by Midhun HP News | May 9, 2025 | Latest News, കേരളം
ന്യൂഡല്‍ഹി: ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് നിര്‍ത്തിവക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. വിഷയത്തില്‍ ഇന്ന് നിര്‍ണായക തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചനകള്‍. പഞ്ചാബ് കിങ്സ് – ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം ഉപേക്ഷിച്ചതിനുപിന്നാലെ ബിസിസിഐ ഭാരവാഹികള്‍ യോഗം ചേര്‍ന്നിരുന്നു.
നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ചായിരിക്കും ടൂര്‍ണമെന്റിന്റെ ഭാവി സംബന്ധിച്ച് തീരുമാനങ്ങള്‍ ഉണ്ടാവുകയെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കളിക്കാരുടെ സുരക്ഷയ്ക്കാണ് പ്രധാന പരിഗണനയെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമായതിനു പിന്നാലെ വ്യാഴാഴ്ച ഹിമാചലിലെ ധരംശാലയിലെ നടന്ന പഞ്ചാബ് കിങ്സ്- ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം റദ്ദാക്കിയിരുന്നു. ധരംശാലയില്‍ ബ്ലാക്ക്ഔട്ട് ഉള്‍പ്പെടെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആയിരുന്നു നടപടി. അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ധര്‍മശാലയിലെയും ചണ്ഡീഗഢിലെയും വിമാനത്താവളങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. ഇതിന് പുറമെ ഞായറാഴ്ച നിശ്ചയിച്ചിരുന്ന മുംബൈ ഇന്ത്യന്‍സ്-പഞ്ചാബ് കിങ്സ് മത്സരത്തിന്റെ വേദിയും ബിസിസിഐ മാറ്റി. ധര്‍മശാലയില്‍നിന്ന് അഹമ്മദാബാദിലേക്കാണ് കളി മാറ്റിയത്.
by Midhun HP News | May 9, 2025 | Latest News, കേരളം
ന്യൂഡല്‍ഹി: സാമൂഹ്യമാധ്യമങ്ങളില്‍ നിരീക്ഷണം ശക്തമാക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന് പിന്നാലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘എക്‌സ്’ നടപടികള്‍ ശക്തമാക്കുന്നു. ഇന്ത്യയിലെ 8,000-ത്തിലധികം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനുള്ള നടപടികള്‍ തുടങ്ങി.
സർക്കാർ നിര്‍ദേശം പാലിച്ചില്ലെങ്കില്‍ വലിയ പിഴ ചുമത്തുമെന്നും കമ്പനിയുടെ പ്രാദേശിക ജീവനക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നുമുള്ള മുന്നറിയിപ്പിനെത്തുടര്‍ന്നാണ് മൈക്രോ-ബ്ലോഗിംഗ് സൈറ്റായ എക്‌സ് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചത്. നടപടികള്‍ തുടങ്ങിയതായി എക്‌സ് ഗ്ലോബല്‍ ഗവണ്‍മെന്റ് അഫയേഴ്സ് ടീം ഔദ്യോഗിക പോസ്റ്റിലൂടെ അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദേശത്തോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നതായും എക്‌സ് പറയുന്നു.
”ഇന്ത്യയിലെ 8,000-ത്തിലധികം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചു. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ ഗണ്യമായ പിഴയും കമ്പനിയുടെ പ്രാദേശിക ജീവനക്കാര്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കും എന്നുമാണ് മുന്നറിയിപ്പ്. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍, പ്രമുഖ ഉപയോക്താക്കള്‍ തുടങ്ങിയവരുടെ അക്കൗണ്ടുകള്‍ ഇന്ത്യയില്‍ തടയണം എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളാണ് ഉത്തരവിലുള്ളത്. പിന്നാലെ എക്‌സ് നടപടി ആരംഭിക്കുകയും ചെയ്തു. എന്നാല്‍, ഇന്ത്യന്‍ സര്‍ക്കാരിന്റെ നിര്‍ദേശങ്ങളോട് ശക്തമായി വിയോജിക്കുന്നു” എന്നാണ് എക്‌സ് അധികൃതരുടെ പ്രതികരണം.
ഇന്ത്യന്‍ നടപടി സെന്‍സര്‍ഷിപ്പിന് തുല്യമാണെന്നും എക്‌സ് ആരോപിക്കുന്നു. അക്കൗണ്ടുകള്‍ കൂട്ടത്തോടെ ബ്ലോക്ക് ചെയ്യുന്നത് അനാവശ്യമാണ്. ഇത്തരം നടപടികള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും മൗലികാവകാശങ്ങളുടെയും ലംഘനമാണെന്നും കമ്പനി വ്യക്തമാക്കി. സര്‍ക്കാര്‍ നിര്‍ദേശിച്ച അക്കൗണ്ടുകളില്‍ ഏതൊക്കെ പോസ്റ്റുകളാണ് ഇന്ത്യന്‍ നിയമങ്ങള്‍ ലംഘിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ലെന്നും എക്‌സ് ചൂണ്ടിക്കാട്ടുന്നു.
അതിനിടെ, സാമൂഹ്യമാധ്യമങ്ങളില്‍ നിരീക്ഷണം ശക്തമാക്കണം എന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. സാമൂഹ്യമാധ്യമങ്ങളിലെ രാജ്യവിരുദ്ധ പോസ്റ്റുകള്‍ക്കെതിരെ നടപടിയെടുക്കണം. സാമൂഹ്യമാധ്യമങ്ങളിലെ പാകിസ്ഥാന്‍ അനുകൂല ഹാന്‍ഡിലുകളില്‍ നിന്ന് വരുന്ന വ്യാജവാര്‍ത്തകളും ദേശവിരുദ്ധ പ്രചാരണങ്ങളും തടയണം എന്നിങ്ങനെയാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കാനും ആഭ്യന്തര മന്ത്രാലയം നിര്‍ദേശിക്കുന്നു.
by Midhun HP News | May 9, 2025 | Latest News, കേരളം
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്നു മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാ ഫലം പ്രഖ്യാപിക്കുക. എസ്എസ്എല്‍സി ഫലത്തോടൊപ്പം റ്റിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷാഫലങ്ങളും പ്രഖ്യാപിക്കും.
വൈകിട്ട് നാലു മണി മുതൽ പിആർഡി ലൈവ് മൊബൈൽ ആപ്പിലൂടെയും താഴെ പറയുന്ന വെബ്സൈറ്റുകളിലൂടെയും ഫലമറിയാം. https://pareekshabhavan.kerala.gov.in, https://prd.kerala.gov.in, https://results.kerala.gov.in, https://examresults.kerala.gov.in, https://kbpe.kerala.gov.in, https://results.digilocker.kerala.gov.in, https://sslcexam.kerala.gov.in, https://results.kite.kerala.gov.in.
ആകെ 4,27,021 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. മുന്‍ വര്‍ഷങ്ങളിലേതിന് സമാനമായി ഔദ്യോഗിക വെബ്‌സൈറ്റുകള്‍ക്ക് പുറമെ ഡിജിലോക്കര്‍ വഴിയും എസ്എംഎസ് വഴിയും ഫലം അറിയാന്‍ സൗകര്യമുണ്ടാകും. കഴിഞ്ഞ വർഷം 99.69 എസ്എസ്എൽസി പരീക്ഷയിലെ വിജയ ശതമാനം.
എസ്എസ്എൽസി (എച്ച്ഐ) ഫലം http://sslchiexam.kerala.gov.in ലും ടിഎച്ച്എസ്എൽസി (എച്ച്ഐ) ഫലം http://thslchiexam.kerala.gov.in ലും എഎച്ച്എസ്എൽസി ഫലം http://ahslcexam.kerala.gov.in ലും ടിഎച്ച്എസ്എൽസി ഫലം https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.
by Midhun HP News | May 8, 2025 | Latest News, കേരളം
ഡല്‍ഹി: കേന്ദ്ര സര്‍വകലാശാലകള്‍, മറ്റു സര്‍വകലാശാലകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ബിരുദ പ്രവേശനത്തിന് ദേശീയ തലത്തില്‍ നടത്തുന്ന സിയുഇടി- യുജി 2025 പരീക്ഷ മെയ് 13 മുതല്‍ ആരംഭിക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. നേരത്തെ എട്ടാം തീയതി മുതലാണ് പരീക്ഷ നിശ്ചയിച്ചിരുന്നത്. സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് cuet.nta.nic.in ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാമെന്നും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു.
കമ്പ്യൂട്ടര്‍ അധിഷ്ഠിതമായാണ് പരീക്ഷ. രാജ്യത്തുടനീളമുള്ള വിവിധ പരീക്ഷാ കേന്ദ്രങ്ങളിലും വിദേശത്തുള്ള 15 നഗരങ്ങളിലുമാണ് പരീക്ഷ നടത്തുന്നത്. ജെഎന്‍യു, അലിഗഢ് മുസ്ലീം, ബനാറസ് ഹിന്ദു അടക്കമുള്ള കേന്ദ്രസര്‍വകലാശാലകളിലെ ബിരുദ പ്രവേശനമാണ് സിയുഇടി വഴി നടത്തുന്നത്. സര്‍വകലാശാലകളുടെ/സ്ഥാപനങ്ങളുടെ പട്ടിക, പ്രോഗ്രാമുകള്‍, പ്രവേശനയോഗ്യത തുടങ്ങിയവ cuet.nta.nic.in ല്‍ ലഭിക്കും. കൂടുതല്‍ സ്ഥാപനങ്ങള്‍ പ്രക്രിയയിലേക്ക് വരുന്ന മുറയ്ക്ക് പട്ടിക വിപുലമാക്കും. അതിനാല്‍ അപേക്ഷകര്‍ വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിച്ചുകൊണ്ടിരിക്കണം.
അഡ്മിറ്റ് കാര്‍ഡിലാണ് പരീക്ഷാ കേന്ദ്രത്തിന്റെ പേര്, പരീക്ഷാ തീയതി, ഷിഫ്റ്റ് സമയം, നിര്‍ദ്ദേശങ്ങള്‍, മറ്റ് വിശദാംശങ്ങള്‍ എന്നിവ ഉണ്ടാവുക. അഡ്മിറ്റ് കാര്‍ഡ് പരീക്ഷയ്ക്ക് നാലുദിവസം മുന്‍പ് പ്രസിദ്ധീകരിക്കും. പരീക്ഷാ ദിവസം വിദ്യാര്‍ഥികള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിനൊപ്പം അഡ്മിറ്റ് കാര്‍ഡും കൊണ്ടുവരണം. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുകളുടെ പട്ടിക അഡ്മിറ്റ് കാര്‍ഡില്‍ സൂചിപ്പിക്കും.
വിഷയങ്ങള്‍: മൂന്നുഭാഗങ്ങളിലായി മൊത്തം 37 വിഷയങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത് -13 ഭാഷകള്‍, 23 ഡൊമൈന്‍ സ്പെസിഫിക് വിഷയങ്ങള്‍, ഒരു ജനറല്‍ ആപ്റ്റിസ്റ്റിസ് ടെസ്റ്റ്. എല്ലാത്തിലും ചോദ്യങ്ങള്‍ ഒബ്ജക്ടീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്സ് രീതിയിലായിരിക്കും.
ചോദ്യങ്ങള്‍: ഓരോ ടെസ്റ്റ്‌പേപ്പറിലും 50 ചോദ്യങ്ങള്‍ വീതം ഉണ്ടാകും. എല്ലാം നിര്‍ബന്ധമാണ്. ഓരോ ടെസ്റ്റിന്റെയും സമയം 60 മിനിറ്റ് ആയിരിക്കും.
മാര്‍ക്ക് : ശരിയുത്തരത്തിന് അഞ്ചുമാര്‍ക്ക് വീതം ലഭിക്കും. ഉത്തരം തെറ്റിയാല്‍ ഒരുമാര്‍ക്ക് വീതം നഷ്ടപ്പെടും.
മലയാളത്തിലും ചോദ്യക്കടലാസ് : ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഉള്‍പ്പെടെ മൊത്തം 13 ഭാഷകളില്‍ ചോദ്യക്കടലാസ് ലഭ്യമാക്കും.
കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍: ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശ്ശൂര്‍, വയനാട്, പയ്യന്നൂര്‍, ആലപ്പുഴ, ചെങ്ങന്നൂര്‍, എറണാകുളം, മൂവാറ്റുപുഴ
by Midhun HP News | May 8, 2025 | Latest News, കേരളം
കൊല്ലം: നടന്‍ വിനായകന്‍ പൊലീസ് കസ്റ്റഡിയില്‍. ഹോട്ടലില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്നാണ് വിനായകനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഉച്ചയോടെയാണ് അഞ്ചാലുംമൂട് പൊലീസ് വിനായകനെ കസ്റ്റഡിയിലെടുത്തത്.
ഹോട്ടല്‍ ജീവനക്കാരന്‍ മോശമായി പെരുമാറിയെന്ന് ആരോപിച്ച് വിനായകന്‍ തന്നെയാണ് പൊലീസിനെ വിളിച്ചുവരുത്തിയെന്നും പറയുന്നുണ്ട്. സ്റ്റേഷനിലെത്തിയ ശേഷം പൊലീസ് ഉദ്യോഗസ്ഥരോട് വിനായകന്‍ തട്ടിക്കയറി. തന്നെ എന്തിനാണ് പിടിച്ചുവച്ചിരിക്കുന്നതെന്നും തനിക്ക് ഒരു പരാതി നല്‍കാനുണ്ടെന്നും പറഞ്ഞാണ് നടന്‍ ബഹളം വച്ചത്.
മദ്യപിച്ച നടന്‍ വിദേശ വനിതയോട് മോശമായി പെരുമാറിയെന്നും റിപ്പോര്‍ട്ടുണ്ട്. വിനായകനെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി. പിന്നീടാണ് അഞ്ചാലുംമൂട് സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. വിനായകന്റെ മാനേജരും സംഘവും മാധ്യമ പ്രവര്‍ത്തകരുമായി തട്ടിക്കയറിയെന്നും പരാതിയുണ്ട്.
by Midhun HP News | May 8, 2025 | Latest News, കേരളം
മലപ്പുറം: കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍.
കഴിഞ്ഞ നാലുദിവസമായി പനിയും ശ്വാസതടസ്സവും നേരിട്ടതിനെ തുടര്‍ന്നാണ് യുവതിയെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിപ ലക്ഷണങ്ങള്‍ കണ്ടതോടെ സ്രവം പരിശോധനയ്ക്കായി പുനെയിലേക്ക് അയക്കുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ചികിത്സയില്‍ തുടരുന്ന യുവതിക്ക് കടുത്ത പനി തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഒരുവര്‍ഷത്തിനിടെ മൂന്നാം തവണയാണ് മലപ്പുറത്ത് നിപ സ്ഥിരികരിച്ചത്. നേരത്തെ വണ്ടൂരില്‍ നിപ ബാധിച്ച് യുവാവ് മരിച്ചിരുന്നു.
Recent Comments