പ്ലസ് വണ്‍: ആദ്യ അലോട്ട്‌മെന്റ് തിങ്കളാഴ്ച, ജൂണ്‍ മൂന്ന് മുതല്‍ പ്രവേശനം, വിശദാംശങ്ങള്‍

പ്ലസ് വണ്‍: ആദ്യ അലോട്ട്‌മെന്റ് തിങ്കളാഴ്ച, ജൂണ്‍ മൂന്ന് മുതല്‍ പ്രവേശനം, വിശദാംശങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ രണ്ടിന് വൈകീട്ട് അഞ്ചുമണിക്ക് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഇതനുസരിച്ച് ജൂണ്‍ 3 ന് രാവിലെ 10 മണി മുതല്‍ ജൂണ്‍ 5 വൈകീട്ട് 5 മണി വരെ പ്രവേശനം തേടാവുന്നതാണെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഇതിനോടൊപ്പം മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂളുകളിലെ പ്രവേശനത്തിനുള്ള അലോട്ട്‌മെന്റും സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിനുള്ള അലോട്ട്‌മെന്റുംപ്രസിദ്ധീകരിക്കുന്നതാണ്. രണ്ടാമത്തെ അലോട്ട്‌മെന്റ് ജൂണ്‍ 10 നും മൂന്നാമത്തെ അലോട്ട്‌മെന്റ് ജൂണ്‍ 16 നും പ്രസിദ്ധീകരിച്ച് മുഖ്യഘട്ട അലോട്ട്‌മെന്റുകള്‍ പൂര്‍ത്തീകരിച്ച് പ്ലസ് വണ്‍ ക്ലാസ്സുകള്‍ ജൂണ്‍ 18 ന് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

പ്ലസ് വണ്‍ പ്രവേശനത്തിനായി ഓണ്‍ലൈനായി ആകെ ലഭിച്ച നാല് ലക്ഷത്തി അറുപത്തി രണ്ടായിരത്തി എഴുന്നൂറ്റി അറുപത്തിയെട്ട് (4,62,768) അപേക്ഷകളിലെ ഓപ്ഷനുകള്‍ പരിഗണിച്ചുള്ള ട്രയല്‍ അലോട്ട്‌മെന്റ് മെയ് 24നാണ് പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന് തിരുത്തലുകള്‍ക്കും ആവശ്യമെങ്കില്‍ ഓപ്ഷനുകള്‍ പുന:ക്രമീകരിക്കുന്നതിനുമുള്ള അവസരം അപേക്ഷകര്‍ക്ക് മെയ് 28 ന് വൈകീട്ട് 5 മണി വരെയാണ് അനുവദിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജൂണ്‍ രണ്ടിന് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുക.

സര്‍ക്കാര്‍, എയിഡഡ് സ്‌കൂളുകളിലെ മെറിറ്റ് ക്വാട്ടയിലെ മൂന്നു ലക്ഷത്തി പതിനാറായിരം (3,16,000) സീറ്റുകളിലേയ്ക്കാണ് അലോട്ട്‌മെന്റ് നടത്തപ്പെടുന്നത്. എയിഡഡ് സ്‌കൂളുകളിലെ കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്‌മെന്റ് ക്വാട്ട, അണ്‍-എയ്ഡഡ് ക്വാട്ട സീറ്റുകള്‍ ഉള്‍പ്പടെ ആകെ നാല് ലക്ഷത്തി നാല്‍പത്തി രണ്ടായിരത്തി പന്ത്രണ്ട് (4,42,012)ഹയര്‍സെക്കണ്ടറി സീറ്റുകള്‍ സംസ്ഥാനത്ത് ലഭ്യമാണെന്നും മന്ത്രി അറിയിച്ചു.

കൂരിയാട് ദേശീയപാതയില്‍ വീണ്ടും സംരക്ഷണ ഭിത്തി തകര്‍ന്നു; സര്‍വീസ് റോഡിന് വിള്ളല്‍

കൂരിയാട് ദേശീയപാതയില്‍ വീണ്ടും സംരക്ഷണ ഭിത്തി തകര്‍ന്നു; സര്‍വീസ് റോഡിന് വിള്ളല്‍

മലപ്പുറ: നിര്‍മാണത്തിലിരുന്ന മലപ്പുറം കൂരിയാട് ദേശീയപാതയില്‍(NH66) വീണ്ടും സംരക്ഷണ ഭിത്തി തകര്‍ന്നു. ദേശീയപാതയുടെ ഭാഗമായുള്ള സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗമാണ് പൊളിഞ്ഞത്. നേരത്തെ തകര്‍ന്ന ഭാഗത്തിന് ഏതാനുംമീറ്ററുകള്‍ക്ക് സമീപമാണ് വീണ്ടും തകര്‍ച്ചയുണ്ടായിരിക്കുന്നത്. ആറുവരിപ്പാത ഇടിഞ്ഞുവീണതിനെത്തുടര്‍ന്ന് നേരത്തെ തന്നെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തിവെച്ചിരുന്നു.

ആറുവരിപ്പാതയുടെ പാര്‍ശ്വഭിത്തി ഇടിഞ്ഞ് സര്‍വീസ് റോഡിലേക്കാണ് വീണത്. പ്രധാന പാതയുടെ പാര്‍ശ്വഭിത്തിയിലെ സിമന്റ് കട്ടകളാണ് തകര്‍ന്നു വീണത്. പ്രദേശത്ത് കൂടുതല്‍ സ്ഥലങ്ങളില്‍ സര്‍വീസ് റോഡിനു വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. കനത്ത മഴ തുടരുന്നതിനാല്‍ സമീപത്തെ വയലുകളില്‍ വെള്ളം കയറിയിട്ടുണ്ട്.

മഴക്കാലത്ത് നിറയെ വെള്ളം നില്‍ക്കുന്ന വയലില്‍ ശാസ്ത്രീയ പഠനങ്ങളൊന്നും നടത്താതെ ഉയരത്തില്‍ മണ്ണിട്ട് ഉയര്‍ത്തി ആറുവരിപ്പാത നിര്‍മിച്ചത് വലിയ പിഴവാണെന്ന് ആരോപണങ്ങളുയര്‍ന്നിരുന്നു. നിലവിലെ ആറുവരിപ്പാത മാറ്റി പൈലിങ് നടത്തി തൂണുകള്‍ സ്ഥാപിച്ച് പാലം നിര്‍മിക്കണമെന്നാണ് ജനപ്രതിനിധികള്‍, സമരസമിതി, നാട്ടുകാര്‍ തുടങ്ങിയവര്‍ ആവശ്യപ്പെടുന്നത്.

അതേസമയം ദേശീയപാത തകര്‍ന്ന വിഷയം ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. വിഷയത്തില്‍ ദേശീയപാതാ അതോറിറ്റി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.

വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര അനുമതി; എതിര്‍പ്പുമായി പരിസ്ഥിതി സംഘടനകള്‍

വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര അനുമതി; എതിര്‍പ്പുമായി പരിസ്ഥിതി സംഘടനകള്‍

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ, കോഴിക്കോട്, വയനാട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നാലു വരി തുരങ്കപാതയ്ക്ക് കേന്ദ്ര അനുമതി. 60 ഉപാധികളോടെയാണ് അനുമതി നല്‍കിയിരിക്കുന്നതെന്നാണ് വിവരം. ഇതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി സംസ്ഥാന സര്‍ക്കാരിന് മുന്നോട്ട് പോകാനാവും. രാജ്യത്തെ ഏറ്റവും നീളമേറിയ മൂന്നാമത്തെ വലിയ ഭൂഗര്‍ഭ പാതയ്ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്.

വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധ സമിതിയാണ് അനുമതി നല്‍കിയത്. കേന്ദ്ര പാരിസ്ഥിതിക മന്ത്രാലയത്തിന്റെ മെയ് 14-15 തീയതികളില്‍ നടന്ന 401-ാമത് യോഗത്തിലാണ് പദ്ധതി വിശദമായി ചര്‍ച്ച ചെയ്ത് അനുമതി നല്‍കാനുള്ള അന്തിമ തീരുമാനമെടുത്തത്. വിശദമായ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. നേരത്തെ പാരിസ്ഥിതിക പ്രശ്‌നം ഉന്നയിച്ച് പല തവണ കേന്ദ്രം പദ്ധതിയോട് മുഖം തിരിച്ചിരുന്നു. പലപ്പോഴായി സംസ്ഥാന സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ വിശദാംശങ്ങള്‍ തേടിയിരുന്നു. അതിനിടെ, തുരങ്കപാതക്ക് കേന്ദ്ര അനുമതി ലഭിച്ചതിന് പിന്നാലെ പ്രവൃത്തി ഉടന്‍ തുടങ്ങാനാകുമെന്ന് തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫ് പറഞ്ഞു. സ്വപ്ന പദ്ധതിയാണ് യഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. അന്തിമ പാരിസ്ഥിതിക അനുമതിയുടെ വിജ്ഞാപനവും ഉടന്‍ ഇറങ്ങുമെന്നും ലിന്റോ ജോസഫ് പറഞ്ഞു.

എതിര്‍പ്പുമായി പരിസ്ഥിതി സംഘടനകള്‍

അതിനിടെ വയനാട് തുരങ്കപാതയ്‌ക്കെതിരെ എതിര്‍പ്പുമായി പരിസ്ഥിതി സംഘടനകള്‍ രംഗത്തെത്തി. ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാത ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുമെന്നും നിര്‍മ്മാണം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍ ബാദുഷ മാധ്യമങ്ങളോട് പറഞ്ഞു. ചൂരല്‍മല , പുത്തുമല , കവളപ്പാറ ഉരുള്‍പ്പൊട്ടല്‍ ദുരന്തം തുരങ്കം വരുന്ന മേഖലയിലുണ്ടായത് കണക്കിലെടുക്കണം. കേന്ദ്ര അനുമതി നേടിയത് തെറ്റിദ്ധരിപ്പിച്ചാണെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതി ആരോപിച്ചു. പാരിസ്ഥിതിക അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഉടന്‍ കോടതിയെ സമീപിക്കുമെന്നും ബാദുഷ പറഞ്ഞു.

എതിര്‍പ്പുമായി പരിസ്ഥിതി സംഘടനകള്‍

അതിനിടെ വയനാട് തുരങ്കപാതയ്‌ക്കെതിരെ എതിര്‍പ്പുമായി പരിസ്ഥിതി സംഘടനകള്‍ രംഗത്തെത്തി. ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാത ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുമെന്നും നിര്‍മ്മാണം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍ ബാദുഷ മാധ്യമങ്ങളോട് പറഞ്ഞു. ചൂരല്‍മല , പുത്തുമല , കവളപ്പാറ ഉരുള്‍പ്പൊട്ടല്‍ ദുരന്തം തുരങ്കം വരുന്ന മേഖലയിലുണ്ടായത് കണക്കിലെടുക്കണം. കേന്ദ്ര അനുമതി നേടിയത് തെറ്റിദ്ധരിപ്പിച്ചാണെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതി ആരോപിച്ചു. പാരിസ്ഥിതിക അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഉടന്‍ കോടതിയെ സമീപിക്കുമെന്നും ബാദുഷ പറഞ്ഞു.

മലപ്പുറത്ത് നിന്നും കോഴിക്കോട് നിന്നും കര്‍ണാടകയിലേക്കുള്ള ദൂരം ഗണ്യമായി കുറയക്കാന്‍ കഴിയുന്ന പദ്ധതിയാണ് തുരങ്കപാത. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലില്‍ നിന്ന് ആരംഭിച്ച് വയനാട് മേപ്പാടിയിലെ കള്ളാടിയിലാണ് തുരങ്കപ്പാത അവസാനിക്കുന്നത്. പാത വരുന്നതോടെ ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവുകയും ആനക്കാംപൊയില്‍-മേപ്പാടി ദൂരം 42 കിലോമീറ്ററില്‍ നിന്ന് 20 കിലോമീറ്റര്‍ ആയി കുറയുകയും ചെയ്യും.

ഭര്‍ത്താവിനെ വെടിവെച്ചുകൊന്ന കേസ്: മിനി നമ്പ്യാര്‍ക്ക് ജാമ്യം

ഭര്‍ത്താവിനെ വെടിവെച്ചുകൊന്ന കേസ്: മിനി നമ്പ്യാര്‍ക്ക് ജാമ്യം

കണ്ണൂര്‍: പയ്യന്നൂരില്‍ ഓട്ടോറിക്ഷ ഡ്രൈവറെ വെടിവെച്ചു കൊന്ന കേസില്‍ ഭാര്യ മിനി നമ്പ്യാര്‍ക്ക് ( mini nambiyar) ജാമ്യം. ഇന്നലെ തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസിലെ മൂന്നാം പ്രതിയായ മിനിക്ക് ജാമ്യം അനുവദിച്ചത്. മിനിയുടെ സുഹൃത്ത് സന്തോഷ് രാധാകൃഷ്ണനെ വെടിവെച്ചു കൊന്നു എന്നതാണ് കേസ്. ഗൂഢാലോചന കുറ്റമായിരുന്നു മിനിക്കെതിരെ ചുമത്തിയത്.

മാര്‍ച്ച് ഇരുപതിനായിരുന്നു കേസിനാസ്പദമായ സംഭവം. കൈതപ്രത്ത് പണിയുന്ന വീടിനുള്ളില്‍ വച്ച് രാധാകൃഷ്ണനെ സന്തോഷ് വെടിവെച്ച് കൊല്ലുകയായിരുന്നു. മിനി കൊലപാതകത്തിന് മുമ്പും ശേഷവും സന്തോഷിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ തെളിവുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

മിനിയും സന്തോഷും ഒരുമിച്ച് പഠിച്ചവരായിരുന്നു. ആറുമാസം മുമ്പ് നടന്ന പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തില്‍ വച്ചാണ് ഇരുവരും വീണ്ടും കണ്ടുമുട്ടിയത്. മിനിയുടെ ഭര്‍ത്താവ് രാധാകൃഷ്ണനുമായി സന്തോഷിന് വ്യക്തിപരമായി പ്രശ്‌നങ്ങളുണ്ടായിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സന്തോഷ് അവിവാഹിതനാണ്. രാധാകൃഷ്ണനും ഭാര്യയ്ക്കും രണ്ട് മക്കളുണ്ട്.

ഇരുവരും തമ്മിലുള്ള സൗഹൃദത്തെ ചൊല്ലി രാധാകൃഷ്ണന്‍ ഭാര്യയെ മര്‍ദ്ദിച്ചിരുന്നു. ഇതാണ് കൊലപാതകത്തിന് പ്രകോപനമായതെന്നാണ് സന്തോഷ് പൊലീസിന് മൊഴി നല്‍കിയിരുന്നത്. പടക്കം പൊട്ടിയ ശബ്ദമാണെന്നാണ് ആദ്യം പരിസരവാസികള്‍ കരുതിയിരുന്നത്. രാധാകൃഷ്ണന്റെ മകനാണ് കരഞ്ഞു വീടിനു പുറത്തേക്കു വന്ന് സംഭവം പരിസരത്തുള്ളവരെ അറിയിച്ചത്. നാട്ടുകാര്‍ ഓടിയെത്തുമ്പോള്‍ വരാന്തയില്‍ രക്തത്തില്‍ കുളിച്ച നിലയിലാണു രാധാകൃഷ്ണനെ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. പൊലീസ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയപ്പോഴാണ് പ്രദേശത്തുനിന്ന് സന്തോഷിനെ പിടികൂടിയത്. രാധാകൃഷ്ണന്റെ നെഞ്ചിലാണ് വെടിയേറ്റത്. നാടന്‍ തോക്കാണ് കൊലപാതകത്തിന് ഉപയോഗിച്ചത്.

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം.. ഡ്രോൺ പറത്തി കൊറിയൻ യുവതി.. അന്വേഷണം

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം.. ഡ്രോൺ പറത്തി കൊറിയൻ യുവതി.. അന്വേഷണം

തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം ഡ്രോൺ പറത്തിയത് കൊറിയൻ യുവതിയെന്ന് സംശയം. എമിഗ്രേഷൻ വിഭാഗത്തിൽ നിന്ന് കൊറിയൻ വ്ലോഗറുടെ വിശദാംശങ്ങൾ പോലീസ് തേടിയിട്ടുണ്ട്.ഏപ്രിൽ 10ന് രാത്രി 10 മണിയോടെയാണ് പദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം ഡ്രോൺ പറന്നത്. കിഴക്കേനടയിലൂടെ പദ്മതീർത്ഥക്കുളത്തിന് മുകളിലൂടെയാണ് ഡ്രോൺ പറന്നത്.

രണ്ടു ദിവസം പദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം യുവതി എത്തിയെന്നാണ് വിവരം. യുവതി ഡ്രോൺ ഉപയോഗിച്ചതായി നിർണായക മൊഴിയും ലഭിച്ചതായി പൊലീസ് പറഞ്ഞു.സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.,

സംസ്ഥാനത്ത് 519 കോവിഡ് കേസുകൾ; മാസ്ക് ധരിക്കണമെന്ന് ആരോ​ഗ്യ മന്ത്രി

സംസ്ഥാനത്ത് 519 കോവിഡ് കേസുകൾ; മാസ്ക് ധരിക്കണമെന്ന് ആരോ​ഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ 519 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോ​ഗ്യ മന്ത്രി വീണ ജോർജ്. പ്രായമുള്ളവരും രോ​ഗമുള്ളവരും പൊതുയിടങ്ങളിൽ മാസ്ക് ധരിക്കണം. പൊതുപരിപാടികളിൽ പങ്കെടുക്കുന്നവരും പൊതു​ഗതാ​ഗത ​സൗകര്യങ്ങൾ ഉപയോ​ഗപ്പെടുത്തുന്നവരും മാസ്ക് ധരിക്കണമെന്ന് മന്ത്രി വ്യക്തമാക്കി.

ആശുപത്രികളിലേക്കുള്ള അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കണം. അടുത്ത ബന്ധുക്കളൊഴികെയുള്ളവർ സന്ദർശനം ദയവായി ഒഴിവാക്കണം. ആശുപത്രികളിൽ ഉൾപ്പെടെ രോ​ഗം നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ സജ്ജമാണെന്നും മന്ത്രി വ്യക്തമാക്കി.

ലാബുകളിൽ ആർടിപിസിആർ പരിശോധനാ സംവിധാനം ഒരുക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ വ്യപകമായ പരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കൂടുതൽ ടെസ്റ്റുകൾ നടത്തുന്നതു കൊണ്ടാണ് കൂടുതൽ കേസുകൾ അറിയുന്നത്. ആ​ഗോള തലത്തിൽ കോവിഡ് കേസുകളിൽ വർധനവ് കണ്ടപ്പോൾ തന്നെ സംസ്ഥാന തലത്തിൽ മീറ്റിങ്ങുകൾ നടത്തിയിരുന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ആഴ്ച 335 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഒരാഴ്ച പിന്നിട്ടപ്പോൾ കേസുകൾ 430ൽ എത്തി. പിന്നാലെയാണ് ഇപ്പോൾ 519ൽ എത്തിയത്. രണ്ട് കോവിഡ‍് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് രോ​ഗ ബാധിതരേറയും ഉള്ളത്.

തിരുവനന്തപുരത്ത് ഒരാഴ്ചക്കിടെ രണ്ട് പുരുഷൻമാരാണ് മരിച്ചത്. ഹൃദ്രോഗത്തിനുള്ള ചികിത്സയിലുള്ളവരാണ് മരിച്ചത്. മരിക്കുമ്പോൾ ഇരുവരുടേയും പരിശോധനാ ഫലം പോസിറ്റീവായിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. 59ഉം 64ഉം വയസ്സുള്ള രണ്ടു പേരാണ് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കൊല്ലം തലവൂർ സ്വദേശിയായ 59കാരനെ ശ്വസന പ്രശ്നങ്ങൾ മൂലമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം വഴയില സ്വദേശിയാണ് മരിച്ച രണ്ടാമത്തെയാൾ.

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1000 കടന്നിട്ടുണ്ട്. നിലവിൽ ഏറ്റവും കൂടുതൽ രോ​ഗ ബാധിതരുള്ളത് കേരളത്തിലാണ്. മഹാരാഷ്ട്ര (209), ഡൽഹി (104), ​ഗുജറാത്ത് (83), തമിഴ്നാട് (69), കർണാടക (47) എന്നിവിടങ്ങളിലും കോവിഡ് കേസുകൾ ഉയരുന്നതായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം വിലയിരുത്തി.

സംസ്ഥാനത്ത് രോഗലക്ഷണമുള്ളവർക്ക് കോവിഡ് പരിശോധന നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) യോഗം ചേർന്ന് സംസ്ഥാനത്തെ പൊതുസാഹചര്യം വിലയിരുത്തി.

ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ് രോഗബാധ വലിയ തോതിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, കേരളത്തിലും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ രാജ്യങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കേരളത്തിലും കോവിഡ് വർധിക്കാൻ സാധ്യതയുണ്ട്. അതിനാൽ ജാഗ്രത തുടരണം. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യ മന്ത്രി നിർദേശിച്ചിരുന്നു.

വൈറസിനു വകഭേദം വന്നിട്ടുണ്ടോ എന്നറിയാനുള്ള സാംപിൾ പരിശോധന ആരംഭിച്ചിട്ടുണ്ട്. 18 വയസിനു മുകളിലുള്ളവരിലേറെയും പ്രതിരോധ വാക്സിൻ സ്വീകരിച്ചിട്ടുള്ളതിനാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോ​ഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസം തുടങ്ങിയ രോ​ഗ ലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്ക് ധരിക്കണമെന്നു ആരോ​ഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.

പ്രായമായവരും ​ഗർഭിണികളും ​ഗുരുതര രോ​ഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്ക് ധരിക്കുന്നത് അഭികാമ്യമാണ്. ആരോ​ഗ്യ പ്രവർത്തകർ മാസ്ക് നിർബന്ധമായും ധരിക്കണം. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണം. ഇടക്കിടെ സോപ്പുപയോ​ഗിച്ച് കൈ കഴുകണമെന്നും ആരോ​ഗ്യ വകുപ്പ് ശുപാർശ ചെയ്യുന്നു.