ചുരിദാര്‍ ധരിച്ചെത്തിയ 45കാരന്‍ അയല്‍വീട്ടിലെ സിസിടിവി കാമറ തകര്‍ത്തു, മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

ചുരിദാര്‍ ധരിച്ചെത്തിയ 45കാരന്‍ അയല്‍വീട്ടിലെ സിസിടിവി കാമറ തകര്‍ത്തു, മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

കൊച്ചി: വേഷം മാറിയെത്തി അയല്‍ വീട്ടിലെ സിസിടിവി കാമറ നശിപ്പിച്ച സംഭവത്തില്‍ അയല്‍ക്കാരനെതിരെ കേസ്. കൊച്ചി മുളന്തുരുത്തിയില്‍ ആണ് സംഭവം. മുളന്തുരുത്തിക്ക് സമീപമുള്ള വെട്ടിക്കുളത്ത് 55 കാരിയുടെ വീട്ടില്‍ സ്ഥാപിച്ച സിസിടിവി ക്യാമറയാണ് നശിപ്പിക്കപ്പെട്ടത്. സംഭവത്തിന് പിന്നാലെ രാജ്യം വിട്ട പ്രതിയുടെ മുൻകൂ‍‍ർ ജാമ്യാപേക്ഷ നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

2024 ഒക്ടോബര്‍ 23 നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് മഞ്ഞ സല്‍വാറും നീല ഷാളും ധരിച്ച ഒരാളാണ് വീട്ടില്‍ അതിക്രമിച്ച് കയറി പുല്‍ത്തകിടിയില്‍ സ്ഥാപിച്ചിരുന്ന സിസിടിവി കാമറയ്ക്ക് കേടുപാടുകള്‍ വരുത്തിയത് എന്ന് കണ്ടെത്തുകയായിരുന്നു. ദൃശ്യത്തിലുള്ളത് സ്ത്രീയല്ല മറിച്ച് വേഷംമാറിയെത്തിയ അയല്‍ക്കാരനാണെന്നും വ്യക്തമായി. എന്നാല്‍, സംഭവത്തിന് പിന്നാലെ ഇയാള്‍ രാജ്യം വിട്ടിരുന്നു. ഇതോടെ മറ്റ് നടപടികള്‍ തടസപ്പെട്ടു. വിഷയത്തില്‍ പൊലീസ് കേസെടുത്തതോടെ ജാമ്യം നേടാനുള്ള ശ്രമങ്ങളും പ്രതി ആരംഭിക്കുകയായിരുന്നു.

സ്ത്രീയുടെ വീട്ടില്‍ സ്ഥാപിച്ച സിസിടിവി ക്യാമറ അത് തന്റെ വീടിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സ്വകാര്യതയെ ഹനിക്കുന്നു ന്നൊണ് പ്രതിയുടെ അവകാശവാദം. കാമറ സ്ഥാപിച്ച രീതി മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. തനിക്ക് എതിരായ പരാതി വ്യക്തിപരമായ പ്രതികാര നടപടിയാണെന്നും എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ്രതി പറയുന്നു.

എന്നാല്‍, സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച കോടതി പരാതികള്‍ക്ക് പരിഹാരം കാണാന്‍ അധികൃതരെ സമീപിക്കാതെ നശിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി. കേസില്‍ ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമെന്നും ചൂണ്ടിക്കാട്ടി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. ഇതോടെ ജാമ്യം തേടി കേരള ഹൈക്കോടതി സമീപിച്ചിരിക്കുകയാണ് പ്രതി. ചൊവ്വാഴ്ച കേസ് പരിഗണിച്ച കോടതി കേസ് മെയ് 30-ലേക്ക് കൂടുതല്‍ വാദം കേള്‍ക്കാന്‍ മാറ്റി.

സംഘര്‍ഷ മേഖലയില്‍ കുടുങ്ങിയവര്‍ക്ക് സഹായം തേടാം, കേരളം കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

സംഘര്‍ഷ മേഖലയില്‍ കുടുങ്ങിയവര്‍ക്ക് സഹായം തേടാം, കേരളം കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

തിരുവനന്തപുരം: ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. സംഘര്‍ഷ മേഖലയില്‍ കുടുങ്ങിക്കിടക്കുന്ന, മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സഹായവും വിവരങ്ങളും ലഭ്യമാക്കുക ലക്ഷ്യമിട്ടാണ് സംസ്ഥാനം കണ്‍ട്രോള്‍ റൂം തുറന്നിരിക്കുന്നത്. സെക്രട്ടറിയേറ്റിലും നോര്‍ക്കയിലുമാണ് കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നത്.

സംഘര്‍ഷ മേഖലയില്‍ അകപ്പെട്ടവര്‍ക്ക് – 0471 – 2517500 / 2517600 എന്നീ ഫോണ്‍ നമ്പറുകളിലും cdmdkerala@kerala.gov.in മെയില്‍ ഐഡി, ഫാക്‌സ് – 0471-2322600 എന്നിവയിലൂടെയും ബന്ധപ്പെടാം. നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്റര്‍: 18004253939 (ടോള്‍ ഫ്രീ നമ്പര്‍), 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ ചെയ്യാം).

അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി നേരത്തെ സംസ്ഥാനത്ത് മോക് ഡ്രില്ലില്‍ ഉള്‍പ്പെടെ സംഘടിപ്പിച്ചിരുന്നു. മേയ് 7ന് നടത്തിയ മോക് ഡ്രില്ലില്‍ പൊലീസ്, ഫയര്‍ ആന്റ് റസ്‌ക്യു, ദുരന്തനിവാരണം തുടങ്ങി വിവിധ വകുപ്പുകളിലെ 6900 ഉദ്യോഗസ്ഥര്‍ പങ്കെടുത്തതായി അധികൃതര്‍ അറിയിച്ചു. ഫയര്‍ ആന്‍ഡ് റെസ്‌ക്യുവിന് കീഴിലുള്ള 1882 സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരും മോക്ഡ്രില്ലില്‍ പങ്കാളികളായിരുന്നു. സംസ്ഥാനത്തെ 163 കേന്ദ്രങ്ങളിലായിരുന്നു വൈകിട്ട് 4 മുതല്‍ 4.30 വരെ മോക് ഡ്രില്‍ സംഘടിപ്പിച്ചത്.

അതിനിടെ, ഇന്ത്യപാക് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്ന് ഇന്ത്യയിലെ 25 വിമാനത്താവളങ്ങള്‍ താല്‍ക്കാലികമായി അടച്ചതിന് പിന്നാലെയാണ് സുരക്ഷ വര്‍ധിപ്പിച്ചത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി യാത്രക്കാര്‍ മൂന്ന് മണിക്കൂര്‍ മുന്‍പെങ്കിലും വിമാനത്താവളങ്ങളില്‍ എത്തണമെന്നാണ് നിര്‍ദേശം.

പുതിയ ഹൈവേയില്‍ യൂടേണുകള്‍ ഉണ്ടാവില്ല; എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തെത്താന്‍ രണ്ടര മണിക്കൂര്‍

പുതിയ ഹൈവേയില്‍ യൂടേണുകള്‍ ഉണ്ടാവില്ല; എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തെത്താന്‍ രണ്ടര മണിക്കൂര്‍

കൊച്ചി: എന്‍എച്ച്-66ന്റെ വീതികൂട്ടല്‍ പൂര്‍ത്തിയാകുന്നതോടെ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാ സമയം പകുതിയായി കുറയും. നിലവില്‍ അഞ്ച് മുതല്‍ ആറ് മണിക്കൂര്‍ വരെ സമയമെടുക്കുന്ന യാത്ര രണ്ടര മണിക്കൂറായി കുറയുമെന്ന് എന്‍എച്ച്എഐ അധികൃതര്‍ പറയുന്നു. കാസര്‍കോട് തലപ്പാടി മുതല്‍ തിരുവനന്തപുരം മുക്കോല വരെയുള്ള 644 കിലോമീറ്റര്‍ നീളത്തിലുള്ള എന്‍എച്ച്66 ആറ് വരിയാക്കുന്ന പണികള്‍ പുരോഗമിക്കുകയാണ്. പാതയിലെ 22 റീച്ചുകളില്‍ നാലെണ്ണം ഒരു മാസത്തിനുള്ളില്‍ ഗതാഗതത്തിനായി തുറന്നുകൊടുക്കും. ശേഷിക്കുന്ന റീച്ചുകളില്‍ 60 ശതമാനത്തിലധികം പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട്.

‘മാടവന ജങ്ഷന്‍ (അരൂര്‍-ഇടപ്പള്ളി എന്‍എച്ച്66 ബൈപാസ്) ഒഴികെ, തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് വരെയുള്ള മുഴുവന്‍ ഭാഗത്തും ട്രാഫിക് സിഗ്‌നലുകളോ റൈറ്റ് ടേണുകളോ ഉണ്ടാകില്ല. ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണിത്. വാഹനങ്ങള്‍ സര്‍വീസ് റോഡിലൂടെ കടന്ന് അണ്ടര്‍പാസുകളിലൂടെ യു-ടേണ്‍ എടുക്കണം. മണിക്കൂറില്‍ 100 കിലോമീറ്ററില്‍ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാവുന്ന വിധത്തിലാണ് ക്രമീകരണം.’ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) യിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോടു പറഞ്ഞു.

അരൂര്‍-തുറവൂര്‍ എലവേറ്റഡ് ഹൈവേയില്‍ താഴെയുള്ള സര്‍വീസ് റോഡുകളിലേക്ക് മൂന്ന് എക്‌സിറ്റ് റാമ്പുകള്‍ ഉണ്ടായിരിക്കും. ചന്തിരൂരിലും കുത്തിയതോടിലുമുള്ള ഔര്‍ ലേഡി ഓഫ് മേഴ്‌സി ഹോസ്പിറ്റലിന് സമീപമുള്ള അരൂരിലും ഈ ക്രമീകരണം കൊണ്ടുവരും. നിര്‍മ്മാണത്തിലിരിക്കുന്ന 12.75 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അരൂര്‍-തുറവൂര്‍ എലവേറ്റഡ് ഹൈവേ ഉപയോഗിക്കുന്നതിന് യാത്രക്കാര്‍ക്ക് പ്രത്യേകം ടോള്‍ നല്‍കേണ്ടിവരും. എറണാകുളം-ആലപ്പുഴ സെക്ഷനില്‍ മാത്രം കുമ്പളം, എരമല്ലൂര്‍ (എലിവേറ്റഡ് ഹൈവേ), കലവൂര്‍ എന്നിവിടങ്ങളില്‍ മൂന്ന് ടോള്‍ ബൂത്തുകള്‍ ഉണ്ടാകും.

’24 മീറ്റര്‍ വീതിയുള്ള എലിവേറ്റഡ് ഹൈവേയിലൂടെയുള്ള യാത്രയ്ക്ക് കുമ്പളം ടോള്‍ പ്ലാസയില്‍ ഈടാക്കുന്ന ഫീസിനു പുറമേ, യാത്രികര്‍ പ്രത്യേക ടോള്‍ നല്‍കണം. യാത്രക്കാര്‍ക്ക് വേണമെങ്കില്‍ സര്‍വീസ് റോഡും ഉപയോഗിക്കാം. വേഗതയേറിയ വാഹനങ്ങള്‍ ഓടിക്കുന്നതിന് വേണ്ടിയാണ് എലിവേറ്റഡ് ഹൈവേ ലക്ഷ്യമിടുന്നത്,’ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എന്‍എച്ച് 66 വീതി കൂട്ടലിന്റെ ആകെയുള്ള 22 റീച്ചുകളില്‍, തലപ്പാടി-ചെങ്കള (39 കി.മീ), വെങ്ങളം-രാമനാട്ടുകര (28.4 കി.മീ), രാമനാട്ടുകര-വളാഞ്ചേരി (39.68 കി.മീ), വളാഞ്ചേരി-കാപ്പിരിക്കാട് (37.35 കി.മീ) എന്നിവയുടെ ജോലികള്‍ അവസാന ഘട്ടത്തിലേക്ക് കടന്നു. ശേഷിക്കുന്ന റീച്ചുകളില്‍, അരൂര്‍ തുറവൂര്‍ എലിവേറ്റഡ് ഹൈവേയുടെ 65 ശതമാനം ജോലികളും ഇടപ്പള്ളി-മൂത്ത്-കുന്നം ഭാഗത്തിന്റെ വീതി കൂട്ടല്‍ ജോലികളുടെ 60 ശതമാനം ജോലികളും പൂര്‍ത്തിയായിട്ടുണ്ട്.

അതേസമയം, പാലക്കാടിനെയും കോഴിക്കോടിനെയും ബന്ധിപ്പിക്കുന്ന പുതിയ ഗ്രീന്‍ഫീല്‍ഡ് ഹൈവേക്കായി നടപടി ക്രമങ്ങള്‍ ഉടന്‍ ആരംഭിക്കും. 121 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഹൈസ്പീഡ് കോറിഡോറിന്റെ നിര്‍മാണ ടെന്‍ഡര്‍ ഉടന്‍ ആരംഭിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്‍എച്ച്എഐയുടെ ഭാരത്മാല പദ്ധതിയുടെ കിഴില്‍ വരുന്ന ഈ ഹൈവേ, പാലക്കാടിനും കോഴിക്കോടിനും ഇടയിലുള്ള യാത്രാ സമയം രണ്ട് മണിക്കൂറായി കുറയ്ക്കുമെന്നും നിലവിലുള്ള എന്‍എച്ച് 966 ലെ ഗതാഗതക്കുരുക്ക് കുറയ്ക്കുമെന്നുമാണ് പ്രതീക്ഷ.

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന, പവന് 240 രൂപ കൂടി

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന, പവന് 240 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. ഇന്ന് പവന് 240 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 72,120 രൂപയാണ്. ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. 9015 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.

സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ഏപ്രില്‍ 23 മുതല്‍ സ്വര്‍ണവില ഇടിയുന്നതാണ് കണ്ടത്. 22ന് രേഖപ്പെടുത്തിയ 74,320 എന്ന റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് ദിവസങ്ങളുടെ വ്യത്യാസത്തില്‍ നാലായിരം രൂപയാണ് താഴ്ന്നത്. തുടര്‍ന്ന് തിങ്കളാഴ്ച മുതലാണ് സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങിയത്. രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

കുറച്ചു ദിവസം മുന്‍പ് കോഴികള്‍ കൂട്ടത്തോടെ ചത്തു, നിപ ബാധിച്ചത് വീട്ടില്‍ നിന്നു പുറത്തിറങ്ങാത്ത 42കാരിക്ക്

കുറച്ചു ദിവസം മുന്‍പ് കോഴികള്‍ കൂട്ടത്തോടെ ചത്തു, നിപ ബാധിച്ചത് വീട്ടില്‍ നിന്നു പുറത്തിറങ്ങാത്ത 42കാരിക്ക്

മലപ്പുറം: വളാഞ്ചേരിയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ച സ്ത്രീയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. മരുന്നുകള്‍ ഫലം കണ്ടു തുടങ്ങിയിട്ടില്ലെന്നും നില ഗുരുതരമായി തുടരുകയാണെന്നും ആശങ്ക ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. 42 കാരി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്.

നിപ രോഗബാധ സ്ഥിരീകരിച്ച സ്ത്രീ അടുത്തിടെ ഒരു പഴവും കഴിച്ചിട്ടില്ലെന്നും അണുബാധയുടെ പ്രധാന ഉറവിടമായ വവ്വാലുകളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട്. ഇവരുടെ വീട്ടിലെ കോഴികള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ചത്തതായി കുടുംബം ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ചു. പുതിയ രോഗബാധയ്ക്ക് പിന്നില്‍ ഇതിനു ബന്ധമുണ്ടോയെന്ന് വിദഗ്ധര്‍ അന്വേഷിക്കുന്നുണ്ട്.

വീട്ടില്‍ നിന്നു തന്നെ പുറത്തിറങ്ങാത്ത സ്ത്രീക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. അപൂര്‍വമായി മാത്രമേ ഇവര്‍ പുറത്ത് യാത്ര ചെയ്തിട്ടുള്ളൂവെന്നാണ് വിവരം. രോഗം ബാധിച്ച സ്ത്രീയുമായി ഏറ്റവും അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ഏഴു പേരുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിരുന്നെങ്കിലും ഫലം നെഗറ്റീവാണ്.അതേസമയം നിപ സ്ഥിരീകരിച്ച സ്ത്രീയുടെ വീട്ടിലെ മറ്റ് രണ്ട് കുടുംബാംഗങ്ങളില്‍ സമാനമായ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയതായി ആരോഗ്യ പ്രവർത്തകർ പറഞ്ഞു. രോഗബാധയുടെ കൃത്യമായ ഉറവിടം അജ്ഞാതമായി തുടരുന്നതിനാല്‍ സമ്പര്‍ക്കം കണ്ടെത്തുന്നതിലും നിയന്ത്രിക്കുന്നതിലും സങ്കീര്‍ണ്ണത വര്‍ധിക്കുന്നു. മലപ്പുറം ജില്ലയില്‍ മൂന്നാം തവണയാണ് നിപ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. മലപ്പുറം ജില്ലയില്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഒറ്റപ്പെട്ട മഴ തുടരും, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത; കള്ളക്കടല്‍ മുന്നറിയിപ്പ്

ഒറ്റപ്പെട്ട മഴ തുടരും, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത; കള്ളക്കടല്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്നു രാത്രി 08.30 വരെ ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ) ജില്ലയില്‍ 0.6 മുതല്‍ 0.7 മീറ്റര്‍ വരെയും; ഇന്നുരാത്രി 11.30 വരെ തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ), എറണാകുളം (മുനമ്പം FH മുതല്‍ മറുവക്കാട് വരെ), തൃശൂര്‍ (ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ), മലപ്പുറം (കടലുണ്ടി നഗരം മുതല്‍ പാലപ്പെട്ടി വരെ), കോഴിക്കോട് (ചോമ്പാല FH മുതല്‍ രാമനാട്ടുകര വരെ), കണ്ണൂര്‍ (കോലോത്ത് മുതല്‍ അഴീക്കല്‍), കണ്ണൂര്‍-കാസര്‍കോട് (കുഴത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെ) തീരങ്ങളില്‍ 0.5 മുതല്‍ 1.0 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

ഇന്നുരാത്രി 08.30 വരെ കന്യാകുമാരി തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി 0.9 മുതല്‍ 1.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക. ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായി ഒഴിവാക്കേണ്ടതാണ്. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.