കനത്തമഴയില്‍ വീടുകളിലേക്ക് ചെളിയും മണ്ണും ഒഴുകിയെത്തി; തളിപ്പറമ്പില്‍ ദേശീയപാത ഉപരോധിച്ച് നാട്ടുകാര്‍-

കനത്തമഴയില്‍ വീടുകളിലേക്ക് ചെളിയും മണ്ണും ഒഴുകിയെത്തി; തളിപ്പറമ്പില്‍ ദേശീയപാത ഉപരോധിച്ച് നാട്ടുകാര്‍-

കണ്ണൂര്‍: തളിപ്പറമ്പിനടുത്ത് കുപ്പത്ത് ദേശീയപാതയില്‍ നാട്ടുകാരുടെ പ്രതിഷേധം. ഇന്നലെ കനത്ത മഴയില്‍ നിര്‍മ്മാണം നടക്കുന്ന ദേശീയപാത 66ല്‍ നിന്ന് ചെളിയും മണ്ണും സമീപത്തെ റോഡിലേക്കും വീടുകളിലേക്കും ഒഴുകിയെത്തിയിരുന്നു.ഇതില്‍ പ്രതിഷേധിച്ച് നിലവിലെ ദേശീയപാത ബുധനാഴ്ച്ച രാവിലെ നാട്ടുകാര്‍ ഉപരോധിച്ചു. ദേശീയപാത 66ന്റെ നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് ചെളിയും മണ്ണും ഒഴുകിയെത്താന്‍ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നൂറിലേറെപ്പേരാണ് ദേശീയപാത ഉപരോധത്തില്‍ പങ്കെടുത്തത്. ഇതുകാരണം കണ്ണൂര്‍ – കാസര്‍കോട് റൂട്ടില്‍ വാഹന ഗതാഗതം തടസ്സപ്പെട്ടു.

കുടുംബത്തോടൊപ്പം മരത്തണലിൽ ഭക്ഷണം കഴിക്കുന്നതിനിടെ ശിഖരം ഒടിഞ്ഞു വീണു; 13കാരൻ മരിച്ചു

കുടുംബത്തോടൊപ്പം മരത്തണലിൽ ഭക്ഷണം കഴിക്കുന്നതിനിടെ ശിഖരം ഒടിഞ്ഞു വീണു; 13കാരൻ മരിച്ചു

തിരുവനന്തപുരം: തോട്ടത്തിൽ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കവെ 13 വയസ്സുകാരൻ മരത്തിന്റെ ശിഖരം ഒടിഞ്ഞു വീണു മരിച്ചു. നാഗർകോവിൽ കീഴപെരുവിള സ്വദേശി ഗാഡ്‌സൻ സാമുവലിന്റെ മകൻ മിത്രനാണ് മരിച്ചത്. കന്യാകുമാരി കോതയാറിനു സമീപമാണ് സംഭവം.

മുംബൈയിൽ താമസിക്കുന്ന ഗാഡ്‌സൻ കഴിഞ്ഞ ദിവസമാണ് ഭാര്യയും രണ്ടു മക്കളുമൊന്നിച്ച് കോതയാറിലെത്തിയത്. ഇവരോടൊപ്പം തെക്ക്‌താമരക്കുളത്തുള്ള ഒരു കുടുംബവും മുബൈയിൽ നിന്നുള്ള 4 കുടുംബങ്ങളുമാണ് 3 കാറുകളിലും 2 ബൈക്കുകളിലുമായി കോതയാറിലെത്തിയത്.എട്ടു കുട്ടികളുൾപ്പെടെ 20 പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഒരു തോട്ടത്തിലെ മരത്തണലിലിരുന്നു ഭക്ഷണം കഴിക്കുമ്പോൾ മരക്കമ്പ് ഒടിഞ്ഞു വീഴുകയായിരുന്നു. മറ്റുള്ളവർ ചാടി രക്ഷപ്പെട്ടെങ്കിലും മിത്രനും മറ്റൊരു കുട്ടിയും ശിഖരങ്ങൾക്കിടയിൽപ്പെടുകയായിരുന്നു.

സ്കൂട്ടറെടുത്തോളൂ പക്ഷേ അതിലെ രേഖകൾ തിരിച്ചുനൽകണമെന്ന് ഉടമയുടെ അഭ്യർത്ഥന; രഹസ്യമായി രേഖകൾ തിരിച്ചു നൽകി കള്ളൻ

സ്കൂട്ടറെടുത്തോളൂ പക്ഷേ അതിലെ രേഖകൾ തിരിച്ചുനൽകണമെന്ന് ഉടമയുടെ അഭ്യർത്ഥന; രഹസ്യമായി രേഖകൾ തിരിച്ചു നൽകി കള്ളൻ

പന്തളം: മോഷ്ടിച്ച സ്കൂട്ടറിലുണ്ടായിരുന്ന വിലപ്പെട്ട രേഖകൾ ഉടമയ്ക്ക് തിരിച്ചു നൽകി കള്ളൻ. സ്കൂട്ടറെടുത്താലും കുഴപ്പമില്ല രേഖകൾ തിരിച്ചു നൽകണമെന്ന് ഉടമ സമൂഹമാധ്യമങ്ങളിലൂടെ കള്ളനോട് അഭ്യർത്ഥിച്ചിരുന്നു. ഈ അഭ്യർത്ഥന കേട്ട കള്ളൻ രഹസ്യമായി ഉടമയുടെ ഹോട്ടലിൽ രേഖകൾവെച്ച് സ്ഥലം വിടുകയായിരുന്നു. പന്തളം കുരമ്പാല ജങ്ഷനിലാണ് അപൂർവ്വ സംഭവം നടന്നത്.

ഈ മാസം ഒന്നിനാണ് കുരമ്പാല കാണിക്കവഞ്ചി ജങ്ഷനിൽ കുടുംബശ്രീ ഹോട്ടൽ നടത്തുന്ന കുറ്റിവിളയിൽ ശ്രീജയുടെ സ്കൂട്ടർ മോഷണം പോയത്. പാൻ കാർഡ്, തിരിച്ചറിയൽ രേഖകൾ, ഇൻഷുറൻസ് തുടങ്ങിയ പ്രധാനപ്പെട്ട രേഖകളാണ് സ്കൂട്ടറിനൊപ്പം ശ്രീജക്ക് നഷ്ടമായത്. മോഷ്ടാവ് സ്കൂട്ടറുമായി കടന്നുകളയുന്ന ദൃശ്യങ്ങ‍ൾ സഹിതം പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല.

സ്കൂട്ടർ നഷ്ടപ്പെട്ടതിനേക്കാൾ ശ്രീജയെ വിഷമത്തിലാക്കിയത് രേഖകൾ നഷ്ടപ്പെട്ടതാണ്. ഇതിനിടെയാണ് രഘു പെരുമ്പുളിക്കൽ എന്ന പൊതുപ്രവർത്തകൻ മുൻകൈയെടുത്ത് കള്ളനോട് സമൂഹമാധ്യമംവഴി അഭ്യർഥന നടത്തുന്നത്. ‘സ്കൂട്ടർ നിങ്ങളെടുത്തോളൂ, ദയവായി അതിലെ രേഖകൾ തിരികെ നൽകണം’ എന്ന ശ്രീജയുടെ ശബ്ദ സന്ദേശം സഹിതമാണ് ഫേസ്ബുക്കിൽ കുറിപ്പിട്ടത്.

സ്പീഡ് പോസ്റ്റിലോ കൊറിയർ സർവീസിലോ അയച്ചു നൽകണമെന്നായിരുന്നു ശ്രീജ യുടെ അഭ്യർഥന. സ്കൂട്ടർ സ്റ്റാർ ട്ടാക്കാതെ ഉരുട്ടിക്കൊണ്ടുപോകുന്നതും പിന്നീട് ഓടിച്ചുപോകുന്നതുമായ സി.സി.ടി.വി ദൃശ്യത്തിനൊപ്പമായിരുന്നു ശ്രീജയുടെ ശബ്ദസന്ദേശമിട്ടിരുന്നത്.

കനിവുള്ള കള്ളനാണെങ്കിൽ തിരികെ കിട്ടട്ടെ എന്ന് കരുതി പോസ്റ്റ് ചെയ്തതാണെങ്കിലും അത് ലഭിക്കുന്ന പ്രതീക്ഷയെന്നും ഉണ്ടായിരുന്നില്ല. എന്നാൽ, ശ്രീജയെ ഞെട്ടിച്ച് കഴിഞ്ഞ ദിവസം രാവിലെ 5.45-ന് ഹോട്ടലിന്റെ ഷട്ടർ തുറന്നശേഷം വൃത്തിയാക്കാനായി തറയിലെ ചവിട്ടി മാറ്റിയപ്പോഴാണ് രേഖകളടങ്ങിയ ഫയൽ കാണുന്നത്. പരിശോധ നയിൽ തന്റെ ആധാർ കാർഡും വായ്പ വാങ്ങി സൂക്ഷിച്ചിരുന്ന 7500 രൂപയും ഒഴികെ എല്ലാ ഭദ്രമായുണ്ടെന്ന് ശ്രീജ പറയുന്നു.

കെട്ടുകഥകൾക്കപ്പുറം യാഥാർഥ്യമായി കായംകുളം കൊച്ചുണ്ണി മെമ്മോറിയൽ ഓഡിറ്റോറിയം

കെട്ടുകഥകൾക്കപ്പുറം യാഥാർഥ്യമായി കായംകുളം കൊച്ചുണ്ണി മെമ്മോറിയൽ ഓഡിറ്റോറിയം

കായംകുളം കൊച്ചുണ്ണി മരിച്ച് 150 വർഷങ്ങൾക്ക് ശേഷം, റോബിൻ ഹുഡിന് തുല്യനായി പലപ്പോഴും വിശേഷിപ്പിക്കപ്പെട്ടിരുന്ന, കേരളത്തിലെ ഇതിഹാസ തസ്‌ക്കരന്, ഒടുവിൽ ജന്മനാട്ടിൽ സ്മാരകം. കായംകുളത്തെ തടാകക്കരയിലെ ഓഡിറ്റോറിയത്തിന് ഇപ്പോൾ ഔദ്യോഗികമായി ‘കായംകുളം കൊച്ചുണ്ണി മെമ്മോറിയൽ ഓഡിറ്റോറിയം’ എന്ന് നാമകരണം ചെയ്തു, ഒരുകാലത്ത് ഈ ഭാഗങ്ങളിൽ ഒരു നല്ല കള്ളനായി ചുറ്റി സഞ്ചരിച്ച മനുഷ്യനെ ആദ്യമായി ഔദ്യോഗികമായി അംഗീകരിക്കുന്ന ദിവസമാണിത്.

സമ്പന്നരെ കൊള്ളയടിക്കുന്നതിനും ദരിദ്രരെ സഹായിക്കുന്നതിനും പേരുകേട്ട കൊച്ചുണ്ണി, പത്തൊൻപതാം നൂറ്റാണ്ടിലെ ഫ്യൂഡൽ ഭൂവുടമകൾക്കെതിരായ പ്രവർത്തനങ്ങളുടെ പേരിൽ കേരളത്തിലെ നാടോടിക്കഥകളിലെ നായകനാണ്. വീരഗാഥകളും നാടോടിക്കഥകളും ഉൾപ്പെടെയുള്ള ജനപ്രിയ സംസ്കാരത്തിൽ അദ്ദേഹത്തിന് ഐതിഹാസിക സ്ഥാനം ഉണ്ടായിരുന്നിട്ടും, ഇതുവരെ അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഒരു സ്മാരകമെവിടെയും സ്ഥാപിച്ചിരുന്നില്ല.

കായംകുളം എംഎൽഎ, യു പ്രതിഭയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള 65 ലക്ഷം രൂപ ഉപയോഗിച്ചാണ് ഓഡിറ്റോറിയത്തിന്റെ നവീകരണം നടത്തിയത്.

“പുതുക്കിയ സ്ഥലത്തിന് കൊച്ചുണ്ണിയുടെ പേര് നൽകാനുള്ള തീരുമാനത്തിന് വ്യാപകമായ പൊതുജന അംഗീകാരം ലഭിച്ചു, കെട്ടുകഥകൾക്കും കഥകൾക്കും അതീതമായി അദ്ദേഹം അംഗീകാരം അർഹിക്കുന്നു,” പ്രതിഭ ന്യൂ ഇന്ത്യൻ എക്സ് പ്രസ്സിനോട് പറഞ്ഞു.

വേഷപ്രച്ഛന്നനാകൽ, മാജിക്, ആയോധനകലകൾ എന്നിവയിലെ പ്രാവീണ്യം കാരണം കൊച്ചുണ്ണിയുടെ സാഹസികതകൾ നിയന്ത്രിക്കാൻ പ്രയാസകരമായിരുന്നു, ഒടുവിൽ വഞ്ചനയിലൂടെയാണ് അദ്ദേഹം പിടിക്കപ്പെട്ടത്. 1859-ൽ 41-ാം വയസ്സിൽ അദ്ദേഹം ജയിലിൽ വച്ച് മരിച്ചു. തിരുവനന്തപുരത്തെ പേട്ട ജുമാ മസ്ജിദിൽ അദ്ദേഹത്തെ സംസ്‌കരിച്ചതായി പ്രാദേശിക ഐതിഹ്യം പറയുന്നു. കോഴഞ്ചേരിക്കടുത്തുള്ള ഇടപ്പാറ മലദേവർ ക്ഷേത്രത്തിൽ ആരാധിക്കപ്പെടുന്ന ഒരു ഹിന്ദു ക്ഷേത്രം കൊച്ചുണ്ണി എന്ന മുസ്ലീമിനെ പ്രതിനിധീകരിക്കുന്നുവെന്നും വിശ്വസിക്കപ്പെടുന്നു, ഇത് വിവിധ സമൂഹങ്ങൾക്കിടയിലുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള സാംസ്കാരിക സമന്വയത്തെ കൂടുതൽ വ്യക്തമാക്കുന്നു.

കഴിഞ്ഞ വർഷം എം.എൽ.എ സോഷ്യൽ മീഡിയയിൽ ഈ ആശയം മുന്നോട്ടുവച്ചതോടെ സ്മാരകത്തിനായുള്ള പ്രവർത്തനങ്ങൾക്ക് ആക്കം കൂടി. “തുടർന്നുണ്ടായ ശക്തമായ പൊതുജന പിന്തുണ പദ്ധതി വേഗത്തിലാക്കാൻ സഹായിച്ചു, ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വ്യക്തികളിൽ ഒരാളെ ഓർമ്മിക്കാൻ ഒടുവിൽ നഗരം ഒരു സ്ഥലം നൽകി,” പ്രതിഭ പറഞ്ഞു.

ഓപ്പൺ എയർ സ്റ്റേജുമായി ബന്ധിപ്പിച്ചിരിക്കുന്ന ഓഡിറ്റോറിയം വർഷങ്ങൾക്ക് മുമ്പ് അന്നത്തെ എംഎൽഎ സി കെ സദാശിവൻ നിർമ്മിച്ചതാണ്, ഒരേ സമയം ഏകദേശം 1,500 പേർക്ക് ഇരിക്കാൻ കഴിയുന്ന ഓഡിറ്റോറിയമാണിത്.
അതേസമയം, അംഗീകാരത്തിന്റെ വൈകിയ സ്വഭാവം പുതിയ ചർച്ചയ്ക്ക് തുടക്കമിട്ടു.

നീതിക്ക് വേണ്ടി നിലകൊണ്ട ഒരു വ്യക്തിയെ അധികാരികൾ വളരെക്കാലം അവഗണിച്ചതിലെ വിരോധാഭാസത്തെ വിമർശകർ ചൂണ്ടിക്കാണിക്കുന്നു. കൊച്ചുണ്ണിയുടെ മൂല്യങ്ങളിൽ നിന്ന് ആധുനിക നേതാക്കൾ പ്രചോദനം ഉൾക്കൊണ്ടിരുന്നെങ്കിൽ, സമൂഹം കൂടുതൽ നീതിയിലേക്ക് നീങ്ങിയേക്കാമെന്ന് ചിലർ അഭിപ്രായപ്പെടുന്നു.

കായംകുളത്തെ ജനങ്ങൾക്കും കേരളത്തിലുടനീളമുള്ള ആരാധകർക്കും, പുതിയ സ്മാരകം ഒരു ഇതിഹാസ പുരുഷനുള്ള ആദരാഞ്ജലി മാത്രമല്ല, മറിച്ച് നീതിയുടെയും ധൈര്യത്തിന്റെയും വ്യവസ്ഥയെ വെല്ലുവിളിക്കുന്ന കഥകളുടെയും ശാശ്വത ശക്തിയുടെയും പ്രതീകമാണ്. കഴിഞ്ഞ ആഴ്ച എംഎൽഎ പ്രതിഭ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു. കായംകുളം മുനിസിപ്പൽ ചെയർപേഴ്‌സൺ പി.ശശികലയും ചടങ്ങിൽ പങ്കെടുത്തു.

കൊല്ലം ചിതറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി; സുഹൃത്തിന് പരിക്ക്

കൊല്ലം ചിതറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി; സുഹൃത്തിന് പരിക്ക്

കൊല്ലം: കൊല്ലം ചിതറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. തുമ്പമൺ സ്വദേശി സുജിൻ (29) ആണ് കൊല്ലപ്പെട്ടത്. തുമ്പമൺതൊടി കാരറക്കുന്നിന് സമീപമാണ് സംഭവം. ലഹരി ഉപയോഗം ചോദ്യം ചെയ്തതിൽ ഉള്ള വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് നിഗമനം.

സുജിനൊപ്പം ഉണ്ടായിരുന്ന അനന്തുവിനും കുത്തേറ്റു. ഇയാളുടെ പരിക്ക് ഗുരുതരമല്ല. രണ്ട് പേരെയും ആദ്യം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. രാത്രി 11മണിയോടെയാണ് ഇരുവരെയും ലഹരി സംഘം ആക്രമിച്ചത്. വയറ്റിലേറ്റ ആഴത്തിലുള്ള മുറിവാണ് സുജിന്‍റെ മരണകാരണമായതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.

മെയ് മാസത്തെ പെൻഷനൊപ്പം ഒരു മാസത്തെ കുടിശ്ശികയും ലഭിക്കും; ക്ഷേമ പെൻഷൻ നൽകാൻ തുക അനുവദിച്ചു

മെയ് മാസത്തെ പെൻഷനൊപ്പം ഒരു മാസത്തെ കുടിശ്ശികയും ലഭിക്കും; ക്ഷേമ പെൻഷൻ നൽകാൻ തുക അനുവദിച്ചു

ക്ഷേമ പെൻഷൻ നൽകാൻ തുക അനുവദിച്ചു. മെയ് മാസത്തെ പെൻഷനൊപ്പം ഒരു മാസത്തെ കുടിശ്ശികയും ലഭിക്കും. 194 കോടി രൂപയാണ് അനുവദിച്ചത്. ഈ മാസം 24 മുതൽ പെൻഷൻ ലഭിച്ചു തുടങ്ങും. അഞ്ചിന് മുൻപ് പെൻഷൻ വിതരണം പൂർത്തിയാക്കാനാണ് നിർദ്ദേശം. 2000 കോടി രൂപയുടെ വായ്പ സർക്കാരിന് ലഭിച്ചതിന് പിന്നാലെയാണ് പെൻഷൻ അനുവദിച്ചത്.

ജൂൺ 5നകം വിതരണം പൂർത്തിയാക്കും. ഇനി രണ്ടു മാസത്തെ കുടിശ്ശിക ബാക്കിയുണ്ട്. 60 ലക്ഷം പേർക്ക് കൃത്യമായി സാമൂഹിക ക്ഷേമ പെൻഷൻ കൃത്യമായി നൽകുന്നുവെന്ന് മുഖ്യമന്ത്രി ഇന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പണഞെരുക്കം കാരണം കുടിശികയായ ക്ഷേമ പെൻഷൻ ഈ സാമ്പത്തിക വർഷവും അടുത്തസാമ്പത്തിക വർഷവുമായി നൽകുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നേരത്തെ വ്യക്തമാക്കിയിരുന്നു.