by Midhun HP News | May 10, 2025 | Latest News, കേരളം
ഡല്‍ഹി: മെയ് 27ന് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ (കാലവര്‍ഷം) കേരളത്തിലെത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പ്രതീക്ഷിക്കുന്നതുപോലെ മണ്‍സൂണ്‍ എത്തിയാല്‍ ഇത്തവണ നേരത്തെയാകും മഴ. 2009ലാണ് ഇതിന് മുമ്പ് ഇത്ര നേരത്തെ മണ്‍സൂണ്‍ എത്തിയിട്ടുള്ളത്.
സാധാരണയായി ജൂണ്‍ 1നാണ് കേരളത്തില്‍ മണ്‍സൂണ്‍ എത്താറ്. ജൂണ്‍ 8 ഓടുകൂടി രാജ്യം മുഴുവനും മണ്‍സൂണ്‍ വ്യാപിക്കും. സെപ്തംബര്‍ 17ന് വടക്കു പടിഞ്ഞാറന്‍ ഇന്ത്യയില്‍ നിന്ന് മണ്‍സൂണ്‍ പിന്‍വാങ്ങുകയും ഒക്ടോബര്‍ 15ന് അവസാനിക്കുകയും ചെയ്യും.
2025 ഏപ്രിലില്‍ സാധാരണയുള്ളതിനേക്കാള്‍ മഴ പ്രവചിച്ചിരുന്നു. എന്നാല്‍ എല്‍ നിനോ മൂലം സാധാരണയേക്കാള്‍ കുറഞ്ഞ മഴയാണ് ലഭിച്ചത്. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ രാജ്യത്ത് സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കാനാണ് സാധ്യത. 96 ശതമാനത്തിനും 104 ശതമാനത്തിനും ഇടയിലുള്ള മഴ സാധാരണ മഴയായിട്ടാണ് കണക്കാക്കുന്നത്. 90 ശതമാനത്തിനും 95 ശതമാനത്തിനും ഇടയില്‍ സാധാരണയേക്കാള്‍ താഴെയാണ് മഴ ലഭ്യത. 105 ശതമാനത്തിനും 110 ശതമാനത്തിനും ഇടയില്‍ സാധാരണയേക്കാള്‍ കൂടുതലാണ് മഴ. 110 ശതമാനത്തില്‍ കൂടുതലുള്ളത് അധിക മഴയായി കണക്കാക്കപ്പെടുന്നു.
by Midhun HP News | May 10, 2025 | Latest News, കേരളം
കൊച്ചി: മൂന്നാറിൽ വിനോദസഞ്ചാരത്തിന് എത്തിയ സംഘത്തിലെ ഒൻപത് വയസുകാരൻ മരിച്ചു. അടൂർ, ചൂരക്കുഴ കൊച്ചായത്ത് വീട്ടിൽ വിജയന്റെ മകൻ വൈശാഖ് ആണ് മരിച്ചത്. വൈശാഖ് തന്റെ കുടുംബത്തോടൊപ്പം കഴിഞ്ഞ ദിവസമാണ് മൂന്നാറിൽ വിനോദ സഞ്ചാരത്തിന് എത്തിയത്. അവിടെ ഹോംസ്റ്റേയിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം വെള്ളിയാഴ്ചയാണ് സംഘം മടങ്ങിയത്.
ഭക്ഷ്യവിഷബാധയേറ്റാണോ ബാലന്‍റെ മരണമെന്ന് കുടുംബം സംശയം പ്രകടിപ്പിച്ചു. മടക്കയാത്രക്കിടെ സംഘത്തിലെ ചിലർക്കെല്ലാം വയറിന് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ രാവിലെ മുതൽ ഛർദ്ദി അനുഭവപ്പെട്ട വൈശാഖ് രാത്രിയോടെ അവശനായിരുന്നു. തുടർന്ന് മൂന്നാറിൽ നിന്ന് വൈശാഖിനെ ആംബുലൻസിൽ നേര്യമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും പൾസ് കുറവായിരുന്നു. അവിടെ നിന്ന് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെട്ടു.
ഇവർക്കൊപ്പമുണ്ടായിരുന്ന വൈശാഖിന്റെ സഹോദരനും മറ്റൊരു കുട്ടിയും ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. കോതമംഗലം പൊലീസ് മൂന്നാർ പൊലീസിൽ വിവരം അറിയിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമെ അറിയാൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു.
by Midhun HP News | May 10, 2025 | Latest News, കേരളം
ഹരിപ്പാട്: എസ് എസ് എൽ സി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി. പല്ലന കെ വി ജെട്ടി കിഴക്കേക്കര മനോജ് ഭവനത്തിൽ മനോജ് സൗമ്യ ദമ്പതികളുടെ മകൾ ആര്യ നന്ദയാണ് (16) വീടിനുള്ളിൽ തൂങ്ങിമരിച്ചത്.
നങ്ങ്യാർകുളങ്ങര ബഥനി മാലികാമഠം ഹയർസെക്കൻണ്ടറി സ്കൂളിലെ വിദ്യാർഥിനിയായിരുന്നു ആര്യ നന്ദ. സഹോദരി ഗൗരി നന്ദ. മൃതദേഹം ഹരിപ്പാട് ഗവൺമെന്റ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
by Midhun HP News | May 10, 2025 | Latest News, കേരളം
കൊച്ചി: കാരണം അറിയിക്കാതെ അറസ്റ്റ് ചെയ്യുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ഹൈക്കോടതി. അറസ്റ്റിനുള്ള കാരണം അറസ്റ്റിലാകുന്ന വ്യക്തിയെ അറിയിക്കുന്നത് ഔപചാരികതയല്ല. ഭരണഘടനാപരമായും നിയമപരമായും അനിവാര്യമായ കാര്യമാണെന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് വ്യക്തമാക്കി.
വ്യത്യസ്ത കേസുകളില്‍ അറസ്റ്റിലായ രണ്ടുപേരെ കസ്റ്റഡിയില്‍ നിന്ന് ഉടന്‍ മോചിപ്പിക്കാന്‍ നിര്‍ദേശിച്ച ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ബന്ധപ്പെട്ട അന്വേഷണ ഏജന്‍സികള്‍ക്ക് നിയമപ്രകാരം ഇവരെ വീണ്ടും അറസ്റ്റ് ചെയ്യുന്നതിന് ഉത്തരവ് തടസമല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ലഹരിമരുന്ന് കേസില്‍ തിരൂര്‍ പൊലീസ് 2024 ഒക്ടോബര്‍ രണ്ടിന് അറസ്റ്റ് ചെയ്തയാളുടെ പിതാവും നിക്ഷേപത്തട്ടിപ്പ് കേസില്‍ ഫെബ്രുവരിയില്‍ പത്തനംതിട്ട കോയിപ്പുറം പൊലീസ് അറസ്റ്റ് ചെയ്ത സ്ത്രീയുടെ മാതാവും നല്‍കിയ ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിച്ചത്.
ഇരുവരും ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും ബന്ധപ്പെട്ട കോടതികള്‍ തള്ളിയിരുന്നു. കാരണം അറിയിക്കാതെ അറസ്റ്റ് ചെയ്ത നടപടി ഭരണഘടനയുടെ ലംഘനമാണെന്നും കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്.
എന്നാല്‍ നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു എന്നും ജാമ്യാപേക്ഷ വിചാരണക്കോടതി തള്ളിയതാണെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു. കാരണം അറിയിച്ചു വേണം അറസ്്റ്റ് എന്ന് ഭരണഘടന അനുച്ഛേദം 22(1) വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി.
അറസ്റ്റിനുള്ള കാരണം എഴുതി നല്‍കുന്നത് ഉചിതമായിരിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് കേസുകളിലും കാരണം എഴുതി നല്‍കിയിട്ടില്ല. വാക്കാല്‍ പറഞ്ഞിരുന്നു എന്ന പ്രോസിക്യൂഷന്റെ വാദത്തിന് വസ്തുത ഹാജരാക്കാനും കഴിഞ്ഞിട്ടില്ല. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് അറസ്റ്റ് എന്ന് കക്ഷികള്‍ പറയുമ്പോള്‍ തെളിയിക്കേണ്ട ബാധ്യത പ്രോസിക്യൂഷനാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
by Midhun HP News | May 10, 2025 | Latest News, കേരളം
കൊച്ചി: റോമിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാല്‍ക്കണിയില്‍ നിന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പയെ പുതിയ ഇടയനായി പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിലെ കത്തോലിക്കാ സഭയുടെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. മാര്‍പാപ്പയാകുന്നതിന് വളരെ മുമ്പ് തന്നെ ഫാ.റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റിന് കേരളവുമായി അടുത്ത ബന്ധമാണുണ്ടായിരുന്നത്.
വിശുദ്ധ അഗസ്തീനോസിന്റെ ജീവിതത്തില്‍ ആകര്‍ഷിക്കപ്പെട്ട അദ്ദേഹം ദൈവശാസ്ത്ര പഠനം പൂര്‍ത്തിയാക്കിയതിന് പിന്നാലെ സെന്റ് അഗസ്റ്റിന്‍ സന്യസ്ത സഭയില്‍ ചേര്‍ന്നിരുന്നു. സെന്റ് അഗസ്റ്റിന്‍ ജനറല്‍ ആയിരുന്ന കാലത്താണ് ഫാ.റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് 2004ലും 2006ലും ആറ് ഒഎസ്എ ഡീക്കന്‍മാരുടെ പൗരോഹിത്യ സ്ഥാനാരോഹണ ചടങ്ങിനായി ആദ്യമായി കൊച്ചി സന്ദര്‍ശിച്ചത്.
വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ മാര്‍പാപ്പ അന്ന് കേരളം സന്ദര്‍ശിച്ചതിനെക്കുറിച്ച് പറയുന്നതിങ്ങനെ, ”ഞങ്ങളുടെ ഹൃദയംഗമവും പ്രാര്‍ഥനാ പൂര്‍ണവുമായ ആശംസകള്‍ അദ്ദേഹത്തിന് അര്‍പ്പിക്കുന്നു. അദ്ദേഹം മിഷനറിയായി ചെലവഴിച്ച വര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ലാളിത്യം കാണിക്കുന്നതാണ്. കലൂരില്‍ പുതുതായി നിര്‍മിച്ച സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയില്‍ നടന്ന വിശുദ്ധ കുര്‍ബാനയിലും അദ്ദേഹം പങ്കെടുത്തു. ചടങ്ങിന്റെ പ്രധാന കാര്‍മികന്‍ അന്നത്തെ വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡാനിയേല്‍ അച്ചാരുപറമ്പിലായിരുന്നു.
2006ല്‍ ഫാ.റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റിന്റെ സന്ദര്‍ശന വേളയില്‍ അദ്ദേഹം അതിരൂപതയുടെ ആസ്ഥാനത്തും വരാപ്പുഴയിലെ സെന്റ് ജോസഫിന്റേയും ചരിത്രപ്രസിദ്ധമായ ബസിലിക്കയിലും എത്തി. മാര്‍പാപ്പയുടെ സന്ദര്‍ശനം വരാപ്പുഴ അതിരൂപതയുടെ നാഴികക്കല്ലാണെന്നും വിശ്വാസികള്‍ക്ക് എന്നും പ്രിയപ്പെട്ട ഓര്‍മകളാണെന്നും ആര്‍ച്ച് ബിഷപ്പ് കളത്തിപ്പറമ്പില്‍ പറഞ്ഞു.
ദരിദ്രര്‍, സമൂഹത്തിലെ അരികുവല്‍ക്കരിക്കപ്പെട്ടവര്‍ എന്നിവരോടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സമീപനം എടുത്തുപറയേണ്ടതാണ്. അതേ പാത തന്നെ ലിയോ പതിനാലാമന്‍ മാര്‍പാപ്പയും പിന്തുടരുമെന്ന് പ്രതീക്ഷിക്കാം.
ഡയാംപര്‍ സിനഡിലൂടെ കേരള സഭയുടെ നവീകരണത്തിനായി നിര്‍ണായക പങ്ക് വഹിച്ച ആര്‍ച്ച് ബിഷപ്പ് അലക്‌സോ ഡി മെനെസസും ഒഎസ്എ(ഓര്‍ഡര്‍ ഓഫ് സെന്റ് അഗസ്റ്റിന്‍) അംഗമായിരുന്നു. ലിയോ പതിനാലാമന്‍ മാര്‍പാപ്പയെ അദ്ദേഹത്തിന്റെ പിന്‍ഗാമി എന്ന് വിളിക്കാവുന്നതാണെന്നും കളത്തിപ്പറമ്പില്‍ പറഞ്ഞു.
by Midhun HP News | May 10, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി. ഇന്ന് പവന് 240 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 72, 360 രൂപയാണ്. ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. 9045 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.
സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ഏപ്രില്‍ 23 മുതല്‍ സ്വര്‍ണവില ഇടിയുന്നതാണ് കണ്ടത്. 22ന് രേഖപ്പെടുത്തിയ 74,320 എന്ന റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് ദിവസങ്ങളുടെ വ്യത്യാസത്തില്‍ നാലായിരം രൂപയാണ് താഴ്ന്നത്. തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങി. എന്നാല്‍ വ്യാഴാഴ്ച 73000ന് മുകളിലേക്ക് ഉയര്‍ന്ന സ്വര്‍ണവില ഉച്ചയോടെ കുത്തനെ ഇടിയുന്നതാണ് പിന്നീട് കണ്ടത്. ഒറ്റയടിക്ക് ആയിരത്തിലധികം രൂപയാണ് കുറഞ്ഞത്. തുടര്‍ന്ന് ഇന്നലെ ഉയര്‍ന്ന സ്വര്‍ണവില ഇന്നും കൂടുകയായിരുന്നു.
രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
Recent Comments