by Midhun HP News | Jul 30, 2026 | Latest News, കേരളം
മലപ്പുറം: കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലൂടെ സ്‌കൂട്ടര്‍ യാത്ര നടത്തിയ സംഭവത്തില്‍ കേസ് എടുത്ത് റെയില്‍വേ പൊലീസ്. പട്ടാമ്പി സ്വദേശിയായ കുഞ്ഞുമൊയ്തീനെതിരെയാണ് കേസ് എടുത്തത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം.
എളുപ്പത്തില്‍ പോകാന്‍ വേണ്ടി ഇയാള്‍ പ്ലാറ്റ് ഫോം ഉപയോഗിക്കുകയായിരുന്നുവെന്നാണ് വിവരം. പ്ലാറ്റ്‌ഫോമിലൂടെ ഇയാള്‍ ടൂവീലര്‍ ഓടിച്ച് പോയത് റെയില്‍വേ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ആളെ തിരിച്ചറിഞ്ഞത്. പട്ടാമ്പി സ്വദേശിയായ കുഞ്ഞുമൊയ്തീനാണ് വാഹനം ഓടിച്ചതെന്ന് റെയില്‍വേ പൊലീസ് പറഞ്ഞു.
റെയില്‍വേ പരിധിയിലേക്ക് അനധികൃതമായി വാഹനം പ്രവേശിപ്പിച്ചതും പ്ലാറ്റ്‌ഫോമിലെ മറ്റ് യാത്രക്കാര്‍ക്ക് അപകടം ഉണ്ടാക്കത്തരീതിയില്‍ വാഹനം ഓടിച്ചതുള്‍പ്പടെയുള്ള വകുപ്പുകളാണ് ഇയാള്‍ക്കെതിരെ എടുത്തത്. ആറ് മാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിവ.

by Midhun HP News | Jul 30, 2026 | Latest News, കേരളം
കൊച്ചി: മെഡിസെപ് പദ്ധതിയുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത ആശുപത്രിയില്‍ ചികിത്സ തേടിയെന്ന കാരണത്താല്‍ മാത്രം ഇന്‍ഷുറന്‍സ് ക്ലെയിം നിരസിക്കാനാകില്ലെന്ന് ഹൈക്കോടതി. ചികിത്സയുടെ സ്വഭാവവും ചെലവഴിച്ച തുകയുടെ വ്യക്തമായ തെളിവുകളും പരിശോധിച്ച് മെഡിസെപ് ആനുകൂല്യം നല്‍കുന്നതില്‍ തീരുമാനമെടുക്കണമെന്നും ജസ്റ്റിസ് വിജു എബ്രഹാം വ്യക്തമാക്കി. പൊലീസ് വകുപ്പിലെ ഉദ്യോഗസ്ഥനായ ബിഎസ് അനില്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.
അര്‍ബുദ ബാധിതനായ അനില്‍കുമാറിന് വിദഗ്ധ ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കുമായി പൊലീസ് വകുപ്പില്‍നിന്ന് മുന്‍കൂട്ടി അനുമതി ലഭിച്ചിരുന്നു. ഒരു കോടിയോളം രൂപ ചികിത്സയ്ക്ക് ചെലവായി. ആദ്യം ചികിത്സ തേടിയ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് മതിയായ സൗകര്യമില്ലാത്തതിനാല്‍ എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നു. എന്നാല്‍, ഈ ആശുപത്രി മെഡിസെപ് ഇന്‍ഷുറന്‍സില്‍ എംപാനല്‍ ചെയ്തതല്ലെന്ന കാരണത്താല്‍ ഇന്‍ഷുറന്‍സ് അധികൃതര്‍ ക്ലെയിം അപേക്ഷ തള്ളി. വര്‍ഷങ്ങളായി ഇന്‍ഷുറന്‍സ് പ്രീമിയം തുക കൃത്യമായി അടയ്ക്കുന്ന ജീവനക്കാരനാണെന്നും അര്‍ഹമായ ആനുകൂല്യം സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് തടയുന്നത് ന്യായമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
അടിയന്തരഘട്ടങ്ങളില്‍ ജീവന്‍ രക്ഷിക്കാന്‍ മികച്ച ചികിത്സ തേടേണ്ടിവരുമ്പോള്‍, ആശുപത്രി ഇന്‍ഷുറന്‍സ് പാനലില്‍ ഉണ്ടോ എന്നത് മാത്രം നോക്കി ക്ലെയിം നിരസിക്കരുതെന്ന് കോടതി വ്യക്തമാക്കി. എംപാനല്‍ ചെയ്ത ആശുപത്രിയില്‍ സൗകര്യമില്ലാതിരുന്നതുകൊണ്ട് ശസ്ത്രക്രിയക്കടക്കം വിദഗ്ധസൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് പോകേണ്ടിവന്നതടക്കമുള്ള സാഹചര്യം ഹര്‍ജിക്കാരന്‍ വ്യക്തമാക്കിയിരുന്നു. എംപാനല്‍ ചെയ്തിട്ടില്ല എന്ന ഒറ്റക്കാരണത്താല്‍ അപേക്ഷ തള്ളാനാകില്ല. ജില്ലാ പരാതി പരിഹാര സമിതി അപേക്ഷ പുനഃപരിശോധിക്കണം. ഹാജരാക്കിയ ബില്ലുകളുടെ വിശ്വസനീയതയും ചികിത്സയുടെ നിജസ്ഥിതിയും പരിഗണിച്ച്, അര്‍ഹമായ തുക നല്‍കുന്നതില്‍ അനുകൂല തീരുമാനമെടുക്കണം. രേഖകള്‍ പരിശോധിച്ച് ബോധ്യപ്പെട്ടാല്‍, അര്‍ഹമായ തുക ഒരു മാസത്തിനകം അവുവദിക്കണമെന്നും അധികൃതര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.

by Midhun HP News | Jul 30, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും. 52 ദിവസം നീണ്ടുനിന്ന ട്രോളിങ് നിരോധനമാണ് വെള്ളിയാഴ്ച അര്‍ധരാത്രിയോടെ അവസാനിക്കുന്നത്. മത്സ്യബന്ധന ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ ആരംഭിച്ചു. ശനിയാഴ്ചപുലര്‍ച്ചെ ബോട്ടുകള്‍ കടലില്‍ ഇറങ്ങും.
ട്രോളിങ് നിരോധനം അവസാനിക്കാനിരിക്കെ, നാട്ടിലേക്കുപോയ ഇതര സംസ്ഥാന തൊഴിലാളികള്‍ തിരിച്ചെത്തി. ബോട്ടുകള്‍ എന്‍ജിന്‍ പണിയും മറ്റും കഴിച്ച് പെയിന്റടിച്ച് ഒരുങ്ങി. പുതിയ വലകളും തയ്യാറായി. ഐസും വെള്ളവും മറ്റ് അവശ്യസാധനങ്ങളും ഒരുക്കുന്ന തിരക്കിലാണ് തൊഴിലാളികള്‍. ട്രോളിങ് നിരോധന സമയത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മത്തിയും ചെമ്മീനും ലഭിച്ചിരുന്നു. കിളിമീന്‍, കൂന്തള്‍, ചെമ്മീന്‍ എന്നിവയിലാണ് ബോട്ടുകാര്‍ക്ക് പ്രതീക്ഷയുള്ളത്.
പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ട്രോളിങ് നിരോധന കാലയളവില്‍ കടലില്‍ പോകുന്നതിന് തടസ്സമില്ലെങ്കിലും മത്സ്യത്തിന്റെ ലഭ്യതയില്‍ ഇത്തവണ വലിയ കുറവാണ് രേഖപ്പെടുത്തിയത്. ഇത് മീനിന്റെ വില ഗണ്യമായി വര്‍ധിക്കാനും കാരണമായി. ട്രോളിങ് നിരോധനം അവസാനിക്കുന്നതോടെ ആവശ്യാനുസൃതം മത്സ്യം ലഭിക്കുകയും നിലവിലെ വില കുറയുകയും ചെയ്യുമെന്ന പ്രതീക്ഷയാണ് പൊതുവിലുള്ളത്.

by Midhun HP News | Jul 30, 2026 | Latest News, കേരളം
മൂന്നാര്‍: ഓഗസ്റ്റ് 1 മുതല്‍ മുന്നാറില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും അര ലീറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് ബോട്ടിലുകളും വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും നിരോധനമേര്‍പ്പെടുത്തി മൂന്നാര്‍ പഞ്ചായത്ത്. നിയമലംഘകരെ കണ്ടത്താന്‍ ആറംഗ സ്‌ക്വാഡിനെയും നിയമിച്ചു. പൊതുജനങ്ങള്‍ക്കും നിയമലംഘനം കണ്ടെത്തി പഞ്ചായത്തധികൃതരെ തെളിവു സഹിതം അറിയിക്കാം. പിഴത്തുകയുടെ 25%, വിവരം നല്‍കുന്നവര്‍ക്കു പാരിതോഷികമായി നല്‍കും.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ നിരോധിച്ചുള്ള 2025 ജൂണിലെ ഹൈക്കോടതി ഉത്തരവ് വ്യാപാരികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ നടപ്പാക്കാനാണു ലക്ഷ്യമിടുന്നതെന്നു പഞ്ചായത്ത് പ്രസിഡന്റ് എസ്‌വി ജയകുമാര്‍ പറഞ്ഞു. ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന അര ലിറ്ററില്‍ താഴെയുള്ള ശുദ്ധജലക്കുപ്പികള്‍, ശീതളപാനീയ കുപ്പികള്‍, പ്ലാസ്റ്റിക് ബാഗുകള്‍, പേപ്പര്‍ പ്ലേറ്റുകള്‍, പേപ്പര്‍ ഗ്ലാസുകള്‍, സ്‌ട്രോ, ക്യാരി ബാഗുകള്‍ തുടങ്ങിയവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തും. ഇത്തരം സാമഗ്രികള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ ക്കു കനത്ത പിഴ ചുമത്തുകയും ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും.
നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ കൈവശം വയ്ക്കുകയോ വില്‍ക്കുകയോ ചെയ്താല്‍ 10,000 രൂപയാണു പിഴ, രണ്ടാം തവണയും പിടികൂടിയാല്‍ 25,000, മൂന്നാം തവണ 2.5 ലക്ഷം രൂപ. മാലിന്യം വലിച്ചെറിയുന്നതിനും പ്ലാസ്റ്റിക് കത്തിക്കുന്നതും 5000 രൂപയാണു പിഴ. ജൈവ, അജൈവ മാലിന്യം തരംതിരിക്കാതെ പൊതു ഇടങ്ങളില്‍ തള്ളുന്നതിന് 1000 മുതല്‍ 10,000 രൂപ വരെ പിഴയീടാക്കും.

by Midhun HP News | Jul 29, 2026 | Latest News, കേരളം
മലപ്പുറം: കാണാതായ യൂട്യൂബറെ മേഘാലയയില്‍ നിന്ന് കണ്ടെത്തി. മലപ്പുറം ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയില്‍ സ്വദേശി ദില്‍ഷാദിനെയാണ് അന്വേഷണത്തിന് ഒടുവില്‍ കണ്ടെത്തിയത്. ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് മേഘാലയയിലെ ഖാസിഹില്‍ ഫോറസ്റ്റ് മേഖലയില്‍ വച്ച് അപകടത്തിപ്പെടുകയായിരുന്നു. സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം അവിടെ ചികിത്സയില്‍ കഴിയുകയാണ്. ദില്‍ഷാദിനെ നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ പൊലീസ് സ്വീകരിച്ചിട്ടുണ്ട്.
‘യാത്ര ടുഡേ’ എന്ന യുട്യൂബ് ചാനല്‍ വഴി യാത്രാ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന ദില്‍ഷാദിന് 9.33 ലക്ഷം ഫോളോവേഴ്‌സുണ്ട്. കഴിഞ്ഞ ജൂലായ് ആറിന് വീട്ടില്‍ നിന്ന് വ്‌ളോഗ് ചെയ്യാനായി പുറപ്പെട്ടതാണ്. കൊല്‍ക്കത്തയിലെത്തി നഗരത്തിന്റെ പിന്നാമ്പുറ കഥകള്‍ എന്ന പേരില്‍ വ്‌ളോഗ് ചെയ്യുകയും ചെയ്തു.
കഴിഞ്ഞ 22ന് മൊബൈല്‍ ഫോണില്‍ ദില്‍ഷാദുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ അതിനുശേഷം അഞ്ചുദിവസമായി യാതൊരു വിവരവും ഇല്ലെന്ന് കുടുംബം പറയുന്നു. ഇതോടെ ബന്ധുക്കള്‍ തേഞ്ഞിപ്പാലം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് മറ്റു യൂട്യൂബര്‍മാരും വ്‌ളോഗര്‍മാരും ദില്‍ഷാദിനെ കണ്ടെത്തുന്നതിനായി സോഷ്യല്‍മീഡിയ വഴി പ്രചാരണം നടത്തിയിരുന്നു.

by Midhun HP News | Jul 29, 2026 | Latest News, കേരളം
ഇടുക്കി: ഏലക്കായ്ക്ക് വിപണിയിൽ റെക്കോർഡ് വില കൈവന്നതിന് പിന്നാലെ ഇടുക്കിയിലെ മലയോര മേഖലകളിൽ ഏലം മോഷണം വ്യാപകമാകുന്നു. ശാന്തൻപാറ എസ്റ്റേറ്റ് പൂപ്പാറ മേഖലയിലാണ് രാത്രികാലങ്ങളിൽ ഏലച്ചെടികളുടെ ശരം ഉൾപ്പെടെ വെട്ടിമാറ്റി വൻതോതിൽ മോഷണം നടക്കുന്നത്. വിളഞ്ഞുനിൽക്കുന്ന ഏലശരങ്ങൾ പാടെ മുറിച്ചെടുക്കുന്നതോടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കർഷകർക്ക് സംഭവിക്കുന്നത്. രാത്രികളിൽ തോട്ടങ്ങളിൽ കാവലിരുന്നിട്ടും മോഷണം തടയാനാകാത്തതോടെ വലിയ നിരാശയിലും പ്രതിസന്ധിയിലുമാണ് പ്രദേശത്തെ കർഷകർ.
കിലോയ്ക്ക് 3,000 രൂപ കടന്നു; ലക്ഷ്യം വെച്ച് മോഷ്ടാക്കൾ
ഏലക്കായുടെ വിപണി വില കിലോയ്ക്ക് മൂവായിരം രൂപ കടന്നതോടെയാണ് ഇടുക്കിയിലെ ഏലത്തോട്ടങ്ങൾ ലക്ഷ്യമിട്ട് മോഷണ സംഘങ്ങൾ വീണ്ടും സജീവമായിരിക്കുന്നത്. ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ എസ്റ്റേറ്റ് പൂപ്പാറ മേഖലയിലാണ് ഏലക്ക കർഷകരുടെ ഉറക്കം കെടുത്തി മോഷണം തുടരുന്നത്.
വിളവെടുപ്പിന് പാകമായ ഏലക്കകൾ മാത്രം പറിച്ചെടുക്കുന്നതിന് പകരം, ചെടിയുടെ ചുവട്ടിലെ ശരത്തോടെ ദാക്ഷിണ്യമില്ലാതെ വെട്ടിമാറ്റിയാണ് മോഷ്ടാക്കൾ കടന്നുകളയുന്നത്. തൊമ്പ്രക്കുടിയിൽ ജോഷി, പേനാട്ട് ജയൻ, കുപ്പശ്ശേരിയിൽ ബിനു, പുഞ്ചിളായിൽ വിനോജ്, സജി തുടങ്ങി പ്രദേശത്തെ നിരവധി കർഷകരുടെ തോട്ടങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ രാത്രിയുടെ മറവിൽ മോഷണം നടന്നത്. ശരം പൂർണ്ണമായും വെട്ടിയെടുക്കുന്നതോടെ നടപ്പുവർഷത്തെ വിളവ് നഷ്ടപ്പെടുന്നതിന് പുറമെ, അടുത്ത സീസണിലെ ഉൽപ്പാദനത്തെയും ഇത് സാരമായി ബാധിക്കും.
കാവലിരുന്നിട്ടും രക്ഷയില്ല; പൊലീസിൽ പരാതി നൽകാൻ കർഷകർ
രാത്രികാലങ്ങളിൽ കർഷകർ സംഘടിച്ച് തോട്ടങ്ങളിൽ ഉറക്കമൊഴിച്ച് കാവലിരിക്കുന്നുണ്ടെങ്കിലും മോഷ്ടാക്കളെ പിടികൂടാൻ സാധിക്കുന്നില്ല. മുൻവർഷങ്ങളിലും സമാനമായ രീതിയിൽ പ്രദേശത്ത് മോഷണം നടന്നിരുന്നു. അന്നും പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും കാര്യക്ഷമമായ അന്വേഷണമോ നടപടിയോ ഉണ്ടായില്ലെന്നാണ് കർഷകരുടെ ആക്ഷേപം. തുടർച്ചയായി ഉണ്ടാകുന്ന സാമ്പത്തിക നഷ്ടവും കൃഷിനാശവും മൂലം ഇനി എങ്ങനെ മുന്നോട്ട് പോകുമെന്നറിയാതെ വലയുകയാണ് ചെറുകിട-ഇടത്തരം കർഷകർ.
മോഷണം തടയുന്നതിനും കുറ്റക്കാരെ അടിയന്തരമായി നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനുമായി കർഷകർ വീണ്ടും ശാന്തൻപാറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ്. പ്രദേശത്ത് രാത്രികാല പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും അടിയന്തര അന്വേഷണം നടത്തണമെന്നുമാണ് കർഷകരുടെ പ്രധാന ആവശ്യം.

Recent Comments