അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്

അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.

ചൊവ്വാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ടസ ഇടുക്കി, പാലക്കാട് ജില്ലകളിലും ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ലഹരിക്കേസില്‍ ജാമ്യത്തിലിറങ്ങി മയക്കുമരുന്നു വില്‍പ്പന, ഡാര്‍ക്ക് മര്‍ച്ചന്റ് ദീപക്കും യുവതിയും പിടിയില്‍

ലഹരിക്കേസില്‍ ജാമ്യത്തിലിറങ്ങി മയക്കുമരുന്നു വില്‍പ്പന, ഡാര്‍ക്ക് മര്‍ച്ചന്റ് ദീപക്കും യുവതിയും പിടിയില്‍

തൃശൂര്‍: തൃശൂര്‍ കൊടകരയില്‍ മുന്തിയ ഇനം രാസലഹരിയുമായി രണ്ട് പേര്‍ അറസ്റ്റില്‍. ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായുള്ള പരിശോധനയില്‍ ഡാര്‍ക്ക് മര്‍ച്ചന്റ് ദീപക്, നോര്‍ത്ത് പറവൂര്‍ മൂത്തകുന്നം സ്വദേശിനി ദീക്ഷിത(22) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 180 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. ബംഗളൂരുവില്‍ നിന്നുമാണ് പ്രതികള്‍ മയക്കുമരുന്ന് എത്തിച്ചത്.

ചില്ലറ വിപണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന മുന്തിയ ഇനം രാസ ലഹരിയാണ് ഇവരില്‍ നിന്നും പിടികൂടിയത്. തൃശൂര്‍ റൂറല്‍ ജില്ലയിലെ ഏറ്റവും വലിയ രാസലഹരി വേട്ടകളിലൊന്നാണിത്. പ്രതികളുള്‍പ്പെടുന്ന ലഹരി സംഘത്തെക്കുറിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

മയക്കുമരുന്ന് വിതരണ മേഖലയില്‍ ‘ഡാര്‍ക്ക് മര്‍ച്ചന്റ്’ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ദീപക് തൃശ്ശൂര്‍ ഇരിങ്ങാലക്കുട ഭാഗത്തെ പ്രധാന ലഹരി വില്പനക്കാരനാണ്. ദീപക് മുന്‍പും ലഹരി മരുന്ന് കേസില്‍ പിടിയിലായിട്ടുണ്ട്. ജയിലില്‍ നിന്ന് ഇറങ്ങിയശേഷവും ഇയാള്‍ ലഹരിക്കടത്തും വില്പനയും തുടരുകയായിരുന്നു. നിരവധി തവണ ഹാഷിഷ് ഓയിലും കഞ്ചാവുമായി ഇയാള്‍ പിടിയിലായിട്ടുണ്ടെങ്കിലും ജയിലില്‍ നിന്നും പുറത്തിറങ്ങി ലഹരി വില്‍പന തുടര്‍ന്നു വരികയായിരുന്നു.

ബംഗളൂരുവില്‍ നിന്നും അന്തര്‍ സര്‍വ്വീസ് നടത്തുന്ന ബസില്‍ വന്നു കൊടകരയില്‍ ഇറങ്ങി മേല്‍പാലത്തിനു കീഴില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനം ലക്ഷ്യമാക്കി നടന്നു വരുമ്പോഴാണ് ഇവരെ പൊലീസ് സംഘം പിടികൂടിയത്. 10 ലക്ഷം രൂപ ചില്ലറ വിപണിയില്‍ വില വരുന്ന ഈ മയക്കുമരുന്ന് ഒരു ലക്ഷത്തിലേറെ രൂപ നല്‍കിയാണ് ഇവര്‍ വാങ്ങിയത്. ഇവര്‍ക്ക് രാസലഹരി കൈമാറിയ അന്താരാഷ്ട്ര ലഹരി മാഫിയ സംഘത്തെപ്പറ്റിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറന്റെ നിര്‍ദ്ദേശപ്രകാരം റൂറല്‍ ഡിസിബി ഡിവൈഎസ്പി ഉല്ലാസ് കുമാര്‍, ചാലകുടി ഡിവൈഎസ്പി സുമേഷ് കെ. എന്നിവരുടെ നേത്യത്വത്തില്‍ തൃശൂര്‍ റൂറല്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സബ് ഇന്‍സ്പെക്ടര്‍ എന്‍ പ്രദീപിന്റെ നേതൃത്വത്തിലുള്ള സിആര്‍ പ്രദീപ്, പിപി. ജയകൃഷ്ണന്‍, സതീശന്‍ മടപ്പാട്ടില്‍, ഷൈന്‍ ടി. ആര്‍, പി. എം മൂസ, സൂരജ് വി.ദേവ്, ലിജു ഇയ്യാനി, റെജി എ.യു , ബിനു എം.ജെ, ബിജു സി കെ, ഷിജോ തോമസ്, സോണി പി.എക്‌സ് ,ഷിന്റോ കെ.ജെ,, നിഷാന്ത് എ.ബി, എന്നിവരടങ്ങിയ റൂറന്‍ ഡാന്‍സാഫ് സ്‌ക്വാഡും കൊടകര ഇന്‍സ്‌പെക്ടര്‍ ദാസ് പി കെ, എഎസ്‌ഐമാരായ ബൈജു എം. എസ്, ജ്യോതി ലക്ഷ്മി, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ബെന്നി കെ.പി,സിവില്‍ പൊലീസ് ഓഫിസര്‍ ആഷിക് ങ, എന്നിവരും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

മെഡിക്കല്‍ കോളജ് തീപിടിത്തം; നാല് മരണത്തില്‍ അന്വേഷണം; കേസ് രജിസ്റ്റര്‍ ചെയ്‌തെന്ന് മന്ത്രി

മെഡിക്കല്‍ കോളജ് തീപിടിത്തം; നാല് മരണത്തില്‍ അന്വേഷണം; കേസ് രജിസ്റ്റര്‍ ചെയ്‌തെന്ന് മന്ത്രി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിലെ തീപിടിത്തത്തിനിടെ ഉണ്ടായ നാല് മരണത്തെക്കുറിച്ച് വിദഗ്ധ സംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പോസ്റ്റ്‌മോര്‍ട്ടത്തിലൂടെയേ മരണ കാരണം സ്ഥിരീകരിക്കാനാകൂ. തീപിടിത്തമല്ല മരണകാരണമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞത് കേസ് ഷീറ്റ് നോക്കിയാണെന്നും സംഭവത്തില്‍ അസ്വാഭാവിക മരണത്തിനും തീപിടിത്തത്തിനും പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായും വീണാ ജോര്‍ജ് പറഞ്ഞു. മെഡിക്കല്‍ കോളജിലെത്തിയ വീണാ ജോര്‍ജ് ഉന്നതതലയോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ പൊട്ടിത്തെറിയില്‍ പിഡബ്ല്യുഡി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ റിപ്പാര്‍ട്ട് ലഭിച്ചതായി മന്ത്രി പറഞ്ഞു. എംആര്‍ഐ മെഷീനു വേണ്ടി ഉപയോഗിക്കുന്ന യുപിഎസ് ആണ് പൊട്ടിത്തെറിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടോ, ബാറ്ററിയുടെ ഇന്റേണല്‍ പ്രശ്‌നങ്ങളോ ആകാം തീപിടിത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പിഡബ്ല്യുഡി ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റും, ഫോറന്‍സിക് ടീമീന്റെയും കെഎസ്ഇബിയുടെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ തീപിടിത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താനാകൂകയുള്ളുവെന്ന് മന്ത്രി പറഞ്ഞു.

ആത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം മൂന്ന് ദിവസത്തുനുള്ളില്‍ പുനഃസ്ഥാപിക്കും. വൈദ്യുതി ഇന്നുവൈകീട്ടോടെ പുനസ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. എംആര്‍ഐ ഉപകരണത്തിനും യുപിഎസിനും വലിയ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. ഇതിന് 2026 വരെ വാറന്റി ഉണ്ടെന്നും മന്ത്രി പറഞ്ഞു. തീപിടിത്തത്തിനും, അസ്വാഭാവിക മരണത്തിനും മെഡിക്കല്‍ കോളജ് പൊലീസ് കേസ്എടുത്തിട്ടുണ്ട്. ഇതില്‍ സമഗ്രമായ അന്വേഷണം നടത്തും. സിസിടിവി ദൃശ്യങ്ങള്‍ എടുത്ത് കൃത്യമായ അന്വേഷണം നടത്തും. അതിന്റെ ഭാഗമായി ഹാര്‍ഡ് ഡിസ്‌ക് മെഡിക്കല്‍ കോളജ് പൊലീസിന് കൈമാറും.

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ചക്ക തലയില്‍ വീണു; ഒന്‍പതുവയസുകാരിക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ചക്ക തലയില്‍ വീണു; ഒന്‍പതുവയസുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ചക്ക വീണ് ഒന്‍പത് വയസുകാരി മരിച്ചു. കോട്ടയ്ക്കല്‍ ചങ്കുവെട്ടി സ്വദേശി കുഞ്ഞലവിയുടെ മകള്‍ ആയിശ തസ്‌നിയാണ് മരിച്ചത്. ഇന്ന് രാവിലെ 9.30ഓടുകൂടിയായിരുന്നു സംഭവം.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടിയുടെ തലയിലേക്ക് ചക്ക വീഴുകയായിരുന്നു. തുടര്‍ന്ന് കുട്ടി തലയിടിച്ച് വീണു. ഉടന്‍ തന്നെ കോട്ടയ്ക്കലിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

ഇനിയും കുറയുമോ? വന്‍ ഇടിവിന് പിന്നാലെ ബ്രേക്കിട്ട് സ്വര്‍ണവില

ഇനിയും കുറയുമോ? വന്‍ ഇടിവിന് പിന്നാലെ ബ്രേക്കിട്ട് സ്വര്‍ണവില

കൊച്ചി: കുത്തനെ ഇടിഞ്ഞ സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 70,040 രൂപയാണ്. ഇന്നലെ പവന് 160 രൂപ കുറഞ്ഞിരുന്നു. 8755 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

പത്തുദിവസത്തിനിടെ പവന് 4000ലധികം രൂപയാണ് കുറഞ്ഞത്. സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ഏപ്രില്‍ 23 മുതലാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്. ഈ മാസം 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്.

പത്തുദിവസത്തിനിടെ 4000ലധികം രൂപ വര്‍ധിച്ച ശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. ആറുദിവസത്തിനിടെ 2800 രൂപ കുറഞ്ഞ ശേഷം കഴിഞ്ഞ ദിവസം പവന് 320 രൂപ വര്‍ധിച്ചിരുന്നു. എന്നാല്‍ ഇന്നലെ മുതല്‍ വീണ്ടും സ്വര്‍ണവില ഇടിയുകയായിരുന്നു.

ആമസോണ്‍ ഗോഡൗണില്‍ പരിശോധന; വ്യാജ ഐഎസ്ഐ മാര്‍ക്ക് ഒട്ടിച്ച ഉത്പന്നങ്ങള്‍ പിടിച്ചു

ആമസോണ്‍ ഗോഡൗണില്‍ പരിശോധന; വ്യാജ ഐഎസ്ഐ മാര്‍ക്ക് ഒട്ടിച്ച ഉത്പന്നങ്ങള്‍ പിടിച്ചു

കൊച്ചി: ആമസോണ്‍ ഇ- കൊമേഴ്‌സിന്റെ കളമശേരിയിലെ ഗോഡൗണില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ ഡേഡ്‌സ് (ബിഐഎസ്) കൊച്ചി ബ്രാഞ്ച് പരിശോധന നടത്തി. ഗുണനിലവാരം കുറഞ്ഞ ഉത്പന്നങ്ങള്‍ വന്‍തോതില്‍ ശേഖരിച്ചതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.

പരിശോധനയില്‍ ഇന്ത്യയിലും വിദേശത്തുമുള്ള ബ്രാന്‍ഡുകളുടെ പേരില്‍ നിര്‍മിച്ച ഗാര്‍ഹിക ഇലക്ട്രോണിക് ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, അടുക്കള ഉപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, പാദരക്ഷകള്‍ തുടങ്ങിയവ പിടിച്ചെടുത്തു. ഐഎസ്‌ഐ മാര്‍ക്ക് വ്യാജമായി ഒട്ടിച്ചതും നിയമപ്രകാരമുള്ള ലേബലുകള്‍ ഒട്ടിക്കാത്തതുമായ ഉല്‍പന്നങ്ങള്‍ ഇവയില്‍ പെടുന്നുവെന്നാണ് വിവരം.

ബിഐഎസ് സര്‍ട്ടിഫിക്കേഷന്‍ മാര്‍ക്ക് വ്യാപകമായി ദുരുപയോഗിച്ചതായും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഉത്പന്നങ്ങളില്‍ ഒട്ടിച്ച ലേബലുകള്‍ എളുപ്പം പൊളിഞ്ഞുപോകുന്നതും മുദ്രകള്‍ ശരിയായി പതിയാത്തതുമായിരുന്നു.

കുറ്റക്കാര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കും. 2 വര്‍ഷം വരെ തടവും നിലവാരമില്ലാത്ത ഉല്‍പന്നങ്ങളുടെ വില്‍പനയിലൂടെ നേടിയ തുകയുടെ 10 മടങ്ങ് പിഴയും ഇടാക്കാവുന്ന കുറ്റമാണു പ്രതികള്‍ക്കെതിരെ ചുമത്തുക.