by Midhun HP News | Jun 12, 2025 | Latest News, കേരളം
തൃശൂര്‍: പാരമ്പര്യത്തിന്റെ താളം തെറ്റിച്ചുകൊണ്ട്, കേരള കലാമണ്ഡലം കൽപ്പിത സർവകലാശാലയിൽ, 11 വയസ്സുള്ള ആൺകുട്ടി ഭരതനാട്യം വിദ്യാർത്ഥിയായി. കലാമണ്ഡലത്തിന്‍റെ ചരിത്രത്തിലാദ്യമായാണ് ആൺകുട്ടിക്ക് ഭരതനാട്യം കോഴ്സിന് പ്രവേശനം ലഭിക്കുന്നത്.
ഓസ്‌ട്രേലിയയിലെ പെർത്തിൽ സ്ഥിരതാമസമാക്കിയ 11 വയസ്സുള്ള ഡാനിയേൽ എൽദോയാണ്, കലാമണ്ഡലത്തിൽ ഭരതനാട്യ കോഴ്‌സിന് ചേർന്നത്. ഭരതനാട്യത്തോടുള്ള അഭിനിവേശമാണ് ഡാനിയേൽ എൽദോ എന്ന കൗമാരക്കാരനെ കലാമണ്ഡലത്തിലെത്തിച്ചത്. ആറ് മാസമാണ് ഡാനിയേൽ പഠിക്കുന്ന കോഴ്സിന്റെ കാലാവധി.
എറണാകുളം ജില്ലയിലെ പിറവം സ്വദേശിയായ ഡാനിയേൽ, ഓസ്‌ട്രേലിയയിൽ ഒരു പരിപാടിക്കായി ഭരതനാട്യം കുറച്ചു നാൾ അഭ്യസിച്ചിരുന്നു. ആ പരിപാടിക്ക് പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായം ലഭിച്ചു. അടുത്തിടെ കേരള കലാമണ്ഡലത്തിൽ അധ്യാപകനായി ജോലി ലഭിച്ച പ്രശസ്ത മോഹിനിയാട്ടം നർത്തകനായ ആർഎൽവി രാമകൃഷ്ണനാണ് ഡാനിയേലിനെ ഭരതനാട്യത്തിന്റെ അടിസ്ഥാന പാഠങ്ങൾ പഠിപ്പിക്കുന്നത്.
“കലാമണ്ഡലത്തിൽ ഭരതനാട്യം വിഭാഗം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. കലാരൂപങ്ങൾ പ്രായഭേദമന്യേ എല്ലാവർക്കും പഠിക്കാൻ കഴിയുന്ന ഹ്രസ്വകാല കോഴ്‌സുകൾ നിലവിലുണ്ട്. അത്തരം കോഴ്‌സുകൾ പഠിക്കുമ്പോൾ, മറ്റ് കോഴ്‌സുകളിലേതുപോലെ കലാമണ്ഡലം എന്നത് അവരുടെ പേരിന് ഒപ്പം ഉൾപ്പെടുത്താൻ കഴിയില്ല,” രാമകൃഷ്ണൻ പറഞ്ഞു.
കഴിഞ്ഞ വർഷമാണ് (2024) കലാമണ്ഡലം അടിസ്ഥാനപരമായ മാറ്റം വരുത്തി, എല്ലാവരെയും എല്ലാ കോഴ്‌സുകളിലേക്കും പ്രവേശനം നൽകാൻ ആരംഭിച്ചത്. കഥകളി, മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങിയ പ്രധാന കോഴ്‌സുകളിലെ ചേരുന്നതിന് മുമ്പുണ്ടായിരുന്ന ലിംഗപരമായ വ്യത്യാസം അവസാനിപ്പിച്ചു. കലാമണ്ഡലത്തിന്റെ തുടക്ക വർഷങ്ങളിൽ ഒഴികെ, സ്ത്രീകൾ മാത്രമേ ഭരതനാട്യം, മോഹിനിയാട്ടം പോലുള്ള നൃത്തരൂപങ്ങൾക്ക് ഗുരുക്കന്മാരായി ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ, ആർഎൽവി രാമകൃഷ്ണനെ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചത് പോലും പുതിയ ചുവടുവയ്പായിരുന്നു.
“ഡാനിയേൽ ഇപ്പോൾ ആറാം ക്ലാസ് പഠനം പൂർത്തിയാക്കി ഇവിടെ ഹൈസ്കൂൾ പഠനത്തിന് ചേരും. അവൻ കലകളിൽ പ്രത്യേകിച്ച് താൽപ്പര്യം കാണിക്കുന്നുണ്ട്, അത് പ്രോത്സാഹിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. കേരളത്തിലെ പരമ്പരാഗത നൃത്ത നാടക രൂപത്തിൽ ഡാനിയേൽ ഇതിനകം നാലാം ലെവൽ പൂർത്തിയാക്കി. കേരളത്തിന്റെ പരമ്പരാഗത കലാരൂപങ്ങളിലും സംസ്കാരത്തിലും മകന് കൂടുതൽ താൽപ്പര്യമുണ്ട്, അത് പ്രോത്സാഹിപ്പിക്കുന്നതിൽ ഞങ്ങൾക്കും സന്തോഷമുണ്ട്.”ഡാനിയേലിന്റെ പിതാവ് എൽദോ പറഞ്ഞു.
ഭരതനാട്യം പഠിക്കാൻ ഡാനിയേൽ ആറ് മാസം ഇവിടെ താമസിക്കും. പലരും കലാമണ്ഡലത്തിൽ ഹ്രസ്വകാല കോഴ്‌സുകൾ ചെയ്തിരുന്നെങ്കിലും, 11 വയസ്സുള്ള ഒരു ആൺകുട്ടി ഇവിടെ ചേരുന്നത് ഇതാദ്യമായാണ്.
“കലാമണ്ഡലത്തിലെ എല്ലാ കോഴ്സുകളും എല്ലാവർക്കും പഠിക്കാൻ അവസരം നൽകുന്നതിലൂടെ, ലോകമെമ്പാടുമുള്ള ആളുകൾക്ക് സ്ഥാപനത്തിലെ സാധ്യതകൾ ഉപയോഗിച്ച് കല പഠിക്കാനാവുന്ന സാഹചര്യമാണ് ലക്ഷ്യമിടുന്നത്. വിദേശത്തുള്ള ആളുകൾക്ക്, ഇവിടെ പത്ത് വർഷമായി താമസിച്ച് ഈ കലാരൂപം പഠിക്കുന്നത് പ്രായോഗികമായിരിക്കില്ല. ഹ്രസ്വകാല കോഴ്സുകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ഇത് സ്ഥാപനത്തിനും ഗുണകരമാണെന്നും കലാമണ്ഡലം രജിസ്ട്രാർ രാജേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
യുജി, പിജി കോഴ്സുകൾ എല്ലാവർക്കും പഠിക്കാൻ അവസരം നൽകിയിട്ടുണ്ടെങ്കിലും മോഹിനിയാട്ടം പോലുള്ള കോഴ്സുകൾക്ക് ആൺകുട്ടികൾ ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ല. നേരത്തെ ആൺകുട്ടികൾക്ക് മാത്രമായിരുന്ന കഥകളി ഇപ്പോള്‍ പെൺകുട്ടികൾ പഠിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
by Midhun HP News | Jun 12, 2025 | Latest News, കേരളം
തൃശൂര്‍: കനത്ത മഴയെ തുടര്‍ന്ന് മാളയില്‍ യഹൂദ സിനഗോഗിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ഇന്നലെ വൈകീട്ട് വരെ സന്ദര്‍ശകരുണ്ടായിരുന്നു. അപകടാവസ്ഥയിലാണെന്നും ആളുകളെ പ്രവേശിപ്പിക്കരുതെന്നും കാണിച്ച് പഞ്ചായത്ത് അസി.എന്‍ജിനീയര്‍ നല്‍കിയ റിപ്പോര്‍ട്ട് മാള പഞ്ചായത്ത് അവഗണിച്ചതായും ആരോപണമുണ്ട്. കഴിഞ്ഞ വര്‍ഷം ഒരു കോടി രൂപ ചെലവഴിച്ച് കെട്ടിടം നവീകരിച്ചിരുന്നു.
ചരിത്രപരമായി ഏറെ പ്രാധാന്യമുള്ളതാണ് മാളയിലെ ജൂത സിനഗോഗ്. 1930 ല്‍ നിര്‍മിക്കപ്പെട്ടുവെന്ന് കരുതുന്ന ഈ കെട്ടിടം രണ്ടാം ആംഗ്ലോ മൈസൂര്‍ യുദ്ധസമയത്ത് ടിപ്പു സുല്‍ത്താന്റെ സൈന്യത്തിന്റെ ആക്രമണം നേരിട്ടു. മാളയിലെ ജൂതസമൂഹം ഇസ്രായേലിലേയ്ക്ക് കുടിയേറാന്‍ തുടങ്ങിയപ്പോള്‍ ഈ കെട്ടിടം മാള ഗ്രാമ പഞ്ചായത്തിന് കൈമാറുകയായിരുന്നു.
1954ലാണ് കെട്ടിടം പഞ്ചായത്തിന്റെ അധീനതയിലായത്. അതിന് ശേഷം ഈ കെട്ടിടം പഞ്ചായത്ത് ഹാളായി ഉപയോഗിച്ചിരുന്നു. പിന്നീടിത് ജൂത മ്യൂസിയമാക്കി മാറ്റി. മുസരീസ് പൈതൃക പട്ടികയല്‍ ഉള്‍പ്പെടുത്തി കൈമാറിയ കെട്ടിടത്തിന്റെ ചുമതല ടൂറിസം വകുപ്പിനാണ്.
by Midhun HP News | Jun 12, 2025 | Latest News, കേരളം
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനായി തയ്യാറാക്കിയ വോട്ടര്‍പട്ടികയില്‍ ആകെ 2,32,381 പേര്‍.1,13,613 പുരുഷ വോട്ടര്‍മാരും 1,18,760 വനിതാ വോട്ടര്‍മാരും എട്ട് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളും ഉള്‍പ്പെടുന്നതാണ് മണ്ഡലത്തിലെ പുതുക്കിയ വോട്ടര്‍പട്ടിക. ഇതില്‍ 7787 പേര്‍ പുതിയ വോട്ടര്‍മാരാണ്. 373 പ്രവാസി വോട്ടര്‍മാരും 324 സര്‍വീസ് വോട്ടര്‍മാരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഹോം വോട്ടിങിന് അര്‍ഹരായ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട 2302 പേരും 85 വയസ്സിനു മുകളിലുള്ള 1370 പേരും മണ്ഡലത്തിലുണ്ടെങ്കിലും ഭിന്നശേഷിക്കാരില്‍ 316 പേരും മുതിര്‍ന്ന പൗരന്മാരില്‍ 938 പേരുമാണ് വീട്ടില്‍ വോട്ട് ചെയ്യാന്‍ അപേക്ഷ നല്‍കിയത്. ഇതുപ്രകാരം ഹോംവോട്ടിങിന് അനുമതി ലഭിച്ച 1254 പേര്‍ക്കുള്ള വോട്ടെടുപ്പ് തിങ്കളാഴ്ച മുതല്‍ ആരംഭിച്ചു.
16 വരെ ഇത് തുടരുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ വി ആര്‍ വിനോദ് നിലമ്പൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉപതിരഞ്ഞെടുപ്പിനായി 59 പുതിയ പോളിങ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ ആകെ 263 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിക്കുന്നത്. ആദിവാസി മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന, വനത്തിനുള്ളില്‍ മൂന്നു ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. പുഞ്ചക്കൊല്ലി മോഡല്‍ പ്രീ സ്‌കൂളിലെ 42-ാം നമ്പര്‍ ബൂത്ത്, ഇരുട്ടുകുത്തി വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷന്‍ 120-ാം നമ്പര്‍ ബൂത്ത്, നെടുങ്കയം അമിനിറ്റി സെന്റര്‍ 225-ാം നമ്പര്‍ ബൂത്ത് എന്നിവയാണവ. ഏഴു മേഖലകളിലായി 11 പ്രശ്ന സാധ്യതാ ബൂത്തുകളുണ്ട്.
വനത്തിനുള്ളിലെ മൂന്ന് ബൂത്തുകള്‍ ഉള്‍പ്പെടെ 14 ക്രിട്ടിക്കല്‍ ബൂത്തുകളില്‍ വന്‍ സുരക്ഷാ സംവിധാനമൊരുക്കും. എല്ലാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് വെബ്കാസ്റ്റിങ് നടത്തും.റിസര്‍വ് ഉള്‍പ്പെടെ 315 വോട്ടിങ് യന്ത്രങ്ങളും 341 വിവിപാറ്റുകളും വോട്ടെടുപ്പിനായി ഉപയോഗിക്കും. വോട്ടെണ്ണല്‍ ദിനത്തിലേക്കാക്കായി കൗണ്ടിങ് സ്റ്റേഷനായ ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 14 ഇവിഎം കൗണ്ടിങ് ടേബിളുകളും 5 പോസ്റ്റല്‍ ബാലറ്റ്/സര്‍വീസ് വോട്ട് കൗണ്ടിങ് ടേബിളുകളും സജ്ജീകരിക്കും. വോട്ടെണ്ണല്‍ ദിനത്തില്‍ 21 വീതം കൗണ്ടിങ് സൂപ്പര്‍വൈസര്‍, കൗണ്ടിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്സര്‍വര്‍, കൗണ്ടിങ് സ്റ്റാഫുകളും 7 എആര്‍ഒമാരും ഉള്‍പ്പെടെ 91 കൗണ്ടിങ് സ്റ്റാഫുകളെ നിയോഗിച്ചിട്ടുണ്ട്. പോസ്റ്റല്‍ ബാലറ്റ് കൗണ്ടിങ്ങിനായി എട്ടുപേര്‍ വീതമുള്ള 32 ഉദ്യോഗസ്ഥരേയും നിയോഗിച്ചു.
ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇതുവരെ സി – വിജില്‍ ആപ്പില്‍ 284 പരാതികള്‍ ലഭിക്കുകയും എല്ലാം പരിഹരിക്കുകയും ചെയ്തിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു.ഇവിഎം കമ്മിഷനിങ്ങിനുള്ള പരിശീലനം ജൂണ്‍ 13 നും ഇവിഎം കമ്മീഷനിങ് 14 നും നടക്കും. ജൂണ്‍ 16ന് വോട്ടിങ് മെഷീന്‍ വിതരണ ഉദ്യോഗസ്ഥര്‍ക്കും റൂട്ട് ഓഫിസര്‍മാര്‍ക്കും ട്രെയിനിങ് നല്‍കും. മണ്ഡലത്തിലെ ഓരോ പോളിങ് ബൂത്തുകളിലും പരാതികള്‍ക്ക് ഇടവരാത്ത വിധത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും ക്രമീകരണങ്ങള്‍ വോട്ടര്‍മാര്‍ക്കും പോളിങ് ഉദ്യോഗസ്ഥര്‍ക്കുമായി ഒരുക്കിയിട്ടുണ്ട്. ബൂത്തുകളിലേക്കുള്ള സാമഗ്രികള്‍ ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സൂക്ഷിക്കുക. 18 ന് രാവിലെ 8 മണി മുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യും.
വോട്ടെടുപ്പിനു ശേഷം ഇതേ കേന്ദ്രത്തിലാണ് വോട്ടിങ് യന്ത്രങ്ങള്‍ തിരികെയെത്തിക്കുക. തുടര്‍ന്ന് ഇവിടെ തന്നെ ഒരുക്കിയ സ്‌ട്രോങ് റൂമുകളിലേക്ക് മാറ്റും. ഇതിനുള്ള ക്രമീകരണം സ്‌കൂളില്‍ പൂര്‍ത്തിയായി. ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ് മേധാവി, സബ് കളക്ടര്‍ എന്നിവര്‍ സ്‌കൂളിലെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി. രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് പോളിങ്.
by Midhun HP News | Jun 12, 2025 | Latest News, കേരളം
കൊച്ചി: ദുരിതബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് അധികാരംനല്‍കുന്ന വകുപ്പ് 13 ദുരന്തനിവാരണ നിയമത്തില്‍നിന്ന് ഒഴിവാക്കിയതായി കേന്ദ്രം. പ്രസ്തുത വകുപ്പ് പ്രകാരം ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ബാധിതരുടെ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുന്ന കാര്യത്തില്‍ കേന്ദ്രത്തോട് നിലപാടറിയിക്കാന്‍ ഏപ്രില്‍ 10-ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
എന്നാല്‍ ഈ വകുപ്പ് ഒഴിവാക്കി നിയമത്തില്‍ ഭേദഗതിവരുത്തി മാര്‍ച്ച് 29-ന് വിജ്ഞാപനം പുറപ്പെടുവിച്ചെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി അണ്ടര്‍ സെക്രട്ടറി ചന്ദന്‍ സിങ്ങ് സത്യവാങ്മൂലത്തില്‍ പറഞ്ഞു. ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ബാധിതരുടെ വായ്പ ഇത്തരത്തില്‍ എഴുതിത്തള്ളാനാകില്ലെന്നാണ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരുടെ ബാങ്ക് വായ്പകള്‍ ദേശീയ ദുരന്തനിവാരണ നിയമപ്രകാരം എഴുതിത്തള്ളുന്നതു പരിഗണിക്കാത്തതിനെ കോടതി നേരത്തേ വിമര്‍ശിച്ചിരുന്നു. ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാന്‍ ബാങ്കുകളെ നിര്‍ബന്ധിക്കാന്‍ ആര്‍ബിഐക്ക് അധികാരമില്ലെങ്കിലും ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് (എന്‍ഡിഎംഎ) ദുരന്തനിവാരണ നിയമത്തിന്റെ 13ാം വകുപ്പ് പ്രകാരം അധികാരമുണ്ടെന്നായിരുന്നു ഡിവിഷന്‍ ബെഞ്ച് നേരത്തേ ചൂണ്ടിക്കാട്ടിയത്.
by Midhun HP News | Jun 12, 2025 | Latest News, കേരളം
കോഴിക്കോട്: പന്തീരാങ്കാവില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍ നിന്നും 40 ലക്ഷം രൂപ തട്ടിയെടുത്ത് കടന്നുകളഞ്ഞ കേസില്‍ പ്രതി ഷിബിന്‍ ലാല്‍ രക്ഷപ്പെട്ട സ്‌കൂട്ടര്‍ പൊലീസ് കണ്ടെത്തി. പന്തീരാങ്കാവിലെ ഷിബിന്റെ ഉടമസ്ഥതയിലുള്ള ഷെഡില്‍ നിന്നുമാണ് സ്‌കൂട്ടര്‍ കണ്ടെത്തിയത്. വാടകക്കെടുത്ത സ്‌കൂട്ടറാണ് കവര്‍ച്ച നടത്താന്‍ ഉപയോഗിച്ചത്. സംഭവത്തില്‍ ഇസാഫ് ബാങ്ക് ജീവനക്കാരെ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് നീക്കം തുടങ്ങി. എട്ടു ജീവനക്കാരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.
ഷിബിന്‍ ലാല്‍ നാല് ദിവസം മുമ്പ് സ്വര്‍ണ്ണപ്പണയം മാറ്റിവയ്ക്കുന്നതിനായി ബാങ്കിലെത്തിയതായി ഇസാഫ് ജീവനക്കാര്‍ പറയുന്നു. ഷിബിന്‍ ലാലിന്റെ വീട്ടിലെത്തി ഇസാഫ് പ്രതിനിധി വെരിഫിക്കേഷന്‍ നടത്തിയ ശേഷം ഭാര്യയുടെയും ഷിബിന്‍ലാലിന്റെയും പേരില്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങി. ഒളവണ്ണ സര്‍വീസ് സഹകരണ ബാങ്കില്‍ 40 ലക്ഷത്തിന് സ്വര്‍ണ്ണ വായ്പ ഉണ്ടെന്നും ഇസാഫില്‍ പലിശ കുറവായതിനാല്‍ ഇങ്ങോട്ട് മാറ്റണമെന്നുമായിരുന്നു ഷിബിന്‍ ലാല്‍ പറഞ്ഞിരുന്നത്.
തുടര്‍ന്നാണ് ഇന്നലെ പണവുമായി ഇസാഫ് ജീവനക്കാര്‍ സഹകരണ ബാങ്കിലേക്ക് പോയത്. ജീവനക്കാര്‍ കാറിലും ഷിബിന്‍ലാല്‍ ബൈക്കിലുമാണ് ബാങ്കിലെത്തിയത്. പണവുമായി ഒരു ജീവനക്കാരന്‍ പുറത്തിറങ്ങിയ സമയത്ത് ഷിബിന്‍ ലാല്‍ പണം തട്ടിയെടുത്ത് സ്‌കൂട്ടറില്‍ കടന്നുകളഞ്ഞു എന്നതാണ് കേസ്.
by Midhun HP News | Jun 12, 2025 | Latest News, കേരളം
മൂവാറ്റുപുഴ: പൈനാപ്പിൾ വില റെക്കോർഡിലേക്ക്. ബുധനാഴ്ച പൈനാപ്പിൾ ഒരെണ്ണത്തിന് വില 60 രൂപയായി. വില തീരെ താഴ്ന്ന് ദിവസങ്ങൾ കഴിയും മുമ്പാണ് വില കുതിച്ചുയർന്നത്. വില ഇനിയും വർധിക്കുമെന്നാണു സൂചന.പച്ചയ്ക്ക് 58 രൂപയായാണ് വർധിച്ചത്. ഉൽപ്പാദനത്തിലുണ്ടായ വലിയ കുറവും വിപണിയിലെ വൻ ഡിമാൻഡാണ് പൈനാപ്പിൾ വില കുതിച്ചുയരാൻ കാരണം. വിവിധ സംസ്ഥാനങ്ങളിലേക്ക് പൈനാപ്പിൾ വലിയ തോതിൽ കയറ്റി പോകുന്നുമുണ്ട്.
കാലാവസ്ഥ വ്യതിയാനം മൂലം പൈനാപ്പിൾ മൂത്ത് പഴുക്കുന്നതിനു സാധാരണയിലും കൂടുതൽ ദിവസം എടുത്തതു മൂലം മാർക്കറ്റിൽ പൈനാപ്പിൾ എത്തുന്നതിൽ കുറവുണ്ടായതും വില വർധനക്കു കാരണമായി. വില വർധന കർഷകർക്ക് ആശ്വാസമായിട്ടുണ്ട്.
Recent Comments