by Midhun HP News | Apr 28, 2025 | Latest News, കേരളം
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസില്‍ സിനിമ നടന്മാരായ ശ്രീനാഥ് ഭാസിയെയും, ഷൈന്‍ ടോം ചാക്കോ എന്നിവരെ ഇന്ന് ചോദ്യം ചെയ്യും. ആലപ്പുഴയില്‍ കഞ്ചാവുമായി പിടിയിലായ തസ്ലിമ എക്‌സൈസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും എക്‌സൈസ് വിളിപ്പിച്ചത്. ഇതേ കേസില്‍ കൊച്ചിയിലെ മോഡല്‍ ആയ സൗമ്യയെയും ഇന്ന് ചോദ്യം ചെയ്യുക.
ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ക്കൊപ്പം ലഹരി ഉപയോഗിച്ചിട്ടുണ്ട് എന്നാണ് അറസ്റ്റിലായ തസ്ലിമ എക്‌സൈസിന് നല്‍കിയ മൊഴി. രാവിലെ പത്ത് മണിക്ക് ആലപ്പുഴയിലെ എക്‌സൈസ് ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയത്. ഇരുവരും ഹാജരാകുമെന്നാണ് അന്വേഷണസംഘത്തെ അറിയിച്ചത്.
നിലവില്‍ ലഭിച്ച ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെയുള്ളവയുടെ അടിസ്ഥാനത്തില്‍ പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് ചോദ്യം ചെയ്യല്‍. നടന്‍മാര്‍ ഉള്‍പ്പടെ ഉള്ളവരെ കേസില്‍ പ്രതി ചേര്‍ക്കണോ എന്ന കാര്യത്തില്‍ ഇതിനു ശേഷമാകും തീരുമാനമെടുക്കുക. തസ്ലിമയുടെ ഫോണില്‍ നിന്നും ലഹരി ഇടപാടുമായി ബന്ധപ്പെട്ട് ഇരു താരങ്ങളുമായുള്ള സൂചനകള്‍ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വാട്‌സ്ആപ്പ് ചാറ്റുകളും കോളുകളും സംബന്ധിച്ച് വ്യക്തത വരുത്താനാണ് നടന്മാരെ ചോദ്യം ചെയ്യുന്നത്.
കൊച്ചിയിലെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയതിന് പിന്നാലെ ലഹരിമരുന്ന് കേസില്‍ അറസ്റ്റില്‍ ആയപ്പോള്‍ മാത്രവുമല്ല തസ്ലിമ അറിയാമെന്ന് ഷൈന്‍ പൊലീസിനോട് പറഞ്ഞിരുന്നു. മോഡല്‍ ആയ സൗമ്യയുമായി തസ്ലീമയ്ക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ട്. ഇത് ലഹരി ഇടപാടുമായിബന്ധപ്പെട്ട് ആണോ എന്നാണ് പരിശോധിക്കുന്നത്
by Midhun HP News | Apr 28, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 520 രൂപ കുറഞ്ഞതോടെ സ്വര്‍ണവില 72,000ല്‍ താഴെ എത്തി. നിലവില്‍ 71,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 65 രൂപയാണ് കുറഞ്ഞത്. 8940 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ബുധനാഴ്ച മുതലാണ് സ്വര്‍ണവില താഴാന്‍ തുടങ്ങിയത്. ഈ മാസം 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. പത്തുദിവസത്തിനിടെ 4000ലധികം രൂപ വര്‍ധിച്ച ശേഷമാണ് കഴിഞ്ഞ ദിവസം മുതല്‍ വില കുറഞ്ഞത്. 17 ന് 840 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 71000 കടന്നത്. ആറുദിവസത്തിനിടെ 2800 രൂപയാണ് കുറഞ്ഞത്.
രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് കഴിഞ്ഞ ദിവസങ്ങളില്‍ വില ഉയരാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
by Midhun HP News | Apr 27, 2025 | Latest News, കേരളം
തൊടുപുഴ: ആലടിയില്‍ അപകടത്തില്‍പ്പെട്ട കാറില്‍നിന്നു ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ് രക്ഷപ്പെട്ടു. ആലടി സ്വദേശി സുരേഷാണ് രക്ഷപ്പെട്ടത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരുക്കേറ്റ ഭാര്യ നവീനയെ കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി. മദ്യലഹരിയിലായിരുന്ന സുരേഷ് അപകടം ഉണ്ടാകുന്നതിനു മുന്‍പ് വാഹനത്തില്‍നിന്നു ചാടുകയായിരുന്നു.
ശനിയാഴ്ച രാത്രി ഇടുക്കി ഉപ്പുതറയിലാണ് അപകടമുണ്ടായത്. ഞായറാഴ്ച രാവിലെയാണു കാറില്‍ സ്ത്രീ കുടുങ്ങിക്കിടക്കുന്ന കാര്യം മറ്റുള്ളവര്‍ അറിയുന്നത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തിയാണ് നവീനയെ ആശുപത്രിയില്‍ എത്തിച്ചത്.
ഭാര്യയെ അപായപ്പെടുത്തുന്നതിനായി സുരേഷ് മനഃപൂര്‍വം അപകടമുണ്ടാക്കിയെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സ്റ്റിയറിങ്ങില്‍ പിടിച്ചു വലിച്ചതാണ് അപകടത്തിന് കാരണമെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ മദ്യ ലഹരിയിലുള്ള ഇയാളുടെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. അപകടത്തില്‍പ്പെട്ട സ്ത്രീയുടെ മൊഴി രേഖപ്പെടുത്താന്‍ പോലീസിനായിട്ടില്ല. അന്വേഷണം നടക്കുകയാണെന്ന് ഉപ്പുതറ പൊലീസ് പറഞ്ഞു.
by Midhun HP News | Apr 27, 2025 | Latest News, കേരളം
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ മുൻ ബിഗ് ബോസ് താരം ജിന്റോയ്ക്ക് നോട്ടീസ് അയച്ച് എക്സൈസ്. ചൊവ്വാഴ്ച ആലപ്പുഴയിലെ എക്സൈസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം നല്‍കിയിരിക്കുന്നത്. ബിഗ് ബോസ് കഴിഞ്ഞ സീസണിലെ വിജയി ആണ് ജിന്റോ. കഞ്ചാവ് കേസില്‍ പിടിയിലായ തസ്‌ലിമയ്ക്ക് ജിന്റോയുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.
ലഹരി ഇടപാടുമായി ബന്ധപ്പെട്ടാണോ സാമ്പത്തിക ഇടപാട് എന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യുന്നത്. താൻ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും കേസുമായി യാതൊരു ബന്ധവുമില്ലെന്നും ജിന്റോ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. എക്സൈസ് നോട്ടീസ് അയച്ചിരുന്നു, അത് സ്വാഭാവിക നടപടി മാത്രമാണെന്നും ജിന്റോ പറഞ്ഞു. കൊച്ചിയിൽ മോഡലായ സൗമ്യയ്ക്കും എക്സൈസ് നോട്ടീസ് അയച്ചിട്ടുണ്ട്.
തിങ്കളാഴ്ച ഹാജരാകാനാണ് സൗമ്യയ്ക്ക് നോട്ടീസ്. സൗമ്യയ്ക്ക് തസ്‌ലിമയുമായി സാമ്പത്തിക ഇടപാട് ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർ ഉൾപ്പടെ അഞ്ച് പേർക്കാണ് എക്സൈസ് നോട്ടീസ് അയച്ചിരിക്കുന്നത്.
by Midhun HP News | Apr 27, 2025 | Latest News, കേരളം
കോഴിക്കോട്: ഇനി നാദാപുരത്ത് വിവാഹങ്ങള്‍ പൊലീസിന്റെ നീരീക്ഷണത്തിലായിരിക്കും. നാദാപുരം മേഖലയില്‍ വിവാഹാഘോഷങ്ങളുമായി ബന്ധപ്പെട്ട് പതിവായി സംഘര്‍ഷങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഡിവൈഎസ്പി എപി ചന്ദ്രന്റെ യോഗത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം വിവാഹ വേദികളിലെ സംഗീത പരിപാടികള്‍ക്കും ഡിജെയ്ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു.
വിവാഹാഘോഷങ്ങളുടെ ഭാഗമായി റോഡ് ഗതാഗതം തടസപ്പെടുത്തുന്ന നിലയില്‍ വാഹനങ്ങള്‍ ഓടിച്ചാലും ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന രീതി സൃഷ്ടിച്ചാലും കര്‍ശനനടപടി സ്വീകരിക്കും. ദിവസങ്ങള്‍ക്ക് മുന്‍പ് നാദാപുരം കല്ലുമ്മലില്‍ വിവാഹ വാഹനങ്ങള്‍ തമ്മില്‍ ഉരസിയതിനെ തുടര്‍ന്ന് വിവാഹ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. പുലിയാവില്‍, കല്ലുമ്മല്‍ എന്നിവിടങ്ങളില്‍ നടന്ന വിവാഹങ്ങള്‍ക്കു ശേഷം റോഡില്‍ ഇരുദിശയില്‍ വന്ന വാഹനങ്ങള്‍ തമ്മില്‍ ഉരസുകയായിരുന്നു. തുടര്‍ന്ന് വാക്കേറ്റത്തിലേക്കും പിന്നീട് കയ്യാങ്കളിയിലും കാര്യങ്ങള്‍ കലാശിക്കുകയായിരുന്നു. രണ്ടു വാഹനങ്ങളുടെ ചില്ല് അടിച്ചുതകര്‍ക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ ഒരു വയസ്സുള്ള കുട്ടിക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രദേശത്തെ ആഘാഷങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍, വിവാഹവുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ തുടര്‍ച്ചയായതോടെയാണ് സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്തത്. ആഘോഷപരിപാടികള്‍ക്കായി എത്തിക്കുന്ന വാഹനങ്ങള്‍ അപകടകരമായ രീതിയില്‍ കൈകാര്യം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടതായി പൊലീസ് പറഞ്ഞു. ഇത്തരം പ്രവൃത്തികള്‍ ഒഴിവാക്കണം. അല്ലെങ്കില്‍ വാഹനം കണ്ടുകെട്ടുന്ന നടപടി സ്വീകരിക്കും. രാത്രിയില്‍ ഉച്ചത്തിലുള്ള വിവാഹ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കുമെന്നും ഡിവൈഎസ്പി പറഞ്ഞു. വാട്സ്ആപ്പ്, ഫെയ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ പ്രകോപനപരമായ പോസ്റ്റുകള്‍ പോസ്റ്റ് ചെയ്യുന്നവരെ നിരീക്ഷിക്കാനും കേസെടുക്കാനും സര്‍വകക്ഷി യോഗം തീരുമാനിച്ചു.
by Midhun HP News | Apr 27, 2025 | Latest News, കേരളം
കൊച്ചി: കൊച്ചിയില്‍ ഹൈബ്രിഡ് കഞ്ചാവുമായി രണ്ടു മലയാള സംവിധായകന്‍ അറസ്റ്റില്‍. സംവിധായകരായ ഖാലിദ് റഹ്മാന്‍, അഷ്‌റഫ് ഹംസ എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷാലിഫ് മുഹമ്മദ് എന്നയാളുമാണ് അറസ്റ്റിലായത്. കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്നാണ് ഇവര്‍ പിടിയിലായത്.
1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായാണ് ഇവര്‍ പിടിയിലായത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് പുലര്‍ച്ചെ രണ്ടുമണിയോടെ എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. തല്ലുമാല, ആലപ്പുഴ ജിംഖാന തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ഖാലിദ് റഹ്മാന്‍.
തമാശ, ഭീമന്റെ വഴി തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് അഷ്‌റഫ് ഹംസ. മറ്റൊരു സംവിധായകന്റെ മുറിയില്‍ നിന്നാണ് ഇവര്‍ പിടിയിലാകുന്നത്. മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തില്‍ വിട്ടു. ഇവര്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കിയ ആളെക്കുറിച്ച് എക്‌സൈസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
Recent Comments