താൻ വിദ്യാസമ്പന്ന, കമ്പനിയില്‍ അച്ഛനും ഭര്‍ത്താവിനും പങ്കില്ല, ലഭിച്ചത് ഐടി സേവനങ്ങൾക്കുള്ള പ്രതിഫലം; വീണ ഹൈക്കോടതിയില്‍

താൻ വിദ്യാസമ്പന്ന, കമ്പനിയില്‍ അച്ഛനും ഭര്‍ത്താവിനും പങ്കില്ല, ലഭിച്ചത് ഐടി സേവനങ്ങൾക്കുള്ള പ്രതിഫലം; വീണ ഹൈക്കോടതിയില്‍

കൊച്ചി: എക്‌സാലോജിക് കമ്പനി സിഎംആര്‍എലിന് ഐടി സേവനങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി വീണ. ഐടി സേവനങ്ങള്‍ക്കുള്ള പ്രതിഫലം ബാങ്ക് വഴിയാണ് കരാര്‍പ്രകാരം ലഭിച്ചിരിക്കുന്നത്. ഇടപാടുകള്‍ പൂര്‍ണമായും നിയമപ്രകാരമുള്ളതാണ്. എല്ലാ സാമ്പത്തിക ഇടപാടുകളുടേയും രേഖകള്‍ കൃത്യമായി സമര്‍പ്പിച്ചിട്ടുണ്ടെന്നും സിഎംആർഎൽ കേസിൽ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വീണ ചൂണ്ടിക്കാട്ടി.

മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് എം ആര്‍ അജയന്‍ നല്‍കിയ ഹര്‍ജിയിലാണ് വീണ എതിര്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടുകള്‍ സംബന്ധിച്ച് ആദ്യമായാണ് വീണയുടെ ഭാഗത്തു നിന്ന് രേഖാമൂലമുള്ള വിശദീകരണം. ഇന്‍കം ടാക്‌സ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇല്ലാത്ത സേവനത്തിനുള്ള പ്രതിഫലമെന്ന ആരോപണം വീണ സത്യവാങ്മൂലത്തിൽ തള്ളിയിട്ടുണ്ട്.

തന്റെ ഭാഗം കേള്‍ക്കാതെയാണ് ഇന്‍കം ടാക്‌സ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയതെന്നും വീണ പറയുന്നു. എസ്എഫ്‌ഐഒയുടെ അന്വേഷണത്തോട് പൂര്‍ണമായും സഹകരിച്ചിട്ടുണ്ടെന്നും വീണ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. സിഎംആര്‍എലുമായുള്ള ഇടപാടുകള്‍ സുതാര്യവും നിയമപ്രകാരവുമാണ്. കരാര്‍ പ്രകാരമുള്ള പണം കൈമാറ്റമാണ് നടന്നിട്ടുള്ളത്. എക്‌സാലോജിക് ബിനാമി കമ്പനിയാണെന്നുള്ള വാദം അടിസ്ഥാനരഹിതമാണെന്നും വീണ പറയുന്നു.

അനാവശ്യമായ ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ഹര്‍ജിക്കാരന്‍ നടത്തുന്നത്. മുഖ്യമന്ത്രിയുടെ മകളായതിനാല്‍ കേസില്‍പ്പെടുത്താനാണ് ശ്രമം. താന്‍ വിദ്യാസമ്പന്നയായ യുവതിയാണ്. ഐടി മേഖലയിലെ ഒരു പ്രൊഫഷണലാണ്. എക്സാലോജിക്കിന്‍റെ പ്രവര്‍ത്തനങ്ങളില്‍ തന്‍റെ അച്ഛന് പങ്കില്ല. ഭർത്താവിനും കമ്പനിയുമായി ബന്ധമില്ല. കമ്പനി സ്ഥാപിച്ച് രണ്ട് വര്‍ഷത്തിന് ശേഷമാണ്, അച്ഛന്‍ മുഖ്യമന്ത്രിയായത്. കോവിഡ് കാലത്താണ് എക്‌സാലോജിക് കമ്പനിപൂട്ടിപ്പോയത് എന്നും വീണ ചൂണ്ടിക്കാട്ടുന്നു.

എകെജി സെന്ററിന്റെ മേല്‍വിലാസം ഉപയോഗിച്ചുവെന്ന ആരോപണവും വീണ തള്ളി. എകെജി സെന്‍റര്‍ സുരക്ഷിത താവളമാക്കിയെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. എകെജി സെന്‍ററിന്‍റെ വിലാസം തെറ്റായി ഉപയോഗിച്ചതിനല്ല ആര്‍ഒസി പിഴയീടാക്കിയത് . നടപടിക്രമങ്ങളിലെ വീഴ്ച തിരുത്താനാണ് പിഴയീടാക്കിയത്. സിബിഐ അന്വേഷണം വേണമെന്ന ഹർജിക്കാരന്റെ അപേക്ഷ നിരാകരിക്കണമെന്നും വീണ ആവശ്യപ്പെട്ടിട്ടുണ്ട്.

മണ്‍സൂണ്‍: കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയത്തില്‍ മാറ്റം, പുതിയ സമയക്രമം അറിയാം

മണ്‍സൂണ്‍: കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയത്തില്‍ മാറ്റം, പുതിയ സമയക്രമം അറിയാം

തിരുവനന്തപുരം: മണ്‍സൂണ്‍ പ്രമാണിച്ച് കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയത്തില്‍ മാറ്റം. ജൂണ്‍ 15 മുതല്‍ ഒക്ടോബര്‍ 20 വരെയാണ് മാറ്റമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. പുതിയ ടൈംടേബിള്‍ ഈ മാസം 15ന് നിലവില്‍ വരും.

മഴക്കാലത്ത് അപകടങ്ങള്‍ക്കു സാധ്യതയുളളതിനാല്‍ പതിവിലും വേഗം കുറച്ച് ട്രെയിനുകളുടെ സമയം ക്രമീകരിച്ചുള്ള മണ്‍സൂണ്‍ ടൈംടേബിള്‍ ഒക്ടോബര്‍ 20 വരെയാണ് നിലവിലുണ്ടാകുക. കേരളത്തില്‍നിന്നു വിവിധ സംസ്ഥാനങ്ങളിലേക്കും തിരിച്ചുമുള്ള ട്രെയിനുകളുടെ സമയത്തില്‍ മാറ്റമുണ്ടാകും.

എറണാകുളം ജങ്ഷന്‍-പുണെ സൂപ്പര്‍ഫാസ്റ്റ്, എറണാകുളം ജങ്ഷന്‍-നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് എന്നിവ 02.15-ന് പുറപ്പെടും (നിലവിലെ സമയം-05.15). തിരുവനന്തപുരം നോര്‍ത്ത് (കൊച്ചുവേളി)-ഋഷികേശ്, തിരുവനന്തപുരം നോര്‍ത്ത് (കൊച്ചുവേളി)-ചണ്ഡീഗഢ് സമ്പര്‍ക്ക് ക്രാന്തി എന്നിവ 04.50-ന് പുറപ്പെടും (നിലവിലെ സമയം-09.10). തിരുനെല്‍വേലി-ഹാപ്പ, തിരുനെല്‍വേലി-ഗാന്ധിധാം എന്നിവ 05.05-ന് പുറപ്പെടും (നിലവിലെ സമയം-08.00). തിരുവനന്തപുരം നോര്‍ത്ത് (കൊച്ചുവേളി)-ലോക്മാന്യ തിലക് ഗരീബ്രഥ്-9.10-ന് പുറപ്പെടും (നിലവിലെ സമയം-07.45). തിരുവനന്തപുരം നോര്‍ത്ത് (കൊച്ചുവേളി)-ഇന്ദോര്‍ സൂപ്പര്‍ഫാസ്റ്റ്, തിരുവനന്തപുരം നോര്‍ത്ത് (കൊച്ചുവേളി)-പോര്‍ബന്തര്‍ സൂപ്പര്‍ഫാസ്റ്റ് എന്നിവ 09.10-ന് യാത്ര തുടങ്ങും (നിലവിലെ സമയം-11.15).

എറണാകുളം ജങ്ഷന്‍-നിസാമുദ്ദീന്‍ മംഗള്‍ദീപ് എക്‌സ്പ്രസ് 10.30-നും (നിലവിലെ സമയം-13.25) എറണാകുളം ജങ്ഷന്‍-മഡ്ഗാവ് സൂപ്പര്‍ഫാസ്റ്റ് 13.25-നും (നിലവിലെ സമയം-10.40) പുറപ്പെടും. തിരുവനന്തപുരം സെന്‍ട്രല്‍-നിസാമുദ്ദീന്‍ രാജധാനി എക്‌സ്പ്രസ് 14.40-നും (നിലവിലെ സമയം-19.15) എറണാകുളം ജങ്ഷന്‍-അജ്മിര്‍ മരുസാഗര്‍ എക്‌സ്പ്രസ് 18.50-നും (നിലവിലെ സമയം-20.25) തിരുവനന്തപുരം സെന്‍ട്രല്‍-നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് (ശനിയാഴ്ച) 22.00-നും (നിലവിലെ സമയം-00.50) പുറപ്പെടും.

ഇഡി കൈക്കൂലിക്കേസില്‍ ചൊവ്വാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സിനോട് ഹൈക്കോടതി

ഇഡി കൈക്കൂലിക്കേസില്‍ ചൊവ്വാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സിനോട് ഹൈക്കോടതി

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പ്രതിയായ കൈക്കൂലിക്കേസില്‍ മറുപടി നല്‍കാന്‍ സാവകാശം തേടി സംസ്ഥാന സര്‍ക്കാര്‍. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യപ്രതിയായ ഇ ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍കുമാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് മറുപടിക്കായി സര്‍ക്കാര്‍ ഹൈക്കോടതിയിൽ കൂടുതല്‍ സമയം ചോദിച്ചത്.

എന്നാല്‍ എന്തിനാണ് മറുപടി സത്യവാങ്മൂലം നല്‍കാന്‍ അനാവശ്യമായി സമയം നീട്ടിചോദിക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. എന്നാല്‍ ഇതിന് സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കിയില്ല. ചൊവ്വാഴ്ചയ്ക്കകം വിശദമായ മറുപടി സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. കേസ് ഡയറി ഹാജരാക്കാനും ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ബദറുദ്ദീന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തുടര്‍ന്ന് ശേഖര്‍കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത ചൊവ്വാഴ്ചയിലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട് തന്നെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ശേഖര്‍കുമാര്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഹര്‍ജിയില്‍ തീരുമാനം വരുന്നതുവരെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ശേഖര്‍കുമാറിനെ അറസ്റ്റ് ചെയ്യുന്നതിലുള്ള വിലക്ക് ചൊവ്വാഴ്ച വരെ ഹൈക്കോടതി നീട്ടിയിട്ടുണ്ട്.

‘ഒന്നരമണിക്കൂറിനുള്ളില്‍ താമസസ്ഥലത്തെത്തും’, ഒടുവില്‍ മരണവാര്‍ത്ത; നടുങ്ങി നാട്

‘ഒന്നരമണിക്കൂറിനുള്ളില്‍ താമസസ്ഥലത്തെത്തും’, ഒടുവില്‍ മരണവാര്‍ത്ത; നടുങ്ങി നാട്

പാലക്കാട്: മകളും കുടുംബവും ഉല്ലാസയാത്ര കഴിഞ്ഞ് തിരികെ ഖത്തറിലേക്ക് മടങ്ങിയിട്ടുണ്ടാകുമെന്ന വിശ്വാസത്തിലായിരുന്നു പത്തിരിപ്പാല മണ്ണൂര്‍ പുത്തന്‍പുരയില്‍ രാധാകൃഷ്ണനും ഭാര്യ ശാന്തിയും. അതിനിടെ എത്തിയ ദുരന്തവാര്‍ത്ത കുടുംബത്തെയും നാടിനെയും സങ്കടക്കടലാക്കി.

‘ഞങ്ങള്‍ മടക്കയാത്രയിലാണ്. അടുത്തുള്ള വെള്ളച്ചാട്ടവും കാണാന്‍പോകും. ഒന്നരമണിക്കൂറിനുള്ളില്‍ താമസസ്ഥലത്തെത്തും’- ഏറ്റവും ഒടുവില്‍ തിങ്കളാഴ്ച റിയ ആന്‍ വീട്ടിലേക്ക് അയച്ച വാട്‌സ്ആപ്പ് ശബ്ദസന്ദേശമാണിത്. മകളുടെ സന്ദേശം വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മരുമകന്‍ ജോയലിന്റെ വിളിയെത്തി. അപകടമുണ്ടായെന്നുമാത്രം പറഞ്ഞ് ഫോണ്‍വച്ചു. അതോടെ എല്ലാവരും കുഴപ്പമൊന്നുമില്ലാതെ തിരിച്ചെത്തണേയെന്ന പ്രാര്‍ഥനയിലായി കുടുംബം. പക്ഷേ, ചൊവ്വാഴ്ച പകല്‍ പതിനൊന്നോടെ റിയയുടെയും ചെറുമകള്‍ ടൈറയുടെയും മരണവാര്‍ത്തയെത്തി. സുഹൃത്താണ് അറിയിച്ചത്.

28ന് റിയയും കുടുംബവും നാട്ടിലേക്ക് വരാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ആറുവര്‍ഷമായി ഖത്തറിലാണ് റിയയും ജോയലും മക്കളും. ഒരു വര്‍ഷം മുമ്പാണ് നാട്ടില്‍ വന്ന് മടങ്ങിയത്. ജോയല്‍ ട്രാവല്‍ ഏജന്‍സി ജീവനക്കാരനാണ്. റിയ ദോഹ എയര്‍പോര്‍ട്ട് മെയിന്റനന്‍സ് കമ്പനി ജീവനക്കാരിയും. ജോയലിന്റെ ടൂര്‍ കമ്പനിയുടെ സഹകരണത്തോടെയാണ് 28 പേരടങ്ങുന്ന സംഘത്തോടൊപ്പം കുടുംബം ജൂണ്‍ അഞ്ചിന് കെനിയയ്ക്ക് പുറപ്പെട്ടത്.

കെനിയയിലെ ന്യാഹുറുവിലെ റിസോര്‍ട്ടിലായിരുന്നു താമസം. അപകടം നടന്നത് ഇതിനുസമീപത്തെ ഒയ്ജൊറോ റോക്ക് നക്കുരു റോഡിലാണ്. അപകടത്തില്‍ ജോയലിന്റെ തോളിനും മകന്‍ ട്രാവിസിന്റെ (14) കാലിനും പരിക്കേറ്റു. ഇവര്‍ കെനിയയില്‍ ചികിത്സയിലാണ്. മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കാനാണ് ശ്രമമെന്ന് മണ്ണൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ വി സ്വാമിനാഥന്‍ പറഞ്ഞു.

കെനിയയിലെ വാഹനാപകടത്തില്‍ മരിച്ച ആറ് പേരില്‍ അഞ്ചുപേരും മലയാളികളാണ്. തിരുവല്ല സ്വദേശിനിയായ ഗീത ഷോജി ഐസക് (58), തൃശൂര്‍ വെങ്കിടങ്ങ് സ്വദേശി ജസ്ന കുറ്റിക്കാട്ടുചാലില്‍ (29), മകള്‍ റൂഹി മെഹ്റിന്‍ (ഒന്നര മാസം),എന്നിവരാണ് മരിച്ച മറ്റു മലയാളികള്‍. ജസ്നയുടെ ഭര്‍ത്താവ് വെങ്കിടങ്ങ് തൊയക്കാവ് മാടക്കായില്‍ ഹനീഫയുടെ മകന്‍ മുഹമ്മദാണ് പരിക്കേറ്റ് ആശുപത്രിയിലാണ്. ദീര്‍ഘകാലമായി കുടുംബം ഖത്തറിലാണ് താമസം.

അപകടത്തില്‍ 27 പേര്‍ക്ക് പരിക്കേറ്റു. യാത്രാസംഘത്തില്‍ പതിനാല് മലയാളികളാണ് ഉണ്ടായിരുന്നത്. ഖത്തറില്‍നിന്ന് ബലിപെരുന്നാള്‍ അവധി ആഘോഷിക്കാനായി കെനിയയിലേക്ക് വിനോദയാത്രപോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞാണ് അപകടമുണ്ടായത്.

കനത്ത മഴയില്‍ ഇറക്കത്തില്‍ വച്ച് ബസിന്റെ ബ്രേക്ക് പോയതാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയന്ത്രണം വിട്ട ബസ് താഴ്ചയിലേക്കു മറിയുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഒരു ഉരുളക്കിഴങ്ങ് തോട്ടത്തിലേക്കാണ് ബസ് മറിഞ്ഞത്. കെനിയയിലെ ഓളോ ജൊറോക്-നകൂറു റോഡില്‍ ഗിച്ചാഖ മേഖലയിലായിരുന്നു അപകടം.

അപകടത്തില്‍ ആറുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. പരിക്കേറ്റവരെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പരിക്കേറ്റവരെല്ലാം ന്യാഹുരുരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ന്യാന്‍ധരുവ കൗണ്ടി കമ്മീഷണര്‍ അബ്ദ്‌ലിസാക് ജര്‍ദേസ കെനിയന്‍ മാധ്യമങ്ങളോട് പറഞ്ഞു. കുത്തനെ ഇറക്കത്തിലുള്ള വളവ് തിരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. ബസ് പലതവണ മലക്കംമറിഞ്ഞാണ് താഴ്ചയിലേക്കു പതിച്ചത്.

തിങ്കളാഴ്ച രാത്രി ന്യാഹുരുരുവിലെ റിസോര്‍ട്ടില്‍ തങ്ങാനായിരുന്നു ഇവരുടെ പദ്ധതി. ഇന്ന് ഖത്തറിലേക്കു മടങ്ങാനായിരുന്നു തീരുമാനം. അതിനിടെയാണ് ഏവരെയും നടുക്കി ബസ് അപകടമുണ്ടായത്.

‘പാകിസ്ഥാനില്‍ കള്ളനോട്ട് അടിച്ച് ഇന്ത്യയിലേയ്ക്ക് കടത്തി’; മാപ്പുസാക്ഷി പ്രതി, ട്വിസ്റ്റ്

‘പാകിസ്ഥാനില്‍ കള്ളനോട്ട് അടിച്ച് ഇന്ത്യയിലേയ്ക്ക് കടത്തി’; മാപ്പുസാക്ഷി പ്രതി, ട്വിസ്റ്റ്

കൊച്ചി: 2011 ല്‍ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ നിന്ന് വ്യാജ നോട്ട് പിടിച്ചെടുത്ത കേസിലാണ് ട്വിസ്റ്റുണ്ടായിരിക്കുന്നത്. മാപ്പുസാക്ഷിയായ ആളെ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി കഴിഞ്ഞ മാസം കൊച്ചി എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കി. എന്‍ഐഎ കേസുകളില്‍ മാപ്പുസാക്ഷിയാകുന്ന വ്യക്തികള്‍ കൂറുമാറിയ സംഭവങ്ങള്‍ വളരെ അപൂര്‍വമാണ്.

ആറാം പ്രതിയായിരുന്ന ഷിഹാബ് കേസില്‍ മാപ്പുസാക്ഷിയായിരുന്നു. വിചാരണക്കായി വിളിച്ചപ്പോള്‍ ഹാജരായതും ഇല്ല. ഒടുവില്‍ സാക്ഷി വിസ്താരത്തിനിടെ കൂറുമാറുകയായിരുന്നു. തുടര്‍ന്ന് സിആര്‍പിസി സെക്ഷന്‍ 308 പ്രകാരം ഇയാളെ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഐഎ അപേക്ഷ നല്‍കുകയായിരുന്നു. മാപ്പ് സാക്ഷിയാക്കിയ ഒരാള്‍ വ്യവസ്ഥകള്‍ ലംഘിച്ചതായി കണ്ടെത്തിയാല്‍ സിആര്‍പിസി (ക്രിമിനല്‍ നടപടിക്രമ നിയമസംഹിത) സെക്ഷന്‍ 308 പ്രകാരം ബന്ധപ്പെട്ട കുറ്റത്തിനോ തെറ്റായ തെളിവ് നല്‍കിയതിനോ വിചാരണ ചെയ്യാം. ഇതു പ്രകാരമാണ് എന്‍ഐഎ ഇപ്പോള്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.

2010 സെപ്തംബറില്‍ കണ്ണൂരിലെ തളിപ്പറമ്പില്‍ നിന്ന് 8.96 ലക്ഷം രൂപയുടെ വ്യാജനോട്ടുകള്‍ പൊലീസ് പിടിച്ചെടുത്തതോടെയാണ് കേസിന്റെ തുടക്കം. പിലാത്തറയിലെ വി പി പ്രദീപ് കുമാര്‍, ഹൊസ്ദുര്‍ഗിലെ കമല്‍ ഉമ്മര്‍ എന്ന കമല്‍ ഹാജി, മേലെ ചൊവ്വയിലെ എം പി ആശിഷ്, കാഞ്ഞങ്ങാട്ടെ അബൂബക്കര്‍ ഹാജി, കണ്ണൂരിലെ മുഹമ്മദ് ഫാറൂഖ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി അടുത്ത ബന്ധമുള്ളയാളാണ് അബൂബക്കര്‍ എന്നാണ് എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയത്. തുടര്‍ന്ന് എന്‍ഐഎയുടെ ആവശ്യപ്രകാരം ഇയാളെ അബുദാബിയില്‍ നിന്ന് നാടുകടത്തി. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ അസ്ഥിരപ്പെടുത്തുക ലക്ഷ്യത്തോടെ പാകിസ്ഥാനില്‍ കള്ളനോട്ടുകള്‍ അച്ചടിച്ച് ഇന്ത്യയിലേയ്ക്ക് കടത്തിയെന്നാണ് എന്‍ഐഎ പറയുന്നത്. മാത്രമല്ല, പ്രദീപും ഹാജിയും 2011 ജൂണില്‍ അബുദാബിയില്‍ വെച്ച് കണ്ടുമുട്ടിയെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 72,000ന് മുകളില്‍

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 72,000ന് മുകളില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 72,000ന് മുകളില്‍. ഇന്ന് പവന് 600 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 72,000ന് മുകളില്‍ എത്തിയത്. 72,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 75 രൂപയാണ് വര്‍ധിച്ചത്. 9020 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

അഞ്ചിന് 73000ന് മുകളില്‍ എത്തി വീണ്ടും റെക്കോര്‍ഡുകള്‍ ഭേഭിച്ച് മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ തോതില്‍ ഇടിവ് ഉണ്ടായത്. ഏകദേശം 1500 രൂപ ഇടിഞ്ഞ ശേഷമാണ് ഇന്ന് ഒറ്റയടിക്ക് 600 രൂപ വര്‍ധിച്ചത്. ആഗോള വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ആര്‍ബിഐ നയം, ഓഹരി വിപണിയിലെ മാറ്റങ്ങള്‍ എന്നിവയും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.