by Midhun HP News | Jul 30, 2026 | Latest News, കേരളം
തിരുവനന്തപുരം: പുനര്‍ജനി കേസില്‍ മുഖ്യമന്ത്രി വിഡി സതീശന് ആഭ്യന്തരമന്ത്രി ക്ലീന്‍ ചിറ്റ് നല്‍കിയ നടപടി അസാധാരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സതീശന്‍ ഫണ്ട് അഭ്യര്‍ഥിച്ചതിന് തെളിവുണ്ടെന്ന് പറഞ്ഞ എംവി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ അന്നത്തെ പ്രതിപക്ഷ നേതാവ് ഫണ്ട് അഭ്യര്‍ഥിക്കുന്നതിന്റെ വിഡിയോയും പ്രദര്‍ശിപ്പിച്ചു. കേസില്‍ സതീശനെതിരെ തെളിവുകള്‍ ഉണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.
എംഎല്‍എ എന്ന നിലയില്‍ അനുമതി തേടിയാണ് വിഡി സതീശന്‍ വിദേശയാത്ര നടത്തിയത് എന്നത് സംബന്ധിച്ച് നിയമസഭാ സെക്രട്ടേറിയറ്റില്‍ നിന്ന് അനുമതി വാങ്ങിയിട്ടില്ലെന്നും ആഭ്യന്തരവകുപ്പിന്റെ അനുമതി ഉണ്ടായിരുന്നില്ലെന്നുമാണ് വസ്തുതാപരമായി പുറത്തുവന്ന വിവരമെന്ന് ഗോവിന്ദന്‍ പറഞ്ഞു. വിദേശ ഫണ്ട് അഭ്യര്‍ഥിക്കാനുള്ള അവകാശം നിലവിലെ നിയമം അനവദിക്കുന്നില്ല. ഇതിനായി വിദേശ യാത്ര നടത്തണമെങ്കില്‍ പ്രത്യേക അനുമതി വേണം. പ്രളയകാലത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും ധനശേഖരണത്തിനായി വിദേശയാത്രക്ക് അനുമതി തേടിയെങ്കിലും കേന്ദ്രം അനുവദിച്ചിരുന്നില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.
വിഡി സതീശന്‍ പദ്ധതിക്കായി വിദേശത്തുനിന്ന് ഫണ്ട് പിരിച്ചിട്ടുണ്ട്. എന്നാല്‍ ഫണ്ട് പിരിക്കാന്‍ അനുവാദം വാങ്ങിയിട്ടില്ല. അത്യന്തം ഗൗരവമുള്ള വിഷയത്തില്‍ ആഭ്യന്തരമന്ത്രി തന്നെ വാര്‍ത്താ സമ്മേളനം നടത്തി ക്ലീന്‍ ചിറ്റ് നല്‍കുകയാണ്. ഇത് അസാധാരണമായ നടപടിയാണ്. സ്വതന്ത്ര അന്വേഷണം അവസാനിപ്പിക്കുന്നതില്‍ തിടുക്കമുണ്ടായി എന്നതാണ് രമേശിന്റെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് വ്യക്തമായത്. ഇന്നലെ ചെന്നിത്തല അഴിമതിക്കെതിരെ വിസില്‍ അടിക്കുന്നതാണ് കണ്ടതെങ്കില്‍ ഇന്ന് വിജിലന്‍സ് അഴിമതിക്കേസില്‍ സതീശന് ക്ലീന്‍ ചിറ്റ് നല്‍കുന്നതാണ് കണ്ടത് ഗോവിന്ദന്‍ പറഞ്ഞു. വിദേശഫണ്ട് സ്വീകരിച്ച കേസ് ആയതിനാല്‍ കേന്ദ്ര ഏജന്‍സി കൂടി അന്വേഷിക്കേണ്ട കേസ് ആണിതെന്നും ഗോവിന്ദന്‍ പറഞ്ഞു.

by Midhun HP News | Jul 30, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്തെ പൊലീസ് സംഘടനകളെ പുനഃസംഘടിപ്പിച്ചുകൊണ്ട് പുറപ്പെടുവിച്ച സംസ്ഥാന സർക്കാരിന്റെ ഉത്തരവ് ഹൈക്കോടതി തടഞ്ഞു. സർക്കാരിന്റെ വിവാദ ഉത്തരവ് നടപ്പിലാക്കുന്നത് തടഞ്ഞുകൊണ്ട് ഇടക്കാല ഉത്തരവ് ജസ്റ്റിസ് ബച്ചുകുര്യൻ തോമസാണ് പുറപ്പെടുവിച്ചത്. പൊലീസ് സംഘടനകളുടെ ഘടനയിൽ മാറ്റം വരുത്തിക്കൊണ്ട് 2026 ജൂലൈ 27-ന് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവിനെ ചോദ്യം ചെയ്ത് കേരള പൊലീസ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.
പോലീസ് സേനയ്ക്കുള്ളിലെ ജനാധിപത്യപരമായ സംഘടനാ സ്വാതന്ത്ര്യം കവർന്നെടുക്കാനും ഏകാധിപത്യപരമായി അഡ്ഹോക്ക് കമ്മിറ്റികളെ കുടിയിരുത്താനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ആരോപിച്ചാണ് അസോസിയേഷൻ കോടതിയെ സമീപിച്ചത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി ഉത്തരവ് നടപ്പിലാക്കുന്നത് ഇടക്കാലത്തേക്ക് സ്റ്റേ ചെയ്യുകയായിരുന്നു.

by Midhun HP News | Jul 30, 2026 | Latest News, കേരളം
കൊച്ചി: ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് ഓരോ മാസവും നിരവധി മാറ്റങ്ങളാണ് ഉണ്ടാവുന്നത്. ഓഗസ്റ്റ് മാസവും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. ഓഗസ്റ്റില്‍ ഇന്ത്യന്‍ സാമ്പത്തികരംഗത്ത് വരുന്ന മാറ്റങ്ങള്‍ ചുവടെ:
ഐടിആര്‍ ഫയലിങ്
ശമ്പളക്കാരായ വ്യക്തികള്‍ക്കും ഓഡിറ്റ് ഇല്ലാത്ത വ്യക്തിഗത നികുതിദായകര്‍ക്കും ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 ആണ്. ജൂലൈ 31ന് ശേഷം ഐടിആര്‍-1, ഐടിആര്‍-2 എന്നി ഫോമുകള്‍ ഉപയോഗിച്ച് ആരെങ്കിലും നികുതി റിട്ടേണ്‍ സമര്‍പ്പിക്കുകയാണെങ്കില്‍ അവര്‍ വൈകിയതിനുള്ള പിഴ ഒടുക്കേണ്ടതായി വരും. അവസാന തീയതിക്ക് ശേഷം സമര്‍പ്പിക്കുന്നവര്‍ക്ക് മൊത്തം നികുതി ബാധകമായ വരുമാന സ്ലാബ് അനുസരിച്ചാണ് സാമ്പത്തിക പിഴ വരുന്നത്. റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ, ഔദ്യോഗിക പോര്‍ട്ടല്‍ വഴി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് വലിയ തോതിലുള്ള തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഇതുമൂലം പോര്‍ട്ടലില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ പ്രത്യക്ഷപ്പെടുന്നതായും റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കഴിയാതെ വരുന്നതായും ചില കോണുകളില്‍ നിന്ന് പരാതികള്‍ ഉയരുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും അവസാന തീയതി നീട്ടുമെന്ന പ്രതീക്ഷയും ചിലര്‍ വെച്ചു പുലര്‍ത്തുന്നുണ്ട്.
ഇനി തത്കാല്‍ ടിക്കറ്റ് ബുക്കിങ് എളുപ്പം
റെയില്‍വേ സ്‌റ്റേഷനുകളില്‍ റിസര്‍വേഷന്‍ കൗണ്ടറുകളില്‍ നിന്ന് തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് ഇനി എളുപ്പമാകും. യാത്രക്കാര്‍ക്ക് തത്കാല്‍ ടിക്കറ്റ് എളുപ്പം ബുക്ക് ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ ഓഗസ്റ്റ് ഒന്നുമുതല്‍ പുതിയ ടോക്കണ്‍ സംവിധാനം വരുന്നു. തുടക്കത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ചില റെയില്‍വേ സോണുകളില്‍ മാത്രമാണ് നടപ്പാക്കുന്നത്. നീണ്ട ക്യൂ ഒഴിവാക്കാനും ബുക്കിങ് പ്രക്രിയ കൂടുതല്‍ എളുപ്പമാക്കാനും ലക്ഷ്യമിട്ടാണ് ഈ മാറ്റം. റെയില്‍വേ സ്റ്റേഷനില്‍ എത്തി റിസര്‍വേഷന്‍ കൗണ്ടറുകള്‍ വഴി നേരിട്ട് തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് മാത്രമാണ് പുതിയ വ്യവസ്ഥ ബാധകമാകുക. ഐആര്‍സിടിസി വഴിയുള്ള ഓണ്‍ലൈന്‍ തത്കാല്‍ ബുക്കിങ് സംവിധാനം മാറ്റമില്ലാതെ തുടരും.

by Midhun HP News | Jul 30, 2026 | Latest News, കേരളം
കൊല്ലം: കാട്ടുപോത്തിന്റെ കുത്തേറ്റ് വയോധികന്‍ മരിച്ചു. ബിമാ മന്‍സിലില്‍ ബഷീര്‍ ആണ് മരിച്ചത് 68 വയസ്സായിരുന്നു. പുലര്‍ച്ചെ കുളത്തൂപ്പുഴ ജങ്ഷനിലേക്ക് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്.
കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ബഷീര്‍ നിലത്ത് വീണു. പുലര്‍ച്ചെയായതിനാല്‍ റോഡില്‍ ആരും ഉണ്ടായിരുന്നില്ല. ഏറെ വൈകിയാണ് ആശുപത്രിയിലെത്തിച്ചത്. അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. ബഷീര്‍ ചുമട്ടുതൊഴിലാളിയാണ്. പണിക്ക് പോകുന്നതിനിടെയായിരുന്നു അപകടം.

by Midhun HP News | Jul 30, 2026 | Latest News, കേരളം
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ വഴിയുള്ള ദര്‍ശനത്തിന് പ്രിയമേറുന്നു. ഓഗസ്റ്റിലെ ബുക്കിങ് പൂര്‍ണമായി. ഓഗസ്റ്റ് നാലിനാണ് വെര്‍ച്വല്‍ ദര്‍ശനം ആരംഭിക്കുക.ബുക്ക് ചെയ്തവര്‍ ദര്‍ശനം റദ്ദാക്കിയെങ്കില്‍ മാത്രമേ ഇനി മറ്റുള്ളവര്‍ക്ക് അവസരം ലഭിക്കൂ. സെപ്റ്റംബറിലെ ബുക്കിങിന് ഓഗസ്റ്റ് 15നു ശേഷം സൈറ്റ് തുറക്കും. ചൊവ്വ, വ്യാഴം ദിവസങ്ങളിലായി ആഴ്ചയില്‍ രണ്ടുതവണ മാത്രമാണ് വെര്‍ച്വല്‍ ദര്‍ശനം.

by Midhun HP News | Jul 30, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. പവന് 600 രൂപയാണ് വര്‍ധിച്ചത്. 1,05,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 75 രൂപയാണ് വര്‍ധിച്ചത്. 13,230 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
പലിശനിരക്കില്‍ മാറ്റം വരുത്താതെ അമേരിക്കന്‍ കേന്ദ്ര ബാങ്ക് പ്രഖ്യാപിച്ച പണ, വായ്പ നയമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. തുടര്‍ച്ചയായ അഞ്ചാം തവണയാണ് 3.5 ശതമാനം മുതല്‍ 3.75 ശതമാനം വരെയുള്ള പരിധി തുടരാന്‍ അമേരിക്കന്‍ കേന്ദ്ര ബാങ്ക് തീരുമാനിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ അമേരിക്കന്‍ കേന്ദ്ര ബാങ്കിന്റെ പണ, വായ്പ നയവുമായി ബന്ധപ്പെട്ട് വലിയ ഇടിവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. ഒരാഴ്ചയ്ക്കിടെ ഏകദേശം 3000 രൂപ ഇടിഞ്ഞ ശേഷമാണ് ഇന്ന് തിരിച്ചുകയറിയത്. സമീപഭാവിയിൽ തന്നെ യുഎസ് കേന്ദ്ര ബാങ്ക് പലിശനിരക്ക് ഉയർത്തുമെന്ന റിപ്പോർട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ പ്രതിഫലിച്ചത്.
അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തിന് അയവ് വന്നതോടെ എണ്ണവില കുറഞ്ഞത് അടക്കമുള്ള ഘടകങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

Recent Comments