by Midhun HP News | May 22, 2025 | Latest News, കേരളം
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് പദ്ധതിയായ കെ ഫോണ്‍ ഒരു ലക്ഷം കണക്ഷന്‍ എന്ന നാഴികക്കല്ല് പൂര്‍ത്തിയാക്കി. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് കുറഞ്ഞ നിരക്കിലും ഇന്റര്‍നെറ്റ് എത്തിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ പദ്ധതിയാണിത്. ഉദ്ഘാടനം ചെയ്ത് രണ്ട് വര്‍ഷത്തിനകമാണ് നേട്ടം.
ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ മൂന്ന് ലക്ഷം ഉപഭോക്താക്കള്‍ക്ക് കണക്ഷന്‍ എന്നതാണ് ലക്ഷ്യം. ചുരുങ്ങിയ കാലത്തിനുളളില്‍ കേരളത്തിലെ ഏറ്റവും വലിയ ഫൈബര്‍ നെറ്റ്വര്‍ക്കായി കെ ഫോണ്‍ വളര്‍ന്നത് അഭിമാനകരമായ നേട്ടമാണെന്ന് എം ഡി ഡോ. സന്തോഷ് ബാബു പറഞ്ഞു.
ഒരു ലക്ഷം കണക്ഷന്‍ എന്ന നാഴികക്കല്ല് കെ ഫോണ്‍ അധികൃതര്‍ ആഘോഷമാക്കി. സന്തോഷ് ബാബുവിനൊപ്പം ഐ ടി സ്‌പെഷ്യല്‍ സെക്രട്ടറിയും ആഘോഷത്തില്‍ പങ്കുചേര്‍ന്നു. 2023 ജൂണിലാണ് സ്വപ്ന പദ്ധതിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം കുറിച്ചത്. തുടക്കത്തിലെ മന്ദതയ്ക്ക് ശേഷം പദ്ധതി ട്രാക്കിലായി തുടങ്ങി. അതിന്റെ ആദ്യ നേട്ടമാണ് ഒരു ലക്ഷം കണക്ഷന്‍. ആദിവാസി ഊരുകളെ പൂര്‍ണമായി ഇന്റര്‍നെറ്റ് വത്കരിക്കാനുള്ള ദൗത്യമാണ് ഇനി കെ ഫോണിന് മുന്നിലുള്ളത്.
കഴിഞ്ഞ വര്‍ഷത്തെ 51 കോടി രൂപയില്‍ നിന്ന് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം വരുമാനം 230 കോടി രൂപയായി ഉയര്‍ത്താനും ഇന്റര്‍നെറ്റ് സേവന ദാതാവ് ലക്ഷ്യമിടുന്നുണ്ട്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (ബിപിഎല്‍) 11,402 കുടുംബങ്ങള്‍ക്ക് കണക്ഷന്‍ നല്‍കിയിട്ടുണ്ട്.
by Midhun HP News | May 22, 2025 | Latest News, കേരളം
ആലപ്പുഴ: സ്വർണാഭരണങ്ങൾ നൽകാതിരുന്നതിനെ തുടർന്ന് സഹോദരിയെ മർദിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത യൂട്യൂബ് വ്ലോഗർക്കെതിരെ കേസെടുത്ത് ആലപ്പുഴ വനിത പൊലീസ്. മണ്ണഞ്ചേരി സ്വദേശി ഗ്രീൻഹൗസ് രോഹിത്തിന് (27) എതിരെയാണ് പരാതി.
സഹോദരിയായ റോഷ്നിക്ക് അച്ഛൻ നൽകിയ സ്വർണാഭരണങ്ങൾ പ്രതി വിൽക്കാൻ ശ്രമിച്ചത് തടഞ്ഞതിലുള്ള വൈരാഗ്യമാണ് മർദനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ മാസം മൂന്നിന് സ്വർണം വിൽക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. തുടർന്ന് പ്രതി സഹോദരിയെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.
പിന്നാലെ അമ്മയെയും സഹോദരിയെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വിഡിയോ പ്രതിയുടെ ഗ്രീൻ ഹൗസ് ക്ലീനിങ് സർവീസ് എന്ന യുട്യൂബ് ചാനൽ വഴിയും മറ്റ് സമൂഹ മാധ്യമങ്ങൾ വഴിയും പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.
by Midhun HP News | May 22, 2025 | Latest News, കേരളം
കൊച്ചി: അമ്മ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ മൂന്നു വയസ്സുകാരി ശാരീരിക പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചു. കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത കുട്ടിയുടെ അച്ഛന്റെ അടുത്ത ബന്ധു കുറ്റം സമ്മതിച്ചു. ഇന്നലെ വൈകീട്ട് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. ഇയാള്‍ക്കെതിരെ പോക്‌സോ, ബാലനീതി വകുപ്പ് പ്രകാരമുള്ള കുറ്റം ചുമത്തിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. വീടിനുള്ളില്‍ വെച്ചാണ് പീഡിപ്പിച്ചതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. പീഡനം സംബന്ധിച്ച ചില സാഹചര്യ തെളിവുകള്‍ ലഭിച്ചതായും പൊലീസ് സൂചിപ്പിച്ചു. ഒന്നിലേറെ തവണ പ്രതി കുട്ടിയെ ഉപദ്രവിച്ചിരുന്നതായാണ് സൂചന.
തിങ്കളാഴ്ച വൈകീട്ട് കാണാതായ കുട്ടിയുടെ മൃതദേഹം പുഴയില്‍ നിന്നും ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കണ്ടെടുക്കുന്നത്. തുടര്‍ന്ന് ചോദ്യം ചെയ്യലിനൊടുവില്‍ കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയ അമ്മയെ, അതിനു ശേഷം കോടതിയില്‍ ഹാജരാക്കാതെ വീണ്ടും ചെങ്ങമനാട് പൊലീസ് സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ വീണ്ടും ചോദ്യം ചെയ്തു.
ഈ സമയം തന്നെ പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടും പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അമ്മയെ ചോദ്യം ചെയ്തതിലൂടെയാണ് പിതാവിന്റെ ബന്ധുക്കളിലേക്കുള്ള സൂചന പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ കുട്ടിയുടെ പിതാവിന്റെ അടുത്ത മൂന്നു ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിക്കുകയായിരുന്നു. ആദ്യ രണ്ടുപേരെ വിട്ടയച്ച ശേഷം മൂന്നാമത്തെയാളെ മാത്രം കസ്റ്റഡിയില്‍ സൂക്ഷിച്ചു.
തുടര്‍ന്ന് ആലുവ, പുത്തന്‍കുരിശ് ഡിവൈഎസ്പിമാര്‍ ചേര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. കേസില്‍ വിശദമായ അന്വേഷണത്തിന് പുത്തന്‍കുരിശ്, ആലുവ ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ എറണാകുളം റൂറല്‍ എസ്പി എം ഹേമലത നിയോഗിച്ചിട്ടുണ്ട്. റിമാന്‍ഡിലായ കുട്ടിയുടെ അമ്മയെ പ്രത്യേക അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ സംഭവത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തു വരുമെന്നാണ് സൂചന.
by Midhun HP News | May 22, 2025 | Latest News, കേരളം
ആലപ്പുഴ: ആലപ്പുഴയിലെ കുട്ടനാട്ടിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. രാമങ്കരി വേഴപ്ര ചിറയിൽ അകത്തെപറമ്പിൽ വിദ്യ (മതിമോൾ- 42) ആണ് മരിച്ചത്. ഭർത്താവ് വിനോദിനെ (50) പൊലീസ് കസ്റ്റഡിയിലെടുത്തു.രാത്രി പത്തരയോടെയാണ് സംഭവം. രാമങ്കരി ജംക്‌ഷനിൽ ഹോട്ടൽ നടത്തിവരികയായിരുന്നു ദമ്പതികൾ. ഇന്നലെയും ഹോട്ടൽ തുറന്നിരുന്നു. രാത്രി ഹോട്ടൽ അടച്ച് വീട്ടിലെത്തിയശേഷമുണ്ടായ വഴക്കിനിടെയാണ് കൊലപാതകം നടന്നത്.
വഴക്കിനിടെ വിനോദ് കത്തിയെടുത്ത് വിദ്യയെ കുത്തുകയായിരുന്നു എന്നാണ് വിവരം. ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുമ്പു തന്നെ വിദ്യ മരിച്ചു. സംശയമാണ് കൊലപാതകത്തിനു പിന്നിലെ കാരണമെന്നാണ് സൂചന. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
by Midhun HP News | May 22, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നു നാലു ദിവസത്തിനുള്ളിൽ കാലവർഷം എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ കിഴക്കൻ അറബിക്കടലിൽ വടക്കൻ കർണാട-ഗോവ തീരത്തിന് മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. ഇത് ന്യൂനമർദ്ദമായും തുടർന്ന് വടക്കോട്ടു നീങ്ങി തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലിനും, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് അതിശക്തമായ മഴ മുന്നറിയിപ്പുള്ളത്.
നാളെ മുതൽ സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. നാളെ നാലു ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പും, ആറു ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പുമുണ്ട്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. ശനി, ഞായർ ദിവസങ്ങളിലും അതിശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം.
കള്ളക്കടൽ ജാഗ്രതാ നിർദേശം
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് വെള്ളിയാഴ്ച രാത്രി 08.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കന്യാകുമാരി തീരത്ത് നാളെ രാത്രി 08.30 വരെ 1.0 മുതൽ 1.1 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കേണ്ടതാണ്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
by Midhun HP News | May 22, 2025 | Latest News, കേരളം
തൃശൂര്‍: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു. മലക്കപ്പാറയില്‍ തമിഴ്‌നാട് ചെക്ക്‌പോസ്റ്റിന് സമീപം ഇന്നു പുലര്‍ച്ചെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. 75 കാരിയായ മേരിയാണ് മരിച്ചത്.
മലക്കപ്പാറ ചെക്‌പോസ്റ്റിന് സമീപം താമസിക്കുന്ന മേരിയുടെ വീട് പുലര്‍ച്ചെ ഒരുമണിയോടെ കാട്ടാന ആക്രമിക്കുകയായിരുന്നു. കാട്ടാനയുടെ ആക്രമണത്തെത്തുടര്‍ന്ന് വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന മേരി ഇറങ്ങി പുറത്തേക്ക് ഓടി.
ഇതിനിടെ പിന്തുടര്‍ന്നെത്തിയ കാട്ടാന മേരിയെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മേരിയും മകളും മാത്രമാണ് കാട്ടാന ആക്രമിക്കുന്ന സമയത്ത് വീട്ടിലുണ്ടായിരുന്നത്.
Recent Comments