കൺസ്ട്രക്ഷൻ എക്യുമെൻസ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഏപ്രിൽ 29, 30 തീയതികളിൽ

കൺസ്ട്രക്ഷൻ എക്യുമെൻസ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഏപ്രിൽ 29, 30 തീയതികളിൽ

അങ്കമാലി: കേരളത്തിലെ കാർഷിക നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന മെഷിനറി ഉടമകളുടെ സംഘടനയായ കൺസ്ട്രക്ഷൻ എക്യുമെന്റ് ഓണേഴ്സ് അസോസിയേഷന്റെ (സി ഇ ഒ എ) സംസ്ഥാന സമ്മേളനം ഏപ്രിൽ 29, 30 തീയതികളിൽ അംഗമാലി അഡ്ലക്സ് ഇൻറർനാഷണൽ കൺവെൻഷൻ സെന്ററിൽ വച്ച് നടക്കുന്നു.

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മിഷനറി എക്സ്പോയും ഇതോടൊപ്പം സംഘടിപ്പിച്ചിരിക്കുന്നു. ഏപ്രിൽ 29 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിൽ എം.പി .ബെന്നി ബഹനാൻ എക്സ്പോ ഉദ്ഘാടനം ചെയ്യുന്നു. അങ്കമാലി എംഎൽഎ റോജി എം ജോൺന്റെ സാന്നിധ്യത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.

ഏപ്രിൽ 30 ബുധനാഴ്ച മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്ന പൊതുസമ്മേളനത്തിൽ എംഎൽഎ മാരായ ആന്റണി ജോൺ, അൻവർ സാദത്ത്, എൽദോസ് കുന്നപ്പള്ളി, സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എസ് ജയമോഹൻ, ബിജെപി ജില്ലാ പ്രസിഡന്റ് ബ്രഹ്മരാജ്, അങ്കമാലി നഗരസഭ ചെയർമാൻ ഷിയോ പോൾ എന്നിവരോടൊപ്പം സി.ഇ.ഒ.എ യുടെ സംസ്ഥാന നേതാക്കളായ രക്ഷാധികാരി ചന്ദ്രമധു കുറ്റിച്ചൽ, സംസ്ഥാന പ്രസിഡന്റ് ജിജി കടവിൽ, സംസ്ഥാന ജനറൽ സെക്രട്ടറി സമീർ ബാബു, സംസ്ഥാന ട്രഷറർ അനിൽ പൗഡിക്കോണം, വൈസ് പ്രസിഡന്റ് മുജീബ് പൊന്നാനി, ജോയിൻ സെക്രട്ടറി റാഷിദ് കാസർഗോഡ് തുടങ്ങിയവർ വേദി പങ്കിടുന്നു. മെന്റലിസം ഷോ, മോട്ടിവേഷൻ ക്ലാസ്, മെഗാഷോ, മെഗാ സമ്മാന പദ്ധതി തുടങ്ങിയ നിരവധി പരിപാടികൾ കുടുംബ സദസ്സിന് ആകർഷകമാകും.

ഒരു കുടുംബത്തിലെ എല്ലാവര്‍ക്കും വാഹനം വേണ്ട; പെട്രോള്‍/ ഡീസല്‍ കാറുകള്‍ വാങ്ങുന്നതില്‍ നിയന്ത്രണം, കരട് നിര്‍ദേശം

ഒരു കുടുംബത്തിലെ എല്ലാവര്‍ക്കും വാഹനം വേണ്ട; പെട്രോള്‍/ ഡീസല്‍ കാറുകള്‍ വാങ്ങുന്നതില്‍ നിയന്ത്രണം, കരട് നിര്‍ദേശം

ന്യൂഡല്‍ഹി: വാഹനപെരുപ്പവും അതേതുടര്‍ന്നുള്ള അന്തരീക്ഷ മലിനീകരണവും മൂലം പൊറുതിമുട്ടുന്ന ഡല്‍ഹിയെ രക്ഷിക്കാന്‍ കടുത്ത നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഒരു കുടുംബത്തിന് വാങ്ങാന്‍ കഴിയുന്ന പെട്രോള്‍/ഡീസല്‍ വാഹനങ്ങളുടെ എണ്ണം പരിമിതപ്പെടുത്താനും ഇന്ധനം കത്തിക്കുന്ന മോട്ടോര്‍ബൈക്കുകളുടെയും സ്‌കൂട്ടറുകളുടെയും വില്‍പ്പന നിരോധിക്കാനും കഴിയുന്ന ഒരു പുതിയ കാര്‍, ബൈക്ക് ഉടമസ്ഥാവകാശ നിയമം ഡല്‍ഹി സര്‍ക്കാര്‍ പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

മലിനീകരണം തടയുന്നതിനായി തയാറാക്കിയിട്ടുള്ള കരട് നിര്‍ദേശങ്ങളിലാണ് ഇക്കാര്യങ്ങള്‍ പറയുന്നതെന്നാണ് വിവരം. ഓരോ വീടിനും വാങ്ങാന്‍ കഴിയുന്ന ഫോസില്‍ ഇന്ധന കാറുകളുടെ എണ്ണം രണ്ട് വാഹനങ്ങളായി പരിമിതപ്പെടുത്താനാണ് ആലോചന. ഹൈബ്രിഡ് വാഹനങ്ങള്‍ വാങ്ങുന്നത് പ്രോത്സാഹിപ്പിക്കാനായി ചില നികുതികള്‍ സര്‍ക്കാര്‍ ഒഴിവാക്കിയേക്കും. ഇത് അവയുടെ വില 15 ശതമാനം വരെ കുറയ്ക്കാന്‍ സഹായിക്കും. 2030 ഓടെ മൊത്തം വാഹനങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 30 ശതമാനമാക്കി വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

ഫോസില്‍ ഫ്യുവല്‍ വാഹനങ്ങളുടെ നിയന്ത്രണത്തിന് പിന്നാലെ പെട്രോള്‍ സ്‌കൂട്ടറുകളുടെയും ബൈക്കുകളുടെയും വില്‍പ്പന പൂര്‍ണമായും നിരോധിക്കുകയും ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ സ്വന്തമാക്കുന്ന ആളുകള്‍ക്കുള്ള ഇന്‍സെന്റീവ് ഉയര്‍ത്താനും സര്‍ക്കാര്‍ നീക്കമുണ്ട്. 2027 ഏപ്രില്‍ ഒന്നോടെ നിരോധനം നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദേശിക്കുന്നത്.

ഫോസില്‍ ഫ്യുവല്‍ വാഹനങ്ങള്‍ പരമാവധി കുറയ്ക്കുന്നതിനായി ഒരു ലിറ്റര്‍ പെട്രോളിന് 50 പൈസ നിരക്കില്‍ അധികം സെസ് ഏര്‍പ്പെടുത്തുന്ന കാര്യവും കരട് നിര്‍ദേശത്തില്‍ പറയുന്നു. പെട്രോള്‍ ഇരുചക്ര വാഹനങ്ങളുടെ പെരുപ്പം സര്‍ക്കാര്‍ ഗുരുതരമായി പരിഗണിക്കുന്ന വിഷയമാണ്. 2024-ല്‍ മാത്രം 4.5 ലക്ഷം ഇരുചക്ര വാഹനങ്ങളാണ് ഡല്‍ഹിയില്‍ മാത്രം വിറ്റഴിച്ചത്. 2022-23-ല്‍ നിരത്തിലെത്തിയ വാഹനങ്ങളില്‍ 67 ശതമാനവും ഇരുചക്ര വാഹനങ്ങളാണ്. ഇത് നിയന്ത്രിച്ചാല്‍ മലിനീകരണം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

എംജിഎസ് നാരായണന്‍ അന്തരിച്ചു

എംജിഎസ് നാരായണന്‍ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ ചരിത്ര പണ്ഡിതനും ഗവേഷകനും എഴുത്തുകാരനുമായ പ്രൊഫസര്‍ എം ജി എസ് നാരായണന്‍ (92) അന്തരിച്ചു. കോഴിക്കോട് മലാപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. കേരളത്തിന്റെ ചരിത്ര ഗവേഷണത്തിന് അതുല്യ സംഭാവനകള്‍ നല്‍കിയ പ്രതിഭയാണ് വിടപറഞ്ഞത്. സംസ്‌കാരം ഇന്ന് വൈകിട്ട് മാവൂര്‍ റോഡ് ശ്മശാനത്തില്‍.

ഒന്നരപ്പതിറ്റാണ്ട് കാലിക്കറ്റ് സര്‍വകലാശാലയുടെ ചരിത്ര വിഭാഗം മേധാവിയായിരുന്നു. കുറച്ചു നാളുകളായി വാര്‍ധക്യ സഹജമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇന്ന് രാവിലെ ആരോഗ്യ നില മോശമാവുകയായിരുന്നു.

1932 ല്‍ പൊന്നാനിയിലാണ് ജനനം. പരപ്പനങ്ങാടിയിലും പൊന്നാനി എ വി സ്‌കൂളിലും പ്രാഥമിക വിദ്യാഭ്യാസവും ഹൈസ്‌കൂള്‍ പഠനവും പൂര്‍ത്തിയാക്കിയശേഷം കോഴിക്കോട് സാമൂതിരി (ഗുരുവായൂരപ്പന്‍) കോളജിലും ഫാറൂഖ് കോളജിലും തൃശൂര്‍ കേരളവര്‍മ കോളജിലും മദ്രാസ് ക്രിസ്ത്യന്‍ കോളജിലും ഉന്നതബിരുദ-ബിരുദാനന്തര പഠനങ്ങള്‍ പൂര്‍ത്തിയാക്കി. ഒന്നാം റാങ്കോടെ ചരിത്രത്തില്‍ മാസ്റ്റര്‍ ബിരുദം നേടിയ ശേഷം ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ ഗുരുവായൂരപ്പന്‍ കോളജില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഇരുപത്തിയെട്ടാമത്തെ വയസ്സില്‍ യുജിസി ഫെലോഷിപ്പില്‍ യൂണിവേഴ്‌സിറ്റിയില്‍ ചരിത്രഗവേഷണം ആരംഭിച്ചു.

എം ജി എസ് പുരാതന ഇന്ത്യന്‍ ലിപികള്‍ (ബ്രാഹ്മി, ഗ്രന്ഥം എന്നിവ) പഠിക്കുകയും തമിഴ്, ക്ലാസിക്കല്‍ സംസ്‌കൃതം എന്നിവയില്‍ വൈദഗ്ദ്ധ്യം നേടുകയും ചെയ്തിട്ടുണ്ട്. കൊടുങ്ങല്ലൂരില്‍ (1969-70) പുരാവസ്തു ഗവേഷണങ്ങളില്‍ നിരീക്ഷകനായി പങ്കെടുത്തു. കേരളത്തിലെ ചേര പെരുമാളുകളെ പരാമര്‍ശിക്കുന്ന നിരവധി മധ്യകാല വട്ടെഴുത്തു ലിഖിതങ്ങളും അദ്ദേഹം കണ്ടെത്തി പ്രസിദ്ധീകരിച്ചു. കോമണ്‍വെല്‍ത്ത് അക്കാദമിക് സ്റ്റാഫ് ഫെലോ, സ്‌കൂള്‍ ഓഫ് ഓറിയന്റല്‍, ആഫ്രിക്കന്‍ സ്റ്റഡീസ്, യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടന്‍ (1974 -75); വിസിറ്റിംഗ് ഫെലോ, മോസ്‌കോ, ലെനിന്‍ഗ്രാഡ് സര്‍വകലാശാലകള്‍ (1991); വിസിറ്റിംഗ് റിസര്‍ച്ച് പ്രൊഫസര്‍, ടോക്കിയോ യൂണിവേഴ്‌സിറ്റി ഓഫ് ഫോറിന്‍ സ്റ്റഡീസ്, ടോക്കിയോ (1994-95). ഫസ്റ്റ് മെംബര്‍ സെക്രട്ടറിയായും (1990-92) ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ ചെയര്‍മാനായും (2001-03) സേവനമനുഷ്ഠിച്ചു. അന്തര്‍ദേശീയ ശ്രദ്ധ നേടിയ ഒട്ടേറെ പ്രബന്ധങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചു.

ഇന്ത്യന്‍ ചരിത്ര പരിചയം-1969, സാഹിത്യ അപരാധങ്ങള്‍ 1970, കേരള ചരിത്രത്തിന്റെ അടിസ്ഥാന ശിലകള്‍ 1971, കോഴിക്കോടിന്റെ കഥ-2001, സെക്കുലര്‍ ജാതിയും സെക്കുലര്‍ മതവും-2001, ജനാധിപത്യവും കമ്മ്യൂണിസവും-2004,പെരുമാള്‍സ് ഓഫ് കേരള എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന പുസ്തകങ്ങള്‍.

‘ഒന്നും രണ്ടുമല്ല, ടീമിലെ മുഴുവൻ പേരും മോശമായി കളിക്കുന്നു, എന്തുചെയ്യും’- കടുത്ത നിരാശയില്‍ ധോനി

‘ഒന്നും രണ്ടുമല്ല, ടീമിലെ മുഴുവൻ പേരും മോശമായി കളിക്കുന്നു, എന്തുചെയ്യും’- കടുത്ത നിരാശയില്‍ ധോനി

ചെന്നൈ: 9 കളിയില്‍ ഏഴാം തോല്‍വി വഴങ്ങി ചെന്നൈ സൂപ്പര്‍ കിങ്‌സ് അവസാന സ്ഥാനത്താണ്. അവരുടെ പ്ലേ ഓഫ് സാധ്യതകളും ഏതാണ്ട് അവസാനിച്ചു. ടീമിന്റെ പ്രകടനത്തില്‍ കടുത്ത നിരാശയിലാണ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനി. ടീമിലെ നിര്‍ണായക താരങ്ങളില്‍ മിക്കവരും ഫോം കിട്ടാതെ ഉഴലുമ്പോള്‍ പോസിറ്റിവായ ഫലം കിട്ടുക എന്നത് ഏറെ പ്രയാസകരമായ കാര്യമാണെന്നു ധോനി വ്യക്തമാക്കി.

സ്വന്തം തട്ടകത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു 5 വിക്കറ്റിനാണ് ചെന്നൈ തോറ്റത്. ഇതോടെ അവരുടെ പ്ലേ ഓഫ് സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 154 റണ്‍സിനു ഓള്‍ ഔട്ടായി. എസ്ആര്‍എച് 5 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്താണ് വിജയിച്ചത്.

‘ഒന്നോ രണ്ടോ മേഖലകളിലാണ് ടീമിനു പ്രശ്‌നമുള്ളതെങ്കില്‍ അതു പരിഹരിക്കാന്‍ സാധിക്കും. എന്നാല്‍ കളിക്കാരില്‍ ഭൂരിഭാഗം പേരും മോശം ഫോമില്‍ കളിച്ചാല്‍ ഒന്നും ചെയ്യാനില്ല- മത്സര ശേഷം മാധ്യമങ്ങളോടു സംസാരിക്കവേ ധോനി വ്യക്തമാക്കി.’

കാലങ്ങളായി വിന്നിങ് കോമ്പിനേഷനില്‍ വലിയ മാറ്റങ്ങള്‍ വരുത്താത്ത ടീമാണ് സിഎസ്‌കെ. എന്നാല്‍ ഇത്തവണ അവര്‍ പല മാറ്റങ്ങള്‍ വരുത്തിയെങ്കിലും ഒന്നും ക്ലിക്കായില്ല.

‘9 മത്സരങ്ങളില്‍ 19 കളിക്കാരെയാണ് സിഎസ്‌കെ ഇത്തവണ മാറി പരീക്ഷിച്ചത്. ഇത്തരം പരീക്ഷണങ്ങള്‍ നടത്തുകയല്ലാതെ മറ്റ് രക്ഷകളൊന്നുമില്ല. മാറ്റം വരുത്താന്‍ ആഗ്രഹിച്ചാലും ആരും മികവിലേക്ക് വരുന്നില്ലെങ്കില്‍ എന്തു ചെയ്യും. താരങ്ങള്‍ നന്നായി കളിക്കുന്നുണ്ടെങ്കില്‍ കോമ്പിനേഷന്‍ തുടരെ അഞ്ചോ ആറോ മത്സരങ്ങള്‍ വരെ കൊണ്ടു പോകാം. ടീമിലെ നാലോ അഞ്ചോ താരങ്ങള്‍ തുടരെ പരാജയപ്പെട്ടാല്‍ മാറ്റം വരുത്താതെ മുന്നോട്ടു പോകാന്‍ ടീമിനു സാധിക്കില്ല.’

‘ഡെവാള്‍ഡ് ബ്രെവിസ് നന്നായി ബാറ്റ് ചെയ്തു. മധ്യനിരയില്‍ അത്തരമൊരു മാറ്റം ടീമിനു അനിവാര്യമായിരുന്നു. സ്പിന്നിനെ കളിക്കാന്‍ ഞങ്ങള്‍ ബുദ്ധിമുട്ടിയിരുന്നു. സ്പിന്നര്‍മാര്‍ക്കെതിരെ വേഗതയില്‍ റണ്‍സടിച്ച് ആധിപത്യം സ്ഥാപിക്കുന്നതിന്റെ കുറവ് ടീമിനുണ്ടായിരുന്നു. കാര്യമായ റണ്‍സ് നേടേണ്ട ഘട്ടത്തില്‍ അതു വരുന്നില്ല എന്നതാണ് ടീമിന്റെ പ്രശ്‌നം. എല്ലായ്‌പ്പോഴും 180-200 റണ്‍സ് അടിക്കാനൊന്നും സാധിക്കില്ല. പക്ഷേ സാഹചര്യം നോക്കി റണ്‍സടിക്കാന്‍ സാധിക്കണം.’

‘പിച്ചിന് പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. പിച്ച് ബാറ്റിങിനു അനുകൂലമായിരുന്നു. എന്നാല്‍ ടീമിനു മികച്ച സ്‌കോര്‍ നേടാനായില്ല.’

‘155 റണ്‍സ് ന്യായീകരിക്കാവുന്ന സ്‌കോറല്ല. കുറച്ചു റണ്‍സ് കൂടി ഞങ്ങള്‍ നേടണമായിരുന്നു. ടീമിന്റെ ബൗളിങ് പ്രത്യേകിച്ച് സ്പിന്നര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞു. എന്നാല്‍ അന്തിമ വിജയത്തിലേക്ക് ഞങ്ങള്‍ക്ക് 20 റണ്‍സിന്റെ കുറവെങ്കിലും വന്നു’- ധോനി വ്യക്തമാക്കി.

സിഎസ്‌കെയുടെ സമീപ കാലത്തെ ഏറ്റവും മോശം ഐപിഎല്ലാണിത്. ഏഴ് തോല്‍വികളില്‍ നാലും സ്വന്തം തട്ടകമായി ചെപ്പോക്കില്‍ തന്നെയാണ് അവര്‍ വഴങ്ങിയത് എന്നതും ടീമിനു ക്ഷീണമായി.

ഡോവോണ്‍ കോണ്‍വെ, രചിന്‍ രവീന്ദ്ര, സാം കറന്‍ തുടങ്ങിയ വിദേശ താരങ്ങളും രാഹുല്‍ ത്രിപാഠി, ദീപക് ഹൂഡ, വിജയ് ശങ്കര്‍ തുടങ്ങിയ ഇന്ത്യന്‍ താരങ്ങളും വമ്പന്‍ പരാജയമായി മാറി. മധ്യ ഓവറുകളില്‍ ബാറ്റര്‍മാര്‍ക്കും സ്പിന്നിനെ ഫലപ്രദമായി നേരിടാന്‍ സാധിക്കാത്തതും ടീമിന്റെ തിരിച്ചടിക്കു വേഗം കൂട്ടി.

അമ്മ വീട്ടില്‍ ഇല്ലാത്ത സമയം നോക്കി പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡീപ്പിച്ചു; 17കാരന്‍ പിടിയില്‍

അമ്മ വീട്ടില്‍ ഇല്ലാത്ത സമയം നോക്കി പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡീപ്പിച്ചു; 17കാരന്‍ പിടിയില്‍

പത്തനംതിട്ട: മൂഴിയാറില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചെന്ന പരാതിയില്‍ പതിനേഴുകാരന്‍ പിടിയില്‍. മൂഴിയാര്‍ സ്വദേശിയായ പതിനേഴുകാരനെ കൊല്ലം ജുവനൈല്‍ ഹോമിലേക്ക് മാറ്റി.

ഒന്‍പത്, പന്ത്രണ്ട്, പതിമൂന്ന് വയസുള്ള സഹോദരിമാരാണ് പീഡനത്തിന് ഇരയായത്. കഴിഞ്ഞ വര്‍ഷമായിരുന്നു പരാതിക്കാധാരമായ സംഭവം. കോന്നിയില്‍ പഠിക്കുന്ന സമയത്ത് മധ്യവേനലവധിക്ക് വീട്ടിലെത്തിയപ്പോഴാണ് കൗമാരക്കാരന്‍ പെണ്‍കുട്ടികളെ പീഡനത്തിന് ഇരയാക്കിയത്.

ബാലിക സദനത്തില്‍ കഴിയുന്ന പതിമൂന്നുകാരി കഴിഞ്ഞ ദിവസം കൗണ്‍സിലിങ്ങിനിടെ ഇക്കാര്യം തുറന്നുപറയുകയായിരുന്നു. തുടര്‍ന്നാണ് മറ്റുസഹോദരിമാരും സമാനമായ തുറന്നുപറഞ്ഞു. ബാലിക സദനം അധികൃതര്‍ ഇക്കാര്യം ശിശുക്ഷേമസമിതിയെ അറിയിച്ചു. അവര്‍ പ്രാഥമിക റിപ്പോര്‍ട്ട് മൂഴിയാര്‍ പൊലീസിന് നല്‍കി.

ഇന്നുരാവിലെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോള്‍ കൗമാരക്കാരന്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് ജുവനൈല്‍ ജസ്റ്റിസിന് മുന്നില്‍ ഹാജരാക്കി. പിന്നീട് ജുവനൈല്‍ ജസ്റ്റിസ് ഹോമിലേക്ക് മാറ്റി. അമ്മ വീട്ടിലില്ലാത്ത സമയം നോക്കി അവിടെയത്തി പെണ്‍കുട്ടികളെ ലൈംഗികമായി ദുരൂപയോഗം ചെയ്തതെന്നാണ് കേസ്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു, ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റി അംഗം അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു, ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റി അംഗം അറസ്റ്റില്‍

ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ഉള്‍പ്പെടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മിച്ച് പ്രചരിപ്പിക്കുന്ന സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. വൈക്കം ടിവി പുരം ചെമ്മനത്തുകര നെടിയത്ത് വീട്ടില്‍ എന്‍ എ അരുണാണ് (35) അറസ്റ്റിലായത്. ഇയാള്‍ ഡിവൈഎഫ്‌ഐ വൈക്കം ടിവി പുരം നോര്‍ത്ത് മേഖലാ കമ്മിറ്റി അംഗമാണ്. ഹരിപ്പാട് സ്വദേശികളായ 8 പേര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്ന് പകര്‍ത്തി മോര്‍ഫ് ചെയ്ത് നഗ്‌നഫോട്ടോയാക്കി പ്രചരിപ്പിക്കുന്നുവെന്നാണ് പരാതി. വീട്ടമ്മമാരുടെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെയും ഫോട്ടോയാണ് പ്രചരിപ്പിച്ചത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിച്ച വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നത് അരുണ്‍ ആണെന്ന് കണ്ടെത്തി. 10 മുതല്‍ 15 പേര്‍ വരെയുള്ള ഫെയ്‌സ് ബുക്ക് ഗ്രൂപ്പുണ്ടാക്കിയാണ് ഇതു പ്രചരിപ്പിച്ചത്. അരുണ്‍ 2020 മുതല്‍ നഗ്‌നഫോട്ടോകള്‍ പ്രചരിപ്പിച്ചതായി പൊലീസ് കണ്ടെത്തി.

ഇയാളുടെ ഫോണില്‍ ആയിരത്തിലധികം മോര്‍ഫ് ചെയ്ത ഫോട്ടോകളും വിഡിയോകളും ഉണ്ടെന്ന് പൊലീസ് പറഞ്ഞു. പുലര്‍ച്ചെ വീട് വളഞ്ഞ് പിടികൂടുന്നതിനു ഒരു മണിക്കൂര്‍ മുന്‍പ് വരെ ഇയാള്‍ ഇത്തരം ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി. വൈക്കത്ത് സ്റ്റേഷനറി കടയില്‍ സെയില്‍സ് മാനേജരാണ് പ്രതി. എസ്എച്ച്ഒ മുഹമ്മദ് ഷാഫി, എസ്‌ഐമാരായ ഷൈജ, അനന്തു, സിപിഒമാരായ സുരേഷ്, എ. നിഷാദ്, സജാദ്, പ്രദീപ് ഉണ്ണിക്കൃഷ്ണന്‍ എന്നിവരും ആലപ്പുഴയിലെ സൈബര്‍ പൊലീസ് ടീമുമാണ് അന്വേഷണം നടത്തിയത്.