‘നാലുവയസുകാരിയുടെ കൗതുകം കണ്ട് അമ്മയുടെ അന്വേഷണം’; കണ്ടെത്തിയത് പുതിയ ഭൂഗര്‍ഭമത്സ്യത്തെ

‘നാലുവയസുകാരിയുടെ കൗതുകം കണ്ട് അമ്മയുടെ അന്വേഷണം’; കണ്ടെത്തിയത് പുതിയ ഭൂഗര്‍ഭമത്സ്യത്തെ

കോഴിക്കോട്: വീട്ടിലെ കിണറ്റില്‍ നിന്ന് ശേഖരിച്ച വെള്ളത്തില്‍ കളിക്കുന്നതിനിടെയായാണ് നാലുവയസുകാരി ജുഹുവിന്റെ കണ്ണില്‍ ഒരു അസാധാരണമായ മത്സ്യം ശ്രദ്ധയില്‍പ്പെടുന്നത്. കുട്ടിയുടെ കൗതകം കണ്ടാണ് ഇതിനെ കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ അമ്മയെ പ്രേരിപ്പിച്ചത്. ഒടുവില്‍ ഈ ആന്വേഷണം പുതിയ ശാസ്ത്രീയ വെളിപ്പെടുത്തലിലേക്ക് നയിച്ചു. കോഴിക്കോട് നടവണ്ണൂരിലെ വല്ലോറമലയിലെ വീട്ടിലെ കിണറ്റില്‍ നിന്നാണ് ഈ ഭൂഗര്‍ഭ മത്സ്യത്ത കണ്ടെത്തിയത്

തന്റെ പേരില്‍ ഒരു മത്സ്യം അറിയപ്പെടുന്ന സന്തോഷത്തിലാണ് ഇപ്പോള്‍ മൂന്നാം ക്ലാസുകാരി ജൂഹു. ജൂഹു എന്നു വിളിക്കുന്ന ധന്‍വി ധീര എന്ന പെണ്‍കുട്ടി നാലു വയസ്സുള്ള സമയത്താണ് ബക്കറ്റിലെ വെള്ളത്തില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈ മത്സ്യത്തെ ആദ്യമായി കാണുന്നത്. തുടര്‍ന്ന് അമ്മയായ അശ്വിനി ലാലുവിനെ ഇത് അറിയിക്കുകയും അവര്‍ക്ക് ഈ മത്സ്യത്തോട് തോന്നിയ ഒരു കൗതുകം കൃഷി വിജ്ഞാന കേന്ദ്രത്തിലെ ഡോ ബി പ്രപദീപിനോട് പങ്കുവെക്കുകയും ചെയ്തു. ഈ കൗതുകമാണ് പുതിയ മത്സ്യത്തെ കണ്ടെത്താനുള്ള വഴിത്തിരിവായത്.

നടുവണ്ണൂരിലെ വല്ലോറ മലയില്‍, മലോല്‍ കാര്‍ത്യായനി അമ്മയുടെ വീട്ടിലെ കിണറില്‍നിന്നാണ് അശ്വിനി ലാലുവും, പരിസരത്തെ വീട്ടുകാരും ആവശ്യത്തിനുള്ള വെള്ളം പമ്പ് ഉപയോഗിച്ച് ടാങ്കിലേക്ക് അടിക്കാറുണ്ടായിരുന്നത്. ഈ കിണറില്‍നിന്നാണ് ഭൂഗര്‍ഭ മത്സ്യത്തെ കണ്ടെത്തിയത്. ഈ കിണറിലേക്ക് അടിയൊഴുക്കായി വെള്ളം വരുകയും അതേപോലെ കിണറില്‍നിന്ന് താഴോട്ട് നീര്‍ച്ചാല്‍ ആയി വെള്ളം പോവുകയും ചെയ്യുന്നുണ്ട്.

കെവികെയിലെ ഡോ. ബി. പ്രദീപും, കൊച്ചിയിലെ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. കെആര്‍ ശ്രീനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മത്സ്യത്തെ പറ്റിയുള്ള ഗവേഷണം നടത്തിയത്. തുടര്‍ന്ന് ഈ മത്സ്യം പുതിയ ഇനം മത്സ്യമാണെന്ന് കണ്ടെത്തി. മത്സ്യത്തെ ആദ്യമായി കണ്ടെത്തിയ കുഞ്ഞ് ജൂഹുവിനോടുള്ള ബഹുമാനാര്‍ഥം ഈ മത്സ്യത്തിന് പാന്‍ജിയോ ജുഹുവേ എന്ന് പേര് നല്‍കി. ഈ മത്സ്യത്തെ പറ്റിയുള്ള ഗവേഷണ പ്രബന്ധം ഇന്ത്യന്‍ ജനല്‍ ഓഫ് ഫിഷറീസ് 2025 ജനുവരി-മാര്‍ച്ച് ലക്കത്തില്‍ ‘ദക്ഷിണേന്ത്യയില്‍നിന്ന് ഒരു പുതിയ ഇനം ട്രോഗ്ലോബൈറ്റിക് ഈല്‍ലോച്ചിനെ കണ്ടെത്തി’ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഡോ. കെആര്‍ ശ്രീനാഥ്, ഡോ. ബി പ്രദീപ്, ഡോ. കെആര്‍ അജു, ഡോ. സന്ധ്യ സുകുമാരന്‍, ഡോ. വില്‍സണ്‍ സെബാസ്റ്റൈന്‍, ഡോ. ആല്‍വിന്‍ ആന്റോ, ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് ഗവേഷണം നടത്തിയത്. ഇപ്പോള്‍ കണ്ടുപിടിച്ച പാന്‍ജിയോ ജുഹുവക്ക് മുമ്പേ കണ്ടെത്തിയ ഇനങ്ങളെ അപേക്ഷിച്ച് മുതുകിലെ ചിറകുണ്ട്. ഇത് കൂടാതെ ഇവയുടെ കണ്ണുകളും വലുതാണ്. അതിനാല്‍ മറ്റ് രണ്ട് ഇനങ്ങളില്‍നിന്ന് ഈ മത്സ്യം വ്യത്യസ്തമാണെന്ന് ഡോ. ശ്രീനാഥ് പറഞ്ഞു.

ഡോ. പ്രദീപിന്റെ അഭിപ്രായത്തില്‍ 2021 മുതല്‍ പ്രത്യേകിച്ച് മഴക്കാലത്ത് ഈ കിണറ്റില്‍നിന്നും സമീപപ്രദേശങ്ങളിലെ മറ്റു ചില കിണറുകളില്‍നിന്നും ഈ മത്സ്യത്തെ കണ്ടതായി ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍നിന്ന് രണ്ട് വ്യത്യസ്ത തരം ഭൂഗര്‍ഭ മത്സ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ പ്രദേശത്തിന് സമ്പന്നമായ ഭൂഗര്‍ഭ ആവാസവ്യവസ്ഥയുണ്ടെന്നും അതില്‍ ഇനിയും കണ്ടെത്തപ്പെടാത്ത നിരവധി ജീവികള്‍ ഉണ്ടെന്നും സൂചന നല്‍കുന്നു. ഈ ഭൂഗര്‍ഭ ആവാസവ്യവസ്ഥയെയും അതില്‍ വസിക്കുന്ന അതുല്യമായ ജീവജാലങ്ങളെയും സംരക്ഷിക്കേണ്ടത് ഈ കാലഘട്ടത്തില്‍ വളരെ അനിവാര്യമാണ് -അദ്ദേഹം പറഞ്ഞു.

കണിമം​ഗലം ശാസ്താവ് വടക്കുംനാഥ സന്നിധിയിലേക്ക് പുറപ്പെട്ടു; പൂരം ലഹരിയിൽ‌ തൃശൂർ

കണിമം​ഗലം ശാസ്താവ് വടക്കുംനാഥ സന്നിധിയിലേക്ക് പുറപ്പെട്ടു; പൂരം ലഹരിയിൽ‌ തൃശൂർ

തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിനു തുടക്കം. വടക്കുംനാഥ സന്നിധിയിലേക്ക് ആദ്യ ഘടക പൂരമായ കണിമം​ഗലം ശാസ്താവിന്റെ എഴുന്നള്ളത്ത് ആരംഭിച്ചു. പുലർച്ചെ അഞ്ചരയോടെയാണ് കണിമം​ഗലം ശ്താവിന്റെ എഴുന്നള്ളത്ത് ആരംഭിച്ചത്. ആദ്യം എത്തുന്ന ദേവനാണ് ദേവഗുരു സങ്കല്‍പ്പത്തിലുള്ള കണിമംഗലം ശാസ്താവ്.

പുലര്‍ച്ചെ ഒരാനപ്പുറത്ത് നാഗസ്വരത്തിന്റെ അകമ്പടിയില്‍ പുറപ്പെടുന്ന ശാസ്താവ് ചെട്ടിയങ്ങാടിയിലെ കുളശ്ശേരി ക്ഷേത്രത്തില്‍ ഇറങ്ങി വിശ്രമിക്കും. തുടര്‍ന്ന് ഏഴരയോടെ വടക്കുംനാഥന്റെ തെക്കേഗോപുരം കടന്ന് ക്ഷേത്രത്തില്‍ പ്രവേശിക്കും. പടിഞ്ഞാറെ നടവഴി പുറത്തുകടന്ന് നിലപാടുതറയില്‍ ഒമ്പതാനകളോടെ നിരന്ന് മേളം കൊട്ടിക്കലാശിച്ചു മടങ്ങും.

ദേവഗുരുവായതിനാല്‍ വടക്കുംനാഥനെ വലംവയ്ക്കുകയോ വണങ്ങുകയോ ചെയ്യാത്ത മൂര്‍ത്തിയാണ് കണിമംഗലം ശാസ്താവ്. ശാസ്താവ് വൃദ്ധനാണെന്നും വെയിലേറ്റാല്‍ തലവേദന വരുമെന്നുമുള്ള സങ്കല്‍പ്പമാണ്. അതുകൊണ്ടാണ് സൂര്യനുദിക്കും മുമ്പേ പൂരം നടത്തി മടങ്ങുന്നത്.

പാറമേക്കാവ്, തിരുവമ്പാടി ഭ​ഗവതിമാരും 8 ഘടക ക്ഷേത്രങ്ങളിൽ നിന്നുള്ള ദേവീ, ദേവൻമാരും വടക്കുംനാഥനെ വണങ്ങാനെത്തും. പൂര പ്രേമികളിൽ ആവേശം തീർത്ത് ​ഗജ ചക്രവർത്തി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇത്തവണ ചെമ്പൂക്കാവ് ഭ​ഗവതിയുടെ തിടമ്പേറ്റുന്നുണ്ട്.

ഏഴരയോടെ തിരുവമ്പാടി ഭ​ഗവതിയുടെ പുറപ്പാട് ആരംഭിക്കും. 11.30 ഓടെയാണ് മഠത്തിൽ വരവ് പഞ്ചവാദ്യം. കോങ്ങാട് മധുവിന്റെ നേതൃത്വത്തിൽ പ്രശസ്തരായ കലാകാരൻമാർ അണിനിരക്കും. പാറമേക്കാവ് ഭ​ഗവതി 12 മണിയോടെ വടക്കുംനാഥ സന്നിധിയിലെത്തും.

രണ്ടരയ്ക്കാണ് പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളം. കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രമാണത്തിലാണ് മേളം. വൈകീട്ട് അഞ്ചരയോടെ കുടമാറ്റം. നാളെ പുലർച്ചെ മൂന്ന് മണിയോടെയായിരിക്കും വെടിക്കെട്ട്.

പൂരപ്രേമികളുടെ ആവേശം വാനോളം, തെക്കേ ഗോപുരനട തുറന്നു; വിളംബരം കുറിച്ച് എറണാകുളം ശിവകുമാര്‍

പൂരപ്രേമികളുടെ ആവേശം വാനോളം, തെക്കേ ഗോപുരനട തുറന്നു; വിളംബരം കുറിച്ച് എറണാകുളം ശിവകുമാര്‍

തൃശൂര്‍: തൃശൂര്‍ പൂരം വിളംബരം കുറിച്ച് വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തുറന്നു. ഉച്ചയ്ക്ക് 12.30 ഓടെ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാര്‍ എന്ന ഗജവീരനാണ് തെക്കേഗോപുര നട തുറന്നത്.

പൂരപ്രേമികളായ ആയിരങ്ങളെ സാക്ഷിയാക്കിയാണ് നെയ്തലക്കാവിലമ്മ എഴുന്നള്ളിയെത്തിയത്. എറണാകുളം ശിവകുമാര്‍ തെക്കോ ഗോപുര നട തുറന്നപ്പോള്‍ ആവേശം വാനോളമായി. ദേവസ്വം ഭാരവാഹികളും മന്ത്രി കെ രാജനടക്കമുള്ള പൗരപ്രമുഖരും നിറപറവെച്ച് ഭഗവതിയെ എതിരേറ്റു. നിരവധി പേരാണ് തെക്കേ ഗോപുര നട തുറക്കുന്നതിന് സാക്ഷ്യംവഹിക്കാനായി എത്തിയത്.

തെക്കേഗോപുര നട തുറന്നതിന് പിന്നാലെ ശ്രീമൂലസ്ഥാനത്തെ നിലപാടുതറയിലെത്തി, മാരാര്‍ മൂന്നു തവണ ശംഖൂതി. ഇതോടെ മുപ്പത്തിയാറുമണിക്കൂര്‍ നീളുന്ന തൃശൂര്‍ പൂരത്തിന് തുടക്കമായി.ഏഴാം വര്‍ഷമാണ് ശിവകുമാര്‍ പൂര വിളംബരത്തിനെത്തുന്നത്. നേരത്തേ ഈ ചടങ്ങ് നിര്‍വ്വഹിച്ചുവന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനായിരുന്നു.

‘രാത്രി 12നു ശേഷം’ പ്രകാശനം ചെയ്യും, ശ്മശാനത്തില്‍ വച്ച്!, അസാധാരണം

‘രാത്രി 12നു ശേഷം’ പ്രകാശനം ചെയ്യും, ശ്മശാനത്തില്‍ വച്ച്!, അസാധാരണം

കോഴിക്കോട്: അര്‍ദ്ധരാത്രി ശ്മശാനത്തില്‍ പുസ്തക പ്രകാശനം. എഴുത്തുകാരന്‍ അഖില്‍ പി ധര്‍മജന്റെ പുതിയ നോവല്‍ ‘രാത്രി 12നു ശേഷം’ ആണ് കോഴിക്കോട് മാവൂര്‍ റോഡ് ( സ്മൃതിപഥം) പൊതുശ്മശാനത്തില്‍ വച്ച് പ്രകാശനം ചെയ്യുന്നത്. രാത്രി 12 ന് ശേഷം നടക്കുന്ന നിഗൂഢമായ ചില സംഭവങ്ങളാണ് നോവലിന്റെ പ്രമേയം. ഈ ഉള്ളടക്കത്തോട് ചേര്‍ന്നു നില്‍ക്കുന്ന തരത്തിലാണ് പ്രകാശന ചടങ്ങും ക്രമീകരിച്ചിരിക്കുന്നത്.

മെയ് ആറ് ചൊവ്വാഴ്ച രാത്രി 11.59 നാണ് അഖില്‍ പി ധര്‍മജന്റെ പുതിയ നോവലിന്റെ പ്രകാശനവും വായനയും നിശ്ചയിച്ചിരിക്കുന്നത്. മേയര്‍ ബീനാ ഫിലിപ്പ്, മുന്‍ എംഎല്‍എ എ പ്രദീപ് കുമാര്‍, എ കെ അബ്ദുല്‍ ഹക്കിം, ലിജീഷ് കുമാര്‍, കെ വി ശശി, നിമ്‌ന വിജയ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും. ഡി സി ബുക്‌സ് ആണ് നോവല്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരിക്കും ഒരു പൊതു ശ്മശാനത്തില്‍ വെച്ച് അര്‍ദ്ധ രാത്രിയില്‍ ഇന്ത്യയിലെ പ്രമുഖമായ ഒരു പുസ്തക പ്രസാധകശാല പ്രമുഖനായ ഒരു എഴുത്തുകാരന്റെ പുസ്തകം പ്രകാശനം ചെയ്യുന്നത്. യുനെസ്‌കോ അംഗീകരിച്ച ഇന്ത്യയിലെ ആദ്യത്തെ സാഹിത്യ നഗരമാണ് കോഴിക്കോട്.

വെയിറ്റിങ് ലിസ്റ്റുകാർക്ക് ഇനി സ്ലീപറിലും എ സിയിലും യാത്ര ചെയ്യാനാകില്ല; തത്കാലിൽ അടക്കമുള്ള മാറ്റങ്ങൾ ഇതാ

വെയിറ്റിങ് ലിസ്റ്റുകാർക്ക് ഇനി സ്ലീപറിലും എ സിയിലും യാത്ര ചെയ്യാനാകില്ല; തത്കാലിൽ അടക്കമുള്ള മാറ്റങ്ങൾ ഇതാ

തത്കാൽ ടിക്കറ്റ് ബുക്കിങ്ങിൽ അടക്കം നിർണായക മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേ. മാറ്റങ്ങൾ മെയ് ഒന്ന് മുതൽ നിലവിൽവന്നു. പുതിയ നിയമം അനുസരിച്ച്, വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ ഉപയോഗിച്ച് ഇനി ജനറല്‍ (അണ്‍ റിസര്‍വ്ഡ്) കോച്ചുകളിൽ മാത്രമേ യാത്ര ചെയ്യാനാകൂ. വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുള്ള യാത്രക്കാരെ ഒരു സാഹചര്യത്തിലും സ്ലീപ്പറിലോ എ സി കോച്ചുകളിലോ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുമായി ഈ റിസര്‍വ്ഡ് ക്ലാസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് കനത്ത പിഴ ചുമത്തുകയോ ട്രെയിനില്‍ നിന്ന് ഇറക്കി വിടുകയോ ചെയ്യും.

മുന്‍കൂര്‍ ട്രെയിന്‍ റിസര്‍വേഷനിലെ മാറ്റങ്ങള്‍

ഇതുവരെ യാത്രാ തീയതിക്ക് 120 ദിവസം മുമ്പ് ബുക്ക് ചെയ്യാന്‍ റെയില്‍വേ അനുവദിച്ചിരുന്നു. പുതിയ നിയമം അനുസരിച്ച്, യാത്രക്കാര്‍ക്ക് 60 ദിവസം മുമ്പ് മാത്രമേ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അനുവാദമുള്ളൂ.തത്കാല്‍ സേവനങ്ങള്‍ക്കുള്ള പുതിയ നിയമങ്ങള്‍

മെയ് ഒന്ന് മുതല്‍, തത്കാല്‍ ടിക്കറ്റ് ബുക്കിങിന് ആധാര്‍ പരിശോധന നിര്‍ബന്ധമാകും. കൺഫേം ആയ തത്കാല്‍ ടിക്കറ്റിന് റീഫണ്ട് നല്‍കില്ല. സാധാരണ യാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കുന്നതിനായി ഏജന്റുമാരുടെ ബുക്കിങുകള്‍ ആദ്യ 30 മിനുട്ട് തടയും.

ചില സേവനങ്ങളുടെ നിരക്കിലും റെയില്‍വേ മാറ്റങ്ങള്‍ വരുത്തി. നേരത്തേ റിസര്‍വേഷന്‍ ടിക്കറ്റ് നിരക്കുകള്‍ 20 രൂപ മുതല്‍ 60 രൂപ വരെയായിരുന്നു. ഇപ്പോള്‍ 30- 80 രൂപയാക്കി. സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകളുടെ ചാര്‍ജുകള്‍ ഇപ്പോള്‍ 15- 75 രൂപയിൽ നിന്ന് 20- 100 രൂപയായി ഉയരും. തത്കാല്‍ ടിക്കറ്റ് നിരക്കുകളും മാറും. മുമ്പത്തെ 10- 500 രൂപ നിരക്ക് 20- 600 രൂപയായി ഉയരും.

മുറിവ് തുന്നിക്കെട്ടരുത്, പത്തു മിനിറ്റെങ്കിലും സോപ്പിട്ടു കഴുകുക; പേവിഷ ബാധയ്‌ക്കെതിരെ ജാഗ്രത, കുറിപ്പ്

മുറിവ് തുന്നിക്കെട്ടരുത്, പത്തു മിനിറ്റെങ്കിലും സോപ്പിട്ടു കഴുകുക; പേവിഷ ബാധയ്‌ക്കെതിരെ ജാഗ്രത, കുറിപ്പ്

പേ വിഷബാധയേറ്റുള്ള മരണങ്ങള്‍ അടിക്കടിയുണ്ടാവുന്നത് വലിയ ആശങ്കയാണ് സമൂഹത്തിലുണ്ടാക്കുന്നത്. വാക്‌സിന്‍ എടുത്തിട്ടും രോഗം ബാധിക്കുന്നതും മരണത്തിലെത്തുന്നതും ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിതുറന്നുകഴിഞ്ഞു. അതിനിടെ ഇതുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ചില ശാസ്ത്രീയ വിവരങ്ങള്‍ പങ്കുവയ്ക്കുകയാണ്, ശാസ്ത്ര പ്രചാരകനും എഴുത്തുകാരനുമായ വിജയകുമാര്‍ ബ്ലാത്തൂര്‍. പട്ടി കടിച്ചു മുറിച്ചാല്‍ ആ മുറിക്ക് തുന്നിക്കെട്ടരുതെന്നും പത്തു മിനിറ്റെങ്കിലും സോപ്പ് പതപ്പിച്ച വെള്ളത്തില്‍ കഴുകണമെന്നും ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു, അദ്ദേഹം.

കുറിപ്പില്‍ നിന്ന്:

പട്ടി കടിച്ച് മുറിച്ചാല്‍ ഒരിക്കലും ആ മുറിവ് തുന്നിക്കൂട്ടാന്‍ പാടില്ല ജീവാപായം ഉണ്ടാകും എന്ന വിധമുള്ള അവസ്ഥ അല്ലെങ്കില്‍ അത് അങ്ങിനെ തന്നെ തത്ക്കാലം വെക്കും.

റാബിസ് വൈറസ് എന്നത് ഒരു വല്ലാത്ത വൈറസ് ആണ്. അത് പെരുകാന്‍, വീണ്ടും പെരുകി വളരാന്‍ ആണ് ഓരോരോ ജീവികളില്‍ കയറിക്കൂടുന്നത്. എല്ലാ ജീവികളും ഇങ്ങനെ വളരാന്‍ വേണ്ടി തന്നെ ആണ് സദാ ശ്രമിക്കുന്നതും.

മുറിവുകളിലൂടെ, മ്യൂക്കസ് സ്തരത്തിലൂടെ ഒക്കെ ഉള്ളിലെത്തിയാല്‍ നെര്‍വുകളില്‍ എത്തലാണ് അടുത്ത പടി. എന്നിട്ട് പതുക്കെ സഞ്ചരിച്ച് സുഷുമ്‌നയിലും തലച്ചോറിലും എത്തും. എന്നിട്ട് പെരുകും. ഉമിനീര്‍ ഗ്രന്ഥികളിലും മറ്റും എത്തി അവിടെ നന്നായി പെരുകും.

തലച്ചോറിലെത്തിയാല്‍ ദിവസങ്ങള്‍ കൊണ്ട് കയറിക്കൂടിയ ജീവി ചാവും എന്നതിനാല്‍ വേഗം അടുത്ത ജീവിയില്‍ കയറി ഈ പെരുകല്‍ പരിപാടി അനന്തമായി തുടരാന്‍ ഈ മാരക വൈറസ് ഒരു തന്ത്രം പയറ്റും. തലച്ചോറില്‍ മാറ്റങ്ങള്‍ വരുത്തി അക്രമ സ്വഭാവം ഉണ്ടാക്കും, കണ്ടവരെ പിടിച്ച് കടിപ്പിക്കും. അപ്പോള്‍ വായിലെ ഉമിനീരിന് മറ്റൊരാളുടെ ശരീരത്തില്‍ കയറാന്‍ വഴി ആയല്ലൊ.

ഇത്തരത്തില്‍ പറ്റിയ മുറിവില്‍ നിന്നും അവര്‍ പതുക്കെ നീങ്ങി അടിയിലെ നെര്‍വ് തലപ്പുകള്‍ കണ്ടെത്തും. അതിനും മുമ്പ് സോപ്പിട്ട് കഴുകി ഒഴിവാക്കാന്‍ പറ്റിയാല്‍ തന്നെ വലിയൊരു അപകട സാദ്ധ്യത കുറയും. സോപ്പ് കാണും പോലെ അത്ര സാധുവല്ല. റാബിസ് വൈറസിന്റെ പുറത്തെ ലിപിഡ് പാളി സോപ്പ് തട്ടിയാല്‍ തകരും. പിന്നെ വൈറസ് വെറും ബടുക്കൂസ് ആകും, അതിന് നമ്മുടെ നെര്‍വുകളില്‍ ബന്ധിക്കാന്‍ കഴിയാതാവും നമ്മള്‍ രക്ഷപ്പെടും.

അതിനാല്‍ 10-15 മിനിട്ട് സോപ്പ് പതച്ച്, പൈപ്പ് വെള്ളത്തില്‍ കഴുകുന്നതിലും പ്രധാന ചികിത്സ വേറെ ഒന്നും ഇല്ല. എന്നിട്ടേ ആശുപത്രിയിലേക്ക് എടുത്ത് ഓടാന്‍ പാടുള്ളു. അല്ലാതെ പാമ്പുകടി ഏറ്റ ആളെയും കൊണ്ട് ഓടും പോലെ വണ്ടി പിടിച്ച് ഓടരുത്.

ഇനി തുന്നാത്ത കാര്യം. തുന്നലിനിടയില്‍ വെറുതെ നില്‍ക്കുന്ന വൈറസിന് നെര്‍വില്‍ എത്താന്‍ വഴി ഒരുങ്ങിക്കളയും അതൊഴിവാക്കാനാണ് തുന്നല്‍ വേണ്ടെന്ന് വെക്കുന്നത്. തലയിലും മുഖത്തും തലച്ചോറിനോട് അടുത്തുള്ള സ്ഥലത്താണെങ്കില്‍, കൂടുതല്‍

വലിയ മുറിവാണെങ്കില്‍, നെര്‍വ് എന്‍ഡിങ്ങുകള്‍ ധാരാളമുള്ള കൈപ്പത്തിയിലും മറ്റും ആണെങ്കില്‍ വളരെ വേഗം അവിടെ, മുറിവില്‍ എല്ലാ ഭാഗത്തും ആയി റാബിസ് ഇമ്മ്യൂണോഗ്ലോബുലിന്‍ സിറം കുത്തിവെക്കുകയാണ് ചെയ്യുക. വാക്‌സിന്‍ കുത്തി വെച്ച് ശരീരം വൈറസിനെതിരെ ഉള്ള ആന്റി ബോഡികള്‍ ഉണ്ടാക്കാന്‍ കുറച്ച് ദിവസം എടുക്കും എന്നതിനാലാണ് അത്.

സിറവും വാക്‌സിനും കൃത്യമായി എടുത്തിട്ടും പേ ബാധയുണ്ടായത് വളരെ ഗൗരവമുള്ളതും നമ്മെ എല്ലാവരേയും ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതുമായ കാര്യമാണ്.

ആഴത്തിലുള്ള കടിയില്‍, പട്ടിയുടെ പല്ല് ഉള്ളിലെ നെര്‍വുകളില്‍ സ്പര്‍ശിക്കുകയും വൈറസുകള്‍ നെര്‍വുകളില്‍ നേരിട്ട് കയറുകയും ചെയ്തതാകാനും മതി, അത്യപൂര്‍വമായേ ഇങ്ങനെ സംഭവിക്കാറുള്ളു.

വാക്‌സിനെടുക്കുമ്പോള്‍ കൃത്യമായും തൊലിക്കടിയില്‍ ഇന്‍ട്രാ ഡെര്‍മല്‍ തന്നെ ആയി വാക്‌സിന്‍ എത്തണം. സൂചി തൊലിയുടെ ആഴത്തിലേക്ക് കയറി പോയി സബ്ക്കുട്ടേനിയസ് ഏരിയയില്‍ വാക്‌സിന്‍ എത്തിപ്പോയാലും വാക്‌സിന്‍ കൊണ്ട് പ്രതീക്ഷിച്ചത്ര ഫലം ലഭിക്കില്ല. കോള്‍ഡ് ചെയിന്‍ ശീതികരണ സംവിധാനവും വളരെ കാര്യക്ഷമമാണ, മരുന്നിന്റെ ഗുണനിലവാരത്തിലും പ്രശ്‌നമുള്ളതായി അറിവില്ല. എങ്കിലും എല്ലാ കാര്യങ്ങളും സമഗ്രമായി പരിശോധിക്കണം.ഇനി ഒരു മരണം കൂടി ഉണ്ടാകരുത്.