by Midhun HP News | Jun 10, 2025 | Latest News, കേരളം
കോഴിക്കോട്: കൊടുവള്ളി സ്റ്റേഷനിലെ ഇന്‍സ്‌പെക്ടറുടെ പിറന്നാള്‍ ആഘോഷം വിവാദത്തില്‍. ഇന്‍സ്‌പെക്ടര്‍ കെ.പി. അഭിലാഷിന്റെ പിറന്നാളിന് പൊലീസ് സ്റ്റേഷനിലെത്തി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കേക്ക് മുറിച്ചിരുന്നു. ഇതിന്റെ വിഡിയോ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.
മേയ് 30 ന് നടന്ന ആഘോഷത്തിന്റെ ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ജന്മദിനാഘോഷത്തിന്റെ വിഡിയോ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഹാപ്പി ബര്‍ത്ത് ഡേ ബോസ് എന്ന തലക്കെട്ടോടെയാണ് റീല്‍സ് പങ്കുവച്ചത്.
കോണ്‍ഗ്രസ് കൊടുവള്ളി സൗത്ത് മണ്ഡലം പ്രസിഡന്റിന്റെയും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെയും നേതൃത്വത്തിലാണ് ഇന്‍സ്‌പെക്ടറുടെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചത്. സംഭവത്തില്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ താമരശേരി ഡിവൈഎസ്പി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. അഭിലാഷിനെതിരെ നടപടിയുണ്ടായേക്കുമെന്നാണ് സൂചന.
by Midhun HP News | Jun 10, 2025 | Latest News, കേരളം
തൃശൂര്‍: വരന്തരപ്പിള്ളിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുടുംബവഴക്കിനെത്തുടര്‍ന്നുള്ള തര്‍ക്കത്തില്‍ കുഞ്ഞുമോന്‍ നൈലോണ്‍ ചരട് കഴുത്തില്‍ മുറുക്കി ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ദിവ്യയെ (35) കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കണ്ണാറ കരടിയള തെങ്ങനാല്‍ കുഞ്ഞുമോന്റെ (49) അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
കഴിഞ്ഞ ദിവസമാണ് സംഭവം. ഭാര്യയെക്കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നും പൊലീസ് പറഞ്ഞു. ഇന്നലെ കുഞ്ഞുമോനെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. കൊലയ്ക്ക് ഉപയോഗിച്ച ചരട് വീടിനുസമീപമുള്ള കുളത്തില്‍നിന്നു കണ്ടെടുത്തു. ശനിയാഴ്ച വൈകീട്ട് കടുത്ത പനിയെത്തുടര്‍ന്ന് ദിവ്യ ഗുളിക കഴിച്ചശേഷം മരിച്ചുവെന്നായിരുന്നു കുഞ്ഞുമോന്‍ ആദ്യം പറഞ്ഞത്.
ഞായറാഴ്ച രാവിലെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്താനെത്തിയ വരന്തരപ്പിള്ളി പൊലീസിന് ദുരൂഹത തോന്നി. കഴുത്തിലും മറ്റും പാടുകളുണ്ടായത് സംശയം ജനിപ്പിച്ചു. ഇതോടെ ഫൊറന്‍സിക്, വിരലടയാള വിദഗ്ധരെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തി. അതിനിടെ മൊഴിയെടുക്കുന്നതിന്റെ ഭാഗമായി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ കുഞ്ഞുമോനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. തുടര്‍ന്ന് ഞായറാഴ്ച രാത്രി വൈകിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
by Midhun HP News | Jun 10, 2025 | Latest News, കേരളം
കൊച്ചി: കേരളാ തീരത്ത് ചരക്ക് കപ്പല്‍ തീപിടിച്ച സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. കോസ്റ്റ് ഗാര്‍ഡിന്റെയും നാവിക സേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. കപ്പലിലെ തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്. കപ്പലിലുണ്ടായിരുന്ന 22 പേരില്‍ 18 പേരെ രക്ഷപെടുത്തിയെങ്കിലും നാല് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.
സിംഗപ്പൂര്‍ കപ്പലിലെ 154 കണ്ടെയ്‌നറുകളില്‍ ആസിഡുകളും ഗണ്‍പൌഡറും ലിഥിയം ബാറ്ററികളുമടക്കം അപടകരമായ വസ്തുക്കളാണെന്നാണ് പുറത്ത് വരുന്ന വിവരം. കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് കപ്പലുകള്‍ കൂടി രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്. സാകേത്, സമുദ്ര പ്രഹരി എന്നീ കപ്പലുകള്‍ ആണ് സംഭവസ്ഥലത്ത് ഉള്ളത്. തീ പിടിക്കുന്നതും വിഷാംശമുള്ളതുമായ വസ്തുക്കളാണ് കപ്പലിലെ കണ്ടെയ്‌നറുകളിലുള്ളത്. കപ്പല്‍ മുങ്ങിയാല്‍ എണ്ണ ചോരാനും കടലില്‍ വിഷാംശമുള്ള രാസവസ്തുക്കള്‍ കലരാനും സാധ്യതയേറെയാണ്.
കൊളംബോയിൽ നിന്നു മുംബൈയിലേക്കുള്ള യാത്രാ മധ്യേ കേരളാ തീരത്ത് നിന്ന് 78 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് വാൻഹായ് 503 എന്ന ചരക്കു കപ്പലിൽ അഗ്നി ബാധ ഉണ്ടായത്.അപകടത്തില്‍നിന്ന് രക്ഷപ്പെട്ട 18 പേരെ ചികിത്സക്കായി മംഗളൂരുവിലാണ് എത്തിച്ചത്.ഗുരുതരമായി പരിക്കേറ്റ ആറ് പേരെ മംഗളൂരു എ ജെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.ഇതില്‍ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്.ഐഎന്‍എസ് വിക്രാന്തില്‍ മംഗളൂരു പോര്‍ട്ടില്‍ എത്തിച്ച ജീവനക്കാരെ പ്രത്യേക ആംബുലന്‍സിലാണ് ആശുപത്രിയില്‍ എത്തിച്ചത്.
by Midhun HP News | Jun 10, 2025 | Latest News, കേരളം
കൊച്ചി: മൂവാറ്റുപുഴയില്‍ വെള്ളച്ചാട്ടമോ?, ഇതുവരെ കേട്ടിട്ടില്ലല്ലോ എന്നായിരിക്കും പലരുടെയും ഉത്തരം. റോഡ് പുറമ്പോക്കിലെ ഒരു കെട്ടിടം പൊളിച്ചുനീക്കിയപ്പോഴാണ് പിന്നില്‍ അതിമനോഹരമായ വെള്ളച്ചാട്ടം തെളിഞ്ഞത്. പതിറ്റാണ്ടുകളായി ഒളിച്ചിരുന്ന വെള്ളച്ചാട്ടമാണ് മറനീക്കി പുറത്തുവന്നത്.
യാത്രക്കാര്‍ പുതിയ കാഴ്ചാനുഭവം നല്‍കുകയാണ് മീങ്കുന്നം വെള്ളച്ചാട്ടം. കൊച്ചി- ധനുഷ്‌കോടി റോഡില്‍ ചീയപ്പാറ വെള്ളച്ചാട്ടം പോലെ എംസി റോഡരികിലെ മീങ്കുന്നം വെള്ളച്ചാട്ടവും കാഴ്ചക്കാരെ ആകര്‍ഷിക്കുകയാണ്. മൂവാറ്റുപുഴ നഗരത്തില്‍ നിന്ന് 10 കിലോമീറ്റര്‍ എംസി റോഡിലൂടെ യാത്ര ചെയ്താല്‍ എത്തുന്ന മീങ്കുന്നം സെന്റ് ജോസഫ് കത്തോലിക്കാ പള്ളിയോട് ചേര്‍ന്നാണ് വെള്ളച്ചാട്ടം. പള്ളിക്കു മുന്നിലെ കൂറ്റന്‍ പിയാത്ത പ്രതിമയുടെ പശ്ചാത്തലത്തലത്തില്‍ പരന്നൊഴുകുന്ന വെള്ളച്ചാട്ടം കണ്ട് ചിത്രങ്ങള്‍ പകര്‍ത്താനും ഒരു സെല്‍ഫിയെടുക്കാനും എംസി റോഡിലൂടെ യാത്ര ചെയ്യുന്നവരുടെ തിരക്കാണ്.
വെള്ളച്ചാട്ടത്തിന് മുന്നില്‍ റോഡിനോട് ചേര്‍ന്നുണ്ടായിരുന്ന പുറമ്പോക്ക് ഭൂമിയില്‍ താമസിച്ചിരുന്ന കുടുംബങ്ങളെ ഇവിടെ നിന്ന് മറ്റൊരു സ്ഥലത്തേയ്ക്ക് പുനരധിവസിപ്പിക്കുകയും ഇവിടെയുണ്ടായിരുന്ന കെട്ടിടം പൊളിച്ചുനീക്കുകയും ചെയ്തതോടെയാണ് പിന്നിലെ വെള്ളച്ചാട്ടം റോഡിലൂടെ കടന്നുപോകുന്നവര്‍ക്ക് ദൃശ്യമായത്.
by Midhun HP News | Jun 9, 2025 | Latest News, കേരളം
കൊല്ലം: കടയ്ക്കലിൽ മദ്യപിച്ച് വാഹനം ഓടിച്ച ബസ് ഡ്രൈവർ പിടിയിൽ. ബസും പോലീസ് കസ്റ്റഡിയിലെടുത്തു. സ്വകാര്യ ബസ്സായ ചിലമ്പ് ബസ്സിന്റെ
ഡ്രൈവർ അജയകൃഷ്ണനാണ് പിടിയിലായത്. ഇന്ന് രാവിലെ 10.26നാണ് കടയ്ക്കൽ പോലീസ് ബ്രീത്ത് അനലൈസർ ഉപയോഗിച്ച് കടയ്ക്കൽ ബസ് സ്റ്റാൻഡിൽ പരിശോധന നടത്തുന്നതിനിടയിലായാണ് ബസ്സും ഡ്രൈവറും പിടിയിലാകുന്നത്.
പൊലീസിന്റെ പരിശോധനക്കിടെ ഡ്രൈവറെ സംശയാസ്പദമായി തടഞ്ഞു ചോദ്യംചെയ്തതോടെ മദ്യപിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. ഉടനെ ഇയാളെ തടഞ്ഞ് മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി, തുടർന്ന് അറസ്റ്റ് ചെയ്തു.
ഇതോടെ പൊതുഗതാഗത സുരക്ഷയ്‌ക്കുള്ള ഭീഷണി വീണ്ടും ചര്‍ച്ചാവിഷയമാകുകയാണ്. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഇത്തരം സംഭവങ്ങളിലെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അധികൃതർ അറിയിച്ചു. അറസ്റ്റിലായ ഡ്രൈവർക്കെതിരെ നിയമപരമായ നടപടികൾ തുടർനടപടിയായി സ്വീകരിച്ചിട്ടുണ്ട്.
by Midhun HP News | Jun 9, 2025 | Latest News, കേരളം
കൊച്ചി: കേരള തീരത്തിന് അന്താരഷ്ട്ര കപ്പലില്‍ ചാലില്‍ തീപിടിച്ച വാന്‍ഹായ് 503 എന്ന കപ്പലില്‍ നിന്നുള്ള രക്ഷാ ദൗത്യം പുരോഗമിക്കുന്നു. കോസ്റ്റ് ഗാര്‍ഡിന്റെ 5 കപ്പലുകളും മൂന്ന് വിമാനങ്ങളുമാണ് ദൗത്യത്തില്‍ പങ്കെടുക്കുന്നത്. കൊളംബോയില്‍ നിന്നും നവി മുംബൈയിലേക്ക് പോയ കപ്പലില്‍ ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു പൊട്ടിത്തെറിയുണ്ടായത്.
പൊട്ടിത്തെറിയില്‍ കപ്പല്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഇതില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കപ്പലില്‍ ഉണ്ടായിരുന്ന 22 പേരില്‍ 18 പേര്‍ ബോട്ടിലേക്ക് മാറിയതായി കൊച്ചി ഡിഫന്‍സ് പിആര്‍ഒ അറിയിച്ചു. രണ്ട് പേരെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്. കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലുകളായ സാഷെ, അര്‍ണ്‍വേഷ് സമുദ്രപ്രഹ്രി, അഭിനവ്, രാജ്ദൂത് എന്നിവയ്ക്ക് ഒപ്പം സി 144 വിമാനം രക്ഷാ ദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്.
കപ്പലില്‍ അപകടകരമായ വസ്തുക്കളാണുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തനിയെ തീപിടിക്കുന്നത് ഉള്‍പ്പെടെ നാല് തരത്തിലുള്ള രാസവസ്തുക്കള്‍ കപ്പലിലുണ്ട്. അതിനാല്‍ കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും അധികൃതര്‍ അറിയിച്ചു.
അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ കേരള തീരത്ത് ഇരുപത് നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ് മാറി ബേപ്പൂരിനും – അഴീക്കലിനും ഇടയിലാണ് കപ്പല്‍ അപകടം സംഭവിച്ചത്. കോസ്റ്റ് ഗാര്‍ഡ്, നേവി തുടങ്ങിയ സുരക്ഷാ സേനകള്‍ അപകട സ്ഥലത്തേക്ക് തിരിച്ചു. കപ്പലുകളും വിമാനങ്ങളും രക്ഷാ ദൗത്യത്തില്‍ പങ്കാളികളാകുന്നുണ്ട്.
കപ്പലിലെ തൊഴിലാളികളെ കേരള തീരത്ത് എത്തിച്ചാല്‍ ചികിത്സ നല്‍കാന്‍ ആവശ്യമായ തയ്യാറെടുപ്പ് നടത്തുവാന്‍ എറണാകുളം, കോഴിക്കോട് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്കുവാന്‍ മുഖ്യമന്ത്രി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോടെ നിര്‍ദേശിച്ചിട്ടുണ്ട്.
Recent Comments