പെണ്‍മക്കള്‍ എന്ന് പറഞ്ഞിട്ടില്ല; മക്കള്‍ക്ക് പകര്‍ന്നു നല്‍കണമെന്നാണ് പറഞ്ഞത്; ഇതില്‍ എന്ത് സ്ത്രീ വിരുദ്ധത?; വിശദീകരണവുമായി മുഖ്യമന്ത്രി

പെണ്‍മക്കള്‍ എന്ന് പറഞ്ഞിട്ടില്ല; മക്കള്‍ക്ക് പകര്‍ന്നു നല്‍കണമെന്നാണ് പറഞ്ഞത്; ഇതില്‍ എന്ത് സ്ത്രീ വിരുദ്ധത?; വിശദീകരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: പാചകവുമായി ബന്ധപ്പെട്ട് താന്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. അമ്മമാരുടെ പാചക അറിവുകള്‍ മക്കള്‍ക്ക് പകര്‍ന്നു നല്‍കണം എന്നാണ് പറഞ്ഞത്. മക്കള്‍ എന്നാല്‍ ആണും പെണ്ണും ഇല്ലേയെന്നും ഇതില്‍ എന്താണ് സ്ത്രീ വിരുദ്ധതയെന്നും മുഖ്യമന്ത്രി ചോദിച്ചു. മാധ്യമങ്ങള്‍ ഇത്രയ്ക്കും താഴോട്ട് പോകരുത്. ഇല്ലാത്ത കാര്യം ഊതി വീര്‍പ്പിച്ചാല്‍ ക്രെഡിബിലിറ്റി നഷ്ടമാകുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

‘നിങ്ങളെല്ലാം വാര്‍ത്ത കൊടുത്തു. ആരെങ്കിലും അതിന്റെ വിഷ്വല്‍ കണ്ടിട്ടുണ്ടോ?. പലരും പലരുടെയും ആളുകളായി പ്രവര്‍ത്തിക്കുന്നവരാണ്. ഞാന്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്നാണ് പറയുന്നത്. ഞാന്‍ നടത്തിയ പ്രസംഗം ഇവിടെ വായിക്കാം. ഞാന്‍ ചില അമ്മമാരോട് പരാതി പറയും. ചില അമ്മമാര്‍ അവരുടെതായ പ്രത്യേകമായ ഭക്ഷണം ഉണ്ടാക്കും. അവര്‍ക്ക് മാത്രം ഉണ്ടാക്കാന്‍ പറ്റുന്നവയാണവ. പക്ഷെ അവരുടെ മക്കള്‍ക്ക് അത് പകര്‍ന്നുകൊടുക്കുന്നില്ല. ആ മക്കളെ കൊണ്ട് കൂടിയോ മകന്റെ ഭാര്യയായി വരുന്ന ഒരാള്‍ക്കെങ്കിലും ആ ഭക്ഷണത്തിന്റെ പ്രത്യേകത പകര്‍ന്നുകൊടുക്കാന്‍ കഴിയണമെന്നാണ്. മക്കള്‍ എന്നുപറഞ്ഞാല്‍ പെണ്‍മക്കള്‍ എന്ന് എവിടെയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്’ സതീശന്‍ ചോദിച്ചു.

‘മക്കള്‍ക്ക് പകര്‍ന്നുകൊടുക്കണം, കൂടാതെ വീട്ടിലേക്ക് പുതുതായി കടന്നുവരുന്ന മകന്റെ ഭാര്യക്കും പകര്‍ന്നുകൊടുക്കണമെന്നാണ് പറഞ്ഞത്. അതില്‍ എന്ത് സ്ത്രീ വിരുദ്ധതയാണ് ഉള്ളത്. മൈക്രോ സ്‌കോപ്പിക്കല്‍ ലെന്‍സ് വച്ചുനോക്കുന്നതുകൊണ്ടാണ് അങ്ങനെ തോന്നുന്നത്. പറഞ്ഞ കാര്യത്തില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. ഇങ്ങനെയുള്ള കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ അതില്‍ നിന്ന് കൗശലത്തോട് കൂടി വാക്കുകള്‍ അടര്‍ത്തിമാറ്റരുത്. മക്കള്‍ക്ക് പകര്‍ന്നുകൊടുക്കണമെന്ന് പറയുന്നതില്‍ എന്ത് സ്ത്രീ വിരുദ്ധതയാണ് ഉള്ളത്. മാധ്യമങ്ങള്‍ ഇത്രയ്ക്കും താഴോട്ട് പോകരുത്. നിങ്ങള്‍ക്ക് എന്നെ എന്തെല്ലാം കാര്യങ്ങളില്‍ വിമര്‍ശിക്കാം. ഇല്ലാത്ത കാര്യം ഊതി വീര്‍പ്പിച്ചാല്‍ നിങ്ങളുടെ ക്രെഡിബിലിറ്റി പോകും. എന്റെ ക്രെഡിബിലിറ്റി ഒന്നും പോകില്ല’- വിഡി സതീശന്‍ പറഞ്ഞു.

പദ്ധതികള്‍ വൈകുന്നത് ഒഴിവാക്കും; ഖജനാവ് ചോരില്ല; അഞ്ച് പ്രധാന പരിഷ്‌കാരങ്ങളുമായി സര്‍ക്കാര്‍

പദ്ധതികള്‍ വൈകുന്നത് ഒഴിവാക്കും; ഖജനാവ് ചോരില്ല; അഞ്ച് പ്രധാന പരിഷ്‌കാരങ്ങളുമായി സര്‍ക്കാര്‍

തിരുവനന്തപുരം: പദ്ധതി നടത്തിപ്പു വൈകുന്നതു മൂലം ഖജനാവിന് കോടികള്‍ നഷ്ടമാകുന്നതു തടയാന്‍ പൊതു ഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ അഞ്ചു പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വിഡി സതീശന്‍. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വസ്തുവകകള്‍ സംബന്ധിച്ച മുഴുവന്‍ കാര്യങ്ങളും ഉള്‍പ്പെടുത്തി സ്പെഷല്‍ അസറ്റ് മാനേജ്മെന്റ് പോര്‍ട്ടല്‍ രൂപീകരിക്കും. പ്ലാന്‍ സ്പെയ്സ് 2.0 എന്ന പ്രോജക്ട് റജിസ്റ്റര്‍ രൂപീകരിക്കും. വകുപ്പുകള്‍ അനുമതി നല്‍കുന്ന എല്ലാ മൂലധനപദ്ധതികളും ജിയോ ടാഗ് ചെയ്യും. ജിഐഎസ് അധിഷ്ഠിത പ്രോജക്ട് റജിസ്റ്റര്‍ ഉണ്ടാകും. നിലവില്‍ രണ്ടായിരത്തോളം പദ്ധതികളുടെ ജിയോ മാപ്പിങ്ങിലൂടെയുള്ള ട്രാക്കിങ് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സമഗ്രമായ അസറ്റ് റജിസ്റ്റര്‍ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആകെയുള്ള 591 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ശമ്പളമായി 19000 കോടിയോളം രൂപയാണ് നല്‍കുന്നത്. പല കാലത്തായി രൂപീകരിച്ച സ്ഥാപനങ്ങള്‍ ഉദ്ദേശലക്ഷ്യങ്ങള്‍ കഴിഞ്ഞും പ്രവര്‍ത്തിക്കുന്നുണ്ട്. ഒരേ സ്വഭാവമുള്ള സ്ഥാപനങ്ങളെ ഏകോപിപ്പിക്കും.

കാലഹരണപ്പെട്ടതും അനാവശ്യവും പരസ്പരവിരുദ്ധമായ നിയമങ്ങളുടെ അവലോകനവും ഭേദഗതിയും നടപ്പാക്കും. ഇതുമൂലം വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിനു തടസമാകുന്നു. ഇതൊഴിവാക്കാനുള്ള സമഗ്രമായ പരിപാടിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വകുപ്പുകള്‍ തമ്മിലുള്ള ഏകോപനത്തിനായി സെക്രട്ടറിമാരുടെ എംപവേഡ് കമ്മിറ്റി രൂപീകരിക്കും. മികച്ച ജീവിതസൗകര്യത്തിനും ബിസിനസ് സുഗമമാക്കുന്നതിനുമുള്ള പരിഷ്‌കരണം നടപ്പാക്കും. ബിസിനസ് നടത്താന്‍ കേരള സര്‍ക്കാരുമായി നടത്തുന്ന ഇടപെടലുകള്‍ ലളിതമാക്കാന്‍ നിയമങ്ങളും ചട്ടങ്ങളും ആധുനികവല്‍ക്കരിക്കാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്‌കൂളിലെ ഉച്ചഭക്ഷണ മെനുവില്‍ ഇനി ചിക്കന്‍ ബിരിയാണിയും; പുതിയ മാറ്റത്തിന് ആലോചിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

സ്‌കൂളിലെ ഉച്ചഭക്ഷണ മെനുവില്‍ ഇനി ചിക്കന്‍ ബിരിയാണിയും; പുതിയ മാറ്റത്തിന് ആലോചിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ആഴ്ചയിലൊരിക്കല്‍ ചിക്കന്‍ ബിരിയാണി നല്‍കാന്‍ ആലോചിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. ഓഗസ്റ്റ് 5ലെ സംസ്ഥാന ബജറ്റിന് മുന്നോടിയായി മന്ത്രി വിളിച്ചുചേര്‍ത്ത ആലോചനാ യോഗത്തില്‍ 80-ലധികം അധ്യാപക സംഘടനാ പ്രതിനിധികള്‍ ഉന്നയിച്ച നിരവധി ആവശ്യങ്ങളില്‍ ഒന്നായിരുന്നു ഈ നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശം നേരത്തെ തന്നെ മുഖ്യമന്ത്രിയുടെ മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇത് പരിഗണനയിലാണെന്നും സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി എ. രാജ്മോഹന്‍ അറിയിച്ചു.

ഉച്ചഭക്ഷണ പദ്ധതിക്ക് കീഴില്‍ വിതരണം ചെയ്യുന്ന അരിയുടെ ഗുണനിലവാരം ഉയര്‍ത്താനും ആഴ്ചയിലൊരിക്കല്‍ ചിക്കന്‍ ബിരിയാണി ഉള്‍പ്പെടുത്താനും സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് അധ്യാപക പ്രതിനിധികള്‍ പറയുന്നു. ബിരിയാണി വിതരണം ചെയ്യുന്നത് സംബന്ധിച്ച തീരുമാനം സാമൂഹികക്ഷേമ-വനിതാ ശാക്തീകരണ വകുപ്പിനെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കുമെന്ന് വകുപ്പിലെ ഉന്നത വൃത്തങ്ങള്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

ഇതിന് പുറമെ, മുഖ്യമന്ത്രിയുടെ പ്രഭാതഭക്ഷണ പദ്ധതിയും ഉച്ചഭക്ഷണ പദ്ധതിയും 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കൂടി നല്‍കണമെന്നും അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍, മുഖ്യമന്ത്രിയുടെ പ്രഭാതഭക്ഷണ പദ്ധതി 1 മുതല്‍ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഉള്ളത്. ഏകദേശം 32 ലക്ഷം കുട്ടികളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.

മട്ടന്നൂരില്‍ കാര്‍ വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

മട്ടന്നൂരില്‍ കാര്‍ വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: ഇരിട്ടി – മട്ടന്നൂര്‍ റൂട്ടില്‍ കളറോഡ് കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതിപോസ്റ്റില്‍ ഇടിച്ചു മറിഞ്ഞ് യുവാവ് മരിച്ചു. കൂത്തുപറമ്പ് മാങ്ങാട്ടിടം ശങ്കരനെല്ലൂര്‍ കടാംകോട്ട് ഹൗസില്‍ ജയരാജിന്റെ മകന്‍ സി സായന്ത് (25) ആണ് മരിച്ചത്. കാര്‍ യാത്രക്കാരായ രണ്ടു പേര്‍ക്ക് പരിക്കേറ്റു. അഭിരാം, ഹൃഷിരാജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂര്‍ ചാല ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച പുലര്‍ച്ചെ 1.15ഓടെയായിരുന്നു അപകടം. ഇരിട്ടി ഭാഗത്തു നിന്ന് കൂത്തുപറമ്പിലേക്ക് പോവുകയായിരുന്നു കാര്‍ യാത്രക്കാര്‍. സായന്ത് രാജ് ആണ് കാര്‍ ഓടിച്ചിരുന്നത്. അമിത വേഗതയും മഴയും ഡ്രൈവര്‍ ഉറങ്ങി പോയതും അപകടകാരണമായെന്നാണ് മട്ടന്നൂര്‍ പൊലിസിന്റെ പ്രാഥമിക നിഗമനം. മട്ടന്നൂര്‍ പൊലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

ദുരഭിമാനക്കൊലയ്ക്ക് സാധ്യത; കുംഭമേള വൈറൽ പെൺകുട്ടിയെ കൈമാറരുത്

ദുരഭിമാനക്കൊലയ്ക്ക് സാധ്യത; കുംഭമേള വൈറൽ പെൺകുട്ടിയെ കൈമാറരുത്

കൊച്ചി: കുംഭമേള വൈറൽ പെൺകുട്ടിയെ ഹൈക്കോടതിയുടെ അനുമതിയില്ലാതെ മറ്റാർക്കും കൈമാറരുതെന്ന് കർശന നിർദേശം. നാട്ടിലേക്ക് തിരിച്ചയച്ചാൽ ദുരഭിമാനക്കൊല പോലും നടക്കാൻ സാധ്യതയുണ്ടെന്ന പെൺകുട്ടിയുടെ വാദം പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടപെടൽ.

ദേശീയ പട്ടികജാതി-പട്ടികവര്‍ഗ കമ്മിഷന്‍ പെണ്‍കുട്ടിയെ മധ്യപ്രദേശ് പൊലീസിനു കൈമാറാന്‍ ഉത്തരവിട്ടിരിക്കുകയാണ്. കമ്മീഷന് ഇത്തരം ഉത്തരവ് പുറപ്പെടുവിക്കാൻ എന്തധികാരമാണുള്ളതെന്നും കോടതി ചോദിച്ചു. പെണ്‍കുട്ടിയുടെ പൊലീസ് സംരക്ഷണ ഹര്‍ജിയാണ് കോടതി വീണ്ടും പരിഗണിച്ചത്.

പെൺകുട്ടിയുടെ ഇഷ്ടത്തിന് വിരുദ്ധമായി കൊച്ചി നഗരപരിധിക്ക് പുറത്തേക്ക് കൊണ്ടുപോകരുതെന്നും സിറ്റി പൊലീസ് കമ്മീഷണർ ഉൾപ്പെടെയുള്ളവർക്ക് കോടതി നിർദേശം നൽകി. അടിയന്തര സാഹചര്യമുണ്ടായാൽ ചുമതലയുള്ള വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ബന്ധപ്പെടണമെന്നും, ഉടൻ സംരക്ഷണം നൽകണമെന്നും കോടതി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മുറിയില്‍ അര്‍ധരാത്രിയില്‍ യുവാവ്‌, വീട്ടില്‍ കയറി അതിക്രമം; മൂന്നുപേരെ പിടികൂടി പൊലീസ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മുറിയില്‍ അര്‍ധരാത്രിയില്‍ യുവാവ്‌, വീട്ടില്‍ കയറി അതിക്രമം; മൂന്നുപേരെ പിടികൂടി പൊലീസ്

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മുറിയില്‍ അതിക്രമിച്ചു കയറിയ യുവാവിനെ വീട്ടുകാര്‍ പൂട്ടിയിട്ടു. താമരശ്ശേരി ഈങ്ങാപ്പുഴയില്‍ ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. യുവാവ് ഫോണ്‍ ചെയ്ത് വിളിച്ചുവരുത്തിയ സുഹൃത്തുക്കള്‍ മര്‍ദിച്ചതായും പൊലീസിനു നല്‍കിയ പരാതിയുണ്ട്. മൂന്നുപേരെ പൊലീസ് പിടികൂടി.

മുറിയില്‍ പൂട്ടിയിട്ടതിനു പിന്നാലെ യുവാവ് ഫോണ്‍ വിളിച്ചതു പ്രകാരം മൂന്നു ബൈക്കുകളിലായി സുഹൃത്തുക്കള്‍ എത്തി. പിന്നാലെ ഇവര്‍ വീട്ടിനുള്ളില്‍ കയറി അതിക്രമം കാണിക്കുകയും വീട്ടുകാരെ ആക്രമിക്കുകയും യുവാവിനെ ബലമായി കൊണ്ടുപോകുകയും ചെയ്തു. വീട്ടുകാരുടെ പരാതിയില്‍ ഏഴുപേര്‍ക്കെതിരെയാണ് കേസ്. സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമം, മര്‍ദനം, വീട്ടില്‍ അതിക്രമിച്ചു കയറല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പെണ്‍കുട്ടിയുടെ മുറിയില്‍ കയറിയ യുവാവിനെതിരെ പോക്‌സോ വകുപ്പു പ്രകാരം കേസെടുത്തിട്ടുണ്ട്. അടിവാരം പള്ളിയാല സ്വദേശി 19കാരന്‍ മിസ്ബാഹുലിനെതിരെയാണ് പോക്‌സോ ചുമത്തിയത്. ഇയാളുടെ സുഹൃത്തുക്കളായ മറ്റ് രണ്ടുപേരുമാണ് പൊലീസിന്റെ പിടിയിലായത്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.