by Midhun HP News | May 2, 2025 | Latest News, കേരളം
കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് തൃശൂരില്‍ സിപിഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പിന്റെ നടപടിയില്‍ തെറ്റില്ലെന്ന് ഹൈക്കോടതി. പണം പിടിച്ചെടുത്തതിന് എതിരായ സിപിഎമ്മിന്റെ ഹര്‍ജി കോടതി തള്ളി. ആദായനികുതി വകുപ്പിന്റെ പരിശോധനയും നടപടിയും നിയമപരമാണെന്നും കോടതി പ്രസ്താവിച്ചു.
ബാങ്കിലേക്ക് അടയ്ക്കാന്‍ കൊണ്ടുവന്ന പണമാണ് ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്. ബാങ്ക് ഓഫ് ഇന്ത്യയിലെ സിപിഎമ്മിന്റെ അക്കൗണ്ടില്‍ 4.81 കോടി രൂപ ഉണ്ടായിരുന്നു. അതില്‍ നിന്നും ഒരു കോടി രൂപ സിപിഎം പിന്‍വലിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് വലിയ തോതിലുള്ള തുക പിന്‍വലിക്കുമ്പോള്‍ അറിയിക്കണമെന്ന് ആദായനികുതി വകുപ്പിന്റെ നിര്‍ദേശമുണ്ടായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് വിവരം ഐടി അധികൃതരെ അറിയിച്ചു. തുടര്‍ന്ന് സിപിഎമ്മിന്റെ അക്കൗണ്ടുകള്‍ പരിശോധിക്കുകയും, ഒരു കോടി രൂപ പിടിച്ചെടുക്കുകയുമായിരുന്നു. ഇതോടൊപ്പം അക്കൗണ്ടുകല്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു. ആദായനികുതി വകുപ്പിന്റെ ഈ നടപടികളെ ചോദ്യം ചെയ്താണ് സിപിഎം തൃശൂർ മുന്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് കോടതിയെ സമീപിച്ചത്.
നിയമപരമായ നടപടികള്‍ മാത്രമാണ് ആദായനികുതി വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും, കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടാണ് പരിശോധനയും പണം പിടിച്ചെടുത്തതുമെന്ന് കോടതി വിലയിരുത്തി. അക്കൗണ്ട് മരവിപ്പിച്ച നടപടിയില്‍ ഇടപെടുന്നില്ല. അക്കൗണ്ട് മരവിപ്പിച്ചാല്‍ സാധാരണ നിലയില്‍ 60 ദിവസത്തിന് ശേഷം അക്കൗണ്ട് മരവിപ്പിച്ചത് കാന്‍സലാകും. അതിനാല്‍ ഈ വിഷയത്തില്‍ ഇടപെടേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
by Midhun HP News | May 2, 2025 | Latest News, കേരളം
മുന്‍ താരം എസ്. ശ്രീശാന്തിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷന്‍. ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസനെ ഉള്‍പ്പെടുതിരുന്നതിനെച്ചൊല്ലിയുള്ള വിവാദങ്ങളില്‍ അസോസിയേഷനെ വിമര്‍ശിച്ചതിലാണ് നടപടി. ശ്രീശാന്തിന്റെ പ്രസ്താവന സത്യവിരുദ്ധവും അസോസിയേഷന് അപമാനകരവുമെന്നാണ് കെഎസിഎ പറയുന്നത്. കേരള ക്രിക്കറ്റ് ലീഗിലെ കൊല്ലം ഏരീസ് ടീമിന്റെ സഹ ഉടമയാണ് നിലവില്‍ ശ്രീശാന്ത്. മൂന്ന് വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്യാനാണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനം. ഏപ്രില്‍ 30ന് എറണാകുളത്തു ചേര്‍ന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രത്യേക ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
വിവാദമായ പരാമര്‍ശങ്ങളെ തുടന്ന് നേരത്തെ ശ്രീശാന്തിനും ഫ്രാഞ്ചയ്സീ ടീമുകളായ കൊല്ലം ഏരീസ്, ആലപ്പി ടീം ലീഡ് കൊണ്ടെന്റെര്‍ സായി കൃഷ്ണന്‍, ആലപ്പി റിപ്പിള്‍സ് എന്നിവര്‍ക്കെതിരെയും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഫ്രാഞ്ചയ്സീ ടീമുകള്‍ നോട്ടീസിന് തൃപ്തികരമായ മറുപടി നല്‍കിയതുകൊണ്ട് തന്നെ അവര്‍ക്കെതിരെ തുടര്‍നടപടികള്‍ തുടരേണ്ടതില്ല എന്നാണ് തീരുമാനം. ടീം മാനേജ്‌മെന്റില്‍ അംഗങ്ങളെ ഉള്‍പെടുത്തുമ്പോള്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കാനും യോഗം തീരുമാനിച്ചു. കൂടാതെ സഞ്ജു സാംസന്റെ പേരില്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച പിതാവ് സാംസണ്‍ വിശ്വനാഥ്, റെജി ലൂക്കോസ് , 24x 7 ചാനല്‍ അവതാരക എന്നിവര്‍ക്കെതിരെ നഷ്ടപരിഹാരത്തിന് കേസ് നല്‍കുവാനും ജനറല്‍ ബോഡിയോഗത്തില്‍ തീരുമാനമായി.
by Midhun HP News | May 2, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.
by Midhun HP News | May 2, 2025 | Latest News, കേരളം
തിരുവനന്തപുരം: പ്രശസ്ത സിനിമാ സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെത്തുടർന്ന് കുറച്ചുനാളായി ഗുരുതരാവസ്ഥയിൽ ആയിരുന്നു. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു മരണം സംഭവിച്ചത്. നടന്‍ കിഷോര്‍ സത്യയാണ് ഫേസ്ബുക്കിലൂടെ മരണ വിവരം അറിയിച്ചത്. ഒരു സങ്കട വാർത്ത എന്ന് പറഞ്ഞാണ് കിഷോര്‍ സത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചത്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്.
നേരത്തെ നടന്‍റെ ചികിൽസക്ക് 30 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നും നടൻ കിഷോർ സത്യ പറഞ്ഞിരുന്നു. സീരിയൽ ആർടിസ്റ്റുകളുടെ സംഘടനയായ ആത്മയിൽ നിന്നും നടന് സാമ്പത്തിക സഹായം നൽകുമെന്നും കിഷോർ സത്യ അറിയിച്ചിരുന്നു. സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയിലും വിഷ്ണു പ്രസാദ് അംഗമാണ്. അമ്മയിൽ നിന്നും ഏതെങ്കിലും വിധത്തിലുള്ള സാമ്പത്തിക സഹായം ലഭിക്കുമോ എന്ന കാര്യം തനിക്ക് അറിയില്ലെന്നും കിഷോർ സത്യ കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞിരുന്നു.
സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് വിഷ്ണു പ്രസാദ്. വില്ലൻ വേഷങ്ങളിലൂടെയാകും പ്രേക്ഷകരിൽ ഭൂരിഭാഗം പേർക്കും അദ്ദേഹത്തെ പരിചയം. വിനയന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമായ കാശിയിലൂടെയാണ് താരം അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് കൈ എത്തും ദൂരത്ത്, റണ്‍വേ, മാമ്പഴക്കാലം, ലയണ്‍, ബെന്‍ ജോണ്‍സണ്‍, ലോകനാഥന്‍ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. പിന്നീട് സീരിയലുകളിലും വിഷ്ണുപ്രസാദ് സജീവമായി.
by Midhun HP News | May 2, 2025 | Latest News, കേരളം
തിരുവനന്തപുരം: കേരളത്തിന്റെ വികസന കുതിപ്പിന് കൂടുതല്‍ കരുത്തുപകര്‍ന്ന് അഭിമാന പദ്ധതിയായ വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാംഘട്ടത്തിന്റെ കമീഷനിങ് ആണ് നടന്നത്. രാവിലെ 10.15ഓടേ വിഴിഞ്ഞം തുറമുഖത്ത് എത്തിയ പ്രധാനമന്ത്രി പോര്‍ട്ട് ഓപ്പറേഷന്‍ സെന്റര്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം ബെര്‍ത്തും കണ്ട ശേഷമാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രിമാരായ സര്‍ബാനന്ദ സോനോവാള്‍, ജോര്‍ജ് കുര്യന്‍, സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാരായ വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍, വി എന്‍ വാസവന്‍ സജി ചെറിയാന്‍, എംപിമാരായ ശശി തരൂര്‍, അടൂര്‍ പ്രകാശ്, എ എ റഹിം, എം വിന്‍സന്റ് എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്‍, ഗൗതം അദാനി, കരണ്‍ അദാനി, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.
വിഴിഞ്ഞം തുറമുഖം ഉദ്ഘാടനത്തിനായി ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യമന്ത്രി പിണറായി വിജയനും ജനപ്രതിനിധികളും ചേര്‍ന്നാണ് സ്വീകരിച്ചത്. രാജ്ഭവനിലാണ് ഇന്നലെ പ്രധാനമന്ത്രി തങ്ങിയത്.
വിഴിഞ്ഞത്തിന്റെ പ്രത്യേകതകള്‍:
വിഴിഞ്ഞത്ത് സ്വാഭാവിക ആഴം 20 മീറ്റര്‍. ലോകത്തിലെ ഏറ്റവും വലുപ്പമേറിയ ഏതു ചരക്കുകപ്പലും വിഴിഞ്ഞം തുറമുഖത്ത് അടുപ്പിക്കാം.
കൊളംബോ, സിംഗപ്പൂര്‍ തുടങ്ങിയ തുറമുഖങ്ങളെ അപേക്ഷിച്ച് വിഴിഞ്ഞത്തിന്റെ പ്രാധാന്യം വര്‍ധിക്കുന്നത് ഡ്രജ് ചെയ്യാതെ തന്നെ ലഭിക്കുന്ന ഈ സ്വാഭാവിക ആഴമാണ്.
ലോകത്തെ തിരക്കേറിയ രണ്ട് രാജ്യാന്തര കപ്പല്‍ ചാലുമായി വളരെ അടുത്ത് കിടക്കുന്നു. ഇതിനാല്‍ കപ്പലുകള്‍ക്കു വന്നു പോകാനുള്ള സമയം (ടേണ്‍ എറൗണ്ട് ടൈം) വളരെ കുറച്ചു മതി.
ഏഷ്യ- യൂറോപ് രാജ്യാന്തര കപ്പല്‍ പാതയില്‍ നിന്ന് വിഴിഞ്ഞത്തേയ്ക്ക് 10 നോട്ടിക്കല്‍ മൈല്‍ (18.52 കിലോമീറ്റര്‍) ദൂരം മാത്രം. കൊളംബോ, ദുബായ്, സിംഗപ്പൂര്‍ തുറമുഖങ്ങളെക്കാള്‍ രാജ്യാന്തര കപ്പല്‍പ്പാതയുമായി അടുത്തു സ്ഥിതി ചെയ്യുന്നു.
ആഗോള ചരക്കുനീക്കത്തിന്റെ 40 ശതമാനവും വിഴിഞ്ഞത്തുനിന്ന് 10 നോട്ടിക്കല്‍ മൈല്‍ മാത്രം അകലെക്കൂടി കടന്നുപോകുന്ന ഏഷ്യ- യൂറോപ് രാജ്യാന്തര കപ്പല്‍ പാതയിലാണ്.
ആഫ്രിക്ക, യൂറോപ്, മധ്യേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള കപ്പലുകള്‍ സിങ്കപ്പൂര്‍, ഹോങ്കോങ്, ചൈന, കൊളംബോ എന്നിവിടങ്ങളിലേക്ക് പോകുന്നത് വിഴിഞ്ഞത്തിന് സമീപത്തുകൂടി
ദുബായ് ഉള്‍പ്പെടെ മിക്ക തുറമുഖങ്ങളും 15 മീറ്റര്‍ ആഴം നിലനിര്‍ത്തുന്നത് ഡ്രജ്ജിങ് നടത്തി. 14 മീറ്റര്‍ മാത്രം ആഴമുള്ള വല്ലാര്‍പാടത്തുപോലും ഡ്രജ്ജിങ്ങിനായി ചെലവഴിക്കുന്നത് കോടികളാണ്
ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ തുറമുഖങ്ങളിലൊന്നായ ഗുജറാത്തിലെ മുന്ദ്ര തുറമുഖവും രാജ്യാന്തര കപ്പല്‍ ചാലും തമ്മിലുള്ള അകലം കൂടുതലാണ്. വിഴിഞ്ഞത്തെ അപേക്ഷിച്ച് സ്വാഭാവിക ആഴവും കുറവാണ്. ആഴം 17 മീറ്റര്‍ മാത്രമായതിനാല്‍ വലിയ കപ്പലുകള്‍ അടുപ്പിക്കാന്‍ ഡ്രജ് ചെയ്ത ആഴം കൂട്ടേണ്ടതായി വരുന്നു.
by Midhun HP News | May 2, 2025 | Latest News, കേരളം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മിഷനങ്ങിനു ശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ പ്രസംഗിക്കാന്‍ അവസരം പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും തുറമുഖവകുപ്പ് മന്ത്രിക്കും മാത്രം. പ്രതിപക്ഷ നേതാക്കള്‍ക്ക് പ്രസംഗിക്കാന്‍ അവസരമില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി 45 മിനിറ്റും മുഖ്യമന്ത്രി പിണറായി വിജയന്‍ അഞ്ച് മിനിറ്റും വകുപ്പുമന്ത്രി വിഎന്‍ വാസവന്‍ മൂന്ന് മിനിറ്റുമാണ് പ്രസംഗിക്കുക. പ്രതിപക്ഷ പ്രതിനിധികളായി ചടങ്ങില്‍ സ്ഥലം എംപി ശശി തരൂരും സ്ഥലം എംഎല്‍എ എം വിന്‍സെന്റുമാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്.
സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം അല്‍പസമയത്തിനകം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിക്കും. ഇതിനായി പ്രധാനമന്ത്രി ഹെലികോപ്ടറില്‍ വിഴിഞ്ഞത്തെത്തി. പാങ്ങോട് മിലിട്ടറി ക്യാംപില്‍നിന്നാണു ഹെലികോപ്റ്റല്‍ മോദി വിഴിഞ്ഞത്തേക്കു പോയത്.
അതിനിടെ തുറമുഖം കമ്മിഷനിങ്ങിനു തൊട്ടുമുമ്പ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രസംഗം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചു. വിഴിഞ്ഞം തുറമുഖത്തെപ്പറ്റി 2015 ജൂണ്‍ 8ന് ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ നടത്തിയ പ്രസംഗമാണ് സതീശന്‍ പോസ്റ്റ് ചെയ്തത്. ഉമ്മന്‍ ചാണ്ടി ഇന്നില്ല. മായ്ച്ചാലും മായാത്ത ചരിത്രമായി ഉമ്മന്‍ ചാണ്ടി ജന ഹൃദയങ്ങളില്‍ ജീവിക്കുന്നുവെന്ന് കുറിച്ചാണ് സതീശന്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രസംഗം പങ്കുവച്ചത്.
‘ഉമ്മന്‍ ചാണ്ടി ഒരു കല്ല് മാത്രം ഇട്ടെന്ന സിപിഎം പ്രചാരണം പച്ചക്കള്ളം’; പുതുപ്പള്ളിയിലെത്തി വിന്‍സെന്റ്, പ്രാര്‍ഥനയോടെ വിഴിഞ്ഞത്തേക്ക്ചരിത്രത്തെ ബോധപൂര്‍വം മറക്കുകയും തിരുത്തി എഴുതാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകളെ പോലും ഭയപ്പെടുന്നവരാണ്. വിഴിഞ്ഞം തുറമുഖത്തിന് എല്ലാ ആശംസകളും നേരുന്നുവെന്നും സതീശന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പോര്‍ട്ട് ഓപ്പറേഷന്‍ സെന്റര്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം ബെര്‍ത്ത് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി 11നു തുറമുഖം രാജ്യത്തിനു സമര്‍പ്പിക്കും. പന്ത്രണ്ടോടെ മടങ്ങും. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രിമാരായ സര്‍ബാനന്ദ സോനോവാള്‍, ജോര്‍ജ് കുര്യന്‍, സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാരായ വി ശിവന്‍കുട്ടി, ജിആര്‍ അനില്‍, സജി ചെറിയാന്‍, എംപിമാരായ ശശി തരൂര്‍, അടൂര്‍ പ്രകാശ്, എഎ റഹിം, എം വിന്‍സന്റ് എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്‍, ഗൗതം അദാനി, കരണ്‍ അദാനി, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ വേദിയിലുണ്ടാകും.
Recent Comments