by Midhun HP News | May 2, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.
by Midhun HP News | May 2, 2025 | Latest News, കേരളം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റിനെ ചൊല്ലി രാഷ്ട്രീയപാര്‍ട്ടികള്‍ക്കിടയിലുള്ള തര്‍ക്കത്തിനിടെ പ്രതികരണവുമായി വിഴിഞ്ഞം തുറമുഖ എംഡി ദിവ്യ എസ് അയ്യര്‍ ഐഎഎസ്. നാടിനാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ്. എല്ലാവര്‍ക്കും എന്റേതാണ് എന്ന് പറയാന്‍ ഒരു ആഗ്രഹമുണ്ട്. ഈ കാലഘട്ടത്തിലാണ് ഇത് നിര്‍മിച്ചത് എന്നാകും ചരിത്രത്തില്‍ രേഖപ്പെടുത്തുക- ദിവ്യ എസ് അയ്യര്‍ അഭിപ്രായപ്പെട്ടു.
വിഴിഞ്ഞവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാം സൂചിപ്പിച്ച് കഴിഞ്ഞല്ലോയെന്നും ദിവ്യ പറഞ്ഞു. ആഹ്ലാദവും ആവേശവും ഒരേ തോതിലാണ്. ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാനാവുന്നതില്‍ സന്തോഷമുണ്ട്. ഇതില്‍ ഭാഗമാകാനായതില്‍ അഭിമാനവുമുണ്ട്. ഇപ്രാവശ്യം അവതാരകയല്ല. ഇന്ന് റീല്‍സൊന്നും ഉണ്ടാകില്ല. സംഘാടനത്തില്‍ ഒരുപാട് ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ ഉണ്ടെന്നും ദിവ്യ എസ് അയ്യര്‍ പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്തിന്റെ എംഡിയായി ചുമതലയേറ്റെടുത്ത ദിവസം തന്നെ ‘പോര്‍ട്‌സ് ഓഫ് ഏന്‍ഷ്യന്റ് ഇന്ത്യന്‍ ഓഷ്യന്‍’ എന്ന പുസ്തകമാണ് വാങ്ങിയത്. തുറമുഖങ്ങളുടെ ചരിത്രം പഠിച്ചു. സഹപ്രവര്‍ത്തകരുടെയും സര്‍ക്കാരിന്റെയും സഹകരണത്തോടെ ഓരോ പ്രശ്‌നങ്ങള്‍ക്കും സമചിത്തതയോടെ പരിഹാരം കണ്ടെത്തി. പ്രശ്‌നങ്ങളെയൊന്നും ഒഴിവാക്കിയിട്ടില്ല. പ്രശ്‌നങ്ങളെയും കൊണ്ടുള്ള യാത്രയാണ് ഇതെന്നും ദിവ്യ എസ് അയ്യര്‍ കൂട്ടിച്ചേര്‍ത്തു.
by Midhun HP News | May 2, 2025 | Latest News, കേരളം
തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിനു സമര്‍പ്പിക്കും. ഇതിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. രാവിലെ 6.30 മുതൽ ഉച്ചയ്ക്ക് 2.00 മണി വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള പ്രധാന റോഡുകളിലും സമീപമുള്ള ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. അത്തരത്തിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുന്നതുമാണ്.
റൂട്ടിന് തൊട്ടുമുമ്പായി പ്രധാന റോഡിൽ വന്നു ചേരുന്ന ഇടറോഡുകളിലെ വാഹന ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തുന്നതും ഗതാഗതം വഴിതിരിച്ചു വിടുന്നതുമാണ്. ഗതാഗത ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിലേക്ക് 9497930055, 04712558731 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാംഘട്ടത്തിന്റെ കമീഷനിങ് ആണ് വെള്ളിയാഴ്ച നടക്കുന്നത്. വിഴിഞ്ഞത്തേക്ക് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തും. രാവിലെ 9.30 മുതലാണ് പൊതുജനങ്ങളെ ചടങ്ങിലേക്ക് പ്രവേശിപ്പിക്കുന്നത്.
രാവിലെ 10.15നു ഹെലികോപ്റ്ററിലാകും പ്രധാനമന്ത്രി വിഴിഞ്ഞം തുറമുഖത്ത് എത്തുക. പോര്‍ട്ട് ഓപ്പറേഷന്‍ സെന്റര്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം ബെര്‍ത്ത് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി 11നു തുറമുഖം രാജ്യത്തിനു സമര്‍പ്പിക്കും. പന്ത്രണ്ടോടെ മടങ്ങും.
by Midhun HP News | May 2, 2025 | Latest News, കേരളം
ന്യൂഡല്‍ഹി: 10,12 ക്ലാസ്സുകളിലെ പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സിബിഎസ്ഇ. പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്ന തീയതി സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. ഔദ്യോഗികമായി ഒരു അറിയിപ്പും നല്‍കിയിട്ടില്ല. റിസള്‍ട്ട് ഇന്ന് പ്രഖ്യാപിക്കുമെന്ന തരത്തിലുള്ള മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും സിബിഎസ്ഇ ബോര്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.
പരീക്ഷാഫലം പ്രഖ്യാപിക്കുന്ന തീയതി മുന്‍കൂട്ടി പ്രഖ്യാപിക്കും. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും തെറ്റായ വാര്‍ത്തകളുടെ പിന്നാലെ പോകരുത്. റിസറ്#ട്ട് അടക്കമുള്ള വിവരങ്ങള്‍ അറിയാനായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in, cbseresults.nic.in, results.cbse.nic.in എന്നിവയില്‍ നിന്നുള്ള അപ്ഡേറ്റുകള്‍ മാത്രം ആശ്രയിക്കണമെന്നും സിബിഎസ്ഇ ബോര്‍ഡ് നിര്‍ദ്ദേശിച്ചു
10,12 ക്ലാസ്സുകളിലേക്ക് നടന്ന പരീക്ഷയുടെ ഫലം മെയ് മാസം രണ്ടാമത്തെ ആഴ്ചയോടെ പ്രസിദ്ധീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം മെയ് 13 നാണ് ഫലം പ്രഖ്യാപിച്ചത്. ഈ വര്‍ഷം 10,12 ക്ലാസ്സുകളിലായി 44 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് സിബിഎസ്ഇ പരീക്ഷ എഴുതിയിട്ടുള്ളത്.
by Midhun HP News | May 2, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വര്‍ണവില ഇന്നും കുറഞ്ഞു. പവന് ഇന്നലെ ഒറ്റയടിക്ക് 1640 രൂപയാണ് കുറഞ്ഞത്. ഇന്ന് 160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 70,040 രൂപയായി. ഗ്രാമിന് ആനുപാതികമായി 20 രൂപ കുറഞ്ഞു. 8755 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പത്തുദിവസത്തിനിടെ പവന് 4000ലധികം രൂപയാണ് കുറഞ്ഞത്.
സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ഏപ്രില്‍ 23 മുതലാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്. ഈ മാസം 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. പത്തുദിവസത്തിനിടെ 4000ലധികം രൂപ വര്‍ധിച്ച ശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. ആറുദിവസത്തിനിടെ 2800 രൂപ കുറഞ്ഞ ശേഷം കഴിഞ്ഞ ദിവസം പവന് 320 രൂപ വര്‍ധിച്ചിരുന്നു. എന്നാല്‍ ഇന്നലെ മുതല്‍ വീണ്ടും സ്വര്‍ണവില ഇടിയുകയായിരുന്നു.
രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഇപ്പോഴും ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
by Midhun HP News | May 1, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. അഞ്ച് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കേരളത്തില്‍ പല ഇടങ്ങളിലായി ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കന്യാകുമാരി തീരത്ത് നാളെ (02/05/2025) രാവിലെ 02.30 മുതല്‍ രാത്രി 11.30 വരെ 1.0 മുതല്‍ 1.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും നിര്‍ദേശമുണ്ട്.
Recent Comments