50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു; കോര്‍പ്പറേഷന്‍ ബില്‍ഡിങ് ഓഫീസര്‍ നടുറോഡില്‍ അറസ്റ്റില്‍

50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു; കോര്‍പ്പറേഷന്‍ ബില്‍ഡിങ് ഓഫീസര്‍ നടുറോഡില്‍ അറസ്റ്റില്‍

കൊച്ചി: എന്‍ജിനിയറിങ് കണ്‍സള്‍ട്ടന്‍സി സ്ഥാപന ഉടമയില്‍നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോര്‍പ്പറേഷനിലെ ബില്‍ഡിങ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍. ഓപ്പറേഷന്‍ സ്പോട്ട് ട്രാപ്പിന്റെ ഭാഗമായി എറണാകുളം മധ്യമേഖല വിജിലന്‍സ് യൂണിറ്റ് ഒരുക്കിയ കെണിയില്‍ കോര്‍പ്പറേഷന്‍ വൈറ്റില സോണല്‍ ഓഫീസിലെ ബില്‍ഡിങ് സെക്ഷന്‍ ഓവര്‍സിയറായ തൃശ്ശൂര്‍ മണ്ണുത്തി പൊള്ളന്നൂര്‍ സ്വദേശിനി സ്വപ്നയാണ് പിടിയിലായത്.

ഇന്നലെ വൈകുന്നേരം 5-ന് വൈറ്റില വൈലോപ്പിള്ളി റോഡിലെ പൊന്നുരുന്നി അമ്പലത്തിനു സമീപം സ്വന്തം കാറില്‍ ഇവര്‍ പണം വാങ്ങാന്‍ എത്തിയപ്പോഴാണ് വിജിലന്‍സ് സംഘം കാര്‍ വളഞ്ഞ് പിടികൂടിയത്.

ജനുവരിയില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനായി പരാതിക്കാരന്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നുവെന്ന് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ എസ്പി എസ്. ശശിധരന്‍ പറഞ്ഞു. കാരണമില്ലാതെ സ്വപ്ന ഇയാളുടെ അപേക്ഷ തടഞ്ഞുവെച്ചെന്നാണ് ആരോപണം. അപേക്ഷയ്ക്കായി വീണ്ടും സമീപിപിച്ചപ്പോള്‍ ഫയല്‍ നീക്കത്തിന് 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് പരാതിക്കാരന്‍ സമീപിക്കുകയായിരുന്നുവെന്നും എസ്പി പറഞ്ഞു.

വിഎസിബിയുടെ നിര്‍ദ്ദേശപ്രകാരം കെമിക്കല്‍ മാര്‍ക്കറുകള്‍ പുരട്ടിയ കറന്‍സി നോട്ടുകള്‍ ഉപയോഗിച്ച് കൈക്കൂലി തുക കൈമാറാന്‍ പരാതിക്കാരനോട് പറഞ്ഞു. തുടര്‍ന്ന് കൈക്കൂലി വാങ്ങുന്നതിനിടെ സ്വപ്നയെ പിടികൂടുകയായിരുന്നു. ഉദ്യോഗസ്ഥയെ പിന്നീട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. കൈക്കൂലി കേസില്‍ വിഎസിബി പിടിക്കുന്ന കൊച്ചി കോര്‍പ്പറേഷനില്‍ നിന്നുള്ള എട്ടാമത്തെ ഉദ്യോഗസ്ഥയാണ് സ്വപ്ന.

എടിഎം ഇടപാട്; ഇന്നുമുതല്‍ ഫീസ് വര്‍ധന, വിശദാംശങ്ങള്‍

എടിഎം ഇടപാട്; ഇന്നുമുതല്‍ ഫീസ് വര്‍ധന, വിശദാംശങ്ങള്‍

എടിഎം ഇടപാടുമായി ബന്ധപ്പെട്ട് ആര്‍ബിഐ വര്‍ധിപ്പിച്ച ഫീസ് ഇന്നുമുതല്‍ (വ്യാഴാഴ്ച) പ്രാബല്യത്തില്‍. ബാങ്ക് എടിഎമ്മില്‍ സൗജന്യ ഇടപാടിനുള്ള പ്രതിമാസപരിധി കഴിഞ്ഞുള്ള ഓരോ ഇടപാടിനും ഇന്നുമുതല്‍ 23 രൂപയും ജിഎസ്ടിയും നല്‍കണം. നിലവിലെ 21 രൂപയില്‍ നിന്നു രണ്ടു രൂപയാണ് വര്‍ധന.

സൗജന്യ പരിധിക്കുശേഷമുള്ള പണം പിന്‍വലിക്കല്‍, നിക്ഷേപിക്കല്‍, ബാലന്‍സ് പരിശോധന, മിനി സ്റ്റേറ്റ്‌മെന്റ് തുടങ്ങിയ ഇടപാടുകള്‍ക്കുള്ള ഇന്റര്‍ചേഞ്ച് ഫീസാണ് വര്‍ധിപ്പിച്ചത്. ഓരോ മാസവും സ്വന്തം ബാങ്ക് എടിഎമ്മുകളില്‍ അഞ്ചു ഇടപാടുകളാണു സൗജന്യം. ഇതിനു പുറമേ, ഇതര ബാങ്ക് എടിഎമ്മുകളില്‍ മെട്രോ നഗരങ്ങളില്‍ മൂന്നും മറ്റു സ്ഥലങ്ങളില്‍ അഞ്ചും ഇടപാടുകള്‍ സൗജന്യമാണ്. ഇതിനുശേഷമുള്ള ഇടപാടുകള്‍ക്കാണു നിരക്കു കൂടുന്നത്. എടിഎം കൗണ്ടറുകളുടെ നടത്തിപ്പിനും സെക്യൂരിറ്റി സംവിധാനങ്ങള്‍ നടപ്പാക്കുന്നതിനും വലിയ ചെലവ് വരുന്നുണ്ടെന്ന ബാങ്കുകളുടെ അഭ്യര്‍ഥന മാനിച്ചാണ് ആര്‍ബിഐ നിരക്ക് വര്‍ധനയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത്.

പുതിയ പരിഷ്‌കാരം എടിഎം കൗണ്ടര്‍ വഴി പണം പിന്‍വലിക്കുന്നവര്‍ക്ക് ചെലവ് വര്‍ദ്ധിപ്പിക്കാനിടയാക്കും. യുപിഐ പോലുള്ള ഡിജിറ്റല്‍ പണമിടപാടുകള്‍ ഉപയോഗിക്കുന്നത് വ്യാപകമാക്കുകയും എടിഎം കൗണ്ടറുകള്‍ വഴിയുള്ള ഇടപാടുകള്‍ ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്ന രീതിയിലേക്ക് മാറുകയും ചെയ്യും. മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗത്തില്‍ സൗജന്യ പരിധിക്കുശേഷം ഈടാക്കുന്ന തുകയാണ് ഇന്റര്‍ചേഞ്ച് ഫീസ്. ഈ തുക ബാങ്കുകള്‍ തമ്മില്‍ കൈമാറുകയാണ് പതിവ്. ഇതാണ് വര്‍ധിപ്പിച്ചത്.

അഭിഭാഷക ജിസ്മോളും മക്കളും ആറ്റിൽ ചാടി മരിച്ച സംഭവം; ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ

അഭിഭാഷക ജിസ്മോളും മക്കളും ആറ്റിൽ ചാടി മരിച്ച സംഭവം; ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ

കോട്ടയം ഏറ്റുമാനൂരിൽ അഭിഭാഷക ജിസ്മോളും മക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ജിമ്മിയും ഭർതൃ പിതാവ് ജോസഫും അറസ്റ്റിൽ. മൊബൈൽ ഫോൺ പരിശോധനയിൽ നിർണായക തെളിവുകൾ കണ്ടെത്തിയതോടെയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്

ഇന്ന് ഉച്ചയോടെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനുശേഷമാണ് ഇവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ജിസ്മോൾ ഗാർഹിക പീഡനത്തിന് ഇരയായെന്ന് വ്യക്തമാക്കുന്ന ശബ്ദ സന്ദേശങ്ങൾ പൊലീസിന് ലഭിച്ചു.

ജിമ്മിയുടെ മാതാവിനെതിരെയും മൂത്ത സഹോദരിക്കെതിരെയും ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇവർക്കെതിരെയും ചില തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഏപ്രിൽ 15നാണ് അയർകുന്നം നീറിക്കാടിന് സമീപം മീനച്ചിലാറ്റിൽ ചാടി ജിസ്മോളും മക്കളായ നേഹയും നോറയും ആത്മഹത്യ ചെയ്തത്. കേസിൽ അന്വേഷണം ആവശ്യപ്പെട്ട് ഇന്നലെ, മുഖ്യമന്ത്രിക്ക് ജിസ് മോളുടെ കുടുംബം പരാതി നൽകിയിരുന്നു. നിറത്തിന്റെ പേരിലും സ്ത്രീധനത്തിന്റെ പേരിലും ജിസ് മോൾ നിരന്തരം പീഡനത്തിനിരയായി എന്നായിരുന്നു കുടുംബത്തിന്റെ പരാതി.

വാങ്ങിയത് ‘ഒറിജിനല്‍’ എല്‍എസ്ഡി സ്റ്റാമ്പുകള്‍, പരിശോധനാഫലം വന്നപ്പോള്‍ ലിവിയയും ഞെട്ടി; വ്യാജന്‍ നല്‍കിയത് ആഫ്രിക്കക്കാര്‍

വാങ്ങിയത് ‘ഒറിജിനല്‍’ എല്‍എസ്ഡി സ്റ്റാമ്പുകള്‍, പരിശോധനാഫലം വന്നപ്പോള്‍ ലിവിയയും ഞെട്ടി; വ്യാജന്‍ നല്‍കിയത് ആഫ്രിക്കക്കാര്‍

തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീലാ സണ്ണിയെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഷീലാ സണ്ണിയുടെ ബാഗിലും സ്‌കൂട്ടറിലും യഥാര്‍ഥ എല്‍എസ്ഡി സ്റ്റാമ്പുകള്‍ വെച്ച് കുടുക്കാനാണ് പ്രതികള്‍ ലക്ഷ്യമിട്ടിരുന്നതെന്ന് പൊലീസ് പറയുന്നു. ബംഗളൂരുവിലെ ആഫ്രിക്കക്കാരില്‍ നിന്ന് പതിനായിരം രൂപ നല്‍കിയാണ് സ്റ്റാമ്പ് വാങ്ങിയത്. എന്നാല്‍ പരിശോധനാഫലം പുറത്തുവന്നപ്പോഴാണ് വ്യാജന്‍ നല്‍കി പറ്റിക്കുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞതെന്ന് മുഖ്യപ്രതി നാരായണ ദാസിന്റെ മൊഴിയില്‍ പറയുന്നു.

കേസില്‍ അറസ്റ്റിലായ നാരായണ ദാസ് കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. ഷീലാ സണ്ണിയുടെ മകന്റെ ഭാര്യയുടെ സഹോദരിയും നാരായണ ദാസിന്റെ സുഹൃത്തുമായ ലിവിയയാണ് എല്‍എസ്ഡി സ്റ്റാമ്പുകള്‍ വാങ്ങിയതും ഷീലാ സണ്ണിയുടെ ബാഗിലും സ്‌കൂട്ടറിലും ഒളിപ്പിച്ചതും എന്നും നാരായണ ദാസ് മൊഴി നല്‍കിയിട്ടുണ്ട്. ബംഗളൂരുവിലെ ആഫ്രിക്കക്കാരില്‍നിന്ന് പതിനായിരം രൂപ നല്‍കിയാണ് ലിവിയ സ്റ്റാമ്പ് വാങ്ങിയത്. എന്നാല്‍ വ്യാജന്‍ നല്‍കി ലിവിയയെ പറ്റിക്കുകയായിരുന്നുവെന്ന് പരിശോധനാഫലം പുറത്തുവന്നപ്പോഴാണ് മനസ്സിലായതെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.

സഹോദരിക്കുണ്ടായ അവഗണനയ്ക്ക് പ്രതികാരമായാണ് ലിവിയ ഇതു ചെയ്തതെന്നും മൊഴിയിലുണ്ട്. ഷീലാ സണ്ണിയുടെ വീട്ടില്‍ തലേദിവസം തന്നെ എത്തിയ ലിവിയ സ്റ്റാമ്പ് ബാഗിലും സ്‌കൂട്ടറിലും ഒളിപ്പിച്ചശേഷം ഫോട്ടോ എടുത്ത് നാരായണ ദാസിന് നല്‍കിയിരുന്നു. ഈ ഫോട്ടോ സഹിതമാണ് നാരായണ ദാസ് എക്സൈസിന് വിവരം നല്‍കിയതെന്നും പൊലീസ് പറയുന്നു.

ഏറെ നാളായി ഒളിവിലായിരുന്ന നാരായണ ദാസിനെ പ്രത്യേകാന്വേഷണ സംഘം ബംഗളൂരുവില്‍ നിന്നാണ് പിടികൂടിയത്. ചൊവ്വാഴ്ച കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി ഓഫീസില്‍ അറസ്റ്റ് രേഖപ്പെടുത്തി. വൈകീട്ട് ചാലക്കുടി ഒന്നാംക്ലാസ് മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഭവത്തിലും ഗൂഢാലോചനയിലും നാരായണ ദാസിനു പങ്കുള്ളതായി വ്യക്തമായതായി ഡിവൈഎസ്പി വി കെ രാജു പറഞ്ഞു.

ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. ബി എ ആളൂര്‍ അന്തരിച്ചു

ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. ബി എ ആളൂര്‍ അന്തരിച്ചു

തൃശൂര്‍: ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ.ബി എ ആളൂര്‍ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ എറണാകുളം ലിസി ആശുപത്രിയിലായിരുന്നു അന്ത്യം. തൃശൂര്‍ എരുമപ്പെട്ടി സ്വദേശിയാണ് ബിജു ആന്റണി ആളൂര്‍ എന്ന ബി എ ആളൂര്‍.

സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയ്ക്ക് വേണ്ടി ഹാജരായതോടെയാണ് ആളൂര്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. ഇലന്തൂര്‍ ഇരട്ട നരബലി കേസിലും കൂടത്തായി കേസിലും പ്രതിഭാഗം അഭിഭാഷകനായിരുന്നു. ഇതിനെല്ലാം പുറമേ പ്രമാദമായ മറ്റു നിരവധി കേസുകളിലും പ്രതിഭാഗത്തിനായി കോടതിയില്‍ ഹാജരായിട്ടുണ്ട്.

ഓട്ടോ ഡ്രൈവറുടെ കൊലപാതകം, ഭാര്യ അറസ്റ്റിൽ

ഓട്ടോ ഡ്രൈവറുടെ കൊലപാതകം, ഭാര്യ അറസ്റ്റിൽ

കണ്ണൂർ: കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. മരിച്ച രാധാകൃഷ്ണന്റെ ഭാര്യ മാതമംഗലം സ്വദേശി മിനി നമ്പ്യാരാണ് അറസ്റ്റിലായത്. ഒന്നാംപ്രതി സന്തോഷുമായി ഭർത്താവ് രാധാകൃഷ്ണനെ കൊല്ലാൻ മിനി ഗൂഢാലോചന നടത്തിയെന്ന കേസിലാണ് മിനിയെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മൂന്നാം പ്രതിയാണ് മിനി.

മാര്‍ച്ച് 20നാണ് കൊലപാതകം നടന്നത്. കൈതപ്രത്ത് പുതുതായി പണിയുന്ന വീടിനുള്ളില്‍ വെച്ച് രാധാകൃഷ്ണനെ സന്തോഷ് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. അന്വേഷണത്തിൽ മിനി കൊലപാതകത്തിന് മുമ്പും ശേഷവും ഒന്നാം പ്രതി സന്തോഷിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മിനി നമ്പ്യാരും സന്തോഷും നേരത്തെ സുഹൃത്തുക്കളായിരുന്നുവെന്നും, മിനിയുടെ ഭർത്താവ് രാധാകൃഷ്ണവുമായി സന്തോഷിന് വ്യക്തിപരമായി പ്രശ്നങ്ങളുണ്ടായിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

മുൻകൂട്ടി തയ്യാറാക്കിയ ഗൂഢാലോചനയുടെ ഭാഗമായാണ് പ്രതികൾ രാധാകൃഷ്ണനെ കാത്തിരുന്ന് വകവരുത്തിയതെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. രാധാകൃഷ്ണനെ കൊലപ്പെടുത്തുന്നതിന് മുമ്പ് സന്തോഷ് എയർഗണ്ണുമായി നിൽക്കുന്ന ചിത്രം തന്‍റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത മിനിയെ ചോദ്യം ചെയ്യലിന് ശേഷം പയ്യന്നൂര്‍ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസില്‍ സന്തോഷിനെയും തോക്ക് നല്‍കിയ സജോ ജോസഫിനെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു