ലഹരിയുടെ സ്വാധീനം, സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായി കണക്കുകള്‍

ലഹരിയുടെ സ്വാധീനം, സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായി കണക്കുകള്‍

കൊച്ചി: സംസ്ഥാനത്ത് മയക്കു മരുന്നിന്റേയും മദ്യത്തിന്റേയും സ്വാധീനത്തില്‍ നടക്കുന്ന കുറ്റകൃത്യത്തിന്റെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് കണക്കുകള്‍. 2024 ല്‍ മാത്രം ലഹരി ഉപയോഗിക്കുന്ന വ്യക്തികള്‍ ഉള്‍പ്പെടുന്ന ക്രിമിനല്‍ കേസുകളില്‍ 120%ത്തിലധികം വര്‍ധവുണ്ടായിട്ടുണ്ടെന്നാണ് ലഭ്യമായ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

2024 ല്‍ മാത്രം മയക്കുമരുന്നിന്റേയോ മദ്യത്തിന്റേയോ സ്വാധീനത്തില്‍ കൊലപാതകം, ബലാത്സംഗം, കൊലപാതക ശ്രമം,മറ്റ് ആക്രമണം എന്നിവയുള്‍പ്പെടെ 88 ക്രിമിനല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2023ല്‍ അത്തരം 37 കേസുകളും 2022ല്‍ 28 കേസുകളും 2021 ല്‍ വെറും 16 കേസുകളുമാണ് ഉണ്ടായിട്ടുള്ളത്. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് 15 വരെ 23 കേസുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ജനുവരിയില്‍ താമരശ്ശേരിയില്‍ 53 വയസുള്ള ഒരു സ്ത്രീയെ 24വയസുള്ള മകന്‍ ആഷിഖ് വെട്ടിക്കൊന്നു. ആഷിഖ് മയക്കുമരുന്നിനടിമയായിരുന്നു. കഴിഞ്ഞ മാസം, കോഴിക്കോട് ഈങ്ങാപ്പുഴയില്‍ മയക്കുമരുന്നിന്റെ സ്വാധീനത്തില്‍ 25 വയസുള്ള ഒരാള്‍ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി. മറ്റൊരു കേസില്‍ മലപ്പുറത്തെ താനൂരില്‍ മയക്കുമരുന്ന് വാങ്ങാന്‍ പണം നല്‍കാത്തതിനെത്തുടര്‍ന്ന് 35 കാരന്‍ വയോധികരായ മാതാപിതാക്കളെ ഉപദ്രവിച്ചു. ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ടതല്ല.

യുവാക്കള്‍ക്കിടയില്‍ മയക്കുമരുന്നിന്റേയും മദ്യത്തിന്റേയും ദുരുപയോഗത്തിലെ വര്‍ധനവും അക്രമ സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന് പ്രശസ്ത ക്രിമിനോളജിസ്റ്റ് ജെയിംസ് വടക്കുംചേരി പറയുന്നു. മകന്‍ മാതാപിതാക്കളെ ആക്രമിക്കുന്നതും ഭര്‍ത്താവ് ഭാര്യയെ ആക്രമിക്കുന്നതുമായ കേസുകള്‍ പലപ്പോഴും വീടിനുള്ളില്‍ തന്നെ ഒതുങ്ങുന്നു. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ മാത്രമാണ് പുറത്തു വരുന്നുള്ളൂവെന്നും അദ്ദേഹം പറയുന്നു. മയക്കുമരുന്ന് കടത്തും ലഹരി വസ്തുക്കളുടെ ദുരുപയോഗവും തടയാന്‍ സര്‍ക്കാര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹിക ഒറ്റപ്പെടല്‍, ശരിയായ രീതിയിലല്ലാത്ത പേരന്റിങ്, വീണ്ടുവിചാരമില്ലാത്ത പ്രവൃത്തി എന്നിവയാണ് യുവാക്കള്‍ക്കിടയില്‍ കുറ്റകൃത്യങ്ങളും മയക്കുമരുന്ന് ദുരുപയോഗവും വര്‍ധിക്കുന്നതിന് കാരണമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സൈക്യാട്രി പ്രൊഫ. ഡോ. അരുണ്‍ ബി നായര്‍ പറഞ്ഞു. മയക്കുമരുന്ന് തീരുമാനമെടുക്കാനും ക്രിയാത്മകമായി പ്രതികരിക്കാനുമുള്ള തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്തുന്നു. പ്രതികൂല സാഹചര്യങ്ങളില്‍ അക്രമാസക്തമായ പ്രതികരണങ്ങളിലേയ്ക്ക് നയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നത്തെ യുവാക്കള്‍ക്ക് വിമര്‍ശനാത്മകമായി ചിന്തിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നു. ഇത് പലപ്പോഴും മാതാപിതാക്കളോട് ഒരു അവഗണനാ മനോഭാവം സൃഷ്ടിക്കുന്നു. പ്രതിസന്ധിയെ നേരിടാന്‍ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ശരിയായ വിദ്യാഭ്യാസം ആവശ്യമാണ്.

പ്രതിരോധ ശേഷിയും വൈകാരിക നിയന്ത്രണവും പഠിപ്പിക്കുന്ന ജീവിത നൈപുണ്യ വിദ്യാഭ്യാസം സ്‌കൂള്‍ പാഠ്യപദ്ധതികളില്‍ ഉള്‍പ്പെടുത്തണം. കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ മുഖ്യ പങ്ക് വഹിക്കുന്നുണ്ട്. കായിക വിനോദങ്ങളിലും സാംസ്‌കാരിക പരിപാടികളിലും പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നത് അത്യന്താപേക്ഷിതമാണ്. ഡിജിറ്റല്‍ മയക്കുമരുന്ന് ആസ്തികള്‍ കുറയ്ക്കാന്‍ സ്‌പോര്‍ട്‌സ് സഹായിക്കുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു. പ്രവര്‍ത്തനരഹിതമായ ക്ലബുകളെ സ്‌കൂളുകള്‍ പുനരുജ്ജീവിപ്പിക്കുകുയും അവരുടെ താല്‍പ്പര്യങ്ങളേയും കഴിവുകളേയും അടിസ്ഥാനമാക്കി വിദ്യാര്‍ഥികളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും വേണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യാഗശാല അഗ്നിക്ക് സമര്‍പ്പിച്ചു; 22 വര്‍ഷത്തിന് ശേഷമുള്ള സോമയാഗത്തിന് പരിസമാപ്തി

യാഗശാല അഗ്നിക്ക് സമര്‍പ്പിച്ചു; 22 വര്‍ഷത്തിന് ശേഷമുള്ള സോമയാഗത്തിന് പരിസമാപ്തി

തൃശൂര്‍: ചിറയ്ക്കാക്കോട് എളങ്ങള്ളൂര്‍ മനയില്‍ ഏഴ് ദിവസമായി നടന്നുവന്നിരുന്ന അഗ്‌ന്യാധാനം-സോമയാഗം സമാപിച്ചു. യാഗശാല അഗ്‌നിക്ക് സമര്‍പ്പിച്ചതോടെയാണു ചടങ്ങുകള്‍ പൂര്‍ത്തിയായത്.

അഗ്‌നിപോയ യാഗശാല ജീവനില്ലാത്ത ശരീരമാകുന്നു എന്ന സങ്കല്‍പ്പത്തിലാണ് യാഗശാലയ്ക്ക് വൈകീട്ട് തീ കൊടുത്തത്. വിവിധ ചടങ്ങുകള്‍ നടന്ന യാഗശാല അഗ്‌നിയിലമര്‍ന്ന് പ്രകൃതിക്ക് സമര്‍പ്പിച്ചതോടെ സോമയാഗ ചടങ്ങുകള്‍ സമാപിച്ചു. 22 വര്‍ഷത്തിനുശേഷമാണ് ജില്ല സോമയാഗത്തിനു വേദിയായത്.ആയിരക്കണക്കിനു ഭക്തര്‍ സമാപനദിവസത്തെ സമര്‍പ്പണത്തിനും സാക്ഷ്യം വഹിച്ചു.

സോമയാഗം പൂര്‍ത്തിയായതോടെ യജമാനന്‍ ആരൂര്‍ വാസുദേവന്‍ അടിതിരിപ്പാട് സോമയാജിപ്പാടായി. സോമയാഗത്തിന്റെ ആദ്യദിനം ദീക്ഷ സ്വീകരിച്ച യജമാനന്‍ ഇരുമുഷ്ടികളും ചുരുട്ടിയിരുന്നു. അവസാനദിനം അവര്യഷ്ടി ചടങ്ങ് പൂര്‍ത്തിയായതോടെയാണ് മുഷ്ടി നിവര്‍ത്തിയത്. ഋത്വിക്കുകള്‍ സോമരസം ഭക്ഷിക്കുന്ന സവനമുഖഭക്ഷണം, ആന്തരികശുദ്ധിക്കു പ്രസാദമായി നല്‍കുന്ന സൗമ്യം സോമരസം മുഴുവനായി ഹോമിക്കുന്ന സോമാഹൂതി, ഋത്വിക്കുകള്‍ പരസ്പരം മന്ത്രം ചൊല്ലി പിരിയുന്ന സഖ്യവിസര്‍ഗ്ഗം, മൂന്ന് കുണ്ഡങ്ങളിലേലെയും അഗ്‌നി യജമാനന്‍ ഗൃഹത്തിലേക്കു കൊണ്ടുപോകുന്ന ത്രേതാഗ്‌നി തുടങ്ങിയവയായിരുന്നു അവസാനദിനത്തിലെ പ്രധാന ചടങ്ങുകള്‍.

കഴിഞ്ഞ മാസം 28നാണ് അഗ്‌ന്യാധാന ചടങ്ങുകള്‍ ആരംഭിച്ചത്. ചടങ്ങിന്റെ യജമാനന്‍ വെള്ളാംപറമ്പ് മിഥുന്‍ അടിതിരി പ്പാടായിരുന്നു. യാഗാവസാനം പ്രത്യാഗമനം എന്ന ക്രിയയിലൂടെ അഗ്‌നിയെ അരണിയിലേക്ക് ആവാഹിച്ച് ജീവിതകാലം മുഴുവന്‍ കെടാതെ സൂക്ഷിക്കേണ്ടതുണ്ട്.

സ്വര്‍ണവില കൂടി; 70,000ന് മുകളില്‍ തന്നെ

സ്വര്‍ണവില കൂടി; 70,000ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. ഇന്ന് പവന് 160 രൂപ വര്‍ധിച്ചതോടെ മെയ് ഒന്നിന്റെ നിലവാരത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് സ്വര്‍ണവില. 70,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 20 രൂപയാണ് വര്‍ധിച്ചത്. 8775 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ഏപ്രില്‍ 23 മുതലാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്. ഈ മാസം 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. പത്തുദിവസത്തിനിടെ 4000ലധികം രൂപ വര്‍ധിച്ച ശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. കൂടിയ 4000 രൂപ അതേപോലെ തിരിച്ചിറങ്ങുന്നതാണ് പിന്നീട് കണ്ടത്. രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഇപ്പോഴും ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, ഇടിമിന്നല്‍ മുന്നറിയിപ്പ്; കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, ഇടിമിന്നല്‍ മുന്നറിയിപ്പ്; കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കള്ളക്കടല്‍ മുന്നറിയിപ്പ്

ചൊവ്വാഴ്ച തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൂവാര്‍ വരെ) തീരങ്ങളില്‍ രാവിലെ 5.30 മുതല്‍ രാത്രി 11.30 വരെയും ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ), തൃശൂര്‍ (ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ), എറണാകുളം (മുനമ്പം FH മുതല്‍ മറുവക്കാട് വരെ) തീരങ്ങളില്‍ രാവിലെ 8.30 മുതല്‍ രാത്രി 11.30 വരെയും, കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി, 0.3 മുതല്‍ 0.9 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു

കന്യാകുമാരി തീരത്ത് ചൊവ്വാഴ്ച പുലര്‍ച്ചെ 2.30 മുതല്‍ രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി 0.7 മുതല്‍ 1.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായി ഒഴിവാക്കേണ്ടതാണ്. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

വിവാദങ്ങള്‍ക്കിടെ വേടന്‍ ഇന്ന് ഇടുക്കിയില്‍ പാടും, പ്രവേശനം 8000 പേര്‍ക്ക് മാത്രമെന്ന് പൊലീസ്

വിവാദങ്ങള്‍ക്കിടെ വേടന്‍ ഇന്ന് ഇടുക്കിയില്‍ പാടും, പ്രവേശനം 8000 പേര്‍ക്ക് മാത്രമെന്ന് പൊലീസ്

തൊടുപുഴ: വിവാദങ്ങള്‍ക്കിടെ റാപ്പര്‍ വേടന്‍ ഇടുക്കിയിലെ സര്‍ക്കാര്‍ പരിപാടിയില്‍ ഇന്ന് പാടും. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാഷികത്തോടനുബന്ധിച്ച് വാഴത്തോപ്പില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലാണ് വേടന്റെ പരിപാടി. കേസില്‍ ഉള്‍പ്പെട്ട ശേഷം വേടന്‍ നടത്തുന്ന ആദ്യ സ്റ്റേജ് ഷോയാണിത്.

വാഴത്തോപ്പ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് രാത്രി 7.30 നാണ് വേടന്റെ റാപ്പ് സംഗീത പരിപാടി നടക്കുക. വേടന്റെ പരിപാടിയില്‍ 8000 പേര്‍ക്കാണ് പ്രവേശനം അനുവദിക്കുകയെന്ന് പൊലീസ് അറിയിച്ചു. സ്ഥലപരിമിതി മൂലമാണ് തീരുമാനം. സുരക്ഷയ്ക്കായി 200 പൊലീസുകാരെ നിയോഗിച്ചു.

കൂടുതല്‍ പേര്‍ എത്തുന്ന സാഹചര്യം ഉണ്ടായാല്‍ വേദിയിലേക്കുള്ള റോഡുകള്‍ അടയ്ക്കും. തിരക്ക് അനിയന്ത്രിതമായാല്‍ പരിപാടി റദ്ദാക്കുമെന്നും പൊലീസ് വ്യക്തമാക്കി. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വേടന്റെ പരിപാടിയിലേക്ക് വലിയ തോതില്‍ ആളുകളെത്തുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഉദ്ഘാടന ദിവസമായ 29ന് വേടന്റെ റാപ്പ് അവതരിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ 28ന് കഞ്ചാവ് കേസില്‍ വേടന്‍ പിടിയിലായതോടെ പരിപാടി റദ്ദാക്കുകയായിരുന്നു. പിന്നാലെ പുലിപ്പല്ല് കേസിലും വേടന്‍ പിടിയിലായി. വേടനെ വേട്ടയാടുകയാണെന്ന വിമര്‍ശനം ശക്തമായിരുന്നു.

യുവതികളെ പൂട്ടിയിട്ട് പെണ്‍വാണിഭം, രക്ഷപ്പെട്ടോടിയ 17കാരി പൊലീസ് സ്റ്റേഷനില്‍ അഭയം തേടി

യുവതികളെ പൂട്ടിയിട്ട് പെണ്‍വാണിഭം, രക്ഷപ്പെട്ടോടിയ 17കാരി പൊലീസ് സ്റ്റേഷനില്‍ അഭയം തേടി

കോഴിക്കോട്: ഇതര സംസ്ഥാനത്ത് നിന്നും യുവതികളെ എത്തിച്ച് കോഴിക്കോട് നഗരത്തില്‍ പെണ്‍വാണിഭം. കോഴിക്കോട് റെയില്‍വേ സ്റ്റേഷനുസമീപത്തുള്ള കെട്ടിടം കേന്ദ്രീകരിച്ചാണ് അനാശാസ്യ പ്രവര്‍ത്തനം. ഇവിടെ നിന്നും രക്ഷപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയ അസം സ്വദേശിനിയായ 17 കാരിയാണ് പെണ്‍വാണിഭ കേന്ദ്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് കൈമാറിയത്. ഒരാഴ്ച മുന്‍പ് നടന്ന സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പോലീസ് അന്വേഷണം ഈര്‍ജിതമാക്കി.

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട അസം സ്വദേശിയായ യുവാവ് മൂന്നുമാസം മുൻപാണ് പെണ്‍കുട്ടിയെ കേരളത്തിലെത്തിച്ചത്. 15,000 രൂപ മാസശമ്പളത്തില്‍ ജോലി ലഭ്യമാക്കാം എന്ന് വാഗ്ദാനം ചെയ്താണ് പെണ്‍കുട്ടിയെ കേരളത്തില്‍ എത്തിച്ചത്. കേരളത്തില്‍ എത്തിയ യുവതിയെ നഗരത്തിലെ വാടകവീട്ടിലെ മുറിയില്‍ പൂട്ടിയിട്ടായിരുന്നു ചൂഷണത്തിന് ഇരയാക്കിയത് എന്നാണ് റിപ്പോര്‍ട്ട്. പെണ്‍വാണിഭ സംഘം അഞ്ചോളം പെണ്‍കുട്ടികളെ പൂട്ടിയിട്ടിട്ടുണ്ടെന്നാണ് പെണ്‍കുട്ടി നല്‍കിയിരിക്കുന്ന മൊഴി.

കേരളത്തില്‍ എത്തിയതിന് പിന്നാലെ സ്ഥിരമായി മുറിയില്‍ പൂട്ടിയിടുകയായിരുന്നു. ഇവിടെക്ക് ഇടപാടുകാരെ എത്തിക്കുന്നതാണ് പതിവ്. സ്ഥിരമായി മുറി പൂട്ടിയിടുകയാണ് പതിവ്. മുറി തുറന്ന് യുവാവ് യുവാവ് ടെറസിലേക്ക് നടന്നുപോയസമയത്താണ് യുവതി രക്ഷപ്പെട്ടത്. രക്ഷപ്പെടുന്നതിന്റെ തലേദിവസം വയറുവേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചിരുന്നു. ഈ യാത്രയില്‍ ആണ് പെണ്‍കുട്ടി മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന്‍ ശ്രദ്ധിച്ചത്. മുറിയില്‍നിന്ന് രക്ഷപ്പെട്ട ഉടന്‍ മുന്നില്‍ക്കണ്ട ഒരു ഓട്ടോറിക്ഷയില്‍ക്കയറി മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. സ്റ്റേഷനിലെത്തി വിവരമറിയിച്ചതോടെ പോലീസ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് (സിഡബ്ല്യുസി) മുന്‍പാകെയെത്തിച്ചു. സിഡബ്ല്യുസി കൗണ്‍സലിങ് നല്‍കി വൈദ്യപരിശോധനയ്ക്ക് ഹാജരാക്കുകയും പിന്നീട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.