പാകിസ്ഥാന് നല്‍കുന്ന വായ്പകള്‍ പുനഃപരിശോധിക്കണം, ഐഎംഎഫിനെയും ലോകബാങ്കിനെയും സമീപിക്കാന്‍ ഇന്ത്യ

പാകിസ്ഥാന് നല്‍കുന്ന വായ്പകള്‍ പുനഃപരിശോധിക്കണം, ഐഎംഎഫിനെയും ലോകബാങ്കിനെയും സമീപിക്കാന്‍ ഇന്ത്യ

ഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ നീക്കങ്ങളുമായി ഇന്ത്യ. പാകിസ്ഥാന് നല്‍കുന്ന വായ്പകള്‍ പുനഃപരിശോധിക്കാന്‍ അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്)യോടും ലോകബാങ്കിനോടും ഇന്ത്യ ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.

പാകിസ്ഥാനെതിരെ ഇന്ത്യ ലോകബാങ്കിനെയും അന്താരാഷ്ട്ര നാണ്യ നിധിയെയും സമീപിക്കുന്നതായാണ് റിപ്പോര്‍ട്ട്. പാകിസ്ഥാനുള്ള ധനസഹായം നിര്‍ത്തണം എന്ന് ആവശ്യപ്പെടും. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പണം ഉപയോഗിക്കുന്നുവെന്ന ആരോപണത്തില്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ്, എഫ്എടിഎഫിനോട് പാകിസ്ഥാനെ വീണ്ടും ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്താനും ആവശ്യപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിലെ പ്രതികള്‍ക്കായി പതിനൊന്നാം ദിവസവും തിരച്ചില്‍ തുടരുകയാണ്. അനന്ത്‌നാഗ് മേഖല കേന്ദ്രീകരിച്ചാണ് തെരച്ചില്‍. ഭീകരരുടെ ആയുധങ്ങള്‍ വനമേഖലയില്‍ ഉപേക്ഷിച്ചോ എന്നതിലും അന്വേഷണം നടക്കുകയാണ്. അതിര്‍ത്തിയില്‍ കൂടുതല്‍ സായുധ സേനയെ വിന്യസിക്കുന്ന നടപടിയും തുടരുന്നുണ്ട്.

കാമുകി പിണങ്ങി, മരത്തടി വലിച്ചുകൊണ്ടുപോയി റെയില്‍പ്പാളത്തില്‍ വച്ചു, ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമിച്ച യുവാവ് പൊലീസ് പിടിയില്‍

കാമുകി പിണങ്ങി, മരത്തടി വലിച്ചുകൊണ്ടുപോയി റെയില്‍പ്പാളത്തില്‍ വച്ചു, ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമിച്ച യുവാവ് പൊലീസ് പിടിയില്‍

പാലക്കാട്: കാമുകി പിണങ്ങിയെന്ന കാരണത്താല്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമിച്ച് യുവാവ് പൊലീസ് പിടിയില്‍. ഒഡിഷ ബാലിഗുഡ മഡ്ഗുഡ സ്വദേശി ബിനാട മല്ലിക് (23) ആണ് മലമ്പുഴ പൊലീസിന്റെ പിടിയിലായത്. മലമ്പുഴ ആരക്കോട് പറമ്പില്‍ റെയില്‍വേ ട്രാക്കിന് സമീപത്തെ സിമന്റ് കട്ട നിര്‍മാണ യൂണിറ്റിലെ തൊഴിലാളിയാണ് ഇയാള്‍.

ഫോണില്‍ സംസാരിക്കവെയാണ് ഒഡിഷയിലെ കാമുകിയുമായി ഇയാള്‍ പിണങ്ങിയത്. മദ്യ ലഹരിയിലായിരുന്ന യുവാവ് ആദ്യം തന്റെ ശരീരത്തില്‍ കുപ്പിച്ചില്ലുപയോഗിച്ചു മുറിവേല്‍പ്പിച്ചു. പിന്നീട് ട്രെയിന്‍ അപകടപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി സമീപത്ത് കണ്ട വലിയ മരത്തടി വലിച്ചുകൊണ്ടുപോയി റെയില്‍പ്പാളത്തില്‍ വച്ചു. വെള്ളി പുലര്‍ച്ചെ രണ്ടിനായിരുന്നു സംഭവം.

2.40ന് കടന്നു പോകേണ്ടിയിരുന്ന വിവേക് എക്‌സ്പ്രസ് ഇവിടെയെത്തിയപ്പോള്‍ ലോക്കോ പൈലറ്റ് മരത്തടി കണ്ടതോടെ ട്രെയിന്‍ നിര്‍ത്തി. ഇത് എടുത്ത് മാറ്റിയാണ് ട്രയിന്‍ കടന്നുപോയത്. ആനകള്‍ ട്രാക്ക് മുറിച്ചുകടക്കാന്‍ സാധ്യതയുള്ള സ്ഥലമായതിനാല്‍ ട്രെയിന്‍ വളരെ പതുക്കെയാണ് സഞ്ചരിച്ചിരുന്നത്. ദൂരെ മാറിയിരുന്ന് ഇത് ശ്രദ്ധിച്ച ബിനാട മല്ലിക് വീണ്ടുമെത്തി മരക്കഷ്ണം ട്രാക്കിലേക്ക് കയറ്റിവച്ചു. പുലര്‍ച്ചെ മൂന്നോടെ കടന്നുപോയ ഗുഡ്‌സ് ട്രെയിനിന്റെ ലോക്കോ പൈലറ്റും മരത്തടി മാറ്റി യാത്ര തുടര്‍ന്നു. രണ്ട് ലോക്കോ പൈലറ്റുമാരും അറിയിച്ചതനുസരിച്ച് ആര്‍പിഎഫും മലമ്പുഴ പൊലീസും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.

‘പാഴ്‌സലിനുള്ളിലെ മയക്കുമരുന്ന് കസ്റ്റംസ് പിടിച്ചു; അക്കൗണ്ടിലെ മുഴുവന്‍ തുകയും കൈമാറണം’; 75 കാരന്‍ തട്ടിപ്പിനിരയായ സൈബര്‍ കേസ് അന്വേഷിക്കാന്‍ സിബിഐ

‘പാഴ്‌സലിനുള്ളിലെ മയക്കുമരുന്ന് കസ്റ്റംസ് പിടിച്ചു; അക്കൗണ്ടിലെ മുഴുവന്‍ തുകയും കൈമാറണം’; 75 കാരന്‍ തട്ടിപ്പിനിരയായ സൈബര്‍ കേസ് അന്വേഷിക്കാന്‍ സിബിഐ

കൊച്ചി: സംസ്ഥാനത്ത് ആദ്യത്തെ സൈബര്‍ കുറ്റകൃത്യ കേസ് രജിസ്റ്റര്‍ ചെയ്ത് സിബിഐ(സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍). ഓണ്‍ലൈന്‍ തട്ടിപ്പില്‍ 70 കാരന് 1.04 കോടി നഷ്ടപ്പെട്ട കേസിലാണ് സിബിഐ അന്വേഷിക്കുന്നത്.

തൃശൂര്‍ സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് മാര്‍ച്ചില്‍ ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം സിബിഐയ്ക്ക് കൈമാറുകയായിരുന്നു. സിബിഐയുടെ പ്രത്യേക ക്രൈംബ്രാഞ്ച് സംഘം എറണാകുളം ജുഡീഷ്യല്‍ മജീസ്‌ട്രേറ്റ് കോടതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ജൂലൈയില്‍ തൃശൂര്‍ സ്വദേശിയായ 75 കാരനായ ബിസിനസുകാരനാണ് സൈബര്‍ കുറ്റവാളികളുടെ തട്ടിപ്പിനിരയായത്.

2024 ജൂലൈ 20ന് ഇരയ്ക്ക് ഒരു അജ്ഞാത ഫോണ്‍ കോള്‍ വന്നു.

മുംബൈയിലെ ഫെഡ്എക്‌സ് കൊറിയേഴ്‌സ് എന്ന സ്ഥാപനത്തിലെ അജയ്കുമാര്‍ എന്നയാളാണ് വിളിക്കുന്നതെന്നാണ് പറഞ്ഞത്. റഷ്യയിലേയ്ക്ക് കൊണ്ടുപോകാന്‍ ഇരയായ വയോധികന്റെ പേരില്‍ ബുക്ക് ചെയ്ത പാഴ്‌സലില്‍ മയക്കുമരുന്നുണ്ടെന്നും കസ്റ്റംസ് തടഞ്ഞെന്നും ഇയാള്‍ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.

മുംബൈ പൊലീസിന്റെ സൈബര്‍ വകുപ്പിലെ ഉദ്യോഗസ്ഥനായ മറ്റൊരാള്‍ക്ക് കൈമാറുന്നുവെന്ന് പറഞ്ഞ് ഫോണ്‍ കൈമാറി. അന്വേഷണത്തിന്റെ ഭാഗമായി ബാങ്ക് അക്കൗണ്ട് പരിശോധിക്കണമെന്നാവശ്യപ്പെട്ടു. തട്ടിപ്പുകാര്‍ നല്‍കിയ അക്കൗണ്ടിലേയ്ക്ക് തന്റെ മുഴുവന്‍ അക്കൗണ്ട് ബാലന്‍സും മാറ്റാന്‍ നിര്‍ദേശം നല്‍കി. ജൂലൈ 22നും 24 നും ഇടയില്‍ ഇരയായ വ്യക്തി 1.04 കോടി രൂപ ഇത്തരത്തില്‍ കൈമാറി. പിറ്റേന്നാണ് വഞ്ചിക്കപ്പെട്ടതാണെന്ന് മനസിലായത്. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

ഇതര സംസ്ഥാനങ്ങളുമായുള്ള ബന്ധവും രാജ്യത്തുടനീളമുള്ള ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളും പ്രതികള്‍ കൈകാര്യം ചെയ്തിരുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കേസ് സിബിഐയ്ക്ക് കൈമാറിയതെന്നാണ് ഒരു സിബിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ആദ്യം കേസ് അന്വേഷിച്ചത്. തൃശൂര്‍ ക്രൈം ബ്രാഞ്ചിലെ അസിസ്റ്റന്റ് പൊലീസ് കമ്മീഷണറായിരുന്നു. അധികാര പരിധിയിലെ പരിമിതികള്‍ അന്വേഷണത്തിന് ബുദ്ധിമുട്ടുണ്ടാക്കിയതിനെത്തുടര്‍ന്നാണ് കേസ് സിബിഐയെ ഏല്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചത്.

പണം കൈമാറിയ നിരവധി ബാങ്ക് അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കേരളത്തില്‍ സിബിഐ അന്വേഷിക്കുന്ന ആദ്യത്തെ സൈബര്‍ കുറ്റകൃത്യ കേസാണിത്. സംസ്ഥാനത്ത് സമാനമായ സൈബര്‍ തട്ടിപ്പ് കേസില്‍ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് എട്ട് പേരെ ഇഡി (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ്) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സൈബര്‍ തട്ടിപ്പിലൂടെ ലഭിച്ച ഫണ്ടുകള്‍ ക്രിപ്‌റ്റോ കറന്‍സിയാക്കി മാറ്റി ചൈനീസ് സ്ഥാപനങ്ങള്‍ക്ക് കൈമാറിയതായി ഏജന്‍സിയുടെ അന്വേഷണത്തില്‍ കണ്ടെത്തി.

ഡോക്ടറെന്ന് അവകാശ വാദം, വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടി; ടേക്ക് ഓഫ് സിഇഒ അറസ്റ്റില്‍

ഡോക്ടറെന്ന് അവകാശ വാദം, വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടി; ടേക്ക് ഓഫ് സിഇഒ അറസ്റ്റില്‍

കൊച്ചി : ജര്‍മനി, യുകെ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം കോടികള്‍ തട്ടിയ കേസില്‍ ‘ടേക്ക് ഓഫ് ഓവര്‍സീസ് എജ്യൂക്കേഷണല്‍ കണ്‍സല്‍ട്ടന്‍സി’ സിഇഒ കാര്‍ത്തിക പ്രദീപ് പിടിയില്‍. തൃശൂര്‍ സ്വദേശിനിയുടെ പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് കോഴിക്കോട്ടു നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. നൂറിലേറെ ഉദ്യോഗാര്‍ഥികളാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്.

പത്തനംതിട്ട സ്വദേശിനിയായ കാര്‍ത്തിക തൃശൂരിലാണ് താമസിക്കുന്നത്. യുക്രൈനില്‍ ഡോക്ടറാണെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. കൊച്ചി പുല്ലേപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരെ തൃശൂര്‍ സ്വദേശിനി നല്‍കിയ പരാതിയിലാണ് നടപടി. കോഴിക്കോട്ടുനിന്നാണ് കാര്‍ത്തികയെ അറസ്റ്റ് ചെയ്തത്. യുകെയില്‍ സോഷ്യല്‍ വര്‍ക്കറായി ജോലി നല്‍കാമെന്നു പറഞ്ഞ് 2024 ആഗസ്ത് 26 മുതല്‍ ഡിസംബര്‍ 14 വരെയായി 5.23 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് പരാതി. സൗത്ത് ഇന്ത്യന്‍ ബാങ്ക് കലൂര്‍ ശാഖയിലെ കാര്‍ത്തികയുടെ അക്കൗണ്ടിലേക്കാണ് പണം നല്‍കിയത്.

എറണാകുളത്തിനുപുറമെ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലും സ്ഥാപനത്തിനെതിരെ പരാതിയുണ്ട്. ഉദ്യോഗാര്‍ഥികളില്‍നിന്ന് 3 മുതല്‍ 8 ലക്ഷം രൂപ വരെ വാങ്ങിയെന്നാണ് പരാതി. പണവും രേഖകളും നല്‍കിയതിനു ശേഷവും ജോലി ലഭിക്കാതെ വന്നതോടെയാണ് ഉദ്യോഗാര്‍ഥികള്‍ പൊലീസിനെ സമീപിച്ചത്. കേസായതോടെ കൊച്ചിയിലെ സ്ഥാപനം പൂട്ടി ഇവര്‍ മുങ്ങുകയായിരുന്നു. സ്ഥാപനത്തിന് ലൈസന്‍സില്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കൊച്ചിയില്‍ മാത്രം മുപ്പതു ലക്ഷത്തോളം രൂപയാണ് ഇവര്‍ പലരില്‍നിന്നായി വാങ്ങിയത്.

കോഴിക്കോട് മെഡിക്കല്‍ കോളജ് തീപിടിത്തത്തില്‍ 3 പേര്‍ മരിച്ചെന്ന് ടി സിദ്ദിഖ്; ആരോപണം തള്ളി മെഡിക്കല്‍ കോളജ് അധികൃതര്‍

കോഴിക്കോട് മെഡിക്കല്‍ കോളജ് തീപിടിത്തത്തില്‍ 3 പേര്‍ മരിച്ചെന്ന് ടി സിദ്ദിഖ്; ആരോപണം തള്ളി മെഡിക്കല്‍ കോളജ് അധികൃതര്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിയില്‍ പുക ഉയര്‍ന്നതിനിടെ അത്യാഹിത വിഭാഗത്തില്‍ മൂന്ന് പേര്‍ മരിച്ചെന്ന് ടി.സിദ്ദിഖ് എംഎല്‍എ. മരിച്ചരില്‍ ഒരാള്‍ വയനാട് കോട്ടപ്പടി സ്വദേശി നസീറ(44)യാണെന്നാണ് ടി സിദ്ദീഖ് എംഎല്‍എ അറിയിച്ചത്.

നസീറയുടെ മയ്യിത്ത് കണ്ടുവെന്നും ബന്ധുക്കളുമായി സംസാരിച്ചെന്നും എംഎല്‍എ പറഞ്ഞു. അപകടത്തില്‍ മരിച്ചത് എത്രപേര്‍ ആണെന്നുള്ള കണക്ക് പുറത്ത് വിടണമെന്നും സിദ്ദീഖ് എംഎല്‍എ ആവശ്യപ്പെട്ടു. അതേസമയം സിദ്ദിഖിന്റെ ആരോപണം മെഡിക്കല്‍ കോളജ് അധിതൃതര്‍ തള്ളി.

ശ്വാസം കിട്ടാതെയാണ് രോഗികള്‍ മരിച്ചെന്ന ആരോപണം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ തള്ളി. രോഗികള്‍ മരിച്ചത് അപകടമുണ്ടാകുന്നതിന് മുന്‍പാണെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. മരിച്ച മൂന്ന് പേരില്‍ ഒരാള്‍ വിഷം അകത്തുചെന്ന് ഗുരുതരാവസ്ഥയില്‍ ആയിരുന്ന സ്ത്രീയാണ്. രണ്ടാമത്തെയാള്‍ കാന്‍സര്‍ രോഗിയും മൂന്നാമത്തെയാള്‍ക്ക് കരള്‍ രോഗവും മറ്റ് പ്രശ്‌നങ്ങളുമുണ്ടായിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ വിശദീകരിച്ചു. നാലാമത്തെയാളുടെ മരണം ആശുപത്രിയില്‍ എത്തും മുന്‍പ് തന്നെ സംഭവിച്ചിരുന്നുവെന്നും പ്രിന്‍സിപ്പല്‍ വിശദീകരിച്ചു. പിന്നെയൊരു മരണം ന്യൂമോണിയ ബാധിച്ച ഒരാളുടേതാണെന്നും അതും പുക ശ്വസിച്ചാണെന്ന് തോന്നുന്നില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

അതേസമയം തീപിടിത്തമുണ്ടായതിനു പിന്നാലെ 5 മൃതദേഹങ്ങള്‍ അധികൃതര്‍ മോര്‍ച്ചറിയിലേക്കു മാറ്റി. ഗംഗ (34), ഗംഗാധരന്‍ (70), വെന്റിലേറ്ററിലായിരുന്ന ഗോപാലന്‍ (65), സുരേന്ദ്രന്‍ (59), നസീറ (44) എന്നിവരുടെ മൃതദേഹങ്ങളാണു മാറ്റിയത്.

രാത്രി 8 മണിയോടെയാണ് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിനോട് ചേര്‍ന്ന് യുപിഎസ് റൂമില്‍ നിന്നും പുക ഉയര്‍ന്നത്. തുടര്‍ന്ന് ജീവനക്കാരുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ നിന്നും മുഴുവന്‍ രോഗികളെയും ഒഴിപ്പിച്ചിരുന്നു.

പുക കണ്ടയുടൻ ഐസിയുവിൽനിന്നും കാഷ്വാലിറ്റിയിൽനിന്നും രോഗികളെ മാറ്റിയെന്നായിരുന്നു മെഡിക്കൽ കോളജ് അധികൃതരുടെ വിശദീകരണം. അഗ്നിരക്ഷാസേനയുടെയും പൊലീസിന്റെയും നേതൃത്വത്തിൽ തീയും പുകയും നിയന്ത്രണ വിധേയമാക്കി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. പുതിയ കാഷ്വാലിറ്റി കെട്ടിടത്തിൽ പ്രവർത്തനം പുനരാരംഭിക്കാൻ ഒരാഴ്ചയെങ്കിലും എടുക്കുമെന്നാണ് സൂചന. അതുവരെ മെഡിക്കല്‍ കോളജിലെ അത്യാവിഹിത വിഭാഗം ബിച്ച് ആശുപത്രിയിലേക്ക് മാറ്റി.

വിലയോ തുച്ഛം ​ഗുണമോ ‘ലാഭം’; കൊല്ലത്തെ ‘ചക്ക’യ്ക്ക് വൻ ഡിമാൻഡ്!

വിലയോ തുച്ഛം ​ഗുണമോ ‘ലാഭം’; കൊല്ലത്തെ ‘ചക്ക’യ്ക്ക് വൻ ഡിമാൻഡ്!

കൊല്ലം: തമിഴ്നാട്ടിൽ നിന്നുള്ള ചക്ക വ്യാപാരികളുടെ പ്രിയപ്പെട്ട ഇടമായി കൊല്ലം മാറുന്നു. സമീപ വർഷങ്ങളിൽ കൊല്ലത്തിന്റെ കിഴക്കൻ മേഖലയിൽ നിന്നു തമിഴ്നാട്ടിലേക്ക് ദിനംപ്രതി കിലോ കണക്കിനു ചക്കകകളാണ് കയറ്റി അയയ്ക്കുന്നത്. പുനലൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് ചക്ക സമൃദ്ധമായി ഉത്പാദിപ്പിക്കുന്നത്. തമിഴ്നാട്ടിൽ കേരളത്തിൽ നിന്നു കൊണ്ടു വരുന്ന ചക്കകൾക്ക് വലിയ ഡിമാൻഡാണെന്നു പറയുന്നു വ്യാപാരികൾ.

മൊത്തക്കച്ചവടക്കാർക്ക് താങ്ങാവുന്ന വിലയും തമിഴ്നാടിനോടു ചേർന്നു നിൽക്കുന്ന പ്രദേശമാണെന്നതുമാണ് കൊല്ലത്തെ ചക്ക വിപണിയുടെ ഹൈലൈറ്റ്. തമിഴ്‌നാട്ടിലെ തിരുനെൽവേലി, തൂത്തുക്കുടി, അംബസമുദ്രം, രാജപാളയം എന്നിവിടങ്ങളിലെ വിപണികളിലേക്കാണ് ചക്കകൾ കൂടുതലായും കയറ്റി അയയ്ക്കുന്നത്.

‘ഞാൻ 30 വർഷത്തിലേറെയായി ചക്ക ബിസിനസിലുണ്ട്. കേരളത്തിൽ താങ്ങാവുന്ന വിലയ്ക്കാണ് ചക്ക കിട്ടുന്നത്. തമിഴ്‌നാട്ടിൽ ചക്കയ്ക്ക് ഉയർന്ന ഡിമാൻഡുണ്ട്. നിരവധി ഭക്ഷ്യ സംസ്‌കരണ കമ്പനികളും ചക്ക വാങ്ങാൻ മുന്നോട്ടു വരാറുണ്ട്’- തമിഴ്‌നാട് സ്വദേശിയായ സാബു പി പറയുന്നു.

കേരളത്തിൽ കിലോയ്ക്ക് ഏകദേശം 30 രൂപയ്ക്ക് ചക്ക വിൽക്കുമ്പോൾ, തമിഴ്‌നാട്ടിൽ ഒരു ‘ചുള’ 10-15 രൂപയ്ക്കാണ് വിൽക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. രസകരമെന്നു പറയട്ടെ, ഇവിടെ നിന്ന് കുറഞ്ഞ വിലയ്ക്ക് സംഭരിക്കുന്ന ചക്ക പലപ്പോഴും മൂല്യവർധിത ഉത്പന്നങ്ങളായി കേരളത്തിലേക്ക് തന്നെ മടങ്ങി എത്തി ഉയർന്ന വിലയ്ക്ക് വിൽക്കുകയും ചെയ്യുന്നു.

‘മൂല്യവർധിത ഉത്പന്നങ്ങൾ കേരളത്തിൽ നല്ല ലാഭത്തിലാണ് വിൽക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി എന്റെ ബിസിനസ് കൊല്ലത്തെ ആശ്രയിച്ചാണ് മുന്നോട്ടു പോകുന്നത്’- സാബു പറയുന്നു.

സംഭരണ ​​സൗകര്യങ്ങളുടെ അഭാവമാണ് സംസ്ഥാനത്ത് ചക്കയുടെ വില കുറയാൻ കാരണമെന്ന് കൃഷി വകുപ്പ് അധികൃതർ വ്യക്തമാക്കുന്നു. കർഷകർക്കും വ്യാപാരികൾക്കും വളരെക്കാലമായി ചക്ക സൂക്ഷിക്കാൻ മാർഗമില്ല. സർക്കാരിന് പ്രത്യേക സംഭരണ ​​സൗകര്യങ്ങളും ഇല്ല. കർഷകരെ കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ ഇക്കാരണങ്ങളെല്ലാം നിർബന്ധിതരാക്കുന്നു. അതുകൊണ്ടാണ് തമിഴ്‌നാട് വ്യാപാരികൾക്ക് ഇത്രയും കുറഞ്ഞ വിലയ്ക്ക് ചക്കകൾ വാങ്ങാൻ കഴിയുന്നത്. അധികൃതർ പറയുന്നു.

അതിർത്തിയോട് ചേർന്നുള്ള പ്രദേശമായതിനാൽ കൊല്ലം കൂടുതൽ സൗകര്യമാണെന്നു തമിഴ്നാട്ടിൽ നിന്നുള്ള മറ്റൊരു ചക്ക വ്യാപാരിയായ സെന്തിൽ കുമാർ പറയുന്നു. ഒരു മണിക്കൂറിനുള്ളിൽ കേരളത്തിലെത്താനും ചക്ക വാങ്ങി അതേ ദിവസം തന്നെ തമിഴ്‌നാട്ടിലേക്ക് മടങ്ങാനും കഴിയും. തമിഴ്നാട്ടിലെ മിക്ക വ്യാപാരികൾക്കും പ്രദേശത്തെയും ജനങ്ങളെയും പരിചയമുണ്ട്. ഇത് വിലയും വിപണി വില സംബന്ധിച്ചും നന്നായി മനസിലാക്കാൻ തങ്ങളെ സഹായിക്കുന്നതായും സെന്തിൽ കുമാർ വ്യക്തമാക്കി.

ചക്കയിൽ നിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങൾ കേരളത്തിലും നിർമിക്കുന്നുണ്ട്. പൊടികൾ, ക്രീമുകൾ, ചിപ്‌സ് എന്നിവയുൾപ്പെടെ നിരവധി മൂല്യവർധിത ഉത്പന്നങ്ങൾ കൃഷി വകുപ്പ് അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ വിപണിയിൽ കൂടുതൽ ശ്രദ്ധ നേടുന്നതിൽ ഇവ പരാജയപ്പെടുന്നു. സർക്കാർ പ്രദർശനങ്ങളിൽ ഉത്പന്നങ്ങൾ കാണാൻ കഴിയും, പക്ഷേ അവ വാണിജ്യപരമായി വിജയിച്ചിട്ടില്ല. മതിയായ വിപണി പരിജ്ഞാനമോ നിക്ഷേപമോ ഇല്ലാതെ ബഹുരാഷ്ട്ര കമ്പനികൾക്കെതിരെ മത്സരിക്കുന്നത് ബുദ്ധിമുട്ടാണ്. സംസ്ഥാന സർക്കാരിന്റെ കാര്യക്ഷമമായ ഇടപെടൽ ഈ വിഷയത്തിൽ വേണമെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്.