സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ തീവ്രമഴ; നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ തീവ്രമഴ; നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തമാകാന്‍ പോകുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വ്യാഴം, വെള്ളി ദിവസങ്ങളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി വ്യാഴാഴ്ച എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളിലും വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ഉണ്ട്. വെള്ളിയാഴ്ച എല്ലാ ജില്ലകളിലും മഴ ലഭിക്കുമെന്നാണ് പ്രവചനം. വ്യാഴാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇന്ന് മലപ്പുറം, പത്തനംതിട്ട ജില്ലകളില്‍ മാത്രമാണ് മഴ മുന്നറിയിപ്പ് ഉള്ളത്. ചൊവ്വാഴ്ച മുതല്‍ കൂടുതല്‍ ജില്ലകളിലേക്ക് മഴ വ്യാപിക്കുമെന്നും കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നു. ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലും ബുധനാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളതീരത്തിന് സമീപം ചരക്ക് കപ്പലില്‍ തീപിടിത്തം, കണ്ടെയ്‌നറുകള്‍ കടലില്‍ വീണു

കേരളതീരത്തിന് സമീപം ചരക്ക് കപ്പലില്‍ തീപിടിത്തം, കണ്ടെയ്‌നറുകള്‍ കടലില്‍ വീണു

കൊച്ചി: കേരള തീരത്തിന് സമീപം കപ്പലില്‍ തീപിടിത്തം. കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. 650 ഓളം കണ്ടെയ്‌നറുകളുമായി സഞ്ചരിച്ച കപ്പലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് 50 ഓളം കണ്ടെയ്‌നറുകള്‍ കടലില്‍ വീണതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. വാന്‍ഹായ് 503 എന്ന സിംഗപ്പൂര്‍ ആസ്ഥാനമായ കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കപ്പലില്‍ നാല്‍പതോളം ജീവനക്കാരുണ്ടെന്നുമാണ് വിവരം.

അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ കേരള തീരത്ത് ഇരുപത് നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ് മാറി ബേപ്പൂരിനും – അഴീക്കലിനും ഇടയിലാണ് കപ്പല്‍ അപകടം സംഭവിച്ചത്. കോസ്റ്റ് ഗാര്‍ഡ്, നേവി തുടങ്ങിയ സുരക്ഷാ സേനകള്‍ അപകട സ്ഥലത്തേക്ക് തിരിച്ചു. കപ്പലുകളും വിമാനങ്ങളും രക്ഷാ ദൗത്യത്തില്‍ പങ്കാളികളാകുന്നുണ്ട്.

കപ്പലിലെ തൊഴിലാളികളെ കേരള തീരത്ത് എത്തിച്ചാൽ ചികിത്സ നൽകാൻ ആവശ്യമായ തയ്യാറെടുപ്പ് നടത്തുവാൻ എറണാകുളം, കോഴിക്കോട് ജില്ലാ കളക്ടർമാർക്ക് നിർദേശം നല്കുവാൻ മുഖ്യമന്ത്രി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോടെ നിർദേശിച്ചിട്ടുണ്ട്.

ഉയരം കുറവായതിനാല്‍ എഴുതാൻ കഴിയാതെ പോയ എസ് ഐ പരീക്ഷ; ഒടുവിൽ ആലപ്പുഴയിലെ ആദ്യ വനിത എക്‌സൈസ് ഇന്‍സ്‌പെക്ടർ

ഉയരം കുറവായതിനാല്‍ എഴുതാൻ കഴിയാതെ പോയ എസ് ഐ പരീക്ഷ; ഒടുവിൽ ആലപ്പുഴയിലെ ആദ്യ വനിത എക്‌സൈസ് ഇന്‍സ്‌പെക്ടർ

ഇനി ഒരിക്കലും നടക്കില്ലെന്നു കരുതിയ ആഗ്രഹത്തെ കൈപ്പിടിയിലാക്കിയ സന്തോഷത്തിലാണു ജില്ലയിലെ ആദ്യ വനിത എക്‌സൈസ് ഇന്‍സ്‌പെക്ടറായ ബിസ്മി ജസീറ. ആദ്യ പോസ്റ്റിങ് സ്വന്തം ജില്ലയില്‍ കൂടിയായപ്പോള്‍ ഈ ഹരിപ്പാട്ടുകാരിയുടെ സന്തോഷം ഇരട്ടിയായി. എക്‌സൈസ് യൂണിഫോമിലേക്കുള്ള തന്റെ യാത്രയക്കുറിച്ച സംസാരിക്കുകയാണ് ബിസ്മി.

ചെറുപ്പം മുതലേ യൂണിഫോമിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. ഉയരം കുറവായതിനാല്‍ എസ്‌ഐ പരീക്ഷ എഴുതാന്‍ സാധിച്ചില്ല. അങ്ങനെ ഇരുന്നപ്പോഴാണ് 2019-ല്‍ വനിതാ എക്‌സൈസ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. നോട്ടിഫിക്കേഷനില്‍ പറഞ്ഞിരുന്നതിലും കൂടുതല്‍ ഉയരം എനിക്കുണ്ടായിരുന്നു. സ്വപ്ന സഫലീകരണത്തിനൊപ്പം സാമൂഹിക സേവനത്തിനുള്ള അവസരം കൂടിയാണ് എനിക്ക് ഈ ജോലി.

പ്രചോദനം അമ്മ

റോള്‍ മോഡലായ അമ്മ ബീഗം താഹിറ തന്നെയാണു വിജയത്തിനു പിന്നിലും. റവന്യൂ സര്‍വീസിലായിരുന്നു അമ്മ ജോലി ചെയ്തിരുന്നത്. ഡെപ്യൂട്ടി കളക്ടറായാണു വിരമിച്ചത്. മികച്ച തഹസില്‍ദാറായിരുന്നു. എന്തു കാര്യമായാലും അമ്മ വളരെ ഭംഗിയായി കൈകാര്യം ചെയ്യും. മറ്റുള്ളവരെ സഹായിക്കാനുള്ള ആഗ്രഹവും സാമൂഹിക പ്രതിബദ്ധതയുമൊക്കെ അമ്മയില്‍ നിന്നാണു കിട്ടിയത്.

പുതുതലമുറയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ഒരവസരം

കുട്ടികളിലേക്കിറങ്ങി ചെല്ലാന്‍ അവസരമൊരുക്കുന്ന പ്രൊഫഷനാണിത്. പുതുതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ മറ്റു സേനകള്‍ക്കു വഹിക്കാനുള്ളതിലും കുറച്ചധികം പങ്ക് എക്‌സൈസിനു വഹിക്കാനുണ്ട്. ഈ പ്രൊഫഷനിലേക്ക് എന്നെ ആകര്‍ഷിച്ച മറ്റൊരു പ്രധാന ഘടകവും ഇതാണ്.

കുട്ടികളില്‍ ഒറ്റപ്പെടല്‍
വില്ലനാകും

ഒറ്റപ്പെടലാണു പലപ്പോഴും കുട്ടികളെ ലഹരി ഉപയോഗത്തിലേക്കു നയിക്കുന്നത്. ഇതൊഴിവാക്കാന്‍ ചെറുപ്പം മുതലെ കുട്ടികളെ സോഷ്യലൈസ് ചെയ്യിക്കണം. വീടുകളിലെ തുറന്ന ചര്‍ച്ചയും കുട്ടികളെ നേര്‍വഴിക്കു നയിക്കാന്‍ അത്യാവശ്യമാണ്.

കുടുംബമാണ് കരുത്ത്

എട്ടാം ക്ലാസുകാരന്‍ മുഹമ്മദ് റിഹാനാണ് അമ്മ യൂണിഫോമിട്ട ജോലി തിരഞ്ഞെടുത്താല്‍ മതിയെന്നു കട്ടായം പറഞ്ഞത്. മറ്റു ജോലികള്‍ക്ക് അവസരം വന്നപ്പോഴും അവനാണ് വേണ്ടെന്നു പറഞ്ഞത്. ദൂരെപോവേണ്ടി വന്നാലും അമ്മ യൂണിഫോമിട്ട ജോലി ചെയ്താല്‍ മതിയെന്നാണ് അവന്‍ പറഞ്ഞതെന്നു ബിസ്മി പറയുന്നു. ജീവിതപങ്കാളി ഹഷീര്‍ മുഹമ്മദും പിതാവ് ബഷീറും മറ്റു കുടുംബാംഗങ്ങളുമെല്ലാം എല്ലാത്തിനും ഒപ്പമുണ്ട്.

അഭിമാന നിമിഷത്തില്‍ ബിസ്മി ജസീറ

ഇനി ഒരിക്കലും നടക്കില്ലെന്നു കരുതിയ ആഗ്രഹത്തെ കൈപ്പിടിയിലാക്കിയ സന്തോഷത്തിലാണു ജില്ലയിലെ ആദ്യ വനിതാ എക്‌സൈസ് ഇന്‍സ്‌പെക്ടറായ ബിസ്മി ജസീറ. ആദ്യ പോസ്റ്റിങ് സ്വന്തം ജില്ലയില്‍ കൂടിയായപ്പോള്‍ ഈ ഹരിപ്പാട്ടുകാരിയുടെ സന്തോഷം ഇരട്ടിയായി. എക്‌സൈസ് യൂണിഫോമിലേക്കുള്ള തന്റെ യാത്രയെ കുറിച്ചു ബിസ്മി.

സ്വര്‍ണവില വീണ്ടും കുറഞ്ഞു; രണ്ടു ദിവസത്തിനിടെ ഇടിഞ്ഞത് 1400 രൂപ

സ്വര്‍ണവില വീണ്ടും കുറഞ്ഞു; രണ്ടു ദിവസത്തിനിടെ ഇടിഞ്ഞത് 1400 രൂപ

കൊച്ചി: സംസ്ഥാനത്ത് ശനിയാഴ്ച കനത്ത ഇടിവ് നേരിട്ട സ്വര്‍ണവില ഇന്നും കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞ് സ്വര്‍ണവില 71,640 രൂപയായി. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കുറഞ്ഞത്. 8955 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് സ്വര്‍ണവില ശനിയാഴ്ച ഒറ്റയടിക്ക് 1200 രൂപ താഴ്ന്നത്. 73,000ന് മുകളിലായിരുന്ന സ്വര്‍ണവില ഒറ്റയടിക്ക് 72000ല്‍ താഴെ എത്തുകയായിരുന്നു. വിലയിടിവ് ഇന്നും തുടരുന്ന കാഴ്ചയാണ് കണ്ടത്. ഓഹരി വിപണിയുടെ മുന്നേറ്റം, ആര്‍ബിഐ നയം, ആഗോള വിപണിയിലെ മാറ്റങ്ങള്‍ അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

കൊച്ചിയില്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ പണിമുടക്കില്‍

കൊച്ചിയില്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ പണിമുടക്കില്‍

കൊച്ചി: കൊച്ചിയില്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ ഇന്ന് പണിമുടക്കില്‍. ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ ചൂഷണം ചെയ്യുന്നുവെന്നും ഓണ്‍ലൈന്‍ ടാക്‌സി രംഗത്ത് നിരക്ക് ഏകീകരണം വേണമെന്നും ആവശ്യപ്പെട്ടാണ് സമരം. ഓണ്‍ലൈന്‍ ടാക്‌സി കമ്യൂണിറ്റിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഓണ്‍ലൈന്‍ ടാക്‌സി രംഗത്ത് നിരക്ക് ഏകീകരണം വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറ് വരെയാണ് പണിമുടക്ക്.

സ്വകാര്യമായി ഓടുന്ന ഓണ്‍ലൈന്‍ ടാക്‌സി വാഹനങ്ങള്‍ തടയാനും സംഘടനകള്‍ ആഹ്വാനം ചെയ്തു. വിവിധ യൂണിയനുകള്‍ സമരത്തില്‍ പങ്കെടുക്കും. കൊച്ചിയില്‍ കലക്ടറേറ്റിന് മുന്നില്‍ ടാക്‌സി തൊഴിലാളികള്‍ പ്രതിഷേധം സംഘടിപ്പിക്കും. സിഐടിയു, എഐടിയുസി യൂണിയനുകള്‍ സമരത്തിന് പിന്തുണ നല്‍കും.

ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ പ്രവര്‍ത്തിക്കുന്ന നഗരമാണു കൊച്ചി. അതുകൊണ്ടു സമരം കൊച്ചിയെ കൂടുതല്‍ ബാധിക്കും. പ്ലാറ്റ്‌ഫോമുകള്‍ പ്ലാറ്റ്‌ഫോം ഫീസ്, മിതമായ കമ്മീഷന്‍ എന്നിവയില്‍ ഒന്നുമാത്രം നടപ്പാക്കുക, ഓണ്‍ലൈന്‍ ടാക്‌സികള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം നിരക്കു നടപ്പാക്കുക, പിക്കപ് ദൂരം 2 കിലോമീറ്ററായി നിജപ്പെടുത്തുക, അധിക പിക്കപ് ദൂരത്തിനു നിരക്ക് ഏര്‍പ്പെടുത്തുക, 15 കിലോമീറ്ററിനു ശേഷമുള്ള ഓട്ടത്തിനു റിട്ടേണ്‍ ഫെയര്‍ ഉള്‍പ്പെടുത്തുക, വാഹന സംബന്ധമായ തീരുമാനമെടുക്കുന്നതിനു മുന്‍പു വാഹനങ്ങളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തുക എന്നി ആവശ്യങ്ങളും സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ട്.

കൂരിയാട് ദേശീയ പാത തകര്‍ന്നതിന് കാരണം ചെളി നിറഞ്ഞ മണ്ണ്’; വിശദീകരണവുമായി കമ്പനി

കൂരിയാട് ദേശീയ പാത തകര്‍ന്നതിന് കാരണം ചെളി നിറഞ്ഞ മണ്ണ്’; വിശദീകരണവുമായി കമ്പനി

കൊച്ചി: മലപ്പുറം കൂര്യാട് ദേശീയ പാത 66 തകര്‍ന്നത് നിര്‍മാണത്തിലെ പിഴവ് മൂലമല്ലെന്ന് നിര്‍മാണ കമ്പനി. അപ്രതീക്ഷിതമായ ഭൂഗര്‍ഭ സാഹചര്യങ്ങള്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമായെന്നാണ് കമ്പനിയുടെ വിശദീകരണം. കൂരിയാട് ഉള്‍പ്പെടുന്ന രാമനാട്ടുകര – വളാഞ്ചേരി റീച്ചിന്റെ നിര്‍മാണം നടത്തുന്ന കെ എന്‍ ആര്‍ കണ്‍സ്ട്രക്ഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ ജലന്ധര്‍ റെഡ്ഡിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

പാതയുടെ നിര്‍മാണത്തില്‍ ഒരു തരത്തിലുമുള്ള അപാകതകളും സംഭവിച്ചിട്ടില്ല. ഭൂമിയുടെ പാളികള്‍ ദുര്‍ബലമായും ഇവിടെ ചെളി നിറഞ്ഞ മണ്ണിന്റെ പോക്കറ്റുകള്‍ രൂപം കൊണ്ടതുമാണ് പാത തകരാന്‍ ഇടയാക്കിയത് എന്നാണ് കമ്പനിയുടെ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ നല്‍കുന്ന വിശദീകരണം. നിര്‍മാണത്തില്‍ ഉടനീളം പ്രോട്ടോകോളുകള്‍ പാലിക്കപ്പെട്ടിട്ടുണ്ട്. പാത തകര്‍ന്ന ഭാഗം പൂര്‍ണമായും വെള്ളക്കെട്ട് നിറഞ്ഞതാണ്. മണ്ണിനടിയിലും അടിത്തറയും സംബന്ധിച്ച് പരിശോധന നടത്തിയിരുന്നു. കമ്പനിക്ക് ഒരു പിഴവും സംഭവിച്ചിട്ടില്ല. കെഎന്‍ആര്‍സി പ്രൊമോട്ടറും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ കെ ജലന്ധര്‍ റെഡ്ഡിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

സ്ട്രാറ്റ ജിയോസിസ്റ്റംസ് എന്ന പ്രശസ്ത കമ്പനിയുടെ പിന്തുണയോടെയാണ് അപ്രോച്ച് റാമ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. നിര്‍മാണത്തിന് മുന്‍പ് ഡിസൈന്‍ കൃത്യമായി പരിശോധിച്ചിരുന്നു. അപ്പോഴും അപകട സാധ്യത കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും വിശകലന വിദഗ്ധരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി കമ്പനി ഡയറക്ടര്‍ അറിയിച്ചു. റോഡ് തകര്‍ന്ന സ്ഥലത്ത് വയഡക്ട് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനായി 25 മുതല്‍ 30 കോടി രൂപ വരെ ചെലവ് പ്രതീക്ഷിക്കുന്നു. റാഡിന്റെ 15 വര്‍ഷത്തെ അറ്റകുറ്റപ്പണി കമ്പനിയുടെ ഉത്തരവാദിത്തമാണ്. ഈ സാഹചര്യത്തില്‍ ഭാവിയില്‍ സമാനമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും കെ ജലന്ധര്‍ റെഡ്ഡി വ്യക്തമാക്കുന്നു.

രാമനാട്ടുകരയ്ക്കും വളാഞ്ചേരിക്കും ഇടയിലുള്ള 39.7 കിലോമീറ്റര്‍ വരുന്ന ദേശീയപാത പാത 66 ഹൈബ്രിഡ് ആന്വിറ്റി മോഡല്‍ പ്രകാരമാണ് നിര്‍മിക്കുന്നത്. 2,150 കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ 95 ശതമാനം നിര്‍മാണം പൂര്‍ത്തിയായതായും കമ്പനി വിശദീകരിക്കുന്നു.