മുതലപ്പൊഴിയിൽ പൊഴിമുറിക്കൽ ഇന്ന് പൂർത്തിയാകും

മുതലപ്പൊഴിയിൽ പൊഴിമുറിക്കൽ ഇന്ന് പൂർത്തിയാകും

ചിറയിൻകീഴ്: മുതലപ്പൊഴിയിൽ പൊഴിമുറിക്കൽ ഇന്ന് പൂർത്തിയാകും. അഴിമുഖത്ത് 13 മീറ്റർ വീതിയിലും3മീറ്റർ ആഴത്തിലുമാണ് പൊഴി മുറിക്കുന്നത്. ഏറക്കുറെ ഇതിന്റെ പണി പൂർത്തിയായി. ഇനി അഴിമുഖത്തിന്റെ പ്രവേശന കവാടത്തിലുള്ള മണൽനീക്കം മാത്രമാണുള്ളത്.അത് കണ്ണൂർ അഴീക്കലിൽ നിന്നും പുറപ്പെട്ട ചന്ദ്രഗിരി ഡ്രഡ്ജർ എത്തുന്ന മുറയ്ക്ക് ബാക്കിയുള്ള ഭാഗത്തെ മണൽനീക്കം കൂടി നടക്കും. ഇന്നലെ വൈകിട്ടോടെ നീണ്ടകര പിന്നിട്ട ഡ്രഡ്ജർ മറ്റു കാലാവസ്ഥ വ്യതിയാനങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ഇന്നെത്തുമെന്നാണ് കരുതുന്നത്.

അഴിമുഖത്ത് ഡ്രഡ്ജർ പ്രവേശിപ്പിക്കുന്നതിന് വേണ്ടിയുള്ള പാതയൊരുക്കലിപ്പോൾ പുരോഗമിക്കുകയാണ്. അഴിമുഖത്തിന്റെ മൊത്തം വീതി 120 മീറ്ററാണ്. അതിൽ 13 മീറ്റർ വീതിയിലാണ് പൊഴി മുറിക്കുന്നത്. ബാക്കിയുള്ള ഭാഗങ്ങളിൽ മണൽ മൂടി കിടക്കുകയാണ്. അഴിമുഖത്ത് കൂട്ടിയിട്ടിരിക്കുന്ന മണൽ അവിടെ നിന്നും പെരുമാതുറ സൈഡിലേക്ക് നിക്ഷേപിക്കുന്ന പ്രക്രിയ 24 മണിക്കൂറും തുടരുകയാണ്. നാളെ പൊഴിമുറിക്കൽ പൂർത്തിയാകുമ്പോൾ ഉണ്ടാകുന്ന നേരിയ ചാലിൽ കൂടി കായൽവെള്ളം കടലിൽ പ്രവേശിക്കുന്നതിനാൽ കായലോരമേഖലയിലെ വെള്ളക്കെട്ടിന് ഭാഗിക പരിഹാരം ഉണ്ടായിത്തുടങ്ങും. പൂർണതോതിൽ വെള്ളമിറങ്ങണമെങ്കിൽ ഇനിയും ദിവസങ്ങൾ എടുക്കും.

കായലോര മേഖലയിലെ പലയിടങ്ങളിലും വെള്ളം കയറി ദുരിതങ്ങൾ അനുഭവിക്കുന്ന നൂറുകണക്കിന് വീട്ടുകാരും നാട്ടുകാരുമുണ്ട്. അതുപോലെ അഴിമുഖത്തെ മണൽ നീക്കം പൂർണമാകാൻ ഡ്രഡ്ജർ എത്തിയാലും ആഴ്ചകൾ കാത്തിരിക്കേണ്ടിവരും. ഡ്രഡ്ജറുമായി ഘടിപ്പിക്കേണ്ട മറ്റ് അനുബന്ധ ഉപകരണങ്ങൾ റോഡുമാർഗം മുതലപ്പൊഴിയിൽ എത്തിച്ചുകൊണ്ടിരിക്കുകയാണ്.

അഴിമുഖം മണൽ മൂടിയതോടെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം നിലച്ച് നിത്യവൃത്തിക്കായി പാടുപെടുകയാണ്.മുതലപ്പൊഴിയിലെ രണ്ട് ഹാർബറുകളിലുമായി നൂറിലേറെ താങ്ങുവല വള്ളങ്ങളാണ് കടലിൽ ഇറക്കാനാകാതെ കെട്ടിയിട്ടിരിക്കുന്നത്. ഒരു താങ്ങുവല വള്ളത്തിൽ ശരാശരി 20 മുതൽ 40 പേരാണ് ജോലിക്ക് പോകുന്നത്.ഇവരും ഇവരുടെ കുടുംബാംഗങ്ങളും ഇവരെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ചെറുകിട തൊഴിലാളികളും ചുമട്ടുതൊഴിലാളികളുമെല്ലാം പട്ടിണിയിലും പരിവട്ടത്തിലുമാണ്.

കേരള ലോട്ടറി ടിക്കറ്റിന് ഇന്നു മുതൽ 50 രൂപ

കേരള ലോട്ടറി ടിക്കറ്റിന് ഇന്നു മുതൽ 50 രൂപ

പ്രതിദിന നറുക്കെടുപ്പുകളിലെ ഒന്നാം സമ്മാനം ഒരു കോടി രൂപയായും ഉയർത്തിയിട്ടുണ്ട്. നിലവില്‍ ഏറ്റവും കുറഞ്ഞ സമ്മാനത്തുക 100 രൂപയായിരുന്നു. പരിഷ്കരിച്ച ടിക്കറ്റുകളില്‍ 50 രൂപയും സമ്മാനമായി ലഭിക്കും എന്നതാണ് മറ്റൊരു സവിശേഷത. സുവർണ കേരളം എന്ന പേരിലുള്ള ടിക്കറ്റാണ് ഇന്നു മുതല്‍ വിപണിയില്‍ ലഭ്യമാകുക. ഈ ടിക്കറ്റുകള്‍ എല്ലാ ജില്ലാ ലോട്ടറി ഓഫീസുകളിലും കഴിഞ്ഞ ദിവസം എത്തിക്കഴിഞ്ഞു. ഇന്നു രാവിലെ പത്ത് മുതല്‍ ടിക്കറ്റുകളുടെ വിതരണം ആരംഭിക്കും.

പരിഷ്കരിച്ച ടിക്കറ്റുകളില്‍ ഏഴുലക്ഷം ടിക്കറ്റുകള്‍ ചെറുകിട ഏജന്‍റുമാർക്കായി മാറ്റി വച്ചിട്ടുണ്ട്. ഇതിന് ആനുപാതികമായി വൻകിട ഏജന്‍റുമാർക്ക് നല്‍കുന്ന എണ്ണത്തില്‍ കുറവും വരുത്തിയിട്ടുണ്ട്.

എൻ രാമചന്ദ്രന് വിട ചൊല്ലി നാട്; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ

എൻ രാമചന്ദ്രന് വിട ചൊല്ലി നാട്; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ

കൊച്ചി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി എൻ രാമചന്ദ്രന് നാടിന്റെ അന്തിമാഞ്ജലി. എറണാകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ ഏഴരയോടെയാണ് പൊതുദർശനത്തിനായി ചങ്ങമ്പുഴ പാർക്കിൽ എത്തിച്ചത്. ഗവർണർ രാജേന്ദ്ര ആർലേക്കർ അടക്കം ഒട്ടേറെ നേതാക്കളും ജനപ്രതിനിധികളും അന്തിമാദരം അർപ്പിച്ചു. നൂറുകണക്കിന് സാധാരണക്കാരും ആദരം അർപ്പിക്കാനെത്തി.

കൊച്ചി സ്വദേശി എൻ രാമചന്ദ്രന് കണ്ണീരോടെ വിട ചൊല്ലി നാട്. ഗവർണറും ജനപ്രതിനിധികളും നാട്ടുകാരും രാമചന്ദ്രന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. മകൾ ആരതി, മകൻ അരവിന്ദ്, ഭാര്യ ഷീല എന്നിവർ രാമചന്ദ്രന്റെ മൃതദേഹത്തിൽ പ്രാർത്ഥനാപൂർവ്വം ആദരം അർപ്പിച്ചത് കണ്ടുനിന്നവരുടെ കണ്ണുകളെപ്പോലും ഈറനാക്കി. പൊതുദർശനത്തിന് ശേഷം മൃതദേഹം വിലാപയാത്രയായി വീട്ടിലെത്തിച്ചു. ഉച്ചയ്ക്ക് 12 മണിക്ക് ഇടപ്പള്ളി ശ്മശാനത്തിലാണ് എൻ രാമചന്ദ്രന്റെ സംസ്കാരം. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി നിർദേശം നൽകി.

മകൾ ആരതിയുടെ കൺമുന്നില്‍ വെച്ചാണ് കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രന് ഭീകരരുടെ വെടിയേറ്റത്. ഒപ്പമുണ്ടായിരുന്ന തന്‍റെ മക്കൾ കരഞ്ഞത് കൊണ്ടായിരിക്കാം തന്നെയടക്കം ഭീകരർ ഉപദ്രവിക്കാതെ വിട്ടതെന്ന് ആരതി പറയുന്നു. മക്കളുമായി കാട്ടിലൂടെ ഭയന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. അരമണിക്കൂറോളം ഓടിയ ശേഷമാണ് മൊബൈലിന് റേഞ്ച് ലഭിച്ചത്. ഫോൺ വിളിച്ച ശേഷമാണ് സൈന്യവും സമീപവാസികളും രക്ഷക്കെത്തിയത്. തന്റെ മുന്നിലെത്തിയ ഭീകരർ സൈനിക വേഷത്തിൽ ആയിരുന്നില്ലെന്നും ആരതി പറയുന്നു. വേദനയുടെ നിമിഷങ്ങളിൽ കശ്മീരിലെ പ്രദേശവാസികളും ഒപ്പം നിന്നെന്നും ആരതി കൂട്ടിച്ചേര്‍ത്തു.

ഹൈബ്രിഡ് കഞ്ചാവ് കേസ്: റിയാലിറ്റി ഷോ അവതാരകനും മോഡലിനും നോട്ടീസ്

ഹൈബ്രിഡ് കഞ്ചാവ് കേസ്: റിയാലിറ്റി ഷോ അവതാരകനും മോഡലിനും നോട്ടീസ്

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഹാജരാകാൻ ചാനൽ റിയാലിറ്റി ഷോ അവതാരകനും യുവതിയായ മോഡലിനും എക്സൈസിന്റെ നോട്ടീസ്. സിനിമ മേഖലയിലെ അണിയറ പ്രവർത്തകനും നോട്ടീസ് കൊടുത്തിട്ടുണ്ട്. അടുത്താഴ്ച ഹാജരാകാനാണ് എല്ലാവരോടും ആവശ്യപ്പെട്ടിട്ടുള്ളത്. നടൻമാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരോട് തിങ്കളാഴ്ച ഹാജരാകാൻ നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്.

ഓമനപ്പുഴയിലെ റിസോർട്ടിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്‌ലിമ സുൽത്താന (ക്രിസ്റ്റീന), റിയാലിറ്റി ഷോ അവതാരകനുമായി പണമിടപാട് നടത്തിയതായി എക്സൈസ് കണ്ടെത്തിയിരുന്നു. പാലക്കാടു സ്വദേശിനിയും കൊച്ചിയിൽ താമസക്കാരിയുമായ മോഡലുമായും തസ്‌ലിമയ്ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തി. ഇവർക്ക് സിനിമ മേഖലയിലും ബന്ധമുണ്ട്.

ഇത് പെൺവാണിഭ ഇടപാടുകളാണെന്നും അന്വേഷണ സംഘത്തിന് സംശയമുണ്ട്. മോഡൽ മുഖേനേ പല പെൺകുട്ടികളെയും തസ്‌ലിമ പ്രമുഖർക്ക് എത്തിച്ചുകൊടുത്തതായാണ് സംശയം. തസ്‌ലിമയുടെ ഫോണിൽ പ്രൊഡ്യൂസർ എന്ന രീതിയിൽ പലരുടെയും പേരുണ്ട്. സിനിമ മേഖലയിലെ മറ്റൊരാൾക്കും തസ്‌ലിമയുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതും പെൺവാണിഭ ഇടപാടാണെന്ന് സംശയിക്കുന്നു.

കോട്ടയം, പാലക്കാട്, കൊല്ലം കലക്ടറേറ്റുകളില്‍ ബോംബ് ഭീഷണി; പരിശോധന

കോട്ടയം, പാലക്കാട്, കൊല്ലം കലക്ടറേറ്റുകളില്‍ ബോംബ് ഭീഷണി; പരിശോധന

പാലക്കാട്: കോട്ടയം, പാലക്കാട്, കൊല്ലം കലക്ടറേറ്റുകളില്‍ ബോംബ് ഭീഷണി. കലക്ടര്‍മാരുടെ മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ജീവനക്കാരെ ഒഴിപ്പിച്ച് ബോംബ് സ്‌ക്വാഡും പൊലീസും പരിശോധന നടത്തി.

കൊല്ലത്ത് ഭീഷണി സന്ദേശമെത്തിയത് രാവിലെയാണ്. പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. ഭീഷണി വ്യാജമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. കോട്ടയം കലക്ടറേറ്റിലും സമാനമായ നിലയിലാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. ജീവനക്കാരെ ഒഴിപ്പിച്ച് നടത്തിയ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. സന്ദേശം വ്യാജമാണെന്ന വിലയിരുത്തലില്‍ പരിശോധന പൂര്‍ത്തിയാക്കി ജീവനക്കാരെ അകത്തുകയറാന്‍ അനുവദിച്ചു.

രണ്ട് മണിക്ക് ബോംബ് പൊട്ടുമെന്നാണ് പാലക്കാട് കലക്ടറിന് ലഭിച്ച ഭീഷണി സന്ദേശത്തില്‍ പറയുന്നത്. കഴിഞ്ഞ ദിവസം പാലക്കാട് ആര്‍ഡി ഓഫീസിലും സമാനമായ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇന്ന് രാവിലെ 7.15 ഓടേ മെയില്‍ വഴിയാണ് സന്ദേശം ലഭിച്ചത്.11 മണിയോടെയാണ് കലക്ടറുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍ തന്നെ പൊലീസിനെ അറിയിക്കുകയായിരുന്നു.

ബോംബ് സ്‌ക്വാഡും പൊലീസ് പരിശോധന നടത്തിയെങ്കിലും ഇതുവരെ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് എഡിഎം അറിയിച്ചു. ബോംബ് സ്‌ക്വാഡും പൊലീസും കലക്ടറേറ്റിലെത്തി പരിശോധന നടത്തി. മുഴുവന്‍ ജീവനക്കാരെയും കലക്ടറേറ്റില്‍ നിന്ന് പുറത്തിറക്കിയാണ് പരിശോധന നടത്തിയത്.

സ്കൂൾ വിദ്യാര്‍ഥിനി ഷോക്കേറ്റ് മരിച്ചു; സംഭവം കോഴിക്കോട് കൊടുവള്ളിയിൽ

സ്കൂൾ വിദ്യാര്‍ഥിനി ഷോക്കേറ്റ് മരിച്ചു; സംഭവം കോഴിക്കോട് കൊടുവള്ളിയിൽ

കോഴിക്കോട് കൊടുവള്ളിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ഷോക്കേറ്റ് മരിച്ചു. കൊടുവള്ളി കരുവന്‍പൊയില്‍ സ്വദേശിനി നജാ കദീജയാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ, വീട്ടിലെ കുളിമുറിയില്‍ വച്ചാണ് ഷോക്കേറ്റത്.

ഉടന്‍ തന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടെ മറ്റൊരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കരുവന്‍പൊയില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് മരിച്ച നജാ കദീജ. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ചുള്ളിയാട് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ മൃതദേഹം കബറടക്കും.