by Midhun HP News | May 26, 2025 | Latest News, കേരളം
തിരുനെല്ലി: വയനാട് മാനന്തവാടിയില്‍ യുവതി കൊല്ലപ്പെട്ടതിന് പിന്നാലെ കാണാതായ കുട്ടിയെ കണ്ടെത്തി. കൊല്ലപ്പെട്ട ഇടയൂര്‍ക്കുന്ന് സ്വദേശി പ്രവീണയുടെ മകളെയാണ് ഒരു രാത്രി നീണ്ട തിരച്ചിലിന് ഒടുവില്‍ കണ്ടെത്തിയത്. കേസിലെ പ്രതി ദിലീഷിനൊപ്പമാണ് കുട്ടിയുണ്ടായിരുന്നത്. വീടിനോട് ചേര്‍ന്ന വനമേഖലയ്ക്ക് സമീപത്തുള്ള തോട്ടത്തില്‍ നിന്നാണ് ഇരുവരേയും കണ്ടെത്തിയത്. കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
വാകേരി അപ്പപ്പാറയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന പ്രവീണയെ പങ്കാളിയായ ദിലീഷ് കുത്തികൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തില്‍ പ്രവീണയുടെ പതിനാലു വയസ്സുള്ള പെണ്‍കുട്ടിയുടെ ചെവിക്കും കഴുത്തിനും വെട്ടേറ്റു. ഒന്‍പതു വയസ്സുള്ള പെണ്‍കുട്ടിയെ കാണാതാവുകയും ചെയ്തിരുന്നു. കുട്ടിക്കായി പ്രദേശത്ത് ഇന്നലെ രാത്രി തിരച്ചില്‍ നടത്തിയിരുന്നു. ആക്രമണത്തിനിടെ കുട്ടി ഓടി രക്ഷപ്പെട്ടതാണോ പ്രവീണ്‍ കുട്ടിയുമായി കടന്നുകളഞ്ഞതാണോ എന്നതില്‍ വ്യക്തത ഉണ്ടായിരുന്നില്ല. കനത്ത മഴ ആയതിനാല്‍ പ്രതിക്കും കാണാതായ കുട്ടിക്കും വേണ്ടിയുള്ള തിരച്ചില്‍ ദുഷ്‌കരമാക്കി.
ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയ പ്രവീണ, ഇതിനുശേഷം ദിലീഷിനൊപ്പമാണ് താമസിച്ചിരുന്നത്. കൊലപാതക കാരണം വ്യക്തമല്ല. അടുത്തിടെ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ബന്ധം ഒഴിയാന്‍ പ്രവീണ താല്‍പര്യം പ്രകടിപ്പിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പറയുന്നു. പരിക്കേറ്റ 14 വയസ്സുകാരി മാനന്തവാടിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
by Midhun HP News | May 26, 2025 | Latest News, കേരളം
കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗക്കേസില്‍ കന്യാസ്ത്രീയെ പിന്തുണച്ച് രംഗത്തു വരികയും സമരം നടത്തുകയും ചെയ്ത സിസ്റ്റര്‍ അനുപമ സഭാവസ്ത്രം ഉപേക്ഷിച്ചു. എംഎസ്ഡബ്ല്യു ബിരുദധാരിയായ അനുപമ നിലവില്‍ വീടിനു സമീപത്തുള്ള പള്ളിപ്പുറം ഇന്‍ഫോപാര്‍ക്കിലെ ഐടി സ്ഥാപനത്തില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്ററായി ജോലി ചെയ്യുകയാണ്.
ജലന്തര്‍ രൂപതയുടെ കീഴില്‍ കോട്ടയം കുറവിലങ്ങാട്ടു പ്രവര്‍ത്തിക്കുന്ന നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോം സന്യാസമഠത്തില്‍ നിന്ന് ഒന്നര മാസം മുന്‍പാണ് അനുപമ ആലപ്പുഴ പള്ളിപ്പുറത്തെ വീട്ടിലെത്തിയത്. സിസ്റ്റര്‍ അനുപമയെക്കൂടാതെ, സിസ്റ്റര്‍ നീന റോസ്, സിസ്റ്റര്‍ ജോസഫൈന്‍ എന്നിവര്‍ കൂടി മഠം വിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗങ്ങളായിരുന്നു ഇവര്‍. കത്തോലിക്ക സഭയെ പിടിച്ചുലച്ച കേസായിരുന്നു ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ ആരോപണം. 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ 13 തവണ ബിഷപ്പ് ഫ്രാങ്കോ ബലാത്സംഗം ചെയ്തുവെന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി. പീഡനക്കേസില്‍ പരാതി നല്‍കിയിട്ടും നടപടി ഇല്ലാതെ വന്നതോടെയാണ് സിസ്റ്റര്‍ അനുപമയുടെ നേതൃത്വത്തില്‍ കന്യാസ്ത്രീകള്‍ പരസ്യമായി സമരത്തിനിറങ്ങിയത്. കുറവിലങ്ങാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 2018 സെപ്റ്റംബറില്‍ ബിഷപ്പ് അറസ്റ്റിലായി. 105 ദിവസം നീണ്ട വിചാരണ നടപടികള്‍ക്ക് ശേഷം കോട്ടയം ജില്ല അഡീഷണല്‍ സെഷന്‍സ് കോടതി 2022 ജനുവരി 14 ന് ബിഷപ്പ് ഫ്രാങ്കോയെ വെറുതെ വിടുകയായിരുന്നു.
by Midhun HP News | May 26, 2025 | Latest News, കേരളം
കൊച്ചി: തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതി സുകാന്ത് സുരേഷിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് ഹൈക്കോടതി. സുകാന്തിന് ഒരേ സമയം പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. പുറത്തുവന്ന തെളിവുകള്‍ മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും അന്വേഷണം പൂര്‍ത്തിയാകേണ്ടതുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.
സ്നേഹത്തിന്റെ പേരില്‍ യുവതിയെ ചൂഷണം ചെയ്‌തെന്നും പ്രതി മാനസികവും ശാരീരികവും സാമ്പത്തികവുമായി ചൂഷണം ചെയ്തുവെന്നും ഹൈക്കോടതി പറഞ്ഞു. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിന് വാട്സ് ആപ് ചാറ്റുകള്‍ തെളിവുണ്ടെന്ന് കോടതി പറഞ്ഞു. കേസ് ഡയറിയുടെ ചില ഭാഗങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുപോയതില്‍ അന്വേഷണം വേണമെന്ന് കോടതി നിര്‍ദേശിച്ചു.
സുകാന്ത് യുവതിയോട് ആത്മഹത്യ ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും മരിക്കുന്ന തിയതി ചോദിച്ച് നിരന്തരം ശല്യപ്പെടുത്തിയെന്നും തെളിയിക്കുന്ന ചില ചാറ്റിന്റെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഫെബ്രുവരി 9ന് ടെലിഗ്രാമിലൂടെ ഇരുവരും നടത്തിയ ചാറ്റിന്റെ വിവരങ്ങളാണ് പൊലീസ് വീണ്ടെടുത്തത്. സുകാന്തിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കുമെന്നതിന്റെ തെളിവുകൂടിയാകുകയാണ് നിര്‍ണായകമായ ഈ ചാറ്റ് വിവരങ്ങള്‍. സുകാന്ത് ചാറ്റ് ഡിലീറ്റ് ചെയ്തിരുന്നുവെങ്കിലും പൊലീസ് ചാറ്റുകള്‍ വീണ്ടെടുത്തു.
മരിക്കുന്നത് എന്നാണെന്ന് ഇയാള്‍ നിരന്തരം ചോദിച്ചതിന് പിന്നാലെ താന്‍ ആഗസ്റ്റ് 9ന് മരിക്കുമെന്ന് ഐബി ഉദ്യോഗസ്ഥ മറുപടി നല്‍കിയതായും ചാറ്റുകളില്‍ നിന്ന് വ്യക്തമായി. വിശദമായ ഫൊറന്‍സിക് പരിശോധനയും നടന്നുവരികയാണ്. പേട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബലാത്സംഗ കുറ്റമാണ് സുകാന്ത് സുരേഷിനെതിരെ ചുമത്തിയത്. ഐബി ഉദ്യോഗസ്ഥയുടെ മരണത്തെത്തുടര്‍ന്ന് സുകാന്ത് സുരേഷ് ഒളിവിലാണ്.
by Midhun HP News | May 26, 2025 | Latest News, കേരളം
ചാവക്കാട്: ചാവക്കാട് കടപ്പുറത്ത് ദുരൂഹസാഹചര്യത്തില്‍ വലിയ ഇരുമ്പുപെട്ടി അടിഞ്ഞത് നാട്ടുകാരില്‍ കൗതുകവും ആശങ്കയുമുണര്‍ത്തി. ഇന്നലെ രാവിലെ കടലില്‍ കുളിക്കാന്‍ പോയവരാണ് തീരത്തോട് ചേര്‍ന്ന് പെട്ടി കണ്ടത്. ഏകദേശം ഒരു മീറ്ററിലധികം നീളവും വീതിയുമുള്ള ഇരുമ്പുപെട്ടിക്ക് അത്യാവശ്യം ഭാരമുണ്ടായിരുന്നതായി കണ്ടവര്‍ പറയുന്നു.
പെട്ടിയുടെ ഒരു ഭാഗം ദ്രവിച്ച നിലയിലായിരുന്നെങ്കിലും, അടപ്പ് തുറന്നു പരിശോധിച്ചപ്പോള്‍ അതിനകത്ത് തുരുമ്പിച്ച നിലയിലുള്ള നിരവധി മെറ്റല്‍ ലിങ്കുകള്‍ കണ്ടെത്തി. ഇവ എന്തിനുപയോഗിക്കുന്നതാണെന്ന് വ്യക്തമല്ല. സ്ഥലത്തെത്തിയ തീരദേശ പോലീസ് പെട്ടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെട്ടിയുടെ ഉറവിടം കണ്ടെത്താനും അതിലുള്ള മെറ്റല്‍ ലിങ്കുകള്‍ എന്തിനുപയോഗിക്കുന്നതാണെന്ന് തിരിച്ചറിയാനും അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
സമീപകാലത്ത് ഇത്തരം ദുരൂഹവസ്തുക്കള്‍ തീരത്തടിയുന്നത് വര്‍ദ്ധിച്ചുവരികയാണെന്നും, ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പെട്ടിയില്‍ സ്‌ഫോടകവസ്തുക്കളോ മറ്റ് അപകടകരമായ വസ്തുക്കളോ ഇല്ലെന്ന് പ്രാഥമിക പരിശോധനയില്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍ക്കായി ഇത് വിദഗ്ദ്ധര്‍ക്ക് കൈമാറുമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു
by Midhun HP News | May 26, 2025 | Latest News, കേരളം
കൊച്ചി: വീണ്ടും 72,000 കടന്ന് കുതിക്കുമെന്ന് കരുതിയ സ്വര്‍ണവിലയില്‍ ( gold rate) ഇന്ന് ഇടിവ്. പവന് ഇന്ന് 320 രൂപയാണ് കുറഞ്ഞത്. 71,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 8950 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസം 15ന് 68,880 ലേക്ക് കൂപ്പുകുത്തിയ സ്വര്‍ണവില പിന്നീട് കരകയറുന്ന കാഴ്ചയാണ് കണ്ടത്. ഒറ്റയടിക്ക് 1560 രൂപ ഇടിഞ്ഞതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി 70,000ല്‍ താഴെയെത്തിയത്. ഏഴുദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ വര്‍ധിച്ച് വീണ്ടും സ്വര്‍ണവില 72000 കടന്ന് കുതിക്കുമെന്ന ഘട്ടത്തിലാണ് വിലയിലെ ഏറ്റക്കുറച്ചിലുകള്‍.
ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക- ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. കഴിഞ്ഞ മാസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്. എന്നാല്‍ ഓഹരി വിപണിയില്‍ വീണ്ടും ഉണര്‍വ് പ്രകടമായതോടെ നിക്ഷേപകര്‍ അവിടേയ്ക്ക് നീങ്ങിയതാണ് ഇടയ്ക്ക് സ്വര്‍ണവില ഇടിയാന്‍ കാരണമായത്.
by Midhun HP News | May 26, 2025 | Latest News, കേരളം
കോഴിക്കോട് : താമരശ്ശേരി കോടഞ്ചേരിയില്‍ സഹോദരങ്ങളായ രണ്ടു കുട്ടികള്‍ ഷോക്കേറ്റു മരിച്ചു. കുന്നേല്‍ ബിജു-ഷീബ ദമ്പതികളുടെ മക്കളായ നിഥിന്‍ ബിജു (13), ഐബിന്‍ ബിജു (11) എന്നിവരാണ് മരിച്ചത്. വൈദ്യുതിലൈന്‍ പൊട്ടി തോട്ടിലേക്ക് വീണതില്‍ നിന്ന് ഷോക്കേറ്റ് ആണ് അപകടം.
ഞായറാഴ്ച വൈകീട്ടാണ് സംഭവം. തോട്ടില്‍ മീന്‍ പിടിക്കുന്നതിനിടയില്‍ ശക്തമായ കാറ്റില്‍ വലിയ മരം ഇലക്ട്രിക് പോസ്റ്റിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഇതിനെ തുടര്‍ന്ന് വൈദ്യുതിലൈന്‍ പൊട്ടി തോട്ടിലേക്ക് വീഴുകയും അതില്‍ നിന്ന് കുട്ടികള്‍ക്ക് ഷോക്കേല്‍ക്കുകയുമായിരുന്നു.
വൈദ്യുതി ലൈന്‍ ഓഫ് ചെയ്ത് കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ കുട്ടികളെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതിശക്തമായ കാറ്റും മഴയും ഉണ്ടായതിനെത്തുടര്‍ന്ന് തോടിനുസമീപം നിന്ന തേക്ക് ഒടിഞ്ഞ് വൈദ്യുതിലൈനിനു മുകളിലേക്ക് വീഴുകയായിരുന്നു.
Recent Comments