സ്വര്‍ണ നിറത്തിലുള്ള മുത്തപ്പന്‍ വിളക്ക് ‘സമ്മാനം’, പൊലീസ് ഉദ്യോഗസ്ഥര്‍ ഉപഹാരം കൈപ്പറ്റുന്ന ദൃശ്യം റീല്‍സായി പങ്കുവെച്ച് വ്യവസായി

സ്വര്‍ണ നിറത്തിലുള്ള മുത്തപ്പന്‍ വിളക്ക് ‘സമ്മാനം’, പൊലീസ് ഉദ്യോഗസ്ഥര്‍ ഉപഹാരം കൈപ്പറ്റുന്ന ദൃശ്യം റീല്‍സായി പങ്കുവെച്ച് വ്യവസായി

കണ്ണൂര്‍: പ്രമുഖ വ്‌ലോഗറായ വ്യവസായിയില്‍ നിന്ന് ഉപഹാരം കൈപ്പറ്റിയ ദൃശ്യം പുറത്ത് വന്നതോടെ കണ്ണൂരിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വിവാദത്തില്‍. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ശ്രീജിത്ത് കോടേരിയും എസിപി പ്രദീപ് കണ്ണിപ്പൊയിലും വ്‌ലോഗറായ വ്യവസായിയില്‍ നിന്ന് ഉപഹാരം കൈപ്പറ്റിയെന്നാണ് ആരോപണം.

വ്യവസായിയുടെ കണ്ണൂര്‍ കാല്‍ടെക്‌സിലെ സ്ഥാപനത്തിലെത്തിയാണ് എസ്എച്ച്ഒ വിലപിടിപ്പുള്ള ഉപഹാരം കൈപ്പറ്റിയത് എന്നാണ് ആരോപണം. ഇതിന്റെ ദൃശ്യങ്ങള്‍ വ്യവസായി തന്നെ റീല്‍സായി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് വിവാദത്തിന് തുടക്കമായത്. എസ്എച്ച്ഒയുടെ നടപടി പൊലീസ് ആക്ടിന്റെ ലംഘനമാണെന്നും സര്‍വീസ് ചട്ടങ്ങള്‍ മറികടന്നതിന് നടപടി വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സംഭവത്തില്‍ എസ്എച്ച്ഒയ്‌ക്കെതിരെ സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി.

എസിപിയായ പ്രദീപ് കണ്ണിപ്പൊയില്‍ യൂണിഫോമിലെത്തി ഉപഹാരം വാങ്ങുന്നതിന്റെ ദൃശ്യങ്ങളും വ്യവസായി പങ്കുവച്ചിട്ടുണ്ട്. സ്വര്‍ണ നിറത്തിലുള്ള മുത്തപ്പന്‍ വിളക്കാണ് ശ്രീജിത്ത് കൊടെരിക്ക് കണ്ണൂര്‍ കാല്‍ടെക്‌സിന് സമീപമുള്ള കടയുടമ ഉപഹാരമായി നല്‍കിയത്. ജന്മദിന സമ്മാനമായാണ് നല്‍കിയത് എന്നാണ് ആരോപണം. എന്നാല്‍ ബന്ധുവിന്റെ ഗൃഹപ്രവേശനത്തിന് കൊടുക്കാനായി താന്‍ ഉരുളി വാങ്ങാന്‍ പോയപ്പോള്‍ സൗജന്യമായി മുത്തപ്പന്‍ വിളക്ക് നല്‍കുകയായിരുന്നുവെന്നാണ് ശ്രീജിത്ത് കൊടേരിയുടെ വിശദീകരണം. തനിക്കെതിരെ പരാതി നല്‍കിയാള്‍ക്കെതിരെ ഉപഭോക്തൃ കോടതി ജീവനക്കാരുടെ പരാതിയില്‍ കേസെടുത്തിരുന്നുവെന്നും ഇതിന്റെ വൈരാഗ്യത്തിലാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതെന്നും ശ്രീജിത്ത് കൊടേരി വ്യക്തമാക്കി. സംഭവം വിവാദമായതിനെ തുടര്‍ന്ന് ആഭ്യന്തര വകുപ്പ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

‘എക്‌സ്‌സീഡ് ഗ്രീന്‍’; ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്- സൗത്ത് ഇന്ത്യന്‍ ബാങ്ക് സംരംഭത്തിന് തുടക്കം

‘എക്‌സ്‌സീഡ് ഗ്രീന്‍’; ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്- സൗത്ത് ഇന്ത്യന്‍ ബാങ്ക് സംരംഭത്തിന് തുടക്കം

കൊച്ചി: കൂട്ടായ്മയുടെ ശക്തി വിളിച്ചോതി സൗത്ത് ഇന്ത്യന്‍ ബാങ്കുമായി സഹകരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തുന്ന എക്സ്സീഡ് ഗ്രീന്‍ പദ്ധതിക്ക് തുടക്കമായി. കേരളത്തിലുടനീളമുള്ള വായനക്കാരെ കൃഷിയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി ദിനത്തിലാണ് പദ്ധതി ആരംഭിച്ചത്. എറണാകുളം അസിസ്റ്റന്റ് കലക്ടര്‍ പാര്‍വതി ഗോപകുമാര്‍ ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

പത്രത്തോടൊപ്പം ഒരു പാക്കറ്റ് വിത്ത് വിതരണം ചെയ്യുന്ന പദ്ധതി ഒറ്റനോട്ടത്തില്‍ ലളിതമാണെന്ന് തോന്നാമെങ്കിലും ഒന്നിച്ച് കൂട്ടായി പ്രവര്‍ത്തിക്കുമ്പോള്‍ സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് പാര്‍വതി ഗോപകുമാര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ‘സിഎസ്ആറിന്റെ ഭാഗമായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസും സൗത്ത് ഇന്ത്യന്‍ ബാങ്കും ചേരുന്നത് നല്ല സന്ദേശമാണ് നല്‍കുന്നത്. സമൂഹത്തില്‍ വലിയ തോതില്‍ സ്വാധീനം ചെലുത്താന്‍ ഒരു നടപടി കൂട്ടായി എടുക്കുമ്പോള്‍ അത് ഒരു മാറ്റം കൊണ്ടുവരും,’- പാര്‍വതി ഗോപകുമാര്‍ പറഞ്ഞു.

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സീനിയര്‍ ജനറല്‍ മാനേജറും ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ സോണി എ, അസിസ്റ്റന്റ് കലക്ടര്‍ക്ക് ആദ്യ വിത്ത് പാക്കറ്റ് കൈമാറി. സുസ്ഥിരതയ്ക്കുള്ള ബാങ്കിന്റെ പ്രതിബദ്ധത സോണി എ ആവര്‍ത്തിച്ചു. വൈവിധ്യത്തിനായുള്ള ബാങ്കിന്റെ ദീര്‍ഘകാല ഊന്നലും പരിസ്ഥിതി ലക്ഷ്യങ്ങള്‍ക്കനുസൃതമായി ഹരിത നിക്ഷേപങ്ങള്‍ പുനരാരംഭിച്ചതും ഇതിന്റെ ഭാഗമായാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, റെസിഡന്റ് എഡിറ്റര്‍ (കേരളം) കിരണ്‍ പ്രകാശ്, ടിഎന്‍ഐഇ ജനറല്‍ മാനേജറും (കേരളം) സ്‌പെഷ്യല്‍ പ്രോജക്ടുകളുടെ നാഷണല്‍ ഹെഡുമായ വിഷ്ണു നായര്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് മാര്‍ക്കറ്റിങ് ഹെഡ് രമേശ് കെ പി, മറ്റ് മുതിര്‍ന്ന എക്‌സിക്യൂട്ടീവുകള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.ഈ പദ്ധതിയുടെ ഭാഗമായി, വ്യാഴാഴ്ച സംസ്ഥാനത്തുടനീളം പത്രത്തോടൊപ്പം ടിഎന്‍ഐഇ വായനക്കാര്‍ക്ക് പച്ചക്കറി വിത്തുകളുടെ പാക്കറ്റ് വിതരണം ചെയ്തു.

വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ കേരളം (വിഎഫ്പിസികെ), കേരള കാര്‍ഷിക വികസന, കര്‍ഷക ക്ഷേമ വകുപ്പ് എന്നിവയുടെ പിന്തുണയോടെയാണ് ഈ സംരംഭം ആരംഭിച്ചത്.

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; 73,000ന് മുകളില്‍ തന്നെ

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; 73,000ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം 73,000 കടന്ന സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 73,040 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 9130 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും വെറെയും.

തിങ്കളാഴ്ച രണ്ടു തവണകളായി 1120 വര്‍ധിച്ചതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും 72,000ന് മുകളില്‍ എത്തിയത്. തുടര്‍ന്ന് വീണ്ടും വില ഉയര്‍ന്ന് ഇന്നലെയാണ് 73000 കടന്ന് സ്വര്‍ണവില കുതിച്ചത്. കഴിഞ്ഞ മാസം 71,000നും 72,000നും ഇടയില്‍ സ്വര്‍ണ വില കൂടിയും കുറഞ്ഞും നില്‍ക്കുന്ന കാഴ്ചയാണ് വിപണിയില്‍ കണ്ടത്. കഴിഞ്ഞ മാസം 15ന് 68,880 ലേക്ക് കൂപ്പുകുത്തിയ സ്വര്‍ണവില പിന്നീട് കരകയറി 71,000ന് മുകളില്‍ എത്തിയ ശേഷമാണ് ചാഞ്ചാടി നിന്നത്.

73000 കടന്നതോടെ വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുമെന്ന പ്രതീതിക്കിടെയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്.ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

ഇനി ടോക്കണ്‍ മറിച്ചുനല്‍കാന്‍ പറ്റില്ല; ഗുരുവായൂരില്‍ പ്രത്യേക ദര്‍ശനത്തിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധം

ഇനി ടോക്കണ്‍ മറിച്ചുനല്‍കാന്‍ പറ്റില്ല; ഗുരുവായൂരില്‍ പ്രത്യേക ദര്‍ശനത്തിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രത്യേക ദര്‍ശനത്തിന് ടോക്കണ്‍ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. ക്ഷേത്രം ഗോപുരം മാനേജരെ ആധാര്‍ കാര്‍ഡ് കാണിച്ചാല്‍ മാത്രമേ ടോക്കണ്‍ അനുവദിക്കൂ. ദര്‍ശനത്തിന് വരുന്നവരില്‍ ഒരാളുടെ കാര്‍ഡ് നല്‍കിയാല്‍ മതി.

ആധാറിന്റെ ഒറിജിനല്‍ തന്നെ ഹാജരാക്കണം. ദര്‍ശനത്തിന് ഗോപുരത്തില്‍ പേര് കൊടുത്തയാളുടെ ആധാര്‍ കാര്‍ഡ് തന്നെ വേണം കാണിക്കാന്‍. ദേവസ്വം ജീവനക്കാരുടെ ശുപാര്‍ശയില്‍ ദര്‍ശനത്തിനെത്തുന്നവരും കാര്‍ഡ് കാണിക്കണം. ഇക്കഴിഞ്ഞ ഭരണസമിതി യോഗത്തിലെ തീരുമാനം നടപ്പാക്കിത്തുടങ്ങി.

ദര്‍ശനത്തിനായി ഗോപുരം മാനേജരില്‍ നിന്ന് ടോക്കണ്‍ വാങ്ങി ചിലര്‍ മറിച്ചു നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ആധാര്‍ കാര്‍ഡ് സമ്പ്രദായം നടപ്പാക്കിയതെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.

വയനാട് ഉരുള്‍പൊട്ടല്‍ കൂരിയാട് ദേശീയപാത തകര്‍ച്ചയ്ക്ക് കാരണമായി; എന്‍എച്ച്എഐ ഹൈക്കോടതിയില്‍

വയനാട് ഉരുള്‍പൊട്ടല്‍ കൂരിയാട് ദേശീയപാത തകര്‍ച്ചയ്ക്ക് കാരണമായി; എന്‍എച്ച്എഐ ഹൈക്കോടതിയില്‍

കൊച്ചി: വയനാട്ടിലെ ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടല്‍ മലപ്പുറം കൂരിയാട് ദേശീയപാത 66 തകര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ടെന്ന് ദേശീയപാത അതോറിറ്റി അധികൃതര്‍ ഹൈക്കോടതിയില്‍. ഉരുള്‍പൊട്ടലിനെത്തുടര്‍ന്നു ഭൂമിയിലുണ്ടായ സമ്മര്‍ദ്ദം റോഡ് തകര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് എന്‍എച്ച്എഐ പറയുന്നത്. നെല്‍വയല്‍ നികത്തിയാണ് കൂരിയാട് ദേശീയപാത 66 നിര്‍മ്മിച്ചത്.

ഇതിനു സമീപത്തുകൂടിയാണ് ചാലിയാറിന്റെ പോഷകനദിയായ പാണമ്പുഴ കടന്നുപോകുന്നത്. വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടാകുന്ന 2024, ജൂലൈ 30 ന് മുമ്പു തന്നെ, 2024 ഫെബ്രുവരിയില്‍ ദേശീയപാതയുടെ വലതുപാര്‍ശ്വഭിത്തിയുടെ നിര്‍മ്മാണം ആരംഭിച്ചിരുന്നു. 2024 മാര്‍ച്ചില്‍ ഇടതു പാര്‍ശ്വഭിത്തിയുടെ നിര്‍മ്മാണവും തുടങ്ങി.

വയനാട് ഉരുള്‍പൊട്ടലിനുശേഷം ആഴ്ചകളോളം കൂരിയാട് പ്രദേശത്ത് വെള്ളക്കെട്ട് ഉണ്ടായിരുന്നു. ഇത് മണ്ണിന്റെ പാളികളെ ദുര്‍ബലമാക്കി. ഇതാണ് റോഡ് തകര്‍ച്ചയ്ക്ക് കാരണമായതെന്ന് ദേശീയപാത അതോറിറ്റി ചൂണ്ടിക്കാട്ടുന്നു.

‘തുടര്‍ച്ചയായി പെയ്ത മഴയുടെയും വെള്ളം കെട്ടിക്കിടക്കുന്നതിന്റെയും ഫലമായി, ഇടതുവശത്തുള്ള സര്‍വീസ് റോഡിന്റെ മുകള്‍ഭാഗത്ത് ഒരു ആഴ്ചയോളം 0.30 മീറ്ററിലധികം ഉയരത്തില്‍ വെള്ളക്കെട്ടായിരുന്നു.’ ദേശീയപാത അതോറിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ സമീപകാലത്തെ ഏറ്റവും വിനാശകരമായ പ്രകൃതിദുരന്തങ്ങളിലൊന്നാണ്. ഇത് വയനാട്ടിലും താഴ്ന്ന പ്രദേശങ്ങളിലും മനുഷ്യര്‍ക്കും സ്വത്തിനും കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രവാസി വ്യവസായി കാട്ടിക്കുളം ഭരതന്‍ അന്തരിച്ചു

പ്രവാസി വ്യവസായി കാട്ടിക്കുളം ഭരതന്‍ അന്തരിച്ചു

തൃശുര്‍: ഇരിങ്ങാലക്കുടയിലെ സാമൂഹ്യ, വിദ്യാഭ്യാസ കലാ- സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന കാട്ടിക്കുളം ഭരതന്‍ (79) നിര്യാതനായി. പ്രവാസി വ്യവസായി ആയിരുന്ന കാട്ടിക്കുളം ഭരതന്‍ കാറളം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജരാണ്.

ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം പ്രസിഡന്റ്, എസ് എന്‍ ക്ലബ് പ്രസിഡന്റ്, എസ്എന്‍ബിഎസ് സമാജം പ്രസിഡന്റ്, ലയണ്‍സ് ക്ലബ് പ്രസിഡണ്ട്, എസ്എന്‍ഇഎസ് വൈസ്- ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ശ്രീനാരായണ ദര്‍ശനങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള ശ്രമങ്ങള്‍ക്ക് അംഗീകാരമായി ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രീനാരായണ വേള്‍ഡ് കൗണ്‍സിലിന്റെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2001 ല്‍ കേരള സിറ്റിസണ്‍ ഫോറത്തിന്റെ മാന്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരവും ലഭിച്ചു.

കിഴുത്താണി കാട്ടിക്കുളം വീട്ടില്‍ കുമാരന്റെയും കല്യാണിയുടെയും മകനാണ് കാട്ടിക്കുളം ഭരതന്‍. ഭാര്യ സുധ. ലിന്റ, ലക്കി (ലണ്ടന്‍), ലാല്‍ എന്നിവര്‍ മക്കളും ഡോ. രാകേഷ്, അമിത് (ലണ്ടന്‍), ഡോ ശ്യംഗ എന്നിവര്‍ മരുമക്കളുമാണ്.