by Midhun HP News | May 31, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് നാലുജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നേരത്തെ ഒരു ജില്ലയിലും ഇന്ന് തീവ്രമഴ മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല.
ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.നാളെ മുതല്‍ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.
നാളെ മുതല്‍ വ്യാഴാഴ്ച വരെ വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. നാളെയും തിങ്കളാഴ്ചയും ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ചയും ബുധനാഴ്ചയും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രളയ സാധ്യത മുന്നറിയിപ്പ്
അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെ താഴെ പറയുന്ന നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ നിലനില്‍ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
ഓറഞ്ച് അലര്‍ട്ട്
പത്തനംതിട്ട: അച്ചന്‍കോവില്‍ (കോന്നി ഏഉ സ്റ്റേഷന്‍), മണിമല (തോന്ദ്ര – വള്ളംകുളം സ്റ്റേഷന്‍)
കാസര്‍കോട്: ഉപ്പള നദി (ഉപ്പള സ്റ്റേഷന്‍), നീലേശ്വരം (ചെയ്യം റിവര്‍ സ്റ്റേഷന്‍), മൊഗ്രാല്‍ (മധുര്‍ സ്റ്റേഷന്‍), ഷിറിയ (പുത്തിഗെ സ്റ്റേഷന്‍)
മഞ്ഞ അലര്‍ട്ട്
ആലപ്പുഴ: അച്ചന്‍കോവില്‍ (നാലുകെട്ടുകവല സ്റ്റേഷന്‍)
കണ്ണൂര്‍: പെരുമ്പ (കൈതപ്രം റിവര്‍ സ്റ്റേഷന്‍), കവ്വായ് (വെള്ളൂര്‍ റിവര്‍ സ്റ്റേഷന്‍)
കാസര്‍കോട്: കരിയങ്കോട് (ഭീമനടി സ്റ്റേഷന്‍), ചന്ദ്രഗിരി (പല്ലങ്കോട് സ്റ്റേഷന്‍), ഷിറിയ (അങ്ങാടിമോഗര്‍ സ്റ്റേഷന്‍)
കൊല്ലം: പള്ളിക്കല്‍ (ആനയടി സ്റ്റേഷന്‍)
കോട്ടയം: മീനച്ചില്‍ (പേരൂര്‍ സ്റ്റേഷന്‍)
കോഴിക്കോട്: കോരപ്പുഴ (കുന്നമംഗലം സ്റ്റേഷന്‍)
പത്തനംതിട്ട: അച്ചന്‍കോവില്‍ (കല്ലേലി സ്റ്റേഷന്‍ & പന്തളം സ്റ്റേഷന്‍), പമ്പ (ആറന്മുള സ്റ്റേഷന്‍)
തൃശൂര്‍: കരുവന്നൂര്‍ (കരുവന്നൂര്‍ സ്റ്റേഷന്‍)
യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
by Midhun HP News | May 31, 2025 | Latest News, കേരളം
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ കേസില്‍ പ്രതി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. മുഖ്യമന്ത്രിയെ കൊല്ലുമെന്ന ഭീഷണി സന്ദേശം ഗുരുതരമെന്നും കോടതി പറഞ്ഞു. പയ്യന്നൂര്‍ സ്വദേശി അഭിജിത്താണ് മുഖ്യമന്ത്രിക്ക് ഭീഷണി സന്ദേശം അയച്ചത്. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്.
സാമൂഹിക മാധ്യമങ്ങളിലെ കമന്റുകള്‍ സമൂഹത്തിന് വലിയ ഭീഷണിയായി മാറിയിരിക്കുകയാണ് എന്ന് കോടതി നിരീക്ഷിച്ചു. പൗരന്മാരെ മാത്രമല്ല, ഭരണഘടനാപരമായ അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവരെയും അപകീര്‍ത്തിപ്പെടുത്തുകയും അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്യുന്നു.
അധികാരികളുടെ ഓഫീസിലേക്ക് അനാവശ്യമായ ഭീഷണി സന്ദേശങ്ങള്‍ അയച്ചും ഇവര്‍ ഭീകരാവസ്ഥ സൃഷ്ടിക്കുന്നു. പ്രമുഖരെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളും ഭീഷണി സന്ദേശങ്ങളും അയക്കുന്നത് പബ്ലിസിറ്റിക്ക് വേണ്ടിയാണ്. ഇത് ഒരു ട്രെന്‍ഡായി മാറിയിരിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.
by Midhun HP News | May 31, 2025 | Latest News, കേരളം
മലപ്പുറം: അന്‍വറിന് മുന്നില്‍ യുഡിഎഫ് വാതില്‍ പൂര്‍ണമായി അടച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. അന്‍വര്‍ തിരുത്തിയാല്‍ യുഡിഎഫില്‍ എത്തിക്കാന്‍ ശ്രമം തുടരും. അന്‍വറിന്റെ വോട്ടില്ലെങ്കിലും നിലമ്പൂരില്‍ യുഡിഎഫ് ജയിക്കും. എന്നാല്‍ മത്സരം കടുക്കും. അന്‍വര്‍ നടത്തിയ പ്രസ്താവന തന്നെയാണ് അന്‍വറിന് വിനയായതെന്നും കെ സുധാകരന്‍ പറഞ്ഞു.
സിപിഎമ്മിനും സര്‍ക്കാരിനെതിരെയും നടത്തിയ ശക്തമായ നിലപാടുകളും പ്രസ്താവനയുമാണ് അന്‍വറിലേക്ക് യുഡിഎഫിനെ ആകര്‍ഷിച്ചത്. യുഡിഎഫിനൊപ്പം നില്‍ക്കാനുള്ള അന്‍വറിന്റെ തീരുമാനങ്ങളും അദ്ദേഹത്തിലേക്ക് അടുപ്പിച്ചു. ഇപ്പോഴും അന്‍വര്‍ യുഡിഎഫിലേക്ക് വരാന്‍ തയ്യാറാകുകയാണെങ്കില്‍ ഞങ്ങള്‍ തീരുമാനം പുനഃപരിശോധിക്കാന്‍ തയ്യാറാകും. അതില്‍ തര്‍ക്കമൊന്നുമില്ല. യുഡിഎഫിനൊപ്പം നില്‍ക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് പറഞ്ഞ്, സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കുന്നതായി അന്‍വര്‍ പറഞ്ഞിരുന്നെങ്കില്‍, അദ്ദേഹത്തെ സതീശന്‍ തന്നെ കൈപിടിച്ചു കൊണ്ടു വന്നേനെയെന്ന് സുധാകരന്‍ പറഞ്ഞു.
യുഡിഎഫില്‍ ഞങ്ങള്‍ക്കാര്‍ക്കും അന്‍വറിനോട് വ്യക്തിപരമായ വിദ്വേഷമോ വൈരാഗ്യമോ ഇല്ല. അദ്ദേഹം വരുമെന്ന് അറിയിച്ചാല്‍ കൂടെ നിര്‍ത്തുന്നതിനെക്കുറിച്ച് യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. സതീശന് അഭിപ്രായവ്യത്യാസം ഉണ്ടായത് അദ്ദേഹം എടുത്ത ഒരു തീരുമാനത്തിന് വിയോജിപ്പ് ഉണ്ടായപ്പോഴാണ്. അത് സ്വാഭാവികമാണ്. പ്രതിപക്ഷ നേതാവ് അയഞ്ഞാല്‍ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകുമെന്ന് പറയുന്നതിനോട് യോജിപ്പില്ല. പ്രതിപക്ഷ നേതാവ് അയഞ്ഞതു കൊണ്ട് മാത്രം കാര്യമില്ല. പ്രതിപക്ഷ നേതാവ് അയയുമ്പോള്‍, അന്‍വര്‍ കൂടെ അയയണം. ഒരാള്‍ അയഞ്ഞതുകൊണ്ട് കാര്യമില്ല. രണ്ടുപേരും അയഞ്ഞാലേ തീരുമാനമാകൂ എന്നും കെ സുധാകരന്‍ പറഞ്ഞു.
യുഡിഎഫ് ഒരു സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് മുന്നോട്ടുപോകുമ്പോള്‍, ആ സ്ഥാനാര്‍ത്ഥിക്കെതിരെ പ്രസ്താവന നടത്തിക്കൊണ്ടിരിക്കുന്നയാളുടെ ഒപ്പം പോകാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ?. അന്‍വറിന്റെ വികാരത്തെ ഒന്നു മയപ്പെടുത്തി കൈകാര്യം ചെയ്യാന്‍ പ്രതിപക്ഷ നേതാവിന് സാധിക്കുമായിരുന്നു എന്ന് തോന്നുന്നു. പക്ഷെ അതിനെല്ലാം വിലങ്ങുതടിയായി മാറിയത് ആര്യാടന്‍ ഷൗക്കത്തിനെതിരായ അന്‍വറിന്റെ തന്നെ പ്രതികരണങ്ങളാണെന്ന് കെ സുധാകരന്‍ പറഞ്ഞു. നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയാക്കി എം സ്വരാജിനെ സിപിഎം ബലിയാടാക്കിയെന്നും കെ സുധാകരന്‍ പറഞ്ഞു.
by Midhun HP News | May 31, 2025 | Latest News, കേരളം
ഇന്ന് വിരമിക്കാൻ ഇരിക്കെ കിളിമാനൂർ അടമൺ യുപി സ്കൂളിലെ പ്രധാന അധ്യാപകൻ അന്തരിച്ചു. കിളിമാനൂർ അടമൺ യുപി സ്കൂളിലെ പ്രധാന അധ്യാപകനും, കാനാറ വാർഡിൽ പാപ്പാല ആറ്റായിക്കോണം വെട്ടിയിട്ടുകോണം ഗൗരീശത്തിൽ (പൊയ്കവിള പുത്തൻവീട്) പരേതരായ വാസുദേവൻ നായരുടേയും ശാന്തകുമാരി അമ്മയുടേയും ഇളയമകൻ
അജികുമാർ വി (56, പൊടിയൻ) ആണ് അന്തരിച്ചത്.
by Midhun HP News | May 31, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 71,360 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 8920 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും വെറേയും.
കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി 71,000നും 72,000നും ഇടയില്‍ സ്വര്‍ണ വില കൂടിയും കുറഞ്ഞും നില്‍ക്കുന്ന കാഴ്ചയാണ് വിപണിയില്‍ കാണുന്നത്. ഈ മാസം 15ന് 68,880 ലേക്ക് കൂപ്പുകുത്തിയ സ്വര്‍ണവില പിന്നീട് കരകയറി 71,000ന് മുകളില്‍ എത്തിയ ശേഷമാണ് ചാഞ്ചാടി നില്‍ക്കുന്നത്.
ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക- ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. കഴിഞ്ഞ മാസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്. എന്നാല്‍ ഓഹരി വിപണിയില്‍ വീണ്ടും ഉണര്‍വ് പ്രകടമായതോടെ നിക്ഷേപകര്‍ തിരിച്ചു പോകാന്‍ തുടങ്ങി.
by Midhun HP News | May 31, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ സർവീസിൽ നിന്ന് ഇന്ന് കൂട്ട വിരമിക്കൽ. 11000 ത്തോളം ജീവനക്കാരാണ് ഇന്ന് സർവീസിൽ നിന്ന് വിരമിക്കുന്നത്. സെക്രട്ടേറിയറ്റിൽ നിന്ന് മാത്രം 221 പേരാണ് വിരമിക്കുന്നത്.
കെഎസ്ഇബിയിൽ നിന്ന് 1022 പേരും ഇന്ന് വിരമിക്കും. വിരമിക്കുന്നവർക്ക് ആനുകൂല്യങ്ങൾ നൽകാൻ 6000 കോടി രൂപ വേണ്ടി വരുമെന്നാണ് കണക്ക്. ജനന സർട്ടിഫിക്കറ്റ് നിർബന്ധം ആക്കുന്നതിന് മുൻപ് സ്കൂളിൽ ചേർക്കുമ്പോൾ മെയ് 31 ആയിരുന്നു ജനനതിയ്യതി ആയി ചേർക്കാറ്.
ഇതുമൂലം ഔദ്യോഗിക രേഖകളിലും ജനന തിയതി ഇതായി മാറും. ഇതോടെയാണ് മെയ് 31 കൂട്ടവിരമിക്കല്‍ തീയതിയായി മാറുന്നത്. അതാണ് ഈ ദിവസത്തെ കൂട്ട വിരമിക്കലിന് കാരണം. 2024 മെയ് 31 ന് സംസ്ഥാനത്ത് 16000 ത്തോളം ജീവനക്കാരാണ് സർവ്വീസിൽ നിന്ന് വിരമിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കെ വിരമിക്കുന്നവർക്ക് ആനുകൂല്യങ്ങൾ ഈ വർഷം 6000 കോടിയോളം സർക്കാർ കണ്ടെത്തേണ്ടിവരും.
Recent Comments