താത്കാലിക വിസി നിയമനം തെറ്റെന്ന് ഹൈക്കോടതി; കെടിയു – ഡിജിറ്റല്‍ നിയമന വിവാദത്തില്‍ ഗവര്‍ണര്‍ക്ക് തിരിച്ചടി

താത്കാലിക വിസി നിയമനം തെറ്റെന്ന് ഹൈക്കോടതി; കെടിയു – ഡിജിറ്റല്‍ നിയമന വിവാദത്തില്‍ ഗവര്‍ണര്‍ക്ക് തിരിച്ചടി

കൊച്ചി: കേരള സാങ്കേതിക സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല എന്നിവിടങ്ങളില്‍ താല്‍ക്കാലിക വൈസ് ചാന്‍സലറെ നിയമിച്ച കേരള ഗവര്‍ണറുടെ നടപടി തെറ്റെന്ന് ഹൈക്കോടതി. ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായിരിക്കെ സാങ്കേതിക സര്‍വകലാശാലയിലേക്ക് ഡോ. കെ ശിവപ്രസാദിനെയും ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയി ഡോ. സിസ തോമസിനെയും നിയമിച്ച നടപടി ചോദ്യം ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍. സര്‍ക്കാര്‍ പാനല്‍ മറികടന്നായിരുന്നു സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നടപടി.

സര്‍ക്കാര്‍ പാനല്‍ മറികടന്ന് ഗവര്‍ണര്‍ നടത്തിയ നിയമനം നിയമപരമല്ല. സിസ തോമസ് കേസിലെ ഡിവിഷന്‍ ബെഞ്ച് വിധി പാലിക്കണം. എന്നാല്‍ രണ്ട് സര്‍വകലാശാലകളിലെയും താല്‍ക്കാലിക വിസിമാരുടെ കാലാവധി 28ന് അവസാനിക്കുന്ന സാഹചര്യത്തില്‍ ഇപ്പോഴത്തെ നിയമനത്തില്‍ ഇടപെടുന്നില്ലെന്നും ജസ്റ്റിസ് പി ഗോപിനാഥ് അധ്യക്ഷനായ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.

താല്‍ക്കാലിക വിസിമാരെ നിയമിച്ച ചാന്‍സലറുടെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ പാനലിന് പുറത്തുനിന്നും താല്‍ക്കാലിക വിസി നിയമിച്ച ചാന്‍സലറുടെ നടപടി സര്‍വകലാശാല നിയമങ്ങളുടെ ലംഘനമാണ്. 2023 ഫെബ്രുവരിയിലെ സിസ തോമസ് കേസിലെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി മറികടക്കുന്നതാണ് ചാന്‍സലറുടെ നടപടി എന്നുമാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.

സാങ്കേതിക സര്‍വകലാശാല നിയമപ്രകാരം താല്‍ക്കാലിക വിസി നിയമനം സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍നിന്ന് ആകണമെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ നല്‍കിയ ഹര്‍ജിയില്‍ ഡിവിഷന്‍ ബെഞ്ച് വ്യക്തത വരുത്തിയിരുന്നു. എന്നിട്ടും ഉത്തരവ് മറികടന്ന് ഗവര്‍ണര്‍ നിയമനം നടത്തുകയായിരുന്നു.

ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോകള്‍ക്കും പ്രവേശനം ഇല്ല; ദേശീയപാത 66 ല്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചു തുടങ്ങി

ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോകള്‍ക്കും പ്രവേശനം ഇല്ല; ദേശീയപാത 66 ല്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചു തുടങ്ങി

കോഴിക്കോട്: കേരളത്തില്‍ നിര്‍മാണം പുരോഗമിക്കുന്ന ആറുവരി പാതയായ ദേശീയപാത-66 ല്‍ ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോയ്ക്കും പ്രവേശനം ഉണ്ടാകില്ല. ഇക്കാര്യം വ്യക്തമാകുന്ന മുന്നറിയിപ്പ് ബോര്‍ഡുകള്‍ പണി പൂര്‍ത്തിയായ ഭാഗങ്ങളില്‍ സ്ഥാപിച്ച് തുടങ്ങി. ഇരുചക്ര വാഹനങ്ങള്‍, ഓട്ടോറിക്ഷ, ട്രാക്ടര്‍, കാല്‍നടയാത്രക്കാര്‍ എന്നിവര്‍ ദേശീയ പാത ഉപയോഗിക്കരുത് എന്നാണ് സൂചനാ ബോര്‍ഡുകള്‍ പറയുന്നത്.

രാജ്യത്തെ അതിവേഗ പാതകളില്‍ നിലവില്‍ ഇരുചക്രവാഹനങ്ങള്‍ക്ക് പ്രവേശനമില്ല. ഇതേ സാഹചര്യമാണ് ദേശീയ പാത 66 ലും ഉണ്ടാകുന്നത്. ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ ദേശീയ പാതയില്‍ വിലക്കുള്ള വാഹനങ്ങള്‍ സര്‍വീസ് റോഡ് ഉപയോഗിക്കേണ്ടിവരും.

അതേസമയം, കേരളത്തില്‍ ദേശീയ പാത അറുപത് മീറ്ററില്‍ നിന്നും 45 മീറ്ററായി ചുരുക്കി നിര്‍മിച്ചപ്പോള്‍ സര്‍വീസ് റോഡുകളും പാതകള്‍ക്കിടയിലെ പ്രദേശവുമാണ് ചുരുങ്ങിയത്. ഇതിനൊപ്പം നിയന്ത്രണം കൂടി നടപ്പാകുന്ന സാഹചര്യത്തില്‍ സര്‍വീസ് റോഡുകളില്‍ തിരക്ക് വര്‍ധിച്ചേക്കും എന്നാണ് വിലയിരുത്തല്‍.

19 സ്ട്രെച്ചുകളായാണ് കാസര്‍കോട് -തിരുവനന്തപുരം ദേശീയപാത 66 ന്റെ നിര്‍മാണം പുരോഗമിക്കുന്നത്. തലപ്പാടി-ചെങ്കള, വെങ്ങളം-രാമനാട്ടുകര, രാമനാട്ടുകര-വളാഞ്ചേരി, വളാഞ്ചേരി-കാപ്പിരിക്കാട് റീച്ചുകളില്‍ മിനുക്കുപണികള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇവിടങ്ങളിലാണ് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. 400 മേല്‍പാലങ്ങളും അടിപ്പാതകളും ഉള്‍പ്പെടുന്ന കാസര്‍കോട് -തിരുവനന്തപുരം ദേശീയപാത 57815 കോടി രൂപ ചെലവിട്ട് ആറുവരിയായി സിഗ്നലുകളില്ലാതെയാണ് നിര്‍മിക്കുന്നത്.

സ്വര്‍ണവില വീണ്ടും 70,000ന് മുകളില്‍; നാലുദിവസത്തിനിടെ 1200 രൂപ വര്‍ധിച്ചു

സ്വര്‍ണവില വീണ്ടും 70,000ന് മുകളില്‍; നാലുദിവസത്തിനിടെ 1200 രൂപ വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 70,000ന് മുകളില്‍. പവന് 280 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 70000ന് മുകളില്‍ എത്തിയത്. ഇന്ന് 70,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

ഗ്രാമിന് 35 രൂപയാണ് വര്‍ധിച്ചത്. 8755 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞദിവസം ഒറ്റയടിക്ക് 1560 രൂപ ഇടിഞ്ഞതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി 70,000ല്‍ താഴെയെത്തിയത്. പവന് 68,880 രൂപയായി താഴ്ന്ന് ഈ മാസത്തെ താഴ്ന്ന നിലവാരമാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. തുടര്‍ന്ന് വില ഉയരുകയായിരുന്നു.

ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക- ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. കഴിഞ്ഞ മാസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്. എന്നാല്‍ ഓഹരി വിപണിയില്‍ വീണ്ടും ഉണര്‍വ് പ്രകടമായതോടെ നിക്ഷേപകര്‍ അവിടേയ്ക്ക് നീങ്ങിയതാണ് കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണവില ഇടിയാന്‍ കാരണമായത്.

വീടിന് തീയിട്ട് ഗൃഹനാഥന്‍, അയല്‍ക്കാരെത്തി തീ അണയ്ക്കുന്നതിനിടെ മരത്തില്‍ തൂങ്ങി, മകന് പൊള്ളലേറ്റു

വീടിന് തീയിട്ട് ഗൃഹനാഥന്‍, അയല്‍ക്കാരെത്തി തീ അണയ്ക്കുന്നതിനിടെ മരത്തില്‍ തൂങ്ങി, മകന് പൊള്ളലേറ്റു

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ പെരീക്കാട് വീടിന് തീയിട്ടതിനുശേഷം ഗൃഹനാഥന്‍ തൂങ്ങിമരിച്ച നിലയില്‍.എരൂര്‍ വെസ്റ്റ് പെരിക്കാട് ചക്കാലപ്പറമ്പില്‍ പ്രകാശന്‍ (59) ആണ് മരിച്ചത്. ചെറിയ പൊള്ളലേറ്റ മകന്‍ കരുണ്‍ (16) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് പുലര്‍ച്ചെ 5 ഓടെയാണ് താമസിച്ചിരുന്ന വാടക വീടിന് ഇയാള്‍ തീവച്ചത്. വീടിനകത്തുണ്ടായിരുന്ന കട്ടിലിനും കിടക്കയ്ക്കും മറ്റും തീപിടിച്ച ഉടനെ അയല്‍ക്കാരെത്തി തീകെടുത്തുകയായിരുന്നു. ഈ സമയം പ്രകാശന്‍ പുറത്ത് മരത്തില്‍ തൂങ്ങുകയായിരുന്നു. തീപിടിച്ച വീടിനോട് തൊട്ടുചേര്‍ന്ന് തന്നെയുള്ള മറ്റു വീടുകളിലേയ്ക്ക് തീ പടരാതെ കെടുത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി. ഇയാളുടെ ഭാര്യ രാജേശ്വരി വഴക്കിനെ തുടര്‍ന്ന് വീട്ടില്‍നിന്നും മാറിയാണ് താമസിക്കുന്നത്. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല.

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി വാടക വീട്ടില്‍ താമസിച്ചുവരികയായിരുന്നു പ്രകാശന്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഹില്‍പാലസ് പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ക്ക് ശേഷം പ്രകാശന്റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.

ഇ-വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള നിരക്ക് കുത്തനെ കൂട്ടി കെഎസ്ഇബി

ഇ-വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള നിരക്ക് കുത്തനെ കൂട്ടി കെഎസ്ഇബി

തിരുവനന്തപുരം: വൈകുന്നേരം നാലുമണിക്ക് ശേഷം ഇ-വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള നിരക്ക് കുത്തനെ കൂട്ടി കെഎസ്ഇബി. സംസ്ഥാനത്തെ കെഎസ്ഇബിയുടെ 63 ചാര്‍ജിങ് സ്റ്റേഷനുകള്‍ക്കാണ് പുതിയ നിരക്ക് ബാധകമാകുക.

കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശപ്രകാരമുള്ള സര്‍വീസ് ചാര്‍ജുകൂടി ഈടാക്കാന്‍ തീരുമാനിച്ചതോടെ സ്വകാര്യ ചാര്‍ജിങ് സ്റ്റേഷനുകളിലെ നിരക്കിനെ അപേക്ഷിച്ച് കൂടുതല്‍ തുകയാണ് ഇവിടങ്ങളില്‍ നല്‍കേണ്ടിവരുക.

രാവിലെ ഒന്‍പതുമുതല്‍ വൈകുന്നേരം നാലുവരെയുള്ള സൗരോര്‍ജ മണിക്കൂറുകളില്‍ നിരക്ക് 30 ശതമാനം കുറയ്ക്കാനും വൈകുന്നേരം നാലുമുതല്‍ രാവിലെ ഒന്‍പതുവരെ 30 ശതമാനം കൂട്ടാനും വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ അനുവാദം നല്‍കിരുന്നു. രാത്രിയില്‍ ചാര്‍ജിങ്ങിന് വൈദ്യുതി ഉപയോഗിക്കുന്നത് കുറയ്ക്കാനും പകല്‍ ലഭ്യമാകുന്ന സൗരോര്‍ജം പരമാവധി പ്രയോജനപ്പെടുത്താനുമാണ് നീക്കം.

ഇതുവരെ പകലും രാത്രിയും കെഎസ്ഇബി സ്റ്റേഷനുകളില്‍ നിരക്ക് തുല്യമായിരുന്നു. കേന്ദ്ര ഊര്‍ജമന്ത്രാലയം സര്‍വീ സ് ചാര്‍ജ് ഏകീകരിക്കുകയും വിവിധവിഭാഗങ്ങളില്‍ പരമാവധി പരിധി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. യൂണിറ്റിന് മൂന്നുമുതല്‍ 13 വരെയാണ് പരമാവധി സര്‍വീസ് ചാര്‍ജ്. സ്വകാര്യ സ്റ്റേഷനുകള്‍ ഇതില്‍ ഇളവുനല്‍കി മത്സര ബുദ്ധിയോടെ പ്രവര്‍ത്തിക്കുമ്പോഴാണ് കെഎസ്ഉബി നീക്കം.

പുതിയനിരക്ക് – രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം നാലുവരെ (18 ശതമനാനം ജിഎസ്ടി ഉള്‍പ്പെടെ ഒരുയൂണിറ്റിന്)

എസി സ്റ്റോ ചാര്‍ജിങ് – 10.08 രൂപ

ഡിസി ഫാസ്റ്റ് ചാര്‍ജിങ് – 19.47 രൂപ

വൈകുന്നേരം നാലുമുതല്‍ രാവിലെ ഒന്‍പതുവരെ

എസി സ്റ്റോ – 16.79 രൂപ

ഡിസി ഫാസ്റ്റ് – 27.41 രൂപ

അതിശക്തമായ മഴ; ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

അതിശക്തമായ മഴ; ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മണിക്കൂറില്‍ 115 മുതല്‍ 204.5 മില്ലിമീറ്റര്‍ മഴയാണ് പ്രവചിക്കുന്നത്.

അതേസമയം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകള്‍ ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴ മുന്നറിയിപ്പാണുള്ളത്. മണിക്കൂര്‍ 64.5 മുതല്‍ 115.5 മില്ലിമീറ്റര്‍ മഴയാണ് പ്രവചിക്കുന്നത്.

അടുത്ത മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.