by Midhun HP News | May 26, 2025 | Latest News, കേരളം
തൃശൂര്‍: കനത്ത മഴയ്‌ക്കൊപ്പം ചാലക്കുടിയില്‍ വീശിയ മിന്നല്‍ ചുഴലിയില്‍ വ്യാപക നാശനഷ്ടം.ഏതാനും നിമിഷം മാത്രം നീണ്ട കാറ്റില്‍ ഏതാനും വീടുകളുടെ മേല്‍ക്കൂരകള്‍ പറന്നുപോയതടക്കം നിരവധി നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇന്ന് രാവിലെ ഒമ്പതരയോടെയാണ് കാറ്റടിച്ചത്. മിന്നല്‍ ചുഴലിയില്‍ മരങ്ങള്‍ വീണും വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റി. ആര്‍ക്കും പരിക്കില്ല. കഴിഞ്ഞ കാലവര്‍ഷക്കാലത്തും ഈ പ്രദേശത്ത് ചുഴലിയടിച്ചിരുന്നു. അന്നും ഏറെ നാശനഷ്ടമുണ്ടായി. ഇതിന്റെ നഷ്ടപരിഹാരം ഇപ്പോഴും ലഭിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. കവുങ്ങും ജാതിയുമടക്കം നിരവധി ഫലവൃക്ഷങ്ങളും കാറ്റില്‍ നശിച്ചിട്ടുണ്ട്. വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു വീണതിനാല്‍ പ്രദേശത്ത് വൈദ്യുതി വിതരണവും താറുമാറായിട്ടുണ്ട്.
by Midhun HP News | May 26, 2025 | Latest News, കേരളം
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ എന്‍ഫോഴ്‌സ്‌മെന്‍ര് ഡയറക്ടറേറ്റ് അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു. സിപിഎം തൃശൂര്‍ മുന്‍ ജില്ലാ സെക്രട്ടറിമാരായ എ സി മൊയ്തീന്‍, കെ രാധാകൃഷ്ണന്‍ എംപി, എം എം വര്‍ഗീസ് എന്നിവരും പ്രതികളാണ്. സിപിഎമ്മിനേയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യ കുറ്റപത്രത്തിന് പുറമേ, അന്തിമ കുറ്റപത്രത്തില്‍ പുതുതായി 27 പ്രതികള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ട്. ഇതോടെ കേസില്‍ ആകെ പ്രതികളുടെ എണ്ണം 83 ആയി. കൊച്ചി പിഎംഎല്‍എ കോടതിയിലാണ് അന്തിമ കുറ്റപത്രം സമര്‍പ്പിച്ചത്.
സഹകരണ ബാങ്ക് തട്ടിപ്പു വഴി പ്രതികള്‍ സമ്പാദിച്ചത് 180 കോടി രൂപയാണെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. പ്രതികളുടെ സ്വത്തുവകകളില്‍ നിന്ന് ഇഡി 128 കോടി രൂപ കണ്ടുകെട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്തിമ കുറ്റപത്രത്തില്‍ പ്രതിയാക്കി കൂട്ടിച്ചേര്‍ത്തിട്ടുള്ളവരില്‍ എട്ടുപേര്‍ രാഷ്ട്രീയ നേതാക്കളാണ്. വടക്കാഞ്ചേരി മുനിസിപ്പല്‍ കൗണ്‍സിലര്‍ മധു അമ്പലപുരം 64-ാംമ പ്രതിയാണ്. 67-ാം പ്രതിയായി മുന്‍ മന്ത്രിയും സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയുമായ എസി മൊയ്തീനെ പ്രതി ചേര്‍ത്തിട്ടുണ്ട്.
68 -ാം പ്രതിയായിട്ടാണ് സിപിഎമ്മിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 69-ാം പ്രതി സിപിഎം തൃശൂര്‍ മുന്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസാണ്. മുന്‍ മന്ത്രിയും സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയുമായ കെ രാധാകൃഷ്ണന്‍ എംപിയാണ് കേസില്‍ 70-ാം പ്രതി. 71-ാം പ്രതിയായി സിപിഎം പുറത്തുശേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എ ആര്‍ പീതാംബരനെയും പ്രതി ചേര്‍ത്തിട്ടുണ്ട്. പുറത്തുശേരി സൗത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എംബി രാജുവിനെ 72-ാം പ്രതിയാക്കിയിട്ടുണ്ട്.
സിപിഎം ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറി കെ സി പ്രേമരാജനാണ് 73-ാം പ്രതി. ഇതടക്കം 83 പേരുടെ പ്രതിപ്പട്ടിക ഉള്‍പ്പെടുന്ന അന്തിമ കുറ്റപത്രമാണ് ഇഡി കോടതിയില്‍ സമര്‍പ്പിച്ചത്. കുറ്റപത്രത്തില്‍ പി കെ ബിജു, കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം കെ കണ്ണന്‍ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്. സിപിഎം കൗണ്‍സിലര്‍ അനീപ് ഡേവിസ് കാടയെയും പ്രതി ചേര്‍ത്തിട്ടില്ല. കരുവന്നൂര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി ഇവരെ നേരത്തെ പലതവണ ചോദ്യം ചെയ്തിരുന്നു.
by Midhun HP News | May 26, 2025 | Latest News, കേരളം
ന്യൂഡല്‍ഹി: വാതുവെപ്പും ചൂതാട്ടവും അല്ലാതെ വിനോദത്തിനും നേരമ്പോക്കിനും വേണ്ടി ചീട്ടുകളിക്കുന്നതിനെ അധാര്‍മിക പ്രവൃത്തിയായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി. ജസ്റ്റിസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് നിരീക്ഷണം.
കര്‍ണാടകയിലെ ഗവണ്‍മെന്റ് പോര്‍സലൈന്‍ ഫാക്ടറി എംപ്ലോയീസ് ഹൗസിങ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ ഡയറക്ടര്‍ ബോര്‍ഡിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട വൈ സി ഹനുമന്തരായപ്പയെ റോഡരികില്‍ ചീട്ടുകളിച്ചതിനെത്തുടര്‍ന്ന് പിഴ ചുമത്തി. യാതൊരു വിചാരണയും ഇല്ലാതെ 200 രൂപ പിഴ ചുമത്തിയെന്നാണ് ആരോപണം.
പിന്നാലെ ഹനുമന്തരായപ്പയെ തല്‍സ്ഥാനത്തു നിന്ന് നീക്കി കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടു. തുടര്‍ന്ന് ഇയാള്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേട്ട ശേഷമാണ് സുപ്രീംകോടതി വിധി.
കാര്യങ്ങളുടെ സ്വഭാവം കണക്കിലെടുക്കുമ്പോള്‍ അപ്പീല്‍ നല്‍കിയ ആളുടെ മേല്‍ ധാര്‍മിക അരാജകത്വം എന്ന് ആരോപിക്കുന്നത് ബുദ്ധിമുട്ടാണ്. പുരികം ചുളിക്കുന്ന തരത്തിലുള്ള ഏതൊരു കാര്യവും ധാര്‍മിക അരാജകത്വമായി കണക്കാക്കാന്‍ കഴിയില്ലെന്നും ബെഞ്ച് പറഞ്ഞു. സഹകരണ സംഘത്തിലെ സ്ഥാനത്തു നിന്ന് ഹനുമന്തരായപ്പയെ നീക്കം ചെയ്യാനുള്ള തീരുമാനം ശരിവെച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു.
by Midhun HP News | May 26, 2025 | Latest News, കേരളം
കൊച്ചി: തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ സുകാന്ത് സുരേഷ് കീഴടങ്ങി. കൊച്ചി ഡിസിപി ഓഫീസിലാണ് പ്രതി സുകാന്ത് കീഴടങ്ങിയത്. ഇന്ന് സുകാന്തിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് ഇയാൾ കീഴടങ്ങിയത്.
ഐ ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ സുകാന്ത് സുരേഷിനെതിരെ ബലാത്സംഗ കുറ്റം അടക്കം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ലൈംഗിക പീഡനത്തിന് തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് നടപടി. മാര്‍ച്ച് 24 നാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ ഐ ബി ഉദ്യോഗസ്ഥയെ ട്രെയിൻ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്.
by Midhun HP News | May 26, 2025 | Latest News, കേരളം
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം യുഡിഎഫിന് കീറാമുട്ടിയാകുന്നു. മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മകനും കെപിസിസി സെക്രട്ടറിയുമായ ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലുണ്ടായിട്ടുള്ള ധാരണ. അന്തിമ തീരുമാനം കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനാണ് പ്രഖ്യാപിക്കേണ്ടത്. അതേസമയം ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ ഡിസിസി പ്രസിഡന്റ് വി എസ് ജോയി വിഭാഗത്തിനും പി വി അന്‍വറിനും കടുത്ത അതൃപ്തിയുണ്ട്. പി വി അന്‍വര്‍ അതൃപ്തി പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് പരിഗണിക്കാത്തതില്‍ വി എസ് ജോയി പക്ഷം കോണ്‍ഗ്രസ് നേതാക്കളെ കടുത്ത അമര്‍ഷം അറിയിച്ചിട്ടുണ്ട്. അതേസമയം, യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കട്ടെ അപ്പോള്‍ തീരുമാനം പറയാമെന്ന് പി വി അന്‍വര്‍ പറഞ്ഞു. യുഡിഎഫും പി വി അന്‍വറും ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് നേതാക്കള്‍ പറഞ്ഞത്. ഞാന്‍ യുഡിഎഫിന് പുറത്താണ് എന്നല്ലേ ഇതിനര്‍ത്ഥം. പ്രതീക്ഷകള്‍ ഒന്നും വെച്ചു പുലര്‍ത്തുന്നില്ല. അതിന്റെ ആവശ്യമില്ല. എന്താണ് സംഭവിക്കുന്നത് എന്ന് നോക്കി മുന്നോട്ടു പോയാല്‍ മതിയല്ലോ. സ്ഥാനാര്‍ത്ഥിയെ യുഡിഎഫ് തീരുമാനിക്കട്ടെയെന്ന് പി വി അന്‍വര്‍ പറഞ്ഞു.
സ്ഥാനാര്‍ത്ഥി തീരുമാനം നീണ്ടുപോകുന്നതില്‍ തനിക്ക് ഒരു അതൃപ്തിയുമില്ല. അനുയായികള്‍ക്ക് ഇതില്‍ അതൃപ്തിയും വിഷമവും ഉണ്ടാകുന്നത് ഉറപ്പാണ്. യുഡിഎഫില്‍ താനിപ്പോള്‍ അസോസിയേറ്റഡ് മെമ്പര്‍ പോലുമല്ല. അസോസിയേറ്റഡ് മെമ്പര്‍ എന്നു പറഞ്ഞാല്‍ ബസിന്റെ സ്റ്റെപ്പില്‍ നില്‍ക്കുകയെന്നാണ്. ആ വാതില്‍ പോലും ഇപ്പോഴും തുറന്നിട്ടില്ലയെന്ന് അന്‍വര്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിയെ യുഡിഎഫിന്റെ നേതാക്കളുണ്ടല്ലോ, അവരെല്ലാം കൂടി തീരുമാനിച്ചോട്ടെയെന്നും അന്‍വര്‍ അഭിപ്രായപ്പെട്ടു.
ആരെയെങ്കിലും എംഎല്‍എ ആക്കാനല്ല താന്‍ രാജിവെച്ചത്. എട്ടൊമ്പതു മാസം കഴിഞ്ഞാല്‍ 140 മണ്ഡലം വേക്കന്റാണ്. സ്ഥാനമോഹികള്‍ക്ക് മത്സരിക്കണമെങ്കില്‍ ഇഷ്ടം പോലെ സ്ഥലവും സൗകര്യവുമുണ്ട്. മത്സരിക്കുക എന്നതിന് അപ്പുറം പിണറായിയെ തോല്‍പ്പിക്കുക എന്നതാണ് ദൗത്യം. പിണറായി ഇനിയും അധികാരത്തില്‍ വരുമെന്ന കള്ള പ്രചാരണം സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍, അതല്ല വസ്തുത എന്ന് കേരളത്തിലെ ജനങ്ങളെ ബോധ്യപ്പെടുത്തുക എന്നതു കൂടി ഉദ്ദേശിച്ചാണ് ഞാന്‍ രാജിവെച്ചത്. ആ ലക്ഷ്യത്തിലേക്കല്ലേ നീങ്ങേണ്ടത് ?. അതിനപ്പുറമുള്ള താല്‍പ്പര്യങ്ങളിലേക്കാണോ നീങ്ങേണ്ടത് ?. എന്തെങ്കിലും ഇക്വേഷന്‍സ് ബാലന്‍സ് ചെയ്യാനാണോ ശ്രമിക്കേണ്ടതെന്നും പി വി അന്‍വര്‍ ചോദിച്ചു.
നിലമ്പൂരില്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥിയാണ് വേണ്ടത്. പത്തിരുപത് ശതമാനം ക്രിസ്ത്യാനികളുള്ള മണ്ഡലമാണിത്. പ്രിയങ്ക ഗാന്ധിയുടെ വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഒരു ക്രിസ്ത്യന്‍ യുഡിഎഫ് എംഎല്‍എ പോലുമില്ല. പല തവണ അവര്‍ ഈ വിഷയം യുഡിഎഫില്‍ ഉന്നയിച്ചിട്ടുള്ളതാണ്. ആ നിലയ്ക്ക് അവര്‍ക്ക് പരിഗണന നല്‍കേണ്ടതുണ്ട്. ഡിസിസി പ്രസിഡന്റായ വി എസ് ജോയി തന്നെ സ്ഥാനാര്‍ത്ഥിയാകണമെന്ന് തനിക്ക് നിര്‍ബന്ധമൊന്നുമില്ല. എന്നാല്‍ വനം-വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഞാന്‍ മുന്നോട്ടുവെച്ച വിഷയം ഏറ്റവും നന്നായി ഏറ്റെടുത്ത് ചെയ്യാന്‍ യോഗ്യതയുള്ള സ്ഥാനാര്‍ത്ഥി വി എസ് ജോയ് ആണെന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
നിലമ്പൂരില്‍ ജയിക്കുന്ന സ്ഥാനാര്‍ത്ഥിയെയാണ് നിര്‍ത്തേണ്ടത്. എല്ലാ വിഭാഗത്തിന്റേയും പിന്തുണ ലഭിക്കുന്ന നേതാവിനെ നിര്‍ത്തണം. ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥിയാണ് മണ്ഡലത്തിന് നല്ലത്. യുഡിഎഫിനെ സംബന്ധിച്ചും കേരളത്തെ സംബന്ധിച്ചും വളരെ നിര്‍ണായകമായ തെരഞ്ഞെടുപ്പാമിത്. പിണറായിയുടെ മുമ്പില്‍ ഒരു പരാജയത്തിന് തലവെച്ചു കൊടുക്കാന്‍ തനിക്ക് ആലോചിക്കാനാകില്ല. ആ നിലയ്ക്ക് ഇക്കാര്യത്തില്‍ ആലോചന നടക്കണം. തീരുമാനമെടുക്കാന്‍ കെല്‍പ്പുള്ള വലിയ നേതാക്കളാണ് യുഡിഎഫിനുള്ളത്. ആലോചിച്ചുള്ള വളരെ നല്ല തീരുമാനം യുഡിഎഫില്‍ നിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പി വി അന്‍വര്‍ പറഞ്ഞു. ആര്യാടന്‍ ഷൗക്കത്ത് സ്ഥാനാര്‍ത്ഥിയായാല്‍ പി വി അന്‍വറും മത്സരിക്കാന്‍ ഇറങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
by Midhun HP News | May 26, 2025 | Latest News, കേരളം
കൊച്ചി: കൊച്ചിയുടെ പുറംകടലില്‍ മുങ്ങിയ ചരക്കുകപ്പല്‍ എംഎസ് സി എല്‍സ 3 ലെ കണ്ടെയ്‌നറുകള്‍ തീരത്തടിയുമ്പോള്‍ ഒരു തരത്തിലും സമ്പര്‍ക്കം പാടില്ലെന്ന് ആവര്‍ത്തിക്കുകയാണ് അധികൃതര്‍. തീരത്തടിയുന്ന കണ്ടെയ്‌നറുകളില്‍ അപകടകരമായ രാസവസ്തുക്കള്‍ ഉണ്ടെന്നതിനാല്‍ ഇത്തരം വസ്തുക്കളില്‍ നിന്ന് 200 മീറ്ററെങ്കിലും അകലം പാലിക്കണം എന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും സര്‍ക്കാരും ആവശ്യപ്പെടുന്നു, കണ്ടെയ്‌നര്‍ അടിഞ്ഞ പ്രദേശങ്ങളിലെ ആളുകളെ ഉള്‍പ്പെടെ മാറ്റിയാണ് അധികൃതര്‍ സുരക്ഷ ഒരുക്കുന്നത്.
മുങ്ങിയ കപ്പലിലെ പതിമൂന്നോളം കണ്ടെയ്‌നറുകളില്‍ അപകടകരമായ വസ്തുക്കളാണെന്ന് ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. 12 കണ്ടെയ്‌നറുകളില്‍ കാല്‍സ്യം കാര്‍ബൈഡാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. മറ്റുള്ള 13 കണ്ടെയ്നറുകളില്‍ രാസവസ്തുക്കള്‍, സ്‌ഫോടക വസ്തുക്കള്‍, റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങള്‍ തുടങ്ങി മനുഷ്യജീവനും പരിസ്ഥിതിക്കും വലിയ ഭീഷണിയുയര്‍ത്തുന്ന ഏത് തരം വസ്തുക്കളുണ്ടാകാനും സാധ്യതയുണ്ട്.
എംഎസ്സി എല്‍സ 3 കപ്പലില്‍ 12 കണ്ടെയ്നറുകളില്‍ കാല്‍സ്യം കാര്‍ബൈഡ് (Calcium Carbide) എന്ന രാസവസ്തു ഉണ്ടെന്ന് ഇതിനോടകം വ്യക്തമാണ്. വെള്ളവുമായി കാല്‍സ്യം കാര്‍ബൈഡ് പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ അസറ്റിലീന്‍ വാതകം രൂപം കൊള്ളും. വളരെ എളുപ്പത്തില്‍ തീപിടിക്കുന്നതും സ്‌ഫോടന സാധ്യതയുള്ളതുമായ ഒരു വാതകമാണ് അസറ്റിലീന്‍.
കോസ്റ്റ്ഗാര്‍ഡ് പങ്കുവച്ച വിവരങ്ങള്‍ പ്രകാരം എംഎസ്സി എല്‍സ 3 ലെ അപകടകരമായ രാസവസ്തുക്കള്‍ക്ക് പുറമെ ധാരാളം ഇന്ധനവും (ഡീസലും ഫര്‍ണസ് ഓയിലും) ഉണ്ട്. കപ്പലിന്റെ ടാങ്കുകളില്‍ 84.44 മെട്രിക് ടണ്‍ ഡീസലും 367.1 മെട്രിക് ടണ്‍ ഫര്‍ണസ് ഓയിലും ഉണ്ടെന്നാണ് കണക്കുകള്‍. കപ്പല്‍ പൂര്‍ണ്ണമായി മുങ്ങിയതോടെ ഈ വസ്തുക്കള്‍ കടലില്‍ കലരുന്നത് പരിസ്ഥിതിക്ക് വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്.
അപകടകരമായ വസ്തുക്കളുടെ നീക്കം കടല്‍ മാര്‍ഗം നടത്തുന്നത് പതിവാണ്. ഇത്തരം അപകടകരമായ ചരക്ക് നീക്കത്തില്‍ മുന്‍കരുതലും പലവിധത്തിലാണ്. ചരക്ക് നീക്കത്തില്‍ അപകടകരമായ വസ്തുക്കളെ പ്രധാനമായും ഒമ്പത് ക്ലാസുകളായാണ് തരം തിരിച്ചിരിക്കുന്നത്.
സ്‌ഫോടക വസ്തുക്കള്‍ (Explosives):
വാതകങ്ങള്‍ (Gases): പ്രൊപ്പെയ്ന്‍, അസറ്റിലീന്‍, ക്ലോറിന്‍.
തീപിടിക്കുന്ന സ്വഭാവമുള്ള ദ്രാവകങ്ങള്‍ (Flammable Liquids): പെട്രോള്‍, പെയിന്റ്, ആല്‍ക്കഹോള്‍.
തീപിടിക്കുന്ന സ്വഭാവമുള്ള ഖരവസ്തുക്കള്‍ (Flammable Solids): തീപ്പെട്ടികള്‍, സള്‍ഫര്‍, ചില ലോഹ പൊടികള്‍.
ഓക്‌സിഡൈസിങ് ഏജന്റുകള്‍ (Oxidizing Agents) & ഓര്‍ഗാനിക് പെറോക്‌സൈഡുകള്‍ (Organic Peroxides): ഹൈഡ്രജന്‍ പെറോക്‌സൈഡ്, വളങ്ങള്‍.
വിഷവസ്തുക്കള്‍ (Toxic Substances) & പകര്‍ച്ചവ്യാധിക്ക് കാരണമാകുന്ന വസ്തുക്കള്‍ (Infectious Substances): കീടനാശിനികള്‍, മെഡിക്കല്‍ മാലിന്യങ്ങള്‍.
റേഡിയോ ആക്ടീവ് വസ്തുക്കള്‍ (Radioactive Materials): മെഡിക്കല്‍ ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന റേഡിയോ ആക്ടീവ് ഐസോടോപ്പുകള്‍.
കാര്‍ബണിക വസ്തുക്കള്‍ (Corrosive Substances): ആസിഡുകള്‍, ക്ഷാരങ്ങള്‍.
അപകടകരമായ വസ്തുക്കള്‍ (Miscellaneous Dangerous Goods): ലിഥിയം ബാറ്ററികള്‍, ഡ്രൈ ഐസ്.
Recent Comments