വെള്ളിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴ; ശക്തമായ കാറ്റ്, ജാഗ്രത

വെള്ളിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴ; ശക്തമായ കാറ്റ്, ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനുള്ള സാധ്യതയുമുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

അതിരപ്പിള്ളി പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ കെഎസ്ഇബി; പഠനസമിതിയെ നിയോഗിച്ചു

അതിരപ്പിള്ളി പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ കെഎസ്ഇബി; പഠനസമിതിയെ നിയോഗിച്ചു

കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ, പരിസ്ഥിതി പ്രവര്‍ത്തകരുടെ എതിര്‍പ്പ് അവഗണിച്ച് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ കെഎസ്ഇബി. അതിരപ്പിള്ളി പദ്ധതി ടൂറിസം പദ്ധതിയായി പരിഷ്‌കരിക്കാനും ആദിവാസി സ്‌കൂള്‍, ആദിവാസി ഗ്രാമം, പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയുള്‍പ്പെടെയുള്ള സൗകര്യങ്ങളുടെ വികസനത്തിനായി ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനുമാണ് കെഎസ്ഇബി ഉന്നതതല യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നത്.

പരിസ്ഥിതി പ്രവര്‍ത്തകരുടെയും ആദിവാസി സമൂഹത്തിന്റെയും പ്രതിഷേധത്തെത്തുടര്‍ന്ന് ഒരു പതിറ്റാണ്ട് മുമ്പ് നിര്‍ത്തിവച്ചിരുന്നതാണ് 163 മെഗാവാട്ട് അതിരപ്പിള്ളി പദ്ധതി.

സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഹ്യൂമന്‍ സെറ്റില്‍മെന്റ്‌സ് (സി-എര്‍ത്ത്) മലങ്കര അണക്കെട്ട്, ഇടുക്കി അണക്കെട്ട്, ബാണാസുരസാഗര്‍ അണക്കെട്ട് എന്നിവിടങ്ങളിലെ ടൂറിസം വികസനത്തെക്കുറിച്ച് 2025 ജനുവരി 17 ന് ബോര്‍ഡിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ നിര്‍ദേശം ഉയര്‍ന്നതായി, ഏപ്രില്‍ 24 ന് കെഎസ്ഇബി പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു.

മാര്‍ച്ച് 8 ന് നടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഡയറക്ടര്‍ (ജനറേഷന്‍) ആണ് ഈ നിര്‍ദ്ദേശം അവതരിപ്പിച്ചത്. മാര്‍ച്ച് 19 ന് മുഴുവന്‍ സമയ ഡയറക്ടര്‍മാരുടെ യോഗം അതിരപ്പിള്ളി പദ്ധതി പുനരുജ്ജീവിപ്പിക്കുന്നതിന് അനുമതി നല്‍കാനുള്ള പ്രമേയം പാസാക്കി. സി-എര്‍ത്തിന്റെ നിര്‍ദ്ദേശം പഠിക്കാന്‍ കെഎസ്ഇബി ഒരു ചീഫ് എഞ്ചിനീയറെ നിയമിച്ചു. ഏപ്രില്‍ 28 ന് കെഎസ്ഇബി ആസ്ഥാനത്ത് നടന്ന യോഗത്തിലും ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു.

സംസ്ഥാനത്തെ ആദ്യത്തെ സംയോജിത ടൂറിസം, വൈദ്യുതി ഉല്‍പാദന പദ്ധതി എന്ന നിലയില്‍ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ച് കെഎസ്ഇബി ഒരു പ്രായോഗികതാ പഠനം നടത്തിവരികയാണെന്ന് കെഎസ്ഇബി ചെയര്‍മാന്‍ ബിജു പ്രഭാകര്‍ പ്രസ്താവനയില്‍ അറിയിച്ചു. ‘പഠനത്തിന്റെ അടിസ്ഥാനത്തില്‍, കെഎസ്ഇബി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നില്‍ പദ്ധതി അവതരിപ്പിക്കും. ഉയര്‍ന്നുവരുന്ന ആശങ്കകള്‍ പരിഹരിച്ചുകൊണ്ട് പദ്ധതി നടപ്പിലാക്കുന്നതിനുള്ള സാധ്യതകളാണ് അന്വേഷിക്കുന്നത്. എല്ലാ വിഭാഗങ്ങളുടെയും പിന്തുണയോടെ സമവായത്തിലൂടെ പദ്ധതി നടപ്പിലാക്കുക എന്നതാണ് പഠനത്തിന്റെ ലക്ഷ്യം.’ അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യങ്ങളുടെ 70 ശതമാനവും നിറവേറ്റാന്‍ കേരളം മറ്റ് സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ടാണ് അതിരപ്പള്ളി പദ്ധതി പുനഃപരിശോധിക്കാന്‍ കെഎസ്ഇബി നിര്‍ബന്ധിതരായതെന്നും ബിജു പ്രഭാകര്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ പീക്ക്-അവര്‍ ഡിമാന്‍ഡ് 5,800 മെഗാവാട്ട് ആണെങ്കിലും, ജലവൈദ്യുത പദ്ധതികളില്‍ നിന്ന് 1,800 മെഗാവാട്ട് മാത്രമേ ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. സോളാര്‍ പവര്‍ പ്രോജക്ടുകളില്‍ നിന്ന് ബോര്‍ഡിന് ഏകദേശം 1,500 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്നുണ്ടെങ്കിലും, പകല്‍ സമയത്ത് മാത്രമേ ഇത് ലഭ്യമാകൂ, പീക്ക്-അവര്‍ ഡിമാന്‍ഡ് നിറവേറ്റാന്‍ ഇത് സഹായിക്കുന്നില്ല. ഡിമാന്‍ഡ് വര്‍ദ്ധിക്കുന്നതോടെ, അമിത വിലയ്ക്ക് പുറത്തു നിന്നും വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബി നിര്‍ബന്ധിതരാകുന്നുവെന്നും ബിജു പ്രഭാകര്‍ വ്യക്തമാക്കി.

ആദ്യ നിര്‍ദ്ദേശം അനുസരിച്ച്, അതിരപ്പിള്ളി പദ്ധതിക്ക് 4 എംസിഎം വെള്ളം സംഭരിക്കാന്‍ ശേഷിയുണ്ടാകും, ഇത് 163 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഉപയോഗിക്കും. 40 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള നാല് ജനറേറ്ററുകള്‍ പദ്ധതിയിലുണ്ടാകും. അതിരപ്പിള്ളി വെള്ളച്ചാട്ടം സജീവമായി നിലനിര്‍ത്താന്‍, വെള്ളച്ചാട്ടത്തിന് മുകളില്‍ 3 മെഗാവാട്ട് ഉത്പാദന യൂണിറ്റ് സ്ഥാപിക്കും. വൈദ്യുതി ഉല്‍പ്പാദനത്തിനു ശേഷം തുറന്നുവിടുന്ന വെള്ളം അതിരപ്പിള്ളി വെള്ളച്ചാട്ടത്തെ സജീവമായി നിലനിര്‍ത്തും. പുറത്തുവിടുന്ന വെള്ളം അതിരപ്പിള്ളി റിസര്‍വോയറില്‍ സംഭരിച്ച് വൈദ്യുതി ഉല്‍പാദനത്തിനായി ഉപയോഗിക്കും. അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കുന്നത് വര്‍ഷം മുഴുവനും അതിരപ്പിള്ളി വെള്ളച്ചാട്ടങ്ങളിലെ ജലപ്രവാഹം ഉറപ്പാക്കാന്‍ സഹായിക്കും. കെഎസ്ഇബിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoEF&CC) 2001, 2005, 2007 വര്‍ഷങ്ങളില്‍ പദ്ധതിക്ക് പരിസ്ഥിതി അനുമതി നല്‍കിയിരുന്നു. പുതിയ നീക്കത്തിന്റെ അടിസ്ഥാനത്തില്‍ കെഎസ്ഇബി ഇനി ഒരു ഡിപിആര്‍ തയ്യാറാക്കി MoEF&CC യുടെ പരിവേഷ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. മന്ത്രാലയത്തില്‍ നിന്ന് അനുമതി ലഭിച്ച ശേഷം, പരിസ്ഥിതി അനുമതിക്കുള്ള നടപടിക്രമങ്ങള്‍ ബോര്‍ഡ് വീണ്ടും ചെയ്യേണ്ടതുണ്ട്. 1979 ലാണ് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി എന്ന ആശയം ആദ്യം ഉയര്‍ന്നു വരുന്നത്. 163 മെഗാവാട്ടാണ് പദ്ധതിയുടെ കപ്പാസിറ്റി. പൊകലപ്പാറയില്‍ ഡാം നിര്‍മ്മിക്കാനാണ് ലക്ഷ്യമിട്ടത്. ജനറേഷന്‍ യൂണിറ്റ് കണ്ണന്‍കുഴിയില്‍ സ്ഥാപിക്കാനുമാണ് നിര്‍ദേശം ഉണ്ടായിരുന്നത്.

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഷൈനും ശ്രീനാഥ് ഭാസിക്കും പങ്കില്ല, തസ്ലീമയുമായി സാമ്പത്തിക ഇടപാടുകളില്ലെന്നും എക്‌സൈസ്

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഷൈനും ശ്രീനാഥ് ഭാസിക്കും പങ്കില്ല, തസ്ലീമയുമായി സാമ്പത്തിക ഇടപാടുകളില്ലെന്നും എക്‌സൈസ്

ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ സിനിമാ നടന്‍മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരെയും മോഡല്‍ കെ സൗമ്യയെയും എക്‌സൈസ് ചോദ്യം ചെയ്ത് വിട്ടയച്ചു. പത്ത് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചത്. ഈ കേസില്‍ നേരത്തെ പിടിക്കപ്പെട്ട തസ്‌ലീമയുമായുള്ള സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്താനാണ് എക്‌സൈസ് മൂവരെയും വിളിപ്പിച്ചത്. എന്നാല്‍ ഇവര്‍ക്ക് ഈ കേസുമായി ബന്ധമില്ലെന്നാണ് എക്‌സൈസ് നിഗമനം. നിലവില്‍ ആര്‍ക്കെതിരെയും തെളിവില്ലെന്നും, വേണ്ടി വന്നാല്‍ വീണ്ടും വിളിപ്പിക്കുമെന്നും അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ എസ് അശോക് കുമാര്‍ പറഞ്ഞു.

ഷൈന്‍ ടോം ചാക്കോയെ ചോദ്യം ചെയ്യലിന് ശേഷം തൊടുപുഴയിലെ ഡീ അഡിക്ഷന്‍ സെന്ററിലേക്ക് എക്‌സൈസ് കൊണ്ടുപോവും. ലഹരിക്ക് അടിമയാണെന്ന് മനസ്സിലായെന്നും, ഷൈനിന്റെ കൂടി ആവശ്യ പ്രകാരമാണ് മാറ്റുന്നതെന്നും എക്‌സൈസ് അറിയിച്ചു. ലഹരി മുക്ത കേന്ദ്രത്തില്‍ ഷൈന്‍ ടോം ചാക്കോ ചികിത്സ തേടുന്നതിന്റെ രേഖകള്‍ നേരത്തെ മാതാപിതാക്കള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കിയിരുന്നു.

മാധ്യമങ്ങള്‍ക്ക് നന്ദി എന്നായിരുന്നു ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ നടന്‍ ശ്രീനാഥ് ഭാസിയുടെ പ്രതികരണം. ഷൈനും ശ്രീനാഥുമായുള്ള പരിചയത്തെ കുറിച്ചാണ് എക്‌സൈസ് തന്നോട് ചോദിച്ചതെന്നും, ലഹരി ഇടപാടില്‍ ബന്ധമില്ലെന്നും മോഡല്‍ സൗമ്യ ചോദ്യം ചെയ്യലിന് ശേഷം പറഞ്ഞു. തസ്‌ലീമയുമായി പരിചയം ഉണ്ടെങ്കിലും സാമ്പത്തിക ഇടപാടില്ലെന്നും സൗമ്യ പറഞ്ഞു.

അക്ഷയതൃതീയ: ഗുരുവായൂരില്‍ ബുധനാഴ്ച വിവാഹ ബുക്കിങ് 140 കടന്നു; ദര്‍ശനത്തിന് പ്രത്യേക ക്രമീകരണം

അക്ഷയതൃതീയ: ഗുരുവായൂരില്‍ ബുധനാഴ്ച വിവാഹ ബുക്കിങ് 140 കടന്നു; ദര്‍ശനത്തിന് പ്രത്യേക ക്രമീകരണം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബുധനാഴ്ച വിവാഹ ബുക്കിങ്ങ് 140 കടന്നതോടെ ദര്‍ശനത്തിനും താലികെട്ട് ചടങ്ങിനും ദേവസ്വം പ്രത്യേക ക്രമീകരണമൊരുക്കും. വെശാഖ മാസ തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ ഭക്തര്‍ക്ക് സുഗമമായ ക്ഷേത്രദര്‍ശനവും സമയബന്ധിതമായി വിവാഹ ചടങ്ങുകളും നടത്താനാണ് ദേവസ്വം ക്രമീകരണങ്ങള്‍ സജ്ജമാക്കുന്നത്. നാളെ അക്ഷയതൃതീയ ആണ്.

സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പുലര്‍ച്ചെ അഞ്ചുമണി മുതല്‍ കല്യാണങ്ങള്‍ നടത്തും. താലികെട്ടിനായി കൂടുതല്‍ മണ്ഡപങ്ങള്‍ സജ്ജമാക്കും. താലികെട്ട് ചടങ്ങ് നിര്‍വ്വഹിക്കാന്‍ ക്ഷേത്രംകോയ്മമാരെ മണ്ഡപത്തിലേക്ക് അധികം നിയോഗിക്കും.വരനും വധുവുമടങ്ങുന്ന വിവാഹസംഘങ്ങള്‍ക്ക് നേരത്തെയെത്തി ക്ഷേത്രം തെക്കേ നടയിലെ പട്ടര്കുളത്തിനോട് ചേര്‍ന്നുള്ള റിസപ്ഷന്‍ കൗണ്ടറിലെത്തി ടോക്കണ്‍ വാങ്ങി പ്രത്യേക പന്തലില്‍ വിശ്രമിക്കാം. താലികെട്ട് ചടങ്ങിന്റെ ഊഴമാകുമ്പോള്‍ ടോക്കണ്‍ നമ്പര്‍ പ്രകാരം ഇവരെ ക്ഷേത്രം സെക്യൂരിറ്റി വിഭാഗം മേല്‍പുത്തൂര്‍ ഓഡിറ്റോറിയത്തിലേക്കും അവിടെ നിന്നും കല്യാണ മണ്ഡപത്തിലേക്കും പ്രവേശിപ്പിക്കും.

വരനും വധുവും കുടുംബാംഗങ്ങളും നാല് ഫോട്ടോഗ്രാഫര്‍മാരും ഉള്‍പ്പെടെ 24 പേര്‍ക്കേ പ്രവേശനം ഉണ്ടാകു. ക്ഷേത്രത്തില്‍ ക്രമാതീതമായ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ പുലര്‍ച്ചെ നിര്‍മ്മാല്യം മുതല്‍ ഭക്തരെ കൊടിമരത്തിന് സമീപം വഴി നേരെ നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കും.അനിയന്ത്രിതമായ തിരക്ക് ഉണ്ടാകുന്ന പക്ഷം ഭക്തജനങ്ങള്‍ക്ക് സുഗമമായ ദര്‍ശനം ഉറപ്പാക്കുന്നതിനു ദേവസ്വം ഏര്‍പ്പെടുത്തുന്ന ദര്‍ശന നിയന്ത്രണങ്ങളോട് ഭക്തജനങ്ങള്‍ പൂര്‍ണ്ണമായി സഹകരിക്കണമെന്ന് ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയനും അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയനും അഭ്യര്‍ത്ഥിച്ചു.

ഷാജി എന്‍ കരുണിന് വിട നല്‍കാന്‍ സാംസ്‌കാരിക കേരളം; സംസ്‌കാരം ഇന്ന്

ഷാജി എന്‍ കരുണിന് വിട നല്‍കാന്‍ സാംസ്‌കാരിക കേരളം; സംസ്‌കാരം ഇന്ന്

തിരുവനന്തപുരം: സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണിന് വിട നല്‍കാന്‍ സാംസ്‌കാരിക കേരളം. സംസ്‌കാരം ഇന്ന് വൈകിട്ട് നാലുമണിക്ക് തൈക്കാട് ശാന്തികവാടം ശ്മശാനത്തില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാരം. രാവിലെ 10 മുതല്‍ 12.30 വരെ കലാഭവനില്‍ പൊതുദര്‍ശനമുണ്ടാകും.

സിനിമ, സാംസ്‌കാരിക, സാമൂഹിക മേഖലകളിലെ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തും. ഇന്നലെ വഴുതക്കാട് വസതിയില്‍ എത്തി വിവിധ മേഖലയിലുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. ഏറെ നാളായി അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഷാജി എന്‍ കരുണ്‍ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ തിരുവനന്തപുരത്തെ വീട്ടിലാണ് അന്തരിച്ചത്.

പിറവി, സ്വപാനം, സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടിസ്രാങ്ക്, എകെജി എന്നിങ്ങനെ ഒരുപിടി കലാമൂല്യമുള്ള ചിത്രങ്ങള്‍ അദ്ദേഹത്തിന്റെതായി മലയാളത്തിന് ലഭിച്ചു. കാഞ്ചന സീത, എസ്തപ്പാന്‍, ഒന്നുമുതല്‍ പൂജ്യം വരെ സിനിമകള്‍ക്ക് മികച്ച ഛായാഗ്രഹണത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ചു.

വേടന്റേത് ഏഴുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം, പുലിപ്പല്ല് ആരാധകന്‍ നല്‍കിയതാണോ എന്ന് കോടതിയില്‍ തെളിയിക്കണം: മന്ത്രി എ കെ ശശീന്ദ്രന്‍

വേടന്റേത് ഏഴുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം, പുലിപ്പല്ല് ആരാധകന്‍ നല്‍കിയതാണോ എന്ന് കോടതിയില്‍ തെളിയിക്കണം: മന്ത്രി എ കെ ശശീന്ദ്രന്‍

കൊച്ചി: റാപ്പര്‍ വേടനെതിരായ പുലിപ്പല്ല് കേസില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. പുലിപ്പല്ല് ആരാധകന്‍ നല്‍കിയതാണോ എന്ന് കോടതിയില്‍ തെളിയിക്കണമെന്ന് ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. വേടനെതിരെ ( ഹിരണ്‍ ദാസ് മുരളി) ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ലഹരിയുമായി ബന്ധപ്പെട്ട് എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തുന്ന റെയ്ഡിനിടെയാണ് വേടന്‍ ഉള്‍പ്പെടയുള്ളവരെ കസ്റ്റഡിയിലെടുത്ത് തുടര്‍നടപടികള്‍ സ്വീകരിച്ചത്. ആ ഘട്ടത്തില്‍ കൈവശം ഉണ്ടായിരുന്ന ചെയിനില്‍ പുലിപ്പല്ല് ഉള്ളക്കാര്യം പൊലീസാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അറിയിച്ചത്. ഇത് ശരിയാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്ത ശേഷം വേടനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നത്. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ സമര്‍പ്പിക്കും. ശിക്ഷാനടപടികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത് കോടതിയാണ്. പുലിപ്പല്ല് ആരാധകന്‍ നല്‍കിയതാണോ എന്ന് വേടന്‍ കോടതിയില്‍ തെളിയിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

നേരത്തെ തന്നെ വേടന്‍ ഫോറസ്റ്റ് വിജിലന്‍സിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും മന്ത്രി അറിയിച്ചു. വനം വകുപ്പിന്റെ വിജിലന്‍സ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് മാലയിലേത് യഥാര്‍ഥ പുലിപ്പല്ലാണെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. പുലിപ്പല്ല് കൈമാറിയത് രഞ്ജിത്ത് എന്നയാളാണെന്നും ചെന്നൈയില്‍വച്ചാണ് കൈമാറിയതെന്നുമാണ് വേടന്റെ മൊഴി. ഇയാള്‍ മലേഷ്യയില്‍ സ്ഥിരതാമസക്കാരനാണെന്നും മൊഴിയിലുണ്ട്.

പുലിപ്പല്ല് കഴിഞ്ഞ വര്‍ഷമാണ് കൈമാറിയതെന്നും മൊഴിയില്‍ പറയുന്നുണ്ട്. രഞ്ജിത്ത് എന്നയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാള്‍ക്ക് ഇത് എവിടെ നിന്ന് കിട്ടി എന്നതടക്കം അന്വേഷിക്കുമെന്നാണ് വിവരം.

കേസിനെ അതീവ ഗൗരവമായാണ് വനം വകുപ്പ് കാണുന്നത്. ഇന്നലെ രാത്രി തന്നെ ഇയാള്‍ക്കെതിരെ കേസെടുത്ത് കസ്റ്റഡിയില്‍ വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്നലെ നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിലാണ് പുലിപ്പല്ല് എവിടെ നിന്ന് ലഭിച്ചുവെന്ന ചോദ്യത്തിന് വേടന്‍ മറുപടി നല്‍കിയത്. വേടന്‍ എന്നു വിളിക്കുന്ന ഹിരണ്‍ ദാസ് മുരളിയും സഹപ്രവര്‍ത്തകരും പ്രാക്ടീസ് നടത്തുന്ന ഫ്‌ലാറ്റില്‍ നിന്നാണ് കഞ്ചാവ് പിടിച്ചത്. ഒമ്പതര ലക്ഷത്തോളം രൂപയും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.