പടിയൂര്‍ ഇരട്ടക്കൊല: പ്രതി പ്രേംകുമാര്‍ ഉത്തരാഖണ്ഡില്‍ മരിച്ച നിലയില്‍

പടിയൂര്‍ ഇരട്ടക്കൊല: പ്രതി പ്രേംകുമാര്‍ ഉത്തരാഖണ്ഡില്‍ മരിച്ച നിലയില്‍

തൃശൂര്‍: ഇരിങ്ങാലക്കുട പടിയൂര്‍ ഇരട്ടകൊലപാതക കേസിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പ്രേംകുമാറിനെ ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലെ വിശ്രമകേന്ദ്രത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല.

പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ വിവരം ഉത്തരാഖണ്ഡ് പൊലീസ് സംസ്ഥാനത്തെ അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. മരിച്ചത് പ്രേംകുമാര്‍ തന്നെയാണെന്ന് ഉത്തരാഖണ്ഡ് പൊലീസ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കേരള പൊലീസ് അവിടെ ചെന്ന് മൃതദേഹം കണ്ട് മരിച്ചത് പ്രേംകുമാര്‍ തന്നെയാണെന്ന് ഉറപ്പിച്ചാല്‍ മാത്രമേ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവുകയുള്ളു.

പടിയൂരിലെ ഇരട്ടക്കൊലയ്ക്കു ശേഷം ഒളിവില്‍ പോയ പ്രേംകുമാറിനു വേണ്ടി അന്യസംസ്ഥാനങ്ങളില്‍ അന്വേഷണം തുടരുന്ന തൃശൂരില്‍ നിന്നുള്ള പൊലീസ് സംഘം ഡല്‍ഹിയില്‍ ക്യാമ്പ് ചെയ്യുന്നതിനിടെയാണ് പ്രതി കേദാര്‍നാഥില്‍ മരിച്ചെന്ന വിവരം ലഭിക്കുന്നത്. ഇതെത്തുടര്‍ന്ന് ഇവര്‍ കേദാര്‍നാഥിലേക്ക് തിരിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ നിന്നും അഞ്ഞൂറു കിലോമീറ്ററിലധികം ദൂരമാണ് ഉത്തരാഖണ്ഡിലേക്കുള്ളത്. അവിടെ നിന്നും കേദാര്‍നാഥിലേക്ക് എത്താന്‍ പിന്നെയും സമയമെടുക്കുമെന്നതിനാല്‍ മരിച്ചത് പ്രേംകുമാര്‍ തന്നെയാണെന്ന കേരള പൊലീസിന്റെ ഔദ്യോഗിക സ്ഥിരീകരണത്തിന് സമയമെടുത്തേക്കും. പ്രേംകുമാറിന്റേത് ആത്മഹത്യയാണോ സ്വാഭാവിക മരണമാണോ എന്ന കാര്യത്തിലും വ്യക്തതയില്ല

ഇക്കഴിഞ്ഞ രണ്ടാം തീയതിയാണ് പ്രേംകുമാറിന്റെ ഭാര്യ കൈതവളപ്പില്‍ രേഖ (43), ഭാര്യാമാതാവ് മണി (74 ) എന്നിവരെ പടിയൂരിലെ വാടകവീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം മുങ്ങിയ പ്രതി കോട്ടയം കുറിച്ചി സ്വദേശി പ്രേംകുമാറിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാള്‍ ഉദയംപേരൂര്‍ സ്വദേശിനിയായ ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. ആ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് രേഖയുമായി അടുപ്പത്തിലാകുന്നത്.

കുടിവെള്ളക്കുപ്പികള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞു; സ്വകാര്യ ബസിന് രണ്ടായിരം രൂപ പിഴ

കുടിവെള്ളക്കുപ്പികള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞു; സ്വകാര്യ ബസിന് രണ്ടായിരം രൂപ പിഴ

കണ്ണൂര്‍: കുടിവെള്ളക്കുപ്പികള്‍ സ്വകാര്യബസില്‍ നിന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞതിന് രണ്ടായിരം രൂപ പിഴയിട്ട്‌ കണ്ണൂര്‍ കോര്‍പറേഷന്‍. കണ്ണൂര്‍ നഗരത്തിലാണ് ഓടുന്ന ബസില്‍ നിന്ന് കുപ്പികള്‍ റോഡിലേക്ക് അലക്ഷ്യമായി വലിച്ചെറിഞ്ഞത്. കണ്ണൂര്‍ – കൂത്തുപറമ്പ് റൂട്ടിലെ ‘കസര്‍ മുല്ലബസിനാണ് പിഴയിട്ടത്.

പരിസ്ഥിതി പ്രവര്‍ത്തകനായ ഡോ. ഗ്രിഫിനാണ് കഴിഞ്ഞ ദിവസം പകര്‍ത്തിയ വീഡിയോ ക്‌ളിപ്പുകള്‍ സഹിതം പരാതി നല്‍കിയത്. ഇതേ തുടര്‍ന്നാണ് കോര്‍പറേഷന്‍ സെക്രട്ടറി പിഴയിട്ടത്. വരും ദിവസങ്ങളിലും പ്‌ളാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കുമെന്ന് കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു.

സ്വർണവില വീണ്ടും കുതിച്ചുയരുന്നു; രണ്ട് ദിവസത്തിനിടെ കൂടിയത് 1200 രൂപ

സ്വർണവില വീണ്ടും കുതിച്ചുയരുന്നു; രണ്ട് ദിവസത്തിനിടെ കൂടിയത് 1200 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി 73,000ലേക്ക് അടുക്കുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 640 രൂപയാണ് വര്‍ധിച്ചത്. 72,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 80 രൂപയാണ് വര്‍ധിച്ചത്. 9100 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

അഞ്ചിന് 73000ന് മുകളില്‍ എത്തി വീണ്ടും റെക്കോര്‍ഡുകള്‍ ഭേഭിച്ച് മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ തോതില്‍ ഇടിവ് ഉണ്ടായത്. ഏകദേശം 1500 രൂപ ഇടിഞ്ഞ ശേഷമാണ് ഇന്നലെ ഒറ്റയടിക്ക് 600 രൂപ വര്‍ധിച്ചത്. രണ്ടു ദിവസങ്ങളിലായി 1240 രൂപ വർധിച്ച് തിരിച്ചുവന്നിരിക്കുകയാണ് സ്വർണവില.

ആഗോള വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ആര്‍ബിഐ നയം, ഓഹരി വിപണിയിലെ മാറ്റങ്ങള്‍ എന്നിവയും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.

കുണ്ടറയില്‍ മേശയുടെ ഗ്ലാസ് പൊട്ടി വീണു; അഞ്ചു വയസുകാരന്‍ മരിച്ചു

കുണ്ടറയില്‍ മേശയുടെ ഗ്ലാസ് പൊട്ടി വീണു; അഞ്ചു വയസുകാരന്‍ മരിച്ചു

കൊല്ലം: കുണ്ടറയില്‍ മേശയുടെ ഗ്ലാസ് പൊട്ടി വീണ് പരിക്കേറ്റ് അഞ്ചു വയസുകാരന്‍ മരിച്ചു. സുനീഷ്, റൂബി ദമ്പതികളുടെ മകന്‍ എയ്ദന്‍ ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് സംഭവം. ചോര വാര്‍ന്ന നിലയില്‍ കണ്ട കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

സംഭവ സമയത്ത് വീട്ടില്‍ കുഞ്ഞും അമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. അമ്മ കുളിമുറിയിലായിരുന്നു. ഈസമയത്ത് കുഞ്ഞ് ഹാളില്‍ ഒറ്റയ്ക്കായിരുന്നു. ടീപ്പോയിലെ ഗ്ലാസ് പൊട്ടിവീണ് എയ്ദന്റെ കാലില്‍ തുളച്ചുകയറുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. തുടയിലേക്കാണ് ഗ്ലാസ് തുളച്ചുകയറിയത്.

ഒരുപാട് ചോര വാര്‍ന്നുപോയി. അമ്മ കുളിമുറിയില്‍ നിന്ന് പുറത്തിറങ്ങി വന്നപ്പോള്‍ ചോര വാര്‍ന്ന നിലയില്‍ കുഞ്ഞിനെ കാണുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തുള്ളവരെ വിളിച്ചുവരുത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആദ്യം താലൂക്ക് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ചോര വാര്‍ന്നാണ് മരണം സംഭവിച്ചിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.

കപ്പലിലുണ്ടായിരുന്ന ആ നാലു പേര്‍ എവിടെ? മൂന്നു ദിവസത്തെ തിരച്ചില്‍ വിഫലം

കപ്പലിലുണ്ടായിരുന്ന ആ നാലു പേര്‍ എവിടെ? മൂന്നു ദിവസത്തെ തിരച്ചില്‍ വിഫലം

കൊച്ചി: ബേപ്പൂരിന് 88 നോട്ടിക്കല്‍ മൈല്‍ അകലെ അപകടത്തില്‍പ്പെട്ട വാന്‍ ഹായ് 503ലെ ജീവനക്കാരെ ഇനിയും കണ്ടെത്താനായിട്ടില്ല.കപ്പലിനെ കേരള തീരത്തു നിന്ന് പുറം കടലിലേക്ക് വലിച്ചു നീക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും അപകടത്തില്‍ കാണാതായ നാലു ജീവനക്കാരെക്കുറിച്ച് ഒരു വിവരവും ഇല്ല.

നാവിക-തീരരക്ഷാ സേനകള്‍ ഇവരെ കണ്ടെത്താന്‍ കപ്പലുകളും ഡോണിയര്‍ വിമാനങ്ങളും പ്രത്യേകമായി നിയോഗിച്ചിട്ടും ഫലമുണ്ടായിട്ടില്ല. കാണാതായവരില്‍ രണ്ടുപേര്‍ തയ്വാന്‍ സ്വദേശികളും ഒരാള്‍ ഇന്‍ഡൊനീഷ്യക്കാരനും മറ്റൊരാള്‍ മ്യാന്‍മാര്‍ സ്വദേശിയുമാണ്. ഇവര്‍ കപ്പലില്‍ത്തന്നെ കുടുങ്ങിപ്പോയിട്ടുണ്ടാകാമെന്ന സംശയത്തിലാണ് സേനകള്‍.

നീന്താനറിയുന്നവരാണ് എല്ലാവരും. ഇവര്‍ കടലിലേക്ക് ചാടിയിട്ടുണ്ടെങ്കില്‍ മണിക്കൂറുകള്‍ക്കകം നാവിക-തീരരക്ഷാ സേനകളുടെ കപ്പലുകള്‍ക്കോ ഡോണിയര്‍ വിമാനങ്ങള്‍ക്കോ ഇവരെ കണ്ടെത്താന്‍ സാധിക്കുമായിരുന്നു. അതുകൊണ്ട് തന്നെ ഇവര്‍ കപ്പലികത്ത് കുടുങ്ങി കിടക്കുന്നുണ്ടാകാം എന്ന സൂചനയാണുള്ളത്. കപ്പലിന്റെ മധ്യഭാഗത്തെ കണ്ടെയ്നറുകളിലൊന്നില്‍ സ്‌ഫോടനുമുണ്ടായതിനു പിന്നാലെയാണ് തീപ്പിടിത്തമുണ്ടായത്. കാണാതായ നാലുപേര്‍ ആ സമയത്ത് ആ ഭാഗത്തുണ്ടായിരുന്നിരിക്കാമെന്നാണ് സംശയിക്കുന്നത്.

കപ്പലില്‍ ആകെയുണ്ടായിരുന്നത് 22 ജീവനക്കാരായിരുന്നു. 18 പേരെ രക്ഷപ്പെടുത്തുമ്പോള്‍ ഡോണിയര്‍ വിമാനം കപ്പലിനുമുകളില്‍ നിരീക്ഷണം നടത്തുന്നുണ്ടായിരുന്നു. ഈ സമയം കാണാതായ നാലുപേരെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.

റാപ്പർ വേടന്റെ പാട്ട് പാഠ്യവിഷയത്തിൽ ഉൾപ്പെടുത്തരുത്’; പരാതിയുമായി ബിജെപി

റാപ്പർ വേടന്റെ പാട്ട് പാഠ്യവിഷയത്തിൽ ഉൾപ്പെടുത്തരുത്’; പരാതിയുമായി ബിജെപി

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ റാപ്പർ വേടന്റെ (ഹിരൺ ദാസ് മുരളി) പാട്ട് പാഠ്യവിഷയമായി ഉൾപ്പെടുത്തിയതിനെതിരെ സിൻഡിക്കേറ്റിലെ ബിജെപി പ്രതിനിധി. തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിൻഡിക്കേറ്റ് അംഗം എ കെ അനുരാജ് വൈസ് ചാൻസലർ ഡോ. പി രവീന്ദ്രന് കത്ത് നൽകി.

ബിഎ മലയാളം മൂന്നാം സെമസ്റ്റർ പാഠഭാഗത്തിലാണ് ഹിരൺ ദാസ് മുരളിയുടെ പാട്ട് പഠന വിഷയമാക്കിയത്. ലഹരിവസ്തുക്കൾ കൈവശം വെച്ചതിന് ഹിരൺദാസ് അറസ്റ്റിലായതും പുലിപ്പല്ല് കൈവശം വെച്ചതുമെല്ലാം എ കെ അനുരാജ് കത്തിൽ പറയുന്നു. കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കളും മദ്യവും ഉപയോഗിക്കുന്ന ആളാണ് താനെന്നും വരുംതലമുറക്ക് തെറ്റായ മാതൃകയാണെന്നും സ്വയം സമ്മതിച്ച ആളാണ് വേടൻ. പാട്ട് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത് പ്രതിഷേധാർഹമാണ്. വേടൻറെ പല വിഡിയോകളിലും മദ്യം നിറച്ച ഗ്ലാസുകൾ ഉപയോഗിക്കുന്നുണ്ട്.

വേടൻറെ രചന പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നത്, ഇയാൾ ജീവിതത്തിൽ പിന്തുടരുന്ന അനുകരണീയമല്ലാത്ത വഴികൾ പകർത്താൻ വിദ്യാർഥികളെ പ്രേരിപ്പിക്കൽ കൂടിയാകുമെന്ന് ആശങ്കയുണ്ട്. വേടന്റെ രചനകൾക്ക് പകരം മറ്റേതെങ്കിലും എഴുത്തുകാരുടെയോ സംഗീതജ്ഞരുടെയോ രചനകൾ പാഠഭാഗമാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് കാലിക്കറ്റ് സർവകലാശാല മൂന്നാം സെമസ്റ്റർ മലയാളം പാഠഭാഗത്തിലാണ് വേടൻറെ പാട്ട് പഠന വിഷയമാക്കിയത്. മൈക്കിൾ ജാക്‌സന്റെ ‘ദേ ഡോണ്ട് കെയർ അസ്’ നൊപ്പം വേടന്റെ ‘ ഭൂമി ഞാൻ വാഴുന്നിടം’ എന്ന പാട്ടും താരതമ്യ പഠനത്തിൽ ഉൾപ്പെടുത്തുകയായിരുന്നു. അമേരിക്കൻ റാപ് സംഗീതവുമായി മലയാളത്തിലെ റാപ് സംഗീതത്തിനുള്ള താരതമ്യമാണ് നടക്കുക. ‘ഭൂമി ഞാൻ വാഴുന്നിടം…’ എന്ന വേടന്റെ പാട്ടും മൈക്കിൾ ജാക്‌സന്റെ ‘ദേ ഡോൺട് കെയർ അസ്…’ എന്ന പാട്ടുമായാണ് താരതമ്യപഠനം. രണ്ട് പാട്ടുകളുടെയും വിഡിയോ ലിങ്കാണ് നൽകിയിരിക്കുന്നത്.കണ്ണൂർ സർവകലാശാല ഇംഗ്ലീഷ് നാലാം സെമസ്റ്ററിൽ ജനപ്രിയസംസ്കാരം എന്ന പാഠഭാഗത്തും വേടന്റെ പാട്ടുണ്ട്.