് തെങ്ങോട് മനക്കകടവില്‍ താമസിക്കുന്ന വാക്കാട്ടുപറമ്പില്‍ വി കെ പ്രമേഷിനാണ് (41) അടിയന്തരമായി വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പ്രമേഷ് ആഴ്ചയില്‍ മൂന്ന് തവണ ഡയാലിസിന് വിധേയനാകുന്നുണ്ട്.
പ്രമേഷിന്റെ ഇളയ സഹോദരന്റെ ഭാര്യയ്ക്ക് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആവശ്യമായതിനാല്‍ അതിനായി പണം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ഇതിനിടയിലാണ് പ്രമേഷും ഇരു വൃക്കകളും തകരാറിലായി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായത്.
പ്രമേഷിന് എല്ലാ സഹായവും നല്‍കിയിരുന്ന മൂത്ത സഹോദരന്‍ അപകടത്തില്‍ മരിച്ചതോടെ കുടുംബം കടുത്ത പ്രതിസന്ധിയിലായി. കടുത്ത ശാരീരിക അസ്വസ്ഥതകളുള്ളതിനാല്‍ ജോലിക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. ഒരാളുടെ വരുമാനം കൊണ്ട് കഴിഞ്ഞിരുന്ന ഭാര്യയും എട്ടു വയസുള്ള മകനുമുള്‍പ്പെട്ട പ്രമേഷിന്റെ കുടുംബത്തിന് വലിയ ചെലവുവരുന്ന വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള തുക ഒറ്റയ്ക്കാന്‍ കണ്ടെത്താന്‍ സാധിക്കാത്ത സ്ഥിതിയാണ്.
ചികിത്സയ്ക്ക് തുക സമാഹരിക്കാനായി വാര്‍ഡ് കൗണ്‍സിലര്‍ അനിത ജയചന്ദ്രന്‍ ചെയര്‍പഴ്‌സനായി ‘പ്രമേഷ് ചികിത്സാ സഹായ നിധിക്ക്’ രൂപം നല്‍കിയിട്ടുണ്ട്. ഫോണ്‍ നമ്പര്‍: 99952 96649, അക്കൗണ്ട് നമ്പര്‍: 44035719585, പ്രമേഷ് വി കെ ചികിത്സാ സഹായ നിധി, എസ്ബിഐ, സിവില്‍ സ്റ്റേഷന്‍, തൃക്കാക്കര, ഐഎഫ്എസ് സി കോഡ്: SBIN0070339
by Midhun HP News | Jun 13, 2025 | Latest News, കേരളം
തൃശൂര്‍: ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ കേസിലെ മുഖ്യ ആസൂത്രക ലിവിയ ജോസ് പൊലീസ് കസ്റ്റഡിയില്‍. മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് ലിവിയ പിടിയിലായത്. ദുബായില്‍ നിന്ന് മുംബൈ വഴി നാട്ടിലേക്ക് എത്താനായിരുന്നു ശ്രമം ഇതിനിടയിലാണ് എസ്‌ഐടി ലിവിയയെ പിടികൂടിയത്.
കേസിലെ മുഖ്യപ്രതി നാരായണദാസ് നിലവില്‍ റിമാന്‍ഡില്‍ ആണ്. കുടുംബ വഴക്കിനെ തുടര്‍ന്ന് ഷീലാ സണ്ണിയുടെ മരുമകളുടെ സഹോദരിയായ ലിവിയ ആണ് ഷീലയെ വ്യാജ ലഹരി കേസില്‍ കുടുക്കിയത്. സ്റ്റാമ്പ് ഷീലയുടെ വാഹനത്തില്‍ വെച്ച നാരായണ ദാസ് ബാംഗ്ലൂരില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
എന്‍ എസ് ഡി സ്റ്റാമ്പ് ലിഡിയ സമ്പാദിച്ചത് വിദേശ മയക്കുമരുന്നു വിപണനക്കാരില്‍ നിന്നായിരുന്നു. 10000 രൂപയ്ക്കാണ് സ്റ്റാമ്പ് വാങ്ങിയത്. എന്നാല്‍ സ്റ്റാമ്പ് ഒറിജിനല്‍ ആയിരുന്നില്ല. ഇതാണ് ഷീല സണ്ണിക്ക് രക്ഷയായത്.
ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമയായിരുന്ന ഷീല സണ്ണിയെ വ്യാജ ലഹരിമരുന്നു കേസില്‍ കുടുക്കിയതിനു പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കുടുംബപ്രശ്‌നങ്ങളാണ് കള്ളക്കേസിന് പിന്നില്‍. ഷീലയുടെ ഇറ്റലി യാത്ര മുടക്കലും പ്രതികളുടെ ലക്ഷ്യമായിരുന്നു. ഷീലയുടെ മകന്റെ ഭാര്യാസഹോദരി ലിവിയ കേസില്‍ രണ്ടാം പ്രതിയാണ്. ഷീലയെ കള്ളക്കേസില്‍ കുടുക്കിയതില്‍ പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നതിനു പിന്നാലെ ലിവിയ ദുബായിലേക്കു കടന്നിരുന്നു.
ഷീലയെ കുടുക്കാനുപയോഗിച്ച ലഹരിസ്റ്റാംപ് വാങ്ങിയതും അത് ഷീലയുടെ സ്‌കൂട്ടറില്‍ വച്ചതും ലിവിയയാണെന്ന് കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി നാരായണ ദാസ് മൊഴി നല്‍കിയിരുന്നു. ലിവിയയ്ക്കു വ്യാജ എല്‍എസ്ഡി സ്റ്റാംപ് കൈമാറിയതും ലിവിയയുടെ നിര്‍ദേശ പ്രകാരം എക്‌സൈസിനെ വിളിച്ചറിയിച്ചതും താനാണെന്നുമായിരുന്നു നാരായണദാസിന്റെ മൊഴി. അന്വേഷണത്തിനിടെയാണ് നാരായണ ദാസാണ് ലിവിയയുടെ സുഹൃത്തെന്നു പൊലീസ് കണ്ടെത്തിയത്.
കേസിലെ മുഖ്യപ്രതി നാരായണ ദാസിനെ പ്രത്യേക അന്വേഷണ സംഘം ബംഗളൂരുവില്‍ നിന്നാണ് പിടികൂടിയത്. നാരായണ ദാസും ലിവിയയും ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയത്. 2023 ഫെബ്രുവരി 27നാണ് ഷീലയുടെ സ്‌കൂട്ടറില്‍ നിന്ന് എല്‍എസ്ഡി സ്റ്റാമ്പുകളെന്ന് സംശയിക്കുന്നവ ചാലക്കുടി എക്‌സൈസ് പിടിച്ചെടുത്തത്. അറസ്റ്റിലായ ഷീല 72 ദിവസം ജയിലിലായി. രാസപരിശോധനയില്‍ മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. തുടര്‍ന്ന് ഷീലയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കുകയായിരുന്നു.
by Midhun HP News | Jun 13, 2025 | Latest News, കേരളം
കോഴിക്കോട്: പന്തീരാങ്കാവില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍ നിന്നും നാല്‍പതു ലക്ഷം രൂപ തട്ടിയെടുത്ത് കടന്നു കളഞ്ഞ കേസില്‍ പ്രതി ഷിബിന്‍ ലാല്‍ പിടിയില്‍. ഇന്ന് പുലര്‍ച്ചെയാണ് ഇയാളെ പിടികൂടിയത്. തൃശൂരില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ ബസില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഫറൂഖ് എസിപിയുടെ ഓഫീസില്‍ എത്തിച്ച പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അറസ്റ്റിലേക്ക് നീളാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. അതേസമയം നഷ്ടപ്പെട്ട 40 ലക്ഷം രൂപ കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല എന്നാണ് വിവരം.
രാമനാട്ടുകാരയിലെ ഇസാഫ് ബാങ്ക് ശാഖയിലെ ജീവനക്കാരന്റെ കയ്യില്‍ നിന്നും നാല്‍പത് ലക്ഷം രൂപ തട്ടിയെടുത്ത ശേഷം ഷിബിന്‍ലാല്‍ സ്‌കൂട്ടറില്‍ കടന്നു കളഞ്ഞു എന്നതാണ് കേസ്. കഴിഞ്ഞ ദിവസം പന്തീരാങ്കാവിലെ ഷിബിന്റെ ഉടമസ്ഥതയിലുള്ള ഷെഡില്‍ നിന്ന് സ്‌കൂട്ടര്‍ കണ്ടെത്തിയിരുന്നു. വാടകയ്‌ക്കെടുത്ത സ്‌കൂട്ടറാണ് കവര്‍ച്ച നടത്താന്‍ ഉപയോഗിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ അരവിന്ദ് എന്ന ജീവനക്കാരന്റെ കയ്യില്‍ നിന്നാണ് പണമടങ്ങിയ ബാഗ് പ്രതി തട്ടിപ്പറിച്ചത്. കൃത്യം നടക്കുമ്പോള്‍ ഇസാഫ് ബാങ്കിലെ ഏഴ് ജീവനക്കാര്‍ കൂടി സമീപത്തുണ്ടായിരുന്നു. ഇസാഫ് ബാങ്കിലെ സ്റ്റാഫ് അരവിന്ദ് എന്നയാളുടെ കയ്യില്‍ നിന്ന് പണം അടങ്ങിയ കറുത്ത ബാഗ് രാമനാട്ടുകര-പന്തീരാങ്കാവ് റോഡില്‍ നിന്ന് മാങ്കാവിലേയ്ക്ക് പോകുന്ന വഴി അക്ഷയ ഫിനാന്‍സ് എന്ന സ്ഥാപനത്തിന് മുന്നില്‍ വെച്ച് ഷിബിന്‍ ലാല്‍ തട്ടിപ്പറിച്ച് കറുത്ത ജൂപ്പിറ്റര്‍ വാഹനത്തില്‍ കടന്നുകളയുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
പണം നഷ്ടപ്പെട്ടയുടന്‍ തന്നെ ജീവനക്കാരന്‍ ബാങ്കില്‍ തിരിച്ചെത്തി വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഷിബിന്‍ ലാല്‍ എന്ന പ്രതിയിലേയ്ക്ക് പൊലീസ് എത്തിയത്.
by Midhun HP News | Jun 13, 2025 | Latest News, കേരളം
തീപിടിത്തത്തിൽ തകർന്ന വാൻ ഹായ് 503 എന്ന ചരക്ക് കപ്പലിൽ നിന്ന് ചോർന്ന ഇന്ധന എണ്ണ ശനിയാഴ്ച (ജൂൺ 14) ചാവക്കാടിനും കൊച്ചിക്കും ഇടയിലുള്ള തീരത്ത് എത്താൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജൂൺ 15 ഓടെ എറണാകുളം തീരത്തേക്കും ഈ ഇന്ധനയെണ്ണ എത്താൻ സാധ്യതയുണ്ടെന്നും അവർ വ്യക്തമായി. കേരള തീരം പാരിസ്ഥിതിക പ്രതിസന്ധിയെ നേരിടേണ്ടിവരുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ബുധനാഴ്ച (ജൂൺ 11) മുതൽ 100 ടൺ ഇന്ധന എണ്ണ ചോർച്ചയെ അടിസ്ഥാനമാക്കി, ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള ഇൻകോയിസിന്റെ നൂതന പ്രവചന മാതൃകകൾ ഉപയോഗിച്ചാണ് ഈ നിഗമനം. ഇന്ധന ചോർച്ച മൂലമുണ്ടാകുന്ന തീരദേശ മലിനീകരണവും പാരിസ്ഥിതിക നാശവും സംബന്ധിച്ച് ഏജൻസി സംസ്ഥാന സർക്കാരിന് മുന്നറിയിപ്പ് നൽകുകയും അടിയന്തര നടപടി സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് നിർദ്ദേശിക്കുകയും ചെയ്തു.
ജൂൺ 9 ന് കോഴിക്കോട് തീരത്ത് നിന്ന് ഏകദേശം 70 നോട്ടിക്കൽ മൈൽ അകലെ, കണ്ടെയ്നർ സ്ഫോടനത്തെ തുടർന്ന് തീപിടിച്ച സിംഗപ്പൂർ പതാകയേന്തിയ ചരക്ക് കപ്പലായ വാൻ ഹായ് 503 ഉൾപ്പെട്ട കപ്പൽ അപകടം സംഭവിച്ച് മൂന്നാം ദിവസമാണ് (ജൂൺ 11) ഈ മുന്നറിയിപ്പ് വന്നത്. കൊളംബോയിൽ നിന്ന് മുംബൈയിലെ നവ ഷേവ തുറമുഖത്തേക്ക് പോവുകയായിരുന്ന കപ്പൽ തിപിടിത്തത്തെ തുടർന്ന് ആരുമില്ലാതെ കടലിലാണ്.
ഇന്ത്യൻ കോസ്റ്റ് ഗാർഡുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കുന്ന ഇൻകോയിസ്, ഡ്രിഫ്റ്റ് പാറ്റേണുകൾക്കും അടിയന്തര പ്രതികരണങ്ങൾക്കുമായി അതിന്റെ സെർച്ച് ആൻഡ് റെസ്‌ക്യൂ എയ്ഡ് ടൂൾ, ഓയിൽ സ്പിൽ ട്രജക്ടറി സിസ്റ്റം എന്നിവ സജ്ജമാക്കി.
എണ്ണ ചോർച്ച സംബന്ധിച്ച ആശങ്കകൾക്ക് പുറമേ, കണ്ടെയ്‌നറുകളുടെയും അവശിഷ്ടങ്ങളുടെയും ഒഴുക്ക് അപകടസാധ്യതകളും ഉയർത്തുന്നു. ഇൻകോയിസിന്റെ ശരത് മാതൃക, അടുത്ത നാല് മുതൽ ആറ് ദിവസങ്ങൾക്കുള്ളിൽ തലശ്ശേരിക്കും കൊച്ചിക്കും ഇടയിലുള്ള തീരത്ത്, പ്രത്യേകിച്ച് കോഴിക്കോട് മുതൽ കൊച്ചി വരെയുള്ള ഭാഗത്ത്, കണ്ടെയ്‌നറുകളോ അവശിഷ്ടങ്ങളോ എത്താനുള്ള സാധ്യത 60% ആണെന്ന് കണക്കാക്കുന്നു.
എറണാകുളം മുതൽ കോഴിക്കോട് വരെയുള്ള തീരദേശ നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. “കേരള തീരത്ത് എണ്ണ ചോർച്ച ഉണ്ടായാൽ അടിയന്തര നിയന്ത്രണത്തിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴിലുള്ള ദ്രുത പ്രതികരണ സംഘം സജ്ജമാണ്. ഇത് ബഹുമുഖ ശ്രമമാണ്, വിവിധ വകുപ്പുകൾ അതീവ ജാഗ്രതയിലാണ്,” ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞു.
Recent Comments