സ്വപ്ന അഴിമതിക്കാരുടെ പട്ടികയിലുള്ളയാള്‍, ഏറെക്കാലമായി വിജിലന്‍സ് നിരീക്ഷണത്തില്‍, ഓഫീസിലും പരിശോധന

സ്വപ്ന അഴിമതിക്കാരുടെ പട്ടികയിലുള്ളയാള്‍, ഏറെക്കാലമായി വിജിലന്‍സ് നിരീക്ഷണത്തില്‍, ഓഫീസിലും പരിശോധന

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ കൊച്ചി കോര്‍പ്പറേഷനിലെ ബില്‍ഡിങ് ഓഫീസര്‍ സ്വപ്നയുടെ ഓഫീസില്‍ വിജിലന്‍സ് പരിശോധന. വൈറ്റില സോണല്‍ ഓഫീസില്‍ ഗസറ്റഡ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലാണ് പരിശോധന നടക്കുന്നത്.

സമീപകാലത്ത് സ്വപ്ന അനുവദിച്ച കെട്ടിട നിര്‍മാണ പെര്‍മിറ്റുകളുടെ പൂര്‍ണ്ണവിവരം ശേഖരിക്കുകയാണ് വിജിലന്‍സ് സംഘത്തിന്റെ ലക്ഷ്യം. അഴിമതിക്കാരുടെ പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തിയാണ് സ്വപ്നയെന്നാണ് വിജിലന്‍സ് എസ്.പി. വ്യക്തമാക്കിയത്. ഏറെക്കാലമായി ഇവര്‍ വിജിലന്‍സ് നിരീക്ഷണത്തിലായിരുന്നു. ഇന്നലെ സ്വപ്നയുടെ തൃശ്ശൂരിലെ വീട്ടിലും വിജിലന്‍സ് പരിശോധന നടത്തിയിരുന്നു.

ഓപ്പറേഷന്‍ സ്പോട്ട് ട്രാപ്പിന്റെ ഭാഗമായി എറണാകുളം മധ്യമേഖല വിജിലന്‍സ് യൂണിറ്റ് ഒരുക്കിയ കെണിയിലാണ് സ്വപ്ന കുടുങ്ങിയത്. കെട്ടിടത്തിന്റെ പെര്‍മിറ്റ് അനുവദിക്കുന്നതിന് ആദ്യം 50000 രൂപ കൈക്കൂലി ആവശ്യപ്പെട്ട സ്വപ്ന പരാതിക്കാരന്റെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് 15000 രൂപയാക്കി കുറച്ചു. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ വൈറ്റില വൈലോപ്പിള്ളി റോഡിലെ പൊന്നുരുന്നി അമ്പലത്തിനു സമീപം, സ്വന്തം കാറില്‍ പണം വാങ്ങുന്നതിനായി എത്തിയപ്പോഴാണ് സ്വപ്നയെ വിജിലന്‍സ് പിടികൂടിയത്. പരിശോധനയില്‍ കാറില്‍ നിന്നും 41,180 രൂപ കണ്ടെത്തിയിരുന്നു.

അപകടക്കെണിയായി മീരാൻകടവ് റോഡ്

അപകടക്കെണിയായി മീരാൻകടവ് റോഡ്

കടയ്ക്കാവൂർ: ഏറെ നാളത്തെ പ്രതിഷേധത്തിനും സമരങ്ങൾക്കുമൊടുവിലാണ് മീരാൻകടവ് പാലത്തിൽ നിന്ന് വക്കം മാടൻനടയിലേയ്ക്ക് പോകുന്ന 200 മീറ്റർ ദൈർഘ്യം വരുന്ന അപ്രോച്ച് റോഡ് നിർമ്മാണം ആരംഭിച്ചത്. വർഷങ്ങളായി ആലംകോട് മീരാൻകടവ് റോഡ് പുനർനിർമ്മിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞയാഴ്ചയാണ് മീരാൻകടവിലേക്ക് പ്രവേശിക്കുന്ന അപ്രോച്ച് റോഡ് ഉയരം കൂട്ടി ആദ്യഘട്ട ടാറിംഗ് പണികൾ പൂർത്തീകരിച്ചത്.

റോഡിന്റെ സംരക്ഷണ തൂണുകൾ കഴിഞ്ഞുള്ള റോഡിന്റെ വശങ്ങളിൽ വൻ താഴ്ചയാണ്. ഈ ഭാഗത്ത് നിരവധി വീടുകളുണ്ട്. അപ്രോച്ച് റോഡ് തുടങ്ങുന്ന ഭാഗം 5 മീറ്ററിൽ തുടങ്ങി പാലമെത്തുന്ന ഭാഗം 12 മീറ്റർ വരെ ഉയരത്തിലാണ് മുമ്പുണ്ടായിരുന്നത്. റോഡിന്റെ ഉയരം വർദ്ധിച്ചതോടെ നിലവിൽ റോഡ് തുടങ്ങുന്ന ഭാഗം 5 സെന്റീമീറ്ററിൽ തുടങ്ങി പാലത്തിലെത്തുമ്പോൾ 8 സെന്റീമീറ്റർ മാത്രമാണ് സംരക്ഷണ തൂണുകളുടെ ഉയരം.അവസാനഘട്ട ടാറിംഗ് പൂർത്തീകരിക്കുന്നതോടെ ഇനിയും സംരക്ഷണ തൂണുകളുടെ ഉയരം കുറയുകയും റോഡിന് സമാനമായി മാറുകയും ചെയ്യും.

അതോടെ ഇതുവഴിയുള്ള യാത്ര അപകടം നിറഞ്ഞതാകും. റോഡിന്റെ നിലവിലുള്ള സംരക്ഷണ തൂണുകളുടെ ഉയരം വർദ്ധിപ്പിച്ച് സംരക്ഷണ കവചം സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

ഒറ്റയടിക്ക് ഇടിഞ്ഞത് 1640 രൂപ; സ്വര്‍ണവില 71,000ല്‍ താഴെ

ഒറ്റയടിക്ക് ഇടിഞ്ഞത് 1640 രൂപ; സ്വര്‍ണവില 71,000ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. പവന് ഇന്ന് ഒറ്റയടിക്ക് 1640 രൂപയാണ് കുറഞ്ഞത്. 70,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 205 രൂപയാണ് കുറഞ്ഞത്. 8775 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ഏപ്രില്‍ 23 മുതലാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്. ഈ മാസം 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. പത്തുദിവസത്തിനിടെ 4000ലധികം രൂപ വര്‍ധിച്ച ശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. ആറുദിവസത്തിനിടെ 2800 രൂപ കുറഞ്ഞ ശേഷം കഴിഞ്ഞ ദിവസം പവന് 320 രൂപ വര്‍ധിച്ചിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും സ്വര്‍ണവില കനത്ത ഇടിവ് നേരിടുകയായിരുന്നു.

രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഇപ്പോഴും ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

സര്‍ക്കാര്‍ ജോലികള്‍ക്ക് ഉന്തിയ പല്ല് ഇനി അയോഗ്യതയല്ല; മന്ത്രിസഭാ തീരുമാനം

സര്‍ക്കാര്‍ ജോലികള്‍ക്ക് ഉന്തിയ പല്ല് ഇനി അയോഗ്യതയല്ല; മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: കായിക പരിശോധനയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്ന സര്‍ക്കാര്‍ ജോലികള്‍ക്ക് ഇനി ഉന്തിയ പല്ല് അയോഗ്യതയാവില്ല. ആഭ്യന്തരം, വനം- വന്യജീവി, ഗതാഗതം, എക്‌സൈസ് എന്നി വകുപ്പുകളിലെ യൂണിഫോം ഉപയോഗിക്കുന്ന തസ്തികകളില്‍ ഉന്തിയ പല്ലിന്റെ പേരിലുള്ള അയോഗ്യത ഒഴിവാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

മറ്റെല്ലാ യോഗ്യതകളുണ്ടെങ്കിലും ഉന്തിയപല്ലിന്റെ പേരില്‍ ഉദ്യോഗാര്‍ഥികളെ പുറത്താക്കുന്നത് സംബന്ധിച്ച് ഒട്ടേറെ പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതത് വകുപ്പുകളില്‍ ഇതുസംബന്ധിച്ച് വിശേഷാല്‍ ചട്ടങ്ങളിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

ജി എസ് ടി യിലെ സംസ്ഥാനവിഹിതം, റോയല്‍റ്റി ഒഴിവാക്കും

ഭാവിയില്‍ ദേശീയ പാതാ അതോറിറ്റി കേരളത്തില്‍ നടപ്പിലാക്കുന്ന എല്ലാ പദ്ധതികള്‍ക്കും നിര്‍മ്മാണ വസ്തുക്കളുടെ ജിഎസ്ടി യിലെ സംസ്ഥാനവിഹിതം, റോയല്‍റ്റി എന്നിവ ഒഴിവാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കേരളത്തിന്റെ വികസനത്തിന് ദേശീയ പാത വികസന പദ്ധതികളും പുതിയ ദേശീയപാതകളും അനിവാര്യമാണ് എന്നാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്. ഇത് സംബന്ധിച്ച വിശദമായ നിര്‍ദേശം കേന്ദ്ര ഉപരിതല ഗതാഗതവകുപ്പു മന്ത്രിക്കു സമര്‍പ്പിച്ചിരുന്നു. സംസ്ഥാനത്തിന്റെ കൂടി പങ്കാളിത്തം ഇത്തരം പദ്ധതികളില്‍ വേണമെന്ന ആവശ്യം മന്ത്രി തന്നെ മുന്നോട്ട് വെച്ചിട്ടുണ്ട്. ഈ വിഷയം പരിശോധിക്കുകയും വരാനിരിക്കുന്ന ദേശീയപാതാ പ്രവൃത്തികളില്‍ കൂടി സംസ്ഥാനത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.

അമ്മ ചക്ക മുറിക്കുന്നതിനിടെ കാല്‍വഴുതി, എട്ട് വയസുകാരന് ദാരുണാന്ത്യം

അമ്മ ചക്ക മുറിക്കുന്നതിനിടെ കാല്‍വഴുതി, എട്ട് വയസുകാരന് ദാരുണാന്ത്യം

കാസര്‍കോട്: ചക്ക മുറിക്കുന്നതിനിടെ അബദ്ധത്തില്‍ കത്തിയിലേക്ക് വീണ് എട്ട് വയസുകാരന് ദാരുണാന്ത്യം. പാടി കാസര്‍കോട് വിദ്യാനഗറിലാണ് ദാരുണ സംഭവം. ബെള്ളൂറടുക്ക സ്വദേശി സുലേഖയുടെ മകന്‍ ഹുസൈന്‍ ഷഹബാസ് ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.

വിദ്യാനഗര്‍ പാടിയില്‍ ഉമ്മ ചക്ക മുറിക്കുന്നതിനിടെ കുട്ടി കത്തിയ്ക്ക് മുകളിലേക്ക് വീഴുകയായിരുന്നു. കളിക്കുന്നതിനിടെ കാല്‍ തെന്നിയാണ് കുട്ടി കത്തിയ്ക്ക് മുകളിലേക്ക് വീണത്. കുട്ടിയുടെ നെഞ്ചിന്റെ ഇടത് ഭാഗത്ത്ആഴത്തിലുള്ള മുറിവേറ്റു. ഷഹബാസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൊടുവാള്‍ ഘടിപ്പിച്ചുവെച്ച പലകയില്‍ വെച്ചാണ് ചക്ക മുറിക്കുന്നത്. ഇതിലേക്കാണ് കുട്ടി വീണത്. ഇരട്ടക്കുട്ടികളിലൊരാളാണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഇവി വാഹനങ്ങളോട് നോ പറഞ്ഞ് കേരളം, സംസ്ഥാനത്തെ വില്‍പ്പന പ്രതിസന്ധിയില്‍

ഇവി വാഹനങ്ങളോട് നോ പറഞ്ഞ് കേരളം, സംസ്ഥാനത്തെ വില്‍പ്പന പ്രതിസന്ധിയില്‍

കൊല്ലം: കേരളത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന പ്രതിസന്ധിയില്‍. ഉയര്‍ന്ന ചെലവുകള്‍, അപര്യാപ്തമായ ചാര്‍ജിങ് സൗകര്യങ്ങള്‍, സര്‍ക്കാരിന്റെ പിന്തുണയില്ലായ്മ തുടങ്ങിയ കാരണങ്ങളാല്‍ ഇവി വാഹനങ്ങളുടെ സ്വീകാര്യത ഗണ്യമായി കുറഞ്ഞു.

കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന 2023 ല്‍ 75,808 ഇവി വാഹനങ്ങളാണ് വിറ്റു പോയതെങ്കില്‍ 2024 ആയപ്പോള്‍ 60,345 ആയി കുറയുകയാണ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇവി വാഹന വില്‍പ്പനയില്‍ കേരളം മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പത്താം സ്ഥാനത്തായിരുന്നു. ഈ വര്‍ഷം അത് പതിനൊന്നാം സ്ഥാനത്തായി. ഈ വര്‍ഷം ഏപ്രില്‍ വരെ 7,906 ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമേ വിറ്റഴിക്കപ്പെട്ടിട്ടുള്ളൂ. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 29,892 വാഹനങ്ങളാണ് വിറ്റഴിച്ചത്.

ചിലവ് വര്‍ധനവ്, അപര്യാപ്തമായ ചാര്‍ജിങ് സൗകര്യം, സര്‍ക്കാരിന്റെ പിന്തുണയില്ലായ്മ എന്നിവയെല്ലാം ഇവി വില്‍പ്പനയില്‍ കുറവുണ്ടാകാന്‍ കാരണമാണെന്ന് വ്യവസായ വിദഗ്ധര്‍ പറയുന്നു. ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കുന്നത് കെഎസ്ഇബിയുടെ അനുമതി ആവശ്യമാണ്. അനുമതി കിട്ടാന്‍ പലപ്പോഴും വൈകാറുമുണ്ട്. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് പലപ്പോഴും പിന്തിരിപ്പന്‍ രീതിയാണുണ്ടാകാറുള്ളതെന്നും സര്‍ക്കാരും ഇതില്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്നും ഇലക്ട്രിക് വെഹിക്കിള്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് റെജിമോന്‍ പറയുന്നു. കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ നികുതി രഹിതമായി ഇവികള്‍ നല്‍കുമ്പോള്‍ കേരളത്തില്‍ നികുതി ഉയര്‍ത്തുകയാണെന്നും റെജിമോന്‍ പറയുന്നു. കെഎസ്ബി മതിയായ വോള്‍ട്ടേജ് പോരെന്ന് പറഞ്ഞ് ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കാന്‍ ആവശ്യപ്പെടുന്നു. അതിനായി വലിയ ചിലവും വരുന്നുവെന്ന് അദ്ദേഹം പറയുന്നു.

ഇവി വാഹനങ്ങളുടെ വില പെട്രോള്‍ വാഹനങ്ങളുടെ വിലയ്ക്ക് തുല്യമാകുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അടുത്തിടെ പറഞ്ഞിരുന്നു. ചാര്‍ജിങ് സ്‌റ്റേഷനുകളിലേയും ഉദ്യോഗസ്ഥ തലങ്ങളിലേയും പ്രശ്‌നങ്ങള്‍ ഗുരുതരമായ ആശങ്കയായി ഇപ്പോഴും തുടരുന്നുവെന്ന് കേരളത്തിലെ ഇലക്ട്രിക് ചാര്‍ജിങ് ശൃംഖലയായ ജിഒഇസിയുടെ ജനറല്‍ മാനേജര്‍ ജോയല്‍ യോഹന്നാന്‍ പറയുന്നു.