തമിഴ്നാട്ടില്‍ ‘പബ്ലിക് പ്രോസിക്യൂട്ടര്‍’; കേരളത്തില്‍, മോഷണം തൊഴില്‍, പ്രതിയെ പിടികൂടി

തമിഴ്നാട്ടില്‍ ‘പബ്ലിക് പ്രോസിക്യൂട്ടര്‍’; കേരളത്തില്‍, മോഷണം തൊഴില്‍, പ്രതിയെ പിടികൂടി

തൊടുപുഴ: കേരളത്തില്‍ വിവിധ ഇടങ്ങളിലെ ആരാധനാലയങ്ങളിലും കടകളിലും കവര്‍ച്ച നടത്തിയിരുന്ന പ്രതി പിടിയില്‍. മധുര സ്വദേശി ശരവണപാണ്ഡ്യ(രാമകൃഷ്ണന്‍-39)നാണ് അറസ്റ്റിലായത്. തമിഴ്‌നാട്ടിലെ ഉത്തമപാളയത്തുനിന്ന് ഇയാളെ പെരുവന്താനം പൊലീസാണ് പിടികൂടിയത്.

തമിഴ്നാട്ടില്‍ ‘പബ്ലിക് പ്രോസിക്യൂട്ടര്‍’ എന്നാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. സ്ഥിരമായി വക്കീല്‍ വേഷത്തില്‍ നടക്കുന്നതുകൊണ്ടാണിത്. മധുരയിലെ വിവിധ ഇടങ്ങളില്‍ അഭിഭാഷകന്‍ എന്നനിലയില്‍ ഇയാള്‍ നൂറിലേറെ കേസുകളില്‍ ഒത്തുതീര്‍പ്പുണ്ടാക്കിയെന്നും പോലീസ് പറഞ്ഞു. പൊലീസ് പിടികൂടുമ്പോഴും ഇയാള്‍ വക്കീല്‍ വേഷത്തിലായിരുന്നു.

പെരുവന്താനം ബോയ്‌സ് സുബ്രഹ്മണ്യസ്വാമി ക്ഷേത്രശ്രീകോവില്‍ കുത്തിത്തുറന്ന് വിഗ്രഹത്തിലെ താലി ഉള്‍പ്പെടെ പതിനായിരം രൂപയുടെ സ്വര്‍ണവും കാണിക്കവഞ്ചിയില്‍നിന്ന് 40000 രൂപയും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. പാലാ മേലമ്പാറ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ചതും ഇയാളാണെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിച്ച മൂന്നുപവന്‍ സ്വര്‍ണമാലയും പൊലീസ് കണ്ടെത്തി.കട കുത്തിപ്പൊളിച്ച് മോഷണം നടത്തിയതിന് മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, പാലാ, പൊന്‍കുന്നം, പൊലീസ് സ്റ്റേഷനുകളില്‍ 14 കേസുകളും ഇയാള്‍ക്കെതിരെയുണ്ട്.

തമിഴ്‌നാട്ടിലും ഇയാള്‍ക്കെതിരെ കേസുകളുണ്ട്. തഞ്ചാവൂര്‍, തേനി ജില്ലകളിലായി 13 മോഷണക്കേസുകളിലും ഇയാള്‍ പ്രതിയാണ്. തേനി കലക്ടറെ ഭീഷണിപ്പെടുത്തിയെന്ന കേസുമുണ്ട്. ഇടുക്കി ജില്ലയിലെ പാമ്പനാര്‍, കോട്ടയം ജില്ലയിലെ രാമപുരം, എരുമേലി, മുക്കൂട്ടുതറ, എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലും മോഷണം നടത്തിയെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി.

തമിഴ്‌നാട്ടിലെ ഉത്തമപാളയം സ്വദേശിയായ ശരവണ പാണ്ഡ്യന്‍ കുട്ടിക്കാലത്ത് പൊന്‍കുന്നം ചിറക്കടവില്‍ താമസിച്ചിരുന്നു. കേരളത്തില്‍ വിവിധ മോഷണക്കേസുകളില്‍ പിടിയിലായി ജയില്‍ശിക്ഷ അനുഭവിച്ച ശേഷം വ്യാജ മേല്‍വിലാസത്തില്‍ രാമകൃഷ്ണന്‍ എന്ന പേരില്‍ വിവാഹം കഴിച്ച് താമസിക്കുകയായിരുന്നു.

എഐ സഹായത്തോടെ ശത്രുക്കളെ വീഴ്ത്തും; ലൈറ്റ് മെഷീന്‍ ഗണ്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

എഐ സഹായത്തോടെ ശത്രുക്കളെ വീഴ്ത്തും; ലൈറ്റ് മെഷീന്‍ ഗണ്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: എഐ(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ലൈറ്റ് മെഷീന്‍ ഗണ്‍( light machine gun) സംവിധാനം(എല്‍എംജി) വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഡെറാഡൂണ്‍ കേന്ദ്രമായ ബിഎസ്എസ് മെറ്റീരിയല്‍ എന്ന സ്ഥാപനം കരസേനയുടെ പിന്തുണയോടെ വികസിപ്പിക്കുന്ന തോക്കിന്റെ പര്‍വതമേഖലയിലെ പരീക്ഷണമാണ് വിജയകരമായി നടത്തിയത്.

സുരക്ഷിതമായ അകലത്തില്‍നിന്നു റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന ആയുധത്തിന്റെ കൃത്യത, ദൂരം എന്നിവയെല്ലാം പരീക്ഷിച്ചു. 14,000 അടി ഉയരത്തില്‍ നടത്തിയ പരീക്ഷണം വിജയകരമാണെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. ഉയര്‍ന്ന ഭൂപ്രദേശങ്ങളില്‍ കൃത്യതയോടെ പ്രവര്‍ത്തിപ്പിക്കാനാകുന്ന ആയുധമാണിത്. കാറ്റ്, ദൂരം, താപനില എന്നിവയെല്ലാം സ്വയം വിലയിരുത്തി ഉന്നം വയ്ക്കാനുള്ള സംവിധാനമെല്ലാം ഇതിന്റെ ഭാഗമാണ്. വിശദമായ പരീക്ഷണം തുടരുകയാണെന്നാണ് സേനാ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

‘മെയ്ക്ക് ഇന്‍ ഇന്ത്യ’, ‘ആത്മനിര്‍ഭര്‍ ഭാരത്’ സംരംഭങ്ങള്‍ക്കു കീഴില്‍ തദ്ദേശീയ നവീകരണത്തിലൂടെ സായുധസേനയെ നവീകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. പാകിസ്ഥാനുമായും ചൈനയുമായും അതിര്‍ത്തി പങ്കിടുന്ന ഉയര്‍ന്ന പ്രദേശങ്ങളില്‍ അനുയോജ്യമായ സംവിധാനമാണിത്. വെല്ലുവിളി നിറഞ്ഞ പര്‍വതപ്രദേശങ്ങളില്‍ ലക്ഷ്യങ്ങള്‍ സ്വയം തിരിച്ചറിയാനും ആക്രമിക്കാനും കഴിയും. ഓട്ടമാറ്റിക് ടാര്‍ഗെറ്റ് ഡിറ്റക്ഷന്‍, തത്സമയ ഇടപെടല്‍ എന്നിവയ്ക്ക് കഴിവുള്ള സാങ്കേതികവിദ്യയാണ് പ്രത്യേകത.

149ലേക്ക് വിളിക്കൂ!; എമര്‍ജന്‍സി നമ്പറുമായി കെഎസ്ആര്‍ടിസി

149ലേക്ക് വിളിക്കൂ!; എമര്‍ജന്‍സി നമ്പറുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പരാതി പറയാന്‍ മൂന്നക്ക എമര്‍ജന്‍സി നമ്പര്‍ വരുന്നു. 149 ആണ് നമ്പര്‍.

നിലവില്‍ ഓപ്പറേഷന്‍ കണ്‍ട്രോള്‍ റൂമിലേക്ക് വിളിക്കാന്‍ ലാന്‍ഡ് നമ്പറും മൊബൈല്‍ നമ്പറുമുണ്ട്. അപകടകരമായി ബസ് ഓടിക്കുന്നതിന്റെ വിഡിയോയും പരാതിയും വാട്‌സ്ആപ്പില്‍ അറിയിക്കാന്‍ പ്രത്യേക നമ്പറുമുണ്ട്. ഇതിന് പുറമേയാണ് പുതിയ സംവിധാനം.

ചക്രവാതചുഴി: സംസ്ഥാനത്ത് ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ചക്രവാതചുഴി: സംസ്ഥാനത്ത് ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഓന്‍പത് ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഏറ്റവും പുതിയ റഡാര്‍ ചിത്രം പ്രകാരം കേരളത്തിലെ ഇടുക്കി ജില്ലയില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

ജൂണ്‍ 12 മുതല്‍ കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍/വടക്കു പടിഞ്ഞാറന്‍ കാറ്റ് ശക്തമാകാന്‍ സാധ്യത.വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്നുള്ള ഒഡിഷയുടെ വടക്കന്‍തീരം, ഗംഗതട പശ്ചിമ ബംഗാള്‍ എന്നിവയുടെ മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു.

കേരളത്തില്‍ അടുത്ത 7 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത . ജൂണ്‍ 14 -16 തീയതികളില്‍ ഒറ്റപ്പെട്ട അതി തീവ്ര മഴയ്ക്കും ജൂണ്‍ 12 -16 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂണ്‍ 14 ന് കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 50 -60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യത.

വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ശനിയാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. ജാഗ്രതയുടെ ഭാഗമായി വ്യാഴാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

സേവനത്തിൽ വീഴ്ച വരുത്തി, ജില്ലാ ഉപഭോക്തൃ ഫോറം പ്രസിഡന്റിനെതിരെ അന്വേഷണത്തിന് സംസ്ഥാന ഉപഭോക്തൃ കമ്മീഷൻ ഉത്തരവ്

സേവനത്തിൽ വീഴ്ച വരുത്തി, ജില്ലാ ഉപഭോക്തൃ ഫോറം പ്രസിഡന്റിനെതിരെ അന്വേഷണത്തിന് സംസ്ഥാന ഉപഭോക്തൃ കമ്മീഷൻ ഉത്തരവ്

തിരുവനന്തപുരം: ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സ്ഥാപിക്കപ്പെട്ട ഉപഭോക്തൃ കോടതി തന്നെ സേവനത്തില്‍ വീഴ്ച വരുത്തിയാല്‍ എന്തു ചെയ്യും? വേലി തന്നെ വിളവു തിന്നുന്ന ഇത്തരമൊരു സാഹചര്യമാണ് തിരുവനന്തപുരം ഉപഭോക്തൃ കോടതിയിലുണ്ടായത്. ഒടുവിൽ ആത്മഹത്യാ ഭീഷണി മുഴക്കിയപ്പോഴാണ് ഉപഭോക്താവിന് നീതി ലഭിച്ചത്. നാടകീയ രംഗങ്ങളാണ് കഴിഞ്ഞ ദിവസം സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ ( consumer commission)അരങ്ങേറിയത്.

തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ കമ്മീഷനിൽ നിന്ന് 2023ൽ അനുകൂലമായൊരു വിധി സമ്പാദിച്ച മനുഷ്യനാണ് കഥാനായകൻ. എതിർ കക്ഷിയായ എച്ച് ഡി എഫ് സി ബാങ്ക് അദ്ദേഹത്തിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു വിധി. വാക്കാൽ വിധി പ്രഖ്യാപിച്ചുവെങ്കിലും വിധി പകർപ്പ് കൊടുത്തില്ല. ജില്ലാ ഫോറത്തിൽ കയറിയിറങ്ങിയിട്ടും കിട്ടാതായപ്പോൾ കക്ഷി പരാതിയുമായി സംസ്ഥാന കമ്മീഷനിൽ എത്തി.

സംസ്ഥാന കമ്മീഷൻ പ്രസിഡന്റ് ജസ്റ്റിസ് ബി സുധീന്ദ്രകുമാറിന്റെ മുമ്പിൽ അദ്ദേഹം ആത്മഹത്യാ ഭീഷണിയും മുഴക്കി. സുധീന്ദ്രകുമാറിന്റെ കർശന നിർദേശത്തെ തുടർന്ന് തിങ്കളാഴ്ച ജില്ലാ കമ്മീഷൻ വിധി പകർപ്പ് പരാതിക്കാരന് നൽകി.

വാക്കാൽ വിധി പറഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും വിധി പകർപ്പ് കിട്ടാത്ത കുറേപ്പേർ ജില്ലാ കമ്മീഷനെതിരെ സംസ്ഥാന കമ്മീഷനിൽ പരാതി നൽകിയിട്ടുണ്ട്. അവയുടെ അടിസ്ഥാനത്തിൽ ജില്ലാ കമ്മീഷൻ പ്രസിഡന്റിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് സുധീന്ദ്രകുമാർ. സംസ്ഥാന കമ്മീഷൻ അംഗം കെ.ആർ. രാധാകൃഷ്‌ണനോട് ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഇങ്ങനെ ഒരന്വേഷണം നടക്കുന്നത്.

ജില്ലാ ഫോറം പ്രസിഡന്റ് പി വി ജയരാജൻ അധ്യക്ഷനായ ബെഞ്ച് 2022 മുതൽ പുറപ്പെടുവിച്ച ഉത്തരവുകൾ പരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തിയാൽ, പ്രസിഡന്റിനെതിരെ ഭരണപരമായ നടപടിയെടുക്കാൻ സംസ്ഥാന കമ്മീഷൻ പ്രസിഡന്റ് സംസ്ഥാന സർക്കാരിനോടും ദേശീയ കമ്മീഷനോടും ശുപാർശ ചെയ്യുമെന്ന് അറിയുന്നു.

പകർപ്പുകൾ നൽകുന്നതിൽ പ്രസിഡന്റിന്റെ ഭാഗത്തുനിന്ന് അമിതമായ കാലതാമസം ഉണ്ടാകുന്നതായി പരാതിക്കാർ ആരോപിച്ചു. വർഷങ്ങൾക്ക് മുമ്പ് ഉത്തരവ് പ്രഖ്യാപിച്ചെങ്കിലും പലർക്കും ഇതുവരെ പകർപ്പ് ലഭിച്ചിട്ടില്ലാത്തതാണ് ആരോപണത്തിന് കാരണം.

ജില്ലാ കമ്മീഷൻ പ്രസിഡന്റിനോ അംഗങ്ങൾക്കോ ​​എതിരെ അന്വേഷണം നടത്താനും ആവശ്യമെങ്കിൽ ഉചിതമായ ഭരണപരമായ നടപടി സ്വീകരിക്കാനും സംസ്ഥാന സർക്കാരിനോടും ദേശീയ കമ്മീഷനോടും ശുപാർശ ചെയ്യാനും ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരം സംസ്ഥാന കമ്മീഷൻ പ്രസിഡന്റിന് അധികാരമുണ്ട്.

സംസ്ഥാനത്ത് ആദ്യമായാണ് ജില്ലാ കമ്മീഷൻ പ്രസിഡന്റിനെതിരെ സംസ്ഥാന കമ്മീഷൻ അന്വേഷണം നടത്തുന്നത്. ഉത്തരവ് നൽകാത്തത് വാസ്തവത്തിൽ ഉപഭോക്താവിന് ആശ്വാസം നിഷേധിക്കലാണെന്ന് സംസ്ഥാന കമ്മീഷൻ വിലയിരുത്തുന്നു.

‘ഞങ്ങളെ പിന്തുണയ്ക്കുമ്പോള്‍ മതേതരവാദികള്‍, യുഡിഎഫിനൊപ്പമെങ്കില്‍ വര്‍ഗീയ പാര്‍ട്ടി; സിപിഎമ്മിന്റേത് ഇരട്ടത്താപ്പ്’: വി ഡി സതീശന്‍

‘ഞങ്ങളെ പിന്തുണയ്ക്കുമ്പോള്‍ മതേതരവാദികള്‍, യുഡിഎഫിനൊപ്പമെങ്കില്‍ വര്‍ഗീയ പാര്‍ട്ടി; സിപിഎമ്മിന്റേത് ഇരട്ടത്താപ്പ്’: വി ഡി സതീശന്‍

മലപ്പുറം: ജമാ അത്തെ ഇസ്ലാമി സിപിഎമ്മിന് വര്‍ഗീയവാദിയായത് യുഡിഎഫിനെ പിന്തുണച്ചപ്പോഴാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ( V D Satheesan ). മുമ്പ് സിപിഎമ്മിന് പിന്തുണ നല്‍കിയപ്പോള്‍ ജമാഅത്തെ ഇസ്‌ലാമി മതേതര പാര്‍ട്ടിയായിരുന്നു. യുഡിഎഫിനെ പിന്തുണച്ചപ്പോള്‍ വര്‍ഗീയ പാര്‍ട്ടിയായി എന്നതാണ് സിപിഎം നിലപാട്. പിണറായി വിജയന്‍ മുമ്പ് ജമാ അത്തെ ഇസ്ലാമിയുമായി പരസ്യമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. മുസ്ലിം സംഘടനകളില്‍ വ്യക്തമായ രാഷ്ട്രീയ ബോധമുള്ള സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമിയെന്ന് 2009ല്‍ പിണറായി വിജയന്‍ പറഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് ഓര്‍മിപ്പിച്ചു.

‘സിപിഎമ്മിന് ജമാഅത്തെ ഇസ്ലാമിയുമായി പൂര്‍വബന്ധമുണ്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി സിപിഎം ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ തേടി മത്സരിച്ചിരുന്നു. വ്യക്തമായ രാഷ്ട്രീയ നിലപാടുള്ള സംഘടനയാണ് ജമാ അത്തെ ഇസ്‌ലാമിയെന്ന് പിണറായി വിജയന്‍ അന്ന് പറഞ്ഞപ്പോള്‍ ആര്‍ക്കും പ്രശ്നമില്ലായിരുന്നു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന് നിരുപാധിക പിന്തുണ നല്‍കിയിട്ടുണ്ട്. അത് ഞങ്ങള്‍ സ്വീകരിക്കും’. വി ഡി സതീശന്‍ പറഞ്ഞു.

മുമ്പ് അബ്ദുള്‍ നാസര്‍ മഅദനിയെ വര്‍ഗീയവാദി എന്നു വിളിച്ചവര്‍ക്ക് പിഡിപി പിന്തുണയില്‍ ഒരു കുഴപ്പവുമില്ല. സിപിഎമ്മിന് ഓന്തിനെപ്പോലെ നിറം മാറുന്ന ഇരട്ടത്താപ്പാണെന്നും സതീശന്‍ കുറ്റപ്പെടുത്തി. തീവ്രവാദ പ്രവര്‍ത്തനം നടത്തിയ മദനിയെ പിടിച്ച് തമിഴ്‌നാട് സര്‍ക്കാരിന് കൈമാറി എന്ന് പിആര്‍ഡിയുടെ രേഖയിലിട്ട സര്‍ക്കാരാണ് ഇടതു സര്‍ക്കാര്‍. ഇപ്പോള്‍ പിഡിപിയുടെ പിന്തുണ സ്വീകരിക്കുന്നതില്‍ ഒരു വിഷമവുമില്ല. എല്‍ഡിഎഫിനെ പിന്തുണയ്ക്കാനുള്ള ജമാ അത്തെ ഇസ്ലാമിയുടെ തീരുമാനം ആശാവഹവും ആവേശകരവും എന്നാണ് ദേശാഭിമാനി മുഖപ്രസംഗം എഴുതിയതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഈ ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ഞങ്ങളെ പിന്തുണയ്ക്കുമ്പോള്‍ നല്ലത്. ഇതെന്തു നിലപാടാണ്?. സിപിഎമ്മിന്റെ വര്‍ഗീയ വിരുദ്ധ നിലപാടിന്റെ കാപട്യം കൂടുതല്‍ പറയിക്കരുത്. എല്‍ഡിഎഫിനെ പിന്തുണക്കുന്ന സമയത്ത് ജമാഅത്തെ ഇസ്‌ലാമിയെ മതരാഷ്ട്രവാദികളെന്ന് ഞങ്ങള്‍ വിളിച്ചിട്ടില്ല. അങ്ങനെയൊരു നിലപാടൊന്നും അവര്‍ സ്വീകരിക്കുന്നില്ല. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. യുഡിഎഫില്‍ അസോസിയേറ്റ് മെമ്പറാക്കുന്നത് സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ല. അങ്ങനെയൊരു ആവശ്യം അവര്‍ ഉന്നയിച്ചിട്ടില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.

വര്‍ഗീയ വിരുദ്ധത പറയുന്ന സിപിഎം ബിജെപിയുമായി പരസ്യമായ ബാന്ധവത്തിലാണ്. ബിജെപി നിലമ്പൂരില്‍ മത്സരിക്കേണ്ടെന്നാണ് തീരുമാനിച്ചത്. ഒടുവില്‍ സമ്മര്‍ദ്ദം വന്നപ്പോള്‍ തീരെ അപ്രസക്തനായ സ്ഥാനാര്‍ത്ഥിയെ ബിജെപി നിര്‍ത്തി. ഇവിടെ സിപിഎം- ബിജെപി രഹസ്യമായ ബാന്ധവമാണെന്ന് എല്ലാവര്‍ക്കും അറിയാം. ബിജെപിയുടെ സാന്നിധ്യം പോലും കാണാനില്ല. ഇവിടെ യുഡിഎഫും എല്‍ഡിഎഫും നേരിട്ട് ഏറ്റുമുട്ടുകയാണ്. പൊളിറ്റിക്കലായാണ് യുഡിഎഫ് തെരഞ്ഞെടുപ്പിന് നേരിടുന്നത്. ഇടതുസര്‍ക്കാരിന്റെ തെറ്റായ നയങ്ങളും നടപടികളും ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചാണ് യുഡിഎഫ് വോട്ടു തേടുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന് പിന്തുണ നല്‍കിയിട്ടുള്ളതാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.