by Midhun HP News | May 31, 2025 | Latest News, കേരളം
തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒറ്റപ്പെട്ടയിടങ്ങളില്‍ തീവ്രമഴ ( kerala rain) പ്രവചിക്കുന്നത്.
ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മറ്റെല്ലാ ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
കേരള തീരത്ത് ഇന്നു രാവിലെ 11.30 വരെ 2.7 മുതല്‍ 3.9 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. അതിനാല്‍ തീരപ്രദേശങ്ങില്‍ താമസിക്കുന്നവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ
കൊല്ലം: ആലപ്പാട് മുതല്‍ ഇടവ വരെ
ആലപ്പുഴ: ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ
എറണാകുളം: മുനമ്പം എഒ മുതല്‍ മറുവക്കാട് വരെ
കണ്ണൂര്‍ & കാസര്‍കോട് : കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെ
കന്യാകുമാരി ജില്ലയിലെ നീരോടി മുതല്‍ ആരോക്യപുരം വരെയുള്ള തീരങ്ങളില്‍ (ഓറഞ്ച് അലര്‍ട്ട്) ഇന്നു രാത്രി 08.30 വരെ 3.0 മുതല്‍ 3.7 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.
by Midhun HP News | May 31, 2025 | Latest News, കേരളം
സ്കൂൾ തുറക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ, സംസ്ഥാന എക്സൈസ് വകുപ്പ് സംസ്ഥാനത്തെ 104 സ്കൂളുകളെ ലഹരിമരുന്ന് ഹോട്ട്‌സ്‌പോട്ടുകളായി തിരിച്ചറിഞ്ഞു, കൂടാതെ വിദ്യാർത്ഥികൾക്കിടയിൽ ലഹരിയുടെ സ്വാധീനം തടയുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
വിദ്യാർത്ഥികൾക്കിടയിൽ ലഹരിമരുന്നും ലഹരിവസ്തുക്കളുടെ ദുരുപയോഗവും വ്യാപകമാണെന്ന് കണ്ടെത്തിയ സ്കൂളുകളെയാണ് വകുപ്പ് ലഹരിമരുന്ന് ഹോട്ട്‌സ്‌പോട്ടായി (Drug hotspot) ടാഗ് ചെയ്തിരിക്കുന്നത്. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽപ്പെട്ട സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്കൂളുകൾ പട്ടികയിൽ ഉൾപ്പെടുന്നു.
തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ ഹോട്ട് സ്പോട്ടുകൾ കണ്ടെത്തിയിരിക്കുന്നത്. 43 സ്കൂളുകളാണ് തലസ്ഥാന ജില്ലയിൽ നിന്നും ഈ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തൊട്ടുപിന്നാലെ എറണാകുളം, കോഴിക്കോട് ജില്ലകളും ഉൾപ്പെടുന്നു. ഏറ്റവും കൂടുതൽ നിരീക്ഷണം ആവശ്യമായി വിഭാഗത്തിൽ നിരവധി സ്കൂളുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അത്തരമൊരു പട്ടിക നിലവിലുണ്ടെന്ന് ഒന്നിലധികം കേന്ദ്രങ്ങൾ സ്ഥിരീകരിച്ചു. ലഹരിക്ക് അടിമകളായ വിദ്യാർത്ഥികളെ ലഹരിമരുന്ന് റാക്കറ്റിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാർ, എക്സൈസ് വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
“സ്കൂൾ കുട്ടികളെ വലയിൽ വീഴ്ത്തുന്ന ഘടകങ്ങളെ ഇല്ലാതാക്കുന്നതിന് സ്വയം നടപടിയെടുക്കാനും പൊലീസ് പോലുള്ള മറ്റ് വകുപ്പുകളുമായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്,” ഒരു മുതിർന്ന എക്സൈസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സ്കൂൾ വീണ്ടും തുറക്കാനിരിക്കെ, വകുപ്പ് ഇതിനകം തന്നെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് എക്സൈസ് വൃത്തങ്ങൾ അറിയിച്ചു. ഈ സ്കൂളുകൾക്ക് സമീപം പ്രവർത്തിക്കുന്ന ചില കടകൾ വിദ്യാർത്ഥികൾക്ക് ലഹരിമരുന്ന് വിതരണം ചെയ്യുന്നതായി എക്സൈസ് വൃത്തങ്ങൾ അറിയിച്ചു. ഈ വിവരങ്ങൾ സംസ്ഥാന സർക്കാരിന് കൈമാറി, ലഹരിമരുന്നും മറ്റ് ലഹരിവസ്തുക്കളും വിൽക്കുന്ന കടകളുടെ ലൈസൻസ് റദ്ദാക്കാൻ വ്യക്തമായ നിർദ്ദേശം നൽകി.
“ഇത്തരം കടകളുടെ ലൈസൻസ് റദ്ദാക്കുന്നതിനും ഉടമകൾക്കെതിരെ കേസെടുക്കുന്നതിനും എക്സൈസ് വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം തേടി തുടങ്ങിയിട്ടുണ്ട്. ഞങ്ങൾക്ക് ഒരു പോരായ്മയുണ്ട്, അത്തരം കടകളിൽ വലിയൊരു വിഭാഗം ലൈസൻസില്ലാതെ പ്രവർത്തിക്കുന്നു എന്നതാണ്. നിയമത്തിലെ മറ്റ് വ്യവസ്ഥകൾ ഉപയോഗിച്ച് അത്തരം കടകൾക്കെതിരെ നടപടിയെടുക്കാൻ ഞങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്,” ഒരു എക്സൈസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
എക്സൈസ് ഉദ്യോഗസ്ഥർ ഈ സ്കൂളുകളിലെ പ്രിൻസിപ്പൽമാരുമായോ ഹെഡ്മാസ്റ്റർമാരുമായോ ഇതിനകം ബന്ധപ്പെടുകയും അവരുടെ സഹകരണം തേടുകയും ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികൾക്കായി സജ്ജീകരിച്ചിട്ടുള്ള എക്സിറ്റ്, എൻട്രി പോയിന്റുകളുടെ വിശദാംശങ്ങൾ നൽകാൻ അവരോട് ആവശ്യപ്പെട്ടു. സ്കൂൾ കാമ്പസുകളിലെ വിദ്യാർത്ഥികൾ ഒത്തുകൂടുന്ന ഒഴിഞ്ഞുകിടക്കുന്ന മുറികളുടെയും ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളുടെയും വിശദാംശങ്ങൾ എക്സൈസ് ഉദ്യോഗസ്ഥർ സ്കൂൾ അധികൃതരിൽ നിന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഹോട്ട്‌സ്‌പോട്ടായ സ്‌കൂളുകൾ നിരീക്ഷണത്തിലാക്കുമെന്നും ആവശ്യമെങ്കിൽ പൊലീസിന്റെ സഹായം തേടുമെന്നും എക്‌സൈസ് വൃത്തങ്ങൾ അറിയിച്ചു. വിദ്യാർത്ഥികൾക്ക് പുറത്തുനിന്നുള്ളവരുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് കർശനമായി നിരീക്ഷിക്കും. സ്കൂളുകളിൽ ചുറ്റിത്തിരിയുന്ന ആളുകളുടെ പശ്ചാത്തലം പരിശോധിക്കും. ലഹരിമരുന്ന് വിൽപ്പനക്കാർ കുട്ടികളുമായി സമ്പർക്കം പുലർത്തുന്നത് തടയുന്നതിനാണിത്,”ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ലഹരിമരുന്നിന് അടിമകളായ വിദ്യാർത്ഥികളുടെ കാര്യത്തിൽ എക്സൈസ് ഉദ്യോഗസ്ഥർ രക്ഷിതാക്കളെയും സ്കൂൾ അധികൃതരെയും ബന്ധപ്പെടുകയും അവരുടെ സമ്മതത്തോടെ ‘വിമുക്തി’ ലഹരി മുക്ത പദ്ധതി പ്രകാരം അവരെ പുനരധിവസിപ്പിക്കുകയും ചെയ്യും.
by Midhun HP News | May 30, 2025 | Latest News, കേരളം
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ നദികളില്‍ പ്രളയ സാധ്യതാ മുന്നറിയിപ്പു പുറപ്പെടുവിച്ചു. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
പത്തനംതിട്ട ജില്ലയിലെ മണിമല നദി, അച്ചന്‍കോവില്‍ നദി, പമ്പ നദി; കാസര്‍കോട് ജില്ലയിലെ മൊഗ്രാല്‍ നദി, നീലേശ്വരം നദി, ഉപ്പള നദി എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ നദി; കണ്ണൂര്‍ ജില്ലയിലെ പെരുമ്പ നദി, കുപ്പം നദി, കാസര്‍കോട് ജില്ലയിലെ കാര്യങ്കോട് നദി, കൊല്ലം ജില്ലയിലെ പള്ളിക്കല്‍ നദി, കോട്ടയം ജില്ലയിലെ മീനച്ചില്‍ നദി, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദി, പത്തനംതിട്ട ജില്ലയിലെ പമ്പ നദി, അച്ചന്‍കോവില്‍ നദി, തിരുവനന്തപുരം ജില്ലയിലെ വാമനപുരംനദി, വയനാട് ജില്ലയിലെ കബനി നദി എന്നിവിടങ്ങളില്‍ മഞ്ഞ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
by Midhun HP News | May 30, 2025 | Latest News, കേരളം
തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ കെഎസ്ഇബിക്ക് ഇതുവരെ ഉണ്ടായത് 121 കോടി രൂപയുടെ നഷ്ടം. പൊട്ടിക്കിടക്കുന്ന വൈദ്യുതി കമ്പികളിൽ തൊടരുതെന്നാണ് പൊതുജനങ്ങൾക്കുള്ള കെഎസ് ഇബിയുടെ മുന്നറിയിപ്പ്. ജീവനക്കാരുടെ കുറവ് കണക്കിലെടുത്ത് ആയിരത്തോളം പേരെ താൽക്കാലികമായി നിയമിക്കുമെന്ന് വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടി അറിയിച്ചു.
കനത്തമഴയിലും കാറ്റിലും വ്യാപകമായാണ് വൈദ്യുതി പോസ്റ്റുകൾ തകർന്നത്. രാപ്പകലില്ലാതെ ജീവൻ പണയം വെച്ചാണ് കെഎസ് ഇബി ജീവനക്കാർ വൈദ്യുതി വിതരണം സുഗമമാക്കാൻ രംഗത്തുള്ളത്. നിലവിലെ കണക്കുകൾ പ്രകാരം 2190 ഹൈടെൻഷൻ പോസ്റ്റുകളും, 16,366 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു. 2345 സ്ഥലങ്ങളിൽ ഹൈ ടെൻഷൻ ലൈനുകളും 45,459 സ്ഥലങ്ങളിൽ ലോടെൻഷൻ ലൈനുകളും പൊട്ടി വീണു. വിതരണമേഖലയിൽ ഏകദേശം 120,81,00,000 രൂപയുടെ നഷ്ടമാണ് ഉണ്ടായത്. വൈദ്യുതി ബന്ധം നിലച്ച സ്ഥലങ്ങളിൽ പുനസ്ഥാപിക്കാൻ തീവ്രശ്രമത്തിലാണ് കെഎസ്ഇബി.വൈദ്യുതി ലൈനുകൾ അപകടകരമായി ശ്രദ്ധയിൽപ്പെട്ടാൽ ഒരിക്കലും സമീപത്തേക്ക് പോകരുതെന്നാണ് മുന്നറിയിപ്പ്. ഉടൻ സമീപത്തെ കെ എസ് ഇ ബി ഓഫീസിലോ 94 96 01 01 01 എന്ന നമ്പരിലോ അറിയിക്കണം. പൊട്ടിക്കിടക്കുന്ന വൈദ്യുതകമ്പിയില്‍ മാത്രമല്ല. സമീപത്തും വൈദ്യുതപ്രവാഹമുണ്ടാകാൻ സാധ്യതയുണ്ട്. കെ എസ് ഇ ബി ജീവനക്കാര്‍ എത്തുന്നതുവരെ മറ്റുള്ളവര്‍ അപകടത്തില്‍പ്പെടാതിരിക്കുവാന്‍ വേണ്ട ജാഗ്രത പാലിക്കണം. പൊട്ടിയ ലൈന്‍ വെള്ളത്തില്‍ കിടക്കുകയാണെങ്കില്‍ ആ വെള്ളത്തില്‍ സ്പര്‍ശിക്കരുത്. പൊട്ടിയ ലൈന്‍ തട്ടി ആര്‍ക്കെങ്കിലും ഷോക്കേറ്റാല്‍ അയാളുടെ ശരീരത്തില്‍ നേരിട്ട് സ്പര്‍ശിക്കാതെ ഉണങ്ങിയ മുളയോ കമ്പോ കൊണ്ട് തട്ടി ആളിനെ ലൈനില്‍ നിന്നും മാറ്റുകയും പ്രഥമ ശുശ്രൂഷ നല്‍കി എത്രയും പെട്ടെന്ന് തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയും ചെയ്യേണ്ടതാണ്.
by Midhun HP News | May 30, 2025 | Latest News, കേരളം
പുനെ: നാഷണല്‍ ഡിഫന്‍സ് അക്കാദമി(NDA)യില്‍ നിന്ന് 17 വനിതാ കേഡറ്റുകളുടെ ആദ്യ ഡിഗ്രി ബാച്ച് പുറത്തിറങ്ങി. 300ലധികം പുരുഷന്‍മാര്‍ക്കൊപ്പമാണ് വനിതാ കേഡറ്റുകള്‍ പാസിങ് ഔട്ട് പരേഡ് നടത്തിയത്. മുന്‍ കരസേന മേധാവിയും മിസോറാം ഗവര്‍ണറുമായ ജനറല്‍ വി കെ സിങ് പാസിങ് ഔട്ട് പരേഡില്‍ അതിഥിയായി.
2021ല്‍ സുപ്രീംകോടതി നിര്‍ദേശ പ്രകാരമാണ് യുപിഎസ്‌സി(യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍) ഡിഫന്‍സ് അക്കാദമിയിലേയ്ക്ക് സ്ത്രീകള്‍ക്ക് അപേക്ഷിക്കാന്‍ അനുമതി നല്‍കുന്നത്. തുടര്‍ന്ന് 2022ല്‍ എന്‍ഡിഎയുടെ 148ാമത് കോഴ്‌സില്‍ വനിതാ കേഡറ്റുകളുടെ ആദ്യ ബാച്ച് തുടങ്ങി. അക്കാദമി കേഡറ്റ് ക്യാപ്റ്റന്‍ ഉദയ്‌വീര്‍ നേഗി പരേഡ് നയിച്ചു.
എന്‍ഡിഎയില്‍ നിന്ന് വനിതാ കേഡറ്റുകളുടെ ആദ്യ ബാച്ച് പാസായതോടെ അക്കാദമിയുടെ ചരിത്രത്തിലെ ഒരു അതുല്യ ദിനമാണിന്ന്. കൂടുതല്‍ ശാക്തീകരണത്തിനുള്ള നമ്മുടെ കൂട്ടായ യാത്രയില്‍ ഇത് ഒരു നാഴികക്കല്ലാണ്, ജനറല്‍ സിങ് പാസിങ് ഔട്ട് ചടങ്ങില്‍ പറഞ്ഞു. നാരീ ശക്തിയുടെ പ്രതീകമാണ് ഈ യുവതികള്‍ എന്നും അദ്ദേഹം പറഞ്ഞു. ഈ യുവതികളില്‍ ഒരാളെങ്കിലും ഉയര്‍ന്ന പദവിയിലേയ്ക്ക് ഉയരാന്‍ കഴിയുന്ന തരത്തിലുള്ള ഭാവി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
by Midhun HP News | May 30, 2025 | Latest News, കേരളം
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുന്‍ എംഎല്‍എയുമായ എം സ്വരാജ് (M Swaraj) നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി സ്ഥാനാര്‍ഥി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.
തൃപ്പൂണിത്തുറയില്‍നിന്ന് 2016ല്‍ എംഎല്‍എയായ എം സ്വരാജ് കഴിഞ്ഞ തവണ പരാജയപ്പെടുകയായിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തീരുമാനമെടുക്കാന്‍ ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനം.
നിലമ്പൂരില്‍ ഒരു രാഷ്ട്രീയ പോരാട്ടം തന്നെയായാണ് ഇടതുപക്ഷം കാണുന്നതെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. ഈ രാഷ്ട്രീയ പോരാട്ടത്തില്‍ സഖാവ് എം സ്വരാജ് സ്ഥാനാര്‍ഥി ആകണമെന്നാണ് പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചത്. ഒരു പാര്‍ലമെന്റേറിയന്‍ എന്ന നിലയിലും പൊതുപ്രവര്‍ത്തകര്‍ എന്ന നിയിലും ഉയര്‍ന്നുവന്ന സ്വരാജിനെ രാഷ്ട്രീയ പോരാട്ടത്തില്‍ മുന്നില്‍ നിര്‍ത്തണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
നിലമ്പൂര്‍ നിയോജക മണ്ഡലം വര്‍ത്തമാന പരിതസ്ഥിതിയില്‍ ഇടതുപക്ഷത്തിന് മുന്‍തൂക്കമുള്ള മണ്ഡലമായി നില്‍ക്കുകയാണ്. എം സ്വരാജ് മിടുക്കനായ സ്ഥാനാര്‍ഥിയാണ്. ഇടതു പക്ഷ ജനാധിപത്യ മുന്നണിയെ യൂദാസിനെ പോലെ ഒറ്റുകൊടുത്ത് അന്‍വര്‍ ദയനീയ അവസ്ഥയിലാണ്. കാലുപിടിക്കുമ്പോഴും മുകത്ത് ചെളിവാരി എറിയുകയാണെന്നാണ് യുഡിഎഫ് നേതാക്കളെ പറ്റി അന്‍വര്‍ പറയുന്നത്. തനിക്കെതിരായി ഗൂഢാലോചന നടത്തുന്നുവെന്ന് പറയുമ്പോഴും രാവിലത്തെ പത്രസമ്മേളനം മാറ്റിവെച്ച് കാത്തിരിക്കുന്ന അന്‍വറിന്റെ ദയനീയ മുഖമാണ് കാണുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
Recent Comments