ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീറിന് വധഭീഷണി; പിന്നിൽ ഐഎസ്‌ഐഎസ് കശ്മീര്‍ എന്ന് റിപ്പോർട്ട്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീറിന് വധഭീഷണി; പിന്നിൽ ഐഎസ്‌ഐഎസ് കശ്മീര്‍ എന്ന് റിപ്പോർട്ട്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനും മുന്‍ ബിജെപി എംപിയുമായ ഗൗതം ഗംഭീറിന് വധഭീഷണി. ഏപ്രില്‍ 22ന് രണ്ടുതവണയായി ഇമെയില്‍ സന്ദേശത്തിലൂടെയാണ് വധഭീഷണി ഉണ്ടായിരിക്കുന്നത്. ഐഎസ്‌ഐഎസ് കശ്മീര്‍ ആണ് ഭീഷണിക്ക് പിന്നില്‍ എന്ന് ദേശീയ വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു

സംഭവത്തില്‍ ഡല്‍ഹി പൊലീസില്‍ ഗൗതം ഗംഭീര്‍ പരാതി നല്‍കിയതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തന്റെ കുടുംബത്തിന്റെയും സുരക്ഷ ഉറപ്പാക്കണമെന്ന് പരാതിയിൽ ​ഗംഭീർ ആവശ്യപ്പെട്ടു.

ഏപ്രിൽ 22ന് ഇമെയിൽ വഴിയാണ് ​ഗംഭീറിന് ഭീഷണി സന്ദേശം ലഭിച്ചത്. ആദ്യ സന്ദേശം ഉച്ചയ്ക്ക് ശേഷവും മറ്റൊന്ന് വൈകുന്നേരവുമാണ് ലഭിച്ചത്. രണ്ട് തവണയും ‘ഞാൻ നിന്നെ കൊല്ലും’ എന്നർത്ഥത്തിൽ (“IKillU.”) എന്നാണ് സന്ദേശം ലഭിച്ചത്. മുമ്പ് 2021 നവംബറിൽ പാർലമെന്റ് അംഗമായിരുന്നപ്പോഴും ​ഗംഭീറിന് ഇത്തരം ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു.

അതിനിടെ ജമ്മു കാശ്മീരിലെ പഹൽ​ഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ ​ഗംഭീർ കഴിഞ്ഞ ദിവസം അപലപിച്ചിരുന്നു. ‘മരിച്ചവരുടെ കുടുംബത്തിനായി പ്രാർത്ഥിക്കുന്നു. ആക്രമണത്തിന് ഉത്തരവാദികളായവർക്ക് ഇന്ത്യ തിരിച്ചടി നൽകും.’ ​ഗംഭീർ ഇപ്രകാരം സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു.

പൊന്നമ്മ ഡി സി അന്തരിച്ചു

പൊന്നമ്മ ഡി സി അന്തരിച്ചു

കോട്ടയം: ഡി സി ബുക്സിന്റെ സ്ഥാപകനും എഴുത്തുകാരനുമായ ഡി സി കിഴക്കെമുറിയുടെ പത്നിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ പൊന്നമ്മ ഡി സി (90) അന്തരിച്ചു. ഡി സി ബുക്‌സിന്റെ ആദ്യകാല ചുമതലക്കാരില്‍ പ്രമുഖയായിരുന്നു. രണ്ടു പതിറ്റാണ്ടോളം ഡിസി ബുക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ച വ്യക്തികൂടിയാണ് പൊന്നമ്മ.

ചെങ്ങന്നൂര്‍ കടക്കേത്തു പറമ്പില്‍ പി പി ഐസക്കിന്റെയും റേച്ചലിന്റെയും ഇളയപുത്രിയായി 1934 ഡിസംബര്‍ മൂന്നിന് ജനിച്ച പൊന്നമ്മ തിരുവല്ല ബാലികാമഠം സ്‌കൂളിലെ അധ്യാപികയായിരുന്നു. 1963 ഓഗസ്റ്റ് 26നാണ് ഡി സി. കിഴക്കേമുറിയെ വിവാഹം കഴിക്കുന്നത്. 1974ല്‍ ഡി സി കിഴക്കേമുറി ഡി സി ബുക്‌സ് ആരംഭിച്ച കാലത്ത് സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ സജീവമായിരുന്നു പൊന്നമ്മ ഡി സി.

തകഴി, ബഷീര്‍, സി ജെ തോമസ് തുടങ്ങിയ വിഖ്യാത എഴുത്തുകാരുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു പൊന്നമ്മ. ഡി സി കിഴക്കേമുറിക്കു ലഭിച്ച മരണാനന്തര പത്മഭൂഷന്‍ രാഷ്ട്രപതി കെ ആര്‍ നാരായണനില്‍ നിന്ന് ഏറ്റുവാങ്ങിയത് പൊന്നമ്മ ഡിസിയായിരുന്നു.

മക്കള്‍: താര, മീര, രവി ഡിസി (ഡിസി ബുക്‌സ്). മരുമക്കള്‍: ജോസഫ് സത്യദാസ് (സിംഗപ്പൂര്‍ സ്‌ട്രെയ്റ്റ് ടൈംസ് സീനിയര്‍ എഡിറ്റര്‍), അനില്‍ വര്‍ഗീസ് (ബിസിനസ്), രതീമ (എക്‌സിക്യുട്ടീവ് ഡയറക്ടര്‍, ഡിസി ബുക്‌സ്). സംസ്‌കാരം കോട്ടയം ലൂര്‍ദ് ഫൊറോണ പള്ളിയില്‍ ഇരുപത്തിയേഴാം തിയതി ഞായറാഴ്ച വൈകിട്ട് മൂന്നുമണിക്ക് നടക്കും.

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. ഇന്നലെ പവന് 2200 കുറഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് 80 രൂപയാണ് ഇടിഞ്ഞത്. 72,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് പത്തു രൂപ കുറഞ്ഞ് 9005 രൂപയായി. സ്വര്‍ണവില 75000 കടന്നു പോകുമെന്ന സാഹചര്യത്തിലാണ് ഇന്നലെ മുതല്‍ സ്വര്‍ണവില താഴാന്‍ തുടങ്ങിയത്.ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്.

സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണ വില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

കള്ള് ഷാപ്പില്‍ തര്‍ക്കം; ജ്യേഷ്ഠന്‍ അനിയനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി, പ്രതി ഒളിവില്‍

കള്ള് ഷാപ്പില്‍ തര്‍ക്കം; ജ്യേഷ്ഠന്‍ അനിയനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി, പ്രതി ഒളിവില്‍

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ജ്യേഷ്ഠന്‍ അനിയനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആനന്ദപുരം-കൊടകര വഴിയില്‍ കൊടിയന്‍കുന്നില്‍ കൊരട്ടിക്കാട്ടില്‍ വീട്ടില്‍ യദുകൃഷ്ണന്‍ (28) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം വൈകീട്ട് ആനന്ദപുരം കള്ള് ഷാപ്പില്‍ വെച്ചായിരുന്നു സംഭവം. തര്‍ക്കത്തിനിടെ ജ്യേഷ്ഠന്‍ വിഷ്ണു സഹോദരനെ കുപ്പിയും വടിയും ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യദുകൃഷ്ണനെ ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന് ശേഷം വിഷ്ണു ഒളിവിലാണ്. ചുമട്ട് തൊഴിലാളിയായ വിഷ്ണുവും സഹോദരനും തമ്മില്‍ ഇടയ്ക്കിടെ വഴക്കുകള്‍ ഉണ്ടാകാറുണ്ടെന്ന് പരിസരവാസികള്‍ പറയുന്നു. പരേതനായ സുധാകരനാണ് പിതാവ്. സിന്ധുവാണ് അമ്മ. പുതുക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

ജയിലിലായതോടെ കാമുകി ഉപേക്ഷിച്ചു; തിരുവാതുക്കല്‍ ഇരട്ടക്കൊലയില്‍ പ്രതിയുടെ മൊഴി

ജയിലിലായതോടെ കാമുകി ഉപേക്ഷിച്ചു; തിരുവാതുക്കല്‍ ഇരട്ടക്കൊലയില്‍ പ്രതിയുടെ മൊഴി

കോട്ടയം: മോഷണക്കേസില്‍ ജയിലിലായതോടെ കാമുകി ഉപേക്ഷിച്ചു പോയതിന്റെ പകയാണ് തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകത്തിന് കാരണമെന്ന് പ്രതി അസം സ്വദേശി അമിത് ഉറാങ്ങിന്റെ മൊഴി. കോടതി അമിതിനെ റിമാന്‍ഡ് ചെയ്തതോടെ, ഗര്‍ഭിണിയായിരുന്ന യുവതി പിണങ്ങി സ്വന്തം നാട്ടിലേക്ക് പോയി. അവിടെ പ്രസവം നടന്നെങ്കിലും ജനിച്ചയുടന്‍ കുഞ്ഞ് മരിച്ചു. ജയിലില്‍ കിടന്നതിനാല്‍ തനിക്കു പിറന്ന കുഞ്ഞിനെ കാണാന്‍ അമിതിന് നാട്ടിലേക്കുപോകാന്‍ സാധിച്ചില്ല. ഇതും പക വളര്‍ത്തിയെന്നാണ് മൊഴിയില്‍ വ്യക്തമാകുന്നത്.

കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കൽ ശ്രീവത്സം വീട്ടിൽ ടി കെ വിജയകുമാർ (65), ഭാര്യ ഡോ മീര വിജയകുമാർ (62) എന്നിവരെയാണ് അമിത് കൊലപ്പെടുത്തിയത്. തുടർന്ന് രക്ഷപ്പെട്ട പ്രതിയെ, കൊലപാതകത്തിന്റെ പിറ്റേന്ന് രാവിലെ തൃശൂർ മാളയിലെ അതിഥിത്തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള കോഴിഫോമിൽ നിന്നാണ് പൊലീസ് പിടികൂടുന്നത്. അന്തിയുറങ്ങാന്‍ അഭയംതേടിയാണ് പ്രതി അമിത്, സഹോദരൻ ​ഗുണ്ടുറാങ് ജോലി ചെയ്യുന്ന കോഴിഫാമിലെത്തുന്നത്.

സഹോദരനോ, സുഹൃത്തുക്കള്‍ക്കോ കൊലപാതകം സംബന്ധിച്ച് അറിവില്ലായിരുന്നെന്ന് പൊലീസ് സൂചിപ്പിച്ചു. കോഴിഫാമിലെത്തിയ അമിത് ഒറാങ് ‘ഒരു പ്രശ്‌നമുണ്ടെന്ന്’ മാത്രമാണ് സഹോദരനോട് പറഞ്ഞത്. മൂന്നുമാസം മുമ്പാണ് കോഴി ഫാമിലെ ജോലിക്കായി ഗുണ്ടുറാങ് തൃശൂരെത്തിയത്. കൊല്ലപ്പെട്ട മീരയുടെ ഐ ഫോണ്‍ പ്രതിക്ക് ഓഫാക്കാനായിരുന്നില്ല. സ്വന്തം ഫോണ്‍ ഓഫാക്കി രക്ഷപ്പെട്ട പ്രതി പെരുമ്പാവൂരെത്തി സഹോദരനെ വിളിക്കാന്‍ അത് ഓണാക്കിയത് പ്രതിയുടെ നീക്കങ്ങൾ പെട്ടെന്ന് മനസ്സിലാക്കാൻ പൊലീസിന് സഹായകമായി. ഇതു പിന്തുടർന്നാണ് പൊലീസ് മാളയിലെ സഹോദരന്റെ കോഴിഫാമിലെത്തുന്നത്.

കൊല്ലപ്പെട്ട വിജയകുമാറിന്റെ സ്ഥാപനത്തില്‍ പ്രതിയും, വീട്ടില്‍ പെൺസുഹൃത്തും മാസങ്ങളോളം ജോലിചെയ്തു. ഇരുവരും വിജയകുമാറിന്റെ വീടിന്റെ ഔട്ട് ഹൗസില്‍ ഒന്നിച്ച് താമസിച്ചിട്ടുമുണ്ട്. ആ സമയങ്ങളില്‍ ഇരുവരും വഴക്കടിക്കുകയും താന്‍ ഭാര്യയല്ലെന്നും തനിക്കുള്ള ശമ്പളം വേറെ നല്‍കണമെന്നും യുവതി വിജയകുമാറിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ പ്രതി അമിത്ത് വിജയകുമാറിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് ഓണ്‍ലൈനായി രണ്ടേമുക്കാല്‍ ലക്ഷം രൂപ തന്റെ അക്കൗണ്ടിലേക്ക് മാറ്റി. ഫോണ്‍ മോഷണം പോയെന്ന വിജയകുമാറിന്റെ പരാതിയിലാണ് ജോലിക്കാരനായ അമിത്ത് പൊലീസിന്റെ പിടിയിലാകുന്നത്.

മോഷണക്കേസിൽ ജയിലില്‍നിന്ന് ജാമ്യത്തിലിറങ്ങിയ പ്രതി നാട്ടിലേക്കുപോയെങ്കിലും വിജയകുമാറിനെ കൊലപ്പെടുത്തണമെന്ന ഉറച്ച തീരുമാനത്തോടെ വീണ്ടും കോട്ടയത്തെത്തുകയായിരുന്നു. പ്രതിയുമായി തിരുവാതുക്കലിലെ വീടിനു സമീപം പൊലീസ് നടത്തിയ തെളിവെടുപ്പിൽ, നിർണായക തെളിവായ ഡിവിആർ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് ആണ് വീടിനു സമീപത്തെ തോട്ടിൽ നിന്ന് കണ്ടെത്തിയത്. ‍പ്രതി ഉപേക്ഷിച്ച രണ്ട് മൊബൈല്‍ ഫോണുകള്‍ സി എം എസ് കോളജിന് സമീപത്തെ തോട്ടില്‍ നിന്ന് കണ്ടെടുത്തു. കൊലപ്പെട്ട വിജയകുമാറും മീരയും ഉപയോഗിച്ചിരുന്ന ഫോണുകളാണ് ഇത്. ജോലി ചെയ്തപ്പോള്‍ മാന്യമായ ശമ്പളം നല്‍കാതിരുന്നതിനാലാണ് ഫോണ്‍ മോഷ്ടിച്ച് പണം ട്രാന്‍സ്ഫര്‍ ചെയ്‌തെടുത്തതെന്നാണ് പ്രതി പൊലീസിനോടു പറഞ്ഞത്.

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മറ്റൊരു നടൻ കൂടി നിരീക്ഷണത്തിൽ?; ഷൈനിന്റെ മൊഴിയിൽ അന്വേഷണം

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മറ്റൊരു നടൻ കൂടി നിരീക്ഷണത്തിൽ?; ഷൈനിന്റെ മൊഴിയിൽ അന്വേഷണം

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്‍മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർക്ക് പുറമെ, മറ്റൊരു നടൻ കൂടി അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിൽ. ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവെത്തിച്ചത് മറ്റൊരു നടനു വേണ്ടിയാണെന്ന്, ഷൈൻ ടോം ചാക്കോ പൊലീസിനോട് പറഞ്ഞതായാണ് സൂചന. ഷൈന്‍ സൂചിപ്പിച്ച നടന്‍ നിലവിൽ എക്‌സൈസിന്റെ നിരീക്ഷണത്തിലാണ്.

ആലപ്പുഴക്കാരനല്ലാത്ത നടനാണ് സംശയമുനയിൽ നിൽക്കുന്നത്. നടന്‍മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരോട് ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് എക്‌സെെസ് സംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്. പൊലീസിന് നൽ‌കിയ മൊഴിയുടെ നിജസ്ഥിതി എക്സൈസ് സംഘം ഷൈൻ ടോം ചാക്കോയിൽ നിന്നും തേടും.

മൊഴിയില്‍ സത്യമുണ്ടെന്ന് വ്യക്തമായാല്‍ ആ നടനെയും ചോദ്യം ചെയ്യാനാണ് എക്സൈസിന്റെ തീരുമാനം. ഓമനപ്പുഴയിലെ റിസോര്‍ട്ടില്‍ നിന്ന് കഞ്ചാവുമായി പിടിയിലായ തസ്ലിമാ സുല്‍ത്താന (ക്രിസ്റ്റീന), ഷൈനിനെയും ശ്രീനാഥ് ഭാസിയെയും പരിചയമുണ്ടെന്ന് എക്സൈസിനോട് സമ്മതിച്ചിരുന്നു. നടന്മാരുമായുള്ള ഫോണ്‍വിളികളും ചാറ്റുകളും കണ്ടെത്തിയിരുന്നു. ശ്രീനാഥ് ഭാസിയുമായാണ് തസ്ലിമ കൂടുതല്‍ തവണ ഫോണിൽ ബന്ധപ്പെട്ടിരുന്നത്.