ചക്രവാതച്ചുഴി; വരുന്നു അതിതീവ്രമഴ; റെഡ് അലര്‍ട്ട്

ചക്രവാതച്ചുഴി; വരുന്നു അതിതീവ്രമഴ; റെഡ് അലര്‍ട്ട്

തിരുവനന്തപുരം: വടക്കന്‍ ആന്ധ്രാ പ്രദേശ് തീരത്തോടും അതിനോട് ചേര്‍ന്നുള്ള തീരദേശ ഒഡിഷക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതായി കേന്ദ്രകാലാവസ്ഥ വകുപ്പ്. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുകയാണ്. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത 7 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ജൂണ്‍ 14 -16 തീയതികളില്‍ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ജൂണ്‍ 12 മുതല്‍ 16 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂണ്‍ 14 മുതല്‍ 16 വരെ കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 50 -60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

വെള്ളിയാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും അതിതീവ്രമഴ കണക്കിലെടുത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഓറഞ്ച് അലര്‍ട്ട്

12/06/2025: കണ്ണൂര്‍, കാസര്‍ഗോഡ്

13/06/2025: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

14/06/2025: ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട്

15/05/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്

16/05/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട്

എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

യെല്ലോ അലര്‍ട്ട്

12/06/2025: കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

13/05/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം

14/06/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം

16/06/2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ

എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു

അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നു വീണ് 128 മരണം

അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നു വീണ് 128 മരണം

ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്ന് 242 പേരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ് 128 പേര്‍ മരിച്ചു. ഉച്ചയ്ക്ക് 1.38ന് പറന്നുയര്‍ന്ന വിമാനം നിമിഷങ്ങള്‍ക്കുള്ളില്‍ 1.40ന് തകര്‍ന്നുവീണ് തീഗോളമായി മാറുകയായിരുന്നു. മേഘാനി നഗറില്‍ ജനവാസ മേഖലയോട് ചേര്‍ന്നാണ് എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 വിമാനം തകര്‍ന്നുവീണത്. അപകട കാരണം വ്യക്തമല്ല.

230 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാരില്‍ 169 പേര്‍ ഇന്ത്യക്കാരും 53 പേര്‍ ബ്രിട്ടീഷുകാരും 7 പേര്‍ച്ചുഗീസുകാരും ഒരു കനേഡിയന്‍ പൗരനുമാണ് ഉണ്ടായിരുന്നത്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നു. ഗുരുതരമായി പരുക്കേറ്റ വിജയ് രൂപാണി ചികിത്സയിലാണ്.

അപകടത്തെ തുടര്‍ന്ന് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചു. വ്യോമയാന മന്ത്രി റാം മോഹന്‍ റായിഡുവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ സംസാരിച്ചു. റാം മോഹന്‍ നായിഡുവും കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായും ഉടന്‍ അഹമ്മദാബാദിലേക്ക് തിരിക്കും. ഇന്ത്യക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ബ്രിട്ടന്‍ പ്രതികരിച്ചു.

അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നു വീണ് 128 മരണം

വിമാനത്തിൽ 242 യാത്രക്കാർ; കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ, 110മരണം; 11 കുട്ടികളും 2 കൈകുഞ്ഞുങ്ങളും, 169 ഇന്ത്യക്കാർ, 53 ബ്രിട്ടീഷ് പൗരന്മാർ, യാത്രക്കാരുടെ വിവരങ്ങൾ

അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിൽ 242 യാത്രക്കാർ ഉണ്ടായിരുന്നു. 110 പേർ മരണപ്പെട്ടു. 169 ഇന്ത്യക്കാർ, 53 ബ്രിട്ടീഷ് പൗരന്മാർ, 7 പോർച്ചുഗീസ്, ഒരു കാനഡ പൗരനും 11 കുട്ടികളും 2 കൈകുഞ്ഞുങ്ങളും വിമാനത്തിൽ ഉണ്ടായിരുന്നു. 11 വർഷമാണ് വിമാനത്തിന്റെ കാലപ്പഴക്കം. എൻടിആർഎഫ് ഫയർ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം വേഗത്തിലാക്കി.

യാത്രക്കാരുടെ വിവരങ്ങൾ:

വിമാനത്തിൽ ആകെ 242 യാത്രക്കാരുണ്ടായിരുന്നു, അതിൽ ഇവ ഉൾപ്പെടുന്നു:

217 മുതിർന്നവർ
11 കുട്ടികൾ
2 കുഞ്ഞുങ്ങൾ
2 പൈലറ്റുമാർ
10 ക്യാബിൻ ക്രൂ

ദേശീയ വിവരങ്ങൾ:

169 ഇന്ത്യൻ പൗരന്മാർ
53 ബ്രിട്ടീഷ് പൗരന്മാർ
7 പോർച്ചുഗീസ് പൗരന്മാർ
1 കനേഡിയൻ പൗരൻ

ആകെ 110 യാത്രക്കാർ മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും ഉണ്ടായിരുന്നു. അദ്ദേഹം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിസയിലാണ്. ന്യൂസ് 18 ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വിവരം അറിയിച്ചത്. ലണ്ടനിലേക്ക് പറന്നുയർന്ന ഉടൻ തന്നെ വിമാനം തകർന്നുവീണു, അപകടസമയത്ത് 242 യാത്രക്കാരുണ്ടായിരുന്നു.

230 യാത്രക്കാരും 12 ക്രൂ അംഗങ്ങളും ഉൾപ്പെടെ 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അവരിൽ ഒരാൾ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയാണെന്ന് കരുതപ്പെടുന്നു. 2016 ഓഗസ്റ്റ് മുതൽ 2021 സെപ്റ്റംബർ വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു രൂപാണി, 2022 ലെ സംസ്ഥാന തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജിവച്ചു.

യാത്രക്കാരുടെ വിവരങ്ങൾ തേടി പ്രധാനമന്ത്രിയുടെ ഓഫീസ്. ലണ്ടനിലേക്ക് പുറപ്പെടുകയായിരുന്ന എയർ ഇന്ത്യ എക്സ്‌പ്രസാണ് തകർന്നത്. Boeing 787 എന്ന വിമാനമാണ് തകർന്നത്. അമിത് ഷാ ഗുജറാത് മുഖ്യമന്ത്രിയുമായി സംസാരിച്ചു, മേഘാനി നഗറിലെ ജനവാസ മേഖലയിലാണ് അപകടം നടന്നത്.

ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം.ടേക്ക് ഓഫ് ചെയ്യുമ്പോള്‍ മരത്തിലിടിച്ചുവെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. എന്നാൽ വിവരങ്ങൾ ഓദ്യോ​ഗികമല്ല. അപകടത്തിന്റെ തീവ്രവ വ്യക്തമായിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിനായി പൊലീസും ഫയര്‍ഫോഴ്സുമടക്കമുള്ള എല്ലാ സംവിധാനവും സ്ഥലത്തെത്തി.

വസ്ത്രം മാറുന്ന മുറിയില്‍ ഒളികാമറ വച്ചു, പൊലീസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി; പൊലീസുകാരൻ അറസ്റ്റിൽ

വസ്ത്രം മാറുന്ന മുറിയില്‍ ഒളികാമറ വച്ചു, പൊലീസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി; പൊലീസുകാരൻ അറസ്റ്റിൽ

തൊടുപുഴ: ഒളികാമറയിൽ ദൃശ്യങ്ങൾ പകർത്തി വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ വൈശാഖ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഏഴ് മാസക്കാലമായി പകർത്തിയ മുഴുവൻ ദൃശ്യങ്ങളും വൈശാഖിന്റെ മൊബൈലിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.

കഴിഞ്ഞദിവസമാണ് സംഭവം പുറത്തറിയുന്നത്. വനിത പൊലീസ് ഉദ്യോഗസ്ഥയെ അവരുടെ നഗ്നചിത്രങ്ങൾ ഒളികാമറയിൽ പകർത്തി വൈശാഖ് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥ ഇടുക്കി വനിത സെല്ലിൽ പരാതി നൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ വൈശാഖിനെ സൈബർ വിഭാഗം ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുന്നത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ : സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥയുടെ വസ്ത്രങ്ങൾ മാറുന്ന ദൃശ്യങ്ങൾ മൊബൈലിലൂടെ ഉദ്യോഗസ്ഥയ്ക്ക് അയച്ചു നൽകുകയും ഇത് കാണിച്ച ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഇവർ വനിത സെല്ലിലും സൈബർ ക്രൈമിലും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇടുക്കി എസ് പി യുടെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുന്നത്. ഇതിനൊപ്പം നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ഏഴ് മാസക്കാലമായി വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിട്ടുള്ള മുഴുവൻ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെയും നഗ്നചിത്രങ്ങൾ പകർത്തിയിരുന്നതായി കണ്ടെത്തി.

വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് വസ്ത്രം മാറുന്നതിന് ഏർപ്പെടുത്തിയ റൂമിൽ ഒളികാമറ വെക്കുകയും ഇത് മൊബൈലിൽ കണക്ട് ചെയ്യുകയുമാണ് ചെയ്തിരുന്നത്. മണ്ഡലകാലം മുതൽ വണ്ടിപ്പെരിയാർ സ്റ്റേഷനിൽ ഡ്യൂട്ടിക്ക് വന്ന പൊ ലീസ് ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങൾ ഉൾപ്പെടെ വൈശാഖിന്റെ മൊബൈലിൽ ഉണ്ടെന്നാണ് സൂചന. സൈബർ കുറ്റം ഉൾപ്പെടെ ചുമത്തി അറസ്റ്റ് ചെയ്ത വൈശാഖിനെ കോടതിയിൽ ഹാജരാക്കി.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ കയറിയ ടൂറിസം വെബ്സൈറ്റ്, കേരളം ഒന്നാമത്

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ കയറിയ ടൂറിസം വെബ്സൈറ്റ്, കേരളം ഒന്നാമത്

തിരുവനന്തപുരം: ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ടൂറിസം വെബ്സൈറ്റുകളില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ കേരളത്തിന് ഒന്നാം സ്ഥാനം. അന്താരാഷ്ട്ര വെബ് ട്രാഫിക് വിശകലന സൈറ്റായ സിമിലര്‍ വെബ്ബിന്റെ റാങ്കിങ്ങിലാണ് കേരള ടൂറിസം വെബ്സൈറ്റ് ഒന്നാമതെത്തിയത്. ഭാരത സര്‍ക്കാരിന്റെ ഇന്‍ക്രെഡിബ്ള്‍ ഇന്ത്യ വെബ്സൈറ്റാണ് രണ്ടാം സ്ഥാനത്ത്.

1,18,205 റാങ്കിങ്ങ് പോയിന്റുകളോടെ ട്രാവല്‍ സൈറ്റുകളുടെ ആഗോള റാങ്കിങ്ങില്‍ രണ്ടാംസ്ഥാനത്താണ് കേരളം. 9987 റാങ്കിങ്ങോടെ വിവിധ രാജ്യങ്ങളുടെ ടൂറിസം സൈറ്റുകളുടെ റാങ്കിങ്ങിലും കേരള ടൂറിസം രണ്ടാമതുണ്ട്, ടൂറിസം ഇന്‍ഡസ്ട്രി എന്ന വിഭാഗത്തില്‍ 1669 പോയിന്റോടെ കേരളം തന്നെയാണ് രണ്ടാം സ്ഥാനത്ത്. ഈ മൂന്ന് വിഭാഗങ്ങളിലും 1226-ാം റാങ്ക് ഉള്ള തായ്ലാന്റ് ടൂറിസമാണ് ഒന്നാമത്. മൂന്നു മുതല്‍ അഞ്ചുവരെ സ്ഥാനങ്ങളില്‍ യഥാക്രമം വിയറ്റ്നാമും ഇന്‍ക്രഡിബിള്‍ ഇന്ത്യയും ഇന്തോനേഷ്യയുമാണ്. ഗൂഗിള്‍ വിശകലനമനുസരിച്ച് 60 ലക്ഷം ഉപഭോക്താക്കള്‍ കേരള ടൂറിസം വെബ്സൈറ്റില്‍ ഇക്കാലയളവില്‍ 79 ലക്ഷത്തോളം സന്ദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്.

ഏകദേശം 58 ലക്ഷത്തോളം ഉപഭോക്താക്കള്‍ സെര്‍ച്ചിലൂടെയാണ് കേരള ടൂറിസം സൈറ്റിലെത്തിയത്. 10 ലക്ഷത്തിലധികം ആളുകള്‍ കേരള ടൂറിസം ഒആര്‍ജി എന്ന് ടൈപ്പ് ചെയ്ത് സൈറ്റിലെത്തി. 10 ലക്ഷത്തോളം സന്ദര്‍ശകര്‍ പരസ്യങ്ങളിലൂടെ എത്തി. ഇരുന്നൂറോളം രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ വെബ്സൈറ്റിലെത്തുന്നുണ്ട്. ഹോം പേജിനു പുറമേ താമസ സൗകര്യങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ടൂര്‍ പാക്കേജുകള്‍, ഹെലി ടൂറിസം, വെഡ്ഡിങ് ഡെസ്റ്റിനേഷന്‍, ഉത്സവ കലണ്ടര്‍, തെയ്യം കലണ്ടര്‍, യോഗ തുടങ്ങിയ പേജുകളിലും ധാരാളം സന്ദര്‍ശകര്‍ എത്തുന്നുണ്ട്.

ഒരു ലക്ഷത്തിലേറെ പേജുകളാണ് കേരള ടൂറിസം വെബ്സൈറ്റിലുള്ളത്. ഉയര്‍ന്ന റെസല്യൂഷന്‍ ചിത്രങ്ങളും ആകര്‍ഷകമായ വീഡിയോകളും ലേ ഔട്ടും സൈറ്റിന്റെ പ്രത്യേകതയാണ്. യാത്രാ പ്ലാനര്‍, ലൈവ് വെബ്കാസ്റ്റുകള്‍, ഇ-ന്യൂസ് ലെറ്ററുകള്‍ തുടങ്ങിയവയും ഇതിലുണ്ട്. 20-ലധികം ഭാഷകളില്‍ ലഭ്യമായ ഇത് കേരളത്തിന്റെ അതുല്യ ആകര്‍ഷണങ്ങള്‍, സംസ്‌കാരം, യാത്ര എന്നിവ ഉള്‍ക്കൊള്ളുന്ന സമഗ്ര ഡിജിറ്റല്‍ ഗൈഡാണ്. കേരള ടൂറിസത്തിന്റെ ഔദ്യോഗിക ഐടി സൊല്യൂഷന്‍ പങ്കാളിയായ ഇന്‍വിസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് വെബ്‌സൈറ്റിന്റെ രൂപകല്പനയും പരിപാലനവും ചെയ്തുകൊണ്ടിരിക്കുന്നത്.

ആഗോള ടൂറിസം ഡെസ്റ്റിനേഷന്‍ എന്ന നിലയിലുള്ള കേരളത്തിന്റെ പ്രാധാന്യത്തിനും വിനോദസഞ്ചാരികള്‍ക്കിടയിലെ സ്വീകാര്യതയ്ക്കും ലഭിച്ച അംഗീകാരമാണ് വെബ്സൈറ്റ് റാങ്കിംഗിലെ നേട്ടമെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.

എംഎസ് സിയുടെ കപ്പല്‍ തടഞ്ഞുവയ്ക്കണം, തീരം വിടാന്‍ അനുവദിക്കരുതെന്ന് ഹൈക്കോടതി

എംഎസ് സിയുടെ കപ്പല്‍ തടഞ്ഞുവയ്ക്കണം, തീരം വിടാന്‍ അനുവദിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: വിഴിഞ്ഞത്ത് നങ്കൂരമിട്ടിട്ടുള്ള എം എസ് സി മാന്‍സ- എഫ് ചരക്കുകപ്പല്‍ തടഞ്ഞുവെക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ചരക്കുകപ്പല്‍ തീരം വിടാന്‍ അനുവദിക്കരുതെന്ന് വിഴിഞ്ഞം തുറമുഖ അധികൃതര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. കാഷ്യൂ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. എംഎസ്എസി കപ്പല്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള എല്‍സ-3 എന്ന ചരക്കുകപ്പല്‍ അറബിക്കടലില്‍ കൊച്ചി തീരത്തിന് സമീപം മറിഞ്ഞ് അപകടമുണ്ടായതില്‍, കപ്പല്‍ കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.

കടലില്‍ അപകടത്തില്‍പ്പെട്ട എംഎസ് സി എല്‍സ-3 കപ്പലില്‍ സംസ്ഥാനത്തേക്കുള്ള കശുവണ്ടി ഉണ്ടായിരുന്നു. അപകടത്തില്‍ ഇതു നഷ്ടപ്പെട്ടതിനാല്‍, തങ്ങളുടെ നഷ്ടം നികത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ കശുവണ്ടി വ്യാപാരികള്‍ കോടതിയെ സമീപിക്കുകയായിരുന്നു. നഷ്ടപരിഹാരം ലഭിക്കുന്നതുവരെ എംഎസ് സിയുടെ വഴിഞ്ഞത്ത് നങ്കൂരമിട്ടിട്ടുള്ള ചരക്കുകപ്പല്‍ തീരം വിടാന്‍ അനുവദിക്കരുതെന്നും ഇവര്‍ ആവശ്യം ഉന്നയിക്കുകയായിരുന്നു.

കശുവണ്ടി നഷ്ടപ്പെട്ടതിനാല്‍ ആറു കോടിയുടെ നഷ്ടമുണ്ടായെന്നാണ് വ്യാപാരികള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ആറു കോടി രൂപ കെട്ടിവെക്കാതെ എംഎസ് സി കമ്പനിയുടെ കപ്പല്‍ കേരള തീരം വിടാന്‍ അനുവദിക്കരുതെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിച്ചാണ് കോടതി, കപ്പല്‍ തീരം വിടുന്നത് വിലക്കി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ആറു കോടി രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് കെട്ടിവെക്കാനാണ് ജസ്റ്റിസ് എം എ അബ്ദുൾ ഹക്കീ‌മിന്റ ബെഞ്ച് നിർദേശിച്ചിട്ടുള്ളത്.

അറബിക്കടലില്‍ കൊച്ചി തീരത്തിന് സമീപം എംഎസ് സി എല്‍സ-3 കപ്പല്‍ അപകടത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാരിന് മാത്രമല്ല, കേന്ദ്രസര്‍ക്കാരിനും വിഷയത്തില്‍ കേസെടുക്കാവുന്നതാണ്. ചട്ടങ്ങളും അന്താരാഷ്ട്ര കരാറുകളും എന്തൊക്കെയുണ്ടെന്ന് പരിശോധിക്കണം. അപകടത്തില്‍ കൃത്യമായ നടപടിയുണ്ടാകണം. പുറംകടലില്‍ കഴിഞ്ഞ ദിവസം കത്തിയ വാന്‍ഹായ് അപകടം കൂടി കേസിന്റെ ഭാഗമാക്കാനും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.