വേടന്റെ മാലയില്‍ പുലിപ്പല്ല്; തായ്‌ലന്റില്‍ നിന്ന് വാങ്ങിയതെന്ന് മൊഴി; ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തും

വേടന്റെ മാലയില്‍ പുലിപ്പല്ല്; തായ്‌ലന്റില്‍ നിന്ന് വാങ്ങിയതെന്ന് മൊഴി; ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തും

കൊച്ചി: കഞ്ചാവുമായി പിടിയിലായ റാപ്പര്‍ വേടന്റെ മാലയിലുള്ളത് പുലിപ്പല്ലാണെന്ന് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ റാപ്പറിനെതിരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ് എടുക്കും. കഞ്ചാവ് കേസില്‍ ജാമ്യം ലഭിച്ചാലും പുലി പല്ല് കേസില്‍ ഹിരണ്‍ ദാസ് അകത്താകും.

ഫ്‌ലാറ്റില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തതിന് പിന്നാലെയാണ് പൊലീസ് പുലി പല്ലുള്ള മാല കണ്ടെത്തിയത്. ഇത് താന്‍ തായ്‌ലന്റില്‍ നിന്ന് വാങ്ങിയതെന്നാണ് വേടന്റെ മൊഴി. ഇതിന് പിന്നാലെ വിവരം പൊലീസ് വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. തുടര്‍ന്ന് വനം വകുപ്പിന്റെ വിജിലന്‍സ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ മാലയിലേത് യഥാര്‍ഥ പുലിപ്പല്ലാണെന്ന നിഗമനത്തിലാണ് പൊലീസ്. ഇതിന്റെ അടിസ്ഥാനത്തില്‍ കോടനാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ അടക്കമുള്ള സംഘം തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനില്‍ എത്തിയിട്ടുണ്ട്. തുടര്‍ന്ന് പൊലീസ് കണ്ടെടുത്ത പുലി പല്ല് തുടര്‍നടപടികള്‍ക്കായി വനം വകുപ്പിന് കൈമാറും.

ഇന്ന് രാവിലെ തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ആറ് ഗ്രാം കഞ്ചാവാണ് പിടികൂടിയത് എന്നാണ് പ്രാഥമിക വിവരം. പരിശോധന സമയത്ത് വേടന്‍ ഫ്‌ലാറ്റിലുണ്ടായിരുന്നു. പരിശോധന ഇപ്പോഴും തുടരുകയാണ്.

വേടന്‍ എന്നു വിളിക്കുന്ന ഹിരണ്‍ ദാസ് മുരളിയും സഹപ്രവര്‍ത്തകരും പ്രാക്ടീസ് നടത്തുന്ന ഫ്‌ലാറ്റില്‍ നിന്നാണ് കഞ്ചാവ് പിടിച്ചതെന്ന് ഹില്‍പാലസ് സിഐ അറിയിച്ചു. ഒമ്പതര ലക്ഷത്തോളം രൂപയും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. കഞ്ചാവ് ഉപയോഗിക്കുമെന്ന് വേടന്‍ സമ്മതിച്ചിട്ടുണ്ട്. വേടനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. മേശപ്പുറത്ത് നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഫ്‌ലാറ്റ് നേരത്തെ നിരീക്ഷണത്തിലായിരുന്നു. വിവരം കിട്ടി എത്തിയപ്പോള്‍ ഇവര്‍ വിശ്രമത്തിലായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ നിയമ നടപടിക്ക് ശേഷം വിട്ടയക്കുമെന്നും വിവരം കിട്ടിയ ഉറവിടം വെളിപ്പെടുത്തില്ലെന്നും സിഐ പറഞ്ഞു.

അതിനിടെ, ബുധനാഴ്ച ഇടുക്കിയില്‍ നടക്കുന്ന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളില്‍ നിന്ന് വേടന്റെ പരിപാടി ഒഴിവാക്കി. വാര്‍ഷികാഘോഷത്തില്‍ വേടന്റെ റാപ്പ് ഷോ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിച്ച യുവസംവിധായകരായ ഖാലിദ് റഹ്മാനും അഷ്‌റഫ് ഹംസയും എക്‌സൈസ് പിടിയിലായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നത്തെയും റെയ്ഡ്.

‘മലയാളത്തിന്റെ മഹാ സംവിധായകന്‍’; ഷാജി എന്‍ കരുണ്‍ അന്തരിച്ചു

‘മലയാളത്തിന്റെ മഹാ സംവിധായകന്‍’; ഷാജി എന്‍ കരുണ്‍ അന്തരിച്ചു

തിരുവനന്തപുരം: ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ മലയാളസിനിമയെ അടയാളപ്പെടുത്തിയ സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. വൈകീട്ട് അഞ്ചുമണിയോടെ വഴുതക്കാട് ഉദാരശിരോമണി റോഡിലെ വസതിയായ പിറവിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി അര്‍ബുദരോഗ ചികിത്സയിലായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് സിനിമമേഖലയ്ക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നതപുരസ്‌കാരമായ ജെസി ഡാനിയേല്‍ അവാര്‍ഡ് കഴിഞ്ഞ ദിവസം ഏറ്റുവാങ്ങിയിരുന്നു. അതായിരുന്നു ഷാജി എന്‍ കരുണിന്റെ അവസാന പൊതുപരിപാടി.

എഴുപതോളം ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും 31 പുരസ്‌കാരങ്ങള്‍ നേടുകയുംചെയ്ത ‘പിറവി’, കാന്‍ ചലച്ചിത്രമേളയില്‍ പാംദോറിന് നാമനിര്‍ദേശംചെയ്യപ്പെട്ട ‘സ്വം’, കാനില്‍ ഔദ്യോഗികവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ‘വാനപ്രസ്ഥം’ തുടങ്ങിയ ചിത്രങ്ങളിലൂടെ അന്തര്‍ദേശീയതലത്തില്‍ മലയാളസിനിമയ്ക്ക് അഭിമാനകരമായ അംഗീകാരങ്ങള്‍ നേടിതന്നു. മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാര്‍ഡും മൂന്ന് സംസ്ഥാന അവാര്‍ഡുകളും നേടിയിട്ടുണ്ട്.

മമ്മൂട്ടിയെ നായകനാക്കി 2009ല്‍ പുറത്തിറങ്ങിയ കുട്ടിസ്രാങ്ക് എന്ന ചിത്രം ഏഴുവീതം ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടി. കലാസാംസ്‌കാരിക രംഗത്തെ സംഭാവനയ്ക്കുള്ള ഫ്രഞ്ച് സര്‍ക്കാരിന്റെ അന്താരാഷ്ട്ര അംഗീകാരമായ ‘ദ ഓര്‍ഡര്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് ലെറ്റേഴ്സ്’, പത്മശ്രീ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

1952-ല്‍ കൊല്ലം ജില്ലയില്‍ ജനിച്ച ഷാജി എന്‍ കരുണ്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍നിന്ന് ബിരുദവും 1974-ല്‍ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ഛായാഗ്രഹണത്തില്‍ ഡിപ്ലോമയും നേടി. 1975-ല്‍ കേരള സംസ്ഥാന ചലച്ചിത്രവികസന കോര്‍പ്പറേഷന്റെ രൂപവത്കരണവേളയില്‍ ആസൂത്രണത്തില്‍ മുഖ്യപങ്കുവഹിച്ചു. 1998-ല്‍ രൂപംകൊണ്ട കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയര്‍മാനായിരുന്നു. നിലവില്‍ കെഎസ്എഫ്ഡിസി ചെയര്‍മാനാണ്.

ഷീല സണ്ണിയെ കുടുക്കിയ നാരായണദാസ് പിടിയില്‍; കസ്റ്റഡിയില്‍ എടുത്തത് ബംഗളൂരുവില്‍നിന്ന്

ഷീല സണ്ണിയെ കുടുക്കിയ നാരായണദാസ് പിടിയില്‍; കസ്റ്റഡിയില്‍ എടുത്തത് ബംഗളൂരുവില്‍നിന്ന്

തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിമരുന്ന് കേസിലെ മുഖ്യപ്രതി നാരായണ ദാസ് പിടിയില്‍. ബാംഗ്ലൂരില്‍ നിന്നാണ് നാരായണ ദാസിനെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. തൃപ്പൂണിത്തുറ എരൂര്‍ സ്വദേശിയായ നാരായണ ദാസ് ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയപ്പോള്‍ ഒളിവില്‍ പോകുകയായിരുന്നു.

ചാലക്കുടി പോട്ട സ്വദേശി ഷീലാ സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ കേസിലാണ് അറസ്റ്റ്. കേസില്‍ ഒന്നാം പ്രതിയാണ് നാരായണദാസ്. പ്രതിയെ നാളെ നാട്ടിലെത്തിക്കുമെന്ന് പൊലീസ് അറിയിച്ചു. ചാലക്കുടി നഗരത്തില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുകയായിരുന്ന ഷീല സണ്ണിയുടെ ഇരുചക്ര വാഹനത്തില്‍നിന്ന് ലഹരി സ്റ്റാമ്പ് കണ്ടെത്തി എന്നാരോപിച്ച് 2023 ഫെബ്രുവരി 27നാണ് ഇവരെ ജയിലിലടച്ചത്.

കുറ്റം ചെയ്യാതെ ഷീല സണ്ണി 72 ദിവസമാണ് ജയിലില്‍ കഴിഞ്ഞത്. പിന്നീട് അന്വേഷണത്തില്‍ കേസ് വ്യാജമെന്ന് കണ്ടെത്തുകയായിരുന്നു. നാരായണദാസ് എന്നയാളാണ് ഷീല സണ്ണിയെ വ്യാജ കേസില്‍ കുടുക്കിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇയാള്‍ മുന്‍കൂര്‍ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു.

കേസിലെ മുഖ്യപ്രതി നാരായണദാസിനെ പിടികൂടിയതിൽ സന്തോഷമുണ്ടെന്ന് ഷീല സണ്ണി പ്രതികരിച്ചു. ആർക്കു വേണ്ടിയാണ് തന്നെ കേസിൽ കുടുക്കിയതെന്ന് അറിയണം. തന്റെ ബാ​ഗിലും സ്കൂട്ടറിലും ലഹരിമരുന്ന് വെച്ചയാളെ പിടികൂടണമെന്നും ഷീല സണ്ണി ആവശ്യപ്പെട്ടു. ജയിലിൽ നിന്നും പുറത്തിറങ്ങിയ ഷീല സണ്ണി പുതിയ പാർലർ തുടങ്ങിയെങ്കിലും ആളുകൾ സംശയദൃഷ്ടിയോടെ കണ്ടതിനാൽ അത് അടച്ചുപൂട്ടേണ്ടി വന്നു. തുടർന്ന് നാടുവിട്ട ഷീല ഇപ്പോൾ ചെന്നൈയിൽ ഡേ കെയറിൽ ആയയായി ജോലി ചെയ്യുകയാണ്.

ഇ- ചെല്ലാൻ തട്ടിപ്പ് മലയാളത്തിലും, ക്ലിക്ക് ചെയ്യരുത്; വ്യാജനെ തിരിച്ചറിയാൻ പോംവഴി നിർദേശിച്ച് മോട്ടോർ വാഹനവകുപ്പ്

ഇ- ചെല്ലാൻ തട്ടിപ്പ് മലയാളത്തിലും, ക്ലിക്ക് ചെയ്യരുത്; വ്യാജനെ തിരിച്ചറിയാൻ പോംവഴി നിർദേശിച്ച് മോട്ടോർ വാഹനവകുപ്പ്

കൊച്ചി: ട്രാഫിക് നിയമം ലംഘിച്ചു എന്ന് കാണിച്ച് പലരുടെയും വാട്സ്ആപ്പ് നമ്പറിലേക്ക് മോട്ടോർ വാഹനവകുപ്പിന്റെ പേരിൽ വ്യാജ സന്ദേശം അയച്ച് നടത്തിയ തട്ടിപ്പിൽ നിരവധിപ്പേരാണ് കുടുങ്ങിയത്. ഇത്രയുംനാൾ ഇം​ഗ്ലീഷിൽ വ്യാജസന്ദേശം അയച്ചായിരുന്നു തട്ടിപ്പ്. ഇപ്പോൾ മലയാളത്തിലും സന്ദേശം അയച്ച് തട്ടിപ്പ് ആരംഭിച്ചിരിക്കുകയാണ്. ഇതിൽ മുന്നറിയിപ്പുമായി രം​ഗത്തുവന്നിരിക്കുകയാണ് മോട്ടോർ വാഹനവകുപ്പ്.

‘Traffic violation notice എന്ന പേരിൽ പലരുടെയും വാട്സ്ആപ്പ് നമ്പറിലേക്ക് മലയാളത്തിൽ മെസേജും mParivahan എന്ന ഒരു APK ഫയലും വരുന്നതായി പരാതി ഉയരുന്നുണ്ട്. നേരത്തെ ഇത്തരം വ്യാജസന്ദേശങ്ങളും കെണികളും ഇംഗ്ലീഷിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലാണ് മലയാളത്തിലും വന്ന് തുടങ്ങിയിട്ടുള്ളത്.ഇത് വ്യാജനാണ്. നിങ്ങൾ ആ ഫയൽ ഓപ്പൺ ചെയ്താൽ നിങ്ങളുടെ ഫോണിലുളള പ്രധാനപ്പെട്ട വിവരങ്ങൾ, ബാങ്ക് Details,പാസ് വേർഡുകൾ തുടങ്ങിയവ ഹാക്കർമാർ കൈക്കലാക്കാൻ സാധ്യത ഉണ്ട്. ആയതിനാൽ ഒരു കാരണവശാലും APK ഫയൽ ഓപ്പൺ ചെയ്യരുത്.’- മോട്ടോർ വാഹനവകുപ്പ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നൽകി.

കുറിപ്പ്:

വ്യാജനാണ് പെട്ടു പോകല്ലെ.

Traffic violation notice എന്ന പേരിൽ പലരുടെയും വാട്സ് ആപ്പ് നമ്പരിലേക്ക് മലയാളത്തിൽ താഴെ പറയുന്ന ഒരു മെസേജും mParivahan എന്ന ഒരു APK ഫയലും വരുന്നതായി പരാതി ഉയരുന്നുണ്ട്.

നേരത്തെ ഇത്തരം വ്യാജസന്ദേശങ്ങളും കെണികളും ഇംഗ്ലീഷിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലാണ് മലയാളത്തിലും വന്ന് തുടങ്ങിയിട്ടുള്ളത്.

ഇത് വ്യാജനാണ്. നിങ്ങൾ ആ ഫയൽ ഓപ്പൺ ചെയ്താൽ നിങ്ങളുടെ ഫോണിലുളള പ്രധാനപ്പെട്ട വിവരങ്ങൾ, ബാങ്ക് Details,പാസ് വേർഡുകൾ തുടങ്ങിയവ ഹാക്കർമാർ കൈക്കലാക്കാൻ സാധ്യത ഉണ്ട്. ആയതിനാൽ ഒരു കാരണവശാലും APK ഫയൽ ഓപ്പൺ ചെയ്യരുത്.

മോട്ടോർ വാഹന വകുപ്പോ, പോലിസോ സാധാരണയായി വാട്ട്സ് അപ്പ് നമ്പറിലേക്ക് നിലവിൽ ചലാൻ വിവരങ്ങൾ അയക്കാറില്ല. അത്തരം വിവരങ്ങൾ നിങ്ങളുടെ ആർ സി യിൽ നിലവിലുള്ള മൊബൈൽ നമ്പറിലേക്ക് ടെക്സ്റ്റ് മെസേജ് ആയാണ് ഇ ചലാൻ സൈറ്റ് വഴി അയക്കാറുള്ളത്.

ഏതെങ്കിലും സാഹചര്യത്തിൽ ഇത്തരം മെസേജുകൾ വന്നാൽ https://echallan.parivahan.gov.in എന്ന സൈറ്റിൽ കയറി Check Pending transaction എന്ന മെനുവിൽ നിങ്ങളുടെ വാഹന നമ്പറോ,ചലാൻ നമ്പറോ നൽകിയാൽ നിങ്ങളുടെ വാഹനത്തിന് ഏതെങ്കിലും ചലാൻ പെൻ്റിങ്ങ് ഉണ്ടോ എന്ന് അറിയാവുന്നതാണ്.

ഏതെങ്കിലും തരത്തിൽ പണം നഷ്ടപ്പെട്ടാൽ ഉടനടി 1930 എന്ന നമ്പറിലേക്ക് ബന്ധപ്പെടുക.

അജ്ഞാത കോളുകള്‍ സൂക്ഷിക്കുക!; പണം നഷ്ടപ്പെടാം: മുന്നറിയിപ്പ്

അജ്ഞാത കോളുകള്‍ സൂക്ഷിക്കുക!; പണം നഷ്ടപ്പെടാം: മുന്നറിയിപ്പ്

ഓരോ ദിവസം കഴിയുന്തോറും പുതിയ തട്ടിപ്പുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഓരോ നീക്കവും സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്. ഇത്തരം തട്ടിപ്പുകളില്‍ ഒന്നാണ് കോള്‍ മെര്‍ജിങ് തട്ടിപ്പ്.

കോള്‍ മെര്‍ജിങ് ഉപയോഗിച്ച് ഉപഭോക്താക്കളുടെ സെന്‍സിറ്റീവ് വിവരങ്ങള്‍ തട്ടിപ്പുകാര്‍ തട്ടിയെടുക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒടിപി ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഒടിപി വഴി ബാങ്ക് അക്കൗണ്ടുകളിലേക്കോ മറ്റ് സുരക്ഷിത പ്ലാറ്റ്ഫോമുകളിലേക്കോ അനധികൃതമായി ആക്സസ് നേടിയാണ് കോള്‍ മെര്‍ജിങ് തട്ടിപ്പ് നടക്കുന്നത്.

തട്ടിപ്പ് രീതി എങ്ങനെ?

ആദ്യം അപ്രതീക്ഷിതമായി കോള്‍ വരും. മ്യൂച്ചല്‍ ഫ്രണ്ടില്‍ നിന്നോ മറ്റൊരു വിശ്വസനീയമായ ഉറവിടത്തില്‍ നിന്നോ താങ്കളുടെ നമ്പര്‍ ലഭിച്ചുവെന്ന് അവകാശപ്പെട്ടാണ് തട്ടിപ്പുകാരന്‍ ഫോണ്‍ വിളിക്കുക.

ഉടന്‍ തന്നെ കോള്‍ മെര്‍ജ് ചെയ്യാന്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെടും.

കോള്‍ മെര്‍ജിങ് കഴിഞ്ഞാല്‍ ഉപഭോക്താവ് അറിയാതെ തന്നെ, ഉപഭോക്താവിന്റെ ബാങ്കില്‍ നിന്നുള്ള ഒരു ഓട്ടോമേറ്റഡ് ഒടിപി വെരിഫിക്കേഷന്‍ കോളുമായി കണക്റ്റ് ആവുന്നു.

സ്ഥിരീകരണത്തിന് ആവശ്യമാണെന്ന് പറഞ്ഞ് ഒടിപി പങ്കിടാന്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെടും. ഒടിപി പങ്കിടുന്നതോടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുന്ന തരത്തിലാണ് തട്ടിപ്പ്

സ്വയം എങ്ങനെ രക്ഷപ്പെടാം?

അജ്ഞാതരായ ആളുകളുമായി കോളുകള്‍ ഒരിക്കലും മെര്‍ജ് ചെയ്യരുത്. പരിചയമില്ലാത്ത ആരെങ്കിലും കോളുകള്‍ മെര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍, ഉടന്‍ നിരസിക്കുക. ഒരിക്കലും അറിയാത്ത ആളുമായി ഒടിപി അല്ലെങ്കില്‍ വ്യക്തിഗത വിവരങ്ങള്‍ പങ്കിടരുത്.

ആരെങ്കിലും ബാങ്കില്‍ നിന്നാണെന്ന് അവകാശപ്പെട്ടാല്‍ അവരുടെ ഔദ്യോഗിക കസ്റ്റമര്‍ കെയര്‍ നമ്പര്‍ ഉപയോഗിച്ച് ബാങ്കിലേക്ക് നേരിട്ട് വിളിക്കുക.

കോളുകളിലൂടെ ബാങ്കുകള്‍ ഒരിക്കലും ഒടിപി ആവശ്യപ്പെടില്ല എന്ന കാര്യം ഓര്‍ക്കുക. ഫോണ്‍ കോളിലൂടെ ഒടിപി ആവശ്യപ്പെടുന്നത് തട്ടിപ്പ് ആണെന്ന് തിരിച്ചറിയുക

അപ്രതീക്ഷിതമായി ഒടിപി ലഭിക്കുകയാണെങ്കില്‍, ഉടന്‍ തന്നെ 1930 (ദേശീയ സൈബര്‍ ക്രൈം ഹെല്‍പ്പ്ലൈന്‍) എന്ന നമ്പറില്‍ വിളിച്ചും ബാങ്കിനെ വിളിച്ചും വിവരം കൈമാറുക.

ചോര്‍ന്ന ഡാറ്റാബേസുകളില്‍ നിന്നോ സോഷ്യല്‍ മീഡിയയില്‍ നിന്നോ ഫിഷിംഗ് ശ്രമങ്ങള്‍ വഴിയോ ആകാം തട്ടിപ്പുകാര്‍ പലപ്പോഴും നമ്പറുകള്‍ നേടുന്നത്. കോണ്‍ടാക്റ്റ് വിവരങ്ങള്‍ ഓണ്‍ലൈനില്‍ പങ്കിടുമ്പോള്‍ ജാഗ്രത പാലിക്കുന്നത് നല്ലതാണ്. വിളിക്കുന്നയാളുടെ ഐഡന്റിറ്റിയില്‍ ഉറപ്പുണ്ടെങ്കില്‍ മാത്രം കോളുകള്‍ മെര്‍ജ് ചെയ്യുക. സംശയമുണ്ടെങ്കില്‍, കോള്‍ അവസാനിപ്പിച്ച് സ്വതന്ത്രമായി പരിശോധിക്കുക.

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; അറിഞ്ഞിരിക്കേണ്ട അഞ്ചു കാര്യങ്ങള്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; അറിഞ്ഞിരിക്കേണ്ട അഞ്ചു കാര്യങ്ങള്‍

ഭാരതീയ വിശ്വാസപ്രകാരം സര്‍വൈശ്വര്യത്തിന്റെ ദിനമാണ് അക്ഷയ തൃതീയ. ശുഭകാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഉത്തമമായ വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തൃതീയയാണ് അക്ഷയതൃതീയ. അക്ഷയ തൃതീയ ദിവസം ചെയ്യുന്ന സദ്കര്‍മ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്നാണ് വിശ്വാസം. ഇത്തവണ ഏപ്രില്‍ 30നാണ് അക്ഷയതൃതീയ.

അക്ഷയതൃതീയ എന്നാല്‍ സ്വര്‍ണം വാങ്ങാന്‍ ഏറ്റവും ഉത്തമമായ ദിവസം എന്ന് കരുതുന്നവരാണ് ഭൂരിഭാഗം ആളുകളും.അന്നേ ദിവസം സ്വര്‍ണം വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് നല്ലതാണ്. അവ ചുവടെ:

വാങ്ങുന്ന സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി പരിശോധിച്ച് ഉറപ്പുവരുത്താന്‍ മറക്കരുത്. വാങ്ങലിന്റെ മൂല്യവും ആധികാരികതയും ഉറപ്പുവരുത്താന്‍ പരിശുദ്ധി പരിശോധിച്ച് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. 99.99% പ്ലസ് പരിശുദ്ധി ഉറപ്പുവരുത്തണം.

അംഗീകൃതവും വിശ്വസനീയവുമായ ജ്വല്ലറികളില്‍ നിന്നാണ് സ്വര്‍ണം വാങ്ങുന്നതെന്ന് ഉറപ്പാക്കുക. വ്യാജമോ ഗുണനിലവാരം കുറഞ്ഞതോ ആയ സ്വര്‍ണം വാങ്ങുന്നതിനുള്ള സാധ്യത കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു.

മേക്കിംഗ് ചാര്‍ജുകള്‍ എന്നത് സ്വര്‍ണ്ണം ആഭരണങ്ങളാക്കുന്നതിന് വേണ്ടി വരുന്ന ചെലവുകളാണ്. വ്യത്യസ്ത ജ്വല്ലറികള്‍ക്ക് വ്യത്യസ്ത മേക്കിംഗ് ചാര്‍ജുകള്‍ ഉണ്ടായിരിക്കാം. അതിനാല്‍ നഷ്ടം സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഒന്നിലധികം ഉറവിടങ്ങളില്‍ നിന്നുള്ള വിലകള്‍ താരതമ്യം ചെയ്യുന്നത് നല്ലതാണ്.

പരിശുദ്ധിയും ആധികാരികതയും സൂചിപ്പിക്കാന്‍ സഹായിക്കുന്ന ഹാള്‍മാര്‍ക്ക് പരിശോധിക്കുന്നതും നല്ലതാണ്. വാങ്ങുന്ന സ്വര്‍ണം ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഹാള്‍മാര്‍ക്കിംഗ് അല്ലെങ്കില്‍ സര്‍ട്ടിഫിക്കേഷന്‍ പരിശോധിക്കുക. സ്വര്‍ണ്ണ ഉല്‍പ്പന്നങ്ങളുടെ സര്‍ട്ടിഫിക്കേഷന്‍ അവയുടെ ആധികാരികതയും ആഗോള മാനദണ്ഡങ്ങള്‍ പാലിക്കുന്നതും ഉറപ്പാക്കുന്നു എന്ന് വിപണി വിദഗ്ധര്‍ പറയുന്നു

സ്വര്‍ണം വാങ്ങുന്നതിന് മുമ്പ് ഒരു ബജറ്റ് നിശ്ചയിക്കുകയും അതില്‍ ഉറച്ചുനില്‍ക്കുകയും വേണം. ആളുകള്‍ അക്ഷയ തൃതീയയെ സ്വര്‍ണ്ണം വാങ്ങുന്നതിനുള്ള ശുഭകരമായ ദിവസമായി കണക്കാക്കുമ്പോള്‍, ഈ ദിവസം അമിതമായി ചെലവഴിക്കാതിരിക്കേണ്ടത് പ്രധാനമാണ്.