സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്നു; രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ മാസ്‌ക് ധരിക്കണമെന്ന് ആരോ​ഗ്യ മന്ത്രി

സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്നു; രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ മാസ്‌ക് ധരിക്കണമെന്ന് ആരോ​ഗ്യ മന്ത്രി

തിരുവനന്തപുരം : ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് രോ​ഗബാധ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, കേരളത്തിലും ജാ​ഗ്രത പാലിക്കണമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. ഈ രാജ്യങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കേരളത്തിലും കോവിഡ് വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അതിനാൽ ജാ​ഗ്രത തുടരണം. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോ​ഗ്യ മന്ത്രി നിർദേശിച്ചു.

പ്രായമായവരും, ഗര്‍ഭിണികളും ഗുരുതര രോഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണ്. ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം. ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് നല്ലതാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. എവിടെയാണോ ചികിത്സിക്കുന്നത് ആ ആശുപത്രിയില്‍ തന്നെ പ്രോട്ടോകോള്‍ പാലിച്ച് ചികിത്സ ഉറപ്പാക്കണം. ചില സ്വകാര്യ ആശുപത്രികള്‍ കോവിഡ് സ്ഥിരീകരിച്ചാൽ റഫര്‍ ചെയ്യുന്ന നടപടിയുണ്ട്. ഇതു ശരിയല്ലെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് മെയിൽ 182 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കോട്ടയം ജില്ലയില്‍ 57 കേസുകളും എറണാകുളത്ത് 34 കേസുകളും തിരുവനന്തപുരത്ത് 30 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് രോഗലക്ഷണമുള്ളവര്‍ക്ക് കോവിഡ് പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്ന് സംസ്ഥാനത്തെ പൊതുസാഹചര്യം വിലയിരുത്തിയിട്ടുണ്ട്.

ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പകരുന്ന ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദങ്ങളായ എല്‍എഫ് 7, എന്‍ബി 1.8 എന്നിവയ്ക്ക് രോഗവ്യാപന ശേഷി കൂടുതലാണ്. എന്നാല്‍ തീവ്രത കൂടുതലല്ല. സ്വയം പ്രതിരോധം പ്രധാനമാണെന്നും മന്ത്രി പറഞ്ഞു. മഴക്കാലം വരുന്നതിനാല്‍ സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങള്‍ എന്നിവ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധ പുലർത്തണണെന്നും ആരോ​ഗ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്.

വീണ്ടും കുതിച്ച് സ്വര്‍ണവില, 72,000ലേക്ക്; ഏഴുദിവസത്തിനിടെ 3000 രൂപയുടെ വര്‍ധന

വീണ്ടും കുതിച്ച് സ്വര്‍ണവില, 72,000ലേക്ക്; ഏഴുദിവസത്തിനിടെ 3000 രൂപയുടെ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഇന്നലെ പവന് 1760 രൂപ കൂടിയതിന് പിന്നാലെ ഇന്ന് 360 രൂപ കൂടി വര്‍ധിച്ചു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 71,800 രൂപയായി. ഗ്രാമിന് 45 രൂപയാണ് വര്‍ധിച്ചത്. 8975 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസം 15ന് 68,880 ലേക്ക് കൂപ്പ് കുത്തിയ സ്വര്‍ണവില പിന്നീട് കരകയറുന്ന കാഴ്ചയാണ് കണ്ടത്. ഒറ്റയടിക്ക് 1560 രൂപ ഇടിഞ്ഞതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി 70,000ല്‍ താഴെയെത്തിയത്. ഏഴുദിവസത്തിനിടെ ഏകദേശം ഏഴായിരം രൂപയാണ് വര്‍ധിച്ചത്.

ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക- ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. കഴിഞ്ഞ മാസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്. എന്നാല്‍ ഓഹരി വിപണിയില്‍ വീണ്ടും ഉണര്‍വ് പ്രകടമായതോടെ നിക്ഷേപകര്‍ അവിടേയ്ക്ക് നീങ്ങിയതാണ് കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണവില ഇടിയാന്‍ കാരണമായത്.

‘ഭാര്യയെ കൊലപ്പെടുത്തി’; വാട്‌സ്ആപ്പിലെ കുടുംബ ഗ്രൂപ്പില്‍ ഭര്‍ത്താവിന്റെ ശബ്ദ സന്ദേശം, കസ്റ്റഡിയില്‍

‘ഭാര്യയെ കൊലപ്പെടുത്തി’; വാട്‌സ്ആപ്പിലെ കുടുംബ ഗ്രൂപ്പില്‍ ഭര്‍ത്താവിന്റെ ശബ്ദ സന്ദേശം, കസ്റ്റഡിയില്‍

പാലക്കാട്: ഭാര്യയെ കൊലപ്പെടുത്തിയെന്ന് വാട്‌സ്ആപ്പിലെ കുടുംബ ഗ്രൂപ്പില്‍ ഭര്‍ത്താവിന്റെ ശബ്ദ സന്ദേശം. പാലക്കാട് തൃത്താല ഒതളൂര്‍ സ്വദേശി ഉഷ നന്ദിനിയാണ് (57) മരിച്ചത്. ഭര്‍ത്താവ് മുരളീധരനെ (62) പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ശ്വാസം മുട്ടിച്ചാണ് ഉഷയെ കൊലപ്പെടുത്തിയതെന്ന് മുരളീധരന്‍ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. ഉഷ മാസങ്ങളായി തളര്‍ന്നു കിടപ്പിലായിരുന്നു.ഷൊര്‍ണ്ണൂര്‍ ഡിവൈഎസ്പി മനോജ്കുമാര്‍, തൃത്താല എസ്‌ഐ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ കുട്ടികളുടെ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി

ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ കുട്ടികളുടെ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി

കോഴിക്കോട്: താമരശേരി ഷഹബാസ് വധക്കേസില്‍ പ്രതികളായ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിദ്യാര്‍ഥികളുടെ പരീക്ഷാഫലം തടഞ്ഞ നടപടിയെ വിമര്‍ശിച്ച് ഹൈക്കോടതി സര്‍ക്കാരിനെതിരെ രംഗത്തെത്തിയതിന് പിന്നാലെയാണ് ഫലം പുറത്തുവിട്ടത്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഫലം പ്രസിദ്ധപ്പെടുത്തിയതെന്നും വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിന് അവസരം ലഭിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഇവർക്ക് പ്ലസ് വൺ ഓൺലൈനായി അപേക്ഷിക്കാൻ ഇന്ന് കൂടി സമയം അനുവദിച്ചു.

ഇക്കഴിഞ്ഞ ഫെബ്രുവരി 28നാണ് താമരശ്ശേരിയില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഷഹബാസ് കൊല്ലപ്പെട്ടത്. ട്യൂഷന്‍ സെന്ററിലുണ്ടായ പ്രശ്നമായിരുന്നു സംഘര്‍ഷത്തല്‍ കലാശിച്ചത്. സംഘര്‍ഷത്തിനിടെ നഞ്ചക്ക് കൊണ്ടുള്ള അടിയേറ്റ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷഹബാസ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കുമ്പോഴാണ് മരിച്ചത്.

കേസുമായി ബന്ധപ്പെട്ട് ജുവനൈല്‍ ഹോമില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികള്‍ ഇവിടെ വച്ചായിരുന്നു പരീക്ഷ എഴുതിയത്. കുട്ടികളെ പരീക്ഷയെഴുത്തിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തി വിദ്യാര്‍ത്ഥി സംഘടനകളും രംഗത്തെത്തിയിരുന്നു. എന്നാല്‍, എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചപ്പോള്‍ കുറ്റാരോപിതരായ കുട്ടികളുടെ പരീക്ഷാ ഫലം സര്‍ക്കാര്‍ തടഞ്ഞുവച്ചിരുന്നു. താമരശ്ശേരി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 6 വിദ്യാർഥികളുടെ എസ്എസ്എല്‍സി പരീക്ഷാ ഫലമാണ് താത്കാലികമായി തടഞ്ഞു വച്ചിരുന്നത്.

എന്നാല്‍, കുറ്റകൃത്യവും പരീക്ഷാഫലവും തമ്മില്‍ ബന്ധമില്ലല്ലോ എന്ന ചോദ്യം ഉയര്‍ത്തിയാണ് ഹൈക്കോടതി സര്‍ക്കാരിനെതിരെ തിരിഞ്ഞത്. കുറ്റകൃത്യം നടന്നാല്‍ കോടതിയിലാണ് നടപടികള്‍ പൂര്‍ത്തിയാകേണ്ടത്. അല്ലാതെ പരീക്ഷാഫലം തടഞ്ഞുവെക്കുന്നതിന്റെ യുക്തി എന്താണ് എന്നായിരുന്നു കോടതിയുടെ ചോദ്യം.

കൊല്ലത്ത് ഇത്തിക്കരയാറ്റിൽ വീണ് പ്ലസ് ടു വിദ്യാർഥി മുങ്ങി മരിച്ചു

കൊല്ലത്ത് ഇത്തിക്കരയാറ്റിൽ വീണ് പ്ലസ് ടു വിദ്യാർഥി മുങ്ങി മരിച്ചു

കൊല്ലം അർക്കന്നൂരിൽ പ്ലസ് ടു വിദ്യാർഥി ആറ്റിൽ വീണ് മരിച്ചു. അഞ്ചൽ പുത്തയം സ്വദേശി നിഹാലാണ് മരണപ്പെട്ടത്. സുഹൃത്തിന്റെ വീട്ടിൽ കൂട്ടുകാരുമൊത്ത് എത്തിയതായിരുന്നു. തുടർന്ന് ആറ് കാണാനായി പോകുമ്പോൾ കാൽ വഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. ആയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സ്‌കൂൾ പരിസരത്തെ ലഹരി വിൽപ്പന: വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാൻ എക്സൈസ്

സ്‌കൂൾ പരിസരത്തെ ലഹരി വിൽപ്പന: വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാൻ എക്സൈസ്

സ്‌കൂളുകൾക്ക് സമീപത്ത് ലഹരി വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യാൻ എക്സൈസ് നടപടി ആരംഭിച്ചു. ലഹരി ഉൽപ്പന്നങ്ങൾ പിടികൂടിയാൽ കടകൾ പൂട്ടിക്കാനാണ് എക്സൈസ് തീരുമാനം. ഇക്കാര്യത്തിൽ നടപടി എടുക്കാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് എക്സൈസ് കത്ത് നൽകും. ഈ മാസം 30 ന് മുൻപ് എക്സൈസ് ഉദ്യോഗസ്ഥർ എല്ലാ സ്‌കൂളുകളിലും പ്രധാനധ്യാപകരമായി കൂടിക്കാഴ്ച്ചയും നടത്തും.

വിദ്യാർഥികൾക്ക് ലഹരി വസ്തുക്കൾ കിട്ടുന്നത് തടയുന്നതിന് വേണ്ടിയാണ് കർശന നടപടിയുമായി എക്സൈസ് രംഗത്ത് വരുന്നത്. സ്ക്കൂളുകളുടെ 100 മീറ്റർ പരിധിയിൽ ലഹരി ഉത്പ്പന്നങ്ങൾ വിറ്റാർ കടകളുടെ ലൈസൻസ് റദ്ദാക്കും. ഇക്കാര്യം ആവശ്യപ്പെട്ട് തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് കത്ത് നൽകും. നിലവിലെ നിയന്ത്രണങ്ങൾ ഫലപ്രദമല്ല എന്ന വിലയിരുത്തലിലാണ് പുതിയ നടപടി.

സ്‌കൂളുകൾ തുറക്കും മുൻപ് എല്ലാ പ്രധാനധ്യാപകരുമായി ഉദ്യോഗസ്ഥർ കൂടിക്കാഴ്ച്ച നടത്തും. അസ്വഭാവികമായി കുട്ടികളുടെ പെരുമാറ്റം ശ്രദ്ധയിൽപെട്ടാൽ എക്സൈസിനെ വിവരം അറിയിക്കണമെന്ന നിർദ്ദേശവും നൽകും. പുതിയ അധ്യയന വർഷത്തോട് അനുബന്ധിച്ച് പൊലീസും കർശന ലഹരിവിരുദ്ധ നടപടികളാണ് നടപ്പാക്കാൻ പോകുന്നത്.